Read Time:20 Minute


ഡോ.ജയകൃഷ്ണൻ.ടി.
എപിഡമിയോജി വിദഗ്ധൻ, പ്രൊഫസർ
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവ.മെഡിക്കൽ കോളേജ് കോഴിക്കോട്.

ഇപ്പോൾ പല രാജ്യങ്ങളും അംഗീകരിച്ച ഫൈസറിന്റെ RNA വാക്സിൻ വിലക്കൂടുതൽകൊണ്ടും നിർമ്മാണ സാങ്കേതികവിദ്യയുടെ ലഭ്യതയില്ലാത്തതുകൊണ്ടും, ആവശ്യത്തിനനുസരിച്ച് നിർമ്മിച്ച് നൽകാൻ പറ്റാത്തതു കൊണ്ടും താഴ്ന്ന ഊഷമാവിലുള്ള ഡീപ്പ് ഫ്രീസർ സൗകര്യങ്ങൾ നിലവിൽ ഇല്ലാത്തതിനാലും ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലെ സാമാന്യ ജനങ്ങൾക്ക് ഇപ്പോഴൊന്നും ലഭ്യമാകാൻ സാധ്യതയില്ല. ഈ അവസരത്തിൽ ഇന്ത്യയിലെ ഭരണ നേതൃത്വം പോലും ഉറ്റുനോക്കുന്നത് വില കുറവുള്ളതും, എളുപ്പം നിർമ്മിക്കാൻ പറ്റുന്നതുമായ സൂക്ഷിക്കാനും വിതരണത്തിനും നിലവിലുള്ള റഫ്രിജറേറ്ററുകൾ മാത്രം ആവശ്യമുള്ളതുമായ (2-8°C) ബ്രിട്ടനിലെ ഓക്‌സ്ഫോർഡ് വാക്സിനാണ് (ChAdOx1 nCoV-19). ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയും Astra Zaneca എന്ന കമ്പിനിയും സംയുക്തമായാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഇതിന്റെ സ്ട്രെയിൻ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ പൂനയിലെ സ്വകാര്യ കമ്പിനിയായ സീറം ഇൻസ്റ്റിറ്റൂട്ട് (Serum Institute Of India) വാക്സിൻ നിർമ്മിച്ച് തുടങ്ങുകയും ഇന്ത്യയിൽ വാക്സിൻ പരീക്ഷണം നടത്തി വരികയും ചെയ്യുന്നത്.

ഈ വാക്സിന്റെ അടിസ്ഥാനമായ ഓക്സ്ഫോർഡ് വാക്സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണ ത്തിന്റെ ഇടക്കാല വിശകലന ഫലങ്ങൾ ഡിസംബർ 8 ന് ലാൻസെറ്റിൽ (Lancet) പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.1 ഇതിന് ബ്രിട്ടൺ അടക്കം ലോകത്തെവിടേയും ഇതുവരെ അടിയന്തിര ആവശ്യത്തിന് ആയി അനുമതി ലഭിച്ചിട്ടില്ല. ഫലങ്ങളിൽ ചില സംശയങ്ങൾ നിലനിൽക്കുന്നതിനാലാണ് വിദഗ്ധർ ഇങ്ങനെ കൂടുതല്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിലൂടെ ഈ വാക്സിന്റെ ഗവേഷണഫലങ്ങൾ ഒരു വിശകലനത്തിനാണ് ഇവിടെ ശ്രമിയ്ക്കുന്നത്.

കോറോണ വൈറസിന്റെ പ്രതലത്തിലുള്ള സ്പൈക്ക് പ്രോട്ടിനിലെ(Spike protein) ജീനുകൾ വേർതിരിച്ചെടുത്ത് മനുഷ്യരെ ദോഷകരമായി ബാധിക്കാത്ത  ചിമ്പാൻസികളിൽ കാണുന്ന അഡിനോവൈറസുകളിൽ വാഹകരായി ( Vector ) ഇംപ്ലാൻറ് ചെയ്താണ് ഈ വാക്സിൻ നിർമ്മിച്ചിട്ടുള്ളത്. മനുഷ്യരെ ബാധിക്കുന്ന അഡിനോവൈറസുകളെ (Adeno virus) ഉപയോഗപ്പെടുത്തിയാല്‍ ചിലപ്പോൾ നേരത്തെ തന്നെ ഈ വൈറസ് ബാധിച്ചവരിലുള്ള പ്രതിരോധം (Antibodies) വാക്സിൻ ഉണ്ടാക്കുന്ന പ്രതിരോധത്തെ നശിപ്പിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് ഗവേഷകർ ചിമ്പാൻസിയിലെ ChAdOx1 എന്ന വൈറസുകളെ വാക്സിൻ വാഹകരായി തെരഞ്ഞെടുത്തത്: ഏപ്രിൽ 23 തൊട്ട് ബ്രിട്ടൻ , ബ്രസിൽ , ദക്ഷിണഫ്രിക്ക എന്നീ രാജ്യങ്ങളിൽ ആകെ 23848 പേരെ എൻ റോൾ ചെയ്തിട്ടുള്ള നാല് വിവിധ ട്രയലുകളിൽ രണ്ടെണ്ണത്തിന്റെ കമ്പൈൻഡ് ഫലമാണ് പൂൾ ചെയ്ത് ഇപ്പോൾ തെളിവായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് പ്രകാരം ഡാറ്റ ലോക്ക് ചെയ്ത നവംബർ 4 വരെയുള്ള വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ച ആകെ 11636 പേരുടെ വിവരങ്ങളാണ് ഇതില്‍ വിശകലനം ചെയ്തിട്ടുള്ളത്. ഇവരില്‍ 75 48 പേർ ബ്രിട്ടനിലും 4088 പേർ ബ്രിസിലിലുള്ളവരും ആണ് (.Trail 2,3). വാക്സിൻ നിർമ്മിച്ച് നൽകിയിരിക്കുന്നത് ഇറ്റലിയിലെ അഡ്വന്റ്, ബ്രിട്ടനിലെ കോബ്രാ ബയോളജിക്സുമാണ്.2

പരീക്ഷണത്തില്‍ റിക്രൂട്ട് ചെയ്ത വളണ്ടിയർമാർ 18 വയസ്സിന് മേലുള്ളവരാണ്. ഇവരിൽ 55 % ത്തോളം പേര്‍ സ്ത്രീകളും അമ്പത്തഞ്ച് വയസ്സിന് മുകളിലുള്ളവർ 12% വുമാണ്. ഇവരിൽ പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ രോഗമുള്ളവർ ആറു ശതമാനത്തിലും താഴെയുമാണ്. വളണ്ടിയർമാരിൽ നല്ലൊരു വിഭാഗവും കൂടുതൽ അണുബാധക്ക് കൂടുതല്‍ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകരുമാണ്. തുല്ല്യമായി 1: 1 അനുപാതത്തിൽ എൻ റോൾ ചെയ്യപ്പട്ട ഇവരിൽ പരീക്ഷണ ഗ്രൂപ്പിലുള്ളവർക്ക് 5 × 10¹⁰ വൈറസ് പാര്‍ട്ടിക്കിള്‍ അടങ്ങിയ 2 ഡോസ് വാക്സിനും കൺട്രോൾ ഗ്രൂപ്പിലുള്ളവർക്ക് പ്ലാസബോ ആയി “മെനിഞ്ചോ കോക്കൽ വാക്സിനോ”(ബ്രിട്ടൻ) നോർമൽ സലൈൻ കുത്തിവെയ്പ്പോ (ബ്രസിൽ )ആണ് നിശ്ചിത ഇടവേളകളിൽ നൽകിയിട്ടുള്ളത് (Single blind method). ഇതിൽ തന്നെ ബ്രിട്ടനിലുള്ള ഗ്രൂപ്പിലെ 2741 പേർക്ക് ആദ്യ ഡോസ് നിശ്ചയ ഡോസിനെക്കാളും കുറച്ചാണ് നൽകിയത് – (Low Dose 2·2 × 10¹⁰ ). ഇത് ആദ്യമേ ഉള്ള പ്രോട്ടോക്കോൾ പ്രകാരമല്ലെന്നും രീതിശാസ്ത്രത്തിലെ രണ്ട് തരം ക്വാണ്ടിറ്റി അളവ് വ്യത്യാസം കൊണ്ട് വന്നതാണെന്നുമാണ് ഇതിൽ വിശദീകരിക്കുന്നതു. വാക്സിനുകൾ കിട്ടാനുള്ള താമസം മൂലം മുൻനിശ്ചയിച്ച പ്രകാരം പലപ്പോഴും രണ്ടാമത്തെ ഡോസ് 28 മത്തെ ദിവസം നൽകാൻ പറ്റിയിട്ടില്ല. അതിനാൽ ഫുൾഡോസ് നൽകപ്പെട്ട വ രിൽ ഡോസുകളുടെ ഇടവേള ശരാശരി 12 ആഴ്ചയും ലോ ഡോസ് നൽകിയവരിൽ ഇടവേള 6 ആഴ്ചയുമായിട്ടുണ്ട് എന്നു റിപ്പോര്‍ട്ടില്‍ പരമര്‍ശിക്കുന്നുണ്ട് .
ഇവരിൽ രണ്ട് ഡോസുകൾ നൽകി പതിനാല് ദിവസങ്ങൾ ക്കുള്ളിൽ ഉണ്ടായിട്ടുള്ള കോവിഡ് രോഗലക്ഷണങ്ങളും ലാബ് പരിശോധന ഫലങ്ങളുമാണ് ഫലപ്രാപ്തിക്കായി എൻ ഡ് പോയിൻ്റ് ആയി വിലയിരുത്തിയതു്. പുറത്ത് നിന്ന് ലാബ് ടെസ്റ്റ് ‘ നടത്തിയവരെ വീണ്ടും അസസ്സ് ചെയ്തിട്ടുമുണ്ട്. കൂടാതെ കോ വിഡ് ലക്ഷണമില്ലാതെ യുള്ള അണുബാധയുണ്ടായെന്നറിയാനായി (sub clinical infection)ആഴ്ചതോറും സ്വാബ് പരിശോധനകൾ ചെയ്തിട്ടുണ്ട്.ഇങ്ങനെ sub clinical infection ഉള്ളവരെയും കൂടി പരിശോധിക്കുന്ന ഏക വാക്സിന്‍ ട്രയല്‍ എന്ന പ്രതേകതയും ഇതിന് ഉണ്ട് . ഇവരിലെ പാർശ്വഫലങ്ങൾ വിലയിരുത്തിയത് ദിവസവും ടെലിഫോൺ മുഖേനയായിരുന്നു.

കടപ്പാട് covid19vaccinetrial.co.u

ആകെ വളണ്ടിയർമാരിൽ രണ്ടാഴ്ചക്കകം 131 രോഗലക്ഷണങ്ങളോട് കൂടിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 30 എണ്ണം മാത്രമേ വാക്സിൻ നൽകിയവരിൽ ഉണ്ടായിട്ടുള്ളു. എന്നാൽ ആദ്യം ലോ ഡോസും രണ്ടാമതു് ഫുൾ ഡോസും നൽകിയവരിൽ ഫലപ്രാപ്തി 90% വും ( 67.4 തൊട്ട് 97%) രണ്ട് ഫുൾഡോസ് എടുത്തവരിൽ 62% (41 തൊട്ടു 75.7%) വുമാണ്. ഇതിന്റെ ശരാശരി എടുത്തിട്ടുള്ള ഫലപ്രാപ്തി 70.4. % ( 54.8 തൊട്ട് 86.6%) യാണ് ഇവര്‍ തങ്ങളുടെ വാക്സിന് നല്കിയിട്ടുള്ളത്. രോഗലക്ഷണ മില്ലാതെയും പോസിറ്റിവ് ആയവരുടെ എണ്ണവും കൂട്ടിയാൽ ആകെ 149 പേര്‍ ഉണ്ടായിരുന്നു: ( അനുപാതം 37: 112 ആണ്). വാക്സിന്‍ നല്‍കിയവരില്‍ 7 പേര്‍ക്കും അല്ലാത്തവരില്‍ 11 പേര്‍ക്കും രോഗ ലക്ഷണമൊന്നും ഉണ്ടാകാതെ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. വാക്സിന്‍ ഇതും കുറച്ചതായി കാണാം. പക്ഷേ ഇവരിൽ ഫലപ്രാപ്തി ഉണ്ടെന്ന് പ്രസ്താവിച്ചിട്ടുണ്ടെങ്കിലും നല്‍കപ്പെട്ട ഡോസു തിരിച്ചു ഇവരിലെ കണ് ക്കകൾ വ്യക്തമാക്കിയിട്ടില്ല. ഗുരുതര രോഗമുണ്ടായ പത്തുപേരും കൺട്രോൾ ഗ്രൂപ്പിലുള്ളവരായിരുന്നു.

ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായതു് വാക്സിൻ ഗ്രൂപ്പിൻ 84 ഉം മറേറ ഗ്രൂപ്പിൽ 91 മായിരുന്നു. വാക്സിൻ ഗ്രൂപ്പിൽ രണ്ട് പേർക്ക് കൺട്രോൾ ഗ്രൂപ്പിൽ ഒരാൾക്കും ട്രാൻവേഴ്സ് മൈലറ്റീസ് (നാഡീരോഗം) ഉണ്ടായിട്ടുണ്ട്. ഇവയൊന്നും വാക്സിൻ മൂലം നേരിട്ടുണ്ടായതല്ലെന്ന് സ്വതന്ത്ര മോണിട്ടറിംഗ് കമ്മിററി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകെ പഠന ഗ്രൂപ്പില്‍ ഈ സമയത്ത് 4 മരണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടതില്‍ 3 എണ്ണവും കണ്‍ട്രോള്‍ ഗ്രൂപ്പില്‍ ആയിരുന്നു. എല്ലാ മരണങ്ങളും ഇത് മായി ബന്ധപ്പെടാതെ മറ്റ് കാരണങ്ങള്‍ കൊണ്ട് ഉണ്ടായതുമാണു.

വാക്സിന്റെ ഫലപ്രാപ്തി (Efficacy) ലോകാരോഗ്യ സംഘടന നിശ്ചയിച്ച 50% ത്തിന് മുകളില്‍ ആണെങ്കിലും പ്രഥമ ഡോസ് ആദ്യം നിശ്ചയിക്കപ്പെട്ടതിലും ചെറിയ ഡോസ് നല്‍കിയവരിലെ ഉയർന്ന ഫലങ്ങള്‍ തമ്മിലുള്ള ഫലങ്ങളുടെ വ്യത്യാസം ( 90 – 62 = 28%) എന്തു കൊണ്ടെന്നും ,ഇതിന്റെ ഫലം തുടര്‍ന്ന് പരീക്ഷണത്തിനു പുറത്തു ജനങ്ങളിലും ഉപയോഗിക്കുമ്പോള്‍ കിട്ടുമോ എന്നും പരിശോധകരില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്. ഇത് വാക്സിന്റെ “പരമാവധി” ഡോസ് നിശ്ചയിക്കുന്നതിലും വിഷമം ഉണ്ടാക്കുന്നുണ്ട്. രണ്ട് ഡോസുകൾ നൽകിയതിലെ ഇടവേള ആറ് ആഴ്ചകളിൽ താഴെയുള്ളവരിലെ ഫലപ്രാപ്തി 53 % വരെ കുറവായും ആറു ആഴ്ചകള്‍ക്ക് മുകളില്‍ ഉള്ളവരില്‍ ഫലപ്രാപ്തി 65% നു മുകളില്‍ വരെ ഉയരുന്നതും ഭാവിയില്‍ ഡോസ് കള്‍ക്കിടയില്‍ ഇടവേള നിശ്ചയിക്കുന്നതില്‍ സംശയം ഉണ്ടാക്കുന്നുണ്ട്. ഈ ട്രയലിനേ സാംബാന്ധിച്ച് ഇങ്ങനെ വീണ്ടും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇതിന് ലേഖനത്തിൽ ആദ്യം സൂചിപ്പിച്ച പ്രാഥമിക ഫുൾ ഡോസിലെ ഉയർന്ന പ്രതിരോധം രണ്ടാമത്തെ ഡോസിനെ ന്യൂട്രലൈസ് ചെയ്യാമെന്നും , അതിനാൽ ആദ്യത്തെത്തു ചെറിയ ഡോസായി നൽകിയാൽ അത് ശരീരത്തില്‍ ഒരു “പ്രൈമിംഗ് ” ആയി പ്രവർത്തിച്ച് രണ്ടാമത്തെ ഡോസിനെ ഉത്തേജിപ്പിക്കുന്നതാകാമെന്നും വിദഗ്ധ അനുമാനങ്ങളുണ്ട്. ഈ തിയറി സാധൂകരിച്ച് റഷ്യൻ നിർമ്മിത സ്ഥൂട്നിക് 5 വാക്സിൻ ആദ്യ ഡോസില്‍ അഡിനോ വൈറസ് 25 ഉം രണ്ടാം ഡോസിൽ വ്യത്യസ്ഥമായി അഡി നോവൈറസ് 5 സ്ട്രൈനുകള്‍ മാറിയാണ് നൽകുന്നതു്. (ഇതിന്റെ മൂന്നാംഘട്ട പരീക്ഷണവും ഇന്ത്യയില്‍ ഇപ്പോള്‍ നടന്നു വരുന്നുണ്ട് ) ഫൈസറിന്റെ വാക്സിനെ അപേക്ഷിച്ച് ഓക്സ്ഫോർഡ് വാക്സിന്റെ ഫലപ്രാപ്തി കുറവാണെങ്കിലും ( 95: 60 ) ചെലവ് ചുരുങ്ങിയും ( 200 തൊട്ട് 300 രൂപ ) സാധാരണ നിലവിലുള്ള ശീതികരണ സംവിധാനങ്ങൾ മാത്രം മതിയാകുന്നത് മായതിനാൽ കൂടുതൽ രാജ്യങ്ങളിൽ ഉപയോഗപ്രദമായിരിക്കും. കോസ്റ്റ് – ബെനഫിറ്റ് അനാലിസിസ് നോക്കിയാൽ സാമ്പത്തികമായി ലാഭകരമായിരിക്കും.

പക്ഷെ ഇവർപരീക്ഷണം നടത്തിയ രീതികളും വിശകലനങ്ങളും എത്തിയ നിഗമനങ്ങളും പൂർണ്ണമായും സംശയാതീതമല്ല , പല ശാസ്ത്രജ്ഞിരിലും ചോദ്യങ്ങളും സംശയങ്ങളും ഉയർത്തുന്നുണ്ട്. ഇവക്ക് അടിയന്തിരമായി ഉത്തരം നൽകേണ്ടതുണ്ട്..

  1. ആദ്യത്തേതു് പ്രസിദ്ധീകരിക്കപ്പെട്ട ഫലം പ്രോട്ടോക്കോൾ പ്രകാരം ഒരു രീതി ശാസ്ത്ര പ്രകാരം നടത്തപ്പെട്ട ഒരു പഠനത്തിൻ്റെ ഫലമല്ല. പകരം നടത്തപ്പെട്ട വിവിധ പഠനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത പൂൾ ചെയ്ത വിവരങ്ങളാണ്( Selected pooled data ) ആകെ 24000 പേർ പങ്കെടുത്ത പഠനത്തിൽ 11000 ത്തോളം പേരുടെ ഫല വിശകലനം മാത്രമാണിത്(ബ്രിട്ടൺ, ബ്രീസിൽ ) എന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു . (Nature Dec 8)
  2. ഗവേഷകർക്ക് വാക്സിൻ്റെ ഓപ്റ്റിമം ഡോസ് എത്രയാണെന്ന് വ്യക്തമാക്കാനോ എന്തു് കൊണ്ടാണ് ആദ്യ വാക്സിൻ ചെറിയ ഡോസിൽ നൽകിയ വരിൽ രണ്ട് തവണയും നിശ്ചയിക്കപ്പെട്ട ഫുൾഡോസ് നൽകിയവരെക്കാളും നല്ല ഫലപ്രാപ്തി കിട്ടിയതെന്ന് ശരിയായി വിശദീകരിക്കാനോ പറ്റിയിട്ടില്ല.
  3. ഉയർന്ന ഫലം കിട്ടിയ ഗ്രൂപ്പിലെ വളണ്ടിയർമാർ മുഴുവൻ 55 വയസ്സിൽ താഴെയുള്ള ആരോഗ്യമുള്ള പൊതുവെ ഇമൂണിറ്റി കൂടിയ ചെറുപ്പക്കാരായിരുന്നു. ഇവരിൽ കൂടുതൽ പ്രായമുള്ളവരോ മ ററ് റിസ്ക് ഗ്രൂപ്പിൽ പ്പെട്ടവരോ ഉണ്ടായിരുന്നില്ല. അതിനാൽ ഇതിൻ്റെ തുടർ പഠനങ്ങൾക്ക് പ്രത്യേകമായി ചിലപ്പോൾ ഇവരെയും കൂടി ഉള്‍പ്പെടുത്തി പുതിയ ട്രയൽ നടത്തണമെന്നാണ് ഗവേഷകർ മുന്നോട്ട് വെച്ചിട്ടുള്ളത്‌.
  4. പൊതുവേ ഇപ്പോൾ പഠനം നടത്തിയ വരിൽ ഭാവിയിൽ വാക്സിൻ ഏറ്റവും ആവശ്യമുള്ള അമ്പത്തഞ്ച് വയസ്സിന് മേലേ ഉള്ളവർ കുറവായിരുന്നു. (12% മാത്രം ) അതിനാൽ പ്രായമായവരിൽ ഇതിൻ്റെ ഫലപ്രാപ്തി ഇതിലൂടെ തെളിയിക്കാനായിട്ടില്ല.
  5. പങ്കെടുത്തവരിൽ കൂടുതൽ പേരും ആരോഗ്യ പ്രവർത്തകരായിരുന്നതിൽ വ്യക്തി സുരക്ഷാ നടപടികൾ കൃത്യമായി പാലിക്കപ്പെടുന്ന ഗ്രൂപ്പ് ആയതിനാൽ ഇതേ ഫലം പുറമേയുള്ള സാധാരണ ജനങ്ങളിൽ വ്യാപകമായിഉപയോഗിക്ക പ്പെടുമ്പോൾ ലഭിക്കണമെന്നില്ല. ഈ ട്രയലിൽ ഏഷ്യൻ വംശജുകരും കാര്യമായി ഉൾപ്പെട്ടിട്ടില്ല.
  6. അത് പോലെ (മറ്റ് കോ വിഡ് വാക്സിൻ പരീക്ഷണങ്ങൾ പോലെ ) വാക്സിൻ്റെ പ്രതിരോധം എത്ര നാൾ നീണ്ട് നിൽക്കുമെന്നും ഇത് ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ പടരുന്നത് തടയുമെന്നതും പഠനവിഷയമാക്കിയിരുന്നില്ല.

വാല്‍ കഷ്ണം :
ഒക്സ്ഫോര്‍ഡ് വാക്സിനിൽനിന്ന് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവി ഷീൽഡ് (Covi shield Vaccine) വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിലെ വിവിധ സെൻ്ററുകളിൽ നടന്ന് വരികയാണ്. ഇതിൽ 3:1 അനുപാതത്തിൻ 1200 പേർക്ക് C വാക്സിന്‍ 900: കണ്‍ട്രോള്‍ 300 അനുപാതത്തിൽ ) വാക്സിനും പ്ലാസി ബോയും 28 ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസുകൾ നൽകി നാല് ആഴ്ചകഴിഞ്ഞ് കോവിഡു വൈറസിന് എതിരെ ആൻറിബോഡികൾ (Ig G Antibody) ഉണ്ടാകുന്നത് നോക്കിയാണ് ഫലം നിർണ്ണയിക്കുന്നത്. ഒപ്പം ഗുരുതര പാർശ്വ ഫലങ്ങളും തുലനം ചെയ്യും. ഇതിൻ്റെ പ്രോട്ടോക്കോൾ പ്രകാരം രോഗാണുബാധകളോ, മറ്റ് വാക്സിൻ പഠനങ്ങളിൽ ഉള്ളത് പോലെ വളണ്ടിയർ മാരിലെ കോ വി ഡ് രോഗ ബാധയോ രോഗലക്ഷണങ്ങളോ എൻഡ് പോയിൻ്റ് ആയി വിലയിരുത്തുന്നുമില്ല. ഓക്സ്ഫോർഡ് വാക്സിൻ്റെ നിർമ്മാണ ലൈസൻസ് നേടിയ ഇന്ത്യയിലെ സീറം ഇൻസ്ടി ന്യൂട്ട് മെയ് മാസം തൊട്ട് ഈ വാക്സിൻ്റെ ലക്ഷക്കണക്കിന് ഡോസുകൾ നിർമ്മിച്ച് വരുന്നുണ്ട്. ട്രയൽ പൂർത്തിയായി ഫലം ഡ്രഗ് കൺട്രോൾ ജനറലിന് മുമ്പിൽ സമർപ്പിച്ചാൽ പരിശോധിച്ച് ഇതിന് ഇന്ത്യയിൽ അനുമതി കിട്ടുകയും രാജ്യത്താകെവിതരണം ചെയ്യപ്പെടുകയും ചെയ്യാനാണ് സാധ്യത.


അതിനാൽ ഇന്ത്യയിൽ നടത്തപ്പെടുന്ന വാക്സിൻ പരീക്ഷണങ്ങളും വിശകലനങ്ങളും ശാസ്ത്രീയ രീതിയിൽ കുറ്റമറ്റതായിരിക്കുകയും നൈതികമായിരിക്കുകയും വേണം . ഫലങ്ങൾ സുതാര്യമായി പ്രസിദ്ധീകരിച്ച് വിദഗ്ധർ വിലയിരുത്തിയുംവേണം ലൈസൻസ് നൽകേണ്ടത്. ഈ ലൈസൻസ് നൽകുന്ന തിൻ്റെ മനദണ്ഡങ്ങളും രീതിശാസ്ത്രവും സുതാര്യമാക്കുകയും വേണം. എങ്കിൽ മാത്രമേ രാജ്യത്ത് ജനങ്ങൾക്ക് നൽകപ്പെടുന്ന വാക്സിനുകൾ കൊണ്ട് രോഗ പ്രതിരോധം സാധ്യമാകുമെന്ന് നമുക്ക് ഉറപ്പിക്കാനാകുകയുള്ളൂ. പൊതു ജനങ്ങളിലെ വിശ്വാസ്യതയും ഉണ്ടാക്കിയാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരുടെ സഹകരണം ഉണ്ടാവുകയുള്ളൂ.


കോവിഡ് 19 വാക്സിൻ – ചോദ്യോത്തരങ്ങൾ- ഡോ.ഗഗൻദീപ് കാങ്

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Scientific Racism- വേർതിരിവിന്റെ കപടശാസ്ത്രം
Next post എക്സ് മാക്കിന : യന്ത്രങ്ങൾക്ക് ബുദ്ധി വരുമ്പോൾ
Close