Read Time:35 Minute

ശ്രീനിധി കെ എസ്
ഗവേഷക, ഐ ഐ ടി ബോംബെ, മുംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്ട്രേലിയ

ശാസ്ത്രപുരോഗതിയിലൂടെയാണ് മനുഷ്യരാശിയുടെ മുന്നേറ്റം സാധ്യമായത്. നാം ഇതുവരെ എത്തിച്ചേർന്നിട്ടുള്ളതും ഇനി എത്തിപ്പിടിക്കാനുള്ളതുമായ നേട്ടങ്ങളെല്ലാം തന്നെ മനുഷ്യന്റെ ശാസ്ത്രാഭിരുചിയും ശാസ്ത്രീയ ചിന്താധാരയും കൊണ്ടാണെന്നതിൽ തർക്കമില്ല. നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ, സാധ്യമായ എതിർവാദങ്ങളെല്ലാം അഭിമുഖീകരിച്ചുകൊണ്ടാണ് ശാസ്ത്രത്തിന്റെ വഴി തെളിയുന്നത്. യുക്തിപരമായി ഏറ്റവും സ്വീകാര്യമായ ഉത്തരങ്ങളും വിശദീകരണങ്ങളുമായി നാം കണക്കാക്കുന്നത് ശാസ്ത്രത്തിന്റെ മറുപടികളാണ്. എന്നാൽ ഇതൊന്നും തന്നെ ശാസ്ത്രീയം എന്ന് വിളിക്കപ്പെടുന്ന ധാരണകളെ ചോദ്യം ചെയ്യാതിരിക്കാനുള്ള കാരണങ്ങളാകുന്നില്ല. അത് തന്നെയാണല്ലോ ശാസ്ത്രീയതയുടെ പ്രധാനസ്വഭാവമായി കണക്കാക്കപ്പെടുന്നതും.

സയന്റിഫിക്‌ റേസിസം – റേസ് സയൻസ് (വംശ ശാസ്ത്രം) എന്ന സങ്കൽപം – ചരിത്രപരമായി തന്നെ ശാസ്ത്രസമൂഹത്തിൽ കയറിപ്പറ്റിയ അഴുക്കാണ്. ബോധപൂർവമോ അല്ലാതെയോ ശാസ്ത്ര തത്വങ്ങളെ വളച്ചൊടിച്ചു കൊണ്ടോ, കപടശാസ്ത്രത്തിന്റെ സഹായത്തോടെയോ, ശാസ്ത്രീയം എന്ന് അവകാശപ്പെടുന്ന, എന്നാൽ തികച്ചും അശാസ്ത്രീയമായ ഗവേഷണമാർഗങ്ങളിലൂടെയോ മനുഷ്യരെ വിവിധവംശങ്ങളായി വേർതിരിക്കുകയും കാലാകാലങ്ങളായി ലോകത്തു നിലനിൽക്കുന്ന വംശീയഉച്ചനീചത്വങ്ങളെ സാധൂകരിക്കുകയും ചെയ്യുന്ന ഏർപ്പാടാണ് സയന്റിഫിക് റേസിസം. സ്വാഭാവികമായും വംശീയശ്രേണിയിൽ ഉന്നതിയിൽ നിൽക്കുന്ന, അതിന്റേതായ ഒട്ടനവധി അവസരങ്ങളും അവകാശങ്ങളും അനുഭവിക്കുന്ന സമൂഹം അവർക്കു താഴെ അടിച്ചമർത്തപ്പെട്ടിട്ടുള്ള സമൂഹത്തെ അങ്ങനെ തന്നെ നിലനിർത്താനായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കുമല്ലോ ഇതിന്റെ തുടക്കവും വളർച്ചയും.

ജീവശാസ്ത്രവിഷയങ്ങൾ, മുഖ്യമായും ജനിതകശാസ്ത്രം, ആണ് വംശവെറിയുടെ പേരിൽ ഏറ്റവും കൂടുതൽ ദുരുപയോഗപ്പെടുത്തിയിട്ടുള്ളത്. ചരിത്രപരമായി പരിശോധിച്ചാൽ ശാസ്ത്രീയം എന്ന് അവകാശപ്പെട്ട ആദ്യ വംശീയസിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പോളിജനിസം (polygenism).
സ്വിസ് ഭിഷഗ്വരൻ ആയിരുന്ന പാരാസെൽസസ് (Paracelsus) ഉൾപ്പെടെ ഉള്ളവർ മനുഷ്യവംശങ്ങൾ വെവ്വേറെ സൃഷ്ടിക്കപ്പെട്ടവയാണെന്ന പോളിജനിക് സങ്കൽപം ശാസ്ത്രീയമെന്ന രീതിയിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ശാസ്ത്രതത്വങ്ങൾക്കും ശാസ്ത്രീയമാർഗങ്ങൾക്കും മുമ്പില്ലാത്ത വിധം സ്വീകാര്യത കൈവരിച്ചുകൊണ്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. അടിമത്തത്തെ സാധൂകരിക്കുന്ന രീതിയിൽ കപടശാസ്ത്ര പ്രചാരണങ്ങൾക്ക് ഊർജം പകരുന്നതിൽ പോളിജനിസം വഹിച്ച പങ്കു വലുതായിരുന്നു.

മനുഷ്യരെ ശാസ്ത്രീയമായി വർഗീകരിക്കാൻ ഉള്ള ശ്രമങ്ങളാണ് സയന്റിഫിക് റേസിസത്തിന് അടിത്തറ പാകിയത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വീഡിഷ് ശാസ്ത്രജ്ഞൻ കാൾ ലിനേയസ് (Carl Linnaeus) ജീവികളുടെ ആധുനിക ശാസ്ത്രീയവർഗ്ഗീകരണത്തിന്റെ പിതാവ് എന്നാണറിയപ്പെടുന്നത്. എന്നാൽ ജീവികളുടെ വർഗ്ഗീകരണത്തിനു പുറമേ  മനുഷ്യവംശത്തെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിച്ചുകൊണ്ട് റേസ് സയൻസിനു അടിത്തറ പാകിയെന്ന പേരിൽ അദ്ദേഹം വിമർശിക്കപ്പെടുന്നു. തൊലിയുടെ നിറം ഉൾപ്പെടെയുള്ള ബാഹ്യഘടകങ്ങളെ അടിസ്ഥാനമാക്കി, അക്കാലത്തു നില നിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷത്താൽ സ്വാധീനിക്കപ്പെട്ടുകൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ വർഗീകരണം. Americanus, Europeanus, Asiaticus, Afer or Africanus എന്നിവയായിരുന്നു ഈ വർഗ്ഗീകരണപ്രകാരമുള്ള നാല് വിഭാഗങ്ങൾ. ഇതിനു പുറമെ monster-like, feral-like തുടങ്ങിയ ഉപവിഭാഗങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ തുടർപ്രസിദ്ധീകരണങ്ങളിൽ പരാമർശിക്കപ്പെട്ടു. ലിനേയസിന്റെ വർഗീകരണം ബോധപൂർവം വംശങ്ങളുടെ അധികാരശ്രേണിയെ സാധൂകരിക്കാൻ ഉള്ള ശ്രമം ആയിരുന്നോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായങ്ങൾ ആണ് ഉള്ളത്. പക്ഷെ ഈ വർഗീകരണം വംശീയവിവേചനം ശാസ്ത്രീയമായി നിർവചിക്കാൻ ശ്രമിച്ചവർക്ക് വഴി കാണിച്ചു എന്നതിൽ തർക്കമില്ല.

അക്കാലത്തെ ഒട്ടനവധി ശാസ്ത്രജ്ഞർ വിവിധ ‘വംശങ്ങളെ’ ശാസ്ത്രീയമായി വേർതിരിക്കാനും ഒരു ‘വംശത്തിനു’ മറ്റൊരു ‘വംശത്തിനുമേൽ’ നില നിന്ന അധികാരശക്തിയെ ശാസ്ത്രീയമായി വിശദീകരിക്കാനുമുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇവയിൽ മിക്ക പഠനങ്ങൾക്കും അതതു സമൂഹത്തിൽ നിലനിന്ന രാഷ്ട്രീയസാഹചര്യത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. യൂറോപ്യൻ പഠനങ്ങൾ പ്രധാനമായും കോളനിവത്കരണത്തെ ന്യായീകരിക്കാൻ ആണ് ഉപയോഗപ്പെടുത്തിയത് എങ്കിൽ അമേരിക്കൻ പഠനങ്ങൾ കറുത്ത വർഗക്കാരെ അടിച്ചമർത്തി അടിമത്തം നിലനിർത്തിക്കൊണ്ടു പോവാൻ ആണ് സഹായിച്ചത്. ഉദാഹരണത്തിന്, സാമുവൽ കാർട്ട്റൈറ്റ് (Samuel A. Cartwright), പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അമേരിക്കൻ ഭിഷഗ്വരൻ, കറുത്തവർഗ്ഗക്കാരായ അടിമകളിൽ കാണുന്ന മാനസികരോഗത്തെക്കുറിച്ചുള്ള ‘കണ്ടുപിടിത്തങ്ങളാൽ’ കുപ്രസിദ്ധി ആർജ്ജിച്ച ശാസ്ത്രജ്ഞർ ആണ്. നീഗ്രോ അടിമകളിൽ ‘ഡ്രേപെറ്റൊമാനിയ’ (drapetomania) അഥവാ ‘അടിമത്തത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ഉള്ള പ്രവണത’ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ കണ്ടെത്തൽ.

വംശീയത ശാസ്ത്രീയമോ?

യഥാർത്ഥത്തിൽ വംശങ്ങളുടെ നിലനില്പും വംശീയവേർതിരിവും എല്ലാം ജനിതകമാണോ? അല്ല. വിവിധ മനുഷ്യവംശങ്ങളെ നിർവചിക്കാനും വർഗീകരിക്കാനും ജീവശാസ്ത്രപരമായ മാനദണ്ഡങ്ങൾ ഇല്ല. ഏറ്റവും സാധാരണമായി ‘മനുഷ്യവംശങ്ങളെ’ വേർതിരിക്കാൻ ഉപയോഗിക്കുന്നത് ബാഹ്യരൂപത്തിലെ പ്രത്യേകതകൾ ആയ തൊലിയുടെ നിറം, രോമവളർച്ച, ആകാരവലിപ്പം തുടങ്ങിയവയൊക്കെയാണ്. ഈ ബാഹ്യഘടകങ്ങൾ മനുഷ്യസമൂഹത്തിന്റെ അതിജീവനത്തിന്റെ ഭാഗമായി കൈവരിക്കപ്പെട്ടതാണ്. ജനിതകശാസ്ത്രജ്ഞരുടെയും ആന്ത്രോപോളജിസ്റ്റുകളുടെയും നിരന്തരപഠനങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുള്ളത് ഓരോ ജനസമൂഹത്തിനും ഉള്ളിൽ തന്നെ പ്രകടമായ ശാരീരികവ്യത്യാസങ്ങൾ കാണപ്പെടുന്നു എന്നും വ്യത്യസ്തവംശങ്ങൾ എന്ന് കരുതപ്പെടുന്ന മനുഷ്യർ തമ്മിൽ വലിയ സാദൃശ്യങ്ങൾ ഉണ്ടെന്നും ആണ്. ഒരു വംശത്തിൽ നിന്നും മറ്റൊരു വംശത്തെ വേർതിരിക്കാൻ കൃത്യമായ ജനിതകപരിധികൾ ഇല്ല. മനുഷ്യരുടെ ജനിതകഘടന 99.9% സമാനമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. ബാക്കി വരുന്ന 0.1% വ്യത്യസ്തത വംശങ്ങൾക്കിടയിൽ ഉള്ള വ്യത്യസ്തതയായി നിർവചിക്കാനോ അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത മനുഷ്യസമൂഹങ്ങളെ വംശങ്ങളായി വർഗീകരിക്കാനോ സാധ്യമല്ല. അത് മനുഷ്യർക്കിടയിൽ ഉള്ള വ്യത്യസ്തതയാണ്. വംശങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന എല്ലാ സമൂഹങ്ങൾക്കും അകത്തു മനുഷ്യർ തമ്മിൽ നേരിയ ജനിതക വ്യത്യാസങ്ങളുണ്ട്. ഒരു ‘വംശത്തിനു’ മറ്റൊരു ‘വംശവുമായുള്ള’ ജനിതകവ്യത്യാസം കൃത്യമായി നിർവചിക്കാൻ സാധ്യമല്ല. അത് മനുഷ്യർ തമ്മിലുള്ള ജനിതകവ്യത്യസ്തതയുടെ ശൃംഖലയാണ് (continuum). അതുകൊണ്ടു തന്നെ ജീവശാസ്ത്രപരമായി കൃത്യവും ദൃഢവുമായ വംശപരിധികൾ നിർണയിക്കാൻ സാധ്യമല്ല. അതായത് ഒരു ‘വംശത്തിൽ’ മുഴുവനായും കാണപ്പെടുന്നതും എന്നാൽ മറ്റു ‘വംശങ്ങൾക്ക്’ ഇല്ലാത്തതുമായ, ഒരു ‘വംശത്തിന്റേതു’ മാത്രമായ, ഒരു ജനിതകമുദ്രയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ചെറുത്തുനിൽപ്പുകൾ

സയന്റിഫിക് റേസിസം കൂടുതൽ ശക്തിയാർജിച്ചും വ്യാപകമായും വന്നു കൊണ്ടിരിക്കെ തന്നെ അതിനോടുള്ള വിമർശനങ്ങളും പല ദിക്കുകളിൽ നിന്നും ഉണ്ടാവാൻ തുടങ്ങി. വംശം, വംശീയത എന്നിവ ശാസ്ത്രീയാടിസ്ഥാനം ഇല്ലാത്ത ആശയങ്ങൾ ആണെന്ന് കൂടുതൽ പേർ മനസിലാക്കുകയും സയന്റിഫിക് റേസിസത്തിനു എതിരെ ശബ്ദമുയരുകയും ചെയ്തു. 1949 – 1950 കാലഘട്ടത്തിൽ അനവധി ജനിതകശാസ്ത്രജ്ഞരും ആന്ത്രോപോളജിസ്റ്റുകളും നയതന്ത്രജ്ഞരും യുനെസ്കോയുടെ കീഴിൽ ഒത്തുചേർന്നു സയന്റിഫിക് റേസിസത്തിനെ കുറിച്ചു ചർച്ചകൾ നടത്തുകയുണ്ടായി. തുടർന്ന് 1950ൽ ഇതേ സംബന്ധിച്ച് യുനെസ്കോ ഔദ്യോഗിക പ്രസ്താവനയും ഇറക്കി. മനുഷ്യവംശം അഥവാ റേസ് എന്ന സങ്കല്പം ജൈവികപ്രതിഭാസം അല്ല എന്നും മറിച്ച് കാലാകാലങ്ങളായി നിലനിൽക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളാൽ നിർമ്മിക്കപ്പെട്ടതാണെന്നും യുനെസ്കോ ഔദ്യോഗികമായി പ്രസ്താവിച്ചു. വംശീയതയുടെ ശാസ്ത്രീയാധികാരികത എന്ന മിത്ത് മനുഷ്യരാശിയിൽ സൃഷ്‌ടിച്ച വലിയ കേടുപാടുകളെ കുറിച്ചും യുനെസ്കോ പരാമർശിച്ചു. ശാസ്ത്രത്തെ വംശീയതയുടെ അഴുക്കിൽ നിന്നും ശുദ്ധീകരിക്കുക എന്നതിനോടൊപ്പം മനുഷ്യസമൂഹത്തെ സാംസ്കാരികവും സാമൂഹികവുമായ വംശീയതയിൽ നിന്നും മോചിപ്പിക്കുന്നതിൽ ശാസ്ത്രലോകം പങ്കുചേരുക എന്നതും യുനെസ്കോയുടെ ഈ നീക്കത്തിന്റെ ഉദ്ദേശ്യമായിരുന്നു. സയന്റിഫിക് റേസിസത്തിന്റെ അന്ത്യം കുറിക്കുന്നതിൽ മുഖ്യനാഴികക്കല്ല് ആയിട്ടാണ് യുനെസ്കോയുടെ ഈ പ്രസ്താവനയും തുടർവർഷങ്ങളിൽ ഉണ്ടായ പരിഷ്കരിച്ച പ്രസ്താവനകളും കണക്കാക്കപ്പെടുന്നത്. യുനെസ്കോയുടെ ഈ നടപടികൾക്ക് മുന്നിൽ നിന്ന ശാസ്ത്രജ്ഞരിൽ ഒരാളായ അന്ത്രോപോളജിസ്റ് ആഷ്‌ലി മോൺടഗ്യു (Ashley Montagu) എഴുതിയ ‘മാൻസ് മോസ്റ്റ് ഡെയ്ഞ്ചറസ് മിത് : ദി ഫാലസി ഓഫ്‌ റേസ്’ (Man’s Most Dangerous Myth: The Fallacy of Race) സയന്റിഫിക് റേസിസത്തിന് എതിരെയുള്ള ഒരു പ്രധാനപ്പെട്ട കാൽവെയ്പ്പ് ആയിരുന്നു. ഈ ഇടപെടലുകളെല്ലാം വലിയ പ്രാധാന്യം അർഹിക്കുന്നതും പ്രത്യക്ഷമായ പല മാറ്റങ്ങളും സൃഷ്ടിക്കാൻ കെല്പുള്ളതും ആയിരുന്നു എങ്കിലും അതിനു ശേഷവും വംശീയതക്ക് ശാസ്ത്രലോകത്തിൽ ഉള്ള സ്വാധീനം പൂർണമായും അപ്രത്യക്ഷമായില്ല എന്നതാണു വാസ്തവം.

സയന്റിഫിക് റേസിസം ഇന്ന്

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുനെസ്കോയുടെ ഇടപെടലുകൾ ഉൾപ്പെടെയുള്ള പല കാരണങ്ങളാൽ സയന്റിഫിക് റേസിസം ക്ഷയിച്ചു എന്ന് കരുതപ്പെട്ടു എങ്കിലും അത് പൂർണമായും ശരിയല്ലായിരുന്നു. 2019 ൽ ബ്രിട്ടീഷ് സയൻസ് ജേർണലിസ്റ്റ് ആയ എയ്ഞ്ചല സൈനി (Angela Saini) എഴുതിയ ‘സുപ്പീരിയർ: ദി റിട്ടേൺ ഓഫ് റേസ് സയൻസ്’ (Superior: The return of race science) എന്ന പുസ്തകം സയന്റിഫിക് റേസിസത്തിന്റെ ചരിത്രം സവിസ്തരം ചർച്ച ചെയ്യുകയും ഇന്ന് ശാസ്ത്രലോകത്ത് അതെങ്ങനെ നിലനിൽക്കുന്നു എന്ന് വിശകലനം ചെയ്യുകയും ചെയുന്നു. റേസിസ്റ്റുകളും അല്ലാത്തവരുമായ അനവധി ശാസ്ത്രജ്ഞരോടും മറ്റു വിദഗ്ദ്ധരോടും സംവദിച്ച ശേഷമാണ് സയന്റിഫിക് റേസിസത്തിന്റെ വളർച്ചയെ കുറിച്ചു സൈനി വിശദീകരിക്കുന്നത്. സയന്റിഫിക് റേസിസം അപകടകരമാം വിധം തിരിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും അത് മനുഷ്യപുരോഗതിയിൽ ദൂരവ്യാപകമായ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നും സൈനി നിരീക്ഷിക്കുന്നു. ശാസ്ത്രം കൂടുതൽ മുന്നോട്ടു പോയതിനാൽ ഇഴ തിരിച്ചറിയാൻ പ്രയാസമായ രീതിയിലാണ് വംശീയതയുടെ കലർപ്പ് ഇന്ന് പല ശാസ്ത്രപഠനങ്ങളെയും സ്വാധീനിക്കുന്നത്.

1994ൽ ആണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധി നേടിയ പുസ്തകങ്ങളിൽ ഒന്നായ, ബെസ്ററ് സെല്ലർ കൂടിയായ, ‘ദി ബെൽ കർവ് : ഇന്റലിജൻസ് ആന്റ് ക്ലാസ് സ്ട്രക്ചർ ഇൻ അമേരിക്കൻ ലൈഫ് ‘ (The Bell Curve: Intelligence and Class Structure in American Life) പ്രസിദ്ധീകരിക്കപ്പെട്ടത്. കറുത്ത വർഗക്കാർ മറ്റുള്ളവരെക്കാൾ ബുദ്ധിവൈഭവം കുറഞ്ഞവർ ആണെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ, സാമൂഹികവും സാംസ്കാരികവുമായ വാരിയബിളുകൾ പരിഗണിക്കാതെ ആണ് രാഷ്ട്രതന്ത്രജ്ഞൻ ആയ ചാൾസ് മുറെ (Charles Murray), മനഃശാസ്ത്രജ്ഞായ റിച്ചാർഡ് ഹെൻസ്റ്റീൻ (Richard Hernstein) എന്നിവർ ആ പുസ്തകം എഴുതിയത്.

തികച്ചും അശാസ്ത്രീയമാർഗങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളെ ശാസ്ത്രീയം എന്ന പേരിൽ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പുസ്തകകൃത്തുക്കൾക്കെതിരെ ലോകമെങ്ങും വലിയ വിമർശനങ്ങൾ ഉയർന്നു. 1998ൽ ആർതർ ജെൻസൺ (Arthur Jensen) എഴുതിയ ‘ദി ജി ഫാക്ടർ: ദി സയൻസ് ഓഫ് മെന്റൽ എബിലിറ്റി’ (The g Factor: The Science of Mental Ability), 2014 ൽ നിക്കോളസ് വേഡ് (Nicholas Wade) എഴുതിയ ‘എ ട്രബിൾസം ഇൻഹെറിറ്റൻസ്: ജീൻസ്, റേസ് ആന്റ് ഹ്യൂമൻ ഹിസ്റ്ററി’ (A Troublesome Inheritance: Genes, Race and Human History), മനശാസ്ത്രജ്ഞൻ ആയ റിച്ചാർഡ് ലിൻ (Richard Lynn), ജനിതകശാസ്ത്രജ്ഞൻ ആയ ഗ്ലയ്ഡ് വിറ്റ്നി (Glayde Whitney) എന്നിവരുടെ വിവിധ പ്രബന്ധങ്ങൾ, മാൻകൈൻഡ് ക്വാർട്ടർലി (Mankind Quarterly) എന്ന വിഖ്യാതജേർണലിൽ പ്രസിദ്ധീകരിച്ച നിരവധി പ്രബന്ധങ്ങൾ തുടങ്ങി അനേകം പ്രസിദ്ധീകരണങ്ങൾ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും സയന്റിഫിക് റേസിസത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടു. 2012ൽ എൽസെവിയർ (Elsevier) ജേർണൽ ആയ പേഴ്സണാലിറ്റി ആന്റ് ഇൻഡിവിജുവൽ ഡിഫറെൻസസിൽ (Personality and Individual Differences) പ്രസിദ്ധീകരിച്ച, മനുഷ്യരുടെ ആക്രമണോത്സുകത, ലൈംഗികത എന്നിവക്ക് തൊലിയുടെ നിറവുമായി ബന്ധമുണ്ട് എന്നും അതിനു ശാസ്ത്രീയമായ തെളിവുകൾ ഉണ്ട് എന്നും വാദിക്കുന്ന പഠനം 2020ൽ എൽസെവിയർ പിൻവലിച്ചിരുന്നു. പ്രശസ്ത്ര ജീവശാസ്ത്ര ജേർണൽ ആയ സെൽ (Cell)-ൽ 2020 ജൂണിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ലേഖനത്തിൽ10 ശാസ്ത്രമേഖലയിൽ ഇന്നും നില നിൽക്കുന്ന വംശീയതയെ അപലപിക്കുകയും ശാസ്ത്രഗവേഷണങ്ങളിൽ വിവിധ മനുഷ്യ സമൂഹങ്ങളുടെ പ്രാതിനിധ്യം വേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു പരാമർശിക്കുകയും ചെയ്തിരുന്നു.

സയന്റിഫിക് റേസിസം എന്ന വിപത്ത് മനുഷ്യസമൂഹത്തിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നു ഇടപെട്ടതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് 2005ൽ US ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA), ഹൃദയസ്തംഭനത്തിനു എതിരെയുള്ള, BiDil എന്ന മരുന്നിനു അനുമതി കൊടുത്ത സംഭവം.1 ആഫ്രിക്കൻ-അമേരിക്കൻ ജനതക്കിടയിൽ ആണ് ഈ മരുന്ന് വിതരണം ചെയ്യപ്പെട്ടത്. നൈട്രിക് ഓക്സൈഡിന്റെ സ്വാഭാവിക ഉത്പാദനം താരതമ്യേന കുറഞ്ഞ വ്യക്തികളിൽ ആണത്രേ പ്രസ്തുതമരുന്ന് ഏറ്റവും ഫലപ്രദമാവുന്നത്. കറുത്ത വർഗക്കാരിൽ വെളുത്ത വർഗക്കാരെ അപേക്ഷിച്ചു നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനം കുറവാണെന്നു ‘ഏതാനും’ പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളതിനാൽ BiDil കറുത്ത വർഗക്കാരെ ലക്‌ഷ്യം വച്ചുകൊണ്ടുള്ള മരുന്ന് ആയിരുന്നു. എന്നാൽ എല്ലാ കറുത്ത വർഗക്കാരിലും ഇങ്ങനെ ഒരു പ്രത്യേകത ഇല്ല എന്നും കറുത്ത വർഗക്കാർ അല്ലാത്തവർക്കിടയിലും ഈ പ്രശ്‍നം കാണുന്നുണ്ടെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. BiDil ഫലപ്രദമായ മരുന്നാണെന്ന് മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ സ്ഥിതിവിവരക്കണക്കുപ്രകാരം വേണ്ടത്ര വിശ്വാസ്യതയോടെ ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാഞ്ഞതിനാൽ 1997 ൽ FDA പ്രസ്തുത മരുന്നിനു അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് ആണ് ആഫ്രിക്കൻ-അമേരിക്കൻ എന്ന് ‘സ്വയം നിർണ്ണയം’ നടത്തിയ 1050 വ്യക്തികളിൽ മാത്രം പരീക്ഷണം നടത്തിയ അതിശയകരമായ പഠനഫലവുമായി BiDil തിരിച്ചു വന്നത്. വളരെ ചുരുക്കം ചിലർ BiDil ന്റെ വരവിനെ വൈയക്തികചികിത്സയിലേക്ക് (personalised medicine) ഉള്ള വളർച്ചയായി കണ്ടു എങ്കിലും തികച്ചും അശാസ്ത്രീയമായ ഏർപ്പാടെന്ന നിലയിലും മരുന്നിന്റെ പേറ്റന്റ് സംബന്ധിച്ചു നിർമ്മാതാക്കൾ നേരിട്ട ചില പ്രശ്നങ്ങളെ ഒഴിവാക്കാനും മരുന്നിനു മാർക്കറ്റ് കണ്ടെത്താനും വംശീയതയെ ആയുധമാക്കി എന്ന രീതിയിലും ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു. ലോകത്തിലെ ആദ്യത്തെ ‘വംശീയ മരുന്ന്’ ആണ് BiDil.

ഇന്ത്യയിലെ ജാതിജീനുകൾ

ഇന്ത്യൻ സമൂഹത്തിലും വംശീയതയുടെ വേരുകൾ ആഴ്ന്നു കിടക്കുന്നുണ്ടെന്നതിൽ സംശയമില്ല. കിഴക്കൻ സംസ്ഥാനങ്ങളിലെ ജനതയുടെ ദേശീയത ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ, വിദേശികളായ കറുത്ത വർഗ്ഗക്കാരും മറ്റും നേരിടുന്ന അക്രമങ്ങൾ, ആദിവാസികളോടും ദളിതരോടും നിലനിൽക്കുന്ന വിവേചനം, തൊലിയുടെ നിറത്തോടുള്ള ഭ്രമവും ആശങ്കകളും, കറുപ്പ് നിറക്കാരോട് വച്ച് പുലർത്തുന്ന മുൻധാരണകളും അവജ്ഞയും തുടങ്ങി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വംശീയവിവേചനത്തോട് ബന്ധപ്പെടുത്തി ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ ഏറെ ഇന്ത്യൻ സമൂഹത്തിൽ നില നിൽക്കുന്നുണ്ട്. എന്നാൽ ലോകം മുഴുവൻ നില നിൽക്കുന്ന വംശീയവെറിയുടെ ഇന്ത്യൻ അനലോഗിയായി ഏറെ ചർച്ച ചെയ്യപ്പെടുന്നത് ഇവിടത്തെ ജാതിവ്യവസ്ഥയാണ്. ഏറെ വ്യവസ്ഥാപിതമായും രൂഢമൂലമായും ജാതീയത ഇന്ത്യൻ സമൂഹത്തിൽ ഒരു ശീലമെന്ന പോലെ നില നിൽക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ജാതി, അയാൾ പ്രതിനിധീകരിക്കേണ്ട സാമൂഹികവും സാമ്പത്തികവുമായ ക്ലാസ്, അയാൾ ചെയ്യേണ്ട തൊഴിൽ എന്നിവ മുതൽ അയാൾക്കുണ്ടായിരിക്കേണ്ട നിറം, അയാൾ ഉപയോഗിക്കേണ്ട ഭാഷ എന്നിവയുടെ വരെ പ്രാഥമിക മാനദണ്ഡമായി കരുതുന്ന വലിയൊരു വിഭാഗം ജനത ഇന്ത്യയിൽ ഉണ്ട്.

വംശീയ വേർതിരിവും ജാതീയ വേർതിരിവും ചില സ്വഭാവങ്ങളിൽ സാമ്യതയും മറ്റു ചില ഘടകങ്ങളിൽ വ്യത്യസ്തതയും പുലർത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ നില നിൽക്കുന്ന അസമത്വത്തിന്റെയും അധികാരശ്രേണിയുടെയും കാര്യത്തിൽ ഇവ രണ്ടും സമാനമാണ്. ഒരു വിഭാഗം ജനങ്ങൾ അവരുടെ ജന്മസിദ്ധമായ സ്വത്വത്തിൽ അഭിമാനിക്കുകയും അതിന്റെ ഭാഗമായി ലഭിച്ച സാമൂഹികപദവികളും അവസരങ്ങളും എല്ലാം സ്വാഭാവികമായ അവകാശങ്ങൾ ആണെന്നു വിശ്വസിക്കുകയും മറ്റൊരു വിഭാഗം ജനങ്ങളെ തങ്ങളേക്കാൾ സാമൂഹികവും സംസാകാരികവുമായി താഴേക്കിടയിലുള്ളവരായി കണ്ട് അടിച്ചമർത്തുകയും ചെയ്യുന്നു എന്നതാണ് ഈ രണ്ടു വിവേചനവ്യവസ്ഥകളുടെയും പൊതുസ്വഭാവം. എന്നാൽ, വംശീയ വേർതിരിവിന്റെ പ്രാഥമിക മാനദണ്ഡമായി നില നിൽക്കുന്നത് ജന്മസ്ഥലവും ശാരീരിക സ്വഭാവങ്ങളും എല്ലാമാണെങ്കിൽ ജാതീയ വേർതിരിവ് പ്രാഥമികമായി തൊഴിലടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ടതാണ്. എന്നിട്ടു കൂടി, ഓരോ ജാതിയിലുമുള്ള സമൂഹത്തിന്റെ ഉത്ഭവസ്ഥാനത്തെ കുറിച്ചും ശാരീരിക പ്രത്യേകതകളെ കുറിച്ചുമുള്ള നിരവധി മുൻവിധികളും മിഥ്യാധാരണകളും നില നിൽക്കുന്നുണ്ട്. ജാതീയത വംശാന്തരികമാണ്. ഒരു വംശത്തിനകത്തു തന്നെയാണ് (അത് വിവേചനം അനുഭവിക്കുന്ന വംശം ആവാം) ജാതിവിഭാഗങ്ങളും അവ തമ്മിലുള്ള അസമത്വങ്ങളും നില നിൽക്കുന്നത്.

ജാതി ജൈവികവും അതിനാൽ സ്വാഭാവികവുമായ ഒരു വ്യവസ്ഥയായി ഇവിടെ വിശ്വസിക്കപ്പെടുന്നുണ്ട്. ജാതിവിവേചനം അനുകൂലിക്കുന്നവർക്ക് ജാതീയതയുടെ ‘ശാസ്ത്രീയ’ അടിസ്ഥാനം സംബന്ധിച്ച വാദങ്ങൾ പകർന്നിട്ടുള്ള ഊർജം ചെറുതല്ല. ശാസ്ത്രസമൂഹത്തിൽ അത്തരം ഗവേഷണങ്ങൾ ഔദ്യോഗികമായി നടക്കുന്നില്ലെങ്കിൽ കൂടി സമൂഹത്തിൽ വ്യാപകമായുള്ള മിഥ്യാധാരണകളിലൂടെയും കപടശാസ്ത്രസങ്കല്പങ്ങളിലൂടെയും ആണ് ജാതീയതയുടെ ശാസ്ത്രീയത ഇവിടെ ന്യായീകരിക്കപ്പെടുന്നത്. ജാതി ജനിതകമാണെന്ന് ഇവിടെ കരുതപ്പെടുന്നു. ജാതിവിഭാഗങ്ങളുടെ സഹജമായ ശുദ്ധി എന്ന സങ്കൽപം, വിവാഹത്തിലൂടെയുള്ള ജാതിമിശ്രണം എതിർക്കപ്പെടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ജനനത്തോടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന ജാതിസ്വത്വം അയാൾ സാമ്പത്തികമായി ഏതു ക്ലാസ്സിൽ എത്തപ്പെട്ടാലും അയാളെ പിന്തുടരുന്നു. ഓരോ ജാതിയിലും ഉൾപ്പെട്ട മനുഷ്യരുടെ ശാരീരികക്ഷമതയും ബുദ്ധിവൈഭവവും കഴിവുകളും കഴിവുകേടുകളും സംബന്ധിച്ച് ഒട്ടേറെ മുൻധാരണകൾ നിലനിൽക്കുന്നതും ജാതി ജീവശാസ്ത്രപരമാണെന്ന മൂഢധാരണയുടെ അടിസ്ഥാനത്തിൽ ആണ്. കൊല്ലന്റെ മകൻ കൊല്ലപ്പണിയിലും ആശാരിയുടെ മകൻ ആശാരിപ്പണിയിലും അതിവിദഗ്ധൻ ആയിരിക്കും എന്ന വിശ്വാസം മറ്റു തൊഴിലിടങ്ങളിൽ അവരുടെ സാന്നിധ്യം അവിശ്വസനീയമാക്കുന്നു, അസ്വസ്ഥത സൃഷ്ടിക്കുന്നു. ബൗദ്ധികശേഷികൾ അധികം കാണിക്കേണ്ട തൊഴിലിടങ്ങളിൽ സവർണ്ണർ കൂടുതൽ കാണപ്പെടുന്നത് അവരുടെ ഉയർന്ന ബുദ്ധിസാമർഥ്യത്തിന്റെ ജാതിജീനുകളാലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും മികച്ച വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിലെ ഉന്നതവിദ്യാഭ്യസ്ഥർ പോലും അവിടങ്ങളിലെ സവർണ്ണാധിപത്യത്തെ ഈ തരത്തിൽ സാധൂകരിക്കുന്നുണ്ട്. വ്യക്തിയുടെ ബുദ്ധിവൈഭവം മാത്രമല്ല, അയാളുടെ പെരുമാറ്റത്തിലെ മാന്യത, സംസാരത്തിലെയും ശരീരഭാഷയിലെയും ശാന്തത / ആക്രമണോത്സുകത, നിത്യജീവിതത്തിൽ അയാൾ പുലർത്തുന്ന സംസ്കാരം തുടങ്ങി അയാളുടെ ശരീരത്തിന്റെയും വീട്ടിലെയും ശുചിത്വം പോലും ജാതിജീനുകളാൽ നിർണയിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ജാതീയമായി താഴെ തട്ടിൽ കിടക്കുന്നവർ വൃത്തിഹീനരും സാംക്രമികരോഗവാഹകരും ആണെന്ന് അസ്പൃശ്യതയുടെ ശാസ്ത്രീയാകാരണമായി ഇന്നും പ്രതിപാദിക്കുന്നവർ ഉണ്ട്. ജാതിവ്യവസ്ഥ നൂറ്റാണ്ടുകളായി സൃഷ്‌ടിച്ച സാമൂഹികാസമത്വത്തെ പൂർണ്ണമായും മറന്നു കൊണ്ടും തുല്യതയിൽ ഊന്നിയ നവസാമൂഹികക്രമത്തിൽ സൃഷ്ടിക്കപ്പെടുന്ന അവസരങ്ങളുടെ സാർവികവിതരണത്തെ ഉൾക്കൊള്ളാൻ തയ്യാറല്ലാതെയും ആണ് ഇത്തരം മുൻവിധികളിൽ സമൂഹം എത്തിച്ചേരുന്നത്.

ജാതിവിവേചനത്തെ ന്യായീകരിക്കാൻ ശാസ്ത്രത്തെ വളച്ചൊടിച്ചതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോവിഡ് പ്രതിരോധമാർഗങ്ങളെക്കുറിച്ച് ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില സന്ദേശങ്ങൾ. സാമൂഹിക അകലപാലനത്തെ അയിത്തത്തോടും കൈകഴുകലിനെ പുണ്യാഹശുദ്ധിയോടും എല്ലാം ഉപമിച്ചു കൊണ്ട് ആണ് അനാചാരങ്ങൾ ‘ശാസ്ത്രീയ’ മാണെന്നു ഒട്ടേറെ പേർ പ്രചരിപ്പിച്ചത്. ശാസ്ത്രസമൂഹത്തിൽ നിന്നും അല്ല ഇത്തരം പ്രചാരണം സംഭവിച്ചത് എങ്കിൽ പോലും വിദ്യാസമ്പന്നരായ, സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടപെടലുകൾ നടത്തുന്ന ഒട്ടേറെ പേർ ഇത്തരം സന്ദേശങ്ങൾ കൈമാറുകയും നവമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തിരുന്നു. അനവധി വാട്സാപ്പ് ഫോർവേഡ് സന്ദേശങ്ങളിൽ ഒന്നായി ഇതും അപ്രത്യക്ഷമായി എങ്കിലും 2020ലും ജാതി വിവേചനത്തിന്റെ ശാസ്ത്രീയാധികാരികത ഇത്രയും വ്യാപകമായി വിശ്വസിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവായിരുന്നു ഇത്.

പ്രതിരോധം ശാസ്ത്രത്തിലൂടെ

ശാസ്ത്രലോകത്തെ ബാധിച്ചിട്ടുള്ള പല വൈറസുകളിൽ ഒന്നാണ് വംശീയത. അധികാരശക്തി കൈയാളുന്ന സമൂഹത്തിന് അത് നിലനിർത്തിക്കൊണ്ടുപോവാൻ വംശം എന്ന സങ്കൽപം ആവശ്യം ആവുകയും ശാസ്ത്രം നൽകുന്ന ഉത്തരങ്ങളെല്ലാം തന്നെ ഏറ്റവും സ്വീകാര്യമായ ഉത്തരങ്ങൾ ആയി പരിഗണിക്കപ്പെടുകയും ചെയ്ത സമയം മുതൽ സയന്റിഫിക് റേസിസം നില നിൽക്കുന്നുണ്ട്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പഠനങ്ങളെയും കപടശാസ്ത്രങ്ങളെയും ശാസ്ത്രം എന്ന് തെറ്റിദ്ധരിപ്പിച്ചു വേർതിരിവിന്റെ, അധികാരശ്രേണിയുടെ അടിത്തറ ഉറപ്പിക്കുന്ന ഈ ഏർപ്പാട് ചെറുത്തുനിൽക്കാൻ ശാസ്ത്രലോകത്തു നിന്നു തന്നെ ശ്രമങ്ങൾ നടന്നുവെങ്കിലും ഇപ്പോഴത് തിരിച്ചു വരവിന്റെ പാതയിലാണ്. അസമത്വങ്ങളെ നീതീകരിക്കാനും ചില വിഭാഗം മനുഷ്യരുടെ മേൽക്കോയ്മയെ സാധൂകരിക്കാനും ശാസ്ത്രത്തിന്റെ യുക്തിമൂലകത്വത്തെ ദുരുപയോഗം ചെയ്യുന്നതിലൂടെ കപടശാസ്ത്രവും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ പ്രയാസപ്പെടുന്ന അവസ്ഥ വരുന്നു. ശാസ്ത്രത്തിനും സമൂഹത്തിനും ഇത് കേടുപാട് തന്നെയാണ് ഉണ്ടാക്കുന്നത്. ഇതിനോടുള്ള ഏറ്റവും വലിയ പ്രതിരോധം ശാസ്ത്രത്തിന്റേതു തന്നെയാണ്. അടിച്ചമർത്തപ്പെട്ടവരുടെ, ശ്രേണിയിലെ താഴത്തെ കണ്ണിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രാതിനിധ്യം ശാസ്ത്രമേഖലയിൽ ഏറിവരുന്നതിലൂടെയേ ശാസ്ത്രത്തിനു ഈ ചെറുത്തുനിൽപ്പ് സാധ്യമാവുകയുള്ളു. പല പ്രമുഖ ശാസ്ത്രസംഘടനകളും ശാസ്ത്രജേർണലുകളും എല്ലാം വിവേചനമനുഭവിക്കുന്ന സാമൂഹ്യവിഭാഗങ്ങളുടെ ശാസ്ത്രപങ്കാളിത്തത്തെ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നത് ഇത് കൊണ്ടാണ്. എന്നാൽ വൈവിധ്യമാർന്ന പ്രാതിനിധ്യം എന്ന നയം, അസമത്വങ്ങളെ ദുരീകരിക്കാനുള്ള ഉത്തരവാദിത്തം അടിച്ചമർത്തപ്പെട്ടവരുടെ തോളുകളിൽ മാത്രം കയറ്റി വെക്കാൻ വേണ്ടിയാകരുത്. അത് ശാസ്ത്രലോകത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്.

കൂടാതെ മനുഷ്യവംശത്തിലെ വൈവിധ്യങ്ങളെക്കുറിച്ചുള്ള പല ശാസ്ത്രപഠനങ്ങളിലും സാമൂഹികവും സാംസ്കാരികവുമായ വാരിയബിളുകൾ പരിഗണിക്കാതെയുള്ള അപഗ്രഥനരീതി അശാസ്ത്രീയമാണെന്നും അവ തെറ്റായ നിഗമനങ്ങളിലേക്കു നയിക്കുമെന്നും മനസിലാക്കേണ്ടതുണ്ട്. അവസരങ്ങളുടെയും പദവികളുടെയും തുല്യതയിലൂന്നിയ സാമൂഹികക്രമത്തിൽ ഏവരും ശാസ്ത്രത്തെ അറിയുകയും ശാസ്ത്രം സയന്റിഫിക് റേസിസം മുതലായ വൈറസുകളിൽ നിന്നും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.


അധികവായനയ്ക്ക്

 1. Garrod,     Joel Z. “A     Brave Old World: An Analysis of Scientific Racism and BiDil®.“McGill Journal of Medicine: MJM 9.1 (2006): 54.
 2.   Is  India a racist country?’, The Hindu, 2017     
 3.     Krimsky,     Sheldon. “The short life of a race drug.The Lancet, 379.9811(2012): 114-115.
 4.     Nelson, Robin. “Racism in science: the taint that lingers.“Nature 570.7762     (2019): 440-442.
 5.     ‘Racism     in India: A shrouded reality’,     Shivangi, Reader’ Blog, The Times of India, 2020 
 6.     Ruane, M. E. “Brief History of the Enduring Phony Science that Perpetuates White Supremacy.”Washington     Post(2019).
 7.     Saini,Angela.Superior: the return of race science. Beacon Press, 2019.
 8.     Sarich,Vincent, and Frank Miele.”Race:The reality of human differences.”Westview Press, 2005.
 9.     Skibba, Ramin. “The disturbing resilience of scientific racism.”     Smithsonian Magazine 20 (2019).
 10.     The Cell Editorial Team, Leading Edge, “Science Has a Racism Problem.Cell, 181(2020).

അനുബന്ധ വായനയ്ക്ക്

 1. അസമത്വത്തിന്റെ കപടശാസ്ത്രങ്ങൾ
 2. മാനുഷരെല്ലാരുമൊന്നുപോലെ – തന്മാത്രാ ജീവശാസ്ത്രം നൽകുന്ന തെളിവുകൾ
 3. സ്റ്റീഫന്‍ ജയ്ഗോള്‍ഡിന്റെ ജ്ഞാനശാസ്ത്ര സമീപനങ്ങള്‍ – ഒരാമുഖം
Happy
Happy
75 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആർ.ഹേലിയും കേരളത്തിലെ കൃഷിയും
Next post ഓക്സ്ഫോർഡ് വാക്സിൻ: ഇത്രയും തെളിവുകൾ ലഭ്യമാണ്
Close