Read Time:15 Minute

ഡോ.ജയകൃഷ്ണൻ.ടി
പ്രൊഫ. കമ്യൂണിറ്റി മെഡിസിൻ
മെഡിക്കൽ കോളേജ്, കോഴിക്കോട്.

 

കേരളത്തിലെ സ്കൂളുകൾ നവംബർ മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. ഇതിനെ ഭയവും സംശയവും കലർന്ന രീതിയിലാണ് മിക്കപേരും/ മാധ്യമങ്ങളും കാണുന്നത്. ഇത് വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും രക്ഷിതാക്കളിലും ഒരു പോലെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത് പോലെയുള്ള സാഹചര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് ശാസ്ത്രീയമായി റിസ്ക്-ബെനിഫിറ്റ് അല്ലെങ്കിൽ നേട്ടവും കോട്ടവും വിലയിരുത്തിയാവണം.

കടപ്പാട്: unesco

ഒന്നര വർഷം മുമ്പ് 2020 മാർച്ച് പത്തിന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കുമ്പോൾ മുന്നിലുണ്ടായിരുന്ന ലക്ഷ്യം കുട്ടികളിൽ രോഗപ്പകർച്ചയുണ്ടായി അവരിലെ ഗുരുതരാവസ്ഥകളും മരണങ്ങളും ഒഴിവാക്കാനായിരുന്നു ആ നടപടി. പാൻഡമിക്കിന്റെ ആരംഭകാലമായതിനാൽ അന്ന് വിവിധ പ്രായക്കാരിലെ രോഗത്തിന്റെ എപ്പിഡമിയോളജിയെക്കുറിച്ച് നമ്മൾക്കധികം വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് അതിനെക്കുറിച്ചൊക്കെ വളരെ വ്യക്തത വന്നിട്ടുണ്ട്. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് രോഗത്തിന്റെ തീവ്രത വളരെ കുറവായിരിക്കുയും മരണസാധ്യത വളരെ വിരളവുമായിരിക്കും. ഇതിന്റെ ഗുരുതരാവസ്ഥ പ്രായത്തിനുസരിച്ച് കൂടി വരുന്ന ഇംഗ്ലിഷ് അക്ഷരമായ “J” രൂപത്തിൽ ആണ് എപ്പിഡമിയോളജിസ്റ്റുകൾ കാണുന്നത്.

രണ്ടാമത്തെ ആശങ്ക സ്കൂളിൽ പോയി വരുന്ന കുട്ടികളിൽ നിന്ന് വീട്ടിലുള്ള മുതിർന്നവരിലേക്ക് രോഗപ്പകർച്ചാ സാധ്യത കൂടി വരാമെന്നയും ഗുരുതരാവസ്ഥകളുമാണ്. ഇപ്പോൾ മനസ്സിലാക്കാനാകുന്നത്, കുട്ടികളിൽ നിന്ന് വൈറസുകൾ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതകളും വളരെ കുറവാണ് എന്നതാണ്. പോരാതെ മുതിർന്നവരിൽ നല്ലൊരു വിഭാഗത്തിനും വാക്സിൻ ലഭിച്ചിട്ടുള്ളതിനാൽ ഗുരുതരാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതകളും കുറഞ്ഞിട്ടുണ്ട്.

ലോകത്താകെ ഇപ്പോൾ 175 ലധികം രാജ്യങ്ങളിലും വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിക്കഴിഞ്ഞിട്ടും ഇതുവരെ ഒരിടത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനമോ വിപരീത ഫലങ്ങളോ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വാസ്തവമാണ്. ഇന്ത്യയിൽ തന്നെ ആറോളം സംസ്ഥാനങ്ങൾ ആഗസ്റ്റിൽ തന്നെ സ്കൂളുകൾ തുറന്നിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളായ കർണ്ണാടക, തമിഴ്നാട് സെപ്തംബർ ആദ്യമേ തുറന്നു.

വൈറസിന്റെ വിവിവിധ പ്രായക്കാരിലെ വ്യാപനതോത് അറിയാനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജൂലായിൽ നടത്തപ്പെട്ട സീറോ സർവ്വേയിൽ പ്രായമായവരിൽ 62% പേരിലും പതിനെട്ട് വയസ്സിൽ താഴെയുള്ളവരിൽ അധികം കുറവില്ലാതെ തന്നെ 57.2% പേരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. ഇത് അർത്ഥമാക്കുന്നത് ഒന്ന്, സ്കൂളുകൾ അടച്ചിട്ടിട്ടും കുട്ടികൾ വീടുകളിൽ കോവിഡിനെതിരെ സംരക്ഷണ വലയത്തിനകത്തായിരുന്നില്ല എന്നും വീടുകളിലെ രോഗാണു ബാധിതരായ മുതിർന്നവരിൽ നിന്നും കുട്ടികളിലേക്ക് സമാന രീതിയിൽ വൈറസുകൾ വ്യാപിച്ചുവെന്നാണ്. കേരളത്തിൽ അന്ന് 40% ലധികം മുതിർന്നവരിൽ ആന്റിബോഡി പോസിറ്റിവ് ആയിരുന്നു. കേരളത്തിൽ അതിന് ശേഷമുള്ള രോഗവ്യാപനതോത് കണക്കാക്കുമ്പോൾ ഇപ്പോഴത് 60 ശതമാനത്തിലും കൂടുതൽ കടന്നിട്ടുണ്ടാവും. അതിനനുസരിച്ച് കുട്ടികളിലും ഇതിന്റെ തോത് 50% കടന്നിട്ടുണ്ടാവണം. രണ്ടാമതായി കുട്ടികളിലെ ഈ രോഗാണുബാധകൾ തീരെ രോഗലക്ഷണങ്ങൾ പ്രകടമാകാതേയോ, ലഘുവായ ലക്ഷണങ്ങൾ മാത്രം കാട്ടിയോ ഇവരിലൂടെ കടന്നു പോയി എന്നുമാണ്.

ഇന്ത്യയിലെ ജനസംഖ്യയിൽ 35-40 ശതമാനം പേർ പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണ്. ഇവരിൽ പകുതിയിലധികം പേരിലും അണുബാധയുണ്ടായിട്ടും ഇതു വരെ ആകെ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട കോവിഡ് രോഗികളിൽ 3 തൊട്ട് 4% മാത്രമേ ഈ പ്രായത്തിൽ പെട്ടവർ ഉള്ളൂവെന്നുമാണ്. ഇവർക്കിടയിൽ മരണപ്പെടാനുള്ള സാധ്യതയും വിരളമാണ്.

ഇതു വരെ ലഭ്യമായ കണക്കുകൾ വെച്ച് പരിശോധിക്കുമ്പോൾ കുട്ടികളിലെ കോവിഡ് രോഗബാധ മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് ലക്ഷം കുട്ടികളിൽ 4 പേർ മാത്രമാണ്, മരണപ്പെടാനുള്ള സാധ്യത അഞ്ച് ലക്ഷത്തിലൊന്ന് മാത്രമാണ്. കുട്ടികൾ വീടിന് പുറത്തിറങ്ങുമ്പോൾ ഇടിമിന്നലേറ്റ് മരണപ്പെടാനുള്ള സാധ്യത ഇതിനു സമാനമാണ്, പുറത്ത് ഇറങ്ങുമ്പോൾ റോഡപകടത്തിൽപ്പെട്ട് മരണപ്പെടാനുള്ള സാധ്യത ഇതിന്റെ പത്തിരട്ടിയുമുണ്ട്. വീടിനകത്ത് അടച്ചിരിക്കുമ്പോൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഇതിലും കൂടുതലുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കേരളത്തിൽ 377 കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ കുട്ടികളിൽ ഉണ്ടാകാവുന്ന 90-95% കോവിഡ് ബാധകളും വീട്ടിൽ ഐസോലേറ്റ് ചെയ്തിട്ടുള്ള ചികിത്സ മാത്രം വേണ്ടതായിരിക്കുമെന്ന് “ലാൻസെറ്റ് ” വിദഗ്ധ പാനൽ ശുപാർശ നൽകിയിട്ടുണ്ട്.

എന്തു് കൊണ്ടാണ് കുട്ടികളിലെ കോവിഡ് രോഗബാധ തീവ്രമാകാത്തത് എന്നതിന് ബയോളജിക്കലായി ശാസ്ത്രലോകം ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ ഇതൊക്കെയാണ്,

കടപ്പാട്: thehindu

1 . മനുഷ്യരിൽ കോവിഡ് വൈറസുകൾ ആദ്യം അള്ളിപ്പിടിച്ച് കയറുന്നത് ശ്വസന വ്യൂഹത്തിലുള്ള ആൻജിയോ ടെൻസിൻ കൺവെർട്ടിങ്ങ് എൻസൈം റിസപ്റ്ററുകൾ (ACE 2 Receptor) വഴിയാണ്. കുട്ടികളുടെ ശ്വസനവ്യൂഹത്തിൽ ഇവയുടെ എണ്ണം കുറവായതിനാൽ കുറഞ്ഞ എണ്ണം വെറസുകൾക്ക് മാത്രമേ ശരീരത്തിനകത്തേക്ക് പ്രവേശന സാധ്യത ഉണ്ടാകുകയുള്ളൂ.

2. കുട്ടികളിലെ പ്രതിരോധ സംവിധാനം (Immune System) വേഗതയിലും വർദ്ധിച്ചതോതിലും പ്രവർത്തനസജ്ജമാകുന്നതിനാൽ പെട്ടെന്ന് തന്നെ ശരീരത്തിലെത്തപ്പെടുന്ന വൈറസുകളെ ന്യൂട്രലൈസ് ചെയ്യാനാകുന്നു. അതിനാൽ തന്നെ വൈറസ് ബാധയുണ്ടാകുന്ന കുട്ടികളിൽ രോഗ ലക്ഷണങ്ങളോ, ആർ.ടി.പി.സി.ആർ ടെസ്റ്റുകളോ പോസിറ്റിവ് ആകുന്നതിന് മുമ്പ് തന്നെ ആന്റി ബോഡികൾ ഉണ്ടായി തുടങ്ങുന്നുണ്ട്.

3. കോവിഡ് ബാധിതരായ മുതിർന്നവരിൽ വൈറസിനെതിരെ കാണപ്പെടുന്ന സ്പൈക്ക് പ്രോട്ടീൻ ആൻറിബോഡി, ന്യൂക്ലിയോ കാപ്സിഡ് ആൻറിബോഡി എന്നിവയിൽ ആദ്യത്തേത് മാത്രമേ ചില കുട്ടികളിൽ ഉണ്ടാക്കുന്നുള്ളൂ. ഇത് വൈറസ് അവരുടെ ശരീരത്തിൽ വ്യാപിക്കുന്നതിന് മുമ്പേ നശിപ്പിക്കപ്പെടുന്നു എന്നതിന്റെ “പ്രോക്സി “തെളിവുകളാണ്.

4. കുട്ടികളിലെ സ്വാഭാവിക പ്രതിരോധ വ്യൂഹം ( Innate Immunity) മുതിർന്നവരിൽ നിന്ന് വ്യത്യസ്ഥവും കൂടുതൽ ഫലവത്തതുമായതിനാൽ വേഗത്തിൽ തന്നെ വൈറസുകളുടെ അധിനിവേശത്തിന് തടയിടാൻ പറ്റുന്നുണ്ട്.

5. കുട്ടികളിൽ ഇടയ്കിടെ ഉണ്ടാകുന്ന മാറ്റ് കൊറോണ – ജലദോഷ വൈറസുകളുടെ ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന ആർജിത പ്രതിരോധവും കോവിഡ് വൈറസിനെതിരെ ക്രോസ് പ്രൊട്ടക്ഷൻ നൽകുന്നതായി കരുതപ്പെടുന്നുണ്ട്.

കുട്ടികളിൽ ഗുരുതരമായ അനുബന്ധ രോഗങ്ങൾ, ജന്മനാ ഉള്ള ചില അവയവ തകരാറുകൾ, ഇമ്യൂണിറ്റി കുറഞ്ഞവർ, പൊണ്ണത്തടിയുള്ളവർ ഇവരിൽ മാത്രമേ സാധരണയായി കോവിഡ് ഗുരുതരാവസ്ഥയിലെത്താൻ സാധ്യതയുള്ളൂ. എണ്ണത്തിൽ കുറഞ്ഞ ഇവരെ നേരത്തെ കണ്ടെത്തി പ്രത്യേക റിവേഴ്സ് ക്വാറന്റയിൻ നടപടികൾ ആവിഷ്ക്കരിക്കണം.

മുമ്പ് വിവരിച്ച കാരണങ്ങൾ മൂലം കുട്ടികളിൽ നല്ലൊരു ശതമാനവും വൈറസ് ബാധിതർ ലക്ഷണങ്ങളൊന്നും ഇല്ലാത്തവരായിരിക്കും. രോഗബാധിതരിൽ ലക്ഷണമുള്ളവരെ അപേക്ഷിച്ച് ലക്ഷണമില്ലാത്തവരിൽ നിന്നുള്ള രോഗ പകർച്ചയുടെ സാധ്യത പകുതി കുറവാണ് എന്നാണ് ഗവേഷണ ഫലങ്ങൾ. കൂടാതെ മുതിർന്നവരിലെ രോഗബാധിതരിൽ നിന്ന് ശരാശരി 5 ദിവസത്തിലധികം രോഗം പകരാൻ സാധ്യതയുള്ളപ്പോൾ കുട്ടികളിൽ അത് 3.8 ദിവസം മാത്രമേ ഉള്ളൂ. ഇതും അവരിൽ നിന്നുള്ള രോഗബാധ കുറക്കും. ലോകത്താകെ പതിനഞ്ച് രാജ്യങ്ങളിൽ നടത്തപ്പെട്ട പഠനങ്ങളിൽ സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടില്ല. പന്ത്രണ്ട് രാജ്യങ്ങളിൽ സ്കൂളുകൾ തുറന്നതിന് ശേഷം രോഗവ്യാപനം കുറഞ്ഞുവരികയും രണ്ടിടത്ത് മാത്രം കൂടി വന്നത് മറ്റ് കാരണങ്ങൾ കൊണ്ടാണെന്ന് തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുണ്ട്.

അടച്ചിടൽ മൂലം വിദ്യാർത്ഥികൾ എന്ന സങ്കൽപ്പം വെറും “പരീക്ഷാർത്ഥി” എന്നതിലേക്ക് പരിണമിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ ഭാവി പൗരന്മാർക്ക് വിജ്ഞാനം നൽകുന്ന ഇടങ്ങൾക്കുമപ്പുറം അവരെ ഭാവി ജീവിതത്തിലേക്ക് വാർത്തെടുക്കുന്ന ” ഉല”കളുമാണ്. ഒരു വ്യക്തി സാമൂഹ്യപരമായും വിചാര – വികാരപരമായും രൂപപ്പെടുന്നതും വികസിക്കുന്നതും വീടിന് പുറത്ത് മറ്റൊരു വ്യക്തിയുമായി ഇന്ററാക്ട് ചെയ്യാനും ബന്ധപ്പെടാനും വിനിമയം ചെയ്യാനും സഹകരിക്കാനും പഠിക്കുന്നത് സ്കൂളിൽ നിന്നാണ്. ഡിജിറ്റൽ വിദ്യാഭ്യാസം ഒരിക്കലും ഇതിന് പരിഹാരമാവില്ല. അക്ഷരങ്ങൾക്കുമപ്പുറം സ്കൂളുകൾ പോഷകാഹാര വിതരണ കേന്ദ്രങ്ങളും കായിക പ്രവർത്തികളുടെ കേന്ദ്രങ്ങളുമാണ്. ഇത് രണ്ടും നഷ്ടപ്പെട്ട് നമ്മുടെ ഇടയിലെ പല തരം സാമൂഹ്യ അന്തരങ്ങളുടെ പലകകളിൽ കുട്ടികൾ വിശന്നും പൊണ്ണത്തടിയുമായി വീടുകളിൽ ഇനിയും അടച്ചിടേണ്ടതില്ല.

ഇപ്പോൾ നിലവിൽ ലഭ്യമായിട്ടുള്ള വാക്സിനുകൾ ലഭിച്ചവരിലെ ഗുരുതരാവസ്ഥകളും മരണം കുറക്കാനും ഉപകാരപ്പെടുന്നതാണെന്ന് നമ്മൾ കാണുന്നുണ്ട്. ഇവ രോഗപ്പകർച്ച തsയാൻ അത്ര സഹായകരവുമല്ല. പോരാതെ ചെറിയ പ്രായക്കാരിലെ സുരക്ഷിതത്തം തെളിയിക്കപ്പെടാത്തതുമാണ്. അതിനാൽ കുട്ടികളിൽ ഗുരുതരാവസ്ഥകൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത രോഗമായതിനാലും വാക്സിൻ നൽകിയിട്ട് മതി സ്കൂളുകൾ തുറക്കേണ്ടത് എന്ന മറുവാദത്തിന് പ്രസക്തിയില്ലാത്തതിനാൽ ക്ലാസ്സ് മുറികൾക്ക് പുറമേ തന്നെ നിർത്തുക.

കടപ്പാട്: IndiaMART

വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എടുത്ത്‌ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുക എന്ന പ്രവർത്തിയിലേക്ക് സംസ്ഥാനം പോകുക തന്നെയാണ് വേണ്ടത്. സമൂഹമാകെ കോവിഡിനോടൊപ്പം ജീവിക്കുവാൻ പാകപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ – വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവർ ഇപ്പോൾ തന്നെ ഗൃഹപാഠം തുടങ്ങുക.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “ബെല്ലടിക്കുന്നു… ബാക്ക് റ്റു സ്കൂൾ

  1. Dear Doc, pl see a news item shared from Nature journal. sanitising surfaces may be no precaution against corona. ……….”A year into the pandemic, the evidence is now clear. The coronavirus SARS-CoV-2 is transmitted predominantly through the air — by people talking and breathing out large droplets and small particles called aerosols. Catching the virus from surfaces — although plausible — seems to be rare (E. Goldman Lancet Infect. Dis. 20, 892–893; 2020).

    Despite this, some public-health agencies still emphasize that surfaces pose a threat and should be disinfected frequently. The result is a confusing public message when clear guidance is needed on how to prioritize efforts to prevent the virus spreading”.
    https://www.nature.com/articles/d41586-021-00277-8

Leave a Reply

Previous post IPCC-യുടെ താക്കീതുകൾ ഭാഗം 2
Next post കോവിഡ് -19 വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ച – നമുക്ക് അറിയുന്നതും അറിയാത്തതും
Close