Read Time:17 Minute

ഡോ.ജയകൃഷ്ണൻ.ടി.
പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, ഗവ മെഡിക്കൽ കോളേജ്, കോഴിക്കോട്

അമേരിക്കയിലെ ഫൈസർ (Pfizer)ഔഷധ നിർമ്മാണ കമ്പനിയും ജർമ്മനിയിലെ ബയോൺ ടെക്കും ( Bio N tech)ചേർന്നു വികസിപ്പിച്ച് മനുഷ്യരിൽ പരീക്ഷണം നടത്തിയ കോവിഡ് 19 ന് എതിരെയുള്ള വാക്സിന് യു.കെ, കനഡ ,മെക്സികോ , യു എ ഇ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം അമേരിക്കയും എഫ്.ഡി.എ യിലെ വിദഗ്ധ വിലയിരുത്തലിന് ശേഷം അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകിയിരിക്കയാണ്. പൊതു ഉപയോഗത്തിനുള്ള സ്ഥിര ലൈസൻസിനുള്ള അനുമതി ഇതിന്റെ ഇനിയുള്ള ഫലങ്ങൾ വിലയിരുത്തിയാണ് നൽകപ്പെടുക.

കോവിഡ് വൈറസിലെ ന്യൂക്ലിക് ആസിഡിൽ നിന്ന് സ്പൈക്ക് പ്രോട്ടിൻ എൻകോഡ് ചെയ്തിട്ടുള്ള മെസഞ്ചർ ആർ എൻ എ (m RNA)ഘടകത്തെ മാത്രം വേർതിരിച്ചെടുത്ത് ലിപിഡ്‌ നാനോ പാർട്ടിക്കിളുമായി ചേർത്ത് ഇത് വരെ പ്രയോഗത്തിലില്ലാത്ത ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയിലൂടേയാണു ഈ വാക്സിൻ നിർമ്മിച്ചിട്ടുള്ളത്. ഇത് ശരീരത്തിൽ കത്തിവെപ്പായി നൽകുമ്പോൾ ശരീരത്തിലെ കോശങ്ങളിലേക്ക് കടന്ന് ചെന്ന് സ്വയം പെരുകി കോവിഡ് വൈറസ് ആന്റിജനായി മാറി അതിനനുസരിച്ച് ശരീരത്തിൽ പ്രതിരോധ വസ്തുക്കൾ ഉത്പാദിപ്പിക്കന്നതാണു്. (ആന്റി ബോഡികൾ + പ്രതിരോധ Tസെല്ലുകൾ)

CDC ചൈനയിലെ ശാസ്ത്രജ്ഞർ കോവിഡ് വൈറസിന്റെ ജനിതക സ്വീക്വൻസ് മനസ്സിലാക്കി അന്താരാഷ്ട്ര ഗവേഷണത്തിനായി പുറത്ത് വിട്ട 2020 ജനുവരി പത്തിന് തന്നെ വാക്സിൻ കണ്ട് പിടിക്കാനുള്ള യത്നവും തുടങ്ങിയിരുന്നുവെന്നാണ് കമ്പനികളിലെ ഇതിന്റെ ഗവേഷകർ വെളിപ്പെടുത്തുന്നത്. സാധാരണ വർഷങ്ങളോളം (7-10 ) നീണ്ടുനിൽക്കുന്ന പ്രയത്നങ്ങളിലൂടെ സാധ്യമാക്കുന്ന കാര്യം അതിനാൽ അന്താരാഷ്ട്ര സഹകരണത്തോടെ വെറും പതിന്നൊന്ന് മാസം കൊണ്ട് സാധ്യമാക്കാനായി.

ശാസ്ത്രീയമായി m RNA BNT 162 b2 എന്ന പേരിൽ അറിയപ്പെടുന്ന ഈ വാക്സിൻ മനുഷ്യരിലെ ഒന്ന്, രണ്ട് ഘട്ടങ്ങൾ കടന്ന് മൂന്നാം ഘട്ട പരീക്ഷണത്തിനായി അമേരിക്ക ,അർജൻ്റീന ബ്രസീൽ ജർമ്മനി തുർക്കി ആഫീക്ക എന്നീ രാജ്യങ്ങളിൽ നിന്ന് മുതിർന്നവരിൽ പതിനാറ് വയസ്സ് കഴിഞ്ഞിട്ടുള്ള ഏകദേശം 43448 പേരെ വളണ്ടിയർമാരായി തെരഞ്ഞെടുത്തു . അവരിൽ 1: 1 റേഷ്യോയിൽ 21720: 21728 യഥാക്രമം വാക്സിനും പ്ലാസിബോ ആയി സലൈൻ ഇഞ്ചക്നും ഇരുപത്തി ഒന്ന് ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വീതം (30 മൈക്രോഗ്രാം – O.3ml) “ഡബിൾ ബ്ലൈൻഡ് ” രീതിയിൽ നൽകി തുടർ പഠനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്. ലോകത്താകെ 152 ഓളം സ്ഥലങ്ങളിൽ വെച്ച് നടത്തപ്പെട്ടിട്ടുള്ള ഈ ട്രയലിൽ രണ്ടായിരത്തി ഇരുപത് ജൂലായി 27 തൊട്ട് നവംബർ 14 വരെ ആളുകളെ റിക്രൂട്ട് ചെയ്തതിൽ “കട്ട് ഓഫ് തീയതി യായ ” ഒക്ടോബർ 9 വരെയുള്ള രണ്ട് ഡോസും പൂർത്തിയാക്കിയിട്ടുള്ള 37706 പേരുടെ ഫലങ്ങളാണ് ഇതിൽ വിശകലനം ചെയ്തിട്ടുള്ളത്. അമേരിക്കയിലെ എഫ്.ഡി.എക്ക് അംഗീകാരത്തിന് സമർപ്പിക്കപ്പെട്ട രേഖ യുടെ പ്രധാന ഭാഗങ്ങൾ “പീയർ റിവ്യൂ”കഴിഞ്ഞ് ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ ജേർണലിൻ്റെ ഡിസംബർ പത്ത് ലക്കത്തിൽ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

ഇത് പ്രകാരം എകദേശം തുല്യമായി വാക്സിൻ (പരീക്ഷണ ഗ്രൂപ്പ്) എടുത്തവരിൽ 18556 പേരും പ്ലാസിബോ (കൺട്രോൾ) ഗ്രൂപ്പിൽ 18530 പേരും ഇത് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് കോവിഡ് രോഗ ബാധിതരായിട്ടുള്ളവരെ പരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകെ വളണ്ടിയർമാരിൽ നാൽപ്പത്തിരണ്ട് ശതമാനവും അമ്പത്തഞ്ച് വയസ്സിന് മേലുള്ളവരാണ്. പകുതിയോളം സ്ത്രീകളുമാണ്. ഇവരിൽ റിസ്ക് ഗ്രൂപ്പിൽപ്പെട്ട രക്ത് സമ്മർദ്ദ – പ്രമേഹം രോഗികളുമുണ്ട്. ഫലം നോക്കാനായി പ്രൈമറി എൻഡ് പോയിന്റ് ( primary end point) ആയി കണക്കാക്കിയത് ആദ്യ ഡോസ് വാക്സിൻ നൽകിയതിന് ശേഷമുള്ള സമയം തൊട്ട് രണ്ടാമത്തെ ഡോസ് നൽകി ഒരാഴ്ചക്കിടയിൽ (7 ദിവസം )ഏതെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങളും ലാബറട്ടറി പരിശോധന യിലൂടേയു മുള്ള രോഗ നിർണ്ണയുമാണ്. ഈ ഇടവേളയിൽ ആകെ ഉണ്ടായിട്ടുള്ള 170 കോവിഡ് കേസുകളിൽ 8 എണ്ണം വാക്സിൻ നൽകിയവരിലും .162 എണ്ണം പ്ലാസി ബോ ഗ്രൂപ്പിലുമാണ് ഉണ്ടായിട്ടുള്ള് തു്.

ഇവരിൽ തന്നെ തുടർന്ന് രണ്ട് മാസത്തോളം ദിവസേന ഇലക്ട്രോണിക് റികാർഡു ചെയ്താണ് ഇതിലെ സുരക്ഷയും പാർശ്വഫലങ്ങളും കണക്കാക്കിയിട്ടുള്ളത്. ഈ ഇടവേളയിൽ വാക്സിൻ ഗ്രൂപ്പിൽ നിന്ന് 207പേരും പ്ലാസിബോ ഗ്രൂപ്പിൻ നിന്ന് 238 പേരും കൊഴിഞ്ഞ് പോകുകയോ തുടർപഠനത്തിന് ലഭ്യമാകാതിരിക്കുകയോ ചെയ്തിട്ടുണ്ട്. കൊഴിഞ്ഞ് പോക്കുകളുടെ എണ്ണം കൺട്രോൾ ഗ്രൂപ്പിലാണ് അധികം ഉണ്ടായിട്ടള്ളത്. അതിനാൽപാർശ്വഫലങ്ങൾ കൂടുതൽ ഇല്ല എന്ന അനുമാനത്തിൽ എത്താവുന്നതാണ്. ഏകദേശം ആകെ 6 പേർ മരണപ്പെട്ടിട്ടുള്ളതിൽ എല്ലാവരും മറ്റ് കാരണങ്ങൾ കൊണ്ട് മരണപ്പെട്ടവരാണ്. ഇതിൽ 2 പേർ വാക്സിൻ ഗ്രൂപ്പിൽപ്പെട്ട വരാണ്.

രോഗ ബാധിതരുടെ (8:162 റേഷ്യോ )വിശകലന പ്രകാരം രണ്ട് ഡോസ് നൽകി ഒരാഴ്ച കഴിഞ്ഞുള്ള ഫലം വാക്സിൻ നൽകപ്പെട്ടവരിലെ കോവിഡ് രോഗബാധ 95% കുറക്കാൻ സാധ്യമായി എന്നതാണു്. (Efficacy 95% . (CI 90.3%- 97.6%). ഇത് അമ്പത്തി അഞ്ച് വയസ്സിന് മുകളിൽ ഉള്ളവർക്കും , എല്ലാ രാജ്യങ്ങളിലും ഒരേ ഫലം കിട്ടിയെന്നാണ് വിശകലനം കാണിക്കുന്നത്. ആദ്യ ഡോസ് മാത്രം നൽകി പന്ത്രണ്ട് ദിവസത്തെ ഇടവേളയിൽ ആകെ 71 പേർക്ക് രോഗമുണ്ടായതിൽ 32 പേർ മാത്രമേ വാക്സിൻ ഗ്രൂപ്പിൽ ഉണ്ടായിരുന്നുള്ളൂ അതായതു് ഫലപ്രാപ്തി 52% (29.5 – 68.4%) ആണ്.

അതിനാൽ വാക്സിൻ നൽകി രണ്ടാഴ്ച കഴിയുന്നതിന് മുമ്പേ , മാക്സിമം ഇൻകുബേഷൻ പീരിയഡിന് മുമ്പേ ഈ വാക്സിൻ പ്രതിരോധം ഉണ്ടാക്കുന്നുവെന്ന നിഗമനത്തിലെത്താനാകും. ആകെ ഗുരുതരമായ കോവിഡ് രോഗമുണ്ടായിട്ടുള്ള പത്ത് പേരിൽ ഒമ്പത് പേരും പ്ലാസി ബോ ഗ്രൂപ്പിൽ ഉള്ളവർ ആണ്. ഇതിൽ നിന്നും മറ്റ് SARS1, MERS എന്നീ കൊറോണ വാക്സിനുകളെപ്പോലെ പുതിയ വാക്സിൻ മൂലം അമിത പ്രതിരോധ ഉത്തേജനമുണ്ടായി രോഗ നിലവഷളാക്കില്ലെന്നു അനുമാനിക്കാം.

വാക്സിൻ എടുത്തവരിൽ ഉത്തേജന പ്രവർത്തനത്തിന്റെ ഭാഗമായി കുത്തിവെച്ച ഭാഗത്ത് വേദന ,പനി തലവേദന ,എന്നിവയല്ലാതെ കാര്യമായ പാർശ്വഫലങ്ങളൊന്നും കൂടുതൽ ഉണ്ടായിട്ടില്ല. മൂന്നിലൊന്ന് പേർ പനിക്കോ വേദനക്കോ മരുന്നുകൾ കഴിച്ചിട്ടുണ്ട്. പ്രതിരോധ ലക്ഷണമായി കുറച്ച് പേർക്ക് ( 0.3%) കഴലവീക്കം റിപ്പോർട്ട് ചെയ്തിരുന്നു. വാക്സിൻ നൽകിയ വരിൽ കൺട്രോൾ ഗ്രൂപ്പിനെ അപേക്ഷിച്ച് അപ്പെൻഡിസൈറ്റിസും ( 8:4) ബെൽസ് പാൾസിയും (4:0 )യും റിപ്പോർട്ട് ചെയ്തത് വാക്സിൻ ഘടകങ്ങളുമായി ബന്ധമില്ല എന്ന നിഗമനത്തിലാണ് ഗവേഷകരും മോണിട്ടറിങ്ങ് കമ്മിറ്റിയും എത്തിയിട്ടുള്ളത്.

ഇപ്പോൾ പരീക്ഷണത്തിന്റെ ഭാഗമായി ഈ വാക്സിൻ വിവിധ പ്രായത്തിലുള്ള വിവിധ ജനവിഭാഗങ്ങൾക്ക് നൽകിയപ്പോൾ ലഭ്യമായ 95% ഫലപ്രാപ്തി തന്നെ വാക്സിൻ ഇനി തുടർന്നും പുറംലോകത്ത് വിവിധ രാജ്യങ്ങളിൽ വിവിധ വർഗത്തിൽപ്പെട്ട ലക്ഷകണക്കിന് പേർക്ക് നൽകമ്പോൾ ഇതേ ഫലം കിട്ടണമെന്നില്ല. അൽപ്പം കുറഞ്ഞാലും 75% ത്തിന് മുകളിൽ ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം. ഇപ്പോൾ ഇത് കോവിഡിന്റെ രോഗലക്ഷണങ്ങൾ, ഗുരുതരാവസ്ഥ നല്ലൊരു ശതമാനം കുറക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

എന്നാലും ചില സംശയങ്ങൾ ദൂരികരിക്കേണ്ടതുണ്ട് എന്നാണ് ഗവേഷകർ തന്നെ ചൂണ്ടിക്കാട്ടുന്നത്.

  1. ഇത് ആളുകളിൽ രോഗലക്ഷണം തീരെയില്ലാത്ത / പുറത്ത് കാണിക്കാത്ത അണുബാധയെ ( sub clinical infection )തടയാൻ ഉപകരിക്കുമോ? കോവിഡിൽ 80 ശതമാനത്തോളം ഇങ്ങനെയുള്ളവരാണ്.
  2. അണുബാധിതരിൽ നിന്ന്‌ രോഗാണുവിനെ മറ്റുള്ളവരിലേക്ക് പകർത്തുന്നതും തടയുമോ എന്നും അറിയാനിരിക്കുന്നതേ ഉള്ളൂ.(Transmission.)
  3. അത് പോലെ വാക്സിൻ ഉണ്ടാക്കിയ പ്രതിരോധ ശക്തി എത്രനാൾ നീണ്ട് നിൻ ക്കും എന്നതും തുടർ നിരീക്ഷണങ്ങളിലൂടെയേ മനസ്സിലാക്കാൻ പറ്റുകയുള്ളൂ. ( immunity)
  4. കുട്ടികളിലും ഗർഭിണികളിലും പ്രതിരോധ ശക്തി കുറഞ്ഞ വരിലും വാക്സിൻ്റെ ഫലപ്രാപ് തി അറിഞ്ഞിട്ടില്ല. പരീക്ഷണ വളണ്ടിയർമാരിൽ ഈ ഗ്രൂപ്പിലുള്ളവർ ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തരം പേരെയും ഉൾപ്പെടുത്തി ട്രയലുകൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു.

ലഭ്യതയുടെ പ്രശ്നങ്ങൾ

  • mRNA പുതിയ തരത്തിൽപ്പെട്ടതായതിനാൽ ഇതിന്റെ വൻതോതിലുള്ള ഉത്പാദനത്തിനുള്ള സാങ്കേതികവിദ്യ അത്ര ലഭ്യമല്ല. ഇത് അമേരിക്ക , ജർമ്മനി തുടങ്ങിയ ചില വികസിത രാജ്യങ്ങളിലും കമ്പിനികളിലും മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏററവും വലിയ വാക്സിൻ നിർമ്മാതാക്കളായ ഇന്ത്യയിൽ പോലും ഈ സാങ്കേതിക വിദ്യ ഇത് വരെ ലഭ്യമായിട്ടില്ല. ഉള്ളവയിൽ തന്നെ പ്രൊഡക്ഷൻ കപ്പാസിറ്റി കറവുമാണ്. അതിനാൽ ആവശ്യത്തിനനുസരിച്ച് എണ്ണം ലഭ്യമാക്കാൻ പ്രശ്നവും പരിമിതിയുമുണ്ട്. കൂടാതെ ഇതിന് വിലയും കൂടുതലായിരിക്കും. – ശരാശരി ഡോസിന് 2000 രൂപയോളം വില നൽകേണ്ടി വരും. കൂടാതെ പ്രിസർവേറ്റിവുകൾ ഇല്ലാത്ത ഇത് സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പൊട്ടൻസി നഷ്ടപ്പെടുന്നതിനാൽ -70 oCയിൽ ഫ്രീസറുകളിൽ ( 80 to 60oC) സൂക്ഷിക്കേണ്ടി വരും.
  • ഇറക്കുമതി ചെയ്യാനും വിതരണത്തിനു പ്രത്യേക കോൾഡ് ചെയിൻ (ശീതികരണ ശ്യംഖല) തന്നെ വേണ്ടി വരും. സാധാരണ റെഫ്രിജറേറ്ററിൽ ( 2- 8oC) ഇതിന് അഞ്ച് ദിവസത്തെ കാലാവധി മാത്രമേ ഉള്ളൂ. ഫ്രീസ് ചെയ്ത സസ്പെൻഷൻ രൂപത്തിൽ 5 ഡോസുകൾ ഒന്നിച്ചുള്ള മൾട്ടി ഡോസ് വയലുകൾ ആയിട്ടാണ് ഇവ ഇപ്പോൾ നിർമ്മിച്ചിട്ടുള്ളത്. നൽകുന്നതിന് മുമ്പ് ഒപ്പമുള്ള സലൈൻ ലായനിയിൽ ( 1.8 ml sterile saline )കലക്കിയാണ് കുത്തിവെക്കേണ്ടത്. യു കെയിലും തുടർന്ന് അമേരിക്കയിലും റിസ്ക് ഗ്രൂപ്പുകളിൽ ഈ വാക്സിൻ നൽകി തുടങ്ങിയിട്ടുണ്ട്.
  • ഇതിന്റെ പിറകെ തന്നെ അമേരിക്കയിലെ മോർഡൊണാ എന്ന കമ്പിനിയുടെ മറ്റൊരു എം.ആർ.എൻ.എ. വാക്സിനും ഫലപ്രാപ്തി പൂർത്തികരിച്ചിട്ടുണ്ട്. ഇതിന് സൂക്ഷിക്കാൻ -20o ശീതികരണം മതിയാകും.

ബ്രിട്ടനിലെ ഓക്സ് ഫോർഡ് യൂനിവേഴ്സിറ്റിയും ആസ്ത്രാ സനീക്കായും കണ്ട് പിടിച്ച വെക്ടർ വൈറസ് വാക്സിന്റെ ഫലപ്രാപ്തി 60 തൊട്ട് 90 വരെയാണ്. വില കുറവായാലും ഇതിന് പാർശ്വഫലങ്ങളും ഉണ്ട്. ഇതിൽ കൂടുതൽ വിദഗ്ധ വിലയിരുത്തലുകൾ നടന്ന് വരികയാണ്. ഇതിൻ്റെ സ്ട്രെയിൻ ഉപയോഗിച്ച് ഇന്ത്യയിൽ വികസിപ്പിച്ച കോവി ഷീൽഡ് വാക്സിൻ്റെ മൂന്നാം ഘട്ടം പരീക്ഷണം സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നുണ്ട്. ഭാരത് ബയോടെകിന്റെ കോവാക്സിനും മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ഇതിന്റെ ഫലങ്ങൾ ലഭിച്ച് വിദഗ്ധ വിലയിരുത്തൽ നടത്തി മാത്രമേ അടിയന്തിര ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാനാവുയുള്ളൂ. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള വാക്സിൻ ഏറ്റവും അത്യാവശ്യമുള്ളവർക്ക് വേണ്ടി മാത്രം പ്രിയോറിറ്റി നിശ്ചയിച്ച് ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം.

കോവിഡ് വൈറസിന്റെ മനുഷ്യരിലെ സ്വഭാവത്തെപ്പറ്റിയും മനുഷ്യരിലെ പ്രതിരോധത്തെപ്പറ്റിയും ശാസ്ത്രജ്ഞർ കൂടുതൽ പഠിച്ച് വരുന്നതേ ഉള്ളു. അതിനാൽ വാക്സിൻ കണ്ട് പിടിക്കപ്പെട്ട് കഴിഞ്ഞാലും പൊതു ജനങ്ങൾ മറ്റ് പ്രതിരോധ നടപടികൾ നിർത്താതെ തുടർന്ന് നടത്തേണ്ടി വരും. ഏതായാലും ഒരു മരുന്നും ലഭ്യമല്ലാത്ത അവസ്ഥയിൽ പുതിയ രോഗാണുവിന് എതിരെ ഒരു വർഷം തികയുന്നതിന് മുമ്പ് തൊണ്ണൂറ്റഞ്ച് ശതമാനം ഫലപ്രാപ്തിയുള്ള വാക്സിൻ കണ്ടെത്തിയത് ശാസ്ത്രത്തിനും മനുഷ്യരാശിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

കോവിഡ് 19 വാക്സിൻ – ചോദ്യോത്തരങ്ങൾ- ഡോ.ഗഗൻദീപ് കാങ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020-ലെ ഏക പൂർണ സൂര്യഗ്രഹണമാണ് ഇപ്പോൾ അർജന്റീനയിൽ നിന്നും തത്സമയം കാണാം
Next post വിജ്ഞാനോത്സവത്തിന് തുടക്കമായി..എല്ലാ കുട്ടികളും പങ്കെടുക്കട്ടെ…
Close