Read Time:66 Minute


ഡോ.പ്രസാദ് അലക്സ് 

ആധുനിക മനുഷ്യർ ഉദയം കൊണ്ട ദീർഘമായ പരിണാമ യാത്രയുടെ തുടക്കം ഒരു ‘ചുവടുവെപ്പിൽ’ നിന്നാണെന്ന് പറയാറുണ്ട്. അതായത് ‘മനുഷ്യ കൈവഴി’ ആരംഭിക്കുന്നത് നമ്മുടെ പൂർവ്വികരിൽ  ഇരുകാലുകളിൽ നടക്കാനുള്ള ശേഷി വികസിക്കുന്നതോടു കൂടിയാണ്.  ലഭ്യമായ തെളിവുകൾ അനുസരിച്ച്, പ്രസ്തുതപരിവർത്തനം ആരംഭിച്ചത് ഏകദേശം ആറ് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നമ്മുടെ ആദ്യകാല പൂർവ്വികരെന്ന് അറിയപ്പെടുന്ന സഹെലാന്ത്രോപസ് ചാഡൻസിസ് (Sahelanthropus tchadensis) വർഗ്ഗത്തിൽ നിന്നാണ്. അതായത് ആൾക്കുരങ്ങുകളുടേത് പോലെയുള്ള സഞ്ചാരത്തിൽ നിന്ന് ഇരുകാലിൽ നിവർന്നു നടക്കുന്ന രീതിയിലേക്കുള്ള മാറ്റം. നമ്മുടെ വർഗ്ഗമായ ഹോമോ സാപിയൻസ് ഭൂമുഖത്ത് പ്രത്യക്ഷപ്പെടാൻ പിന്നെയും നാലഞ്ച് ദശലക്ഷം വർഷങ്ങൾ വേണ്ടിവന്നു. അത്രയും നീണ്ട ഇടവേളയിൽ, വ്യത്യസ്ത മനുഷ്യ വർഗ്ഗങ്ങളുടെ നീണ്ട നിര തന്നെ ഉത്ഭവിക്കുകയും പുഷ്ടിപ്പെടുകയും തുടർച്ചയായി പരിണമിക്കുകയും  അപ്രത്യക്ഷമാകുകയും ചെയ്തു. വ്യത്യസ്ത വർഗ്ഗങ്ങൾ പലപ്പോഴും ഇടകലർന്നു, ചിലപ്പോൾ പരസ്പരം പ്രജനനവും നടത്തി. കാലക്രമേണ, അവരുടെ ശരീരഘടനയിലും മസ്തിഷ്കഘടനയിലും ചിന്താശേഷിയിലും മാറ്റങ്ങൾ സംഭവിച്ചു. അവരുടെ ഉപകരണങ്ങളിലും സാങ്കേതികവിദ്യകളിലും  സമാനമായ മാറ്റങ്ങൾ പ്രത്യക്ഷമായിക്കൊണ്ടിരുന്നു.

വംശനാശം സംഭവിച്ച നമ്മുടെ അടുത്ത ബന്ധുക്കളും, നമ്മുടെ പൂർവ്വികരുമെല്ലാം ഉൾപ്പെടുന്ന പഴയ ഹോമിനിനുകളുടെ വംശത്തിൽ നിന്ന് ഹോമോ സാപ്പിയൻസ് എങ്ങനെ പരിണമിച്ചുവന്നുവെന്നത് മനസിലാക്കുക ശ്രമകരമായ ദൗത്യമാണ്. ഇതിനായി പൗരാണികമായ അവശിഷ്ടങ്ങളും അടയാളങ്ങളും കണ്ടെത്തി വിശകലനം ചെയ്യുകയാണ് ശാസ്ത്രജ്ഞർ അവലംബിക്കുന്ന മാർഗം. ഫോസിലുകളും ശിലാ ഉപകരണങ്ങളുമാണ്  പ്രധാന അവലംബം. പൗരാണിക ജനിതക വസ്തുക്കൾ കണ്ടെടുക്കാനും പഠിക്കാനും വിശകലനം ചെയ്യാനുമുള്ള നവീന മാർഗങ്ങൾ ഈ രംഗത്ത് വലിയ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. നമ്മുടെ പൂർവ്വികരുടെ ലോകത്തെ രൂപപ്പെടുത്താനും അവരുടെ പരിണാമദിശകൾ നിർണയിക്കാനും സഹായിച്ച , മാറിക്കൊണ്ടിരുന്ന ചുറ്റുപാടുകൾ പുനർനിർമ്മിക്കുക അഥവാ കണ്ടെത്തുക എന്നതാണ് ഇത്തരം പഠനങ്ങൾ ലക്ഷ്യം  വയ്ക്കുന്നത്.

ഇതുവരെ ലഭ്യമായ തെളിവുകളെല്ലാം വ്യക്തമായി സൂചിപ്പിക്കുന്നത്  ഹോമോസാപിയൻസ് ആഫ്രിക്കയിൽ നിന്ന് ഉത്ഭവിച്ചു എന്നാണ്. എന്നാൽ ഒരു പ്രത്യേക സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് ഹോമോസാപിയൻസ് എന്ന നമ്മുടെ വർഗ്ഗം ഉദയം കൊണ്ടു എന്ന് കണിശമായി പറയാനാവില്ല. മനുഷ്യ പൂർവ്വികരുടെ വൈവിധ്യമാർന്ന ഗ്രൂപ്പുകൾ ആഫ്രിക്കയിൽ പലയിടത്തും വാസയോഗ്യമായ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. വ്യത്യസ്ത പ്രദേശങ്ങളിൽ കുറെയൊക്കെ ഒറ്റപ്പെട്ട് വിവിധരീതികളിൽ വികസിക്കുകയും നിലനിൽക്കുകയും   ചെയ്തിരുന്നുവെന്നാണ് അനുമാനം. ആഫ്രിക്കൻ ഭൂപ്രകൃതിയിലും കാലാവസ്ഥവയിലും ഇടക്കാലങ്ങളിൽ ഉണ്ടായ വ്യതിയാനങ്ങൾ അവർക്ക് ഇടകലരാനുള്ള അവസരങ്ങൾ സൃഷ്ടിച്ചു. ഉപകരണങ്ങളിലും ആയുധങ്ങളിലും ജീവിത രീതികളിലും മാത്രമല്ല കൊടുക്കൽ വാങ്ങലും മിശ്രണവും ഉണ്ടായത്. പരസ്പരപ്രജനനവും ഉണ്ടായി. അതായത് അവർ ജനിതകമായും ഇടകലർന്നു. കാലക്രമേണ, ഈ പ്രക്രിയ ആധുനിക മനുഷ്യരുടെ തനതായ ജനിതക ഘടനയ്ക്ക് കാരണമായി.

ഹോമോ സാപിയൻസിൻറെ ഉത്ഭവകാലഘട്ടത്തിൽ ഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് അനുകൂലമായ പരിതസ്ഥിതികൾ  കിഴക്കൻ ആഫ്രിക്കയിൽ  നിലനിന്നിരുന്നു. ഭൂഖണ്ഡത്തിലുടനീളം വ്യാപിച്ചുകിടന്നിരുന്ന ‘ഹോമിനിൻ’ സഞ്ചയങ്ങളിൽ നിന്നുള്ള ജനിതകഘടകങ്ങളുടെ മിശ്രണത്തിനും സംയോജനത്തിനും അനുയോജ്യമായ സാഹചര്യമായിരുന്നു. ആധുനികമനുഷ്യന്റെ ‘ജീനോം’ ആഫ്രിക്കയിൽ ഉടലെടുത്തു എന്ന് നമുക്ക് വളരെ ഉറപ്പായി പറയാം.. കുറേക്കൂടി വ്യക്തമാക്കാൻ ഏതാണ്ട് കിഴക്കനാഫ്രിക്ക എന്നും പറയാം. അതായത് നാമെല്ലാവരും ആഫ്രിക്കക്കാരാണ്, അഥവാ ആഫ്രിക്കൻ പിൻതുടർച്ചക്കാരാണ്.  ആഫ്രിക്കയുടെ ഏതെങ്കിലും ഒരു ഭാഗത്ത് നിന്നുള്ളവരെന്ന് കൃത്യമായി പറയാനുമാവില്ല. പുതിയ പുതിയ കണ്ടെത്തലുകൾ എപ്പോഴും മനുഷ്യ പരിണാമഗതിയുടെ  സങ്കീർണ്ണ കൈവഴികളിലേക്ക് വെളിച്ചം വീശുന്നു.

നമ്മുടെ വംശവും പൂർവ്വികരും, നമ്മളുമായി ഇടകലർന്നിരുന്ന വംശനാശം വന്നുപോയ ബന്ധുക്കളുമെല്ലാം ചേരുന്ന ‘ഹോമിനിഡേ കുടുംബത്തിൽ ’  ഉൾപ്പെടുന്നവരുടെ സഞ്ചാരങ്ങളും കുടിയേറ്റങ്ങളും  പരിണാമഗതികളും ഇഴപിരിച്ചെടുക്കാൻ ഇപ്പോൾ ഏറ്റവും സമർത്ഥമായ രീതി ജനിതക വിശകലനമാണ്.  മറ്റ് രീതികളും തെളിവുകളും അനുപൂരകമായി പ്രശ്നങ്ങൾ നിർധാരണം ചെയ്യാനും സമർത്ഥിക്കാനും ഉപയോഗിക്കുന്നു.

ഹോമോ സാപിയൻ വംശാവലിയുടെ തുടക്കം

ഉത്തരസ്പെയിനിലെ അറ്റപുർക (Atapuerca) പർവതനിരകളിലെ ഒരു ഗുഹയുടെ അടിത്തട്ടിലെ  “അസ്ഥികളുടെ ഗർത്തം” എന്നറിയപ്പെടുന്ന പ്രദേശമാണ് സിമ ഡി ലോസ് ഹ്യൂസോസ് (Sima de los Huesos, the “Pit of Bones). 1980-കളിൽ ഇവിടെ നടത്തിയ പര്യവേഷണങ്ങളിൽ സുപ്രധാനമായ ചില കണ്ടെത്തലുകൾ ഉണ്ടായി.  ഉപരിതലത്തിൽ നിന്ന് ഏകദേശം 100 അടി താഴെയുള്ള മനോഹരമായ ഗുഹാ അറ ധാരാളം ചുണ്ണാമ്പുകല്ലുകളും ചെളി നിക്ഷേപങ്ങളും ചേർന്നതാണ്. ഗവേഷകർ ഒരു കൽമഴു പോലെയുള്ള ഉപകരണവും പൊട്ടിയ തലയോട്ടി ഉൾപ്പെടെ ഏഴായിരത്തിലധികം അസ്ഥിക്കഷണങ്ങളും അഞ്ഞൂറിലധികം പല്ലുകളും കണ്ടെടുത്തു. അവയിൽ ഏകദേശം 166 മദ്ധ്യഹിമയുഗ (middle pleistocene) ഗുഹാ കരടികളുടെയും (Ursus deningeri ) കുറഞ്ഞത് 28 പൗരാണിക ഹോമിനിൻ വ്യക്തികളുടെയും  അസ്ഥികൾ പ്രധാനമായി അടങ്ങിയിരിക്കുന്നു.  Barbary lion or North African lion (വടക്കൻ ആഫ്രിക്കൻ സിംഹം ) , Felis silvestris (കാട്ടുപൂച്ച), Canis lupus (ചാര ചെന്നായ), vulpes vulpes (ചുവന്ന കുറുക്കൻ) എന്നിവയുടെ വംശനാശം സംഭവിച്ച രൂപങ്ങളാണ് കുഴിയിൽ തിരിച്ചറിഞ്ഞിട്ടുള്ള മറ്റ് മൃഗങ്ങൾ. ചില അസ്ഥികളിൽ മാംസഭുക്കുകൾ ചവച്ച പല്ലിന്റെ പാടുകൾ ഉണ്ട്. ഈ സൈറ്റ് എങ്ങനെ ഉണ്ടായി എന്നതിന് ചില വ്യാഖ്യാനങ്ങൾ ഉണ്ട്. മൃഗങ്ങളും മനുഷ്യരും ഉയർന്ന നിരപ്പിൽ  നിന്ന് കുഴിയിൽ വീണു, പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങിപ്പോയെന്നാണ് പ്രമുഖമായ ഒരു വാദം. കരടികൾക്കും മറ്റ് മാംസഭുക്കുകൾക്കും മുമ്പ് മനുഷ്യർ എങ്ങനെയെങ്കിലും ഗുഹയിൽ കടന്നിരുന്നുവെന്ന് അസ്ഥി നിക്ഷേപത്തിന്റെ പാളികളുടെ ക്രമീകരണം സൂചിപ്പിക്കുന്നു. കുഴിയിലെ വലിയ അളവിലുള്ള ചെളി കണക്കിലെടുത്താൽ, എല്ലാ അസ്ഥികളും ഗുഹയിലെ ഈ താഴ്ന്ന സ്ഥലത്ത് തുടർച്ചയായ ചെളിപ്രവാഹങ്ങളിലൂടെ എത്തിച്ചേർന്നതാവാനും സാധ്യതയുണ്ട്. മൂന്നാമത്തേതും തികച്ചും വിവാദപരവുമായ ഒരു സിദ്ധാന്തം, മനുഷ്യാവശിഷ്ടങ്ങൾ ശേഖരിച്ചിരുന്ന ശവസംസ്കാരസമ്പ്രദായങ്ങളുടെ ഫലമായി രൂപപ്പെട്ടതാകാം എന്നാണ്.

ഉത്തരസ്പെയിനിലെ അറ്റപുർക (Atapuerca) പർവതനിരകളിലെ ഗുഹയിൽ നിന്ന് കണ്ടെത്തിയ ഹോമിനിൻ വ്യക്തികളുടെ അവശിഷ്ടങ്ങൾ കടപ്പാട് : © Madrid Scientific Films

എന്തായാലും 28 ഹോമിനിൻ വ്യക്തികളുടെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. വിവിധ കാലനിർണയരീതികളിലൂടെ ഇവയുടെ പഴക്കം സുമാർ 430,000 വർഷങ്ങൾ ആണെന്ന് നരവംശശാസ്ത്രജ്ഞർ കണ്ടെത്തി. അവശിഷ്ടങ്ങൾ അന്നുവരെ അറിയപ്പെടാത്ത ഒരു മനുഷ്യവർഗത്തിന്റേതാണെന്നായിരുന്നു പ്രാഥമികനിഗമനം. ഒരുപക്ഷെ നിയാണ്ടർത്തലുകളും ഡെനിസോവനും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി ആകാം എന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പുരാതന ഡിഎൻഎ വിശകലനരീതികളിലെ മുന്നേറ്റമാണ് കൂടുതൽ കൃത്യമായ നിഗമനങ്ങളിലേക്ക് നയിച്ചത്. പുരാതന ഡിഎൻഎ സാധാരണയായി ചെറിയ ശകലങ്ങളായാണ് ലഭിക്കുന്നത്. കൂടാതെ രാസഘടനയിൽ കാലക്രമേണ വന്നുകൂടുന്ന  വ്യതിയാനങ്ങൾ ഉണ്ടാകും. അവ വേർതിരിച്ചെടുത്തു  ശ്രേണിനിർണയിച്ച് വേണ്ട എഡിറ്റിംഗ് നടത്തി കൃത്യമായി കൂട്ടിച്ചേർത്തു ജീനോം പാറ്റേണുകൾ വ്യാഖ്യാനിക്കുക എളുപ്പമുള്ള കാര്യമല്ല. നൂതന സങ്കേതികവിദ്യകളും കംപ്യൂട്ടേഷണൽ രീതികളും ആവശ്യമായ മേഖലയാണ്. ദീർഘപരിശ്രമങ്ങൾക്കൊടുവിൽ ശാസ്ത്രജ്ഞർ പ്രസ്തുത ‘പൗരാണിക മനുഷ്യരുടെ’ ജീനോം ഭാഗികമായി കണ്ടെത്തുന്നതിൽ വിജയിച്ചു. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ള  ‘മനുഷ്യ’ ജനിതക കോഡാണിത്. ഈ ആളുകൾ ആദ്യകാല നിയാണ്ടർത്തലുകൾ ആയിരുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. അതായത് നിയാണ്ടർത്തലുകളുടെ ഏറ്റവും പഴക്കം ചെന്ന അവശിഷ്ടങ്ങളാണ് ഗുഹയിൽ നിന്ന് കണ്ടെത്തിയത്. നമ്മുടെ അറിയപ്പെടുന്ന അടുത്ത ബന്ധുക്കളായ നിയാണ്ടർത്താൽ മനുഷ്യർ വിജയകരമായി ഒരു കാലത്ത് ഭൂമിയിൽ നിലനിന്നവരാണ്. ഈ പുരാതന നിയാണ്ടർത്താൽ ജനിതകവും ആധുനിക മനുഷ്യജനിതകവും തമ്മിലുള്ള വ്യത്യാസങ്ങൾ രൂപപ്പെടാൻ എടുത്ത സമയം കണക്കാക്കാൻ ‘തന്മാത്രാ ഘടികാര തത്വം’ (molecular clock)  ഉപയോഗിച്ചു വിശകലനങ്ങൾ നടത്തിയിട്ടുണ്ട്.അതനുസരിച്ച് നമ്മൾ ‘ഹോമോ സാപ്പിയൻസിൻറെയും’ നിയാണ്ടർത്താൽമനുഷ്യരുടെയുംപൊതു പൂർവ്വികൻ 550,000 മുതൽ  750,000 വരെ വർഷങ്ങൾക്ക്  മുൻപുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു.

200,000 വർഷങ്ങളുടെ ഇടവേളയിൽ എപ്പോഴോ ഈ വേർപിരിയൽ ക്രമേണ സംഭവിച്ചു എന്നാണ്  ജനിതക തെളിവുകളിൽ നിന്ന് മനസ്സിലാക്കുന്നത്. വലിയ ‘മാർജിൻ ഓഫ് എറർ’ കാണിക്കുന്നത് പോലെ, വളരെ കൃത്യമായ കാലനിർണ്ണയം ജനിതക വിശകലനങ്ങളിൽ നിന്ന് ലഭിക്കുകയില്ല. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിലെ മനുഷ്യജനിതക പരിണാമത്തെക്കുറിച്ച് പഠിക്കുന്ന ജോഷ്വ അകെ (Joshua Akey)  അഭിപ്രായപ്പെടുന്നതനുസരിച്ച് പൊതുവേ, ജനിതകശാസ്ത്രം ഉപയോഗിച്ച് നടത്തുന്ന കാലനിർണ്ണയം വളരെ കൃത്യമായ വിവരങ്ങൾ എപ്പോഴും നൽകുന്നില്ല. എന്നാൽ സംഭവങ്ങളുടെ ക്രമം, ആപേക്ഷിക സമയ ഫ്രെയിമുകൾ എന്നിവയെക്കുറിച്ച് മൂല്യമുള്ള വിവരങ്ങൾ തീർച്ചയായും നൽകാൻ പര്യാപ്തമാണ് . ജനിതകവിശകലന രീതിക്ക് മുമ്പ്, കണ്ടെത്തിയ വിവിധമനുഷ്യവംശങ്ങളുടെ ഏറ്റവും പഴയ ഫോസിലുകൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ വംശങ്ങളുടെ വേർപിരിയിലിൻറെ കാലഗണന നടത്തിയിരുന്നത്. ഹോമോസാപ്പിയൻസിൻറെ കാര്യത്തിൽ, അറിയപ്പെടുന്ന അവശിഷ്ടങ്ങൾ ഏകദേശം 300,000 വർഷങ്ങൾ വരെ മാത്രം പഴക്കമുള്ളതാണ്. എന്നാൽ ജനിതകപഠനങ്ങൾ നമ്മുടെ പരിണാമ കാലക്രമത്തിൽ ഫോസിലുകൾക്ക് മാത്രം നൽകാൻ കഴിയുന്നതിനേക്കാൾ കൃത്യമായി വംശവ്യതിചലന കാലക്രമം കണ്ടെത്താൻ സഹായിക്കുന്നു.

ആധുനിക മനുഷ്യർക്കും നിയാണ്ടർത്തലുകൾക്കും ഡെനിസോവന്മാർക്കും ഒരു പൊതു പൂർവ്വികൻ ഉണ്ടെന്ന് നമ്മുടെ ജീനുകൾ വ്യക്തമായി കാണിക്കുന്നുണ്ടെങ്കിലും, അത് ആരാണെന്ന് അത്ര വ്യക്തമല്ല. നമ്മുടെ ജനിതക ശ്രേണിയിൽ കാര്യമായ അടയാളങ്ങൾ അവശേഷിപ്പിച്ച നിഗൂഢമായ ഹോമിനിൻ ഇനമാണ് ഡെനിസോവൻ. എന്നാൽ ഇതുവരെ, ഒരുപിടി പല്ലുകളും അസ്ഥികളും മാത്രമേ അവശേഷിച്ചിട്ടുള്ളൂ. 200,000 മുതൽ 700,000 വരെ വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഹോമോ ഹൈഡൽബെർജെൻസിസ് (Homo heidelbergensis) മൂന്നു കൂട്ടരുടെയും യും പൊതു പൂർവികനാകാമെന്നാണ് പൊതുവേയുള്ള ധാരണ. ഈ ഇനത്തിലെ ആഫ്രിക്കൻ കുടുംബവൃക്ഷം ഹോമോ സാപിയൻസിലേക്കും യൂറോപ്യൻ ശാഖ ഹോമോ നിയാണ്ടർതലൻസിസിലേയ്ക്കും ഡെനിസോവനിലേക്കും പിരിഞ്ഞുവെന്നാണ് കരുതുന്നത്.

കൂടുതൽ പൗരാണിക ഡിഎൻഎ ലഭ്യമായാൽ വ്യക്തമായ ചിത്രം രൂപീകരിക്കാൻ സഹായകരമാവും. പക്ഷേ അത് കണ്ടെത്തുന്നത് അത്രയെളുപ്പമല്ല, ലഭിക്കുമെന്ന് ഉറപ്പുള്ള കാര്യവുമല്ല. നിർഭാഗ്യവശാൽ, ദീർഘകാല ഡിഎൻഎ സംരക്ഷണത്തിന് ഉചിതമായ തണുത്തതും വരണ്ടതും സ്ഥിരതയുള്ളതുമായ അവസ്ഥ ആഫ്രിക്കയിൽ സാധാരണമല്ല, ഹോമോസാപിയൻസിൻറെ പരിണാമവേർപിരിയൽഘട്ടത്തോട് അടുത്ത് വരുന്ന പ്രാചീന ഡിഎൻഎ നിലവിൽ ആഫ്രിക്കയിൽ നിന്ന് നമുക്ക് ലഭ്യമായിട്ടില്ല. ഈ പ്രക്രിയ 300,000 മുതൽ 800,000 വരെ വർഷങ്ങൾക്കിടയിൽ നടന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

ഏറ്റവും പഴക്കമുള്ള ഹോമോ സാപിയൻ ഫോസിലുകൾ 

പുരാതന മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങൾ എന്ന നിലയിൽ, അവർ ജീവിതത്തിൽ എങ്ങനെയായിരുന്നുവെന്ന് ഫോസിലുകൾ നമ്മോട് ഒരുപാട് പറയുന്നുണ്ട്. എന്നാൽ എല്ലുകളോ പല്ലുകളോ  പലപ്പോഴും വിവിധരീതിയിലുള്ള വ്യാഖ്യാനത്തിന് വിധേയമാണ്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷവും മനുഷ്യന്റെ അവശിഷ്ടങ്ങൾക്ക് നിലനിൽക്കാൻ കഴിയുമെങ്കിലും, അവയെ ഹോമോ സാപിയൻസ് അല്ലെങ്കിൽ വ്യത്യസ്ത തരം മനുഷ്യ ബന്ധുക്കൾ എന്ന് കൃത്യമായി വർഗ്ഗീകരിക്കാൻ ശാസ്ത്രജ്ഞർക്ക് എല്ലായ്പ്പോഴും അവശിഷ്ടങ്ങളുടെ രൂപശാസ്ത്രപരമായ സവിശേഷതകളെ  അടിസ്ഥാനമാക്കി കഴിയണമെന്നില്ല.

മോറോക്കോയിലെ ജബൽ ഇർഹൗഡിൽ (Jebel Irhoud) നിന്നുള്ള ഫോസിലുകളിൽ നിന്നും പുനസംയോജിപ്പിച്ച ചിത്രം.   കടപ്പാട് © PHILIPP GUNZ, MPI EVA LEIPZIG

ഫോസിലുകൾ പലപ്പോഴും ‘ആധുനികവും’ പ്രാകൃതവുമായ സവിശേഷതകളുടെ ഒരു മിശ്രണത്തെയാവും പ്രതിനിധീകരിക്കുന്നത്. അവ നമ്മുടെ ആധുനിക ശരീരഘടനയിലേക്ക് ഒരേപോലെ പരിണമിക്കുന്ന ക്രമം കാണിക്കുന്നില്ല. പകരം, ചില സവിശേഷതകൾ വ്യത്യസ്ത സ്ഥലങ്ങളിലും സമയങ്ങളിലും പരിണമിക്കുന്നതായി കാണുന്നു. ശരീരഘടനാപരമായ പ്രത്യേക ക്ലസ്റ്ററുകൾ ഇങ്ങനെ രൂപപ്പെടുന്നത് മൂലം തികച്ചും വ്യത്യസ്തമായ രൂപ സവിശേഷതകളുള്ള ആളുകളെ പരിണാമം സൃഷ്ടിക്കുമായിരുന്നു. ‘ആധുനികശിലായുധങ്ങളാൽ’ സമ്പന്നമായ ‘സൈറ്റായ’ മൊറോക്കോയിലെ  ജബൽ ഇർഹൗഡിൽ (Jebel Irhoud) നിന്ന് കണ്ടെടുത്തിട്ടുള്ള, ഏകദേശം 300,000 വർഷം പഴക്കമുള്ള തലയോട്ടികൾ, താടിയെല്ലുകൾ, പല്ലുകൾ, മറ്റ് ഫോസിലുകൾ എന്നിവയുടെ ശകലങ്ങൾ എന്നിവയൊക്കെ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഹോമോ സാപിയൻ അവശിഷ്ടങ്ങളാണ്. പക്ഷേ ഹോമോ സാപിയൻസ് ആദ്യമായി ജീവിച്ചത് ഇന്നത്തെ മൊറോക്കോയിലാണെന്ന് കരുതാനാവില്ല. കാരണം ദക്ഷിണാഫ്രിക്കയിലും കിഴക്കൻ ആഫ്രിക്കയിലും പലയിടങ്ങളിൽ നിന്ന് നമ്മുടെ ജീവിവർഗങ്ങളുടെ ആദ്യകാല തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ജബൽ ഇർഹൗഡിലെ അഞ്ച് ‘വ്യക്തികളുടെ’ അവശിഷ്ടങ്ങൾ, ‘ആധുനികമനുഷ്യരുടെ’ മുഖസവിശേഷതകൾ പ്രകടിപ്പിക്കുമ്പോൾ തന്നെ പുരാതന മനുഷ്യരെ അനുസ്മരിപ്പിക്കുന്ന കൂർത്ത  തലയോട് പോലെയുള്ള സ്വഭാവ സവിശേഷതകൾ ഇടകലർന്ന് കാണപ്പെടുന്നു. ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറൻ കോണിലുള്ള അവശിഷ്ടങ്ങളുടെ സാന്നിദ്ധ്യം നമ്മുടെ ഉത്ഭവസ്ഥാനം പ്രത്യേക ഇടത്ത് ആണെന്നുള്ളതിന് തെളിവല്ല, മറിച്ച് തുടക്കകാലഘട്ടത്തിൽ പോലും ആഫ്രിക്കയിലുടനീളം മനുഷ്യർ വ്യാപിച്ചിരുന്നു എന്നതിന്റെ തെളിവായി മാത്രമേ പരിഗണിക്കാനാവൂ.

മൊറോക്കോയിലെ  ജബൽ ഇർഹൗഡിൽ (Jebel Irhoud) നിന്ന് കണ്ടെടുത്തിട്ടുള്ള ശിലായുധങ്ങൾ

ആദ്യകാല ഹോമോ സാപിയൻസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മറ്റ് പഴക്കമേറിയ ഫോസിലുകൾ ദക്ഷിണാഫ്രിക്കയിലെ ഫ്ലോറിസ്ബാദിൽ (Florisbad) നിന്നും എത്യോപ്യയിലെ ഓമോ (Omo) നദിക്കരയിലുള്ള കിബിഷിൽ (Kibish Formation) നിന്നും ലഭിച്ചിട്ടുണ്ട്. ഇവ യാഥക്രമം  260,000 വർഷവും  195,000 വർഷവും  ഏകദേശം പഴക്കമുള്ളവയാണ് എത്യോപ്യയിലെ ഹെർട്ടോയിൽ (Herto) നിന്ന് രണ്ട് മുതിർന്നവരുടെയും ഒരു കുട്ടിയുടെയും 160,000 വർഷം പഴക്കമുള്ള തലയോട്ടികൾ കിട്ടിയിട്ടുണ്ട്. വലിപ്പക്കൂടുതൽ ഉൾപ്പെടെയുള്ള ചിലരൂപപരമായ വ്യത്യാസങ്ങൾ കാരണം ഹോമോ സാപ്പിയൻസ് ഇഡാൽട്ടു (Homo sapiens idaltu) എന്ന ഉപജീവിവംശമായി വിദഗ്ദ്ധർ തരംതിരിച്ചിട്ടുണ്ട്. എന്നാൽ അവ ആധുനിക മനുഷ്യരുമായി വളരെ സാമ്യമുള്ളതിനാൽ അവ ഒരു ഉപവംശമല്ലെന്ന് ചിലർ വാദിക്കുന്നു. ടാൻസാനിയയിലെ എൻഗലോബയിൽ (Ngaloba) നിന്ന് കണ്ടെത്തിയ 120,000 വർഷം പഴക്കമുള്ള ഒരു തലയോട്ടി, ഹോമോ സാപിയൻ ആണെന്ന് കണക്കാക്കപ്പെടുന്നു, ഇത് ചില പുരാതന സ്വഭാവങ്ങളും ചെറിയ മുഖം, നെറ്റി പോലെയുള്ള ആധുനിക വശങ്ങളും ചേർന്നതാണ്. ഈ വൈജാത്യങ്ങൾ കണക്കിലെടുത്ത് ആധുനിക മനുഷ്യരെ പ്രതിനിധീകരിക്കുന്ന ഫോസിൽ അവശിഷ്ടങ്ങൾ ഏതെന്ന നിർവചനത്തെക്കുറിച്ചുള്ള തർക്കം വിദഗ്ദ്ധർക്കിടയിൽ സാധാരണമാണ്. അവയെല്ലാം വൈവിധ്യമാർന്ന ഒറ്റ ഗ്രൂപ്പിന്റെ ഭാഗമായി പരിഗണിച്ച് വർഗീകരണം ലളിതമാക്കാൻ ശ്രമിക്കുന്നവരുമുണ്ട്.

ഏകദേശം 40,000 മുതൽ 100,000 വരെ വർഷങ്ങൾക്ക് മുമ്പുള്ള എല്ലാ ഫോസിലുകളിലും പുരാതനവും ആധുനികവുമെന്ന് വിളിക്കപ്പെടുന്ന സവിശേഷതകളുടെ വ്യത്യസ്ത സംയോജനങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് വസ്തുത. അതിനാൽ പഴയ ഫോസിലുകളിൽ ഏതാണ് നമ്മുടെ ഹോമോസാപിയൻ വംശപരമ്പരയിലെ അംഗങ്ങൾ അല്ലെങ്കിൽ പരിണാമപരമായ അറ്റുപോയ ഇതരകണ്ണികൾ എന്ന് വേർതിരിച്ചെടുക്കുന്നത്  പലപ്പോഴുംഅസാധ്യമാണ്. അത് കൊണ്ട് അവരുടെ ഭൗതിക സംസ്ക്കാരസവിശേഷതകൾ  സൂചിപ്പിക്കുന്നത് പോലെ, അവരെയെല്ലാം ആദ്യകാല ഹോമോസാപിയൻ ആയി കണക്കാക്കുന്നതാണ്  നിലവിൽ ഏറ്റവും മികച്ച രീതിയെന്ന് ഇപ്പോൾ വിദഗ്ദ്ധർ പൊതുവേ  കരുതുന്നു. ഈ ‘പൗരാണിക മനുഷ്യരുടെ’ ഭൗതികസംസ്കാരാവശിഷ്ടങ്ങൾ നൽകുന്ന സൂചനയും വ്യത്യസ്തമല്ല. ആഫ്രിക്കയിലെ ‘പൗരാണികമനുഷ്യജീവിതം’ ഏകദേശം 300,000 വർഷങ്ങൾക്ക് മുമ്പ് തന്നെ, അപരിഷ്കൃതമെങ്കിലും കൈകൾ കൊണ്ട്  ഉപയോഗിക്കാവുന്ന ശിലാ ഉപകരണങ്ങളിൽ നിന്ന് മധ്യ ശിലായുഗ പണിയായുധങ്ങൾ എന്നറിയപ്പെടുന്ന കൂടുതൽ പരിഷ്കരിച്ച വായ്‌ത്തലയുള്ള ഉപകരണങ്ങളിലേക്കും എയ്ത്  വിടാനോ എറിയാനോ കഴിയുന്ന സാമഗ്രികളിലേക്കും വ്യാപകമായ മാറ്റം കാണിക്കുന്നുണ്ട്.

എത്യോപ്യയിലെ ഒമോ കിബിഷിൽ (Omo Kibish) നിന്നുള്ള ഒരു തലയോട്ടി. 195,000 വർഷം പഴക്കമുള്ളത്. ആധുനിക മനുഷ്യന്റേതിന് സമാനം (1967)  കടപ്പാട് : AP Photo/ courtesy of Michael Day

എല്ലാ പ്രാതിനിധ്യ സവിശേഷതകളോടും കൂടി പൂർണ്ണമായും ആധുനിക മനുഷ്യരെ ഫോസിലുകൾ ആദ്യമായെപ്പോഴാണ് പ്രതിനിധീകരിച്ചതെന്നത് എളുപ്പത്തിൽ ഉത്തരം പറയാൻ കഴിയുന്ന ചോദ്യമല്ല. എത്യോപ്യയിലെ ഒമോ കിബിഷിൽ (Omo Kibish) നിന്നുള്ള ഒരു തലയോട്ടി ( പലതിൽ ഒന്ന് മാത്രം) 195,000 വർഷം പഴക്കമുള്ള ഒരു ആധുനിക മനുഷ്യനെപ്പോലെ കാണപ്പെടുന്നു, അതേസമയം നൈജീരിയയിലെ ഇവോ എലേരു (Iwo Eleru) ഗുഹയിൽ നിന്ന് കണ്ടെത്തിയ മറ്റൊന്ന് വളരെ പുരാതനമായി കാണപ്പെടുന്നു, പക്ഷേ 13,000 വർഷം മാത്രം പഴക്കമേയുള്ളൂ. ഈ പൊരുത്തക്കേടുകൾ സൂചിപ്പിക്കുന്നത് എല്ലാ ആളുകളും ആധുനിക മനുഷ്യരായിത്തീർന്ന ഒരു ബിന്ദുവിൽ എത്തുന്ന ക്രമാനുഗതമായ,രേഖീയ പ്രക്രിയ ആയിരുന്നില്ല മനുഷ്യ പരിണാമം എന്നാണ്.

നൈജീരിയയിലെ ഇവോ എലേരു (Iwo Eleru) ഗുഹയിൽ നിന്ന് കണ്ടെത്തിയ തലയോട്ടി.

നിർമ്മിതികൾ ഉപകരണങ്ങൾ 

ഏകദേശം 300,000 വർഷങ്ങൾക്ക് മുമ്പ് മനുഷ്യ പൂർവികർ ഉപയോഗിച്ചിരുന്ന കരനിർമ്മിതികൾ ഉപകരണങ്ങൾ എന്നിവയിൽ വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിയത്. നമ്മുടെ പൂർവ്വികർ 3.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ശിലാ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു, 1.75 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അവർ അച്ച്യൂലിയൻ ജീവിതരീതിയിലേക്ക് (acheulean culture) വന്നു, അതായത് കല്ലുകൊണ്ടുള്ള വിവിധതരം കൈമഴുവും (hand axes) മറ്റ് കട്ടിംഗ് ഉപകരണങ്ങളും  ഉപയോഗിച്ചിരുന്ന കാലഘട്ടം. ഏകദേശം 1.5 ദശലക്ഷം വർഷങ്ങൾ ഇവ പ്രചാരത്തിലുണ്ടായിരുന്നു. 400,000 വർഷങ്ങൾക്ക് മുമ്പ്, ഇന്നത്തെ ജർമ്മനിയിൽ വലിയ ഇരയെ വേട്ടയാടുമ്പോൾ ‘ആധുനികമെന്ന്’ വിളിക്കാവുന്ന കുന്തങ്ങൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ അവ ഇരയുടെ അല്ലെങ്കിൽ ശത്രുവിന്റെ അടുത്ത് നിന്ന് മാത്രമേ ഉപയോഗിക്കാനാകൂ എന്നത് പലപ്പോഴും അപകടകരമായ പരിമിതിയായിരുന്നു. ആധുനിക മനുഷ്യശരീരഘടന ആർജ്ജിക്കുന്നതോടൊപ്പം, നമ്മുടെ പൂർവ്വികരുടെ ജീവിതരീതികളും സൃഷ്ടിച്ചുപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ഘടനയും രീതിയും മാറിക്കൊണ്ടിരുന്നു.

300,000 -ൽ അധികം വർഷങ്ങൾക്ക് മുമ്പ് മദ്ധ്യ ശിലായുഗത്തിൻറെ ആരംഭം കുറിച്ചുകൊണ്ട് പൗരാണികമനുഷ്യർ കല്ലുകൊണ്ടുള്ള ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും സങ്കേതത്തിൽ ഒരു കുതിച്ചുചാട്ടം നടത്തി. മൂർച്ചയേറിയ കൽച്ചീളുകളും ചാട്ടുളിപോലെ രൂപപ്പെടുത്തിയവയും ദണ്ഡുകളിൽ ഉറപ്പിച്ച് കുന്തമായി വേട്ടയാടാൻ ഉപയോഗിച്ചുതുടങ്ങി. ഇര തേടുന്നത് എളുപ്പമാക്കിയ, വലിപ്പമുള്ള ഇരകളെ കീഴടക്കാൻ പ്രാപ്തി നൽകിയ സാങ്കേതിക മുന്നേറ്റമായിരുന്നു അത്. തെക്കൻ കെനിയയിലെ വിള്ളൽ താഴ്വരയിൽ നിന്ന് ( Southern Rift Valley in Kenya) കണ്ടെത്തിയ , ഇരകളെ എയ്ത് വീഴ്ത്താനോ എറിഞ്ഞുവീഴ്ത്താനോ സഹായിക്കുന്ന ചാട്ടുളി പോലെയുള്ള ഉപകരണങ്ങൾ വലിയ മുന്നേറ്റമായിരുന്നു. നരവംശശാസ്ത്രജ്ഞനായ റിക്ക് പോട് സും  (Rick Potts) സഹപ്രവർത്തകരും ഈ ഉപകരണങ്ങൾക്ക് 298,000 മുതൽ 320,000 വരെ വർഷം  പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. പിടികൂടാൻ പ്രയാസം ഉള്ളതോ അപകടകാരികളോ ആയ ഇരകളെ കീഴടക്കാൻ ആയുധനവീകരണം പൂർവ്വ മനുഷ്യരെ സഹായിച്ചു. ആദ്യകാല മനുഷ്യർ (early homo sapiens) അവരുടെ ആവാസവ്യവസ്ഥയുമായും മറ്റ് മനുഷ്യരുമായും (സ്വന്തം സ്പീഷീസോ വ്യത്യസ്തമോ ആയ) ഇടപഴകുന്ന രീതി ആത്യന്തികമായി മാറ്റിമറിച്ച ചുവടുവെപ്പുകളാആയിരുന്നു ഇതൊക്കെ. വസ്ത്രങ്ങൾക്കായി മൃഗത്തോൽ ചുരണ്ടി വൃത്തിയാക്കാനും മരവും മറ്റ് വസ്തുക്കളും ഉരച്ച് മിനുസപ്പെടുത്താനും ഉപയോഗിക്കാവുന്ന ഉളികളും സ്ക്രാപ്പറുകളും ഈ സമയത്താണ് പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ കതാണ്ടയിൽ (Katanda) നിന്ന് കണ്ടെത്തിയതുപോലെ, കുറഞ്ഞത് 90,000 പഴക്കമുള്ള കൂർത്ത അഗ്രങ്ങൾ ഉണ്ടാക്കിയെടുത്ത അസ്ഥികൾ കുന്തം പോലെ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്നു. ഫോസിലുകളിൽ നിന്ന് വ്യക്തമാവുന്ന ശരീര ഘടനയിലെ മാറ്റങ്ങളെപ്പോലെ, വിവിധ സ്ഥലങ്ങളിൽ വിവിധ കാലയളവിൽ ആയുധോ പകരണങ്ങളിൽ മുന്നേറ്റങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇത് വ്യത്യസ്തമായ മനുഷ്യ ഗ്രൂപ്പുകൾ പല സ്ഥലങ്ങളിൽ പരിണമിച്ചുവന്നുവെന്നും ഒരുപക്ഷേ പിന്നീട് ഉപകരണസാങ്കേതികവിദ്യകൾ പങ്കിട്ടിട്ടുണ്ടെന്നും സൂചിപ്പിക്കുന്നു. നമ്മുടെ പൂർവികവംശപരമ്പരയുടെ ഭാഗമല്ലാത്ത മറ്റ് ‘മനുഷ്യരും’ ആ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടേക്കാം.

തമിഴ്നാട്ടിലെ അതിരമ്പാക്കം ഗ്രാമത്തിൽ നിന്ന്-  ടോപ്പോഗ്രാഫിക് ഭൂപടം, (കൊർത്തള്ളയാറിന്റെ വൃഷ്ടിപ്രദേശങ്ങൾ). ഖനനം ചെയ്ത പ്രദേശങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ കടപ്പാട് 10.1126/science.1200183

ചരിത്രാതീത കാലത്തെ കുറേയധികം ശിലായുധങ്ങൾ, ചെന്നൈയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അതിരമ്പാക്കം ഗ്രാമത്തിൽ നിന്ന് ഖനനത്തിൽ ലഭിച്ചിട്ടുണ്ട്.  പര്യവേഷണഫലങ്ങൾ മധ്യ പുരാതനശിലായുഗ (middle paleolithic) സംസ്കാരം പേറുന്ന ‘ആളുകൾ’ ഇന്ത്യയിൽ അധിവസിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചുള്ള ധാരണമാറ്റി തീർക്കുന്നു, കാലഗണന ഗണ്യമായി പുറകോട്ടു കൊണ്ടുപോകുന്നു. അതിരമ്പാക്കത്തെ പുരാവസ്തു സ്ഥലം 1863-ൽ ആർ. ബി. ഫൂട്ട് ( R. B. Foote ) കണ്ടെത്തി, തുടർന്ന് 1930-കളിലും 1960-കളിലും നിരവധി ഗവേഷകർ അന്വേഷണം നടത്തി. 1999 മുതൽ ശർമ്മ സെന്റർ ഫോർ ഹെറിറ്റേജ് എജ്യുക്കേഷനിലെ (The Sharma Center for Heritage Education, Chennai) പ്രൊഫസർ ശാന്തി പപ്പുവും ഡോ കുമാർ അഖിലേഷും ഇവിടെ പര്യവേഷണം നടത്തിവരുന്നു. ഫ്രാൻസിലെ ലിയോൺ സർവകലാശാലയിലെ (University of Lyon) പ്രൊഫ യാനി ഗണ്ണെൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ നിന്നുള്ള പ്രൊഫ.പ്രൊഫ.അശോക് കെ.സിംഗ്വി, ഹരേഷ് എം.രാജ, ഡോ.അനിൽ ഡി.ശുക്ല എന്നിവരുടെ സഹകരണത്തോടെയാണ് പഠനങ്ങൾ നടത്തിയത്;

ലെവല്ലോയിസ് (levallois technique) ശിലായുധ നിർമ്മാണരീതി ഉപയോഗിച്ച് നിർമ്മിച്ച  കൈപിടിക്കാൻ കഴിയുന്ന ആകൃതിയോട് കൂടിയ വായ്ത്തലയുള്ള കൽച്ചീളുകൾ, കുന്തമുനപോലെയുള്ളകല്ലുകൾ കടപ്പാട് : 10.1038/nature25444

പഠനം ‘നേച്ചറിൽ’ 2018-ൽ പ്രസിദ്ധീകരിച്ചു.  കണ്ടെത്തിയ 7,200 ഓളം പുരാവസ്തുക്കളിൽ പോസ്റ്റ് ഇൻഫ്രാറെഡ്-സ്റ്റിമുലേറ്റഡ് ലുമിനസെൻസ് ഡേറ്റിംഗ് (pIR-IRSL) എന്ന കാലനിർണയരീതി ഗവേഷകർ ഉപയോഗിച്ചു. പലപ്പോഴായി കുഴിച്ചെടുത്ത ഉപകരണങ്ങൾ, കാലഗണനകണക്കനുസരിച്ച് വ്യത്യാസങ്ങൾ കാണിക്കുന്നു. കൂട്ടത്തിൽ ‘പരിഷ്കൃതം’ എന്നു പറയാവുന്ന കൈപിടിക്കാൻ കഴിയുന്ന ആകൃതിയോട് കൂടിയ വായ്ത്തലയുള്ള കൽച്ചീളുകൾ, കുന്തമുനപോലെയുള്ളകല്ലുകൾ ഒക്കെ ഗവേഷകർ റിപ്പോർട്ട് ചെയ്യുന്നു. അതായത് ലെവല്ലോയിസ് സാങ്കേതികത (levallois technique) എന്നറിയപ്പെടുന്ന ശിലായുധ നിർമ്മാണരീതി ഉപയോഗിച്ചിരുന്നു. ഈ തെളിവുകൾ സൂചിപ്പിക്കുന്നത് അച്ച്യൂലിയൻ സംസ്കാരത്തിന്റെ അവസാനത്തെയും മധ്യകാല പുരാതന ശിലായുഗ (middle paleolithic) സംസ്കാരത്തിന്റെ ആവിർഭാവത്തെയും സൂചിപ്പിക്കുന്ന പ്രക്രിയകൾ 385000 ± 64000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ സംഭവിച്ചു എന്നാണ്.  ( കാലഗണനയിലെ അനിശ്ചിതത്വങ്ങൾക്ക് അത്യുദാരമായ മാർജിൻ നൽകിയാലും, ഏറ്റവും കുറഞ്ഞത് 250000 വർഷത്തിലധികം പഴക്കം നിഷ്പക്ഷ നിരീക്ഷകർ ഉറപ്പിക്കുന്നു). മധ്യ പാലിയോലിത്തിക്ക് സംസ്കാരം അതിരമ്പാക്കത്ത് 172 000 ± 41000 വർഷങ്ങൾ മുമ്പുവരെ തുടർന്നതായാണ് ആണ് പഠനങ്ങളിൽ നിന്നുള്ള നിഗമനം. ഈ സംസ്കാരം ഇന്ത്യയിലേക്ക് വന്നത് ഏകദേശം 125,000 വർഷങ്ങൾക്ക് മുമ്പോ അതിനു ശേഷമോ ആഫ്രിക്കയിൽ നിന്ന് പുറത്തേക്ക് വ്യാപിച്ച ‘ആധുനിക മനുഷ്യരോ’ടൊപ്പമാണ് (homo sapiens) എന്ന മുൻധാരണയാണ് തിരുത്തപ്പെടുന്നത്. ആഫ്രിക്കയിലും യൂറോപ്പിലും രേഖപ്പെടുത്തിയിരിക്കുന്ന സമാന പ്രക്രിയകളുമായി സമകാലികത സ്ഥാപിക്കുകയും ചെയ്യുന്നു. പ്രാദേശിക സംഭവവികാസങ്ങളും നിലവിലുള്ള ആഗോള പരിവർത്തനങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകളെ ഇത് സൂചിപ്പിക്കുന്നു. ആഫ്രിക്കയിലും യൂറോപ്പിലും മധ്യ പാലിയോലിത്തിക്ക് സംസ്കാരം  വികസിച്ച ഏതാണ്ട് അതേ കാലയളവിൽ തെക്കൻ ഏഷ്യയിലും അങ്ങനെ സംഭവിച്ചു എന്നാണ് മനസ്സിലാക്കേണ്ടത്.  മധ്യ പാലിയോലിത്തിക്ക് കാലഘട്ടം ആധുനിക മനുഷ്യരുമായും നിയാണ്ടർത്തലുകളുമായും മറ്റ് പുരാതന ഹോമിനിനുകളുമായും ബന്ധപ്പെട്ട ഒരു പ്രധാന സാംസ്കാരിക ഘട്ടമായാണ് വിദഗ്ധർ പരിഗണിക്കുന്നത്. ഈ കാലഘട്ടത്തിലെ കല്ലുപകരണങ്ങൾ ആദ്യകാല മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചുള്ള പഠനങ്ങൾക്കായി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. മധ്യ പാലിയോലിത്തിക്ക് സംസ്കാരവുമായി ബന്ധപ്പെട്ട ഒന്നിലധികം ഹോമിനിൻ വ്യാപനങ്ങൾ, സങ്കീർണ്ണമായ പ്രക്രിയകളും സ്പീഷിസുകൾ തമ്മിലുള്ള ഇടപെടലുകളും കൊണ്ട് സംഭവിച്ചിട്ടുണ്ടെന്ന് പൊതുവേ കരുതപ്പെടുന്നു. അത്തരം കുടിയേറ്റങ്ങൾ മുമ്പ് കരുതിയിരുന്നതിലും നേരത്തെ സംഭവിച്ചിരിക്കാമെന്നും ഇന്ത്യയിലെ മധ്യ പാലിയോലിത്തിക് സംസ്കാരത്തിന്റെ വികാസത്തിൽ ഒരു പങ്കു വഹിച്ചിരിക്കാമെന്നുമാണ് പുതിയ തെളിവുകൾ വ്യക്തമാക്കുന്നത്. എന്നാൽ കുഴിച്ചെടുത്ത സ്ഥലങ്ങളുടെയും ഹോമിനിൻ ഫോസിലുകളുടെയും അപര്യാപ്തത, ഭൂമിശാസ്ത്രപരമായ പരിമിതികൾ എന്നിവയാൽ തുടർ ഗവേഷണങ്ങൾ പരിമിതപ്പെടുന്നു.

ആഫ്രിക്കയ്ക്ക് പുറത്ത് ഹോമോ സാപിയൻ ഫോസിലുകൾ 

100,000 മുതൽ 210,000 വർഷങ്ങൾ വരെ മുമ്പ് ആഫ്രിക്കയ്ക്ക് പുറത്ത് ഹോമോ സാപിയൻസ് ജീവിച്ചിരുന്നതായി തെളിവുകൾ നൽകുന്ന ഫോസിലുകൾ ഇപ്പോൾ ലഭ്യമാണ്. ഹോമോ സാപിയൻസിൻറെ ഉത്ഭവം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നാണെന്ന് അനേകം ജനിതക വിശകലന പഠനങ്ങൾ വ്യക്തമാക്കുന്നുമുണ്ട്. അതായത് നമ്മുടെ വേരുകൾ തുടങ്ങുന്നത് ആഫ്രിക്കയിൽ നിന്നാണ്. എന്നാൽ ശാസ്ത്രജ്ഞർ കരുതിയിരുന്നതിനേക്കാൾ വളരെ മുൻപു തന്നെ ’നമ്മൾ’ ദേശാടനം നടത്തിയിരുന്നുവെന്നാണ് ഇപ്പോഴത്തെ സൂചനകൾ വ്യക്തമാക്കുന്നത്..

ഇസ്രായേലിലെ കാർമൽ പർവതത്തിന്റെ (Mount Carmel) ചരിവുകളിലെ മിസ്ലിയ ഗുഹ കടപ്പാട് : Mina Weinstein-Evron, Haifa Univ.

ഇസ്രായേലിലെ കാർമൽ പർവതത്തിന്റെ (Mount Carmel) ചരിവുകളിലെ മിസ്ലിയ ഗുഹയ്ക്കുള്ളിൽ (Misliya Cave) കണ്ടെത്തിയ താടിയെല്ല്, ‘ആധുനിക മനുഷ്യർ’ (homo sapiens)  മെഡിറ്ററേനിയൻ തീരങ്ങളിൽ ഏകദേശം 177,000 മുതൽ 194,000 വർഷങ്ങൾക്ക് മുമ്പ് വസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. തകർന്ന ഗുഹയിൽ നിന്നുള്ള താടിയെല്ലും പല്ലുകളും ആധുനിക മനുഷ്യരിൽ കാണപ്പെടുന്നവയോട് സാമ്യമുള്ളതാണെന്ന് മാത്രമല്ല, പരിഷ്കൃതമായ കൈക്കോടാലികളും തീക്കല്ലുകൊണ്ടുള്ള ഉപകരണങ്ങളും അവിടെനിന്ന് കണ്ടെത്തി. ഈ മേഖലയിലെ മറ്റ് കണ്ടെത്തലുകൾ പിന്നീടുള്ള കാലഘട്ടങ്ങളിലേതാണ്.

മിസ്ലിയ ഗുഹയ്ക്കുള്ളിൽ (Misliya Cave) നിന്ന് കണ്ടെത്തിയ താടിയെല്ലും പല്ലുകളും. ആഫ്രിക്കയ്ക്ക് പുറത്തുള്ള ഹോമോ സാപ്പിയൻസിന്റെ ആദ്യകാല തെളിവുകൾ കടപ്പാട് : Israel Hershkovitz, Tel Aviv Univ.

ഇസ്രായേലിലെ ഖാഫ്‌സെയിലെ ഒന്നിലധികം വ്യക്തികളുടെ ഫോസിൽ അവശിഷ്ടങ്ങൾ 100,000 മുതൽ 130,000 വർഷങ്ങൾക്ക് മുമ്പുള്ളവയാണ്.  ഈ തെളിവുകൾ പ്രദേശത്ത് മനുഷ്യരുടെ ദീർഘകാല സാന്നിധ്യം സൂചിപ്പിക്കുന്നു. ഖാഫ്‌സെയിൽ, മനുഷ്യന്റെ അവശിഷ്ടങ്ങൾക്കൊപ്പം ചുവന്ന മൺകട്ടകളും അവയുടെ പാടുകവൾ വീണ വസ്തുക്കളും ഒരു സൈറ്റിൽ കണ്ടെത്തി, ഇത് ഏറ്റവും പഴയ മനുഷ്യ ശ്മശാനമായി വ്യാഖ്യാനിക്കപ്പെടുന്നു.

ദക്ഷിണ ചൈനയിലെ ഷിരെൻഡോങ്ങിൽ (Zhirendong) നിന്നുള്ള ഒരു ജോടി പല്ലുകളോട് കൂടിയ 100,000 വർഷത്തോളം പഴക്കമുള്ള താടിയെല്ല് കടപ്പാട് : pnas.1014386107

തെക്കൻ ചൈനയിലെ ചുണ്ണാമ്പുകല്ല് ഗുഹാസമുച്ചയങ്ങൾക്കിടയിൽ 80,000 മുതൽ 120,000 ഇടയിൽ വർഷങ്ങൾക്ക് മുമ്പുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഷിരെൻഡോങ്ങിൽ (Zhirendong) നിന്നുള്ള ഒരു ജോടി പല്ലുകളോട് കൂടിയ 100,000 വർഷത്തോളം പഴക്കമുള്ള താടിയെല്ല് കണ്ടെത്തിയിട്ടുണ്ട്. എടുത്തറിയാൻ കഴിയാത്ത വലിപ്പം കുറഞ്ഞ താടി (chin) പോലെ ചില പുരാതന സ്വഭാവവിശേഷങ്ങൾ നിലനിർത്തുന്നുവെങ്കിലും മറ്റ് സവിശേഷതകളിൽ ഹോമോ സാപിയൻസിനെ പ്രതിനിധീകരിക്കുന്ന തരത്തിൽ ആധുനികമായി കാണപ്പെടുന്നു. ഡാക്‌സിയനിലെ (Daoxian) ഒരു ഗുഹയിൽ നിന്ന്, ആധുനികമനുഷ്യരുടേതിനോട് പൂർണ്ണ സാമ്യമുള്ള, അവരുടേതിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്ത, പുരാതന പല്ലുകളുടെ അതിശയകരമായ ശേഖരം ലഭിച്ചു. ഹോമോ സാപിയൻ ഗ്രൂപ്പുകൾ ആഫ്രിക്കയുടെ പുറത്ത് വളരെ അകലെ  80,000 മുതൽ 120,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി പ്രസ്തുതപുരാതനദന്തങ്ങൾ സൂചിപ്പിക്കുന്നു.

ഇപ്പറഞ്ഞ കാലയളവിനെക്കാൾ മുൻപുതന്നെ കുടിയേറ്റങ്ങൾ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. 210,000 വർഷങ്ങൾക്ക് മുമ്പ് ഹോമോസാപ്പിയൻസ്  യൂറോപ്പിൽ എത്തിയതിന് തെളിവുകൾ ഉണ്ടെന്ന് ചിലർ വിശ്വസിക്കുന്നു. ആദ്യകാല മനുഷ്യരുടെ കണ്ടെത്തലുകളിൽ വിദഗ്ധരുടെ ഇടയിൽ മിക്കപ്പോഴും സംവാദങ്ങൾക്ക് കാരണമാകാറുണ്ട്. തെക്കൻ ഗ്രീസിലെ അപിഡിമ ഗുഹയിൽ നിന്ന് (Apidima cave) ലഭിച്ച പൊട്ടിയ തലയോട്ടി തീവ്രമായ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി.

തെക്കൻ ഗ്രീസിലെ അപിഡിമ ഗുഹയിൽ നിന്ന് ലഭിച്ച പൊട്ടിയ തലയോട്ടി -യുറേഷ്യയിലെ ഹോമോ സാപിയൻസിന്റെ ആദ് തെളിവ്  കടപ്പാട് : Katerina Harvati, University of Tübingen

ഇത് 200,000 വർഷത്തിലേറെ പഴക്കമുള്ളതും ആഫ്രിക്കയ്ക്ക് പുറത്ത് കണ്ടെത്തിയ ആദ്യകാല ആധുനിക മനുഷ്യ ഫോസിലിനെ പ്രതിനിധീകരിക്കുന്നതുമാണ് എന്ന് ഒരു കൂട്ടർ കരുതുന്നുണ്ട്. തെളിവുകൾ നൽകുന്ന സൂചന ഇത് വ്യക്തമാക്കുന്നുവെന്ന് അവർ വാദിക്കുന്നു. നാശോന്മുഖമായ പ്രസ്തുത അവശിഷ്ടം നമ്മുടെ സ്വന്തം വംശത്തിൽ നിന്ന് വന്നതാകാനുള്ള സാധ്യത കുറവാണെന്നും യഥാർത്ഥത്തിൽ അത് നിയാണ്ടർത്തലുകളുടേത് പോലെയാണെന്നും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. നിയാണ്ടർത്തലുകളുടെ അവശിഷ്ടങ്ങൾ ഏതാനും അടി അകലെ അതേ ഗുഹയിൽകണ്ടെത്തുകയും ചെയ്തു. സൈറ്റിൽ നടത്തിയ ഡേറ്റിംഗ് വിശകലനത്തിന്റെ കൃത്യതയെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നു, ഫോസിലുകൾ വളരെക്കാലമായി അവ നിക്ഷേപികക്കപ്പെട്ട ഭൗമപാളികളിൽ നിന്ന് വീണുപോയതിനാൽ  ശരിയായ കാലഗണന   ദുഷ്കരമാണ്.

മുൻപറഞ്ഞ കാലയളവുകളിൽ ആധുനികമനുഷ്യരുടെ (homo sapiens)  വിവിധ ഗ്രൂപ്പുകൾ ആഫ്രിക്കയ്ക്ക് പുറത്ത് ജീവിച്ചിരുന്നെങ്കിലും, ആത്യന്തികമായി, അവർ ഇന്നത്തെ മനുഷ്യരുടെ പരിണാമ കഥയുടെ ഭാഗമല്ല. ജനിതകശാസ്ത്രത്തിന് നമ്മുടെ വിദൂര പൂർവ്വികർ ഏതൊക്കെ വിഭാഗങ്ങളായിരുന്നുവെന്നും ഒടുവിൽ മരണമടഞ്ഞ പിൻഗാമികൾ ആരാണെന്നും വെളിപ്പെടുത്താൻ കഴിയും. തീർച്ചയായും, ആഫ്രിക്കയിൽ നിന്ന് ഒന്നിലധികം തവണ കൂട്ടം പിരിയലും കുടിയേറ്റങ്ങളും ഉണ്ടായിട്ടുണ്ടാകാം. ഇന്നത്തെ വ്യക്തികൾക്ക് അവർ ജനിതകപാരമ്പര്യം സംഭാവന ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാനം. അവർ അങ്ങനെ ചെയ്തിട്ടില്ലെന്ന് ഇപ്പോൾ വ്യക്തമായി പറയാൻ കഴിയും.

ഹോമോ ലോംഗി’ (Homo Longi)  അഥവാ ഡ്രാഗൺ മാൻ തലയോട്ടി വിശകലനത്തിൽ നിന്നും ചിത്രകാര പുനസൃഷ്ടി കടപ്പാട് The Innovation.

ഇതര ഹോമോ ഫോസിലുകൾ 

“ഡ്രാഗൺ മാൻ” എന്ന് വിളിപ്പേരുള്ള മറ്റൊരു മനുഷ്യവർഗത്തെക്കുറിച്ച് മനസ്സിലാക്കുന്നത് അടുത്ത കാലത്താണ്. അത്  വരെ അറിയപ്പെടാത്ത വർഗത്തിൽപെട്ട പ്രായപൂർത്തിയായ ആണിൻറെ തലയോട്ടിയുടെ വിശകലനഫലങ്ങൾ 2021 -ൽ ചൈനയിൽ നിന്ന് വന്നു. ഏകദേശം 146,000 വർഷങ്ങൾ പഴക്കമുള്ളതാണ് തലയോട്ടി. വടക്കുകിഴക്കൻ ചൈനയിലെ നഗരമായ ഹാർബിനിൽ 1933-ൽ, ഒരു പാലം നിർമ്മാണത്തിനിടയിലാണ് കേടുപാടുകൾ ഇല്ലാത്ത വലിപ്പമുള്ള തലയോട്ടി കണ്ടെത്തിയത്. ഇത് വ്യത്യസ്‌തമനുഷ്യവർഗത്തിൻറേതാകാമെന്ന ധാരണ ദീർഘകാലമുണ്ടായിരുന്നില്ല. പാലിയോ ആന്ത്രോപോളജിസ്റ്റുകളുടെ ശ്രദ്ധ ഇതിൽ പതിഞ്ഞത് 2018-ലാണ്. നിരവധി പഠനങ്ങൾക്ക് ശേഷം, 2021 ജൂൺ അവസാനം ഗവേഷകർ തലയോട്ടി കിഴക്കൻ ഏഷ്യയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യവർഗ്ഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന്  പ്രഖ്യാപിച്ചു,. അവർ അതിനെ’ ഹോമോ ലോംഗി’ (Homo Longi)  അല്ലെങ്കിൽ ഡ്രാഗൺ മാൻ എന്ന് നാമകരണം ചെയ്തു. ആധുനിക മനുഷ്യരായ ഹോമോ സാപ്പിയൻസുമായി ഏറ്റവും അടുത്ത ബന്ധുവായിരിക്കാമെന്ന് അവർ പറഞ്ഞു.

നിയാണ്ടർത്താലുകൾ മനുഷ്യ വംശത്തിൽ നമ്മുടെ അതായത് ഹോമോസാപ്പിയൻസിൻറെ ഏറ്റവും അടുത്ത ബന്ധുക്കളെന്നായിരുന്നു ഇതുവരെയുള്ള ധാരണ. കണ്ടെത്തലുകൾ ശരിയാണെങ്കിൽ ആ ധാരണയാണ് തിരുത്തപ്പെടുന്നത്. ‘ഡ്രാഗൺ മാൻ’ ഈ സ്ഥാനത്തേക്ക് വരുന്നു നിയാണ്ടർത്തലുകളും (Homo neanderthalensis) ഹോമോ ഇറക്റ്റസും (Homo erectus) പോലെയുള്ള അറിയപ്പെടുന്ന പുരാതന മനുഷ്യരുടെ ഇടയിൽ നമ്മുടെ ഏറ്റവും അടുത്ത പരിണാമ ബന്ധുവാണിതെന്ന് സംഘം അവകാശപ്പെട്ടു. പഠനം ‘ദി ഇന്നൊവേഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനവും നിഗമനങ്ങളും പാലിയോ ആന്ത്രോപോളജിസ്റ്റുകൾക്കിടയിൽ സംവാദത്തിനും ചർച്ചകൾക്കും കാരണമായി. ഹോമോജനുസ്സിൽ ( genus- homo) ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ പുരാതന ഫോസിൽ തലയോട്ടിയാണിത്. ഹോമോ ജനുസ്സിന്റെ പരിണാമവും ഹോമോ സാപ്പിയൻസിന്റെ ഉത്ഭവവും മനസ്സിലാക്കാൻ നിർണായകമായ നിരവധി രൂപവിവരങ്ങൾ ഈ ഫോസിൽ നൽകുന്നുണ്ട്.  വലിപ്പം അതിനെ ഹോമോസാപിയൻ ശ്രേണിയോട് അടുപ്പിക്കുന്നു. പുരാതന മനുഷ്യ സവിശേഷതകൾ ഉള്ളപ്പോൾ തന്നെ മറ്റ് മനുഷ്യവംശങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പ്രാകൃതവും ഉരുത്തിരിഞ്ഞതുമായ ഘടകങ്ങളുടേയും സവിശേഷതകളുടേയും സംയോജനമാണ് വെളിവാകുന്നത്. തലയോട്ടിയുടെ പരിണാമത്തിൽ വിദഗ്ധരിൽ ഒരാളായ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുള്ള പ്രൊഫ ക്രിസ് സ്ട്രിംഗർ ഗവേഷണ സംഘത്തിലെ അംഗമായിരുന്നു. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ അത് മനുഷ്യരാശിയുടെ ഒരു പ്രത്യേക ശാഖയാണ്, ഹോമോ സാപ്പിയൻസ് (നമ്മുടെ വർഗ്ഗം) ആകാനുള്ള പരിണാമവഴിയിലായിരുന്നില്ല. (അതായത് നമ്മുടെ നേരിട്ടുള്ള പൂർവികർ അല്ല). എന്നാൽ ലക്ഷക്കണക്കിന് വർഷങ്ങളായി ഈ പ്രദേശത്ത് അധിവസിക്കുകയും പരിണമിക്കുകയും ഒടുവിൽ വംശനാശം സംഭവിക്കുകയും ചെയ്ത ഒരു വേറിട്ട വംശത്തെ പ്രതിനിധീകരിക്കുവെന്ന് സ്ട്രിംഗർ ഉറപ്പിച്ചു പറയുന്നു.

ഇസ്രായേലിലെ നെഷെർ റംലയിൽ നടത്തിയ ഖനനത്തിൽ നിന്ന് കണ്ടെടുത്തത് – വലത് പാരീറ്റൽ (right parietal) (തലയോട്ടിയുടെ പിൻഭാഗം), ഏതാണ്ട് പൂർണ്ണമായ മാൻഡിബിൾ (താടിയെല്ല്) കടപ്പാട് : Avi Levin and Ilan Theiler, Sackler/Tel Aviv University

ഇസ്രായേലിലെ നെഷെർ റംലയിൽ നടത്തിയ ഖനനത്തിൽ, മറ്റൊരുവ്യത്യസ്ത ഹോമോ വർഗ്ഗത്തിൽ നിന്നുള്ള തലയോട്ടി കണ്ടെടുത്തു. വലത് പാരീറ്റൽ (right parietal) (തലയോട്ടിയുടെ പിൻഭാഗം), ഏതാണ്ട് പൂർണ്ണമായ മാൻഡിബിൾ (താടിയെല്ല്) എന്നിവ ഉൾപ്പെടെയുള്ള തലയോട്ടിയുടെ കഷണങ്ങളാണ് ലഭിച്ചത്. ഏകദേശം 140,000-120,000 വർഷം പഴക്കമാണ് അതിന് കണക്കാക്കുന്നത്.ആധുനിക മനുഷ്യരുടെ ചില സവിശേഷതകൾ ഉണ്ടെങ്കിലുംഈ തലയോട്ടി നമ്മുടെ വർഗ്ഗമായ ഹോമോസാപിയൻസിൻറെത് അല്ലെന്ന് വിശകലനങ്ങൾ വ്യക്തമാക്കുന്നു. ആദ്യകാല ഹോമോ സാപിയൻമാരിൽ നിന്നും പിന്നീടുള്ള നിയാണ്ടർത്തലുകളിൽ നിന്നും വ്യത്യസ്തമായ പൗരാണികപൂർവ്വ മനുഷ്യരുടെയും, നിയാണ്ടർത്താലുകളുടെയും ലക്ഷണങ്ങളുടെ സവിശേഷമായ സംയോജനമാണ് അസ്ഥികൾ വെളിപ്പെടുത്തുന്നത്.

ഏകദേശം 420,000 മുതൽ 120,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ഇസ്രായേലിലും പരിസരത്തും ജീവിച്ചിരുന്ന ഒരു വ്യത്യസ്ത ഹോമോ വർഗ്ഗത്തെ ആണ്ഫോസിൽ പ്രതിനിധീകരിക്കുന്നതെന്ന് ഗവേഷകർ കരുതുന്നു. ഇസ്രായേൽ ഹെർഷ്‌കോവിറ്റ്‌സ് (Israel Hershkovitz), യോസി സെയ്‌ഡ്‌നർ ( Yossi Zaidner), സഹപ്രവർത്തകർ എന്നിവർ അടുത്തിടെ സയൻസിൽ പ്രസിദ്ധീകരിച്ച രണ്ട് വ്യത്യസ്തപഠനങ്ങളിൽ വിശദമാക്കുന്നതുപോലെ, ഈ പുരാതന മനുഷ്യ സമൂഹം സമീപത്തെ ഹോമോ സാപിയൻസ് ഗ്രൂപ്പുകളുമായി ആയിരക്കണക്കിന് വർഷങ്ങളായി ഇടകലർന്ന് നിലനില്ക്കുകയും ജീവിതരീതിയും ജനിതക ഘടകങ്ങളും കൈമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്. “നെഷർ റംല ഹോമോ” (Nesher Ramla Homo ) എന്നാണ് ഈ വർഗ്ഗം ഇപ്പോൾ അറിയപ്പെടുന്നത്.

ഏകദേശം 100,000 വർഷങ്ങൾക്ക് മുമ്പ് നിരവധി ഇനം മനുഷ്യർ  ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ‘സഹവർത്തിത്വത്തിൽ’ കഴിഞ്ഞിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

ആഫ്രിക്കയിൽ നിന്ന് കുടിയേറ്റം ജനിതകവിശകലനം 

ജനിതക വിശകലനങ്ങളും കാലാവസ്ഥാമാറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങളും 50,000 മുതൽ 60,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് പുറത്തേക്ക് ആധുനിക മനുഷ്യരുടെ നിർണായകമായ ദേശാന്തരഗമനം നടന്നതായി തെളിവുകൾ നൽകുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകളിൽ നടന്ന നിരവധി ജനിതക പഠനങ്ങൾ അനുസരിച്ച്, യൂറോപ്പുകാർ, ഏഷ്യക്കാർ, ഓസ്‌ട്രേലിയയിലെ, അമേരിക്കയിലെ, ആൻഡമാൻ ദ്വീപുകളിലെ ഒക്കെ ആദിമനിവാസികൾ, അങ്ങനെ ലോകത്ത് ജീവിച്ചിരിക്കുന്ന ആഫ്രിക്കക്കാരല്ലാത്ത എല്ലാവവരുടെയും വംശപരമ്പര ആഫ്രിക്കയിൽ നിന്ന് 50,000 മുതൽ 60,000 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കുടിയേറ്റത്തിന്റെ ഭാഗമായ മനുഷ്യരിലേക്ക് നീളുന്നു. മനുഷ്യർക്ക് ആഫ്രിക്കയിൽ നിന്ന് അറേബ്യൻ ഉപദ്വീപിലേക്കും മിഡിൽ ഈസ്റ്റിലേക്കും പോകുന്നതിന് അനുകൂലമായ പല ഘട്ടങ്ങൾ സമുദ്രനിരപ്പ് താഴ്ന്ന് ഉണ്ടായിട്ടുണ്ടെന്നാണ് ഇക്കാലയളവുകളിലെ കാലാവസ്ഥയുടെ പുനരാവിഷ്കാരവും വിശകലനവും സൂചിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം ഏകദേശം 55,000 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതാണ്. ഇന്നത്തെ മനുഷ്യരിൽ നിന്നുള്ള ഡിഎൻഎ പരിശോധിക്കുന്നതിലൂടെ തന്നെ, മനുഷ്യ ചരിത്രത്തിന്റെ ഒരു രൂപരേഖ അനുമാനിക്കാൻ കഴിയുന്നു. പൗരാണിക ഡി എൻ എ വിശകലനങ്ങൾ രൂപരേഖ വ്യക്തമാക്കാൻ സഹായിക്കുന്നു. മുൻപ് മധ്യപൂർവേഷ്യയിലേക്കോ ചൈനയിലേക്കോ ഒക്കെ ഉണ്ടായ കുടിയേറ്റങ്ങളിൽ വന്നവർ അക്കാലത്ത് ജീവിച്ചിരുന്ന കൂടുതൽ പുരാതന ഹോമിനിനുകളുമായി (hominin- members of Hominidae family) ഇടകലർന്നിരിക്കാം. പക്ഷേ അവരുടെ വംശപരമ്പര മാഞ്ഞുപോയതായി അനുമാനിക്കാം.

അതിജീവിച്ച ഒരേയൊരു മനുഷ്യവംശം

ജനിതക-ഫോസിൽ തെളിവുകൾ ഒരു കാര്യം വ്യക്തമാക്കുന്നു. 15,000 മുതൽ 40,000 വർഷങ്ങൾക്ക്   മുൻപുള്ള കാലയളവിൽ ഹോമോ സാപിയൻസ് അതിജീവനം സാധ്യമായ ഒരേയൊരു മനുഷ്യവംശമായി മാറി. പക്ഷേ നമ്മൾ മാത്രമായിരുന്നില്ല ഈ ഭൂമിയിലെ ‘മനുഷ്യകുലത്തിലെ’ അംഗങ്ങൾ. നമ്മൾ മറ്റ് ‘മനുഷ്യരുമായി’ ഒരേ സമയം സഹവസിച്ചിരുന്നു, നിലനിന്നിരുന്നു, എന്നുമാത്രമല്ല വിവിധ ഹോമിനിൻ സ്പീഷീസുകളുമായി ജനിതകമായി ആയി ഇടകലരുകയും ചെയ്തിരുന്നു. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ചില വംശശാഖകളും ഇതിലുൾപ്പെടുന്നു. എന്നാൽ അവ ഓരോന്നായി കാലക്രമത്തിൽ അപ്രത്യക്ഷമായി. പരിണാമകാലയളവുകൾ പരിഗണിക്കുമ്പോൾ, ചില ശാഖകൾ അടുത്തിടെയാണ് മറഞ്ഞത്. മുഴുവൻ മനുഷ്യവർഗ്ഗങ്ങളേയും പ്രതിനിധീകരികക്കാൻ നമ്മൾ മാത്രം നിലനിന്നു.

ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോറസിൽ നിന്ന്, ഹോമോ ഫ്ലോറെസിയെൻസിസ് (Homo floresiensis) എന്ന ആദ്യകാലകുള്ളൻ മനുഷ്യവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ഫോസിലുകൾ ലഭിച്ചിട്ടുണ്ട്.  “ഹോബിറ്റ്” എന്ന വിളിപ്പേരുള്ള ഇവർ 50,000 വർഷങ്ങൾക്ക് മുമ്പ് വരെ ജീവിച്ചിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നു. പക്ഷേ അവർക്ക് പിന്നീട് എന്താണ് സംഭവിച്ചത് എന്നത് നിഗൂഢമാണ്. ഇന്ന് അതേ പ്രദേശത്ത് താമസിക്കുന്ന റമ്പാസസ (Rampasasa) പിഗ്മി ഗ്രൂപ്പ് ഉൾപ്പെടെയുള്ള ആധുനിക മനുഷ്യരുമായി അവർക്ക് അടുത്ത ബന്ധമൊന്നും ഉള്ളതായി കാണുന്നില്ല. അതായത് ജനിതക കലർപ്പ് നടന്നതായി തെളിവുകളില്ല.

വിവിധ മനുഷ്യവംശങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യാപനം

നിയാണ്ടർത്തലുകൾ ഒരിക്കൽ യുറേഷ്യയിൽ പോർച്ചുഗൽ, ബ്രിട്ടീഷ് ദ്വീപുകൾ മുതൽ സൈബീരിയ വരെ വ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ ഹോമോ സാപ്പിയൻസ് കൂടുതൽ വ്യാപിച്ചതോടെ നിയാണ്ടർത്തലുകൾ മെല്ലെ അപ്രത്യക്ഷരായി. ഏതാണ്ട് 40,000 വർഷങ്ങൾക്ക് മുമ്പ് ചരിത്രാവശിഷ്ടരായി എന്നാണ് കണക്കാക്കുന്നത്. ഒരുപക്ഷേ 29,000 വർഷങ്ങൾക്ക് മുമ്പ് വരെ ജിബ്രാൾട്ടർ പോലെയുള്ള എൻക്ലേവുകളിൽ കുറച്ചുപേർ നില നിന്നിട്ടുണ്ടാകാമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു. ആധുനിക മനുഷ്യർ അവരുടെ ജീനോമിൽ നിയാണ്ടർത്തൽ ഡിഎൻഎ വഹിക്കുന്നതിനാൽ ഇന്നും അവയുടെ അടയാളങ്ങൾ അവശേഷിക്കുന്നു.

ഡെനിസോവൻ അണപ്പല്ല് – 2000-ൽ റഷ്യയിലെ സൈബീരിയയിലെ അൽതായ് പർവതനിരകളിലെ ഡെനിസോവ ഗുഹയിൽ നിന്ന് കണ്ടെത്തിയത്. 

നമ്മുടെ കൂടുതൽ നിഗൂഢമായ പൂർവ്വകാല ബന്ധുക്കളാണ്  ഡെനിസോവൻസ്.  തിരിച്ചറിയാൻ കഴിയുന്ന വളരെ ശുഷ്കമായ ഫോസിലുകൾ മാത്രം അവർ അവശേഷിപ്പിച്ചു, ശാസ്ത്രജ്ഞർക്ക് അവരുടെ രൂപം കൃത്യമായി ഉറപ്പില്ല, ചിലപ്പോൾ അവർ ഒന്നിൽ കൂടുതൽ സ്പീഷിസുകൾ ആയിരുന്നിരിക്കാനും സാധ്യതയുണ്ട്. പാപ്പുവ ന്യൂ ഗിനിയയിലെ മനുഷ്യ ജീനോമുകളെക്കുറിച്ചുള്ള ഒരു സമീപകാല പഠനം സൂചിപ്പിക്കുന്നത്, 15,000 വർഷങ്ങൾക്ക് മുമ്പ് ഡെനിസോവന്മാരുമായി മനുഷ്യർ അവിടെ ജീവിക്കുകയും അവരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ടാകാം എന്നാണ്. പക്ഷേ ഈഅവകാശവാദങ്ങൾ വിവാദവിഷയമാണ്. എന്നാൽ അവരുടെ ജനിതക പാരമ്പര്യം ഇന്ന് ജീവിച്ചിരിക്കുന്ന ഇന്ന് മനുഷ്യരിലൂടെ തുടരുന്നുവെന്നത് കൂടുതൽ ഉറപ്പാണ്. ഏഷ്യക്കാരിൽ പലരിലും അവരുടെ ഡിഎൻഎയുടെ 3 മുതൽ 5 ശതമാനം വരെ ഡെനിസോവന്മാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്.

കടപ്പാട് : j.cell.2019.02.035
ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് അവർ സംഭാവന നൽകിയ ജനിതക ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും, നമ്മുടെ പൂർവ്വകാലത്തെ അടുത്ത ബന്ധുക്കളെല്ലാം ഒടുവിൽ ഇല്ലാതെയായി. ഹോമോ സാപിയൻസിനെ ഏക മനുഷ്യ ജീവിയായി അവശേഷിച്ചു. അവരുടെ വംശനാശം നമ്മുടെ പരിണാമത്തിന്റെ കഥയിലേക്ക് ഒരു കൗതുകകരമായ, ഒരുപക്ഷേ ഉത്തരം ലഭിക്കാത്ത ഒരു ചോദ്യം കൂടി കൂട്ടിച്ചേർക്കുന്നു-എന്തുകൊണ്ടാണ് നമ്മൾ മാത്രം മനുഷ്യരായി അവശേഷിച്ചു?

അധികവായനയ്ക്ക്

 1. Rick Potts, Drilling for Human Origins: Understanding Climate’s Influence On Human Evolution, https://pswscience.org/meeting/drilling-for-human-origins-understanding-climates-influence-on-human-evolution/
 2. E. Carbonell, M. Mosquera,.The emergence of a symbolic behaviour: the sepulchral pit of Sima de los Huesos, Sierra de Atapuerca, Burgos, Spain, Comptes Rendus Palevol, Volume 5, 2006, Pages 155-160
 3. Matthias Meyer et. al., Nuclear DNA sequences from the Middle Pleistocene Sima de los Huesos hominins, Nature, 000, 2016, https://www.eva.mpg.de/documents/Nature/Meyer_Nuclear_Nature_2016_2259387.pdf
 4. Qiaomei et. al, A Revised Timescale for Human Evolution Based on Ancient Mitochondrial Genomes, Current Biology, Volume 23, Issue 7, 2013, Pages 553-559
 5. Ewen Callaway,Oldest DNA from a Homo sapiens reveals surprisingly recent Neanderthal ancestry, Ancient human lineages interbred commonly in Europe, as well as the Middle East., Nature News, 07 April 2021
 6. Christopher Brian Stringer, The status of Homo heidelbergensis (Schoetensack 1908), Evolutionary Anthropology Issues News and Reviews 21(3):101-7, 2012
 7. Eleanor M. L. Scerri et. al., Beyond multiregional and simple out-of-Africa models of human evolution, Nature Ecology & Evolution, September 2019, https://doi.org/10.1038/s41559-019-0992-1
 8. Hublin, JJ., Ben-Ncer, A., Bailey, S. et al. New fossils from Jebel Irhoud, Morocco and the pan-African origin of Homo sapiens. Nature 546, 289–292 (2017).
 9. White, T., Asfaw, B., DeGusta, D. et al. Pleistocene Homo sapiens from Middle Awash, Ethiopia. Nature 423, 742–747 (2003).
 10. Alan L. Deino et. al., Chronology of the Acheulean to Middle Stone Age transition in eastern Africa, Science, 2018 • Vol 360, Issue 6384 • pp. 95-98 •
 11. Harvati K, Stringer C, Grün R, Aubert M, Allsworth-Jones P, et al. (2013) Correction: The Later Stone Age Calvaria from Iwo Eleru, Nigeria: Morphology and Chronology. PLOS ONE 8(11): 10.1371/annotation/887b6c18-6c37-44d2-8a50-2760bc9ad5d6
 12. John E. Yellen et. al, A Middle Stone Age Worked Bone Industry from Katanda, Upper Semliki Valley, Zaire, Science, New Series, Vol. 268, No. 5210 (Apr. 28, 1995), pp. 553-556
 13. Kumar Akhilesh et. al, Early Middle Palaeolithic culture in India around 385-172 ka reframes Out of Africa models, Nature, ;554(7690):97-101. 2018 Jan 31
 14. Pappu, Shanti & Gunnell, Yanni & Akhilesh, Kumar & Braucher, R. & Taieb, Maurice & Demory, François & Thouveny, N.. (2011). Early Pleistocene Presence of Acheulian Hominins in South India. Science (New York, N.Y.). 331. 1596-9. 10.1126/science.1200183.
 15. Ewen Callaway, Israeli fossils are the oldest modern humans ever found outside of Africa, Nature 554, 15-16 (2018), doi: https://doi.org/10.1038/d41586-018-01261-5 
 16.  Bernard Vandermeersch and Ofer Bar-Yosef, « The Paleolithic Burials at Qafzeh Cave, Israel, PALEO, 30-1 | 2019, 256-275.
 17.  Callaway, E. Teeth from China reveal early human trek out of Africa. Nature (2015). https://doi.org/10.1038/nature.2015.18566
 18. Katerina Harvati, Apidima Cave fossils provide earliest evidence of Homo sapiens in Eurasia, Nature,  2019 Jul;571(7766):500-504. doi: 10.1038/s41586-019-1376-z.
 19. Thomson, J. Humans did come out of Africa, says DNA. Nature (2000). https://doi.org/10.1038/news001207-8
 20. Timmermann, A., Friedrich, T. Late Pleistocene climate drivers of early human migration. Nature 538, 92–95 (2016). https://doi.org/10.1038/nature19365
 21. G. A. Lyras, The origin of Homo floresiensis and its relation to evolutionary processes under isolation, ANTHROPOLOGICAL SCIENCE Vol. 117(1), 33–43, 2009
 22. Katie Pavid, A new look at the Gibraltar Neanderthals, https://www.nhm.ac.uk/discover/news/2019/july/a-new-look-at-the-gibraltar-neanderthals.html
 23. Bymaya Wei-Haas, You may have more Neanderthal DNA than you think National Geographic, JANUARY 30, 2020
 24. Reich, D.,et. Al., Denisova admixture and the first modern human dispersals into Southeast Asia and Oceania. American journal of human genetics, 89(4), 516–528. https://doi.org/10.1016/j.ajhg.2011.09.00
 25. Kelly Kizer Whitt, Dragon Man may be Homo sapiens’ closest relative, Earth Sky, July 4, 2021, https://earthsky.org/human-world/dragon-man-closest-relative-homo-sapiens/
 26. Michelle Langley, Homo Who? A New Mystery Human Species Has Been Discovered in Israel, A recovered skull may hold a missing piece in the story of human evolution., Discover Magazine, Jul 10, 2021  https://www.discovermagazine.com/planet-earth/homo-who-a-new-mystery-human-species-has-been-discovered-in-israel
 27. Nicola Jones, Mysterious skull fossils expand human family tree — but questions remain Nature 595, 20 (2021)


അനുബന്ധ ലേഖനങ്ങൾ

 1. ലൂക്ക – ജീവവ്യക്ഷത്തിന്റെ സുവിശേഷം
 2. ജീവനുമുമ്പുള്ള ആദിമഭൂമിയില്‍ ജീവന്റെ അക്ഷരങ്ങള്‍ എങ്ങനെ രൂപപ്പെട്ടു?
 3. വൈറസുകളുടെ ഉല്പത്തിയും പരിണാമവും
 4. ഭൂമിയുടെ ചരിത്രത്തിന്റെ സമയപ്പട്ടിക
 5. ഭൂമിയില്‍ വിരിഞ്ഞ ആദ്യ പുഷ്പം ഏതായിരുന്നു ?
 6. പരിണാമചരിത്രത്തിലെ അത്ഭുതപ്രവചനം
 7. ലൂസിയുടെ മക്കള്‍ -മനുഷ്യപൂര്‍വ്വികരുടെ ചരിത്രം
 8. തന്മാത്രാ ജീവശാസ്ത്രം നല്‍കുന്ന തെളിവുകള്‍
 9. ലൂസിയും ആർഡിയും – രണ്ടുപൂർവ്വനാരികളുടെ കഥ
 10. ജ്യോതിര്‍ജീവശാസ്ത്രം
 11. പരിണാമത്തെ അട്ടിമറിച്ചവര്‍
 12. പരിണാമം: ചില മിഥ്യാധാരണകൾ
 13. പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ

Leave a Reply

Previous post സ്റ്റാന്റേര്‍ഡ്‌ മോഡൽ – വിജയവും പരിമിതികളും
Next post മാക്സ് പ്ലാങ്ക് ജന്മദിനം
Close