Read Time:10 Minute


ഡോ.സുരേഷ് കുട്ടി
ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്

സാന്ദ്രകോട്ടസ് വിജയകുമാറി എന്ന പ്രാണിയെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം വിഖ്യാത ജേണൽ ആയ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയിൽ പ്രസിദ്ധീകരിച്ചു. പ്രാണികളുടെയും  ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും  സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥമാണ് പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ (Sandracottus vijayakumari) എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.

മുങ്ങാങ്കുഴി വണ്ടുകള്‍

ഇരപിടിയൻ ഷഡ്പദങ്ങളില്‍ പ്രധാനിയാണ്‌ മുങ്ങാങ്കുഴി വണ്ടുകള്‍. സാധാരണ ഷഡ്പദങ്ങളെപ്പോലെ വായു ശ്വസിക്കുന്ന കൂട്ടരാണ് ഇവ. എങ്കിലും കൂടുതൽ സമയവും വെള്ളത്തിനടിയിലാണ് കഴിഞ്ഞു കൂടുക. മുങ്ങാംകുഴിയിടാനുള്ള ഇവയുടെ സവിശേഷ കഴിവു മൂലമാണ് മുങ്ങാംകുഴി വണ്ടുകള്‍ അല്ലെങ്കിൽ diving beetles എന്ന വിളിപ്പേര് കിട്ടിയത്. മുങ്ങാംകുഴി ഇടുന്നതിനൊപ്പം തന്നെ വായുകുമിളയും എടുത്തുകൊണ്ടാണ് ആശാൻറെ വെള്ളത്തിനടിയിലേക്കുള്ള ഊളിയിട്ട് പോക്ക്. ചിറകിന് അടിയില്‍ സൂക്ഷിക്കുന്ന ഈ വായൂകുമിള വെള്ളത്തിനടിയില്‍ ആവശ്യത്തിനു പൊങ്ങിക്കിടക്കാനും, ഒപ്പം, ശ്വസിക്കാനും ഉപയോഗിക്കുന്നു. ഇവയെ Dytiscidae എന്ന വണ്ടു കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുങ്ങൽ വിദഗ്ധൻ എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കായ Dyticus ൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ലോകത്താകെ ഏകദേശം 4300 ഇനം മുങ്ങൽ വണ്ടുകൾ ഉണ്ടെന്നു വ്യത്യസ്ത കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാത്തരം ജല പരിത:സ്ഥിതികളിലും ഇവ കാണപ്പെടുന്നുണ്ട്..

പ്രായപൂർത്തിയായ വണ്ടുകളും അതിന്റെ ലാർവകളും എല്ലാം വെള്ളത്തിൽ ജീവിക്കാൻ പരിണമിച്ചവയാണ്‌. നീന്താനായി പരിണമിച്ച പ്രത്യേകതരം കാലുകൾ ഇവയുടെ സവിശേഷതയാണ്. എലിട്ര എന്നറിയപ്പെടുന്ന ഭാഗത്ത്‌ സൂക്ഷിച്ചുവയ്ക്കുന്ന വായൂകുമിളയുടെ അളവും വയറിലെ പ്രത്യേക ഭാഗത്ത്‌ സൂക്ഷിക്കുന്ന ജലത്തിന്റെ അളവും നിയന്ത്രിച്ചുകൊണ്ട ഇവയ്ക്ക് ജലത്തിൽ പൊങ്ങിക്കിടക്കാനുള്ള കഴിവ് ( Buoyancy ) നിയന്ത്രിക്കാൻ കഴിയും.

ശ്വസിക്കാനുള്ള വായു എടുക്കാനായി ഇവയ്ക്ക് ഇടയ്ക്കിടെ ജലോപരിതലത്തിൽ വരേണ്ടിവരും. എന്നാൽ ഇവയുടെ ജീവന് വെല്ലുവിളി ആയ വിവിധ ഇരപിടിയൻമാരുടെ സാന്നിദ്ധ്യം ഉള്ള ഉപരിതലമാണെങ്കിൽ അതിനു പുറത്തേക്ക് വരുന്നത് അവ പരമാവധി ഒഴിവാക്കും. പലപ്പോഴും ഓക്സിജൻ തീരാറായ കുമിളയെ പൊട്ടിക്കാതെ മുകളിൽ കൊണ്ടുപോയി ജലോപരിതലത്തിനു തൊട്ടടുത്ത് കൊണ്ട് വെക്കുകയും, അന്തരീക്ഷ ഓക്സിജൻ ഈ കുമിളയിൽ ലയിച്ചു ചേരുകയും ചെയ്യും. ഈ രീതിയിൽ ഓരോ കുമിളയും ഒരു ചെറു ഗിൽ സംവിധാനമായി പ്രവർത്തിക്കുന്നു.

വെള്ളത്തിനടിയിൽ കാണുന്നു എങ്കിലും പലപ്പോഴും ഇവയ്ക്ക് പറക്കാനും സമീപത്തുള്ള സമാന ആവാസവ്യവസ്ഥകളിൽ എത്തിച്ചേരാനും കഴിയും. രാത്രികാലങ്ങളിൽ ധാരാളം എണ്ണം വണ്ടുകൾ വെള്ളത്തിനു മുകളിലേക്ക് വരികയും അവ കൂട്ടമായി മറ്റു മേഖലകളിലേക്ക് പറന്നുപോവുകയും ചെയ്യും. ചില വിദൂര ആവാസ വ്യവസ്ഥകളിൽ എത്തിച്ചേരുന്ന സ്പീഷീസുകൾക്ക് അവക്ക് മറ്റു സ്ഥലങ്ങളിൽ പോകാനുള്ള സാധ്യത കുറെക്കാലം ഇല്ലാതെ വരുമ്പോൾ അവ പറക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതായി കാണാറുണ്ട്.

നെല്ലിയാമ്പതി വനമേഖലയിലെ കുണ്ടറ ചോല ഭാഗത്ത്‌ നടത്തിയ പഠനത്തിലാണ് സാന്ദ്രകോട്ടസ് ജനുസിൽപ്പെട്ട വണ്ടിനെ കണ്ടെത്തിയത്.

ഈ വിഭാഗത്തിലെ ഒരു ജനുസാണ് സാന്ദ്രകോട്ടസ് (Sandracottus), ചന്ദ്രഗുപ്തൻ എന്ന ഇന്ത്യൻ നാമത്തെ ലാറ്റിൻവൽക്കരിച്ചതാണ് ഈ പദം. ഈ ജനുസിൽ 16 സ്പീഷീസുകൾ ലോകത്ത് മൊത്തമായി കണ്ടെത്തിട്ടുണ്ട്. വളരെ ആകർഷണീയവും സങ്കീർണ്ണമായ നിറങ്ങളോടെയും വ്യത്യസ്ത രീതിയിൽ ഉള്ള അടയാളങ്ങളും ആണ് Sandracottus ജനുസ്സിൽ വരുന്ന വണ്ടുകളുടെ സവിശേഷത. കേരളത്തിൽ നിന്നും ഇതേ വരെ ഒരൊറ്റ സ്പീഷീസാണ് റിപ്പോർട് ചെയ്യപ്പെട്ടിരുന്നത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ 1980 ഇൽ നടത്തിയ പഠനത്തിൽ സൈലന്റ് വാലിയിൽ നിന്നാണ് S. dejeani യെ കണ്ടെത്തുന്നത്.

സാന്ദ്രകോട്ടസ് വിജയകുമാറി

2018 ലെ പ്രളയശേഷം കേരളത്തിൽ ജൈവ വൈവിധ്യ ശോഷണത്തിന്റെ അളവും വ്യാപ്തിയും കണ്ടെത്താനായി കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ധനസഹത്തോടെ ലേഖകന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിനിടെ സാന്ദ്രകോട്ടസ് ജനുസിൽപ്പെട്ട ഒരു വണ്ടിനെ കണ്ടെത്തുകയും വിശദമായ പഠനത്തിൽ അത് ശാസ്ത്ര ലോകത്തിനു അന്നേ വരെ അപരിചിതമായ ഒരു സ്പീഷിസ് ആണ് എന്നും ഉറപ്പിക്കുകയുണ്ടായി. ഇങ്ങനെ കണ്ടെത്തുന്ന സ്പീഷിസുകൾക്ക് ശാസ്ത്രനാമം നൽകാനുള്ള അധികാരം കണ്ടെത്തുന്ന ആൾക്ക് തന്നെ ആണ്. സ്ഥലനാമങ്ങളും, വ്യക്തികൾക്ക് ആദരമായി അവരുടെ പേരുകളും മറ്റനേകം ഉത്ഭവത്തിൽ നിന്നുള്ള വാക്കുകളും ലാറ്റിൻവല്കരിച്ചു ഇങ്ങനെ പുതിയതായി കണ്ടെത്തുന്ന ജീവികൾക്ക് ഇടാറുണ്ട്.

വിജയകുമാർ ബ്ലാത്തൂർ
വ്യക്തികൾക്ക് ആദരമായി അവരുടെ പേര് നൽകുന്ന രീതി ശാസ്ത്ര നാമത്തിന് തുടക്കം കുറിച്ച ലിന്നെയസിന്റെ കാലം മുതൽ തന്നെ ഉണ്ട്. പ്രാണികളുടെയും ചെറു ജീവികളുടെയും പാരിസ്ഥിതിക പ്രാധാന്യവും അവയേക്കുറിച്ച് അറിയാനുള്ള താത്പര്യവും സാധാരണക്കാരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി നിരന്തരം പത്രങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കുറിപ്പുകൾ എഴുതുന്ന പ്രശസ്ത സയൻസ് ജേണലിസ്റ്റും, നാച്വറലിസ്റ്റും ആയ വിജയകുമാർ ബ്ലാത്തൂരിനോടുള്ള ബഹുമാനാർത്ഥം പുതിയ പ്രാണിക്ക് ‘സാന്ദ്രകോട്ടസ് വിജയകുമാറി’ (Sandracottus vijayakumari) എന്നാണ് ശാസ്ത്ര നാമം നൽകിയിട്ടുള്ളത്.
വിജയകുമാറിന്റെ ലളിതവും രസകരവുമായ എഴുത്ത് ശൈലി അനേകം കുട്ടികളേയും മുതിർന്നവരേയും പ്രാണികളെ നിരീക്ഷിക്കാനും പഠിക്കാനും പ്രേരിപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശിയായ ഇദ്ദേഹം ഊരത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റാണ്. സിനിമാനിരൂപകൻ കൂടിയായ ഇദ്ദേഹം ശാസ്ത്രകേരളം മാസികയുടെ പത്രാധിപസമിതി അംഗമായിരുന്നു. നിലവിൽ ലൂക്കയുടെ പത്രാധിപസമിതി അംഗമാണ്.

കോഴിക്കോട് സർവ്വകലാശാല സുവോളജി വിഭാഗത്തിൽ ഗവേഷണ വിദ്യാർത്ഥിയും പാലക്കാട് തോലനൂർ നെച്ചൂർ സ്വദേശിയും ആയ ആനന്ദ് ആണ് കുണ്ടറച്ചോലയിൽ പുതിയ മുങ്ങാങ്കുഴി വണ്ടിനെ കണ്ടെത്തിയതിൽ പ്രധാനി. പാലക്കാട് ശ്രീകൃഷ്ണപുരം ആട്ടശേരി സ്വദേശിയും സലിം അലി പക്ഷി ഗവേഷണ കേന്ദ്രത്തിൽ ഗവേഷകനും ആയ ആഷിക്ക് പി. പി, കോട്ടയം ഇരവിനലൂർ സ്വദേശി ആദിത്യ മോഹൻ, പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി സ്മിത, ആലപ്പുഴ വെളിയനാട് സ്വദേശി ടിബിൻ എന്നിവരും പഠനത്തിൽ പങ്കാളികളായിരുന്നു. പ്രസിദ്ധ ജൈവവൈവിധ്യ പ്രസിദ്ധീകരണമായ ജേണൽ ഓഫ് ത്രെട്ടൻഡ് ടാക്സയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.


അധികവായനയ്ക്ക്

  1. https://threatenedtaxa.org/index.php/JoTT/article/view/6193
  2. Journal of Threatened Taxa, 26 March 2021 | Vol. 13 | No. 3 | Pages: 17999–18003

വിജയകുമാർ ബ്ലാത്തൂരിന്റെ ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വില്യം റോൺജന്റെ കഥ , എക്സ്-റേയുടെയും
Next post കൊച്ചീപ്പൻ തരകന്റെ മറിയാമ്മ നാടകം: വസൂരി മഹാമാരി സാഹിത്യത്തിലെ ശ്രദ്ധേയമായ കൃതി
Close