ബഹിരാകാശ ടൂറിസവുമായി സ്പേസ് എക്സ്

ഡോ.ദീപ.കെ.ജി

ബഹിരാകാശ വിദഗ്ദ്ധർ ഇല്ലാതെ സാധാരണക്കാർ (amateurs) നടത്തിയ ആദ്യ ബഹിരാകാശയാത്രയാണ് ഈ രംഗത്തെ കൗതുകം ഉണർത്തുന്ന വാർത്ത. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന കമ്പനിയാണ് ബഹിരാകാശ ടൂറിസത്തിന്റെ ഭാഗമായുള്ള ഈ യാത്ര സാധ്യമാക്കിയത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റാണ് ക്രൂ ഡ്രാഗൺ എന്ന യാത്രാപേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്. മൂന്നു ദിവസത്തെ പ്രദക്ഷിണത്തിനു ശേഷം വിജയകരമായി സംഘം ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ലാൻഡ് ചെയ്തു. ദിവസം 15-ലധികം തവണ ഡ്രാഗൺ ഭൂമിയെ വലം വച്ചിരുന്നു.

ഇൻസ്പിരേഷൻ 4 എന്ന് പേരിട്ട ഈ ദൗത്യത്തിൽ പങ്കെടുത്ത നാലു പേരുടെയും ആദ്യ ബഹിരാകാശയാത്രയാണിത്. ആറുമാസത്തെ വിദഗ്ദ്ധ പരിശീലനത്തിന് വിധേയരായിരുന്നു യാത്രക്കാർ. ജേറെഡ് ഐസക്ക്മാൻ എന്ന കോടീശ്വരനാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടതും മറ്റു മൂന്ന് സഹയാത്രികരുടെയും യാത്രാചെലവുകൾ വഹിച്ചതും. കുട്ടികളിലെ അർബുദചികിത്സാ കേന്ദ്രത്തിനുള്ള ധനസമാഹരണം ഈ യാത്രയുടെ ഒരു ലക്ഷ്യമാണ്. മറ്റൊരു പ്രത്യേകത, യാത്രികയായ ഹെയ്ലി ആർസിനോക്സ് അർബുദത്തെ അതിജീവിച്ച, ശരീരത്തിൽ കൃത്രിമ അവയവങ്ങളുള്ള ആദ്യത്തെ ബഹിരാകാശ സഞ്ചാരി കൂടിയാണ് എന്നതാണ്.


നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും മുകളിലുള്ള ഭ്രമണപഥത്തിലാണ് ഡ്രാഗൺ ഭൂമിയെ പ്രദക്ഷിണം വച്ചത്. അന്താരാഷ്ട്ര നിലയത്തിലേക്കും തിരിച്ചും ഗവേഷകരെ എത്തിക്കാൻ നാസ സ്പേസ് എക്സിന്റെ സഹായം തേടാറുണ്ട്.

ബഹിരാകാശ വാണിജ്യവൽക്കരണം കൂടുതൽ പരീക്ഷണങ്ങൾക്കും ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമൊക്കെയുള്ള യാത്രക്കും വലിയ പ്രോത്സാഹനമാകുമെന്നാണ് കണക്കുകൂട്ടൽ.


അവലംബം: www.reuters.com

ചിത്രങ്ങൾ : spacex.com

അധിക വായനയ്ക്ക്

Leave a Reply