Read Time:10 Minute


ഡോ.അഗസ്റ്റസ് മോറിസ്

കുറേക്കാലമായി തന്നെ അലട്ടുന്ന കാഴ്ചത്തകരാർ പരിഹരിക്കാൻ കണ്ണുഡോക്ടറെ കാണിക്കാൻ എത്തിയതായിരുന്നു മാമച്ചൻ. മെഡിക്കൽ കോളേജിന്റെ വാതിൽക്കലെത്തിയതും അവിടെയൊരു ആൾക്കൂട്ടം. കാട്ടിൽ വിളയാടി നടന്ത മയിലിനെ തിനയും തീറ്റയും കൊടുത്ത് വളർത്തി വലുതാക്കി നിർമ്മിച്ചെടുത്ത മയിലെണ്ണ മാഹാത്മ്യം വർണ്ണിക്കുന്ന ലാട വൈദ്യൻ ഇക്കുറി മറ്റൊരു ഐറ്റവുമായിട്ടാണ് നിൽപ്. കണ്ണിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഒറ്റമൂലി മേപ്പടിയാന്റെ കയ്യിലുണ്ട്. വലിയ കണ്ണുകളുള്ള ഒരു ജീവിയുടെ ഏതാനും പടങ്ങൾ വച്ച്, രസായനത്തിന്റെ മാഹാത്മ്യം വർണ്ണിച്ച് പുള്ളിയങ്ങനെ വിലസുകയാണ്. മാമച്ചൻ ചിന്താവിഷ്ടയായ ശ്യാമളയെപ്പോലായി. ഇത് വാങ്ങണോ കണ്ണ് ഡോക്ടറെ കാണണോ ?

കുട്ടിത്തേവാങ്ക് (Loris malabaricus) കടപ്പാട് വിക്കിപീഡിയ

വലിയ കണ്ണുള്ള ആ ജീവിയിലേക്ക്

മലർവാടി ആർട്സ് ക്ലബ് പോലൊരു സംഭവമായിരുന്നു മാമൽ ക്ലബ്. അവിടെ അംഗത്വം കിട്ടണമെങ്കിൽ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം.

  • ദേഹത്ത് രോമങ്ങൾ
  • മാറിടം അഥവാ സ്തനം
  • കഴുത്തിലെ കശേരുക്കളുടെ എണ്ണം ഏഴ് ( 7 )
  • ഒരേയൊരു അസ്ഥിയാൽ നിർമ്മിതമായ താടിയെല്ല് നേരിട്ട് തലയോട്ടിയുമായി ബന്ധിച്ചിരിക്കണം
  • ഹൃദയ ശ്വാസകോശങ്ങൾ ഒരറയിലും , ആമാശയ – ചെറു – വൻ കുടലുകൾ മറ്റൊരു അറയിലും
  • പല്ലുകളിൽ അങ്ങേയറ്റം വൈവിധ്യം
  • വിരലുകൾ , നഖം എന്നിവയ്ക്ക് പ്രത്യേകതകൾ
  • മറ്റുള്ള ജീവികളെ അപേക്ഷിച്ച് ഏറെ വികാസം പ്രാപിച്ച തലച്ചോർ
  • കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തൽ .

ഇവയുണ്ടെങ്കിൽ സസ്തനികളുടെ ക്ലബ്ബിൽ ചേരാം .

തലച്ചോറിന്റെ തുടർച്ചയായ സുഷുമ്നാ നാഡീ (spinal cord) കടന്നു പോകുന്നത് നട്ടെല്ലിലെ കശേരുക്കൾ എന്ന എല്ലുകളുടെ ഉള്ളിലൂടെയാണ്. നട്ടെല്ലുള്ള ജീവികളെ കശേരുകികൾ (Vertebrate) എന്നൊരു വലിയ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. അതിലെ ഉപവിഭാഗമാണ് സസ്തനികൾ. ഇവയെ വീണ്ടും മൂന്നായി തിരിക്കാം.

  • മുട്ടയിടുന്നവ
  • സഞ്ചിയുള്ളവ
  • പൂർണ്ണ വളർച്ചയെത്തുന്നതുവരെ വയറ്റിനുള്ളിൽ വളർത്തുന്നവ .

ഇവയെ വീണ്ടും പല ഉപവിഭാഗങ്ങളായി തിരിക്കാം .

  • കരണ്ടു തീനികൾ
  • മാർജ്ജാര വംശം etc etc

സസ്തനികളിൽ ഒരു വിഭാഗമാണ് Primate. വാക്കിനർത്ഥം ”ഒന്നാമത് നിൽക്കുന്നത് ‘. ബുദ്ധിവികാസത്തിന്റെ അളവുകോലാണ് പ്രൈമേറ്റുകളുടെ വർഗ്ഗീകരണത്തിന് അടിസ്ഥാനം .

  • മനുഷ്യൻ
  • ആൾക്കുരങ്ങ്
  • കുരങ്ങ്
  • കുട്ടിത്തേവാങ്ക്

എന്നിവ പ്രൈമേറ്റുകളിൽപ്പെടുന്നു. ഈ ജീവികളിൽ തള്ളവിരൽ മറ്റു വിരലുകൾക്ക് അഭിമുഖമായി സ്ഥാനം പിടിച്ചിരിക്കുന്നു. ആയതിനാൽ കൈകൾ ഉപയോഗിച്ച് മറ്റു വസ്തുക്കൾ എടുക്കാനും, പിടി മുറുക്കാനും സാധിക്കുന്നു . മനുഷ്യന് ഈ പ്രത്യേകത കയ്യിൽ മാത്രമേ ഉള്ളൂ. മറ്റു പ്രൈമേറ്റുകളിൽ കാൽവിരലുകൾക്കും ഈ സവിശേഷ സ്വഭാവം ഉള്ളപ്പോൾ, മനുഷ്യന്റെ കാലിലെ തള്ളവിരൽ മറ്റു വിരലുകളോടൊപ്പം സമാന്തരമായി സ്ഥിതി ചെയ്യുന്നു. കുരങ്ങുകൾക്ക് വാലുണ്ടെങ്കിലും ആൾക്കുരങ്ങുകൾക്ക് വാലില്ല. ഇരിക്കസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന പൃഷ്ഠഭാഗം ചുവപ്പ് നിറത്തില്‍ കാണപ്പെടുന്നു. എല്ലാ കുരങ്ങുകളിലും നിറവ്യത്യാസത്തോട് കൂടിയ ഈ ഭാഗം കാണാറില്ല .

  • മറ്റു മൃഗങ്ങൾ നീന്തുമ്പോൾ കൈകാലുകൾ വെള്ളത്തിനടിയിൽ ആയിരിക്കും .മനുഷ്യനും കുരങ്ങുകളും കൈ വെള്ളത്തിന് മീതെ ചലിപ്പിച്ച് കൊണ്ടും. ഏറെദൂരം നീന്താനുള്ള കഴിവ് കുരങ്ങുകൾക്കില്ല.
  • ഭക്ഷണ ദൗർല്ലഭ്യവുമായി ബന്ധപ്പെട്ട് പരിണാമ വഴികളിൽ ഉരുത്തിരിഞ്ഞു വന്ന ഒരു സ്വഭാവമാണ് തിടുക്കത്തിൽ ഏറെ അകത്താക്കുക എന്നത് . ദഹനക്കേട് ഉണ്ടാകാതിരിക്കാൻ കവിളുകൾ , ആമാശയം എന്നിവടങ്ങളിലെ അറകളിൽ അവ ശേഖരിച്ച് വയ്ക്കുന്നു . പിന്നീട് സ്വസ്ഥമായി ചവച്ചിറക്കുന്നു . ചവച്ചിറക്കാത്ത ഭക്ഷണം ശേഖരിക്കാൻ ആമാശയത്തിൽ പ്രത്യേക അറകളുള്ളവയാണ് കരിം കുരങ്ങ് & ഹനുമാൻ കുരങ്ങ് എന്നിവ . സിംഹവാലനും , നാടൻ കുരങ്ങും , കുട്ടിത്തേവാങ്കും മിശ്ര ഭോജികളായിരിക്കുമ്പോൾ , കരി & ഹനുമാൻ കുരങ്ങുകൾ സസ്യാഹാരികളാണ്. ചെറിയ മുളങ്കുറ്റിക്കുള്ളിൽ കടല വച്ച് കുരങ്ങിനെ പിടിക്കാറുണ്ട് . അവ കടല വാരി ,കൈപ്പിടിക്കുള്ളിൽ ആക്കുമ്പോൾ , മുഷ്ടി പുറത്തേക്ക് വരില്ല. മനുഷ്യൻ ചെന്ന് ചങ്ങല അണിയിക്കുമ്പോഴും അവ പിടി വിടില്ല . മർക്കട മുഷ്ടി എന്ന പ്രയോഗം അങ്ങനെ വന്നതാണ് – ചത്താലും പിടി വിടൂല്ല.
  • ഇരപിടിയൻ മൃഗങ്ങളിൽ നിന്ന് മാൻ, മുയൽ പോലെയുള്ളവയെ രക്ഷിക്കാനും , മരത്തിനു മുകളിലെ ഇലകൾ -കായ്കനികൾ അവയ്ക്കും കൂടി ലഭ്യമാക്കാനും, തദ്വാരാ സഹജീവനം സാധ്യമാക്കാനും കുരങ്ങുകൾക്ക് കഴിയുന്നു . കുഞ്ഞുങ്ങളോടുള്ള ആത്മബന്ധം കുരങ്ങുകളിൽ വളരെ വലുതാണ്. മുതലയുടെ വായിൽ നിന്നും , തോക്കേന്തിയ മനുഷ്യന്റെ കയ്യിൽ നിന്നും അവ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കും . പ്രത്യേകിച്ച് അമ്മക്കുരങ്ങ്.

കേരളത്തിൽ കാണപ്പെടുന്ന കുരങ്ങുകൾ ഇവയാണ്.

  1. വെള്ളക്കുരങ്ങ് (നാടൻ കുരങ്ങ് ) -ശാസ്ത്രീയനാമം Macaca radiata ബോണറ്റ് മക്കാക് (bonnet macaque )
  2. ഹനുമാൻ കുരങ്ങ് – ശാ.നാമം Presbytis entellus കോമൺ ലംഗൂർ (common langur )
  3. സിംഹവാലൻ കുരങ്ങ് – ശാ.നാമം Macaca silenus ലയൺ റ്റയിൽഡ് മക്കാക്ക് (lion tailed macaque)
  4. കരിമന്തി (കരിങ്കുരങ്ങ് ) – ശാ.നാമം Presbytis johni നീലഗിരി ലംഗൂർ (nilgiri langur )
  5. കുട്ടിത്തേവാങ്ക് – ശാ. നാമം Loris tardigradus സ്ലെൻഡര്‍ ലോറിസ് (slender loris)

കുട്ടിത്തേവാങ്ക്

ചിത്രത്തിൽ കാണുന്നത് കുട്ടിത്തേവാങ്ക് – തലയും ശരീരവും കൂടി 20 – 25 സെന്റി മീറ്റർ നീളം. ഇത്തിരിക്കുഞ്ഞൻ. വലിയ കണ്ണുകൾ. വളരെ അപൂർവ്വം. കാട് അരിച്ച് പെറുക്കിയാൽ, ഭാഗ്യം ഉണ്ടെങ്കിൽ കാണാം എന്ന് മാത്രം . ആള് രാത്രിഞ്ചരനാണ്. ഒരു പ്രസവത്തിൽ ഒരു കുട്ടി.

ഇതിന്റെ കണ്ണുകൾ വലുതായതിനാൽ തേവാങ്ക് രസായനത്തിനു മനുഷ്യന്റെ കണ്ണുകളുടെ തകരാർ പരിഹരിക്കാനുള്ള കഴിവുണ്ടെന്ന് ലാടവൈദ്യന്മാർ പാടിനടന്നു. മാങ്ങാണ്ടിയ്ക്ക് വൃക്കകളുടെ ആകൃതി ഉള്ളതിനാൽ കിഡ്‌നി രോഗങ്ങൾക്ക് മാങ്ങാണ്ടിപ്പൊടി കൊടുത്താൽ മതി എന്ന് പറയുന്ന ‘ ലെ ‘ വൈദ്യരുടെ അതേ ലോജിക്. അങ്ങനെ കുട്ടിത്തേവാങ്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കാനന യാത്രയ്ക്കിടെ ഒരെണ്ണത്തിനെയെങ്കിലും കാണാൻ സാധിച്ചാൽ ഭാഗ്യം.
കടപ്പാട് വിക്കിമീഡിയ കോമൺസ് ഫോട്ടോ N. A. Naseer  www.nilgirimarten.com

NB – ഒരു നവജാത ശിശു ദീർഘദൃഷ്ടി (far-sighted ) യോടെയാണ് പിറന്നു വീഴുന്നത്. കണ്ണുകൾ ചെറുതായതിനാൽ പ്രതിബിംബം, ദൃഷ്ടിപടലത്തിനു പിന്നിൽ (RETINA) ആണ് പതിയ്ക്കുന്നത്. അത് നേരെയാക്കാൻ ലേശം സമയമെടുക്കും. നാൽപ്പതു വയസ്സുകളിലേക്ക് എത്തുമ്പോൾ വെള്ളെഴുത്ത് വരും. ഹ്രസ്വ ദൃഷ്ടി – ദീർഘ ദൃഷ്ടി – അസ്റ്റിഗ്മാറ്റിസം – തിമിരം – ഗ്ലോക്കോമ തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ കണ്ണിലുണ്ടാകുമ്പോൾ വളഞ്ഞ വഴി തേടിപ്പോകുന്ന മലയാളിയെ പിഴിയാൻ ലാടവൈദ്യന്മാരെക്കൊണ്ട് സാധിക്കുന്നു എന്നതാണ് വർത്തമാനകാല ദുരന്തം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശുനക ബഹിരാകാശ യാത്രികർ
Next post മഹാമാരിയുടെ കാലത്തെ കപടശാസ്ത്രങ്ങളും ആഗോള കാഴ്ചപ്പാടും.
Close