എക്സ് മാക്കിന : യന്ത്രങ്ങൾക്ക് ബുദ്ധി വരുമ്പോൾ


ബാലചന്ദ്രൻ ചിറമ്മിൽ

റോബോട്ടുകൾ കഥാപാത്രങ്ങളായ സിനിമകൾ മലയാളികൾക്ക് സുപരിചിതമാണ്, പ്രത്യേകിച്ചും “ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25” പുറത്തിറങ്ങിയതോടെ. ഇതിന് മുൻപും റോബോട്ടുകൾ കഥാപാത്രമായി വരുന്ന സിനിമകൾ മലയാളികൾ അൽഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്. ടെർമിനേറ്റർ സീരീസ് സിനിമകൾ അതിൽ തന്നെ ടെർമിനേറ്റർ 4: ജഡ്ജ്മെന്റ് ഡെ മലയാളികളെ വിസ്മയിപ്പിച്ച സിനിമയാണ്. പിന്നെ രജനിയുടെ പ്രസിദ്ധമായ സിനിമ “യന്തിരൻ” കാണാത്ത മലയാളികൾ കുറവായിരിക്കും.

Metropolis/Fritz Lang/Germany/1927

റോബോട്ട് സിനിമകളുടെ ചരിത്രം 1927 മുതൽ തുടങ്ങുന്നു. ഫ്രിറ്റ്സ് ലാങ് സംവിധാനം നിർവഹിച്ച മെട്രോപോലിസ് ആണ് റോബോട്ട് കഥാപാത്രമായ ആദ്യ സിനിമ. പക്ഷെ മെട്രോപൊലിസ് ഒരു സയൻസ് ഫിക്ഷൻ എന്നതിലുപരി ഒരു രാഷ്ട്രീയ സിനിമയാണ്. സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളിലൊന്നായി ലോകം വാഴ്ത്തിയ മെട്രോപൊലിസ് മുതലാളിത്ത ചൂഷണത്തെയാണ് ചർച്ച ചെയ്യുന്നത്. മെട്രോപൊലിസിന് മുൻപ്  “ദ മാസ്റ്റർ ഓഫ് മിസ്റ്ററി” എന്ന  ഒരു ടെലിവിഷൻ സീരീസ് റോബോട്ടിനെ കഥാപാത്രമാക്കി പുറത്തിറങ്ങിയിട്ടുണ്ട്.

മെട്രോപൊലിസ് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീടിങ്ങോട്ട് റോബോട്ടുകൾ കഥാപാത്രമായ നിരവധി സിനിമകൾ പുറത്തിറങ്ങി. ഒന്നിനൊന്ന് മികച്ചവയാണ് ഓരോന്നും. എന്നാൽ അലക്സ് ഗാർലാന്റ് സംവിധാനം ചെയ്ത “എക്സ് മാക്കിന”  ഇവയിൽ നിന്നൊക്കെ വ്യത്യസ്തമാകുന്നത് അതിന്റെ അവതരണ രീതി കൊണ്ടും കഥയുടെ വ്യത്യസ്തത കൊണ്ടുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അതിന്റെ ഏറ്റവും വികസിതമായ അവസ്ഥയിൽ ഉപയോഗിച്ച ഒരു റോബോട്ടാണ് ഇതിലെ കഥാപാത്രം : അയ്‌വ.

യന്ത്രങ്ങളുടെ ഏറ്റവും വലിയ ന്യൂനത അതിനു സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയില്ല എന്നുള്ളതാണ്. മനുഷ്യന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രമേ അതിന് പ്രവർത്തിക്കാനാവൂ. ആദ്യകാല റോബട്ടുകൾ വെറും യന്ത്രങ്ങൾ മാത്രമായിരുന്നു. ഈ ആവസ്ഥയിൽ നിന്നും റോബട്ടുകളെ സ്വയം കാര്യങ്ങൾ തീരുമാനിക്കാനുള്ള ശേഷിയുള്ള യന്ത്രങ്ങളാക്കി മാറ്റുകയാണ് ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ചെയ്യുന്നത്. ഇപ്പോൾ തന്നെ പല ആധുനിക ഫാക്റ്ററികളിലും ഹോട്ടലിലും മറ്റും റോബട്ടുകൾ സാധാരണ മനുഷ്യരോടൊപ്പം ജോലി ചെയ്യുന്നുണ്ട്.

സെർച്ച് എഞ്ചിനുകളിൽ “സർഫ്” ചെയ്യുന്നവരുടെ സ്വഭാവം മനസ്സിലാക്കുവാൻ ഇപ്പോൾ ‘AI’ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അയ്‌വ ഏറ്റവും ആധുനികമായ AI’ ഉപയോഗിച്ച് നിർമിച്ച റോബോട്ട് ആണ്. അത് ഭാവികാലത്തെ റോബോട്ടാണ്. അതിന് ചിന്തിക്കാനും വിവരങ്ങൾ “അനലൈസ്” ചെയ്യാനും സ്വയം തീരുമാനമെടുക്കാനും ഉള്ള ശേഷി ഉണ്ട്. മാത്രമല്ല അതിന് മൃദുലവികാരങ്ങൾ, എന്തിന് ലൈംഗികത പോലും ഉണ്ട്. ലൈംഗികബന്ധത്തിലേർപ്പെടാനും അതിന് സാധിക്കും. അത്തരം ഒരു റോബോട്ടാണ് “എക്സ് മാക്കിന” യിലെ പ്രധാന കഥാപാത്രം.

ഏഴ് ഭാഗങ്ങളായി തിരിച്ച സിനിമ തുടങ്ങുന്നത് ബ്ലു ബുക്ക് എന്ന സെർച്ച് എഞ്ചിൻ കമ്പനി കാലെബ് സ്മിത് എന്ന അവരുടെ ഒരു തൊഴിലാളിയെ ഒരു മത്സരത്തിലൂടെ അവരുടെ ഉടമ നാഥെൻ ബെയ്റ്റ്മാൻറെ  ആഢംബര വീട്ടിൽ ഏഴ് ദിവസം കഴിഞ്ഞ് കൂടാൻ തെരെഞ്ഞെടുക്കുന്നിടത്ത് നിന്നാണ്. മത്സരം വെറും തട്ടിപ്പായിരുന്നു എന്നും കാലെബ് നേരത്തെ തെരെഞ്ഞെടുക്കപ്പെട്ട വ്യക്തി ആയിരുന്നു എന്നും പിന്നീട് വ്യക്തമാവുന്നുണ്ട്. അത് പ്രകാരം കാലെബ് ഒരു ഹെലികോപ്റ്ററിൽ വനത്തിലുള്ള  നാഥൻ ബെയ്റ്റ്മാന്റെ അത്യാഢംബര വസതിയിൽ എത്തുന്നു. അവിടെ കാലെബും നാഥനും അയ്‌വയും കൂടാതെ ക്യോകൊ എന്ന ബധിരയും മൂകയുമായ പണിക്കാരിയും ഉണ്ട്. ക്യോകെയും ഒരു റോബട്ടാണ് എന്ന് പിന്നീട് മനസ്സിലാകും.   അവിടെ കാലെബിന് ഒരു ദൗത്യമുണ്ടായിരുന്നു. അയ്‌വയുമായി സൗഹൃദബന്ധത്തിൽ ഏർപ്പെട്ട്  കാര്യങ്ങൾ “അനലൈസ്” ചെയ്യാനുള്ള അവളുടെ ശേഷി കണ്ടെത്തുക എന്നതാണ് ആ ദൗത്യം.

ഓരൊ ദിവസവും കാലെബും അയ്‌വയും ഒരു നിശ്ചിത സമയം സംഭാഷണത്തിലേർപ്പെടും. അതിന്റെ റിപ്പോർട് വൈകുന്നേരം നാഥനെ ഏൽപ്പിക്കണം. ഇതാണ് അയാൾ ചെയ്യേണ്ടത്. നാഥന്റെ വീട് പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമാണ്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടാൽ എല്ലാ വാതിലുകളും സ്വയം “ലോക്ക്” ആകും. എല്ലാ ആക്റ്റിവിറ്റികളും നാഥന്റ്റെ കണ്മുന്നിൽ കാണത്തക്കവിധം സിസിടിവി ക്യാമറയും സ്പീക്കറും കൊണ്ട് വീട് മുഴുവൻ ബന്ധിപ്പിച്ചിട്ടുണ്ട്. എല്ലാം നാഥൻ “മോണിറ്റർ” ചെയ്യും ഈന്നർഥം. എന്നാൽ വൈദ്യുതി ഇല്ലാതായാൽ ഇവ പ്രവർത്തിക്കില്ല.

ഒന്നാം ദിവസം അയ്‌വയുമായുള്ള സംഭാഷണം വലിയ പ്രശ്നങ്ങളില്ലാതെ കടന്ന് പോയി. എന്നാൽ രണ്ടാം ദിവസം സംഭാഷണത്തിനിടയിൽ വൈദ്യുതിബന്ധം നഷ്ടപ്പെട്ടപ്പോൾ അയ്‌വ കാലെബിനോട് പറഞ്ഞു “ നാഥൻ വിശ്വസിക്കാൻ കൊളളാത്തവനാണ്’ എന്ന്. അതോടെ അയ്‌വയുടെ തീരുമാനമെടുക്കാനും നടപ്പാക്കാനുമുള്ള ശേഷി അമ്പരിപ്പിക്കും വിധം കൃത്യതയുള്ളതാണ് എന്ന് കാലെബ് കണ്ടെത്തുന്നതോടെ സിനിമയുടെ മുന്നോട്ട് പോക്ക് സങ്കീർണമാകുന്നു. മാത്രമല്ല അവിടുത്തെ വൈദ്യുതി ബന്ധം വിഛേദിക്കാനും പുനസ്ഥാപിക്കാനും അയ്‌വക്ക് കഴിയും എന്നും കാലെബിന് മനസ്സിലായി. ക്രമേണ അയ്‌വയുമായി കാലെബിന് ആർദ്രമായ ഒരു പ്രണയം ഉണ്ടാവുന്നു. ഇത് പക്ഷെ   കാലെബിനെ ഉപയോഗപ്പെടുത്തി  അവിടെ നിന്നും രക്ഷപ്പെടാനുള്ള അയ്‌വയുടെതന്ത്രമാണ് എന്ന് പിന്നീട് മനസ്സിലാകുന്നുണ്ട്.  അതോടൊപ്പം കാലെബ് അറിയാതെ നാഥൻ അയാളെ മോണിറ്റർ ചെയ്യുന്നതും നാഥനെ കബളിപ്പിച്ച് അയ്‌വ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഒക്കെയാവുമ്പോൾ സിനിമ ഒരു ത്രില്ലർ തലത്തിലേക്ക് മാറുന്നു.

കൃത്രിമബുദ്ധിയുടെ അനന്തമായ സാധ്യതകൾ മാത്രമല്ല അത് ഉയർത്തിയേക്കാവുന്ന അപകടങ്ങളെ കുറിച്ചും വളരെ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന സിനിമ ഭാവിയിൽ ഉണ്ടായേക്കാവുന്ന  കൃത്രിമബുദ്ധിയുടെ പ്രായോഗികമായ പ്രവർത്തനങ്ങളെയും സഹായിച്ചേക്കും. ലോകത്തിലെ പല കണ്ടുപിടുത്തങ്ങൾക്കും അവയെ കുറിച്ചുള്ള കഥകളും സിനിമകളും ഒക്കെ പ്രചോദനമായിട്ടുണ്ട് എന്ന് ഓർക്കുക.

ലണ്ടനിൽ ഒരു മനശ്ശാസ്ത്രജ്ഞന്റെ മകനായി ജനിച്ച അലെക്സ് ഗാർലാന്റിൻറ്റെ ആദ്യ സിനിമയാണിത്. അതിന് മുൻപ് തന്നെ അദ്ദേഹം അറിയപ്പെടുന്ന ഒരു എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ “ദ ബീച്ച്” എന്ന നോവൽ പ്രശസ്തമാണ്.

കമ്പ്യൂട്ടറുകൾ ലോകത്തെ കീഴടക്കിയേക്കാം എന്ന സൂചനയാണ് സിനിമ നമുക്ക് തരുന്നത്. ലോകപ്രശസ്ത സംവിധായകനായ ഗൊദ്ദാർദ് വളരെ മുൻപ് തന്നെ ലോകത്തെ കമ്പ്യൂട്ടറുകൾ കീഴടക്കുന്നതും ഒടുവിൽ ഒരു മനുഷ്യൻ കമ്പ്യൂട്ടറുകളെ നശിപ്പിക്കുന്നതുമായ ഒരു സിനിമ ചെയ്തിട്ടുണ്ട്. അതിനെ പറ്റി പിന്നീട് എഴുതാം.


സിനിമയുടെ Trailer


Leave a Reply