സയന്റിഫിക്ക് അമേരിക്കൻ 175 വർഷത്തെ നിഷ്പക്ഷത വെടിയുന്നു

Read Time:9 Minute


രാജേഷ് കെ. പരമേശ്വരൻ

യന്റിഫിക്ക് അമേരിക്കൻ മാസിക അതിന്റെ 175 വർഷത്തെ ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. വരുന്ന നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുക് സ്ഥാനാർഥി ജോ ബൈദന് (Joe Biden) വോട്ട് ചെയ്യണം എന്നാണു അവർ ശാസ്ത്രസമൂഹത്തിനു നൽകിയിരിക്കുന്ന ആഹ്വാനം. നിലവിലുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വീണ്ടും അധികാരത്തിൽ വരുന്നത് അമേരിക്കൻ ജനതക്ക് നല്ലതിനായിരിക്കില്ല എന്നതാണ് മാസിക നൽകുന്ന വിശദീകരണം. ശാസ്ത്രത്തെയും ശാസ്ത്രീയമായ തെളിവുകളെയും ട്രമ്പ് ഭരണകൂടം നിരന്തരം നിരാകരിക്കുന്നു എന്ന് മാസിക വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണം, പൊതുജനാരോഗ്യം, ശാസ്ത്ര ഗവേഷണം എന്നീ വിഷയങ്ങൾക്ക് പുറമെ ഏറ്റവുമൊടുവിലായി കോവിഡ് പ്രതിരോധത്തിലും ട്രമ്പ് ഭരണകൂടം ശാസ്ത്രാധിഷ്ഠിത തത്വങ്ങൾക്ക് നേരെ മുഖം തിരിച്ചതിനെ നിശിതമയ ഭാഷയിലാണു മാസിക വിമർശിച്ചിരിക്കുന്നത്.

അപകടകരമായ നയപരിപാടികൾ

കോവിഡ് കാലത്തെ അശാസ്ത്രീയമായ നയങ്ങളെ നിശിതമായ ഭാഷയിലാണ് സയന്റിഫിക് അമേരിക്കൻ വിമർശിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിച്ച കോവിഡ് സംബന്ധിച്ച മുന്നടറിയിപ്പുകളെ ട്രമ്പ് ഭരണകൂടം തീർത്തും അവഗണിക്കുകയായിരുന്നു എന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. എഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങൾ പരിശോധനയുടെ കാര്യത്തിലും രോഗബാധിതരുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്ന കാര്യത്തിലും ശ്രദ്ധ ചെലുത്തി രോഗവ്യാപനം തടയുന്നതിൽ ചെറിയരീതിയിൽ വിജയം കണ്ടപ്പോൾ അമേരിക്ക ഈ വിഷയത്തിൽ വളരെ പുറകിലായിരുന്നു. ഇത് രോഗം നിയന്ത്രണാതീതമായി വർധിക്കുന്നതിലും അത് വഴി മരണ നിരക്ക് കൂടുന്നതിലും കലാശിച്ചു. മാസ്ക് ധരിക്കുക തുടങ്ങിയ എളുപ്പത്തിൽ നടപ്പാക്കാവുന്ന നിർദ്ദേശങ്ങൾ ട്രമ്പ് ഭരണകൂടം പാടെ അവഗണിച്ചു. രോഗവ്യാപനം തടയാൻ ഉള്ള ഭരണകൂട നീക്കങ്ങളെ വെല്ലുവിളിച്ച് പ്രതിഷേധിച്ച ആൾക്കൂട്ടത്തിനു പിന്തുണ നൽകാനും പ്രസിഡണ്ട് തയ്യാറായി. ഏപ്രിൽ മാസത്തിൽ കൊറോണയുടെ ഭീഷണി ഒഴിഞ്ഞു എന്ന പ്രഖ്യാപനത്തിനു പുറകെ തുറന്നു പ്രവർത്തിച്ച അമേരിക്കൻ സംസ്ഥാനങ്ങൾ പിന്നീട് മറ്റൊരു അടച്ചുപൂട്ടലിലേക്ക് പോകേണ്ടി വന്നു. ഇത് സമ്പദ് വ്യവസ്ഥയെ വീണ്ടും തളർത്തുകയും തൊഴിലില്ലായ്മ വർദ്ധിപ്പിക്കുകയും ചെയ്തു. 31 ശതമാനം തൊഴിൽ നഷ്ടങ്ങൾ, മുപ്പത് ദശലക്ഷത്തിലേറെ തൊഴിൽരഹിതർ ഇതായിരുന്നു ഈ രണ്ടാംഘട്ട രോഗവ്യാപനത്തിന്റെ ബാക്കിപത്രം.

കൊറോണവൈറസ് ബാധ ഒരു ഫ്ലൂ ബാധക്ക് തുല്യമാണെന്ന് പൊതുവേദികളിൽ നിരന്തരം ആവർത്തിച്ചിരുന്നു ട്രമ്പ്. ഇത് രോഗബാധയെ ലളിതമായി കാണാൻ ഭൂരിപക്ഷം ആളുകളെ പ്രേരിപ്പിച്ചു. രോഗത്തെ കുറിച്ച് ശരിയായ മുന്നറിയിപ്പുകൾ നൽകാൻ തയ്യാറായ ഡോ. അന്റണി ഫൗച്ചിക്കെതിരെ അദ്ദേഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താൻ ഉള്ള ശ്രമമാാണു ട്രമ്പ് നടത്തിയതെന്നും സയന്റഫിക് അമേരിക്കൻ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനത്തിന്റെ തോത് കൂടിയതിലും മരണനിരക്ക് കൂടിയതിലും ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ട്രമ്പ് തയ്യാറായില്ല. മറ്റ് രാജ്യങ്ങളെയും മുൻ പ്രസിഡന്റിനെയും പഴി ചാരാനായിരുന്നു ട്രമ്പിന്റെ ശ്രമം.

ശാസ്ത്രത്തെയും ശാസ്ത്രതത്വങ്ങളെ ആധാരമാക്കിയ നിർദ്ദേശങ്ങളെയും തീർത്തും അവഗണിച്ചാണു പ്രസിഡണ്ട് ട്രമ്പിന്റെ ഒട്ടുമിക്ക നയങ്ങളും. അഫോഡബിൾ കെയർ ആക്ട് നീക്കം ചെയ്യാനുള്ള തീരുമാനങ്ങൾക്ക് പുറമെ ശാസ്ത്ര ഗവേഷണത്തിനുള്ള ഫണ്ടുകൾ ഇല്ലായ്മ ചെയ്യാനും പ്രസിഡണ്ട് ട്രമ്പ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. നാഷണൽ സയൻസ് ഫൗണ്ടേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവക്കുള്ള ഫണ്ടുകൾ നിർത്തലാക്കാനുള്ള ശ്രമം യു.എസ്.  കോൺഗ്രസ് തടഞ്ഞതുകൊണ്ടാണു മുന്നോട്ട് പോകാതിരുന്നത്. ലോകാരോഗ്യ സംഘടനക്കുള്ള സഹായത്തിൽ നിന്നുള്ള പിന്മാറ്റവും സയന്റിഫിക് അമേരിക്കൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാലവാസ്ഥാ വ്യതിയാനം നിഷേധിക്കുക, പരിസ്ഥിതിയെ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നവരിൽ നിന്ന് ശാസ്ത്രജ്ഞരെ ഒഴിവാക്കി വ്യവസായ പ്രമുഖരെ നിയമിക്കുക തുടങ്ങിയ നടപടികളും വിമർശനമായി ഉയർത്തി കാട്ടുന്നു.

ബൈദൻ മുന്നോട്ട് വെക്കുന്ന നയങ്ങൾ

കോവിഡ് പ്രതിരോധം, പൊതുജനാരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളിൽ ശാസ്ത്രത്തിന്റെ പിൻബലമുള്ള നയങ്ങൾക്കാണു ബൈദൻ മുൻതൂക്കം നൽകുന്നത് എന്ന് സയന്റിഫിക് അമേരിക്കൻ ചൂണ്ടിക്കാട്ടുന്നു. പബ്ലിക് പോളിസി നിർമാണത്തിൽ ശാസ്ത്രത്തിനും ശാസ്ത്രീയതക്കും ഉള്ള പങ്ക് പുനസ്ഥാപിക്കുവാനുള്ള പ്രകടമായ ശ്രമങ്ങൾ ജോ ബൈദന്റെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നതാണു ലേഖനത്തിൽ നടത്തിയിട്ടുള്ള നിരീക്ഷണം. കോവിഡ് കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ടവരെ ഉപയോഗിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുക വഴി തൊഴിൽ അവസരങ്ങൾ ആരോഗ്യമേഖലയിൽ സൃഷ്ടിക്കാനും അതുവഴി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമവും പ്രത്യേകം എടുത്തുപറയുന്നുണ്ട്. 34 ബില്യൺ ഡോളർ ചിലവിൽ കൊറോണക്കാല വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തനുള്ള പദ്ധതിയും ബൈദനെ കുറിച്ചുള്ള സയന്റിഫിക് അമേരിക്കന്റെ വിലയിരുത്തലിൽ ഉൾപ്പെടുന്നു.

പ്രഗൽഭരായ എപ്പിഡെമിയോളജിസ്റ്റുകളിൽ നിന്നാണു ബൈദൻ ഉപദേശങ്ങൾ സ്വീകരിക്കുന്നത്. പരിസ്ഥിതിയുടെ കാര്യത്തിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിഷയത്തിലും ട്രമ്പിന്റെ നിഷേധാത്മകമായ നിലപാടിൽ നിന്ന് മാറി ശാസ്ത്രീയമായ നയപരിപാടികൾക്ക് ഊന്നൽ നൽകാനാണു ബെദന്റെ ശ്രമം. കാർബൺ എമിഷൻ കുറക്കാൻ ഉള്ള നടപടികൾക്കും ഊന്നൽ നൽകും എന്നത് ബൈദന്റെ നയപരിപാടികളുടെ ഭാഗമാണു.

ഈ കാരണങ്ങളാൽ തന്നെ ട്രമ്പിനെ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് പുറത്താക്കണം എന്നാണു സയന്റിഫിക് അമേരിക്കൻ വാദിക്കുന്നത്. നീണ്ട 175 വർഷത്തെ പാരമ്പര്യമുള്ള ഈ ശാസ്ത്രമാസിക ട്രമ്പിനെതിരെ പ്രത്യക്ഷമായി മുന്നോട്ട് വന്നത് ശാസ്ത്ര സമൂഹത്തെ ട്രമ്പിന്റെ നയങ്ങൾ എത്രത്തോളം ആശങ്കയിൽ ആക്കിയിട്ടുണ്ട് എന്നതിന്റെ തെളിവാണ്. അമേരിക്കൻ  സമൂഹത്തിലെ നാനാതുറകളിൽ നിന്ന് ട്രമ്പിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ എത്ര ഫലം കാണും എന്നറിയാൻ തിരഞ്ഞെടുപ്പ് ഫലം വരെ കാത്ത് നിൽക്കേണ്ടി വരും. 1400 വാക്കുകൾ ഉള്ള സയന്റിഫിക് അമേരിക്കൻ എഡിറ്റോറിയൽ ചരിത്രമാവുകയാണ്, 175 വർഷം നീണ്ട നിഷ്പക്ഷതയെ വലിച്ചെറിയുന്നതിലൂടെ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post Peoples’ Biodiversity Registers : A fitting response to the EIA notification 
Next post സെപ്റ്റംബർ 18 – ശാസ്ത്രചരിത്രത്തിൽ ഇന്ന്