ടൂറിസം ഭൂമിക്കപ്പുറത്തേക്ക്


പ്രൊഫ.കെ.പാപ്പൂട്ടി

ചാന്ദ്രയാത്രയുടെ അമ്പത്തിരണ്ടാം വാർഷികം നമ്മൾ ആഘോഷമാക്കി, പ്രത്യേകിച്ച് കുട്ടികൾ. മുതിർന്നവർക്ക് കൂടുതൽ ആവേശം നൽകിയത് മറ്റു രണ്ടു വാർത്തകളാണ് : രണ്ടു കോടീശ്വരന്മാർ ബഹിരാകാശത്തേക്കു നടത്തിയ ലഘു സന്ദർശനങ്ങൾ . ജൂലൈ 11ന് റിച്ചഡ് ബ്രാൻസണും വേറെ അഞ്ചു പേരും അടങ്ങുന്ന സംഘമാണ് ആദ്യം പോയ് വന്നത്. കൂട്ടത്തിൽ സിരിഷ ബ്രാൻഡ് ല എന്ന ഒരു ഇന്ത്യൻ വംശജ ഉണ്ടായിരുന്നു എന്നത് നമ്മുടെ മാധ്യമങ്ങൾക്ക് കൊട്ടിഘോഷിക്കാൻ വക നൽകി. ഈ വിധം വംശമൂലം പറയൽ ഇന്ത്യക്കാരുടെ ഒരു ബലഹീനതയോ അധമബോധമോ (അതു തന്നെയല്ലേ inferiority complex എന്നതിന്റെ മലയാളം ? ) കൊണ്ടാണെന്നു കണ്ടാൽ മതി. വെർജിൻ ഗലാക്റ്റിക് എന്ന തന്റെ ബഹിരാകാശ കമ്പനിയുടെ VSS Unity എന്ന ‘റോക്കറ്റ് വിമാന ‘ത്തിലാണ് ബ്രാൻസണും കൂട്ടരും പോയത്. 11 മിനിട്ട് അവർ ബഹിരാകാശത്ത് ചെലവഴിച്ചു. അതിൽ 4 മിനിട്ട് ഭാരമില്ലാത്ത അവസ്ഥയിലായിരുന്നു. ഭാവിയിൽ എല്ലാ ദിവസവും ഇത്തരം ബഹിരാകാശ യാത്രകൾ സാധ്യമാക്കാമെന്നും 600ഓളം പേർ ഇതിനകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞെന്നുമാണ് ബ്രാൻസൺ പറയുന്നത്. ഒരു യാത്രയ്ക്ക് വെറും 2 – 2.5 ലക്ഷം ഡോളർ (1.5 – 2കോടി രൂപ ) മതിയാകും. 70 കാരനായ തനിക്ക് പോകാമെങ്കിൽ പിന്നെ ആർക്കാണ് പോകാൻ പറ്റാത്തത്!
റിച്ചഡ് ബ്രാൻസൺ
ജൂലൈ 20 ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും സഹോദരനും 82 വയസ്സുകാരി വാലി ഫെങ്ങ് എന്ന മുൻ വൈമാനികയും ബഹിരാകാശത്തെത്തി. ബെസോസിന്റെ സ്വന്തം ബഹിരാകാശ കമ്പനിയായ ബ്ളൂ ഒറിജിന്റെ ഷെപ്പേഡ് റോക്കറ്റ് ഷിപ്പിൽ ആയിരുന്നു യാത്ര. അവർ 10 മിനിട്ടിലേറെ ബഹിരാകാശത്ത് ചെലവഴിച്ചുവെന്നും 4 മിനിട്ടോളം ഭാരമില്ലായ്മ അനുഭവിച്ചുവെന്നുമാണ് വാർത്ത.
എലോൺ മസ്ക്ക് കൂടുതൽ തയ്യാറെടുപ്പോടെയാണ് പോകാൻ ഒരുങ്ങുന്നത്. ഏതാനും മിനിട്ട് ബഹിരാകാശത്ത് ചെലവഴിക്കാനല്ല, അവിടെ , അല്ലെങ്കിൽ ചൊവ്വയിൽ വലിയ ടൂറിസ്റ്റ് നിലയങ്ങൾ സ്ഥാപിച്ച് ദിവസങ്ങളോളം യാത്രികർക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ലക്ഷ്യം. സ്പേസ് – X എന്ന അദ്ദേഹത്തിന്റെ കമ്പനി വികസിപ്പിച്ച വാഹനത്തിലാണല്ലോ കഴിഞ്ഞ തവണ ISS ലേക്ക് നാസ യാത്രികരെ എത്തിച്ചത്. മസ്ക്കിന്റെ സ്വപ്നം പാഴ് സ്വപ്നമാവില്ല എന്നു വേണം കരുതാൻ. ചൊവ്വയിൽ, ഹിമ രൂപത്തിലാണെങ്കിലും, വെള്ളമുണ്ട്. വെള്ളത്തിൽ നിന്ന് ഓക്സിജൻ ലഭ്യമാക്കാം. ഒരു ഫുട്ബാൾ ഗ്രൗണ്ടിനേക്കാൾ വലിയ ISS ശൂന്യതയിൽ നിർമിക്കാമെങ്കിൽ അതിലും വലിയ ഒരു സ്റ്റേഷൻ ചൊവ്വയിൽ നിർമിക്കാൻ പ്രയാസമുണ്ടാകില്ല. അതിൽ അത്യാവശ്യം കൃഷിയൊക്കെ ചെയ്ത് കുറച്ചുപേർക്ക് കുറച്ചു കാലം കഴിയാൻ പറ്റും.
എലോൺ മസ്ക്ക്

മുമ്പു നടന്ന ബഹിരാകാശ യാത്രകളുമായി ഈ പുതിയ സംരംഭങ്ങൾക്ക് എന്താണ് വ്യത്യാസം ?

പ്രധാന വ്യത്യാസം ഇതാണ് : പഴയ തരം വാഹനങ്ങൾ ഭാരിച്ചവയും വലിയ ഇന്ധനച്ചെലവുള്ളവയും ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കുന്നവയുമാണ്. പുതുതായി വികസിപ്പിക്കുന്ന വാഹനങ്ങൾ പുനരുപയോഗശേഷിയുള്ള, ഭാരം കുറഞ്ഞ വാഹനങ്ങളാണ്. അതുകൊണ്ട് ചെലവ് കുറയും. കൂടാതെ മുമ്പത്തെപ്പോലെ ഏറെക്കാലം പരിശീലനം കിട്ടിയ ആസ്‌ട്രോനോട്ടുകളല്ല യാത്രികർ, ചെറിയ പരിശീലനം മാത്രം ലഭിച്ച ടൂറിസ്റ്റുകളാണ്. അവർക്ക് ധാരാളം പണവും അല്പം സാഹസികതയും ഉണ്ടായാൽ മതി.

ബഹിരാകാശ യാത്രാ രംഗത്തേക്ക് സ്വകാര്യ മേഖലയുടെ കടന്നുവരവ് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മത്സരം ചെലവ് കുറയ്ക്കും, ഗുണം കൂട്ടും, പുതു സാങ്കേതിക വിദ്യകൾക്കു ജന്മം നൽകും എന്നൊക്കെയാണല്ലോ പല മുൻ അനുഭവങ്ങളും കാണിക്കുന്നത്. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ കാര്യത്തിൽ ഇതിൽ ചില അപകടങ്ങളും പതിയിരിപ്പുണ്ട്. പൊതു മുതലെല്ലാം വിറ്റഴിക്കുന്ന തിരക്കിലാണല്ലോ നമ്മുടെ കേന്ദ്ര സർക്കാർ. എലൻ മസ്ക്കിനെപ്പോലെ റിസ്ക് എടുത്ത് പുതിയ തരം ബഹിരാകാശ വാഹനങ്ങൾ ഡിസൈൻ ചെയ്യാനും കമ്പനി സ്ഥാപിക്കാനുമൊന്നും നമ്മുടെ സമ്പന്നർ മെനക്കെടില്ല. പകരം ചുളുവിലയ്ക്ക് ISRO സ്വന്തമാക്കാനോ അല്ലെങ്കിൽ അതിന്റെ ഭൂരിഭാഗം ഓഹരികൾ കൈക്കലാക്കാനോ ആവും അവർ ശ്രമിക്കുക. നമ്മുടെ സർക്കാരിനും അതു സന്തോഷമാകും , അംബാനിയോ അദാനിയോ ആണെങ്കിൽ പ്രത്യേകിച്ചും. അങ്ങനെ ആയാൽ എന്താ കുഴപ്പം എന്നല്ലേ . കുഴപ്പം ഇത്രയേ ഉള്ളൂ : അമേരിക്കയും ചൈനയും യൂറോപ്പുമെല്ലാം ബഹിരാകാശ രംഗത്ത് പണം ചെലവിടുന്നത് ലാഭത്തിനു വേണ്ടി മാത്രമല്ല, ഏറെയും പ്രപഞ്ച പഠനത്തിനാണ്. ഹബ്ൾ ടെലിസ്കോപും കെപ്ലർ ടെലിസ്കോപും ചാന്ദ്ര- ചൊവ്വാ ദൗത്യങ്ങളും വൊയേജറും ഒന്നും ഒരു ലാഭവും തരുന്ന ഏർപ്പാടായിരുന്നില്ലല്ലോ. എന്നാൽ സ്വകാര്യ മേഖലയ്ക്ക് അതിലൊന്നും താല്പര്യം കാണില്ല. മസ്ക്കും ബെസോസും എത്ര വളർന്നാലും നാസ വില്ക്കാൻ അമേരിക്ക തയ്യാറാവില്ല. കാരണം ശാസ്ത്രം അവർക്ക് പ്രധാനമാണ്. എന്നാൽ ISRO വിൽക്കാൻ നമ്മുടെ സർക്കാരിന് ഒരു മടിയുമുണ്ടാവില്ല. അതോടെ അതൊരു വ്യാപാര സ്ഥാപനമായി മാറും. ശാസ്ത്ര ഗവേഷണം നിലയ്ക്കും. ഈ അപകടം ഇന്ത്യയിൽ മാത്രമല്ല, ബ്രസീൽ, ജപ്പാൻ പോലുള്ള രാജ്യങ്ങളിലും സംഭവിക്കാം. നമുക്കു കാത്തിരുന്നു കാണാം.


Leave a Reply