മാക്സ് പ്ലാങ്ക് ജന്മദിനം

ടി വി നാരായണൻ

ആൽബർട്ട് ഐൻസ്റ്റൈൻ എഴുതി, “അദ്ദേഹത്തിന്റെ കണ്ടെത്തൽ ഇരുപതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തിലെ എല്ലാ ഗവേഷണങ്ങളുടെയും അടിസ്ഥാനമായിത്തീർന്നു. ഈ കണ്ടുപിടിത്തമില്ലായെങ്കിൽ തന്മാത്രകളുടെയും ആറ്റങ്ങളുടെയും അവയുടെ പരിവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഊർജ്ജ പ്രക്രിയകളുടെയും പ്രവർത്തനക്ഷമമായ ഒരു സിദ്ധാന്തം സ്ഥാപിക്കാൻ കഴിയുമായിരുന്നില്ല”.

ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ (Max Karl Ernst Ludwig Planck, 23 April 1858 – 4 October 1947) ജന്മദിനമാണ് ഏപ്രിൽ 23. മാക്സ് കാൾ ഏണസ്റ്റ് ലുഡ്വിഗ് പ്ലാങ്ക് 1858 ഏപ്രിൽ 23-ന് ജർമ്മനിയുടെ വടക്കൻ തീരത്തുള്ള കീലിൽ ജനിച്ചു. അദ്ദേഹത്തിന് അഞ്ച് മൂത്ത സഹോദരന്മാരുണ്ടായിരുന്നു. പിതാവ് ജോഹാൻ പ്ലാങ്ക് പ്രൊഫസറായിരുന്നു. എമ്മ പാറ്റ്സിഗ് എന്നായിരുന്നു മാക്സിന്റെ അമ്മയുടെ പേര്.

മാക്സ് കീലിലെ പ്രാഥമിക വിദ്യാലയത്തിൽ ചേർന്നു. 1867-ൽ, അദ്ദേഹത്തിന് 9 വയസ്സുള്ളപ്പോൾ കുടുംബം തെക്കൻ ജർമ്മനിയിലെ മ്യൂണിക്കിലേക്ക് താമസം മാറ്റി. മാക്‌സിന് ഗണിതശാസ്ത്രത്തിൽ പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹത്തിന്റെ അധ്യാപകരിൽ ഒരാളായ ഹെർമൻ മുള്ളർ (Hermann Muller) ശ്രദ്ധിച്ചു. അദ്ദേഹം പാഠ ഭാഗത്തില്ലാതിരുന്ന, ജ്യോതിശാസ്ത്രത്തിലും മെക്കാനിക്‌സിലുമുള്ള കൂടുതൽ കാര്യങ്ങൾ പഠിപ്പിച്ചു.

സംഗീതത്തിലും കഴിവു തെളിയിച്ച വിദ്യാർത്ഥിയായിരുന്നു മാക്സ്. സെല്ലോയും പിയാനോയും വിദഗ്ധമായി വായിക്കുകയും നന്നായി പാടുകയും ചെയ്തിരുന്ന മാക്സ് പാട്ടുകൾ എഴുതുകയും ചെയ്യുമായിരുന്നു. യൂണിവേഴ്സിറ്റി ഗായകസംഘത്തിൽ അദ്ദേഹം പാടുകയും ഒരു മിനി ഓപ്പറ രചിക്കുകയും ചെയ്തു.

പിഎച്ച്.ഡി. 21 വയസ്സിൽ

1874-ൽ 17 വയസ്സുള്ളപ്പോൾ മ്യൂണിച്ച് സർവകലാശാലയിൽ ചേർന്നു. ഭൗതികശാസ്ത്രത്തിലെ തന്റെ താൽപ്പര്യത്തെക്കുറിച്ച് പ്രൊഫസർ ഫിലിപ്പ് വോൺ ജോളിയോട് സംസാരിച്ചപ്പോൾ ജോളി നൽകിയ മറുപടി പിന്നീട് പ്രശസ്തമായി. “ഭൗതികശാസ്ത്രത്തിൽ മിക്കവാറും എല്ലാം ഇതിനകം കണ്ടെത്തിയിട്ടുണ്ട്, കുറച്ച് ചെറിയ വിടവുകൾ നികത്തുക മാത്രമാണ് അവശേഷിക്കുന്നത്.” അക്കാലത്തെ പല ഭൗതികശാസ്ത്രജ്ഞരും ജോളിയുടെ അഭിപ്രായക്കാരായിരുന്നു. “പ്രപഞ്ചത്തിലെ ഭൂരിഭാഗം കാര്യങ്ങളും തങ്ങൾ ഇതിനകം കണ്ടുപിടിക്കുകയും മനസ്സിലാക്കുകയും ചെയ്തുവെന്ന്” അവർ വിശ്വസിച്ചു. പക്ഷെ, പ്ലാങ്ക് ഭൗതികശാസ്ത്രം തന്നെ പഠിക്കാൻ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഗണിതശാസ്ത്രപരമായ കഴിവുകൾ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ ലോകത്ത് അദ്ദേഹത്തിന് സഹായകരമായി.

അധ്യാപകരുടെ സ്വാധീനം

ഫ്രെഡറിക് വിൽഹെംസ് സർവകലാശാല, 1950

1877 ലെ വിന്റർ സെമസ്റ്ററിൽ, ഒരു വർഷത്തേക്ക് ബെർലിനിലെ ഫ്രെഡറിക് വിൽഹെംസ് സർവകലാശാലയിലേക്ക് മാറി. അവിടെ ഭൗതികശാസ്ത്രത്തിലെ അതികായൻമാരായ ഹെർമൻ വോൺ ഹെൽംഹോൾട്ട്സും (Hermann Ludwig Ferdinand von Helmholtz) ഗുസ്താവ് കിർച്ചോഫും (Gustav Robert Kirchhoff ) പഠിപ്പിച്ചു. ഹെൽമോൾട്ട്സിന്റെ ശാസ്ത്രീയ സമഗ്രത, സത്യസന്ധത, ദയ, എളിമ, സഹിഷ്ണുത എന്നിവയൊക്കെ പ്ലാങ്കിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.

ഹെർമൻ വോൺ ഹെൽഹോൾട്ട്സും ഗുസ്താവ് കിർച്ചോഫും

വിവിധ ശാസ്ത്ര മേഖലകളിൽ പ്രമുഖനായ ഹെൽംഹോൾട്ട്സിന്റെ ഭൗതികശാസ്ത്ര അഭിനിവേശങ്ങളിലൊന്ന് തെർമോഡൈനാമിക്സ് ആയിരുന്നു .അതോടെ പ്ലാങ്ക് തെർമോഡൈനാമിക് സിദ്ധാന്തത്തിൽ കൂടുതൽ ആകൃഷ്ടനായി. തെർമോഡൈനാമിക്സിന്റെ സ്ഥാപകരിലൊരാളായ റുഡോൾഫ് ക്ലോസിയസിന്റെ പ്രബന്ധങ്ങൾ വിശകലനം ചെയ്തു കൊണ്ട് തന്റെ സ്വന്തം ഗവേഷണ പരിപാടി ആരംഭിച്ചു.

വീണ്ടും മ്യൂണിക്കിലേക്ക്

1878-ന്റെ അവസാനത്തിൽ പ്ലാങ്ക് മ്യൂണിക്കിലേക്ക് മടങ്ങി. ഏതാനും മാസങ്ങൾക്കുശേഷം, 1879 ഫെബ്രുവരിയിൽ, തെർമോഡൈനാമിക്സിന്റെ രണ്ടാം നിയമത്തെക്കുറിച്ച് അദ്ദേഹം ഒരു ഡോക്ടറൽ തീസിസ് സമർപ്പിച്ചു. മൂന്ന് മാസത്തിന് ശേഷം – 21 വയസ്സിൽ – പിഎച്ച്.ഡി നേടി. തമാശയായി പറയാറുള്ള ഒരു കാര്യമുണ്ട് – പി എച്ച് ഡി തീസിസ് ഡിഫൻസ് സമയത്ത് അദ്ദേഹത്തോട് ചോദിച്ച ചോദ്യങ്ങളിൽ നിന്നും പ്രൊഫസർമാരിൽ ആർക്കും തന്റെ തീസിസ് മനസ്സിലായില്ല എന്ന നിഗമനത്തിലാണ് താനെത്തിയത് എന്ന് !!. 22-ആം വയസ്സിൽ, പ്ലാങ്ക് മ്യൂണിച്ച് സർവകലാശാലയിൽ ഭൗതികശാസ്ത്ര അദ്ധ്യാപകനായി. ഗവേഷണം എൻട്രോപ്പിയിൽ കേന്ദ്രീകരിച്ചു.

ബെർലിനിലേക്ക് മടക്കം

കീൽ സർവകലാശാലയുടെ മുദ്ര

27-ാം ജന്മദിനത്തിൽ, പ്ലാങ്ക് കീൽ സർവകലാശാലയിൽ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ അസോസിയേറ്റ് പ്രൊഫസറായി. 1889 ഏപ്രിലിൽ, ഗുസ്താവ് കിർച്ചോഫിന്റെ സ്ഥാനം ഏറ്റെടുക്കുന്നതിനായി പ്ലാങ്ക് ബെർലിനിലേക്ക് മടങ്ങി. 1892-ൽ പ്ലാങ്ക് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ പൂർണ്ണ പ്രൊഫസറായി. പ്ലാങ്കിന്റെ രണ്ട് പിഎച്ച്.ഡി. വിദ്യാർത്ഥികൾ പിന്നീട് ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനങ്ങൾ നേടി. മാക്സ് വോൺ ലോയും വാൾതർ ബോത്തും.

ക്വാണ്ടം സിദ്ധാന്തം

1900-ൽ അദ്ദേഹം ചൂടുള്ള വസ്തുക്കൾ പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക സ്പെക്ട്രത്തെക്കുറിച്ചുള്ള പഠനത്തിലായിരുന്നു. ക്ലാസിക്കൽ ഫിസിക്സ് അനുസരിച്ച് വിശദീകരിക്കാൻ പ്രയാസകരമായ ചില കാര്യങ്ങളുണ്ട്.
വസ്തുക്കൾ ചൂടാകുമ്പോൾ അവ ഊർജ്ജം പ്രസരിപ്പിക്കുന്നു. ഇരുണ്ട വസ്തു (Black Body) അതിൽ വീഴുന്ന എല്ലാ വൈദ്യുതകാന്തിക വികിരണങ്ങളും ആഗിരണം ചെയ്യും. ചൂടാക്കുമ്പോൾ, വൈദ്യുതകാന്തിക തരംഗങ്ങളുടെ രൂപത്തിൽ ഊർജ്ജം പുറത്തുവിടുകയും ചെയ്യും. ഈ ഊർജപ്രസരണം തുടർച്ചയായ കണങ്ങളായിട്ടാകുമെന്നാണ് ക്ലാസ്സിക്കൽ ഫിസിക്സ് വിശദീകരിച്ചത്. എന്നാൽ ഇവ കണികകളുടെ തരംഗങ്ങളാണെന്നും ഇവയ്ക്ക് ദൃശ്യപ്രകാശം, അൾട്രാവയലറ്റ്, ഇൻഫ്രാറെഡ് പ്രകാശം എന്നിങ്ങനെ വിശാലമായ തരംഗദൈർഘ്യങ്ങളുണ്ടെന്നും കണ്ടെത്തി. നിശ്ചിത അളവുള്ള ഊർജ പാക്കറ്റുകളെയാണ് ക്വാണ്ട എന്നു വിളിച്ചത്. വൈദ്യുതകാന്തിക വികിരണം വഹിക്കുന്ന ഊർജ്ജത്തെ പ്ലാങ്കിന്റെ സ്ഥിരാങ്കം എന്ന് വിളിക്കുന്ന ഒരു സംഖ്യ കൊണ്ട് ഹരിക്കണമെന്ന് പ്ലാങ്ക് കണ്ടെത്തി. (ഇത് h എന്ന അക്ഷരത്താൽ പ്രതിനിധീകരിക്കുന്നു)

( ഇ = എച്ച് ന്യൂ) ഇവിടെ E എന്നത് ഊർജ്ജമാണ്, h ആണ് പ്ലാങ്കിന്റെ സ്ഥിരാങ്കം, ν എന്നത് വൈദ്യുതകാന്തിക വികിരണത്തിന്റെ ആവൃത്തിയാണ്. പ്ലാങ്കിന്റെ സ്ഥിരാങ്കം 6.626 x 10-34 J s ആണ്.

ക്വാണ്ടം സിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിന്റെ സൈദ്ധാന്തിക അടിത്തറയായി മാറി. ആറ്റോമിക്, സബ് ആറ്റോമിക് തലത്തിൽ ദ്രവ്യത്തിന്റെയും ഊർജ്ജത്തിന്റെയും അവസ്ഥയും സ്വഭാവവും വിശദീകരിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. സൂക്ഷ്മ തലത്തിലുള്ള ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും സ്വഭാവത്തിന്റെ പഠനത്തെ ക്വാണ്ടം ഫിസിക്സ് എന്നും ക്വാണ്ടം മെക്കാനിക്സ് എന്നും അറിയപ്പെടുന്നു.

ഐൻസ്റ്റൈന്റെ കഴിവ് തിരിച്ചറിഞ്ഞയാൾ

ആൽബർട്ട് ഐൻസ്റ്റീന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ആദ്യ ശാസ്ത്രജ്ഞരിൽ ഒരാളാണ് പ്ലാങ്ക്. 1905-ൽ, ബേണിലെ സ്വിസ് പേറ്റന്റ് ഓഫീസിലെ സാധാരണ ജീവനക്കാരനായിരുന്ന ഐൻ‌സ്റ്റൈൻ, പ്ലാങ്ക് എഡിറ്ററായിരുന്ന ഭൗതികശാസ്ത്ര ജേണലിലേക്ക് അഞ്ച് പ്രബന്ധങ്ങൾ അയച്ചു. അവയുടെ ഗൗരവം മനസ്സിലാക്കിയ പ്ലാങ്ക് ലേഖനങ്ങൾ റിവ്യൂവിന് അയയ്ക്കാതെ വേഗത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1914-ൽ ബെർലിനിൽ പ്രൊഫസറായി ജോലി ലഭിക്കാൻ ഐൻസ്റ്റീന് സഹായം ചെയ്തത് പ്ലാങ്കാണ്. നാസികൾ ജർമ്മനിയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, ജർമ്മനിയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഐൻസ്റ്റീന്റെയും മറ്റ് ജൂത ശാസ്ത്രജ്ഞരുടെയും സഹായത്തിനെത്തി. 1938-ൽ നാസികൾ പ്രഷ്യൻ അക്കാദമി ഏറ്റെടുത്തു. പ്ലാങ്ക് അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

ജീവിതരേഖ 

വ്യക്തിജീവിതം ഒട്ടേറെ സങ്കടങ്ങളുടെതായിരുന്നു. 1887 മാർച്ചിൽ 28 വയസ്സുള്ള പ്ലാങ്ക് മേരി മെർക്കിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് നാല് കുട്ടികളുണ്ടായിരുന്നു: കാൾ, ഗ്രെറ്റ്, എമ്മ, എർവിൻ. തന്റെ ജീവിത കാലത്തു തന്നെ ഭാര്യയുടെയും അവരുടെ എല്ലാ മക്കളുടെയും മരണം കാണേണ്ടി വന്ന ഹതഭാഗ്യനായിരുന്നു മാക്സ് പ്ലാങ്ക്. ഭാര്യ മേരി 1909-ൽ ക്ഷയരോഗം ബാധിച്ച് മരിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് 1916-ൽ നടന്ന യുദ്ധത്തിൽ മൂത്ത മകൻ കാൾ കൊല്ലപ്പെട്ടു. 1917-ൽ ഗ്രെറ്റ് പ്രസവത്തിൽ മരിച്ചു, പിന്നീട് 1919-ൽ പ്രസവ സമയത്തു തന്നെ എമ്മയും മരിച്ചു. അവരുടെ കുഞ്ഞുങ്ങൾ റ മുത്തച്ഛനായ പ്ലാങ്കിനോടൊപ്പമായിരുന്നു. രാഷ്ട്രീയ പ്രവർത്തകനും വ്യവസായിയുമായിരുന്ന ഇളയ മകൻ ഇർവിനെ അഡോൾഫ് ഹിറ്റ്ലറെ കൊല്ലാൻ പദ്ധതിയിട്ടു എന്ന കുറ്റം ചുമത്തി നാസികൾ 1945-ൽ വധിച്ചു.

തന്റെ ആദ്യ ഭാര്യയുടെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം, പ്ലാങ്ക് മാർഗ വോൺ ഹോസ്ലിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകനുണ്ടായിരുന്നു, ഹെർമൻ. മാർഗയും ഹെർമനും പ്ലാങ്കിനെക്കാൾ ജീവിച്ചിരുന്നു. 1944-ന്റെ തുടക്കത്തിൽ, സഖ്യകക്ഷികളുടെ വ്യോമാക്രമണത്തിൽ ബെർലിനിലെ പ്ലാങ്കിന്റെ വീട് തകർന്നു. അദ്ദേഹത്തിന്റെ എല്ലാ സ്വകാര്യ രേഖകളും ശാസ്ത്രീയ രേഖകളും നശിപ്പിക്കപ്പെട്ടു.

1945 മെയ് മാസത്തിൽ യൂറോപ്പിലെ യുദ്ധം അവസാനിച്ചപ്പോൾ, പ്ലാങ്കും ഭാര്യയും ശേഷിച്ച മകൻ ഹെർമനും പ്രശസ്ത ജർമ്മൻ യൂണിവേഴ്സിറ്റി പട്ടണമായ ഗോട്ടിംഗനിൽ ഒരു ബന്ധുവിന്റെ അടുത്ത് അഭയം കണ്ടെത്തി. അവിടെ വെച്ചാണ് രണ്ട് വർഷത്തിന് ശേഷം മാക്‌സ് പ്ലാങ്ക് 1947 ഒക്ടോബർ 4-ന് 89-ആം വയസ്സിൽ അന്തരിച്ചത്.


ടി വി നാരായണന്റെ #വരയുംകുറിയുംtvn പ്രതിദിന ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്…


മറ്റു ലേഖനങ്ങൾ


Leave a Reply