Read Time:6 Minute

കൊച്ചി സർവ്വകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബേഷ് രഘുവരൻ എഴുതിയ കുറിപ്പ്. അവതരണം : അരുൺ മോഹൻ ഗുരുവായൂർ

ദിവസവും പ്ലാസ്റ്റിക് കൊണ്ടുള്ള എത്രയെത്ര സാധനങ്ങളാണ് നാം ഉപയോഗിക്കുന്നത്. നമ്മുടെ ജീവിതത്തെ ഇത്രയേറെ സുഗമമാക്കിയതിൽ പ്ലാസ്റ്റിക്കിന്റെ പങ്ക് ഏറെ വലുതാണ്. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തത്തോടെ കളിപ്പാട്ടങ്ങൾ മുതൽ ചികിത്സാ ഉപകരണങ്ങളുടെവരെ നിർമാണച്ചെലവ് ഗണ്യമായി കുറഞ്ഞു എന്നത് വളരെ വലിയ കാര്യമാണ്. 

എന്നാൽ സങ്കടകരമായ ഒരു വാർത്ത കേട്ടോളൂ. ശ്രീലങ്കയിൽ കൊളംബോവിന് 210 കിലോമീറ്റർ അകലെ  അമ്പാര എന്ന ജില്ലയിൽ വലിയ മാലിന്യക്കൂമ്പാരം ഉണ്ട്. അതിനടുത്തുള്ള കാട്ടിൽനിന്ന് ചിലപ്പോൾ ആനകൾ കൂട്ടമായി ഈ മാലിന്യക്കൂമ്പാരങ്ങളിലേക്ക് എത്തുകയും അത് ഭക്ഷിക്കുകയും ചെയ്യാറുണ്ട്. ഈ മാലിന്യങ്ങളിൽ അറുപതുശതമാനവും പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്.  അവ കഴിച്ച്  ആനകൾ ആ  പ്രദേശത്തുവച്ചുതന്നെ മൃതിയടയുന്നതിന് ഇത് ഇടയാക്കി. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ ഇരുപതോളം ആനകളാണ് ശ്രീലങ്കയിൽമാത്രം  പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചതുകാരണം മൃതിയടഞ്ഞത് എന്ന് കണക്കുകൾ പറയുന്നു. ഈ ആനകളുടെ വയറ്റിൽ  ധാരാളം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്തി. ലോകത്താകമാനം ലക്ഷക്കണക്കിന് ജീവികൾക്കാണ് മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

വിവേചനമില്ലാത്ത രീതിയിലുള്ള ഉപയോഗവും ആസൂത്രണമില്ലാതെയുള്ള അശാസ്ത്രീയമായ മാലിന്യ നിർമാർജനരീതികൾ പലവിധത്തിൽ ഉപകാരിയായ പ്ലാസ്റ്റിക്കിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. 

നമ്മൾ പലയിടങ്ങളിലും പ്ലാസ്റ്റിക്കുകൾ കൂട്ടിയിടുന്നു. വലിച്ചെറിയുന്നു. മറ്റു ജീവജാലങ്ങൾക്ക് അതെന്താണെന്നോ, അവ എങ്ങനെയാണ് അവരുടെ ശരീരത്തെ ബാധിക്കുന്നതെന്നോ അറിയില്ല. അതിനാൽ ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക്കും അവയുടെ വയറ്റിലെത്തുന്നു. എന്നാൽ മറ്റു ഭക്ഷണസാധനങ്ങൾ ദഹിക്കുന്നതുപോലെ പ്ലാസ്റ്റിക് ദഹിക്കുകയില്ല. പകരം അവ കുടലുകളിൽ തടഞ്ഞുനിന്നു കൊണ്ട് മറ്റു ഭക്ഷണ സാധനങ്ങൾ കടന്നുപോകുന്നതിനെ തടയുന്നു. അങ്ങനെ സംഭവിക്കുമ്പോൾ ആ ജീവിക്ക് ഭക്ഷണം കഴിക്കാൻ കഴിയാതെ വരികയും അവ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു.

2019 നവംബർ മാസത്തിൽ ഇറ്റലിയിലെ സെഫാലു ബീച്ചിൽ ചത്തടിഞ്ഞ 22 അടി നീളവും ഏകദേശം ഏഴു വയസ്സു പ്രായവുമുള്ള നീലത്തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെടുത്തത് നാല്പതുകിലോ പ്ലാസ്റ്റിക്കായിരുന്നു.

  • നാം പുഴകളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അവസാനം ഒഴുകിയെത്തുന്നത് കടലിലേക്കായിരിക്കുമല്ലോ?
  • ഏകദേശം നൂറു മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ ഉണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
  • കാര്യങ്ങൾ ഇങ്ങനെ പോയാൽ കടലിലെ ജീവജാലങ്ങൾക്ക് വലിയ ആയുസ്സുണ്ടാവില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. 

കൂട്ടുകാർക്ക് പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും.  ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് വസ്തുക്കൾ വലിച്ചെറിയാതിരിക്കുക, അവയുടെ ഉപയോഗം കഴിവതും കുറയ്ക്കുക, ഉള്ളവ ഉപേക്ഷിക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ ചെയ്താൽ അത് വലിയ സഹായമായിരിക്കും.  ലോകത്തുള്ള ഓരോരുത്തരും ഇങ്ങനെ വിചാരിച്ചാൽ തീർച്ചയായും നമുക്ക് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനാവും. അതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. എന്നാൽ അതുകൊണ്ടുമാത്രം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ? ഇല്ല. ശാസ്ത്രീയമായ സ്ഥിരം പരിഹാരമാർഗങ്ങൾ തന്നെ ഉണ്ടാവണം. വലിയ സാമൂഹ്യ ഉത്തരവാദിത്തത്തോടെ അവ ആസൂത്രണം ചെയ്തു നടപ്പാക്കണം. ഈ വിഷയത്തിൽ ഗൗരവപൂർണമായ ചർച്ചകൾ ഉണ്ടാകുവാൻ  കൂട്ടുകാരുടെ ഇടപെടൽ തീർച്ചയായും പ്രയോജനപ്പെടും.

Happy
Happy
43 %
Sad
Sad
33 %
Excited
Excited
13 %
Sleepy
Sleepy
2 %
Angry
Angry
6 %
Surprise
Surprise
3 %

Leave a Reply

Previous post ഇന്ന് ലോകക്ഷീരദിനം
Next post പ്ലാസ്റ്റിക്ക് കുപ്പി മനസ്സ് തുറക്കുന്നു
Close