Read Time:15 Minute


പ്രൊഫ.കെ.പാപ്പൂട്ടി

ലോക ശാസ്ത്രരംഗത്ത് ഇന്ത്യ നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ മുൻനിരയിലാണ് സത്യേന്ദ്രനാഥ് ബോസിന്റെ സ്ഥാനം. ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയക്കു ജന്മം നൽകിയത് ബോസാണ്. ആ രംഗത്ത് ഗവേഷണം നടത്തിയ നിരവധി പേർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചെങ്കിലും ബോസിന് അത് കിട്ടാതെ പോയി എന്നത് ശാസ്ത്രലോകത്ത് അത്ഭുതമുളവാക്കുന്ന കാര്യമാണ്. എങ്കിലും അദ്ദേഹത്തിന്റെ പേര് അനശ്വരമാക്കിക്കൊണ്ട് മൗലിക കണങ്ങളിലെ ഒരു വിഭാഗം ബോസോണുകൾ എന്നാണറിയപ്പെടുന്നത്.

സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും പിമ്പുമുള്ള കാലം ഇന്ത്യയിൽ സയൻസിന്റെ സുവർണകാലമായിരുന്നു എന്നു പറയാം. ഇന്ത്യൻ ശാസ്ത്രജ്ഞർ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന പേരുകളേറെയും അക്കാലത്ത് ജീവിച്ച ശാസ്ത്രജ്ഞരുടേതാണ്: ജെ സി ബോസ്, പി സി റേ, സി വി രാമൻ, എം എൻ സാഹ, പി സി മഹലനോബിസ്, എസ് എൻ ബോസ് – എല്ലാവരും കൽക്കത്തയിൽ ജീവിച്ച് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്നവർ. എങ്ങനെ ഇതു സംഭവിച്ചു, എന്തുകൊണ്ട് ആ മുൻകൈ നമുക്കു നഷ്ടപ്പെട്ടു പോയി തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണെങ്കിലും ഇവിടെ അത് ചർച്ച ചെയ്യുന്നില്ല. ബോസിന്റെ കണ്ടെത്തലിനെക്കുറിച്ച് ഐൻസ്റ്റൈൻ പറഞ്ഞത് അത് ശാസ്ത്ര രംഗത്തെ ഒരു അതിപ്രധാന കാൽവെപ്പാണെന്നാണ്. ഐൻസ്റ്റൈൻ അതിനെ വാതകങ്ങളുടെ ക്വാണ്ടം സിദ്ധാന്തമായി പിന്നീട് വികസിപ്പിച്ചു.

ബോസ് ജനിച്ചത് കൽക്കത്തയിലാണ്, 1894 ജനുവരി 1 ന്. അമോദിനി ദേവിയുടെയും സുരേന്ദ്രനാഥ് ബോസിന്റെയും ഏഴു മക്കളിൽ മൂത്തയാൾ. മറ്റ് ആറുപേരും പെൺകുട്ടികളായിരുന്നു. അച്ഛന് റെയിൽവേയിൽ ജോലി. പഠനം സമീപ സ്ക്കൂളുകളില്‍. പ്രസിഡൻസി കോളേജിൽ ഇന്റർ മിഡിയറ്റ്. അധ്യാപകർ ജെ സി ബോസ്, പി സി റേ തുടങ്ങിയ പ്രഗത്ഭർ. ഡിഗ്രിയും അവിടെത്തന്നെ. 1913 ൽ ഒന്നാം റാങ്കോടെ ഡിഗ്രി. തുടർന്ന് സർ അശുതോഷ് മുഖർജി പുതുതായി തുടങ്ങിയ സയൻസ് കോളേജിൽ നിന്ന് എം. എസ്സ് സി, 1915ൽ (ഇതുവരെ ആരും ഭേദിക്കാത്ത മാർക്കിന്റെ റിക്കാർഡോടെ). രണ്ടാം റാങ്ക് കൂട്ടുകാരൻ മേഘനാഥ് സാഹക്കും. 1914 ൽ ത്തന്നെ ബോസിന്റെ വിവാഹം നടന്നു. അന്നത്തെ രീതി അനുസരിച്ച് വധു 11 വയസ്സുള്ള ഉഷാബതി. അവർ രണ്ട് ആൺകുട്ടികളുടെയും അഞ്ച് പെൺകുട്ടികളുടെയും മാതാവായി.

സയൻസ് കോളേജിൽ തന്നെ ആയിരുന്നു ബോസും സാഹയും ഗവേഷണത്തിനു ചേർന്നത്. പുതുതായി അവതരിപ്പിക്കപ്പെട്ട ആപേക്ഷികതാ സിദ്ധാന്തമായിരുന്നു തെരഞ്ഞെടുത്ത വിഷയം. ഒപ്പം ക്വാണ്ടം സിദ്ധാന്തവും. ആപേക്ഷികതാ സിദ്ധാന്തം പഠിക്കാൻ പുസ്തകമൊന്നും അന്ന് ലഭ്യമായിരുന്നില്ല. ബോസിന് ജർമൻ ഭാഷ വശമുണ്ടായിരുന്നതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. ബോസിന്റെ താല്പര്യം ഫിസിക്സിലും ഗണിതത്തിലും ഒതുങ്ങി നിന്നില്ല. രസതന്ത്രവും ഭൂമിശാസ്ത്രവും ജീവ ശാസ്ത്രവും എല്ലാം അദ്ദേഹം ആഴത്തിൽ പഠിച്ചു. ഭാഷകളിൽ ബംഗാളി കൂടാതെ ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, സംസ്കൃതം തുടങ്ങിയവയും നന്നായറിയാമായിരുന്നു. ശാസ്ത്രീയ സംഗീതത്തിലും താല്പര്യമുണ്ടായിരുന്നു. ‘എസ്രാജ്‌’ ആയിരുന്നു പ്രിയപ്പെട്ട വാദ്യോപകരണം. സാഹിത്യത്തോട്, പ്രത്യേകിച്ച് ടാഗോറിന്റെയും കാളിദാസന്റെ യും ടെന്നിസന്റയും കവിതകളോട്, ഏറെ താല്പര്യമുണ്ടായിരുന്നു.

1916-21 കാലത്ത് രാജാബസാർ കോളേജിൽ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്ത കാലത്ത് ആപേക്ഷികതാ സിദ്ധാന്തം പഠിപ്പിക്കാൻ പുസ്‌തകമില്ലാത്ത പ്രശ്നം അനുഭവപ്പെട്ടപ്പോൾ സാഹയുമായി ചേർന്ന് ഒരു പുസ്തകം രചിക്കാൻ ബോസ് തീരുമാനിച്ചു. ഐൻസ്റ്റൈന്റെ പ്രബന്ധങ്ങൾ പരിഭാഷപ്പെടുത്താനുള്ള അനുവാദം തേടി അദ്ദേഹത്തിന് കത്തെഴുതി. ഐൻസ്റ്റൈൻ സന്തോഷപൂർവം അനുമതി നൽകി. സാഹ സ്പെഷൽ തിയറിയും ബോസ് ജനറൽ തിയറിയും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. (അതേ വർഷം തന്നെയാണ് ഇംഗ്ലണ്ടിലും ഐൻസ്റ്റൈൻ പ്രബന്ധങ്ങളുടെ പരിഭാഷ ഉണ്ടായത്). ബോസും സാഹയും ചേർന്ന് നിരവധി ശാസത്ര പ്രബന്ധങ്ങൾ ഫിലോസഫിക്കൽ മാഗസിൻ പോലുള്ള ജർണലുകളിൽ പ്രസിദ്ധീകരിച്ചു.

1924ൽ ബോസ് ഡാക്ക സർവകലാശാലയിൽ റീഡർ ആയി ചേർന്നു. അവിടെ വെച്ചാണ് അദ്ദേഹം മാക്സ് പ്ളാങ്കിന്റെ പ്രകാശ ഉൽസർജനം സംബന്ധിച്ച ക്വാണ്ടം സിദ്ധാന്തം സൂക്ഷ്മപരിശോധനയ്ക്ക വിധേയമാക്കുന്നത്. താപഗതികം, വിദ്യുത്കാന്തിക സിദ്ധാന്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്ളാങ്കിന്റെ നിർധാരണം തൃപ്തികരമായി ബോസിന് തോന്നിയില്ല. പ്രകാശ ക്വാണ്ടങ്ങളെ ഒരു വാതകമായി കണക്കാക്കിക്കൊണ്ട്, എന്നാൽ ഒരേ ആവൃത്തിയുള്ള എല്ലാ ക്വാണ്ടങ്ങളെയും തത്തുല്യ കണങ്ങൾ (Identical indistinguishable particles) ആയി പരിഗണിച്ച് കൂടുതൽ കൃത്യതയുള്ള ഒരു നിർധാരണം അദ്ദേഹം നടത്തി. ആ ഗവേഷണ പ്രബന്ധം അദ്ദേഹം ഫിലോസഫിക്കൽ മാഗസിന് അയച്ചു കൊടുത്തെങ്കിലും അവർക്ക് സ്വീകാര്യമായില്ല. തുടർന്ന് അദ്ദേഹമത് എൻസ്റ്റൈന് അയച്ചുകൊടുത്തു. തനിക്ക് അത് ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ വേണ്ട ഭാഷാജ്ഞാനമില്ലെന്നും, അതു സാധ്യമാക്കി ‘സൈറ്റ്ഷ്റിഫ്‌റ്റ് ഫ്യൂർ ഫിസിക് ‘ (Zeitschrift für Physik) എന്ന ജർണലിൽ പ്രസീദ്ധീകരിച്ചു വരാൻ സഹായിക്കണമെന്നുമുള്ള ഒരപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്നു.

ആ പ്രബന്ധത്തിന്റെ പ്രാധാന്യം ഐൻസ്റ്റൈന് ഉടൻ മനസ്സിലായി. നാല് പേജ് മാത്രം വലിപ്പമുള്ള അത് ഒരു പുതിയ ശാസത്രശാഖയുടെ പ്രാരംഭമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം തന്നെ അത് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരണത്തിന് നൽകി. തുടർന്ന് അദ്ദേഹം അതിന് അനുബന്ധമായി പ്രയോഗതലത്തിൽ ചില കൂട്ടിച്ചേർക്കലുകളും നടത്തി. അങ്ങനെ അത് ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് ആയി.

1924ൽ രണ്ടു വർഷത്തെ പഠനാവധിയെടുത്ത് ബോസ് പാരിസിൽ പോയി. മദാം ക്യൂറിയോടൊപ്പം ഗവേഷണം നടത്തുകയായിരുന്നു ഉദ്ദേശ്യം. അവിടെ ഹെൻറി ബെക്കറൽ, ലാൻജവിൻ തുടങ്ങിയ പ്രമുഖരോടൊത്തുള്ള പഠനപ്രവർത്തനങ്ങൾക്ക് ശേഷം ജർമനിയിലേക്കു പോയി. ഐൻസ്റ്റൈൻ അദ്ദേഹത്തെ ഹാർദ്ദമായി സ്വീകരിച്ച് മാക്സ് പ്ലാങ്ക്, ഷ്റോഡിഞ്ചർ, പൗളി, ഹൈസൻബർഗ്, സോമർഫെൽഡ് തുടങ്ങിയ പ്രമുഖർക്ക് പരിചയപ്പെടുത്തി. എന്നാൽ അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്ന ഐൻസ്റ്റൈനോടൊപ്പം ഗവേഷണം നടത്തുക എന്നത് സാധ്യമായില്ല. എങ്കിലും ബോസ് ജീവിതകാലം മുഴുവൻ ഐൻസ്റ്റൈനെ തന്റെ ഗുരുവായാണ് പരിഗണിച്ചത്.

ഇന്ത്യാ വിഭജനത്തിനു മുമ്പ് ബോസ് ഡാക്കയിൽ നിന്ന് കൽക്കത്തയിൽ തിരിച്ചെത്തി. 1945 മുതൽ 56 വരെ ബോസ് കൽക്കത്താ സർവകലാശാലയിൽ പ്രൊഫസർ ആയി ജോലി ചെയ്തു. (പി എച്ച് ഡി ഇല്ലാത്ത ബോസിന് പ്രൊഫസർഷിപ്പ് കിട്ടാൻ ജർമൻ ശാസ്ത്രജ്ഞരുടെ സഹായം വേണ്ടിവന്നു. വലിയ ശാസത്രജ്ഞനാണെന്നതൊന്നും നമ്മടെ ഭരണാധികാരികൾക്ക് പ്രധാനമല്ലല്ലോ). റിട്ടയർമെന്റിനു ശേഷം അദ്ദേഹം ശാന്തിനികേതനിൽ വിശ്വഭാരതി സർവകലാശാലയുടെ വൈസ് ചാൻസലറായി. 1954 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ചു. ഇന്ത്യൻ ഫിസിക്കൽ സൊസൈറ്റി പ്രസിഡണ്ട്, ഇന്ത്യൻ സയൻസ് കോൺഗ്രസ് പ്രസിഡണ്ട്, റോയൽ സൊസൈറ്റി ഫെല്ലോ, രാജ്യസഭാംഗം തുടങ്ങിയ സ്ഥാനങ്ങളും ബോസിനെ തേടിയെത്തി. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ബോസിനെ ക്ഷണിച്ച് ആദരിച്ചെങ്കിലും അമേരിക്ക മാത്രം അതിനു തയ്യാറായില്ല. അമേരിക്കയിൽ പോകും മുമ്പ് റഷ്യ സന്ദർശിച്ചു എന്നതാണത്രേ കാരണം. (മക്കാർത്തിയിസം അമേരിക്കയുടെ ദേശീയ നയം ആയിരുന്ന കാലമാണെന്നോർക്കണം).

ബോസും സാഹയും അവരുടെ ഇടതുപക്ഷ ആഭിമുഖ്യം മറച്ചു വെച്ചിരുന്നില്ല. സാഹയെപ്പോലെ ബോസ് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെന്നു മാത്രം. എക്കാലത്തെയും മനുഷ്യരിൽ വെച്ച് ഏറ്റവും മഹത്വമുള്ളവനായി ഞാൻ ഗൗതമ ബുദ്ധനെ കാണുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിനു വേണ്ടി അദ്ദേഹം നിരന്തരം പോരാടി. ബംഗാളി ബുദ്ധിജീവികളെ അദ്ദേഹം അതിനായി അണിനിരത്തി. ഫിസിക്സിൽ ബിരുദാനന്തര ക്ലാസ്സുകൾ പോലും അദ്ദേഹം ബംഗാളി ഭാഷയിലാണ് എടുത്തിരുന്നത്. “ശാസ്ത്രം സാധാരണ മനുഷ്യനു വേണ്ടിയുള്ളതാണ്. അതവർക്കു ലഭിക്കണമെങ്കിൽ അവരുടെ സ്വന്തം ഭാഷയിൽ അതു പഠിപ്പിക്കണം” എന്നദ്ദേഹം പറഞ്ഞു. ഇതിനോട് കടുത്ത എതിർപ്പുള്ളവർ ഉണ്ടായിരുന്നു. എന്നാൽ ജപ്പാൻ സന്ദർശനത്തിനു ശേഷം അദ്ദേഹം തന്റെ വിശ്വാസം കൂടുതൽ ഉറക്കെ പറഞ്ഞു. ഏറ്റവും ഉയർന്ന തലം വരെ മാതൃഭാഷയിൽ പഠിപ്പിക്കുന്ന ജപ്പാന്റെ ഉയർച്ചയ്ക്കു കാരണം മാതൃഭാഷയിലൂടെയുളള വിദ്യാഭ്യാസമാണ് എന്നദ്ദേഹം പ്രഖ്യാപിച്ചു. ബംഗാളി ഭാഷയിൽ അദ്ദേഹത്തിന്റെ ശാസ്ത്ര രചനകൾ ആദ്യം വരുന്നത് പരിചയ എന്ന പ്രസിദ്ധീകരണത്തിലാണ്. പിന്നീട്, 1941ൽ ഡാക്കയിൽ ബിജ്ഞാൻ പരിചയ എന്ന ശാസ്ത്ര മാസികയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഒരു പക്ഷേ അതായിരിക്കും ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ശാസ്ത്രജർണൽ.

സ്വാതന്ത്ര്യത്തിനു മുമ്പ് ഇംഗ്ലീഷ് ഭ്രമം ഇന്നത്തെയത്ര ഉണ്ടായിരുന്നില്ല. 1939 ൽ, ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾത്തന്നെ സ്കൂൾ വിദ്യാഭ്യാസ മാധ്യമം ബംഗാളിയാക്കാൻ കൽക്കത്താ സർവകലാശാലക്ക് കഴിഞ്ഞിരുന്നു. (ഇന്നിപ്പോൾ അതേ ബംഗാളിൽ പഠന മാധ്യമം ഒന്നാം ക്ലാസ്സുമുതൽ ഇംഗ്ലീഷാണ്!) സ്വാതന്ത്ര്യം കിട്ടിയാൽ സർവകലാശാലകളും മാധ്യമം മാതൃഭാഷയാക്കും എന്നാണ് ബോസ് പ്രതീക്ഷിച്ചത്. എന്നാൽ കാലിലെ ചങ്ങല പോയെങ്കിലും മനസ്സിലെ ചങ്ങല മുറുകുകയാണ് ചെയ്തത് എന്നദ്ദേഹത്തിന് ക്രമേണയാണ് മനസ്സിലായത്. 1948ൽത്തന്നെ ബോസ് ബംഗീയ ബിജ്ഞാൻ പരിഷത് എന്ന ശാസ്ത്ര സംഘടനയ്ക്ക് രൂപം നൽകി. അതിന്റെ ആഭിമുഖ്യത്തിൽ ‘ജ്ഞാൻ ഓ ബിജ്ഞാൻ’ (വിജ്ഞാനവും ശാസ്ത്രവും) എന്ന പ്രസിദ്ധീകരണത്തിനും തുടക്കം കുറിച്ചു. സംഘടന നാട്ടുമ്പുറങ്ങളിൽ ശാസ്ത്ര ക്ലാസ്സുകളും ശാസ്ത്ര എക്സിസിബിഷനുകളും നടത്തി. ബംഗാളി ഭാഷയിൽ ഗവേഷണ പ്രബന്ധങ്ങൾ അടങ്ങിയ പ്രത്യേക പതിപ്പുകൾ പോലും ജ്ഞാൻ ഒ ബിജ്ഞാൻ ഇറക്കാറുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിന് ഈ സംഘടന പ്രചോദനമായിട്ടുണ്ടെന്ന് കരുതാം.

സർവകലാശാലകളുടെ ബിരുദദാനച്ചടങ്ങുകളിലെല്ലാം ബോസ് മാതൃഭാഷാ മാധ്യമത്തിനു വേണ്ടിയുള്ള തന്റെ നിലപാട് ആവർത്തിച്ചു കൊണ്ടിരുന്നു. എന്നാൽ അതിനോടുള്ള എതിർപ്പ് അടിക്കടി വർധിച്ചു വരുന്ന കാഴ്ചയാണ് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞത്. 1974 ജനുവരി 10ന് അദ്ദേഹത്തിന്റെ ക്വാണ്ടം സിദ്ധാന്തത്തിന്റെ സുവർണ ജൂബിലി ആഘോഷം കൽക്കത്തയിൽ ഒരു ആഗോള ശാസ്ത്ര സംഗമത്തോടെ നടന്നു. ലോകത്തിലെ പ്രമുഖ ശാസ്ത്രജർണലുകളെല്ലാം ആ ദിനം കൊണ്ടാടി. രണ്ടാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന് ഹൃദ്രോഗ ബാധയുണ്ടായി. ഫെബ്രുവരി 4 ന് 80-ാം വയസ്സിൽ അദ്ദേഹം വിട പറഞ്ഞു.


എസ്.എൻ.ബോസ് ആർക്കെവ് സന്ദർശിക്കാം

എസ്.എൻ.ബോസിനെക്കുറിച്ച്

വിഗ്യാൻ പ്രസാർ തയ്യാറാക്കിയ ഡോക്യുമെന്ററി

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “സത്യേന്ദ്രനാഥ് ബോസ്

Leave a Reply

Previous post ഭക്ഷ്യസുരക്ഷയും കാലാവസ്ഥാമാറ്റവും – RADIO LUCA
Next post അതെന്താ ഇന്ന് പുതുവര്‍ഷമായേ?
Close