Read Time:12 Minute
ഡോ. ലിസ ശ്രീജിത്ത്, പി കെ സജിത്ത് എന്നിവർ 2016 ജൂലൈ ലക്കം യുറീക്കയിലെഴുതിയ കുറിപ്പ് അവതരണം : വൈ.കെ. അജിത കമാരി

ടൗണിലെ വലിയ കടയിൽനിന്നും ബാഗും കുടയും വാട്ടർബോട്ടിലുമൊക്കെ വാങ്ങിയപ്പോൾ അപ്പുവിന് സന്തോഷമായി. ബസ് കയറാൻ സ്റ്റാന്റിലെത്തിയപ്പോൾ കടകളിൽ തൂക്കിയിട്ടിരിക്കുന്നൂ പലനിറത്തിലുള്ള ശീതളപാനീയക്കുപ്പികൾ.

“വല്ലാത്ത ദാഹം” അപ്പു അമ്മയെ നോക്കി. “എന്താ വേണോ?” അച്ഛൻ കുപ്പികളിലേക്ക് വിരൽചൂണ്ടി, കുസൃതിച്ചിരിയോടെ അവനെ നോക്കി.

ഇത്തരം പാനീയങ്ങൾ കുടിച്ചാലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ക്ലാസ്സിൽ ലതട്ടീച്ചർ പറയാറുള്ളത് അപ്പോഴാണ് ഓർത്തത്. അവൻ മനസ്സില്ലാമനസ്സോടെ വേണ്ടെന്ന് തലയാട്ടി.

“കുറച്ച് ഫ്രൂട്ട്സൊക്കെ വാങ്ങിക്കൊണ്ടു പോയി നമുക്കുണ്ടാക്കാമെടാ അടിപൊളി ഡ്രിങ്ക് ” അച്ഛൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവനെ ചേർത്തുപിടിച്ചു. അമ്മ ബാഗു തുറന്ന് വെള്ളക്കുപ്പിയെടുത്തു നീട്ടി.

വീട്ടിലെത്തിയ ഉടൻ അച്ഛനുമമ്മയും അടുക്കളയിലേക്ക് കയറി. അപ്പു ബാഗും കുടയുമെല്ലാം ഷെൽഫിൽ വെച്ചു. വാട്ടർബോട്ടിലെടുത്ത് കവിളിലുരസി.

എന്തൊരു മിനുസം!

 അമ്മേടെ കൈ തൊടുമ്പോലെ. അവൻ അതിന്മേൽ ഉമ്മവെച്ചു. വീണ്ടും വീണ്ടും.

“നന്ദി, അപ്പൂ നിന്റെ ഉമ്മ എനിക്കിഷ്ടായി. എനിക്ക് നിന്നോട് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്.”

“ശ്ശൊ! സംസാരിക്കുന്ന വാട്ടർബോട്ടിലോ?” അപ്പൂവിന്റെ കണ്ണുകൾ വിടർന്നു. അവന് വിശ്വസിക്കാനായില്ല.

“ഇഷ്ടമുള്ളവരെ ചില കാര്യങ്ങൾ അറിയിക്കണമെങ്കിൽ സംസാരിക്കാതെ പറ്റുമോ?”

‘സംസാരിക്കുക മാത്രമല്ല… ഇത്തിരി നടക്കാനും ഓടാനും ചാടാനും, വേണമെങ്കിൽ ഒന്ന് തലകുത്തിമറിയാനുംവരെ എനിക്കാവുമെന്ന് കൂട്ടിക്കോ.

വാട്ടർബോട്ടിൽ ഒറ്റച്ചാട്ടം കട്ടിലിലേക്ക്.

 പിന്നെ തലകുത്തിമറിയാൻ തുടങ്ങി. ആകെ ബഹളം! അപ്പുവിന് ചിരിയടക്കാനായില്ല “നിർത്ത്… നിർത്ത്… അച്ഛനുമമ്മയും ഇപ്പോ ഓടിയെത്തും… അതിനുമുമ്പ് നിനക്കെന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ, അതു പറ. “

അപ്പു തിടുക്കം കൂട്ടി.

അത് വേറൊന്നുമല്ല അപ്പൂ. എന്റെ കഥയാണ്. എന്നു വച്ചാൽ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ കഥ.

“ടൗണിലെ ആ വലിയ കടയല്ലേ നിന്റെ വീട്? അവിടന്നല്ലേ നീ ഞങ്ങൾക്കൊപ്പം പോന്നത്? അതിനിടയിലെന്തു കഥ?”

“നീയെന്താ വിചാരിച്ചത് ആ കടയാണ് എന്റെ വീടെന്നോ? ഞാനത്ര നിസ്സാരനൊന്നുമല്ല.” വാട്ടർബോട്ടിൽ മുഖം വീർപ്പിച്ചു.

“അയ്യോ, പിണങ്ങല്ലേ. ഞാനിവിടെ മിണ്ടാതിരുന്ന് നിന്റെ കഥ കേൾക്കാം.” വാട്ടർബോട്ടിൽ എടുത്ത് മടിയിൽ വെച്ച് അപ്പു കട്ടിലിലിരുന്നു.

“ദാ… നോക്ക്…” വാട്ടർബോട്ടിൽ, മേശപ്പുറത്തു വച്ചിരുന്ന അമ്മയുടെ ടാബെടുത്ത് അതിലേക്ക് വിരൽചൂണ്ടി. പാൽക്കുപ്പി വായിൽവച്ച് കിടക്കുന്ന ഒരു കുഞ്ഞുവാവ.

“ഇതെന്റെ ഫോട്ടോയല്ലേ” അപ്പു ചിരിച്ചു. “നിന്റെ മാത്രമല്ല എന്റെതും. പാൽക്കുപ്പിയിലേക്ക് വിരൽ നീക്കിക്കൊണ്ട് വാട്ടർബോട്ടിൽ പറഞ്ഞു.

അന്നേ നിനക്ക്  കൂട്ടുണ്ടായിരുന്നു ഞാൻ. മുറികൾ, അടുക്കള, അച്ഛന്റെ ഓഫീസ്, ചിറ്റയുടെ കല്യാണപ്പന്തൽ, അമ്മ ജോലി ചെയ്യുന്ന ആശുപത്രി..ചിത്രങ്ങൾ മാറി മാറി വന്നു. 

“മതി… മതി…. ശരിയാണ്. അവിടെല്ലാം നീയുണ്ട്. പല രൂപത്തിൽ പല നിറത്തിൽ. നിന്നെക്കൊണ്ട് ഒരു പാട് ഉപയോഗങ്ങളുണ്ടെന്നും മനസ്സിലായി. സമ്മതിച്ചു. നീ ആളൊരു കേമൻ തന്നെ.”

“സമ്മതിക്കാൻ വരട്ടെ. എൻറെ ചില ബന്ധുക്കളെ കൂടി പരിചയപ്പെടുത്താം. പെട്രോൾ, ഡീസൽ, ഗ്യാസ്, മണ്ണെണ്ണ… ” വാട്ടർ ബോട്ടിൽ ഒന്നു ഞെളിഞ്ഞിരുന്നു.

“നിർത്ത് … നിർത്ത്! ഇങ്ങനെ പുളുവടിക്കാതെ!” അപ്പു ഒച്ചവെച്ചു.

“വെറുതെ പറഞ്ഞതല്ല അപ്പൂ. ഇവരെല്ലാം ജനിച്ചത് ക്രൂഡോയിൽ നിന്നാണ്. ഞാനും അങ്ങനെ തന്നെ. പിന്നെ ഞങ്ങൾ ബന്ധുക്കൾ ആകാതിരിക്കുമോ ?”

“ക്രൂഡ് ഓയിൽ – ഞാൻ അങ്ങനെ ഒരു പേര് കേട്ടിട്ടില്ല” അപ്പുവിന്റെ ശബ്ദം താഴ്ന്നു.

“സാരമില്ല നീ കൊച്ചു കുട്ടിയല്ലേ.”

“ഇനി നിനക്കെന്റെ പേരറിയണ്ടേ പോളി എഥിലിൻ ടെർതാലേറ്റ് (Poli Ethylene Terpthalate)”

“ഹാവൂ നിനക്ക് ചെറിയ പേരൊന്നും ഇല്ലേ എളുപ്പം വിളിക്കാൻ പറ്റിയത് ?”

“ഉണ്ടല്ലോ പെറ്റ് (PET) എന്നു വിളിച്ചോളൂ അതാണ് എൻറെ ചുരുക്കപ്പേര് ” വാട്ടർ ബോട്ടിൽ അപ്പുവിന്റെ തലയിൽ ഒന്ന് തലോടി.

“അതു കൊള്ളാം പെറ്റ് എന്നുവച്ചാൽ മലയാളത്തിൽ ഓമന! നീ ശരിക്കും ഒരു ഓമനക്കുട്ടി തന്നെ”

അപ്പു വാട്ടർ ബോട്ടിലിന്റെ കവിളിൽ തൊട്ടു.

“നീ കാര്യങ്ങൾ മുഴുവൻ കേൾക്കൂ അപ്പൂ.” കട്ടിലിൽ തലകീഴായി നിന്ന് വാട്ടർ ബോട്ടിൽ പറഞ്ഞു.

“താൻ നോക്ക്. എൻ്റെ അടിവശത്ത് ഒരു നമ്പർ കണ്ടോ അതൊന്നു വായിച്ചേ “

“എന്തൊരു തമാശക്കാരനാ നീ? ഈ ത്രികോണത്തിന് ഉള്ളിലുള്ള നമ്പറല്ലേ സീറോ വൺ . ” 

അപ്പു ആവേശത്തോടെ വിളിച്ചു പറഞ്ഞു.

“ഇതു കൊള്ളാലോ നിനക്കും നമ്പറുണ്ടോ? ക്ലാസ്സിലെ എന്റെ നമ്പർ പന്ത്രണ്ടാ “

 “അപ്പു…. ഇത് നിന്റെ ക്ലാസ്സിലെ നമ്പർ പോലെയല്ല.” നേരെയിരുന്നുകൊണ്ട് വാട്ടർ ബോട്ടിൽ തുടർന്നു.

“ഇത് എന്നെ ഉണ്ടാക്കാനുപയോഗിച്ച പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരം തിരിച്ചറിയാനുള്ള നമ്പറാണ്. എല്ലാ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളിലും ഈ നമ്പർ അടയാളപ്പെടുത്തണമെന്നാണ് നിയമം. ഓരോ നമ്പറിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വ്യത്യസ്തമാണ്. “

“ഓ, ഈ നമ്പറിനു പിന്നിൽ ഇത്രയൊക്കെകാര്യമുണ്ടല്ലേ. “എന്നാലേ, ഒരു കാര്യം ചോദിക്കാൻ മറന്നു. നിനക്കെത്ര വയസ്സായി?”

 “കണ്ടാലെത്ര തോന്നും?” വാട്ടർബോട്ടിൽ കള്ളച്ചിരി ചിരിച്ചു.

“നീ എന്റെ ചങ്ങാതിയല്ലേ. അപ്പോ വയസ്സും എന്റേതു തന്നെ.” അപ്പു ഒട്ടും സംശയിച്ചില്ല.

“എന്നാലേ, മോനേ, കുട്ടാ… പ്ലാസ്റ്റിക് കുപ്പിയായി ഞാൻ ജനിച്ചത് 1941ലാണ്. എന്നുവച്ചാൽ നിന്റെ അപ്പൂപ്പനാവാൻ പ്രായമുണ്ടെനിക്ക്.”

വാട്ടർബോട്ടിൽ ചുമലിൽ തട്ടിവിളിച്ചപ്പോഴാണ് അപ്പുവിന് ബോധം വന്നത്. അവൻ കണ്ണിമയ്ക്കാതെ അതിനെ നോക്കി.

1970 കൾക്ക് ശേഷമാണ് എന്നെ കൂടുതലായി ഉപയോഗിച്ചുതുടങ്ങിയത്. അതും വിദേശികൾ. ആഴ്ചയിൽ ഏകദേശം നൂറുകോടി കുപ്പികൾ അമേരിക്കക്കാർ ഉപയോഗിച്ച് വലിച്ചെറിയുന്നു. ഇന്നിപ്പോൾ നിങ്ങളും മോശക്കാരല്ല. ഇവിടെ ഒരു കുടുംബം ദിവസം ശരാശരി മൂന്ന് കുപ്പികൾ! ഇതെല്ലാം പ്രകൃതിയെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് ആരും ഓർക്കുന്നില്ല. “

“പണ്ടൊക്കെ കൂടുതൽ കാലം ഉപയോഗിക്കാവുന്ന ചില്ലുകുപ്പികളാണ് ഉണ്ടായിരുന്ന തെന്ന് അപ്പൂപ്പൻ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, എന്തു ചെയ്യാനാണ്? വേനലല്ലേ. ഈ ഫ്ളാറ്റിൽ എന്താ ചൂട്. കുടിവെള്ളം പോലും പ്ലാസ്റ്റിക് കുപ്പിയിലേ കിട്ടുകയുള്ളൂ. പിന്നെന്തു ചെയ്യാൻ. ” അപ്പു വിഷമത്തോടെ പറഞ്ഞു.

“വിഷമിക്കേണ്ട അപ്പൂ. നേരത്തേ നീ എന്നെ ഓമനക്കുട്ടിയെന്നു വിളിച്ചില്ലേ. അതുകൊണ്ട് പറഞ്ഞതാണ്. ഞങ്ങൾ ഉപകാരികളാണ്. പക്ഷേ, ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ വലിയ കുഴപ്പക്കാരും.

  ഞങ്ങൾക്കും ചൂട് ഒട്ടും ഇഷ്ടമല്ല. ചെറിയ ചൂടുപോലും ഞങ്ങൾക്ക് താങ്ങാനാവില്ല “

“ശരിയാ, ചൂടുവെള്ളമൊഴിച്ചാൽ നിന്റെ രൂപം മാറും. നിറോം പോവും. അല്ലേ?”

“അതു മാത്രമല്ല അപ്പൂ. നിറത്തിനും ഉറപ്പിനും വേണ്ടി ചില രാസവസ്തുക്കളൊക്കെ ചേർത്താണ് എന്നെ ഉണ്ടാക്കിയിരിക്കുന്നത്. ചൂടാകുമ്പോൾ താലേറ്റ് എന്ന ഈ രാസവസ്തു വെള്ളത്തിൽ കലരും, വിഷം കലർന്ന ഈ വെള്ളം കുടിച്ചാൽ ക്രമേണ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ വരുമെന്ന് തീർച്ച “

“അപ്പൂ, നീയെന്താ ദൂരെ മാറി നിൽക്കുന്നത് പേടിക്കേണ്ട… ശ്രദ്ധിച്ചുപയോഗിക്കുക. അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക – ഇത്രയും കാര്യങ്ങൾ ഓർത്തിരുന്നാൽ മതി.” വാട്ടർബോട്ടിൽ അവനു നേർക്ക് കൈ നീട്ടി.

“അപ്പോൾ ഉപയോഗിച്ചശേഷമോ? ദൂരെ വലിച്ചെറിയാമോ?” അപ്പുവിന് സംശയം തീർന്നില്ല.

“ഒരിക്കലും വലിച്ചെറിയരുത്. കത്തിക്കാനും പാടില്ല. കടലാസോ ഇലയോപോലെ മണ്ണിലലിയാൻ  ഞങ്ങൾക്കാവില്ല. വലിച്ചെറിഞ്ഞാൽ ഒരിക്കലും നശിക്കാതെ അങ്ങനെ കിടക്കും. ആ സ്ഥലത്തെ മണ്ണിലേക്ക് വെള്ളമിറങ്ങാനും പ്രയാസമാവും. ജലാശയങ്ങളിലിട്ടാൽ നീരൊഴുക്കിന് തടസ്സമാവും. മലിനജലം കെട്ടിക്കിടന്ന് രോഗാണുക്കൾ വളരുകയും ചെയ്യും. മറ്റ് പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇടയാവും.

കത്തുമ്പോഴോ? വിഷവാതകങ്ങൾ ഉണ്ടാവും. അവ അന്തരീക്ഷവായുവിൽ കലരും. വായു  മലിനമാകും. അത് ശ്വസിച്ചാൽ രോഗങ്ങൾ ഉണ്ടാവും. വിഷമമുണ്ട്. ഞങ്ങളിതൊന്നും മനപൂർവം ഉണ്ടാക്കുന്നതല്ല. നിങ്ങളുടെ ശ്രദ്ധക്കുറവു കൊണ്ടാണിങ്ങനെ…” വാട്ടർബോട്ടിലിന്റെ തൊണ്ടയിടറി.

അപ്പു ഓടിച്ചെന്ന് അതിന്റെ കവിളിൽ ഉമ്മ വച്ചു. “വിഷമിക്കേണ്ട. നീ പറഞ്ഞുതന്ന കാര്യങ്ങളെല്ലാം ഞാൻ എന്റെ കൂട്ടുകാരോടും പറയാം. “

“ശരി അപ്പു. എനിക്കൊരുപാടു സന്തോഷമായി. വാട്ടർബോട്ടിൽ കണ്ണുതുടച്ചു.

“അപ്പൂ, നിനക്കിതാ ഒരു സ്പെഷ്യൽ ഡ്രിങ്ക്. ചില്ലുഗ്ലാസ്സിൽ പഴച്ചാറുമായി അച്ഛൻ മുറിയിലേക്ക് കടന്നു. ഷെൽഫിലിരുന്ന് വാട്ടർ ബോട്ടിൽ അവനെ നോക്കി കണ്ണിറുക്കി.

Happy
Happy
68 %
Sad
Sad
5 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
7 %

One thought on “പ്ലാസ്റ്റിക്ക് കുപ്പി മനസ്സ് തുറക്കുന്നു

Leave a Reply

Previous post കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം
Next post പരിസരദിന സന്ദേശം
Close