Read Time:8 Minute

ഡോ. മനോജ് മണി

പീഡിയാട്രീഷ്യൻ, കൊല്ലം.

മറ്റേതൊരു വൈറസിനെയും പോലെ തന്നെ കൊറോണ വൈറസും പ്രായലിംഗ ഭേദമില്ലാതെ എല്ലാവരെയും ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇത്തരം വൈറസുകൾ കട്ടികളെ  കൂടുതലായി ആക്രമിക്കുന്നതായി കാണുന്നില്ല. 2003 ലെ SARS, 2012 ലെ MERS എന്നീ വൈറസ് ബാധയുടെ കാലഘട്ടത്തിലും കുട്ടികളെ അത്ര ശക്തമായി അത് ബാധിക്കുകയുണ്ടായില്ല. രോഗം ബാധിച്ചാൽ തന്നെ അത്ര ഗുരുതരമായ ഒരവസ്ഥയിലേക്ക് അത് എത്തിച്ചേർന്നിരുന്നില്ല താനും.

പുതിയ കൊറോണ വൈറസിന്റെ കാര്യത്തിലും ഇതുവരെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ കുട്ടികളിലേക്ക് വ്യാപകമായി രോഗം പകർന്നിട്ടില്ല എന്നതാണ് വസ്തുത. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 2.4% മാത്രമാണ് കുട്ടികളെ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്.

മാത്രവുമല്ല വുഹാനിൽ തന്നെ നടന്ന ഒരു പഠനത്തിൽ പറയുന്നത് രോഗമുണ്ട് എന്ന് സംശയിച്ച 1391 കേസുകൾ പരിശോധിച്ചതിൽ 171 പേർക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചത് എന്നാണ്. അതിൽ തന്നെ 13% പേർക്ക് കൊറോണയുമായി ബന്ധപ്പെട്ടുള്ള യാതൊരു രോഗലക്ഷണവും ഉണ്ടായിരുന്നില്ല. ലുക്കീമിയയും കുടൽ, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുമുള്ള 3 കുട്ടികളെ മാത്രമാണ് ഐ.സി. യൂണിറ്റിൽ കിടത്തി ചികിൽസിക്കേണ്ടി വന്നത്. അതുപോലെ കോവിഡ് 19 സ്ഥിരീകരിച്ച 50 ഗർഭിണികളിൽ പ്രസവശേഷം പൊക്കിൾക്കൊടിയിൽ നിന്നുള്ള രക്തം പരിശോധിച്ചതിൽ ഒരു കുട്ടിക്ക് മാത്രമാണ് കോവിഡ്- 19 പോസിറ്റീവ് ആയി കണ്ടത് (Vertical transmission). അതേ സമയം പ്രസവശേഷം 36 മണിക്കുറിനുള്ളിൽ കോവിഡ് 19 പോസിറ്റീവായ കേസും ഉണ്ടെന്നത് കാണാതിരിക്കരുത്.

റൈനോവൈറസ്, ഇൻഫ്ലുവൻസാ വൈറസ് എന്നിങ്ങനെയുള്ള RNA വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷി കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നുണ്ട്. അതോടൊപ്പം രോഗബാധിതരിൽ നിന്നും കുട്ടികളെ പരമാവധി അകറ്റി നിർത്താൻ രക്ഷാ കർത്താക്കളും പരമാവധി ശ്രദ്ധിക്കാറുണ്ട് .ഇതൊക്കെ കൊണ്ടാകാം ഒരു പക്ഷേ RNA വൈറസായ കൊറോണയും കുട്ടികളെ ശക്തമായി ആക്രമിക്കാത്തത്. ഇത് സംബന്ധമായ പഠനങ്ങൾ നടന്നുവരുന്നു.

കുട്ടികളിൽ രോഗബാധയ്ക്കുള്ള സാധ്യത കുറവാണ് എന്നുള്ളത് കൊണ്ട് വളരെ അശ്രദ്ധയോടെ കാര്യങ്ങളെ വീക്ഷിക്കരുത്. കുട്ടികളിൽ രോഗബാധ ഉണ്ടാകുന്നതിനുള്ള എല്ലാ സാധ്യതകളെയും പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ് നാമിപ്പോൾ എറ്റെടുക്കേണ്ട ദൗത്യം.

മുൻകരുതലുകൾ:

1. വ്യക്തി ശുചിത്വം പാലിച്ചുകൊണ്ട് മാത്രമേ കുട്ടികളുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടുള്ളൂ.

2. വീടുകളിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവരെ സാധാരണയിൽ കൂടുതൽ കരുതലോടെയും ജാഗ്രതയോടെയും വേണം പരിപാലിക്കാൻ.

3. പ്രസവശേഷം വീട്ടിലേക്ക് പോയിട്ടുള്ള അമ്മയും കുഞ്ഞും പിന്നീട് ചെക്കപ്പിനായും, കുത്തിവയ്പിനായും ആറാഴ്ച പ്രായമാകുമ്പോഴാണ് അല്ലെങ്കിൽ 45 ദിവസം ആകുമ്പോഴാണ് ആശുപത്രിയിൽ എത്തേണ്ടത്. മറ്റ് പ്രത്യേകമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിൽ നിലവിലുള്ള സാഹചര്യം മാറിയതിനു ശേഷം മാത്രമേ ആശുപത്രിയിൽ പോകാവു. കുട്ടിക്ക് ശരീരത്തിൽ മഞ്ഞ കൂടുതൽ കാണുക, പാല് കുടിക്കാത്ത അവസ്ഥയുണ്ടാകുക, ശ്വാസംമുട്ടൽ അനുഭവപ്പെടുക, ശരീരോഷ്മാവ്  37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലോ 35.5 ഡിഗ്രി സെൽഷ്യസിൽ കുറവോ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. (ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ നെഞ്ചിലേയും കാൽപ്പാദത്തിലെയും ശരീരോഷ്മാവ് ഏകദേശം തുല്യമായിട്ടാണ് സാധാരണ കാണപ്പെടുക.)

4. അങ്ങനെ ഒഴിച്ചുകൂടാനാകാത്ത എതെങ്കിലും സാഹചര്യത്തിൽ ആശുപത്രിയിൽ പോകേണ്ടി വന്നാൽ മുൻകൂട്ടി ഡോക്ടറെ അറിയിച്ച് അനുവദിക്കുന്ന സമയത്ത് നിർദ്ദേശങ്ങൾ പാലിച്ച് മാത്രം ഡോക്ടറെ സന്ദർശിക്കേണ്ടതാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആശുപത്രിയിൽ നിന്നും തിരികെ പോകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാസ്ക്  ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കുട്ടികളെ മറ്റുള്ളവരിലേക്ക് കൈമാറാതിരിക്കൽ തുടങ്ങിയ കാര്യത്തിൽ ഗൗരവതരമായ ശ്രദ്ധയുണ്ടാകേണ്ടതാണ്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുട്ടികളുടെ ഇമ്മ്യൂണൈസേഷൻ നടപടികൾ എല്ലാം തന്നെ നിർത്തിവച്ചിരിക്കുകയാണ്. ഒന്നര, രണ്ടര, മൂന്നര മാസ ക്രമത്തിലാണ് ഇന്ത്യയിൽ ഇപ്പോൾ കുത്തിവയ്പുകൾ നൽകി വരുന്നത്.

നവജാത ശിശുക്കളിൽ അമ്മയുടെ ആൻ്റിബോഡികൾ സാധാരണയായി കണ്ടുവരുന്നുണ്ട്. ഈ ആൻ്റിബോഡിയുടെ സ്വാധീനം വയസ്സ് കൂടുന്തോറും കുട്ടികളിൽ കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ആൻ്റിബോഡിയുടെ സ്വാധീനം കുറഞ്ഞ് വരുന്നതനുസരിച്ച് ഇമ്മുണൈസേഷൻ നൽകുന്നതാണ് ഉത്തമം. അതുകൊണ്ടാണ് മറ്റ് നിരവധി രാജ്യങ്ങളിൽ രണ്ട്, നാല്, ആറ് മാസക്രമത്തിൽ കുത്തിവയ്പുകൾ നൽകി വരുന്നത്. കുത്തിവയ്പുകൾ താൽക്കാലികമായി കുറച്ച് ദിവസം മുന്നോട്ട് പോകുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. ഇന്നത്തെ സാഹചര്യം മാറിയതിനു ശേഷം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കുത്തിവയ്പുകൾ നൽകിയാൽ മതിയാകും.

5. വീടുകളിൽ കരുതൽ നീരീക്ഷണത്തിലുള്ളവർ കട്ടികളുമായിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

6. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്നതിനു മുൻപായി അമ്മ കൈയ്യും സ്തനങ്ങളും കഴുകി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

7. കുട്ടിയെ സുരക്ഷിതമായി മാറ്റി പാർപ്പിക്കേണ്ടി വരുന്ന പ്രത്യേക അവസ്ഥയിൽ അമ്മമാർ സമയാസമയം ദേഹശുദ്ധി വരുത്തിയ ശേഷം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പിഴിഞ്ഞ് നൽകാവുന്നതാണ്.

8. നീരീക്ഷണത്തിലുള്ള അമ്മയ്ക്ക് കൈയ്യും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകിയതിനു ശേഷം മാസ്ക് ധരിച്ച് കൊണ്ട് കുഞ്ഞിന് മുലപ്പാൽ നൽകാവുന്നതാണ്.


ലേഖനത്തിന്റെ പ്രസക്തമായ ഭാഗങ്ങള്‍ കേള്‍ക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- മാര്‍ച്ച് 31
Next post കൊറോണ മഹാമാരിയെ സംബന്ധിച്ച്  ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പ്രസ്താവന
Close