Read Time:12 Minute

ഇന്ത്യയിലെ 500ലധികം വരുന്ന ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രസ്താവന

കൊറോണ വൈറസിന്റെ വ്യാപനം തടയാൻ 21 ദിവസത്തെ ദേശീയ ലോക്ഡൗൺ നടപ്പിലാക്കാനുള്ള ഇന്ത്യൻ ഗവണ്മെന്റിന്റെ തീരുമാനത്തെ ഞങ്ങൾ – ഇന്ത്യൻ അക്കാദമിക് സമൂഹത്തിൻറെ ഭാഗമായ ശാസ്ത്രജ്ഞർ – സ്വാഗതം ചെയ്യുന്നു.  സാർസ് -കോവ് – 2 വൈറസ് പരത്തുന്ന കോവിഡ്- 19 എന്നറിയപ്പെടുന്ന ഈ രോഗത്തിന് വലിയൊരു മരണനിരക്കാണുള്ളത്. 2020 മാർച്ച 28-ലെ കണക്കനുസരിച്ചു തന്നെ ഈ രോഗം ആഗോളതലത്തിൽ അഞ്ചു ലക്ഷം പേരെയും ഇന്ത്യയിൽ 775 പേരെയും ബാധിച്ചിരിക്കുന്നു. ഇപ്പോൾ ഇന്ത്യയിലെ സംഖ്യ ആനുപാതികമായി കുറവാണെങ്കിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചു നോക്കിയാൽ ഇത് നിയന്ത്രണാതീതമായ ഒരു മഹാവ്യാധിയായി മാറാനുള്ള സാദ്ധ്യത ഉള്ളതിനാൽ അതിനെ ലഘൂകരിക്കാനുള്ള കർശനമായ നടപടികൾ ആവശ്യമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ഇന്ത്യൻ ഗവണ്മെന്റ് എടുത്തിരിക്കുന്ന ഈ നിർണായക തീരുമാനത്തെ മാനിക്കണമെന്നും സംസ്ഥാന ഗവണ്മെന്റിനോടും കേന്ദ്ര ഏജൻസികളോടും സഹകരിക്കണമെന്നു എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഇതു നീണ്ട ഒരു ലോക് ഡൗൺ അവസ്ഥയിലേക്ക് പോകേണ്ടി വരുന്ന ഒരു സാദ്ധ്യത മുൻകൂട്ടിക്കണ്ട് അവശ്യ സർവീസുകളിലും ആതുരശുശ്രൂഷാ രംഗത്തും പ്രവർത്തിക്കുന്നവർക്ക് ആനുപാതികമല്ലാത്ത രീതിയിൽ ഉണ്ടാകാവുന്ന അപകട സാധ്യതകൾ പരിഗണിച്ച് സർക്കാരുകളും സർക്കാർ ഏജൻസികളും രാജ്യത്തെ ഒരുക്കാൻ ഈ ലോക് ഡൗൺ കാലത്തു തന്നെ ചില നടപടികൾ ആരംഭിക്കേണ്ടതാണ്. ഇത് ദീർഘ ലോക് ഡൗണിലേക്ക് പോകേണ്ടി വരാത്ത വിധത്തിൽ കാര്യങ്ങൾ നല്ല രീതിയിലേക്കു മാറുകയാണെങ്കിലും ഈ ഒരുക്കങ്ങൾ സമാനമായ മഹാമാരികളെയോ പ്രകൃതിദുരന്തങ്ങളെയോ അഭിമുഖീകരിക്കാൻ നമ്മളെ കൂടുതൽ സജ്ജരാക്കും.

എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റിംഗ്, കോൺടാക്ട് ട്രേസിംഗ്, രോഗം സംശയിക്കുന്നവരുടെ സമ്പർക്ക വിലക്ക് എന്നിവ ഊർജിതമാക്കാൻ നടപടികൾ വേണം. ഡോക്ടർമാർ, നേഴ്സസ് തുടങ്ങിയ ആരോഗ്യ പ്രവർത്തകർ, പോലീസ്, എമർജൻസി ജോലിക്കാർ, സപ്ലൈ ചെയിൻ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ഈ മഹാമാരിയുമായി ബന്ധപെട്ട് അവശ്യ സർവീസുകൾ പ്രവർത്തിപ്പിക്കുന്ന എല്ലാവർക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ കൊടുക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.
രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും ഇവരെ ഇടയ്ക്കിടെ കോവിഡ് ടെസ്റ്റിന് വിധേയരാക്കണം. അവശ്യ സർവീസുകൾ മുടങ്ങാതിരിക്കാൻ ജനങ്ങൾ ഇവരോട് അനുഭാവപൂർണമായ സമീപനം സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

  • അവശ്യ സേവനങ്ങൾ ചെയ്യുന്നവർക്കു നേരെയും ആവശ്യ സർവീസുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്ന പൗരന്മാർക്കും കുടുംബങ്ങൾക്കും നേരെയും അക്രമവും മോശമായ പെരുമാറ്റവും ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. അത്തരം നടപടികളെ ഞങ്ങൾ അപലപിക്കുന്നു. അക്രമവും അതിരുകടക്കുന്ന ബലപ്രയോഗവും പാടില്ല. നമുക്ക് പരിചിതമല്ലാത്ത അഭൂതപൂർവമായ ഇത്തരം സാഹചര്യങ്ങളിൽ സഹാനുഭൂതിയാണ് വേണ്ടത്. അതിനാൽ അവശ്യസർവീസുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ആവശ്യമായ കരുതലുകൾ പ്രാദേശിക അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകണം.
  • ഒരു മാനുഷിക പ്രതിസന്ധി ഒഴിവാക്കാൻ വേണ്ടി ദിവസവേതനക്കാർക്കും, ഭവനരഹിതർക്കും പാവപ്പെട്ടവർക്കും വേണ്ടി സർക്കാർ കൊണ്ടുവരുന്ന പാക്കേജ് പദ്ധതിക്ക് നന്ദി പറയുന്നു.
    പാവപ്പെട്ടവർക്കും ഒറ്റപ്പെട്ടു പോയ അതിഥി തൊഴിലാളികൾക്കും ഭക്ഷണം, ധാന്യങ്ങൾ, മരുന്ന്, കിടപ്പാടം തുടങ്ങിയവ നൽകാൻ പ്രാദേശിക ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു.
  • കൊറോണ വൈറസ് ടെസ്റ്റ് ചെയ്യാനും കൂടുതൽ രോഗികളെ പാർപ്പിക്കാനും ആയി എല്ലാ സംസ്ഥാനങ്ങളിലും ഒരു ദേശീയതല ദുരന്ത മാനേജ്മെൻറ് പ്ലാൻ ഉണ്ടാകണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. കൺവെൻഷൻ ഹാളുകൾ, ഹോട്ടലുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ തുടങ്ങിയവ വേഗത്തിൽ തന്നെ എമർജൻസി ഐസൊലേഷൻ വാർഡുകളായും താത്കാലിക ആരോഗ്യ കേന്ദ്രങ്ങളായും പെട്ടെന്നു തന്നെ മാറ്റാവുന്നതാണ്. രാജ്യത്തെ എല്ലാ ഇടങ്ങളിലും കോവിഡ് കണ്ടെത്താനുള്ള ടെസ്റ്റിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഏതൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും 100 കിലോമീറ്ററിനകം ഒരു കോവിഡ്  ടെസ്റ്റിംഗ് കേന്ദ്രം ഉണ്ടാകുന്നതാണ് അഭികാമ്യം. ശുദ്ധജല ലഭ്യതയും മാലിന്യ നിർമാർജനവും അതീവ ശ്രദ്ധ അർഹിക്കുന്നു. ഈ മഹാമാരിയെ നേരിടുന്നതിനിടയിൽ മറ്റു പകർച്ചവ്യാധികൾ വരാതിരിക്കാൻ ഇത് ആവശ്യമാണ്.
  • ഈ സന്ദർഭത്തിൽ സർക്കാരിൻ്റേതായാലും എല്ലാ തീരുമാനങ്ങളും പ്രവൃത്തികളും നിശ്ചിതമായ  പ്രോട്ടോക്കോളുകളും ശാസ്ത്രീയവും യുക്തിപൂർണവും ആകണം. അത്ഭുത ചികിത്സാവിധികൾ, അശാസ്ത്രീയമായ രീതികൾ, തട്ടിപ്പുകൾ എന്നിവയുടെ സ്വാധീനത്തിൽ നിന്ന് ജനങ്ങൾ അകന്നു നില്‌കണം. വ്യക്തികൾ ആന്റിബയോട്ടിക്കുകൾ മുതലായവ ശേഖരിക്കുകയോ സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ അനുസരിച്ച് സ്വയം ചികിത്സിക്കുകയോ ചെയ്യരുത്. യോഗ്യരായ ഡോക്ടർമാരിൽ നിന്നും അംഗീകൃത ആശുപത്രികളിൽ നിന്നും മാത്രമേ ചികിത്സ തേടാവൂ.
  • സ്കൂളുകളിലെയും മറ്റു അക്കാദമിക് സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ ഒരുനീണ്ട ലോക് ഡൗൺ കാലം അനുഭവിക്കുകയാണ്.
    സ്കൂളുകളും അക്കാദമിക സ്ഥാപനങ്ങളും അവർക്കു കഴിയും വിധത്തിൽ ഓൺലൈൻ ക്ലാസുകൾ വഴിയോ മറ്റു സംവിധാനങ്ങൾ വഴിയോ കുട്ടികളെ അക്കാദമികവും ബുദ്ധിപരവുമായ പ്രവൃത്തികളിൽ ഏർപ്പെടുത്തണം. വൈദ്യരംഗത്തെ പ്രശ്നങ്ങൾ നേരിടാൻ ശാരീരികമായും മാനസികമായും ആരോഗ്യമുള്ള വ്യക്തികൾക്ക് എളുപ്പം സാധിക്കും എന്ന് പഠനങ്ങൾ കാണിക്കുന്നു. അതിനാൽ ഈ കാലഘട്ടത്തിൽ ബൗദ്ധികമായ പ്രവർത്തനങ്ങൾക്കൊപ്പം വ്യായാമവും ആവശ്യമാണ്.
  • ഈ സന്ദർഭത്തിൽ കൊറോണ വൈറസിനെ തടയാൻ വിവിധ സ്ഥാപനങ്ങളിലെ ഇന്ത്യൻ ശാസ്ത്രജ്ഞർ ഒരുമിച്ചു പ്രവർത്തിക്കുകയാണ്. സ്റ്റാറ്റിസ്റ്റിക്കൽ പഠനങ്ങൾ, രോഗസംക്രമണത്തെ സംബന്ധിച്ച മോഡലിംഗ് എന്നിവയ്ക്കു പുറമേ ടെസ്റ്റിംഗ് കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ, ചെലവു കുറഞ്ഞ വെന്റിലേറ്ററുകൾ എന്നിവയുടെ നിർമാണം മരുന്നുകൾ, വാക്സിനുകൾ സംബന്ധിച്ച ഗവേഷണം എന്നീ മേഖലകളിൽ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും പ്രവർത്തിച്ചു വരികയാണ്.
    അതിനാൽ ഈ ലോക് ഡൗൺ കാലത്തും രോഗപ്രതിരോധ – ചികിത്സാരംഗത്ത് ഗവേഷണശാലകൾക്ക് പ്രവർത്തനം തുടരാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാകണം.
    ഈ രോഗത്തെ സംബന്ധിച്ച് സാമൂഹത്തിൽ ശരിയായ ധാരണ ഉണ്ടാക്കാനും  അപകടകരമായ തട്ടിപ്പുകളിൽ നിന്നും തെറ്റിദ്ധാരണകളിൽ നിന്നും ജനങ്ങളെ അകറ്റി നിർത്താനും പല ശാസ്ത്രജ്ഞരും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ ശാസ്ത്ര സമൂഹത്തിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തണമെന്ന് സർക്കാരിനോടും അതിനു തയ്യാറാകണമെന്ന് ശാസ്ത്ര സമൂഹത്തോടും അഭ്യർത്ഥിക്കുന്നു.

ചരിത്രം പരിശോധിച്ചാൽ വൻ പകർച്ചവ്യാധികളെ തുടർന്ന് മരുന്നുകളുടെയും വാക്സിനുകളുടെയും രംഗത്ത് വഴിത്തിരിവുകൾ ഉണ്ടാവുകയും മനുഷ്യവംശം രക്ഷപ്പെടുകയും ചെയ്ത നിരവധി സന്ദർഭങ്ങൾ കാണാം. കോവിഡിന്റെ കാര്യത്തിലും ഒരു പ്രതിവിധി കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതേ സമയം തന്നെ ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ എല്ലാവരുടേയും യുക്തിസഹമായ ആസൂത്രണവും സഹകരണവും മാനവികതയും സഹാനുഭൂതിയും ഉണ്ടാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.

അരുണാബ് ഘോസ് (ഐസർ, പൂനെ), ഗൗതം മേനോൻ (അശോക യൂണിവേഴ്സിറ്റി), ദിബ്യേന്ദു  നന്ദു (ഐസർ, കൊൽക്കത്ത), ആർ. രാമാനുജം ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ്), എൽ.എസ്. ശശിധര (അശോക യൂണിവേഴ്സിറ്റി), രാഹുൽ സിദ്ധാർത്ഥൻ  ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ്), കെ.മുരളീധര്‍ (ഐ.ഐ.ടി കാണ്‍പൂര്‍), സൊണാലി സെന്‍ ഗുപ്ത ( ദില്ലി സര്‍വകലാശാല), മാധവ് രംഗനാഥന്‍ (ഐ.ഐ.ടി കാണ്‍പൂര്‍), തന്‍വി അറോറ ( CSIR-NGRI, Hyderabad), ധീരജ് കുമാര്‍ ഹസ്റ ( IMSc, Chennai), ഗുരുസ്വാമി കുമാകസ്വാമി (ഐ.ഐ.ടി മുബൈ) തുടങ്ങീ 500 ലേറെ ശാസ്ത്രജ്ഞര്‍ ഒപ്പിട്ട പ്രസ്താവന

നിങ്ങള്‍ ഒരു ശാസ്ത്രഗവേഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങള്‍ക്കും ഒപ്പുചേര്‍ക്കാം.

 

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19-ഉം കുഞ്ഞുങ്ങളും
Next post കോവിഡ് 19- സൗത്ത്കൊറിയ ലോകത്തിന് നല്‍കുന്ന പാഠം
Close