Read Time:65 Minute

സന്ദീപന്‍ ബാക്സി

ഒക്ടോബര്‍ തുടക്കത്തില്‍ സ്പെയിനിലെ 55 സയന്‍സ് സൊസൈറ്റികളുടെ ഒരു സംഘം കോവിഡ്19 മഹാമാരിയെ വരുതിയിലാക്കുന്നതിനുള്ള  ശാസ്ത്രീയമായ തെളിവുകള്‍ സംഭരിക്കുന്നതിനുള്ള  10 കാര്യങ്ങളടങ്ങുന്ന ഒരു മാനിഫെസ്റ്റോ പുറത്തിറക്കുകയുണ്ടായി. മൂന്നു കോടി എണ്‍പതു ലക്ഷം പേര്‍ക്ക് ഈ രോഗം പിടിപെടുകയും പത്തുലക്ഷത്തിലേറെ പേര്‍ ഈ രോഗം കാരണം  മരിക്കുകയും  ചെയ്തുകഴിഞ്ഞ സാഹചര്യത്തിലാണു യുക്തിക്കുവേണ്ടിയുള്ള ഇത്തരം ഒരു ആഹ്വാനം നടത്തേണ്ടിവന്നത് എന്നത് ഉത്കണ്ഠ ഉളവാക്കുന്ന വിരോധാഭാസമാണ്.

ആധുനിക ചരിത്രത്തില്‍ മനുഷ്യസമൂഹത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് കോവി‍ഡ്19 എന്നതില്‍ സംശയമില്ല. ഈ ദുര്‍ഘടാവസ്ഥയിലും പ്രതീക്ഷയുടെ നേരിയ കിരണങ്ങള്‍ നല്‍കുന്നത് ആധുനിക വൈദ്യശാസ്ത്രം മാത്രമാണെങ്കിലും കപടശാസ്ത്രത്തിലുള്ള വിശ്വാസങ്ങളും ലോകവീക്ഷണങ്ങളും മാനവരാശിക്കു മുകളില്‍ പിടിമുറുക്കുന്നു എന്നത് വിരോധാഭാസമാണ്. അത്തരം വിശ്വാസങ്ങള്‍ SARS-CoV-2 വൈറസ് മൂലമുണ്ടായ കോവിഡ്-19 ന്റെ ഉറവിടത്തെക്കുറിച്ചും പ്രതിവിധിയേക്കുറിച്ചും ചര്‍ച്ചകളെയും സ്വാധീനിക്കുന്നു എന്നത് പ്രകടമാണു.

യുക്തിരാഹിത്യത്തിന്റെ രണ്ട് ധാരകള്‍

ഈ പ്രവണതകളെ വിശാലമായ രണ്ടു വ്യത്യസ്ഥ ധാരകളായി  തിരിക്കാവുന്നതണ്. രണ്ടിനും ഒരേ ലക്ഷ്യമാണുള്ളത്- അറിവിന് വിലങ്ങുതടി ഇടുകയും ശാസ്ത്രത്തിന്റെ മുഖമുദ്രയായ യുക്തിഭദ്രമായ ചോദ്യം ചെയ്യലിനെ  ഉപേക്ഷിക്കുകയും. ഈ രണ്ടു ചിന്താധാരകളിലെ ആദ്യത്തേത്  ലോകത്തെമ്പാടുമുള്ള സാംസ്കാരിക വലതുപക്ഷം എന്നറിയപ്പെടുന്നതാണ്. അത് ഈ മഹാമാരിയുടെ ഉൽഭവവും വ്യാപനവും ‘അപരന്റെ’ കുറ്റമായി ആരോപിക്കുന്നു. ഇവിടെ പ്രശ്നകാരണമായ ‘അപരൻ’ നിലവിലെ മുഖ്യ ലോകക്രമത്തെ വെല്ലുവിളിക്കുന്ന ഒരു രാജ്യമോ, എളുപ്പം പഴിചാരാവുന്ന ഒരു മതവിഭാഗമോ, ദുരിതമനുഭവിക്കുന്ന ജനവിഭാഗമായ കുടിയേറ്റത്തൊഴിലാളികളോ ആകാം. ഈ ചിന്താഗതി പ്രചരിപ്പിക്കുന്നവര്‍ ചില സമുദായങ്ങള്‍ കോവിഡ്-19 ന്റെ ഭവിഷ്യത്തുകള്‍ ഏശാത്തവരാണെന്നും, ചില “പരമ്പരാഗത” രീതികളിലോ അല്ലെങ്കില്‍ “ബദല്‍ചികിത്സാ” മാർഗങ്ങളിലോ ഇപ്പോള്‍ തന്നെ ഇതിന് മരുന്നുണ്ടെന്നും വാദിക്കുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന മുൻവിധികളെ മുതലെടുത്ത് ‘അപര’സമൂഹത്തെ ഇകഴ്ത്തിക്കാണിക്കാനും സ്വന്തം സ്വത്വപരമായ മേല്‍ക്കോയ്മ കൂടുതൽ ഉറപ്പിക്കാനും അവർ ഈ മഹാമാരിയെ ഉപയോഗിക്കുന്നതായും കാണപ്പെടുന്നു. എന്നാല്‍  അവരുടെ വാദം തെളിയിക്കാനുതകുന്ന പ്രായോഗികമായ തെളിവുകള്‍ നൽകാനുള്ള താല്പര്യം ഇത്തരക്കാർ കാണിക്കുന്നുമില്ല, അതിൽ അതിശയമൊന്നുമില്ലെങ്കിലും.

നേരേ മറിച്ച് കൂടുതൽ പിന്തുണ നേടിയ രണ്ടാമത്തെ ചിന്താധാര പ്രചരിപ്പിക്കുന്നത് നിരവധി ഇടതുപക്ഷപുരോഗമന ചിന്തകരും പണ്ഡിതരും പരിസ്ഥിതി പ്രവര്‍ത്തകരും ചേർന്നാണ്. അവര്‍ സമകാലിക മുതലാളിത്തവും ആഗോള മഹാമാരികളും തമ്മിലുള്ള ബന്ധത്തെ, പ്രത്യേകിച്ച് മൃഗങ്ങളില്‍ ഉരുവം കൊണ്ട് പല സ്പീഷീസുകളിലൂടെ കടന്ന് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കോവിഡ്-19 പോലുള്ള രോഗങ്ങളെ, തിരിച്ചറിയുന്നതിന് ശ്രമിക്കുന്നു. ഈ ചിന്താധാരയിലുളളവര്‍ മനുഷ്യരാശി, പ്രത്യേകിച്ച് മുതലാളിത്തം, പ്രകൃതിയില്‍ നടത്തിയ അനിയന്ത്രിതമായ “ചൂഷണ”ത്തിനിരയായി  പ്രകൃതി  നടത്തുന്ന “പകപോക്കല്‍” ആണ് ഈ മഹാമാരി എന്ന ചിന്താഗതിക്കാരാണ്. 

മനുഷ്യരും മനുഷ്യേതരമായ പ്രകൃതിയും തമ്മില്‍ ഏതോ ഭൂതകാലത്ത് ഒരു ഇണക്കമാര്‍ന്ന ബന്ധം നിലനിന്നിരുന്നു എന്നു് ഈ ചിന്താഗതിക്കാര്‍ കരുതുന്നു, അതിന് പ്രത്യേകിച്ച് തെളിവുകളൊന്നും ഇല്ലെങ്കിലും. വാസ്തവത്തില്‍ ആദ്യകാലങ്ങളില്‍ മനുഷ്യന് പ്രകൃതിയുമായി ഏറെ പ്രക്ഷുബ്ധമായ ബന്ധമാണ് നിലനിന്നിരുന്നത് എന്നും  ആ സംഘര്‍ഷത്തില്‍ പ്രകൃതിയാണ് മേല്‍ക്കൈ നിലനിര്‍ത്തിയിരുന്നത് എന്നും മനസ്സിലാക്കാവുന്നതാണെങ്കിലും അത്തരമൊരു വസ്തുതയെ ഈ ചിന്താഗതിക്കാര്‍ അംഗീകരിക്കുന്നില്ല. ഈ മഹാമാരിയുണ്ടാകാനുള്ള  ആത്യന്തികമായ കാരണം വ്യവസായങ്ങളും വന്‍കിട കൃഷിരീതികളും കന്നുകാലി വളര്‍ത്തലും നഗരവല്‍ക്കരണവും ചേര്‍ന്ന് പരിസ്ഥിതിവ്യൂഹത്തെ, വിശിഷ്യാ വനങ്ങളെ നശിപ്പിച്ചതും  ആണെന്ന് ഇവര്‍ വാദിക്കുന്നു.

കൂടുതല്‍ ആരോഗ്യകരവും സുരക്ഷിതവുമായ നിലനില്‍പ്പിന്, അതായത് “പ്രകൃതിയുമായി സമരസപ്പെടുന്ന” ജീവിതത്തിന്, ശക്തമായ ഒരു “വളര്‍ച്ചാനിരോധം”(degrowth) വേണ്ടിവരുമെന്ന് സ്ഥാപിച്ചെടുക്കാന്‍ ഈ കാഴ്ചപ്പാട് ലക്ഷ്യം വയ്ക്കുന്നു. വന്‍കിട വ്യവസായങ്ങളും കൃഷിയും ഉപേക്ഷിച്ചുകൊണ്ട് ആഗോള സമ്പദ് വ്യവസ്ഥയുടെ വലിപ്പം വെട്ടിക്കുറക്കണമെന്ന് അത് ആവശ്യപ്പെടുന്നു. അതിനു പകരമായി പ്രാദേശികമായും ചെറിയ തോതിലുള്ളതുമായ ഉല്പാദനരീതികളെ അവര്‍ പിന്‍താങ്ങുന്നു. പാരിസ്ഥിതികമായി നിലനില്‍ക്കുന്നതും നീതിയുക്തവും ആയ ഒരു രീതി ഉണ്ടാക്കിയെടുക്കാന്‍ ഈയൊരു മാറ്റം മാത്രമാണ് ഏകമാര്‍ഗ്ഗം  എന്ന് അവര്‍ തറപ്പിച്ചു പറയുന്നു. സാങ്കേതികമികവ് ഉപയോഗിച്ച് ഉല്പാദനക്ഷമത ഉയര്‍ത്തുന്നതിനുള്ള പ്രയത്നങ്ങളെ മുതലാളിത്തത്തിന്റെ സദാ വളരുന്ന ലാഭക്കൊതി മൂലം  ഉപഭോഗസംസ്ക്കാരം വളര്‍ത്താനുള്ള നടപടിയായി അവര്‍ തുലനം ചെയ്യുന്നു. തത്ഫലമായി ഈ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ സമകാലിക ലോകത്തെ നിയന്ത്രിക്കുന്ന മുതലാളിത്ത ബന്ധങ്ങളെ മാത്രമല്ല  ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയുമായ ആധുനിക ശക്തികളേയും എതിര്‍ക്കുന്നു. ഈ വിഷയത്തിലേക്ക് നമുക്ക് പിന്നീട് വരാം.

നിബിഢ വനങ്ങളിലെ ആവാസവ്യവസ്ഥകളുടെ താല്‍ക്കാലികമായുണ്ടാകുന്ന താളംതെറ്റലുകളെ മൃഗജന്യരോഗങ്ങളുമായി  ബന്ധപ്പെടുത്തുന്നത് അപൂർണമായ വിലയിരുത്തൽ ആണ്. കൂടാതെ  സ്ഥിരമായ കാര്‍ഷികപ്രവര്‍ത്തനം നഗരവല്‍ക്കരണം തുടങ്ങിയ മനുഷ്യകാരണമായ പ്രവര്‍ത്തികള്‍ക്ക്  രോഗാണുക്കളെയും രോഗങ്ങളെയും ഉണ്ടാക്കുന്നതിലുള്ള പങ്ക് സങ്കീര്‍ണ്ണവും ബഹുമുഖവുമാണെന്ന കാര്യവും ഇവർ അംഗീകരിക്കുന്നില്ല. ഇത് ഇപ്പോഴും ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ശാസ്ത്രീയപഠനരംഗമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട ശക്തമായ നിഗമനങ്ങളും തീർച്ചപ്പെടുത്തലുകളും രാഷ്ട്രീയപരമായി ദുരുപദിഷ്ടമാണ്.

“അപവളര്‍ച്ച(degrowth)” എന്ന ആശയവും ഇതേ രീതിയില്‍ നിരവധി പിഴവുകള്‍ ഉള്ളതാണ്. ഭൂരിപക്ഷം ആളുകളുടെയും ലളിതമായ ഒരു ജീവിതരീതി “സന്തോഷകര”വും “സുസ്ഥിര”വുമായ ഭാവി ഉറപ്പാക്കും എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാനം.  രൂക്ഷമായ സാമ്പത്തിക അസമത്വം നിലനിൽക്കുന്ന ഒരു ലോകത്ത് താഴേ തട്ടിലുള്ളവർ കൂടുതൽ വഹിക്കേണ്ടി വരും എന്ന യാഥാർത്ഥ്യത്തെ വില കുറച്ച് കാണുകയാണിതിലൂടെ ചെയ്യുന്നത്. മനുഷ്യരാശിയുടെ മഹാ ഭൂരിപക്ഷവും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും ജീവിക്കുന്നവര്‍, അടിസ്ഥാന സൗകര്യങ്ങൾ പോലും നേടിയിട്ടില്ലാത്തവരാണ്. മാനവികവികസന സൂചകങ്ങളില്‍ താഴെ നില്‍ക്കുന്ന ഒരു രാജ്യത്തിലെ പ്രതീക്ഷിത ആയൂര്‍ദൈര്‍ഘ്യം 60 ല്‍ താഴെയാണ്. പട്ടികയില്‍ ഏറെ ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളില്‍ അത് 78 നു മുകളിലാണ്. യുണൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച 2019 ലെ മാനവ വികസന റിപ്പോര്‍ട്ട് പ്രകാരം ഈ സൂചകങ്ങളില്‍ വളരെ ഉന്നത സ്ഥാനത്തുള്ള ഒരു രാജ്യത്തു ജനിക്കുന്ന ഒരു കുഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശിക്കപ്പെടാനിടയുള്ളപ്പോള്‍ റാങ്കില്‍ താഴെയുള്ള രാജ്യത്തു പിറക്കുന്ന കുഞ്ഞ് ജീവിച്ചിരിക്കാനുള്ള സാദ്ധ്യത പോലും കുറവാണ് എന്നതാണ്.

ലോകബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തെ ആകെ ജനസംഖ്യയിലെ 10 ശതമാനം പേരും അതീവ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നാണ്, അതായത് ദിവസ വരുമാനം 1.9 ഡോളറില്‍ താഴെ (140 രൂപ) ആണെന്നും  അടിസ്ഥാനാവശ്യങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നുമാണ്. ഈ ജനങ്ങളില്‍ ഭൂരിപക്ഷവും ജീവിക്കുന്നത് ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ആഫ്രിക്കയിലും ഏഷ്യയിലും ആണ്. ഇടത്തരത്തിലും താഴെ വരുമാനമുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ (പ്രതിശീര്‍ഷ മൊത്ത ദേശീയ വരുമാനം 1026 നും 3995 നും  ഇടയില്‍ ഉള്ള രാജ്യങ്ങളെയാണ് ലോകബാങ്ക് ഇടത്തരത്തിനും താഴെ എന്ന് തിരിച്ചിരിക്കുന്നത്) ശരാശരി കുടുംബത്തിന്റെ ഊര്‍ജ്ജ ഉപഭോഗം ആഗോള ശരാശരിയുടെ വെറും മൂന്നിലൊന്നു മാത്രമാണ്. ഇന്ത്യയിലെ എൺപത് ശതമാനം വീടുകളുടെയും ശരാശരി പ്രതിമാസ ഊർജ ഉപഭോഗം 100 യൂണിറ്റില്‍ കുറവാണ്. 100 യൂണിറ്റ് എന്നത് രണ്ടോ മൂന്നോ ബള്‍ബ്, രണ്ടു ഫാന്‍, റെഫ്രിജറേറ്റര്‍ അല്ലെങ്കില്‍ വാഷിംഗ് മെഷീന്‍ പോലുള്ള ഒന്നോ അഥവാ രണ്ടോ ഉപകരണം, ഒരു ഡസ്ക്ടോപ്പ് എന്നിവ ഉപയോഗിക്കുന്ന കുടുംബത്തിന്റെ ഊര്‍ജ്ജോപഭോഗമാണ്.

ദരിദ്ര രാജ്യങ്ങളിലെ വലിയൊരു വിഭാഗം ജനസംഖ്യയേയും ദുരിതത്തിലാഴ്ത്തുന്ന വികസനക്കുറവിനെ(development deficit) കാണിക്കുന്ന സൂചകങ്ങളാണ് ഇതെല്ലാം. ഈ വിഭാഗത്തിന് അടിസ്ഥാനപരമായ ജീവിതസൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് വെറും സാമ്പത്തിക വളര്‍ച്ച മാത്രം പോരാ, മറിച്ച് സമുചിതമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഉല്‍പാദനക്ഷമതയുടെ വളര്‍ച്ചയും ഉണ്ടാകണം. സ്വാഭാവികമായും ബൃഹത്തായ തോതില്‍ പരമ്പരാഗതമായ ഊര്‍ജ്ജസ്രോതസ്സുകളുടെ ലഭ്യതയും  സമീപഭാവിയില്‍ തന്നെ ആവശ്യമാകും. ഈ കടുത്ത യാഥാര്‍ത്ഥ്യത്തെ മുഴുവനായും അവഗണിക്കുന്നതാണ് വ്യവസായവല്‍ക്കരണത്തെ അപ്പാടെ പിറകോട്ടാക്കണമെന്ന  വാദഗതികള്‍. ഇതിലൂടെ ഭൗതിക വികസനത്തിന് പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും മെരുക്കിയെടുക്കേണ്ടി വരും എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയാണ്.

ഒരു വശത്ത് ശാസ്ത്രവും സാങ്കേതികവിദ്യയും മറുഭാഗത്ത്, മുതലാളിത്തത്തിന്റെ കീഴില്‍  ശാസ്ത്രസാങ്കേതിക വിദ്യയുടെ ഉടമസ്ഥതയും തമ്മില്‍ വ്യവച്ഛേദിക്കുന്നതില്‍ ഈ കാഴ്ചപ്പാട് പരാജയപ്പെടുന്നു എന്നതാണ് ഏറ്റവും പ്രധാനമായ ഒരു കാര്യം. കൂടാതെ സാമ്പത്തിക വികസനവും പാരിസ്ഥിതികമായ സ്ഥായിത്വവും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ആധുനിക ശാസ്ത്രസാങ്കേതികവിദ്യയ്ക്ക് ‍കഴിയും എന്ന സത്യവും അത് കുറച്ചുകാണുന്നു. (ശാസ്ത്രസാങ്കേതികവിദ്യകളുടെ ഈ സാദ്ധ്യതയെ മുതലാളിത്ത ബന്ധങ്ങളാല്‍ ചുരുങ്ങിപ്പോകുന്നുണ്ടെങ്കിലും.) മുതലാളിത്തത്തിന്റെ താല്പര്യങ്ങള്‍ ഒരേസമയം ശാസ്ത്രീയ അറിവുകളിലും സാങ്കേതികരംഗത്തും അതിരുകളില്ലാത്ത, അവസാനമില്ലാത്ത വളര്‍ച്ചയെ പിന്‍താങ്ങുകയും, ഒപ്പം തന്നെ സാർവദേശീയമായി എല്ലാമനുഷ്യർക്കും പ്രയോജനപ്പെടുന്നവിധം അവ വ്യാപിപ്പിക്കുന്നതിനെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.  ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ പുരോഗതിയെ മുതലാളിത്ത ബന്ധങ്ങളുടെ കെട്ടുപാടില്‍ നിന്ന് സ്വതന്ത്രമാക്കണം.  ശാസ്ത്രസാങ്കേതികവിദ്യകളുടെ  അപാരമായ ശക്തിയെ  മെരുക്കിയെടുക്കുന്നതിലുള്ള സാദ്ധ്യതകള്‍ ഈ ചര്‍ച്ചകള്‍ക്കിടയില്‍ പാടേ നഷ്ടപ്പെട്ടുപോകുന്നു.

ഉദാഹരണത്തിന് ഇരുപതാം നൂറ്റാണ്ടില്‍ കാര്‍ഷിക ഉല്പാദനത്തിലും ഉല്പാദനക്ഷമതയിലും കൈവരിച്ച ശ്രദ്ധേയമായ വളര്‍ച്ച ജനിതകശാസ്ത്രത്തിന്റെ വികസനത്തില്‍ എത്തിച്ചേര്‍ന്ന ഹരിതവിപ്ലവത്തിന്റെ സാങ്കേതികവിദ്യ മൂലമാണ്.  ഈ സാങ്കേതികവിദ്യകള്‍ തീര്‍ച്ചയായും കോര്‍പറേറ്റ് അഗ്രി-ബിസിനസ്സുകാര്‍ അവരുടെ ലാഭേച്ഛ ലക്ഷ്യമാക്കി മാത്രം പ്രോത്സാഹിപ്പിച്ചതാണ്. എന്നിരുന്നാലും ഭക്ഷ്യസുരക്ഷ,  പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളില്‍, ഉറപ്പുവരുത്തുന്നതിലും വനസംരക്ഷണത്തിനും അത് വളരെ വലിയ പങ്കു വഹിച്ചു.  കൃഷിഭൂമിയുടെ വിസ്തൃതിയില്‍ കാര്യമായ വര്‍ദ്ധനവില്ലാതെ തന്നെ കൂടുതല്‍ ഉല്പാദന വര്‍ദ്ധന കൈവരിക്കാന്‍ സഹായകമായത് വിളവിലുണ്ടായ നേട്ടമാണ്  എന്നത് എടുത്തു പറയേണ്ടതാണ്.  അങ്ങിനെ  ഉല്പാദനക്ഷമതയില്‍ വന്ന ശ്രദ്ധേയമായ വളര്‍ച്ച വലിയൊരളവുവരെ വനങ്ങളെയും സംരക്ഷിച്ചു. അല്ലെങ്കില്‍ അവയെല്ലാം കൃഷിഭൂമിയായി മാറ്റപ്പെടുമായിരുന്നു.

ഒരുദാഹരണം പറഞ്ഞാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ചൈനയിലെ അരി ഉല്പാദനം മൂന്നിരട്ടിയായി. എന്നാല്‍ ഉല്പാദനത്തിലുള്ള ഈ വമ്പിച്ച വര്‍ദ്ധനവ് ഏക്കറേജിന്റെ വര്‍ദ്ധനവല്ല, മറിച്ച് പ്രധാനമായും വിളവിന്റെ വര്‍ദ്ധനവുമൂലം ആയിരുന്നു. അങ്ങനെ ചൈനയ്ക്ക് ധാന്യ ഉല്പാദനം കൂട്ടുന്നതോടൊപ്പം ഭൂമി മിച്ചം വയ്ക്കാനും കഴിഞ്ഞു. വിളവിലുളള അത്തരം വളര്‍ച്ച ഭൂമി മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സ്വതന്ത്രമാക്കാനും സഹായകമാകാം. എന്നിരുന്നാലും അത്തരം ആവശ്യങ്ങള്‍ രൂപപ്പെടുത്തുന്നത് മുതലാളിത്തത്തിന്റെ കീഴില്‍ ലാഭേച്ഛയുടെ ലക്ഷ്യങ്ങളാകും. ആയതിനാൽ നമുക്ക് വേണ്ടത്, മുതലാളിത്തത്തിന്റെ ലാഭേച്ഛക്ക് വഴങ്ങാത്തതും എന്നാൽ ശാസ്ത്ര സാങ്കേതിക രംഗത്ത് സ്ഥായിയായ വളർച്ചയെ സഹായിക്കുന്നതുമായ ഒരു സാമൂഹ്യ സാമ്പത്തിക ഘടനയെ വിഭാവനം ചെയ്യലാണ്. ഇത്തരം ഒരു ഘടനക്ക് മുതലാളിത്ത ലാഭത്തിന്റെ ലക്ഷ്യങ്ങൾ ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ദിശയും സാക്ഷാൽക്കാരവും നിയന്ത്രിക്കുന്നതിനു തടയിടാനും കഴിയും. ഈ സാമൂഹ്യ ഘടനക്ക്, പാരിസ്ഥിതികമായ നിലനില്പിനെ  ശാസ്ത്രസാങ്കേതിക രംഗത്തെ വികസനത്തിന്റെ ഭാഗമാക്കാനും അതുവഴി സാമ്പത്തികവളര്‍ച്ചയും പരിസ്ഥിതിയുടെ നിലനിൽപ്പും തമ്മിലുള്ള പരസ്പരവൈരുദ്ധ്യത്തെ പരിഹരിക്കാനും കഴിയും

തെളിവിനെ തള്ളിക്കളയൽ

രാഷ്ട്രീയ ചിന്തയുടെ ഇരു ധ്രുവങ്ങളിലുള്ള ഈ രണ്ട് ധാരകളും പരിസ്ഥിതി വിഷയത്തിൽ എടുത്തുപറയേണ്ട ചില സമാനതകൾ കാണിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.  രണ്ടു നിലപാടുകളും ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളെ താഴ്ത്തികെട്ടാൻ ശ്രമിക്കുന്നതായി കാണാം. ആദ്യത്തെ ധാര വാദിക്കന്നത്  ശാസ്ത്രീയമായതെല്ലാം   പരമ്പരാഗതമായ ജ്ഞാനശേഖരത്തില്‍ നിലനിന്നിരുന്നു എന്നാണ്. അത് സാങ്കല്പികമായ ഒരു പഴമയിലേക്ക് തിരിഞ്ഞുനോക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉറപ്പു തരുന്നു. രണ്ടാമത്തെ ചിന്താധാര വാദിക്കുന്നത് സയന്‍സ് എന്നത് മനുഷ്യ സമൂഹത്തിന്റെ ഘടനാപരമായ യാഥാർത്ഥ്യങ്ങളിൽ പ്രമുഖമായ മുതലാളിത്തത്തിന്റെ സാമൂഹ്യ നിർമിതിയിൽ കവിഞ്ഞ മറ്റൊന്നുമല്ല എന്നാണ്. അതിനെ നയിക്കുന്നത് മുതലാളിത്തത്തിന്റെ മാർഗദർശിയായ ലാഭവുമാണ്. ഈ ലോകദര്‍ശനപ്രകാരം ശാസ്ത്രീയ വികാസവും സാങ്കേതികമായ നേട്ടങ്ങളും മുതലാളിത്ത ഗൂഢാലോചനയുടെ ഭാഗമാണ്. അത് വാദിക്കുന്നത് ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും യാതൊരു സ്വയം നിർണയാധികാരം ഉള്ളവയല്ല എന്നും അതിനാൽ അവയെ “പ്രാദേശിക അറിവുസമ്പ്രദായങ്ങൾ” കൊണ്ട് പകരം വയ്ക്കണം എന്നുമാണ്.

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം ആശയങ്ങള്‍ പലപ്പോഴും മുന്നോട്ട് വെക്കപ്പെടുന്നത് തെളിവിന്റെ ആധികാരികത ഇല്ലാതെ ആണെന്നതാണ്. ഈ രണ്ടു ചിന്താധാരകളേയും രൂപപ്പെടുത്തുന്നതില്‍ ജ്ഞാനവിരോധത്തിന്റെ ചില അടരുകൾ കാണാം. കാരണത്തില്‍ നിന്ന് കാര്യത്തെ തെളിയിക്കുന്ന സൈദ്ധാന്തികമായ വാദഗതികൾ (അതാണല്ലോ ശരി) തെളിവിനെ ബലികഴിക്കുന്നു. അങ്ങനെ ചെയ്യുന്നതില്‍ക്കൂടി രണ്ടു ചിന്താധാരകളും ശാസ്ത്രത്തിന്റെ രീതിയെത്തന്നെ തുരങ്കം വയ്ക്കുന്നു.

ഒരുദാഹരണത്തിന്, നിലവിലുള്ള ബദല്‍ചികിത്സാ സമ്പ്രദായമായ ആയൂര്‍വേദം കോവിഡ്-19ന് ഉറപ്പായ പ്രതിവിധിയുണ്ടെന്ന് പലപ്പോഴും അവകാശപ്പെടുന്നുണ്ട്. ആധുനിക ശാസ്ത്രം ആവശ്യപ്പെടുന്നതുപോലുള്ള കര്‍ക്കശമായ പരിശോധനകള്‍ നടത്താതെയാണ് ഇത്. വ്യക്തിപരമായ  അനുഭവവും നിരീക്ഷണങ്ങളും പരിചയവുമെല്ലാം മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമായും പ്രതിവിധിയായും മുന്നോട്ടു വയ്ക്കുകയാണ്. ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും അവഗണിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യുന്നു.

ആധുനിക ഔഷധങ്ങളുടെ പ്രയോഗത്തിന്റെ കാര്യത്തില്‍  അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ഉള്ള സമഗ്രമായ പരിശോധനകൾ വര്‍ദ്ധിച്ച തോതില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഈ അതികഠിനമായ സ്ഥാപനവല്‍ക്കരണവും അതുമായി ബന്ധപ്പെട്ട നിയന്ത്രണസംവിധാനങ്ങളും ഉള്ളതിനാല്‍ തന്നെ പുതിയ മരുന്നു കണ്ടുപിടിക്കുന്നതും വാക്സിന്‍ വികസിപ്പിക്കുന്നതുമെല്ലാം ഏറെ സമയമെടുക്കുന്ന കാര്യങ്ങളാണ്. ഉദാഹരണത്തിന് ഏതാനും കുറച്ചു കേസുകളില്‍ ഫലം കണ്ടു എന്നതുകൊണ്ടു മാത്രം  ആ മരുന്ന് ഫലപ്രദമാണ് എന്ന് അവകാശപ്പെടാന്‍ മതിയായ കാരണമാകില്ല. അത്തരം അവകാശവാദങ്ങള്‍ വളരെ വലിയ എണ്ണം കേസുകളില്‍ ശരിയാണെന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. ഒരു  മരുന്നിന്റെ  വിജയസാദ്ധ്യത അളക്കുന്നത് മരുന്നെന്ന പേരില്‍  സമാന്തരമായി അനേകം പേര്‍ക്ക് കൊടുക്കുന്ന ഔഷധ സമാനമായ വസ്തുക്കളുടെയും (പ്ലാസിബോ-placebo)  എണ്ണവുമായി താരതമ്യം ചെയ്തിട്ടാണ്. അത്തരം അളവുകളുടെ മൂല്യം സ്ഥാപിക്കുകയും എണ്ണം തിട്ടപ്പെടുത്തുകയും രേഖപ്പെടുത്തുകയും വേണം. എന്തെങ്കിലും വ്യതിയാനമുണ്ടെങ്കില്‍ അത് വ്യക്തമായി പരാമര്‍ശിക്കുകയും അതിന് വിശദീകരണം നല്‍കുകയും വേണം.  ഒരു പ്രത്യേക ഔഷധം പ്രയോഗിക്കുന്നതും അതുമൂലം രോഗികളുടെ  ആരോഗ്യത്തിലുണ്ടാകുന്ന  പുരോഗതിയും ഈ ചികിത്സ ഏതുവിധമാണ് ഫലപ്രദമായത് എന്നതും  (പരാജയങ്ങളുണ്ടായെങ്കില്‍ അതും) തമ്മിലുള്ള പരസ്പര ബന്ധവും വിശദീകരിക്കേണ്ടതുണ്ട്.

ആധുനിക ശാസ്ത്രത്തിലുണ്ടാകുന്ന ഫലങ്ങള്‍ പലപ്പോഴും അപൂര്‍ണ്ണമാണെന്നും ഉണ്ടായി വരുന്നതേയുള്ളൂ എന്നതും ശരിയാണ്. അതിനാല്‍ തന്നെ ചില സമയത്ത് ചില പ്രത്യേക സാഹചര്യത്തില്‍ പുതിയ മരുന്നുകള്‍ പുറത്തിറക്കുന്നതിനും സാദ്ധ്യതയുണ്ട്, ഒരു പരിധി വരെ അവയുടെ അപകടസാദ്ധ്യതയും സ്വീകാര്യമാണ്. അത്തരം കേസുകളില്‍ പോലും ഈ പ്രത്യേക അവസ്ഥകളും സ്വീകാര്യമായ അപകടസാദ്ധ്യതയും ക‍ൃത്യമായി  നിര്‍വ്വചിക്കപ്പെടുകയും മോണിറ്റര്‍ ചെയ്യപ്പെടുകയും വേണം. ഇതുപോലുള്ള കര്‍ശനമായ വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത് പല മരുന്നുകളും ചികിത്സാ രീതികളും, ആദ്യകാല പരിശോധനകളില്‍ അവ എത്രതന്നെ നല്ലതാണെന്ന തോന്നലുളവാക്കിയിരുന്നെങ്കില്‍ പോലും, അവസാനം ഉപേക്ഷിക്കപ്പെടാം എന്നാണ്.

ഹൈഡ്രോക്സിക്ലോറോക്വിന്‍ (HCQ)

ഹൈഡ്രോക്സിക്ലോറോക്വിന്‍ (HCQ) എന്ന മരുന്ന് കൊവിഡ്-19 ന് പറ്റിയ ഔഷധമെന്ന നിലയിലുള്ള പ്രചരണം ഇതിനെ ഉദാഹരിക്കുന്ന ഒന്നാണ്. ഈ മഹാമാരിയുടെ ആരംഭകാലത്ത് ഈ മരുന്ന് സാര്‍സ്-കോവി-2 വൈറസ് മനുഷ്യശരീരത്തില്‍ പെരുകുന്നതിനെ തടയുമെന്നും അതിനാല്‍ അത് കോവിഡ്-19 ന് ഫലപ്രദമായ ഒരു ചികിത്സയാകുമെന്നും  അവകാശവാദം ഉന്നയിച്ചിരുന്നു.  ഈ അവകാശവാദം മൂലം ലോകാരോഗ്യ സംഘടനയും അതിലെ പങ്കാളികളികളും ചേര്‍ന്ന് കോവിഡ്-19 ന് ഫലപ്രദമായ ചികിത്സ കണ്ടെത്താന്‍ നടത്തുന്ന “സോളിഡാരിറ്റി” ഉള്‍പ്പെടെ നിരവധി സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളും പല പരിശോധനകളും നടത്താനാരംഭിച്ചു. അതേ സമയം തന്നെ മെഡിക്കല്‍ സമൂഹത്തിലുള്ള പലരും പല രാജ്യങ്ങളിലെയും രാഷ്ട്രീയനേതൃത്വങ്ങളും,  ഉള്‍പ്പെടെ HCQ  വിനെ “ഇതാണ് പരിഹാരം” എന്ന രീതിയില്‍ കൊണ്ടാടാനാരംഭിച്ചു. അതില്‍ ഏറ്റവും ശ്രദ്ധേയമായത് യു.എസ്.എ. ആണ്. അവരുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ടേഷന്‍ (USFDA) കോവിഡ്-19 രോഗികള്‍ക്ക് എമര്‍ജന്‍സി മെഡിസിനായി ഉപയോഗിക്കാന്‍ താല്‍ക്കാലിക അനുമതി കൊടുത്തു. ഏതായാലും പിന്നീട് നടന്ന കൂടുതല്‍ വിശദമായ പഠനങ്ങളൊന്നും HCQ ഈ രോഗത്തിന് ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും നല്‍കിയില്ല. HCQ വിന് കൊറോണാ വൈറസിലുള്ള സ്വാധീനത്തേക്കുറിച്ചുള്ള പരീക്ഷണങ്ങളെല്ലാം നിലച്ചു. USFDA അവരുടെ അധികാരപത്രം റദ്ദുചെയ്തു. സമീപകാലത്തെ മരുന്നു ഗവേഷണം ഈ മരുന്ന് പല അവയവങ്ങളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് പ്രയോഗിക്കുന്നത് വലിയ മുന്‍കരുകലുകളോടുകൂടി ആകണമെന്നും നിഷ്കര്‍ഷിക്കുന്നു. ചില പരീക്ഷണങ്ങളെല്ലാം തുടരുന്നുണ്ടെങ്കിലും ഇപ്പോഴും ലോകത്ത് പലയിടങ്ങളിലും  ഒരു പ്രതിരോധമരുന്നെന്ന നിലയില്‍ ചില ഡോക്ടര്‍മാരെങ്കിലും  ഇത് കുറിക്കുന്നുണ്ടെങ്കിലും HCQ കോവിഡ്-19 നുള്ള ഒരു മരുന്നായി ഇപ്പോള്‍ കരുതപ്പെടുന്നില്ല എന്നതാണ് വാസ്തവം.

ഇപ്പോള്‍ അടുത്തകാലത്ത് യുഎസ് പ്രസിഡണ്ട് ട്രംപിനു കൊടുത്ത, പരീക്ഷണദശയിലിരിക്കുന്ന ഒരു മരുന്നായ REGN-COV2 നെ സംബന്ധിച്ചും സമാനമായ ഒരു കഥയാണ് പറയാനുണ്ടാവുക. ഇത് പരീക്ഷണത്തിന്റെ പ്രഥമികദശയില്‍ മാത്രമായിരുന്നു. അതിനു ശേഷം പ്രസിഡണ്ട് അതിനെ ചികിത്സയ്ക്കുതകുന്ന ഒരു മരുന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു.   അതിന്റെ ഉല്പാദകരയ റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതിക്കായി അപേക്ഷിക്കന്‍ ഇത് പ്രോത്സഹനമായി. തുടര്‍ന്നുള്ള ടെസ്റ്റുകള്‍ ഈ REGN-COV2നെ കോവിഡ്-19 ചികിത്സയ്ക്ക് അനുകൂലമവുകയോ അല്ലാതിരിക്കുകയോ ചെയ്യാം, പക്ഷേ നിലവിലെ അവസ്ഥയില്‍ അതിന് വലിയ പിന്തുണ ലഭിച്ചത് ശാസ്ത്രീയ കാരണങ്ങളാലല്ല.

ഈ ഉദാഹരണങ്ങള്‍ വെളിവാക്കുന്നത് ആധുനിക ചികിത്സാ സമ്പ്രദായം ശൂന്യതയില്‍ നിന്ന്  ഉടലെടുക്കുന്നതല്ല എന്നു തന്നെയാണ്.

സയന്‍സ് തീര്‍ച്ചയായും ഒരു സാമൂഹ്യപ്രവര്‍ത്തനം തന്നെയണ്. അതിന്റെ പുരോഗമനത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ സമൂഹ്യ ഘടകങ്ങളുടെ സ്വാധീനമുണ്ട്. സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, സയന്‍സിന്റെ രീതികളില്‍ പോലും സാമൂഹ്യ ഘടകങ്ങള്‍ പലപ്പോഴും ഇടപെടാറുണ്ട്. എങ്ങിനെയൊക്കെ ആയാലും ഒരു പരികല്പനയെ തുടര്‍ച്ചയായി പരിശോധിച്ച് തെളിവു നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഉള്ള സുദീര്‍ഘവും കര്‍ശനവും സുസ്ഥാപിതവുമായ അന്വേഷണമാണ് സയന്‍സിന്റെ രീതിയെ വേറിട്ട് നിർത്തുന്നത്. ഇതാണ് വൈദ്യശാസ്ത്രമേഖല കൂടി ഉള്‍പ്പെട്ട ആധുനിക ശാസ്ത്രത്തിന് പ്രതിഫലനശേഷിയും വസ്തുനിഷ്ഠതയും സ്വയം തിരുത്തലിനുള്ള ശേഷിയും പ്രദാനം ചെയ്യുന്നത്.
ആയൂര്‍വേദം പോലുള്ള “ബദല്‍ചികിത്സാ സമ്പ്രദായ”ത്തെ പിന്‍താങ്ങുന്നവര്‍ ഈ കര്‍ക്കശമായ പരിശോധനാവ്യവസ്ഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അവര്‍ പറയുന്ന വിശദീകരണം അവരുടെ സമീപനം ആധുനിക സയന്‍സിന്റേതില്‍ നിന്ന് അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമാണെന്നും അവരുടേത് അപഗ്രഥനപരമല്ല, കൂടുതല്‍ “സമഗ്രവും” “ജ്ഞാനപരവും” “സംയോജിതവും” “വ്യക്ത്യധിഷ്ഠിതവും” ആണെന്നും അതിനാല്‍ ആധുനിക ഔഷധശാസ്ത്രത്തിന്റെ തത്വങ്ങളുമായി തുലനം ചെയ്യാനാകാത്തതുമാണ് എന്നുമാണ്. തെളിവുകളുടെ അടിസ്ഥനത്തിലുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിപ്പോകാനുള്ള ഈ പ്രവണത ഈ അഭിപ്രായങ്ങളുടെ അശാസ്ത്രീയ സ്വഭാവം വെളിവാക്കുന്നു.

ജൈവവൈവിധ്യവും രോഗവുമായുള്ള ബന്ധം

ഒരു വാദഗതിയെ സുസ്ഥാപിതമായ പരീക്ഷണങ്ങള്‍ നല്‍കുന്ന തെളിവുകളുമായി താരതമ്യം ചെയ്ത് പരിശോധിക്കുന്ന ശാസ്ത്രീയരീതിയോടുള്ള അവഗണനയാണ് കൊറോണാ വൈറസ് “പ്രകൃതിയുടെ  ഒരുപകപോക്കലായി” കാണുന്ന  രണ്ടാമത്തെ ചിന്താധാരയില്‍ നിന്നു വരുന്നത്. അത്. ഉദാഹരണത്തിന് ജൈവവൈവിദ്ധ്യത്തിലുണ്ടായ ശോഷണവും ഉടലെടുത്തുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികളും തമ്മിലുള്ള ബന്ധം, അതല്ലെങ്കില്‍ ഊര്‍ജ്ജിത കൃഷിരീതിയും വനനശീകരണവും തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം തീരുമാനമായ നിഗമനങ്ങളാണു എന്ന രീതിയിൽ ആണു ഈ വാദങ്ങൾ മുന്നോട്ട് പോകുന്നത്. സത്യത്തിൽ അതിന്റെയെല്ലം തെളിവിനായുള്ള ശാസ്ത്രീയമായ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നതും തീരുമാനത്തില്‍ എത്തിയിട്ടില്ലാത്തതുമാണ്.  ഇത്തരം വാദങ്ങളെയെല്ലാം വസ്തുതകൾ ഉപയോഗിച്ച് തെളിയിക്കപ്പെടേണ്ട അനുമാനങ്ങൾ എന്നേ പറയാനാകൂ. അവയെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാൻ കൂടുതൽ പഠന ഗവേഷണങ്ങൾ ആവശ്യമാണ്.

ഇവിടെ ചര്‍ച്ച ചെയ്യേണ്ട ഒരു സങ്കല്പം രോഗങ്ങളുടെ പാരിസ്ഥിതിക പഠനത്തിലെ പ്രശസ്തമായ  “നേര്‍പ്പിക്കല്‍ പ്രഭാവം” (dilution effect) ആണ്. അത് അവകാശപ്പെടുന്നത് മനുഷ്യ ഇടപെടല്‍ മൂലമുണ്ടായ ജൈവവൈവിദ്ധ്യ ശോഷണം  മനുഷ്യരിലും വന്യജീവികളിലും വളര്‍ത്തു മൃഗങ്ങളിലും ഉണ്ടാകുന്ന പകര്‍ച്ചവ്യാധികളുടെ ഉത്ഭവത്തിന്റെ കാരണമാണ് എന്നാണ്. ഈ ചിന്തയില്‍ നിന്ന് ഉരുത്തിരിയുന്ന അടിസ്ഥാനപരമായ നിഗമനം ഒരു പ്രത്യേക ഭൂമിശാസ്ത്രമേഖലയിലുള്ള  സ്പീഷിസുകളുടെ എണ്ണവും സമ്പന്നതയും ചേരുന്ന ഉയര്‍ന്ന ജൈവവൈവിദ്ധ്യം  മൃഗജന്യമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നാണ്. ഈ  നേര്‍പ്പിക്കല്‍ പരികല്പനയുടെ കുഴപ്പം വ്യക്തമാണ്. വന്യജീവി സംരക്ഷണവും മനുഷ്യരുടെ ആരോഗ്യവും  ഒന്നിക്കുന്നതിലേക്കാണ് അത്  ലക്ഷ്യമിടുന്നത്.

ഈ ചിന്താഗതിയുടെ പ്രവര്‍ത്തനത്തെ വിശദീകരിക്കുവാന്‍ പല സംവിധാനങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ഉദാഹരണമായി  ഉയര്‍ന്ന ജൈവവൈവിദ്ധ്യം രോഗാണുവാഹകരല്ലാത്ത ജീവികളുടെ എണ്ണം കൂട്ടാനിടയാക്കുമെന്നും അതുവഴി രോഗപ്പകര്‍ച്ച കുറയ്ക്കുമെന്നും പറയുന്നു. ഈ ചിന്തയ്ക്കും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും തെളിവു നല്‍കാനായി ധാരാളം അനുഭവകഥകളുമുണ്ട്.  എന്നിരുന്നാലും ഈ നേര്‍പ്പിക്കല്‍ പരികല്പന ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. നേര്‍പ്പിക്കലിന്റെ ഫലങ്ങളെ പല പഠനങ്ങളും പിന്‍താങ്ങുന്നുണ്ട്. ജൈവവൈവിദ്ധ്യവും രോഗഭാരവുമായി ദൃഢബന്ധമില്ലെന്ന് വാദിക്കാനായി ചിലര്‍ തെളിവ് ഹാജരാക്കുന്നു. മറ്റു ചില ശാസ്ത്രജ്ഞന്മാരാകട്ടെ നേര്‍പ്പിക്കലിന്റെ ഫലമല്ല, “സാന്ദ്രമാക്കുന്ന പ്രഭാവ”(amplification effect) മാണ് ജൈവവൈവിദ്ധ്യവും രോഗങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് എന്നു വാദിക്കുന്നു. അതായത് സാന്ദ്രമാക്കലാണ് പ്രധാന പ്രശ്നം എന്ന്. വിശാലമായ സ്ഥലങ്ങളില്‍ നേര്‍പ്പിക്കല്‍ പ്രഭാവം പരാജയപ്പെടുന്നു എന്നും ആഗോളതലത്തില്‍ നോക്കുമ്പോള്‍ ജൈവവൈവിദ്ധ്യം, പ്രത്യേകിച്ച് സസ്തനികള്‍ യഥാര്‍ത്ഥത്തില്‍ പകര്‍ച്ചവ്യാധികളുടെ ഉത്ഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും വാദിക്കുന്നു. സമാനമായ രീതിയില്‍, ജൈവവൈവിദ്ധ്യത്തിന്റെയും വനവല്‍ക്കരണത്തിന്റെയും വളര്‍ച്ചയും കുറേ കാലം കൊണ്ട് മനുഷ്യരില്‍ കൂടുതല്‍ രോഗാതുരത ഉണ്ടാക്കുന്നു എന്നതിന് ചില തെളിവുകള്‍ ഉണ്ട്. പിന്നെയൊരു വാദം ജൈവവൈവിദ്ധ്യവും രോഗസാദ്ധ്യതയും തമ്മിലുള്ള അനുകൂലമോ പ്രതികൂലമോ ആയ ബന്ധം കണ്ടെത്തുന്നതു മാത്രം പോരാ, സ്പീഷിസ് സമ്പുഷ്ടതയും രോഗസാദ്ധ്യതയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കാരണമായ യഥാര്‍ത്ഥമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ തെളിവും വേണമെന്നതാണ്.

Philosophical Transactions of the Royal Society B (2017) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച “മനുഷ്യരുടെ പകര്‍ച്ചാവ്യാധിഭാരം കുറയുന്നത് നഗരവല്‍ക്കരണം കൊണ്ടാണ്, ജൈവവൈവിദ്ധ്യം മൂലമല്ല”(Human infectious disease burdens decrease with urbanization but not with biodiversity) എന്ന  പഠനം ശ്രദ്ധിക്കുക. പകരർച്ചവ്യാധികളുടെ  ജനസംഖ്യാപരവും സാമ്പത്തികവും പാരിസ്ഥിതികവും ജൈവമേഖലാപരവും (ജൈവവൈവിദ്ധ്യം, രോഗാണുവാഹക ജൈവവൈവിദ്ധ്യം- reservoir host or vector biodiversity) ആയ സ്വാധീനങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഡാറ്റ ലഭ്യമായതും താരതമ്യം ചെയ്യാന്‍ പറ്റാവുന്നതുമായ 60 രാജ്യങ്ങളില്‍ നടത്തിയ സ്ഥലീയവും കാലികവുമായ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു . ഈ പഠനം എത്തിച്ചേര്‍ന്ന നിഗമനം “ഒരു പ്രത്യേക വിസ്തൃതിയിലുള്ള പ്രദേശത്ത്, കൂടുതല്‍ ജൈവവൈവിദ്ധ്യം ഉള്ള രാജ്യങ്ങളില്‍ ആണ് കൂടുതല്‍ രോഗഭാരവും ഉള്ളത്” എന്നാണ്. ഈ പഠനം ഉയര്‍ത്തിക്കാണിച്ച മറ്റൊരു കാര്യം “ഏറെ കാലമെടുത്ത് ജൈവവൈവിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നത് രോഗവാഹകരുടെ കൂട്ടത്തില്‍ രോഗങ്ങള്‍ കുറയുന്നതിന് കാര്യമായ ഫലം കാണിച്ചില്ല” എന്നാണ്. രോഗാണുക്കളുടെ  ഇടയില്‍ വലിയ തോതിലുള്ള നേര്‍പ്പിക്കലിനെ ഈ പഠനം തള്ളിപ്പറയുന്നു. കൂടാതെ, ജൈവവൈവിദ്ധ്യത്തിന്റെ മാറ്റങ്ങളോട് രോഗകാരണക്കാര്‍ പൊതുവേ വലിയ പ്രതികരണം കാണിക്കുന്നില്ല എന്നും ഈ പഠനം അഭിപ്രായപ്പെടുന്നു. പഠനത്തില്‍ പരിശോധിച്ച 24 രോഗങ്ങളില്‍ രണ്ടെണ്ണം മാത്രമാണ്  “ജൈവവൈവിദ്ധ്യത്തെ താല്‍ക്കാലികമായെങ്കിലും രോഗഭാരത്തിന്റെ ഒരു പ്രധാന വാഹനമായി നിലനിര്‍ത്തിയുള്ളു” എന്നും ഒരു രോഗത്തിന് (ഭക്ഷണജന്യമായ ട്രിമാറ്റോഡയാസെസ്) ഈ ഫലം അനുകൂലമായിരുന്നെന്നും മറ്റേതിന് (ലിംഫാറ്റിക് ഫൈലേറിയാസിസ്) പ്രതികൂലമായിരുന്നെന്നും കണ്ടു.  “ഇടതൂര്‍ന്ന വനമുള്ള രാജ്യങ്ങളും” “നേരിയ അളവില്‍ വനമുള്ള രാജ്യങ്ങളും” തമ്മില്‍ രോഗഭാരത്തിന്റെ കാര്യത്തില്‍ സാരമായ വ്യത്യാസം ഈ പഠനത്തില്‍ കണ്ടില്ല. എന്നിരുന്നാലും അത് എത്തിച്ചേര്‍ന്ന നിഗമനം “കാലങ്ങളോളമുള്ള വനവല്‍ക്കരണം രോഗഭാരവുമായി ബന്ധപ്പെട്ടതായി കാണപ്പെട്ടു, പ്രാഥമികമായി ലിംഫാറ്റിക് ഫൈലേറിയാസിസും മറ്റു ജന്തുജന്യ രോഗങ്ങളും മാത്രമല്ല, അസ്കാരിയാസിസ് (ഒരു ജിയോഹെല്‍മിന്ത്) കുഷ്ഠം എന്നിവയും”.

അങ്ങിനെ ജൈവവൈവിദ്ധ്യം ജന്തുജന്യരോഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന പൊതുവായ ശാസ്ത്രീയ യോജിപ്പ് ഉള്ളപ്പോഴും നേര്‍പ്പിക്കല്‍ സിദ്ധാന്തത്തിന്റെ സ്വീകാര്യത തര്‍ക്കവിഷയമായി തുടരുന്നു. ജന്തുജന്യരോഗത്തിന്റെ ശാസ്ത്രം സ്പീഷീസ് വൈവിദ്ധ്യവും രോഗഭാരവും തമ്മിലുള്ള ബന്ധം അതതു സാഹചര്യത്തിന് അനുസരിച്ചുള്ളതാണെന്ന ഒരു ചിന്താഗതിയിലേക്ക് നീങ്ങുകയാണ്. ചിലര്‍ അതിനെ വ്യക്ത്യധിഷ്ഠിതം എന്നും പറയാറുണ്ട്. സ്പീഷീസ് വൈവിദ്ധ്യവുമായി ബന്ധപ്പെട്ട കാഴ്ചപ്പാട് വ്യത്യസ്ഥമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അത് ആതിഥേയജീവികളുടെ സാന്ദ്രത, സമ്പര്‍ക്കത്തോത്, പകരാനുള്ള കഴിവ് (host density, contact rates, transmissibility) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ പൊതുവായ ആഘാതം ഇവയുടെ എല്ലാം കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആകെത്തുക ആയിരിക്കും.

ഇപ്പോഴും തിളച്ചുകൊണ്ടിരിക്കുന്ന ജൈവവൈവിദ്ധ്യ-രോഗ വാദപ്രതിവാദങ്ങളുടെ ചില നിഗമനങ്ങള്‍ Nature Ecology and Evolution (2019) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച“Towards common ground in the biodiversity–disease debate” എന്ന ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കാം. അത് അവസാനിപ്പിക്കുന്നത്   “നിരവധി ആതിഥേയരുള്ളതും വന്യജീവി രോഗാണുവാഹകവും ജന്തുജന്യവും  ആയ രോഗങ്ങള്‍, പ്രത്യേകിച്ച് സങ്കീര്‍ണ്ണമായ  ജീവിതചക്രമുള്ളതും സ്വതന്ത്രജീവിതമുള്ളതുമായ പരാദങ്ങള്‍ (multi-host, wildlife, vector-borne and zoonotic diseases, especially those parasites with complex life cycles and free-living stages) വഴി പകരുന്ന രോഗങ്ങൾക്ക് ജൈവ വൈവിധ്യവുമായുള്ള ബന്ധം  “നേരിട്ട് പകരുന്നവയും ആതിഥേയജീവിയെ ആശ്രയിക്കുന്നതുമായ (directly transmitted, and are host-specialist) രോഗങ്ങളേക്കാള്‍ കൂടുതലുണ്ട് എന്നാണ്. രണ്ടാമതു പറഞ്ഞവ രോഗബാധിതമാകുന്ന സ്പീഷീസിനെ അല്ലാതെ ഒരു ഇടക്കാല ആതിഥേയനെ ആശ്രയിക്കാത്തവയാണ്. ഇവക്ക് മറ്റ് സ്പീഷീസുകളുമായുള്ള ഇടപഴകൽ താരതമ്യേന കുറവും. ഇത്തരം രോഗങ്ങളുടെ പകർച്ചാ നിരക്കിൽ ജൈവ വൈവിധ്യം കാര്യമായ പങ്ക് വഹിക്കുന്നില്ല. ലൈംഗികമായി പകരുന്ന സിമിയാന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്സും (Simian immunodeficiency viruses) ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്സും (HIV) അത്തരം രോഗാണുക്കളുടെ ഉദാഹരണമാണ്. നേരേമറിച്ച് പലതരം സ്പീഷീസുമായും ഇടപെടുകയും അവയില്‍ പലതിനേയും രോഗഗ്രസ്ഥരാക്കുകയും ചെയ്യുന്ന രോഗാണുക്കള്‍ ജൈവവൈവിദ്ധ്യത്തോട് കൂടുതല്‍ ബന്ധപ്പെട്ട് കിടക്കുന്നു. ഈ ബന്ധം നേര്‍പ്പിക്കല്‍ ആശയത്തെയോ വലുതാക്കല്‍ പ്രഭാവത്തെയോ അതുമല്ലെങ്കില്‍ രണ്ടിനെയുമോ  പ്രത്യേക സാഹചര്യങ്ങളില്‍ പിന്‍താങ്ങുന്നതാണ്.

ഇതുകൂടാതെ, നേരത്തെ പറഞ്ഞ ലേഖനം ജൈവവൈവിദ്ധ്യവും രോഗസാദ്ധ്യതയും തമ്മിലുള്ള സങ്കീർണവും രേഖീയമല്ലാത്തതുമായ ഒരു ബന്ധത്തേയും സൂചിപ്പിക്കുന്നുണ്ട്. “ഈ ബന്ധങ്ങളുടെ കൃത്യമായ രൂപം തിരിച്ചറിയുന്നതും”  “ജൈവവൈവിദ്ധ്യത്തിന്റെ വ്യാപ്തിയും അത് പരിരക്ഷണപ്രവര്‍ത്തനങ്ങളോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന പഠനത്തിന്റെ അതിരുകള്‍” തീരുമാനിക്കുന്നതും  രോഗസാദ്ധ്യതയുടെ മേല്‍ ജൈവവൈവിദ്ധ്യത്തിന് വലുതാക്കുന്ന ഫലമാണോ നേര്‍പ്പിക്കുന്ന ഫലമാണോ അതോ യാതൊരു ഫലവും ഇല്ലാതിരിക്കുകയാണോ എന്നു മനസ്സിലാക്കുന്നതില്‍ ഗണനീയമായ പങ്കു വഹിക്കുന്നു. പരിരക്ഷണത്തിന്റെ കാഴ്ചപ്പാടിലാണെങ്കിലും പൊതുജനാരോഗ്യത്തിന്റെ കാഴ്ചപ്പാടിലാണെങ്കിലും എല്ലാ രോഗങ്ങളും തുല്യമല്ല എന്ന് ഈ ലേഖനം വ്യക്തമാക്കുന്നു. ഇതില്‍ നിന്നു എത്തിച്ചേരാവുന്ന പ്രാഥമിക നിഗമനം ജൈവവൈവിദ്ധ്യവും രോഗങ്ങളും തമ്മിലുള്ള ബന്ധത്തിനുള്ള നിലനിൽപ്പ് വളരെ വളരെ പരിമിതമായ ഒന്നാണെന്നാണ്.

ഇവിടെ പരിഗണിക്കേണ്ടതായ ഒരു ഉദാഹരണം ലിംഫാറ്റിക് ഫൈലേറിയാസിസ്( Lymphatic filariasis) രോഗത്തിന്റെയാണ്. ഇത് സൂക്ഷ്മാണു തലത്തിലുള്ള ഒരു പരാദം പരത്തുന്ന രോഗമാണ്. അത് മനുഷ്യന്റെ കോശദ്രാവകങ്ങളില്‍ നിലനില്പുള്ള, ചരടുപോലുള്ള, രോഗാണുവാണ്. ലിംഫാറ്റിക് ഫൈലേറിയാസിസ് വനങ്ങളോട് അധികബന്ധമുള്ളവയും ജൈവവൈവിദ്ധ്യത്തോട് ന്യൂനബന്ധമുള്ളവയുമാണ്. ഇവിടെ ഈ രോഗവാഹികളായ കൊതുകിന് വനം ആവാസവ്യവസ്ഥ ഒരുക്കുകയും വംശവര്‍ദ്ധനയെ സഹായിക്കുകയും ചെയ്യുന്നുണ്ട്. നേരേ മറിച്ച് ജൈവവൈവിദ്ധ്യം രോഗാണുസംഭരണകാരികളായ  കശേരുമൃഗങ്ങളുടെ അനുപാതം കുറച്ചേക്കാം. പരിരക്ഷണവും രോഗഭാരത്തിന്റെ മുകളില്‍ ജൈവവൈവിദ്ധ്യത്തിന്റെ സ്വാധീനവും തമ്മില്‍ വ്യക്തമായ സംഘര്‍ഷം ഉണ്ട്.  രോഗാണു വര്‍ദ്ധനയ്ക്ക് കൂടുതല്‍ സഹായകമായ അവസ്ഥ സൃഷ്ടിക്കാന്‍ വനങ്ങള്‍ കളമൊരുക്കുന്നു എന്നതുപോലെ അവ മനുഷ്യരും രോഗാണുക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനും അവസരമൊരുക്കുന്നു.

അവസാനമായി ഈ പഠനലേഖനം ജൈവവൈവിദ്ധ്യ – രോഗ ബന്ധത്തിന്റെ ആശ്രിതത്വത്തിന്റെ തോതും ഉറപ്പിച്ചു പറയുന്നു. സങ്കീർണ്ണമായ ബന്ധമാണ് ജൈവവൈവിധ്യവും രോഗങ്ങളും തമ്മിലുള്ളത്. ഇത് മനസ്സിലാക്കുവാന്‍ കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്.  ജൈവവൈവിദ്ധ്യം, പ്രത്യേക സ്പീഷീസുകളുടെ സ്വാധീനം, മനുഷ്യന്റെ പെരുമാറ്റം എന്നീ ഘടകങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട്. രോഗനിയന്ത്രണത്തിന് ഏതളവിലുള്ള പ്രവര്‍ത്തനമാണ് ഏറ്റവും ഫലപ്രദം എന്നതിലേക്ക് ഇത്തരം അന്വേഷണം വെളിച്ചം വീശും.   ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ വ്യക്തമാണു ഒന്ന്, സയന്‍സ് ഈ പ്രശ്നം ഇതുവരെയും പരിഹരിച്ചിട്ടില്ല, രണ്ട്, ജൈവവൈവിദ്ധ്യ – രോഗ തര്‍ക്കത്തിന്റെ കൃത്യമായ സ്വഭാവത്തെക്കുറിച്ച് നമുക്ക് ഇപ്പോഴും വലിയ അറിവില്ല. ഉറപ്പായ ഒരേ ഒരു കാര്യം ശാസ്ത്രവും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളും മാത്രമേ ഈ സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ സ്വഭാവം വെളിവാക്കുകയുള്ളു എന്നതാണ്.

രോഗാണുക്കളുടെ മനുഷ്യേതര ആതിഥേയരുമായുള്ള സമ്പര്‍ക്കക്കുറവും ആരോഗ്യമേഖലയിലും ശുചിത്വത്തിലും കൂടുതല്‍ പണം മുടക്കുന്നതും മൂലം ജനസംഖ്യാപരമായി നഗരവല്‍ക്കരണം പോലുള്ള അധികബന്ധം ഉണ്ടായിട്ടും രോഗഭാരം കുറയുന്നതു സംബന്ധിച്ച്  തെളിവുതരുന്ന പഠനങ്ങളും ഉണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. നഗരവല്‍ക്കരണത്തിന്റെ  ആധിക്യം മൂലമുണ്ടായ ജൈവവൈവിദ്ധ്യ നാശവും  മനുഷ്യരുടെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ ഈ പഠനം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. നേര്‍പ്പിക്കല്‍ ആശയഗതിക്കാര്‍ ആദ്യം മുന്നോട്ടു വച്ച പരിരക്ഷണവും മനുഷ്യാരോഗ്യവും തമ്മില്‍ സമ്മേളിക്കുന്നു എന്ന തത്വം തികച്ചും അസ്ഥാനത്താണ് എന്നത് വ്യക്തമാണ്. ഈ വിഷയത്തില്‍ ശക്തമായ ഒരു ശാസ്ത്രീയ വാദപ്രതിവാദം നടക്കുന്നുണ്ട്; കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു, അവ ദിവസേന വിശകലനം ചെയ്യപ്പെടുന്നുമുണ്ട്.

ജൈവവൈവിദ്ധ്യവും പുതുതായി ഉണ്ടായിവരുന്ന പകര്‍ച്ചവ്യാധികളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങളെ തിരിച്ചറിയാതെ കാൽപ്പനികമായ താത്പര്യത്തോടെ  ലളിതമായ ചില തീർപ്പുകൽപ്പിക്കലേക്ക് കൊണ്ടുപോകുന്നത് നല്ലതല്ല, പല നിഗമനങ്ങളും ഇപ്പോഴും തര്‍ക്കവിഷയമാണെന്ന യാഥാര്‍ത്ഥ്യത്തോടെ കാണേണ്ടതുണ്ട്.

ജന്തുജന്യരോഗങ്ങളും രോഗത്തെക്കുറിച്ചുള്ള അറിവും

ജന്തുജന്യരോഗവുമായി ബന്ധപ്പെട്ട സയന്‍സ് ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയാണ് എന്നതാണ്. കോവിഡ്-19 മഹാമാരിയും ഒരു പരിണാമ ദശയിലാണ്. അറിവിന്റെ മേഖലയിലെ ഈ ഒഴുക്ക് എല്ലാ അവകാശവാദങ്ങളേയും മത്സരിക്കാന്‍ അനുവദിക്കുന്നു; അത് മനുഷ്യപ്രവര്‍ത്തനങ്ങളും രോഗാണുവിതരണവും തമ്മിലാകട്ടെ, കൂടുതല്‍ സവിശേഷമായ കോവിഡ്-19 ന്റെ ലക്ഷണങ്ങളും പ്രതിവിധിയും സംബന്ധിച്ചതാകട്ടെ.  രോഗനിര്‍ണ്ണയത്തിലെ കൃത്യതയേക്കുറിച്ചും  വൈറസ് മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രഭാവങ്ങളേക്കുറിച്ചും പ്രതിരോധത്തിന്റെയും ചികിത്സയുടെയും പുതിയ മാര്‍ഗ്ഗങ്ങളേക്കുറിച്ചുമുള്ള  പുതിയ സങ്കല്പങ്ങള്‍ ശാസ്ത്രസമൂഹത്തിനകത്ത് മുന്നോട്ടു വയ്ക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്യുന്നു. ഔഷധ ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ മുമ്പെങ്ങും ഉണ്ടാകാത്ത വേഗതയിലാണിതെല്ലാം സംഭവിക്കുന്നത്. സയന്‍സിന്റെ രീതി നമ്മുടെ കണ്‍മുന്നില്‍ തന്നെ പ്രാവര്‍ത്തികമാകുന്നത് ദിവസേനയെന്നോണം നാം കാണുകയാണ്.  ഇപ്പോള്‍ ഈ വൈറസിനേക്കുറിച്ചും രോഗത്തേക്കുറിച്ചും നമുക്ക് ധാരാളം അറിയാമെങ്കിലും ഇപ്പോഴും അത് എത്രയോ അജ്ഞാതമായി അവശേഷിക്കുന്നു.

ഉദാഹരണത്തിന് കോവിഡ്-19 നുള്ള Real Time Reverse Transcription Polymerase Chain Reaction(RT-PCR) ടെസ്റ്റിന്റെ കാര്യമെടുക്കുക. നാസാരന്ധ്രങ്ങളുടെ താഴെയും മുകളിലുമുള്ള സാമ്പിളുകളില്‍ SARS-CoV-2ല്‍ നിന്നുള്ള ന്യുക്ലേയിക് ആസിഡ് സ്വഭാവപരമായി തിരിച്ചറിയുന്ന ടെസ്റ്റാണിത്. കോവിഡ്-19 നെതിരെ ഉള്ള യുദ്ധത്തില്‍ പ്രധാന ആയുധങ്ങളിലൊന്നാണ് മനുഷ്യശരീരത്തില്‍ കൊറോണാ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധന. കൃത്യമായ ടെസ്റ്റിംഗിന്റെ “gold standard”യായിട്ടാണ് അത് കരുതപ്പെടുന്നത്.  “specificity”  യുടെ കാര്യത്തില്‍ അത് ഉയര്‍ന്നു നില്‍ക്കുന്നു. അതായത് ഒരു പ്രത്യേക രോഗം ഇല്ലാത്ത ആളെ ശരിയായി തിരിച്ചറിയാനുള്ള ടെസ്റ്റിന്റെ പ്രാപ്തി. ലളിതമായി പറഞ്ഞാല്‍ ഈ ടെസ്റ്റ് ശരീരത്തില്‍ മറ്റേതെങ്കിലും രോഗാണു ഉള്ള ആളെ SARS-CoV-2 ആയി തെറ്റിദ്ധരിക്കുകയില്ല, അതായത്  രോഗമില്ലാത്ത ഒരാളെ കോവിഡ്-19 ബാധിതനാണെന്ന തെറ്റായ വിവരം പറയുകയില്ല.  മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ ടെസ്റ്റ് വളരെ വിരളമായേ തെറ്റായി പോസിറ്റീവ് റിസല്‍ട്ട് തരികയുള്ളു. എന്നിരുന്നാലും ഈ “gold standard” പെട്ടെന്ന് പ്രതികരിക്കുന്നതില്‍ പിന്നിലാണ്. അതായത് രോഗികളെ കൃത്യമായി തിരിച്ചറിയുന്നതിനുള്ള കഴിവു കുറവാണെന്നര്‍ത്ഥം. അത് ചിലപ്പോള്‍ നെഗറ്റീവ് ആണെന്ന തെറ്റായ വിവരം തന്നേക്കാം. രോഗം കണ്ടെത്തുന്നതിലെ പരാജയമാണിത്. രോഗം പരക്കുന്നതു നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇതിന് വലിയ സാദ്ധ്യത ഉള്ളതിനാല്‍ കൊറോണാ വൈറസ്സിനെ കണ്ടെത്തുന്നതിനുള്ള ഈ RT-PCR ടെസ്റ്റിന്റെ   കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയേറെ ശാസ്ത്രീയമായ ശ്രമങ്ങള്‍  നടന്നിട്ടുണ്ട്, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

ഈ വൈറസിനേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളുടെ മറ്റൊരു ചിത്രം ഈ രോഗം മനുഷ്യശരീരത്തിലെ അവയവങ്ങളിലുണ്ടാക്കാവുന്ന ദീര്‍ഘകാല ആഘാതങ്ങളേക്കുറിച്ചാണ്. കോവിഡ്-19 വീണ്ടും പിടിപെടുന്നതായി വന്ന ചില കേസുകളില്‍ ഈ പ്രശ്നം കൂടുതല്‍ കുഴപ്പം പിടിച്ചതാക്കുന്നുണ്ട്.  കോവിഡ്-19 നെതിരെ മനുഷ്യശരീരം പൊരുതുന്നതിനിടെ ഉല്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ സ്വഭാവത്തേക്കുറിച്ചും ഈ അനിശ്ചിതത്വം പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.  രോഗത്തിന്റെ ദീര്‍‍ഘകാല ആഘാതങ്ങളേക്കുറിച്ചും രോഗത്തിനെതിരായി ശരീരം ഉണ്ടാക്കുന്ന പ്രതിരോധസംവിധാനം എത്രകാലം നിലനില്‍ക്കും എന്നതിനെക്കുറിച്ചും അറിയുന്നതിനായി ദീര്‍ഘകാലപഠനം ആസൂത്രണം ചെയ്യപ്പെട്ടുവരുന്നു. ഈ അന്വേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഹെര്‍ഡ് ഇമ്യൂണിറ്റി പോലുള്ള ആശയങ്ങളെ മനസ്സിലാക്കുന്നതിന് വലിയ സംഭാവന നല്‍കാന്‍ സഹായിച്ചേക്കാം.

ഈ മഹാമാരിയുടെ സങ്കീര്‍ണ്ണവും ചലനാത്മകവുമായ സ്വഭാവവും അതിനേക്കുറിച്ചുള്ള മനുഷ്യന്റെ അറിവിന്റെ പരിമിതികളും സൂചിപ്പിക്കുന്നത്, അസാധാരണമായ തോതിലുള്ള പ്രയത്നങ്ങളുണ്ടെങ്കിലും ഒരു ഉറച്ച പരിസമാപ്തി കണ്ടെത്തുന്നതിന് സയന്‍സ്  കൂടുതല്‍ സമയം എടുക്കുമെന്നാണ്. ഏതായാലും ഈ പ്രതിഭാസം നമ്മെ പെട്ടെന്നു തന്നെ ആഴത്തില്‍ ബാധിക്കുന്നുണ്ട്. ഈ പ്രതിഭാസത്തിന്റെ ഈ രണ്ടു വശങ്ങളും ആശയറ്റ അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.  അടിയന്തിരമായി തന്നെ  അവസാനവാക്കായ ഒരു പരിഹാരം സയന്‍സ് കണ്ടെത്തണം എന്ന പ്രതീക്ഷയാണ് പ്രബലമായുള്ളത്. പരിഹാരമൊന്നും കൈയ്യിലില്ലാത്ത അവസ്ഥ നിരാശയാര്‍ന്ന ആളുകളെ കിട്ടാവുന്ന  അബദ്ധധാരണകള്‍ സ്വീകരിക്കുന്നിന് പ്രേരിപ്പിക്കും.

അനന്തതയും അനിശ്ചിതത്വവും (infiniteness and indeterminateness) പ്രകൃതിയെ പഠിക്കുമ്പോൾ ഒഴിവാക്കാനാകാത്ത വസ്തുനിഷ്ഠമായ കാര്യങ്ങളാണ്.  യാഥാര്‍ത്ഥ്യത്തേക്കുറിച്ചുള്ള നമ്മുടെ അറിവുകളാകട്ടെ കൃത്യതയുള്ളതാകാനാണ് എപ്പോഴും ശ്രമിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ വികാസം എന്നത് കൂടുതല്‍ തെളിവുപിൻബലമുള്ള , കൂടുതൽ നല്ല ശരിയിലേക്ക് സഞ്ചരിക്കുന്നതിലൂടെയാണ് സാധ്യമാകുക. പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അന്വേഷണങ്ങൾക്ക് പ്രകൃതിപ്രക്രിയകളുടെ അങ്ങേയറ്റം സങ്കീര്‍ണ്ണമായ സ്വഭാവം കൊണ്ട് പലഘട്ടങ്ങളിലും വഴിമുട്ടി നൽക്കാറുണ്ട്. യാഥാര്‍ത്ഥ്യത്തേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ അനിശ്ചിതത്വം വിജ്ഞാനശാഖയുടെ പരിമിതി മൂലം മാത്രമല്ല, യാഥാര്‍ത്ഥ്യത്തിന്റെ ഘടനാപരമായ നിര്‍മ്മിതിയുടേയും കൂടിയാണ്. അതിനാല്‍ അനിശ്ചിതത്വം പലഘട്ടങ്ങളിലും അനിവാര്യഘടകമാകും. കോവിഡ് മഹാമാരിയെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ കാര്യത്തിലും അങ്ങനെത്തന്നെ.  കോവിഡ്-19 ന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം മിക്കവാറും മനസ്സിലാക്കാവുന്നതേ ഉള്ളു പക്ഷെ, അത് കപടശാസ്ത്രത്തിന്റെ പല ശാഖകള്‍ക്കും ഊര്‍ജ്ജം നല്‍കുന്നു. സയന്‍സ് നല്‍കുന്ന വ്യക്തവും സ്ഥിരവുമായ ഉത്തരങ്ങളുടെ അഭാവത്തില്‍  പ്രബലമായ വിശ്വാസങ്ങളും സ്പര്‍ദ്ധകളും അക്കാദമികലോകത്തും വിശാലമായ ലോകത്തും അറിവ് എന്ന പേരില്‍ തേര്‍വാഴ്ച നടത്തുന്നു.

ശാസ്ത്രപ്രചരണം നേരിടുന്ന വെല്ലുവിളികൾ

അവസാനമായി സയന്‍സ് എങ്ങനെ ആളുകളുമായി പങ്കുവെക്കുന്നു എന്ന വിനിമയത്തിന്റെ പ്രശ്നങ്ങളും ഉണ്ട്.  കോവിഡ്-19 ന്റെ കാര്യത്തിലെന്നപോലെ പൊതു സമൂഹത്തിലേക്ക് എളുപ്പം ലഭ്യമാകുന്ന രീതിയില്‍ വിദഗ്ദ്ധരുടെ തലത്തിലെ അറിവിന്റെ  വിനിമയരീതി ഇപ്പോഴും ഉണ്ടായിവരുന്നതേയുള്ളു. അത് ഒരു വെല്ലുവിളി തന്നെയാണ്.  തെറ്റിദ്ധരിപ്പിക്കുന്ന അറിവ് പല തലങ്ങളിലുണ്ടാകുന്നത് സത്യം എന്നത്  ആപേക്ഷികമാണെന്ന തോന്നലുണ്ടാക്കും. മീഡിയയുടെ, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ, വളര്‍ച്ച പരിഗണിക്കുമ്പോള്‍ ഇത് കൂടുതല്‍ വെല്ലുവിളി ഉളവാക്കുന്നു. നവമാധ്യമങ്ങളുലൂടെയുള്ള വാര്‍ത്താ വ്യാപനത്തിന്റെ വേഗത കാണിക്കുന്നത് ശാസ്ത്രലോകം തന്നെ കര്‍ശനമായി എതിര്‍ക്കുന്ന തീർച്ചയില്ലാത്ത വിവരങ്ങളും അനുമാനങ്ങളും മോശമായ രീതിയില്‍ ചുട്ടെടുത്ത് പൊതുജനമദ്ധ്യത്തിലേക്ക് അതിവേഗം എത്തുന്നു എന്നാണ്.

സയന്‍സിന്റെ കര്‍ശനമായ രീതി അനുസരിച്ച് അറിവുല്പാദനം എന്നത് സമയമെടുക്കുന്ന കാര്യമാണ്. ഇതാകട്ടെ, ‘കൃത്രിമ ബുദ്ധി’ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയ്ക്ക് വെറുപ്പളവാക്കുന്ന  ഒരു കാര്യവുമാണ്. സോഷ്യല്‍ മീഡിയ  അനിതരസാധാരണമായ രീതിയിലുള്ള വിവരവ്യാപനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഒരു പ്രസ്താവനയുടെ സത്യാവസ്ഥ ഉറപ്പുവരുത്തുന്നതില്‍ ഒരു താത്പര്യവും അതിനില്ല. ഈ അവസ്ഥയില്‍ അറിവ് പ്രസ്താവനകളുടെ ഒരു യുദ്ധമായി പടര്‍ന്നുകയറുന്നു,   സത്യമാകട്ടെ, ഇതിന്റെ ഉപജ്ഞാതാവ് പുറപ്പെടുവിക്കുന്ന വിവരണത്തില്‍ ഒതുങ്ങുന്നു. മുതലാളിത്തത്തിന്റെ ഘടനകളാല്‍ മാത്രം നിയന്ത്രിക്കപ്പെടുന്നതിനാല്‍ സോഷ്യല്‍ മീഡിയ മിക്കവാറും വിശ്വാസങ്ങളെ സത്യമെന്ന ധാരണയിലേക്ക് അതിവേഗം പരിഭാഷപ്പെടുത്തുന്നു.

മനുഷ്യര്‍ ഒരു സ്പീഷീസ് എന്ന നിലയ്ക്ക് പ്രകൃതിയേയും അതിന്റെ നിയമങ്ങളേയും കുറിച്ച് അഗാധമായ അറിവ് ആര്‍ജ്ജിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ കീഴില്‍ ഈ ശാസ്ത്രീയമായ അറിവ് വളര്‍ന്നിട്ടുള്ളതും ഇപ്പോഴും വളരുന്നതുമായ വേഗത  മനുഷ്യചരിത്രത്തിലെ മറ്റേത് യുഗവുമായും താരതമ്യം ചെയ്യാനാകാത്തതാണ്. യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്തുന്നതിനും അതില്‍ ഇടപെടുന്നതിനും ഉള്ള കഴിവു നല്‍കിക്കൊണ്ട് സയന്‍സ് നമുക്ക്  ഉപകരണമായിട്ടുണ്ട്.  എന്നിരുന്നാലും കോവിഡ്-19 മഹാമാരി പ്രകൃതിയേക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതികളെ തുറന്നുകാണിക്കുന്നു. അതിനര്‍ത്ഥം സയന്‍സ് വെറുതെ ഇരിക്കുന്നു എന്നല്ല, അതിപ്പോള്‍ ഈ വെല്ലുവിളിയ്ക്കുള്ള  ഉത്തരം കാണാനുള്ള  തീവ്രയത്നത്തിലാണ്. ആധുനികതയുടെ മേലങ്കിയണിഞ്ഞ് യുക്തിരാഹിത്യവും ശാസ്ത്രബോധമില്ലായ്മയും  അനിശ്ചിതത്വം മൂലമുള്ള ശൂന്യത ആയുധമാക്കി ലോകമെമ്പാടുമുള്ള നിരാശരായ ആളുകള്‍ക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്നു. സാംസ്കാരികമായ വലതുപക്ഷത്തു നില്‍ക്കുന്നവര്‍ അമ്മാതിരി അശാസ്ത്രീയ മനോഭാവത്തിന്റെ ചരിത്രപരമായ താവളമാണ്. ആശങ്കപ്പെടുത്തുന്ന ഒരു കാര്യം ആഗോള ഇടതുപക്ഷത്തിന്റെ ഒരു ഭാഗവും  ഈ  കപടശാസ്ത്രത്തിന്റെ മായയില്‍ വീഴുന്നു എന്നതാണ്.


Frontline ൽ വന്ന ലേഖനം. സന്ദീപന്‍ ബാക്സി ബെംഗളുരുവിലെ ഫൗണ്ടേഷന്‍ ഫോര്‍ അഗ്രേറിയന്‍ സ്റ്റഡീസിലെ ഗവേഷകനാണ്. വിവര്‍ത്തനം – ജി.ഗോപിനാഥന്‍.

ലൂക്കയുടെ കോവിഡ് വിജ്ഞാനശേഖരം വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുട്ടിത്തേവാങ്കും കാഴ്ചത്തകരാറും
Next post ഹാരോള്‍ഡ് ഷേപ്‍ലി ആകാശഗംഗയിലെ നമ്മുടെ സ്ഥാനം നിര്‍ണ്ണയിച്ചതെങ്ങിനെ?
Close