Read Time:32 Minute

ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു? എന്തുകൊണ്ടാണ് അത് പരിഹരിക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരും എന്നു പറയുന്നത്? പ്രശസ്തമായ സയന്‍സ് വാരികയായ “നേച്ചര്‍” പരിശോധിക്കുന്നു. വിവ: ജി.ഗോപിനാഥന്‍.

ശാസ്ത്രരംഗത്ത് ലോകത്തെ ഏറ്റവും മുന്നില്‍ നില്ക്കുന്ന രാഷ്ട്രത്തിന്റെ തലവന്‍ അങ്ങേയറ്റം ശാസ്ത്രവിരുദ്ധമായി പെരുമാറുന്നു എന്നതാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തം. അതെ, അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനേക്കുറിച്ചു തന്നെയാണ് പറയുന്നത്. ഈ ശാസ്ത്ര വിരുദ്ധ നിലപാട് ഒരു സമൂഹത്തെ തന്നെ അതിയായ വിപത്തിലേക്ക് നയിക്കുകയും ചെയ്യുകയാണ്. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിലാദ്യമായി ശാസ്ത്രലോകമാകെ ആ നിലപാടിനെതിരെ രംഗത്തു വരുന്നതും. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒരു കാലത്തും ഇടപെടാതിരുന്ന ശാസ്ത്രസമൂഹത്തിന് എല്ലാ നിയന്ത്രണങ്ങളും വെടിഞ്ഞ് ട്രംപിനെതിരെ തുറന്ന നിലപാട് സ്വീകരിക്കേണ്ടി വന്നിരിക്കുന്നു.

ലോകം കോവിഡ്19 മഹാമാരിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുകയും അതില്‍ തന്നെ അമേരിക്ക ഏറ്റവുമധികം ദുരന്തബാധിതമായിരിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 13 ന് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ നിലവിലുള്ള എല്ലാ കരുതലുകളെയും തകിടംമറിച്ചുകൊണ്ട് നവേദയിലെ ഹെന്‍ഡേര്‍സണില്‍ ജനാലകള്‍ പോലുമില്ലാത്ത ഒരു ചെറിയ ഗോ‍ഡൗണിനകത്ത് തടിച്ചുകൂടിയത്, നേതാവിനെ വരവേല്‍ക്കാന്‍- മാസ്കോ സാമൂഹിക അകലമോ പാലിക്കാതെ; അമ്പതു പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന നിബന്ധന പോലും വകവയ്ക്കാതെ. ട്രംമ്പ് അറിഞ്ഞുകൊണ്ടു തന്നെയാണ് ഇതു നടന്നത്.

ഏപ്രില്‍ 13 ന് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ നിലവിലുള്ള എല്ലാ കരുതലുകളെയും തകിടംമറിച്ചുകൊണ്ട് നവേദയിലെ ഹെന്‍ഡേര്‍സണില്‍ ജനാലകള്‍ പോലുമില്ലാത്ത ഒരു ചെറിയ ഗോ‍ഡൗണിനകത്ത് തടിച്ചുകൂടിയത് കടപ്പാട് : Jonathan Ernst/Reuters

ട്രമ്പിന്റെയും അനുയായികളുടെയും ഈ നിലപാട് ഒട്ടും ആശ്ചര്യജനകമല്ല. കോവി‍ഡ് 19 ലോകമെങ്ങും പടരാന്‍ തുടങ്ങിയ കഴിഞ്ഞ എട്ടു മാസവും അതിന്റെ അപായ സാദ്ധ്യതകളെക്കുറിച്ച് തന്റെ രാഷ്ട്രത്തോട് നുണ പറയുകയും അതിനെ ചെറുക്കുന്നതിനുള്ള പ്രയത്നങ്ങളെ തകിടം മറിക്കുകയുമായിരുന്നു ട്രംപ്. രോഗം പടരുന്നതു തടയാന്‍ ലോക്ഡൗണ്‍ നടത്തിയപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ അനുയായികളെപ്രോത്സാഹിപ്പിച്ചു. കോവിഡിനെപറ്റി പഠിക്കാനും അതിന്റെ ഭവിഷ്യത്തുകളെ നേരിടാനുമായി സര്‍ക്കാര്‍ തലത്തിലുള്ള ശാസ്ത്രജ്ഞര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തടഞ്ഞുവയ്ക്കുകയും തുരങ്കം വയ്ക്കുകയും ചെയ്തു. അതിപ്രശസ്തമായ സര്‍ക്കാര്‍ സ്ഥാപനങ്ങളായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍(CDC), ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (FDA) എന്നിവയെ രാഷ്ട്രീയായുധമാക്കാനും അവരോട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും രോഗനിയന്ത്രണത്തിന് അശാസ്ത്രീയമായ മാര്‍ഗ്ഗരേഖകള്‍  പുറപ്പെടുവിക്കാനും ആജ്ഞാപിച്ചു. തെളിയിക്കപ്പെടാത്തതും അപകടകരവുമായ ചികിത്സാരീതികള്‍ മുന്നോട്ടുവയ്ക്കാനും നിര്‍ബന്ധിച്ചു.

ഇതു വെറും കഴിവുകേടല്ല, അട്ടിമറിയാണ് എന്നാണ് ഈ മഹാമാരിയെ കുറിച്ച് മോഡലിംഗ് ഉള്‍പ്പെടെയുള്ള പഠനം നടത്തുകയും തുടക്കത്തിലേയുള്ള ഇടപെടല്‍ എങ്ങനെ അനേകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നു പഠിക്കുകയും ചെയ്ത ഒരു ശാസ്ത്രജ്ഞ പറഞ്ഞത്. ജനങ്ങളെ സുരക്ഷിതരാക്കാനുള്ള പ്രയത്നങ്ങളെ അയാള്‍ അട്ടിമറിച്ചു. വിശാലമായ ശാസ്ത്രീയ സാമ്പത്തിക വിഭവങ്ങളുള്ള ഈ ആഗോള ശക്തികേന്ദ്രത്തില്‍  എഴുപതു ലക്ഷം രോഗികളും രണ്ടു ലക്ഷത്തിലേറെ മരണവുമാണ് ഉണ്ടായത്.  ലോകജനസംഖ്യയുടെ 4 ശതമാനം മാത്രമുള്ള അമേരിക്കയില്‍  ലോകമാകെ ഉണ്ടായതിന്റെ അഞ്ചിലൊന്ന് മരണമാണുണ്ടായത്. നേരത്തേ  തന്നെ ഈ രോഗത്തിന്റെ വെല്ലുവിളി ഏറ്റെടുത്തിരുന്നെങ്കില്‍ ഒട്ടേറെ ജീവന്‍ രക്ഷിക്കാമായിരുന്നു. വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിലെ അംഗമായ ഒളീവിയാ ട്രോയ് പോലും ട്രമ്പിനെ വിമര്‍ശിക്കുന്നു. പ്രസിഡണ്ട് തുടര്‍ച്ചയായി വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പാളം തെറ്റിച്ചുകൊണ്ടിരുന്നു എന്നാണ് അവര്‍ പറയുന്നത്.

നവംബര്‍ 3ന് വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ട്രംപ് കഴിഞ്ഞ നാലു കൊല്ലമായി ജനങ്ങളുടെ ജീവനെയും ജീവനോപാധികളെയും നേരിട്ടു ബാധിക്കുന്ന രീതിയില്‍  സയന്‍സിനും സയന്‍സ് സ്ഥാപനങ്ങളിലും  വരുത്തിവച്ച വിനാശങ്ങളില്‍ ഒരു ഉദാഹരണം മാത്രമാണ് കോവിഡ്19 പ്രതിരോധത്തിലെ വീഴ്ച.  പ്രസിഡണ്ടും അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥവൃന്ദവും രാജ്യം ഹരിത ഗൃഹവാതക വിസര്‍ജ്ജനം കുറയ്ക്കുന്നതിനായി കൈക്കൊള്ളുന്ന പ്രയത്നങ്ങളെ തടഞ്ഞുനിര്‍ത്തുകയും മാലിനീകരണ നിയന്ത്രണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുകയും എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ (EPA) സയന്‍സിനുള്ള പങ്ക് വെട്ടിക്കുറയ്ക്കുകയും ചെയ്തു.  രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തെളിവുകളെ പൂഴ്ത്തി വയ്ക്കുകയോ വളച്ചൊടിക്കുകയോ ചെയ്തുകൊണ്ട്  പല സ്ഥാപനങ്ങളുടെയും ശാസ്ത്രീയമായ വിശ്വാസ്യതയെ തകിടം മറിച്ചു.

തന്റെ ഒറ്റപ്പെടുത്തല്‍ നയവും വാചാടോപവും കൊണ്ട് ആഗോളതലത്തിലും ട്രംപ് അമേരിക്കയുടെ സ്ഥാനം ദുര്‍ബലപ്പെടുത്തി. കുടിയേറ്റത്തില്‍ നിയന്ത്രണം കൊണ്ടുവന്നു; വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അമേരിക്ക അനാകര്‍ഷകമാക്കി. ലോകാരോഗ്യ സംഘടനയെപ്പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളെ കരിവാരിത്തേച്ചുകൊണ്ട് അന്താരാഷ്ട്ര പ്രതിസന്ധികളില്‍ പ്രതികരിക്കാനുള്ള അമേരിക്കയുടെ ശേഷി ദുര്‍ബലപ്പെടുത്തി. രാജ്യത്തിന്റെ സയന്‍സിനെ ഒറ്റപ്പെടുത്തി.

ട്രംപ് തന്റെ എതിരാളികളെ ഇകഴ്ത്തുന്നതിനുള്ള രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതോടൊപ്പം യാഥാര്‍ത്ഥ്യങ്ങള്‍ക്കു പകരം ഭീതിയും കെട്ടുറപ്പില്ലായ്മയും വളര്‍ത്തിക്കൊണ്ടിരുന്നു. നേച്ചര്‍ നടത്തിയ അര ഡസനോളം അഭിമുഖങ്ങളില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ ഇതില്‍ വലിയ ആശങ്ക പങ്കുവച്ചിരുന്നു. സയന്‍സിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന ശിലയായ സത്യത്തിലും തെളിവിലും ഉള്ള ജനവിശ്വാസത്തില്‍ മൂല്യശോഷണം വരുത്തുമെന്നതിനാല്‍ ഇത് ആശങ്കാജനകമാണെന്ന് അവര്‍ സൂചിപ്പിച്ചു. പലരീതിയിലും ഇത് ഭീതിജനകമാണ്. നമ്മുടെ അതിജീവനത്തിന് അനുപേക്ഷണീയമായ സര്‍ക്കാരിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ആഘാതമെല്പിക്കുന്നു എന്നും അഭിപ്രായമുണ്ടായി.

ശാസ്ത്രരംഗത്ത് ട്രംപ് തെറ്റായ മുന്‍ഗണനകളാണ് സ്വീകരിച്ചത്. അധികാരമേറ്റ് 19 മാസം കഴിഞ്ഞാണ് ഒരു ശാസ്ത്ര ഉപദേഷ്ടാവിനെ നിയമിക്കുന്നത്. ചന്ദ്രനിലേക്ക് വീണ്ടും ആളെ അയക്കുന്നതിന് ഊന്നല്‍ കൊടുത്തു. നിര്‍മ്മിതബുദ്ധിക്കും ക്വാണ്ടം കമ്പ്യൂട്ടിംഗിനും പണം ചെലവാക്കാനൊരുങ്ങി. എന്നാലിതെല്ലാം സയന്‍സിനെ വിലകുറച്ചുകാണുന്ന ഒരു പ്രസിഡണ്ടിന്റെ ഗിമ്മിക്കുകളാണെന്ന് പല ശാസ്ത്രജ്ഞരും വിമര്‍ശിച്ചു.

നവംബറില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുകയാണെങ്കില്‍ നിയമപരമായ മാറ്റങ്ങളിലൂടെയും അന്തര്‍ദ്ദേശീയ പങ്കാളിത്തങ്ങളിലുള്‍പ്പെടെ സയന്‍സിന്റെ വേദിയിലുണ്ടാക്കിയ പല മാറ്റങ്ങളെയും പരിഹരിക്കാന്‍ കഴിയും. അങ്ങനെയാണെങ്കിലും കാലാവസ്ഥാ വ്യതിയാനങ്ങളെയും  വൈറസ്സിന്റെ മുന്നേറ്റത്തെയും നിയന്ത്രിക്കുന്നതില്‍ രാജ്യത്തിനും ലോകത്തിനു തന്നെയും  വിലയേറിയ സമയം ആണ് നഷ്ടമായത്. എന്നാല്‍ ശാസ്ത്രീയമായ സത്യസന്ധതയ്ക്കും പൊതുജന വിശ്വാസ്യതയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഔന്നത്യത്തിനും  ഉണ്ടായ ഹാനി ട്രംപിനു ശേഷവും ഏറെ കാലം നിലനില്‍ക്കും എന്നാണ് ശാസ്ത്രജ്ഞരും നയപരമായ കാര്യങ്ങളിലെ വിദഗ്ദ്ധരും പറയുന്നത്.

തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ വേളയില്‍ പ്രസിഡണ്ട് അമേരിക്കന്‍ സയന്‍സിന് ഏറ്റവുമധികം വിനാശമുണ്ടാക്കിയ ചില പ്രധാന നിമിഷങ്ങളും അവയെങ്ങനെ അമേരിക്കയെയും ലോകത്തെ തന്നെയും വര്‍ഷങ്ങളോളം ദുര്‍ബലപ്പെടുത്തും  എന്നതിന് ചില ഉദാഹരണങ്ങളും നേച്ചര്‍ പട്ടികപ്പെടുത്തുന്നു.

കാലാവസ്ഥയെ നശിപ്പിച്ചു

സയന്‍സിന്റെ മേലുള്ള ട്രംപിന്റെ ആക്രമണം അയാള്‍ ഭരണമേല്‍ക്കുന്നതിനു മുമ്പേ തന്നെ ആരംഭിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആഗോളതാപനം  വെറും കടങ്കഥയാണെന്നു പറഞ്ഞു. 190  രാജ്യങ്ങള്‍ ഒപ്പിട്ട 2015 ലെ ചരിത്രപ്രധാനമായ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് രാജ്യം പിന്‍മാറുമെന്ന് ശപഥം ചെയ്തിരുന്നു. വൈറ്റ് ഹൗസില്‍ കാലുകുത്തി അഞ്ചു മാസത്തിനകം തന്നെ അദ്ദേഹം ആ പ്രതിജ്ഞ നിറവേറ്റുമെന്ന്  പ്രഖ്യാപിച്ചു. തന്നെ തെരഞ്ഞെടുത്തത് ‘പിറ്റ്സ്ബര്‍ഗിലെ’ പൗരന്മാരെ പ്രതിനിധീകരിക്കാനാണെന്നും ‘പാരീസിലെ’ അല്ലെന്നും പാരീസ് ഉടമ്പടി ഊര്‍ജ്ജമേഖലയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും തൊഴിലില്ലാതാക്കുമെന്നും സമ്പദ്ഘടനയെ തകര്‍ക്കുമെന്നും വിദേശനേതാക്കളില്‍ നിന്നും ആഗോള പരിസ്ഥിതിപ്രവര്‍ത്തകരില്‍ നിന്നും ‘പ്രശംസ’ നേടാനേ അത് ഉതകൂ എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാരീസ് ഉടമ്പടി പല കാരണങ്ങളാലും അമേരിക്കതന്നെ, അമേരിക്കയ്ക്കുവേണ്ടി രൂപപ്പടുത്തിയതാണ് എന്നതാണ് അദ്ദേഹം സമ്മതിക്കാതെ പോയത്. രാജ്യങ്ങള്‍ക്ക് സ്വന്തം പ്രതിബദ്ധത രൂപപ്പെടുത്തിക്കൊണ്ട് ലക്ഷ്യം നേടാന്‍ അത് അവസരമൊരുക്കിയിരുന്നു,  പിന്നാക്കം പോകുന്നവരെ സുതാര്യതയിലൂടെ തിരിച്ചറിയാനിടയാക്കിയിരുന്നു. അമേരിക്ക സ്വയം പിന്‍മാറിയതോടൊപ്പം മറ്റു രാജ്യങ്ങളുടെ മേലുള്ള സമ്മര്‍ദ്ദവും കുറച്ചു. പല രാജ്യങ്ങളും അതില്‍ നിന്ന് ഉള്‍വലിഞ്ഞു. പാരീസ് കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടൊപ്പം ബാരക് ഒബാമ നടപ്പാക്കിയ പല നയങ്ങളും ഇ.പി.എ.(EPA ) തകിടം മറിച്ചു.  പവര്‍ പ്ലാന്റുകളും വാഹനങ്ങളും ഹരിത ഗൃഹവാതകം  പുറത്തുവിടുന്നത് നിയന്ത്രിക്കാനുള്ള നിയമങ്ങളെ കഴിഞ്ഞ 15 മാസമായി തകിടം മറിച്ചുകൊണ്ടിരുന്നു. വ്യവസായങ്ങള്‍ക്ക് ലാഭമുണ്ടാക്കി, മലിനീകരണം കുറഞ്ഞില്ല. എന്നാല്‍ പല കമ്പനികള്‍ പോലും ഇതിനെ എതിര്‍ത്തു. കോടതികള്‍ ഇത് റദ്ദാക്കിയേക്കാമെങ്കിലും ട്രംപ് വിലയേറിയ സമയമാണ് ലോകത്തിന് നഷ്ടമാക്കിയത്. ബൈഡന്‍ ജയിക്കുകയാണെങ്കില്‍ ഈ തീരുമാനം തിരുത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അമേരിക്കയ്ക്ക് തങ്ങളുടെ അന്താരാഷ്ട്ര നേതൃത്വപദവി തിരിച്ചെടുക്കല്‍ വിഷമമായിരിക്കും. വിശ്വാസ്യത അത്രകണ്ട് നഷ്ടമായി. പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേരുന്നത് എളുപ്പമായിരിക്കാം, എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം വിശ്വാസ്യതയുടേതാകും. നാം പറയുന്നത് ലോകം വിശ്വസിക്കുമോ?

പരിസ്ഥിതിയോട് യുദ്ധം

നിയമങ്ങളെ കടന്നാക്രമിച്ചതിനപ്പുറം   പൊതുജനാരോഗ്യ കാര്യങ്ങളില്‍ സയന്‍സിനെ ഉപയോഗിക്കുന്ന രീതി മാറ്റിമറിക്കുവാനാണ്  ഇ.പി.എ. യില്‍ ഭരണകൂടം തുനിഞ്ഞത്. ഇ.പി.എ. ഗ്രാന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ സയന്‍സ് ഉപദേശക സമിതിയില്‍ പ്രവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ട് ശാസ്ത്രീയ ഉപദേഷ്ടാവ് പ്രൂയിറ്റ് 2017 ല്‍ ഉത്തരവിട്ടു.  ഏറ്റവും വിദഗ്ദ്ധരായവരെ അത് നയരൂപീകരണത്തില്‍ നിന്ന് അകറ്റി. കമ്പനിവക ശാസ്ത്രജ്ഞര്‍ രംഗത്തു വരികയും ശരിയായ സയന്റിസ്റ്റുകള്‍ പുറത്തു പോകേണ്ടിവരികയും ചെയ്തു. സയന്‍സിലെ സുതാര്യതാനിയമം അട്ടിമറിച്ചു. ആരോഗ്യരംഗത്തെ ഗവേഷണ ഫലങ്ങളെ ഇത് ഇരുട്ടിലാക്കി. വായു മലിനീകരണം നിയന്ത്രിക്കാനുള്ള നിയമങ്ങളെ ദുര്‍ബലമാക്കി. പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന നിയമമാണ് തച്ചുടച്ചത്.

മഹാമാരിയുടെ പ്രശ്നങ്ങള്‍

സയന്‍സിനെയും തെളിവുകളെയും  കൃത്യമായി കേന്ദ്രീകരിക്കാതെ അവഗണിച്ചതുമൂലം ഉണ്ടായ വിനാശകരമായ ഫലം കൊറോണവൈറസ്  മഹാമാരി കാണിച്ചുതന്നു. ഒരു കാര്യം വ്യക്തമാണ്- ഇതിന്റെ തുടക്കത്തില്‍ തന്നെ അത് നാടിന് വലിയ ഭീഷണിയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന്  പ്രസിഡണ്ട് മനസ്സിലാക്കിയിരുന്നു, എന്നാല്‍ അദ്ദേഹം അതേപ്പറ്റി കള്ളം പറയാന്‍ തീരുമാനിക്കുകയായിരുന്നു. അമേരിക്കയില്‍ വെറും 12 പേര്‍ മാത്രം രോഗബാധിതരാണെന്ന് പരിശോധനകള്‍ വ്യക്തമാക്കിയ അവസ്ഥയില്‍ ഫെബ്രുവരി 7 ന് വാഷിംഗ്ടണ്‍ പോസ്റ്റിലെ ബോബ് വുഡ്വാര്‍ഡുമായി സംസാരിക്കുമ്പോള്‍ ഈ വൈറസ് ‘ഏറ്റവും രൂക്ഷമായ ഫ്ലൂ വൈറസി’നേക്കാള്‍ പോലും അഞ്ചിരട്ടി മാരകമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.(റിക്കാഡ് ചെയ്യപ്പെട്ട ഈ ഇന്റര്‍വ്യൂ സെപ്തംബറില്‍ മാത്രമാണ് പുറത്തുവിട്ടത്.) എന്നാല്‍  പൊതുവേദിയില്‍ അദ്ദേഹം തികച്ചും വ്യത്യസ്തമായ ഒരു  സന്ദേശമാണ് നല്‍കിയത്. ഫെബ്രുവരി 10 ന് തന്റെ അനുയായികളുടെ ഒരു റാലിയില്‍  “ഒട്ടും ഭയപ്പെടാനില്ലെ”ന്നും “ഏപ്രിലാകുമ്പോള്‍ അന്തരീക്ഷ ഊഷ്മാവ് ഉയരും , ഈ വൈറസ് അതിശയകരമാം വിധം പോകു”മെന്നും പറഞ്ഞു. ഫെബ്രുവരി 26 ലെ ഒരു ടിവി ഇന്റര്‍വ്യുവില്‍ ഇതൊരു “ഫ്ലൂ പോലെ”യാണെന്നും, ഒരാഴ്ച കഴിഞ്ഞ് ഇത് “വളരെ നിസ്സാര”മാണെന്നും പറഞ്ഞു. മാര്‍ച്ച് 19 ന് വുഡ് വാര്‍ഡുമായുള്ള റിക്കാര്‍ഡ് ചെയ്യപ്പെട്ട അഭിമുഖത്തില്‍ തുടക്കം മുതലേ താന്‍ ഇതിന്റെ ഗൗരവം കുറച്ചുകാണിക്കുകയായിരുന്നെന്നും  പരിഭ്രാന്തി ഉണ്ടാകാതിരിക്കാന്‍ താനിപ്പോഴും അതുതന്നെ ആണ് ചെയ്യുന്നതെന്നും പറഞ്ഞു.

ഈ ടേപ്പുകള്‍ പുറത്തുവന്നതിനു ശേഷം  ജനങ്ങള്‍ ശാന്തരായിരിക്കുന്നതിലുള്ള  തന്റെ പ്രയത്നത്തെ അദ്ദേഹം ന്യായീകരിക്കുകയാണുണ്ടായത്. എന്നിരുന്നാലും അതിന്റെ ഗൗരവവും താന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു എന്നും പറയുന്നു.  വൈറസ് ഉയര്‍ത്തുന്ന ഭീഷണിയെ തെറ്റായി കാണിക്കുക വഴി പ്രസിഡണ്ട്    പൊതുജനത്തെ അപകടത്തിലാക്കി എന്നും ഈ വിശദീകരണം അര്‍ത്ഥശൂന്യമാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

അതേ സമയം വൈറസ് വ്യാപനം രാജ്യമെമ്പാടും തുടരുകയാണെന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയാമായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ അധികാരവും വിഭവവും അണിനിരത്തി സമഗ്രമായ പരിശോധനകളും സമ്പര്‍ക്കനിരീക്ഷണവും നടത്തി വൈറസിനെ പിടിച്ചു നിര്‍ത്താന്‍ മുതിരുന്നതിനു പകരം ട്രംപ് ഭരണകൂടം പ്രശ്നങ്ങള്‍ നഗരങ്ങളുടെയും സംസ്ഥാനങ്ങളുടെയും ഭാഗത്തേക്ക് തള്ളിമാറ്റിക്കൊണ്ടിരുന്നു. അവിടെയാണെങ്കില്‍ രാഷ്ട്രീയകാരണങ്ങളും വിഭവദാരിദ്ര്യവും വൈറസ് വ്യാപനത്തെ നിരീക്ഷിക്കുന്നതിനോ പൗരന്മാര്‍ക്ക് കൃത്യമായ വിവരം കൊടുക്കുന്നതിനോ തടസ്സമായി. പ്രാദേശിക സര്‍ക്കാരുകള്‍ വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും മാര്‍ച്ച് മാസം ആരംഭത്തില്‍ അടച്ചിടാന്‍ ‍തുടങ്ങിയപ്പോള്‍ ട്രംപ് അവരെ ആ നടപടിയില്‍ വിമര്‍ശിക്കുകയാണുണ്ടായത്.

മാര്‍ച്ച് 9 ന് ട്രംപ് പറഞ്ഞു, “കഴിഞ്ഞ കൊല്ലം സാധാരണ ഫ്ലൂ ബാധിച്ച് അമേരിക്കയില്‍ 37000 പേര്‍ മരിച്ചു. ഒന്നും അടച്ചിടാന്‍ പോകുന്നില്ല, ജീവിതവും സമ്പദ്ഘടനയും തുടര്‍ന്നുപോകും”. ഒരു മാസത്തിനുളളില്‍ അമേരിക്കയിലെ കൊറോണ വൈറസ് മൂലമുള്ള  മരണം 21000 ആയി; മഹാമാരി മൂര്‍ദ്ധന്യത്തിലെത്തിയ ഓരോ ദിവസവും അത് 2000 ആളുകളെ കൊന്നുതുടങ്ങി.

നിയന്ത്രണസംവിധാനങ്ങള്‍ ഒരാഴ്ച മുന്നേ സ്വീകരിച്ചിരുന്നെങ്കില്‍ എന്തായിരുന്നേനെ സംഭവിക്കുക എന്നതിനേക്കുറിച്ച് കൊളമ്പിയ സര്‍വകലാശാലയിലെ ഷമാനും സഹപ്രവര്‍ത്തകരും ഒരു പഠനം നടത്തി. മെയ് 21 ന് പ്രസിദ്ധീകരിച്ച അവരുടെ റിപ്പോര്‍ട്ടനുസരിച്ച് ഒരാഴ്ച മുന്നേ നടപടിയെടുത്തുരുന്നെങ്കില്‍ 35000 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും രണ്ടാഴ്ച മുമ്പായിരുന്നെങ്കില്‍ 90% മരണവും ഉണ്ടാകില്ലായിരുന്നു എന്നും കാണുന്നു. ആദ്യകാലത്തെ വലിയ കുതിച്ചുചാട്ടം ഒഴിവാക്കിയിരുന്നെങ്കില്‍ പരിശോധനകള്‍ വ്യാപകമാക്കുന്നതിനും സമ്പര്‍ക്കസാദ്ധ്യതകള്‍ പിന്‍തുരുന്നതിനും സാധിക്കുമായിരുന്നു. “ഇതു ചെയ്യാതിരിക്കുന്നതിന് യാതൊരു കാരണവുമില്ല. നാം ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നായി ചെയ്യാമായിരുന്നു”. എന്നാല്‍ ഈ പഠനം   അയഞ്ഞ ഒരു സ്ഥാപനത്തിന്റെ രാഷ്ട്രീയനേട്ടത്തിനുള്ള ഒരു പണിയാണെന്നാണ് ട്രംപ് പ്രതികരിച്ചത്.

കടപ്പാട്:  www.nature.com Illustration by Señor Salme

നിയന്ത്രണം വൈറസ്സിനല്ല, സന്ദേശത്തിന്.

രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ന്നുകൊണ്ടിരിക്കുകയും മരണനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്ത് ട്രംപ് ചൈനയുടെ മേല്‍ അധിക്ഷേപം ചൊരിഞ്ഞുകൊണ്ടിരുന്നു. ഈ വൈറസ് ചൈനയിലെ വൂഹാനിലെ ഒരു ലാബറട്ടറിയില്‍ ഉടലെടുത്തതാകാമെന്ന അടിസ്ഥാനമില്ലാത്ത ആരോപണത്തെ ട്രംപ് അനുകൂലിച്ചു. മഹാമാരിയുടെ ആരംഭകാലത്ത് അന്തര്‍ദ്ദേശീയ ആരോഗ്യപ്രവര്‍ത്തകര്‍ ആ വിവരം മൂടിവയ്ക്കാന്‍ ചൈനയെ സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു. മെയ് 29 ന് അദ്ദേഹം തന്റെ ഭീഷണിയെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് ലോകാരോഗ്യ സംഘടനയില്‍ നിന്ന്  അമേരിക്ക പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചു. ആ നടപടി ആഗോളരംഗത്ത് പ്രതികരിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെ ദുര്‍ബലമാക്കുകയും രാജ്യത്തിന്റെ സയന്‍സിനെ ഒറ്റപ്പെടുത്തുകയും ചെയ്തു.

വൈറസ് ശാസ്ത്രീയമായ നയങ്ങള്‍ക്കും പദ്ധതികള്‍ക്കും മാത്രമേ വഴങ്ങുകയുള്ളു എന്നാണ്  ഒബാമയുടെ കാലത്ത് സിഡിസി തലവനായിരുന്ന ടോം ഫ്രീഡന്‍ പറഞ്ഞത്. മഹാമാരി മുന്നേറിക്കൊണ്ടിരിക്കുമ്പോഴും മുന്നറിയിപ്പുകളെയും  സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയുമെല്ലാം  ട്രംപ് തുടരെ നിഷേധിക്കുകയാണ്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശങ്ങളെ തുരങ്കം വയ്ക്കാനുള്ള ശ്രമം ട്രംപും ഭരണകൂടവും തുടരുന്ന അസാധാരണമായ നടപടികളെ കുറ്റപ്പെടുത്തിക്കൊണ്ട് സിഡിസി യുടെ  മുന്‍ തലവന്മാരായ ഏതാനും ഉന്നത ശാസ്ത്രജ്ഞര്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ലേഖനമെഴുതി. എഫ്.ഡി.എ. യുടെ ഭാഗത്തുനിന്നും അമ്മാതിരി ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. സെപ്തംബര്‍ 29 ന് അതേ പത്രത്തില്‍ എഫ്.ഡി.എ. യുടെ ഏഴു മുന്‍ തലവന്മാര്‍ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തി. എഫ്.ഡി.എ. ആണ്  വാക്സിന് അവസാനമായി അനുമതി കൊടുക്കേണ്ടത് എന്നോര്‍ക്കണം.

ഇതുപോലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ പൊതുജനാരോഗ്യരംഗത്തെ പ്രതികരണങ്ങളെ തുരങ്കം വയ്ക്കുമെന്നതു മാത്രമല്ല, അവസാനം വരാന്‍ പോകുന്ന വാക്സിനില്‍ ഉള്ള വിശ്വാസം പോലും തകര്‍ക്കാനിടയാക്കും. എങ്ങനെയാണ് എഫ്.ഡി.എ. യെ വിശ്വസിക്കുക എന്നാണ് ആളുകള്‍ ചോദിക്കുന്നത്. അതിനര്‍ത്ഥം ട്രംപ് ആ സ്ഥാപനത്തെ തകര്‍ത്തു എന്നു തന്നെയാണ്. ഭരണകൂടം വൈറസിനെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതു മാത്രമല്ല, ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പൈനിനു വേണ്ടി സയന്‍സിനെ വികലമായി ഉപയോഗിക്കുകയും ചെയ്യുന്നു.

അഭിപ്രായം ആരാഞ്ഞുകൊണ്ട്   നേച്ചര്‍ പലപ്രാവശ്യം അഭ്യര്‍ത്ഥിച്ചെങ്കിലും വൈറ്റ് ഹൗസോ ഇ.പി.എ. യോ മറുപടി തന്നില്ല. എച്.എച്.എസ് (HHS) ശരിയായ സയന്‍സിനെ ആധാരമാക്കിയുള്ള വിവരങ്ങള്‍ എപ്പോഴും തന്നുകൊണ്ടിരുന്നു. കോവിഡ് കാലം മുഴുവനും സയന്‍സും ഡാറ്റയുമാണ് അവരുടെ തീരുമാനങ്ങള്‍ക്ക് നിദാനം.

ഒറ്റപ്പെടുത്തുന്നത് സയന്‍സിനെ

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടമെന്റ് അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ യു.എസില്‍ ചെലവഴിക്കുന്ന സമയപരിധി നിയന്ത്രിക്കുന്ന ഒരു നിയമഭേദഗതി നിര്‍ദ്ദേശിച്ചു. ഹൈ റിസ്ക് രാജ്യങ്ങളിലെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ വെട്ടിക്കുറച്ചില്‍ വരുത്തി. ഈ നിയന്ത്രണങ്ങള്‍ അമേരിക്കന്‍ സയന്‍സിന്റെ കാര്യത്തില്‍ വലിയതോതിലുള്ള ദീര്‍ഘകാല ആഘാതം ഉണ്ടാക്കുമെന്നാണ്   വിദഗ്ദ്ധര്‍ കരുതുന്നത്. ശാസ്ത്രരംഗത്ത് നല്ല കുട്ടികള്‍ വരുന്നതിന് ഇത് വിഘാതമാകും. ഇതും യാത്രാനുമതിയില്‍ വരുത്തിയ നിയന്ത്രണങ്ങളും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ വിദേശികള്‍ വരുന്നത് കുറയ്ക്കും. മുന്‍ ഗവണ്മെന്റുകള്‍ മറ്റു രാജ്യങ്ങളിലെ പ്രഗത്ഭരെ കൊണ്ടുവരുന്നതിനും അതുവഴി ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ നമ്മുടെ ലാബറട്ടറികളെ സഹായിക്കുന്നതിനും വേണ്ടി നിലകൊണ്ടിരുന്നു. പുതിയ നിയന്ത്രണം രാജ്യത്തിന്റെ ശാസ്ത്രസാങ്കേതികരംഗത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ അന്യരാജ്യങ്ങളിലേക്ക് പോകുന്നത് സയന്‍സിനെ ദുര്‍ബലപ്പെടുത്തും. ബൈഡന്‍ ജയിച്ചാല്‍ പല നിയന്ത്രണങ്ങളും മാറ്റിയേക്കാം, എന്നിരുന്നാലും അമേരിക്കയുടെ സല്‍പ്പേരിനുണ്ടായ കളങ്കം മാറാന്‍  ഏറെ  കാലമെടുക്കും.

അമേരിക്കയുടെ ഇപ്പോഴത്തെ അവസ്ഥയും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതും സമാനമാണ്, രണ്ടു രാജ്യങ്ങള്‍ക്കും അന്താരാഷ്ട്രമേഖലയില്‍ സ്വാധീനം നഷ്ടമാകും. ട്രംപ് യു.എസിലെ സയന്‍സിനെ പ്രതിനിധീകരിക്കുന്നില്ല എന്ന് ശാസ്ത്രലോകം മനസ്സിലാക്കിക്കഴിഞ്ഞു. രാജ്യത്തിനകത്താണെങ്കില്‍ ഈ ധൃവീകരണവും ദോഷാനുദര്‍ശനവും കൊല്ലങ്ങളോളം നീണ്ടുനിന്നേക്കാം എന്ന് മിക്ക ശാസ്ത്രജ്ഞരും കരുതുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ കൃത്യനിര്‍വഹണം ദുഷ്കരമാകും, ട്രംപിനോടൊപ്പം റിട്ടയര്‍ ചേയ്യുന്ന ഉയര്‍ന്ന സയന്റിസ്റ്റുകളുടെ സ്ഥാനത്ത് നിയമിക്കാന്‍ യോഗ്യരായവരെ കിട്ടാതാകും.

രാഷ്ട്രീയ കാഴചപ്പാടോടെ സയന്റിസ്റ്റുകൾ മാറ്റിനിര്‍ത്തപ്പെട്ടതോ സെന്‍സര്‍ ചെയ്യപ്പെട്ടതോ ആയ  സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കുന്നത് ശ്രമകരമാകും. (150 ഓളം പേരെ ഇപ്രകാരം ഒഴിവാക്കിയിട്ടുണ്ടെന്നാണ് കണക്ക്.) ഉദാഹരണത്തിന് ഇപിഎ യുടെ ഗവേഷണവിഭാഗത്തെ മുഴുവനായും പുനര്‍നിര്‍മ്മിക്കേണ്ടിവരും.

“ട്രംപ് വീണ്ടും വന്നാല്‍ കാര്യങ്ങള്‍ അതീവ ഗുരുതരമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ട്രംപിന്റെ ആളുകള്‍ പൊതു സ്ഥാപനങ്ങളുടെ മേല്‍ ഒരു ആസിഡ് ഒഴിച്ചിട്ടിരിക്കുകയാണ്, അത് നാമിതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് അത്യധികം ശക്തിയുള്ളതാണ്”, ഒരു പ്രമുഖ ശാസ്ത്രജ്ഞന്‍ പറഞ്ഞു. ആ ഭരണകാലത്തെ ചില പ്രശ്നങ്ങള്‍ തട്ടിക്കളയാനാകുമായിരിക്കും. എന്നാലയാള്‍ വീണ്ടും വരികയാണെങ്കില്‍ അതുണ്ടക്കുന്ന വിനാശം അസാധാരണമാകും.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ ജേണലുകളിലൊന്നായ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ അതിന്റെ ഏറ്റവും പുതിയ ലക്കത്തിന്റെ എഡിറ്റോറിയലിൽ ട്രംപിനെ തോൽന്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. (ഒക്ടോബർ 8 ). തികച്ചും അസാധാരണമായ ഒരു നടപടിയാണ് അവരുടേത്. (തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴയ മെഡിക്കൽ വാരികയുമാണിത്. 1811ൽ ആരംഭിച്ചതാണ്). വൈറസ് നിയന്ത്രണരംഗത്ത് സമസ്ത മേഖലയിലും അമേരിക്ക പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ട്രംപിനാണ് എന്ന് അവർ വിലയിരുത്തുന്നു.


വിവ: ജി.ഗോപിനാഥന്‍.

How Trump damaged science — and why it could take decades to recover

സയന്റിഫിക്ക് അമേരിക്കൻ 175 വർഷത്തെ നിഷ്പക്ഷത വെടിയുന്നു

സയന്റിഫിക്ക് അമേരിക്കൻ 175 വർഷത്തെ നിഷ്പക്ഷത വെടിയുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കര്‍ഷകര്‍ക്ക് വേണ്ടാത്ത കാര്‍ഷിക പരിഷ്കരണബില്ലുകള്‍!
Next post ഉപഗ്രഹങ്ങൾ ഭൂമിയിലേക്ക് വീഴാത്തതെന്തുകൊണ്ട്?
Close