Read Time:39 Minute


ഡോ. സി. ജോര്‍ജ് തോമസ്

അമേരിക്കന്‍ ഐക്യനാടുകളില്‍ ആകെ ജനങ്ങളുടെ 2 ശതമാനത്തിലും താഴെയാണ് കൃഷിയില്‍ വ്യാപൃതരായിട്ടുള്ളത്. യൂറോപ്പില്‍ ഇത് 3 ശതമാനം വരും. ഇന്ത്യയിലോ? ആകെ തൊഴിൽസേനയുടെ 52 ശതമാനവും കൃഷിയെയും അനുബന്ധ തൊഴിലുകളെയും ആശ്രയിച്ചാണു ജീവിക്കുന്നത്. അതായത് ഇന്ത്യയുടെ ഭാഗധേയങ്ങള്‍- ദാരിദ്ര്യവും, വികസനവും,  സമൃദ്ധിയുമൊക്കെ കൃഷിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആത്മനിര്‍ഭര്‍ഭാരത് പാക്കേജിന്റെ ഭാഗമായി  കൊണ്ടുവന്ന ഫാം ബില്ലുകള്‍ കാര്‍ഷിക മേഖലക്ക് ഉത്തേജനം നല്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ സംശയത്തോടെയാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും വീക്ഷിക്കുന്നത്. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വേഗത്തില്‍ അടുക്കാന്‍ ഈ ബില്ലുകള്‍ ഉപകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കര്‍ഷര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും, വിലപേശല്‍ ശേഷി വര്‍ദ്ധിക്കും, ഇടത്തട്ടുകാരെ ഒഴിവാക്കാം എന്നൊക്കെയാണ് അവകാശവാദം. 2017-18 കാലത്ത് കാര്‍ഷിക വിളകള്‍ക്ക്  ഉല്‍പ്പാദനചെലവിനോടൊപ്പം  അതിന്റെ 50 ശതമാനം കൂട്ടി മിനിമം താങ്ങുവില പ്രഖ്യാപിക്കുക, സര്‍ക്കാര്‍ മാര്‍ക്കറ്റുകള്‍ (മണ്ഡികള്‍)  ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുക,   സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആവശ്യത്തിന് മണ്ഡികളും സംഭരണ കേന്ദ്രങ്ങളും തുടങ്ങുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമായി പല സംസ്ഥാനങ്ങളിലും വന്‍തോതിലുള്ള സമരങ്ങള്‍ നടന്നിരുന്നു. സര്‍ക്കാര്‍ ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായുള്ള പ്രഖ്യാപനം  വരുന്നതോടെയാണ് ഈ പ്രതിഷേധ സമരങ്ങള്‍ നിര്‍ത്തിവെക്കുന്നത്. കര്‍ഷകരുടെ അന്നത്തെ  ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമാണത്രേ ഈ പുതിയ ബില്ലുകള്‍!

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍  ഇഷ്ടമുള്ളിടത്ത്  വില്‍പ്പന നടത്താന്‍ സാധിക്കുന്ന വിധത്തില്‍  രാജ്യത്തിന്റെ ഏത് ഭാഗത്തും  വിപണി തുറന്നു കൊടുക്കാനാണ് ശ്രമമെന്നാണ്  അധികാരികള്‍ പറയുന്നത്. കാര്‍ഷിക മേഖലയില്‍  ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യം വെച്ചുകൊണ്ട് വന്‍നിക്ഷേപം നടത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും അവകാശപ്പെടുന്നു. പക്ഷേ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍  കര്‍ഷകര്‍ കൂട്ടമായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്!

ലോകവ്യാപാര സംഘടനയുടെ നിബന്ധനകളനുസരിച്ചുള്ള  കാര്‍ഷിക രംഗത്തെ സ്വകാര്യവല്‍ക്കരണം എളുപ്പത്തില്‍ നടപ്പിലാക്കുകയാണ് ഈ ബില്ലുകളിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നു കുറ്റപ്പെടുത്തുന്നവര്‍ ധാരാളമുണ്ട്! വിപണികള്‍ തുറന്നു കൊടുക്കുന്നതൊക്കെ ഇതിന്റെ ഭാഗമാണന്നാണ് വിലയിരുത്തല്‍. കാര്‍ഷിക സബ്സിഡികള്‍, കയറ്റുമതി-ഇറക്കുമതി നിയന്ത്രണങ്ങള്‍, ചുങ്കങ്ങള്‍  എന്നിവയില്‍ ലോക വ്യാപാര സംഘടനയുടെ നിബന്ധനകള്‍ ഇന്ത്യയില്‍ എങ്ങനെ നടപ്പിലാക്കാന്‍ പോകുന്നുവെന്ന് ഈ മൂന്ന് ബില്ലുകളും ഒരുമിച്ചു ചേര്‍ത്ത് വായിച്ചാല്‍ നമുക്ക് മനസ്സിലാകും. തന്നെയുമല്ല, സംസ്ഥാന വിഷയമായ കൃഷി മേഖലയിലെ നിയമ നിര്‍മ്മാണത്തിനുമുമ്പു സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചനകളൊന്നും നടത്താതെയുള്ള ഈ ബില്ലുകള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതുമാണ്. അസാധാരണ സാഹചരങ്ങളില്‍ ഇവിടെയും കേന്ദ്രത്തിന് ഇടപെടാമെന്നുണ്ട്. പക്ഷെ, ഇടപെടുന്നതിനുമുമ്പു  സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കുക എന്നത് സാമാന്യ  ജനാധിപത്യ മര്യാദയാണ്.

കാര്‍ഷിക ബില്ലുകളുടെ ആദ്യരൂപം കഴിഞ്ഞ ജൂണ്‍ 5നു ഓര്‍ഡിനന്‍സ് ആയി ഇറക്കിയെങ്കിലും ജനശ്രദ്ധ ആകര്‍ഷിക്കുന്നത് പഞ്ചാബ് കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ്. പിന്നീട് ഹരിയാന കര്‍ഷകരും രംഗത്തെത്തി. ഇതിന് ശേഷം മാത്രമാണു പ്രതിപക്ഷ കക്ഷികള്‍ ഇതേറ്റ് പിടിക്കുന്നത്. മൂന്നു ബില്ലുകളാണു ഇപ്പോള്‍ തര്‍ക്ക വിഷയം. ആദ്യത്തേത് ഭക്ഷ്യ ഉല്പന്നങ്ങള്‍ സംഭരിക്കുന്നതിനുള്ള നിലവിലെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്ന അവശ്യസാധന നിയമ  ഭേദഗതി (Essential Commodities (Amendment) Bill, 2020), രണ്ടാമത്തേത് കാര്‍ഷികോല്പന്നങ്ങള്‍ എവിടേയും വാങ്ങാനും വില്ക്കാനും ആര്‍ക്കും അധികാരം നല്‍കുന്ന നിയമം (The farmers’ Produce Trade and Commerce (Promotion and Facilitation) Bill, 2020),  മൂന്നാമതായി കരാര്‍ കൃഷി നിയമവിധേയമാക്കുന്നതിനുള്ള വില ഉറപ്പാക്കല്‍ നിയമം (The Farmers (Empowerment and Protection) Agreement on Price Assurance and Farm Services Bill, 2020). ഈ മൂന്നു ബില്ലുകളും പരസ്പര ബന്ദിതവുമാണ്. എന്ത് കൊണ്ടാണ് കര്‍ഷകര്‍ ഈ ബില്ലുകളെ എതിര്‍ക്കുന്നത്? കേരളത്തെ ഈ ബില്ലുകള്‍ എങ്ങിനെ ബാധിക്കും? ഇക്കാര്യങ്ങള്‍ ചുരുക്കത്തിലൊന്ന് പരിശോധിക്കാം.

കടപ്പാട് PTI

താങ്ങുവിലയും സബ്സിഡികളും  

കേന്ദ്രസര്‍ക്കാര്‍ കാർഷികോത്‌പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില (minimum support price, MSP) പ്രഖ്യാപിക്കുകയും അത് കര്‍ഷകര്‍ക്ക് യഥാസമയം ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഭാരതത്തില്‍ നിലവിലുണ്ട്.  കേന്ദ്ര സര്‍ക്കാര്‍  23 കാർഷിക ഉത്പന്നങ്ങൾക്കാണു  താങ്ങു വില പ്രഖ്യാപിക്കാറുള്ളത്— 7 ധാന്യങ്ങള്‍ (നെല്ല്, ഗോതമ്പ്, മക്കച്ചോളം, കമ്പം, റാഗി, ചോളം, ബാര്‍ലി), 5 പയര്‍വര്‍ഗ്ഗങ്ങള്‍ (ഉഴുന്ന്, ചെറുപയര്‍, കടല, തുവര, മസൂര്‍), 8 എണ്ണക്കുരുക്കള്‍(നിലക്കടല,  സോയാബീന്‍, സൂര്യകാന്തി, എള്ള്, നൈജര്‍വിത്ത്,  കടുക്, സാഫ്ളവര്‍, കൊപ്ര), 3 വാണിജ്യ വിളകള്‍ (കരിമ്പ്, പരുത്തി, ചണം) എന്നിങ്ങനെ.  കാലാകാലങ്ങളിൽ, പ്രത്യേകിച്ച് ഖരീഫ്, റാബി വിളവെടിപ്പിന് മുമ്പ് താങ്ങുവില വർധിപ്പിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യാറുണ്ട്. പുതിയ ബിൽ വ്യവസ്ഥകൾ പ്രകാരം താങ്ങുവില സംവിധാനം തന്നെ  ഒഴിവാക്കപ്പെടുമോ എന്ന  ആശങ്ക കർഷകർ പങ്ക് വെക്കുന്നു. താങ്ങുവില ഒഴിവാക്കിയാൽ സ്വകാര്യകമ്പനികൾ നേട്ടമുണ്ടാക്കും. ഇത് ചെറുകിട, നാമമാത്ര കർഷകരെ സാരമായി ബാധിക്കും.  പുതിയ മാര്‍ക്കറ്റ് സംവിധാനത്തില്‍ താങ്ങുവില എങ്ങിനെ ഉറപ്പ് വരുത്തും? റാബി വിളവെടുപ്പ് തുടങ്ങുന്നതിന് മുമ്പു തന്നെ ഗോതമ്പു, ബാര്‍ലി പോലുള്ള റാബി വിളകളുടെ താങ്ങുവില പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില സമ്പ്രദായം തുടരുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആശങ്ക ഒഴിയുന്നില്ല.

പ്രഖ്യാപിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ഒട്ടും പര്യാപ്തമാകുന്നില്ല എന്ന പരാതി പണ്ടേ ഉള്ളതാണ്.  ഉല്‍പാദനച്ചെലവുമായി ഒത്തുപോകുന്നതല്ല നിലവിലുള്ള താങ്ങുവില എന്നത് സത്യമാണ്. പണിക്കൂലി, വിത്ത്, വളം, ജലസേചനച്ചെലവ്, കീടനാശിനി, ഡീസല്‍ ചാര്‍ജ്, വൈദ്യുതി, ഇന്‍ഷുറന്‍സ് പ്രീമിയം, ഭൂമിയുടെപാട്ടം അഥവാ വാടക, യന്ത്ര സാമഗ്രികള്‍, പണിയായുധങ്ങള്‍, മുതലിന്റെ പലിശ തുടങ്ങിയ ചെലവുകളുണ്ട്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തുവേണം കുറഞ്ഞ താങ്ങുവില നിശ്ചയിക്കാന്‍. കൃഷിയിലെ ചെലവുകള്‍ പലതരത്തില്‍ കണക്കാക്കാം. സമഗ്രഉല്‍പ്പാദന ചെലവിനൊപ്പം (comprehensive cost) അതിന്റെ 50 ശതമാനവും (C2+50) കൂട്ടിയുള്ള  താങ്ങുവിലയാണ് വേണ്ടതെന്ന് എം. എസ്സ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതും ഇതാണ്. സാധാരണ ചെലവുകളോടൊപ്പം ഫാമിലി ലേബര്‍, ഭൂമിയുടെ വാടക, മുടക്ക്മുതലിന്റെ പലിശ, യന്ത്രസാമഗ്രികളുടെ തേയ്മാനം എന്നിവയെല്ലാം കൂട്ടിയ സമഗ്രഉല്‍പ്പാദന ചെലവ് ആണ് C2. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ ഉല്‍പാദനച്ചെലവായി കണക്കിലെടുക്കുന്നത് A2+FL മാത്രമാണു (A2 എന്നത് പണമായും സാധനങ്ങളായുമുള്ള ആകെ ചെലവാണ്. ഇതിനോടൊപ്പം  കുടുംബാംഗങ്ങളുടെ പണിക്കൂലി (family labour, FL) കൂടി കൂട്ടും). അതായത്, കമ്മീഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് (സി.എ.സി.പി) ഇപ്പോള്‍ ഉല്‍പാദനച്ചെലവ് നിര്‍ണ്ണയിക്കുന്ന രീതി തീരെ പര്യാപ്തമല്ല. അവര്‍ ഉപയോഗിക്കുന്നത് A2+FL ആണ്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ താങ്ങുവില നിശ്ചയിക്കുന്നത്. പലപ്പോഴും ഇങ്ങിനെ നിശ്ചയിക്കുന്ന താങ്ങുവില മിക്ക സംസ്ഥാനങ്ങളിലെയും ഉല്‍പാദനചെലവിലും കുറവാണ്! കേരളത്തെപ്പോലുള്ള ചില സംസ്ഥാനങ്ങളില്‍ ഉല്‍പാദനചെലവ് വളരെ കൂടുതലാണന്നതും ഓര്‍ക്കണം. താങ്ങുവില നിശ്ചയിക്കുമ്പോള്‍ ഇതൊന്നും കണക്കിലെടുക്കാറില്ല.

ചില സംസ്ഥാനങ്ങള്‍ അവരുടെ തനതു ഫണ്ടുപയോഗിച്ചു താങ്ങുവിലയെക്കാളും ഉയര്‍ന്ന വില നല്‍കാറുണ്ട്.  പക്ഷേ, ഇങ്ങനെ താങ്ങുവിലക്കു മുകളില്‍ ബോണസ് പ്രഖ്യാപിച്ചു സംഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ നിയോഗിക്കപ്പെട്ട ശ്രീ. ശാന്തകുമാര്‍ (മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി) അദ്ധ്യക്ഷനായ ഹൈ ലെവല്‍ കമ്മിറ്റിയുടെ ഒരു  ശുപാര്‍ശ! ഇത്തരം ബോണസുകള്‍ മാര്‍ക്കറ്റിനെ വളച്ചൊടിക്കുകയും സ്വകാര്യ ഏജന്‍സികളെ മാര്‍ക്കറ്റില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നതിനാല്‍ അംഗീകരിക്കാനാവില്ലത്രെ!  വേണമെങ്കില്‍ മാര്‍ക്കറ്റ് വിലയെ ബാധിക്കാത്ത വിധത്തില്‍, ഉദാഹരണത്തിന്, കൃഷിയുടെ വിസ്തീര്‍ണം അനുസരിച്ചു കര്‍ഷകര്‍ക്ക് നേരിട്ടു  ധനസഹായം ചെയ്യാമെന്നും  പറയുന്നുണ്ട്. നെല്ലിന് കേന്ദ്രം നിശ്ചയിച്ച താങ്ങുവില ക്വിന്റലിന് 1868രൂപയാണ്. പക്ഷേ, കേരളത്തിന്റെ വിഹിതവും കൂടി ചേര്‍ത്ത് കേരളസര്‍ക്കാര്‍ ക്വിന്റലിന് 2750 രൂപയാണ് സംഭരണ വിലയായി നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെ ഏതെങ്കിലുമൊരു സംസ്ഥാനം കൂടുതല്‍ ബോണസ് കൊടുത്താല്‍, ആ സംസ്ഥാനത്തില്‍ നിന്ന്  ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുകൂടായെന്നാണ് ശാന്തകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ!

 

കടപ്പാട് PTI

കാര്‍ഷികോല്‍പന്നങ്ങള്‍ക്കും മറ്റ് ഉപഭോക്തൃ വസ്തുക്കള്‍ക്കും വില നിശ്ചയിക്കുന്ന രീതിയില്‍ പൊരുത്തക്കേടുണ്ട്. ഉദാഹരണത്തിന്, വ്യാവസായിക ഉത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുവാനുള്ള അധികാരം പൊതുവില്‍ ഉത്പാദകര്‍ക്കാണുള്ളത്. ഉപ്പ് തൊട്ട്  വിമാനം  വരെയുള്ള എല്ലാ വസ്തുക്കളുടെയും പരമാവധി ചില്ലറ വില (maximum retail price) അതത് ഉത്പാദകര്‍ തന്നെ തീരുമാനിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് മാത്രം അവരുടെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അവകാശമില്ലായെന്നത് വിരോധാഭാസമാണ്! വ്യാവസായിക ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ഷം തോറും വര്‍ദ്ധനവ് കാണാറുണ്ട്. വില കൂടുന്നതല്ലാതെ കുറഞ്ഞു കണ്ടിട്ടില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യമോ? ഇപ്പോഴത്തെ രീതി പ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ താങ്ങുവിലയെ ആശ്രയിക്കാനേ കര്‍ഷകര്‍ക്കു സാധിക്കൂ. കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന വാദമാണ് സര്‍ക്കാരും ഉയര്‍ത്തുന്നത്!  കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു എന്തെങ്കിലും കാരണവശാല്‍ വില കൂടിയാല്‍ ഇറക്കുമതിയിലൂടെ  വില കുറയ്ക്കുന്ന തന്ത്രമാണു കണ്ടുവരുന്നത് (അടുത്തകാലത്ത്   ഉള്ളിയുടെ വില കൂടിയപ്പോള്‍ ചെയ്തതു  അതായിരുന്നു). വില കുറഞ്ഞാലോ? സര്‍ക്കാര്‍ കാഴ്ചക്കാരനായി നോക്കി നില്ക്കും! മാത്രമല്ല, കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വ്യാവസായികോല്‍പ്പന്നങ്ങളുടെയും വിലവര്‍ദ്ധനവുകളിലെ ഭീമമായ അന്തരം കര്‍ഷകരുടെ  ജീവിതം  ദുരിതമയമാക്കി മാറ്റുകയും ചെയ്യും. കര്‍ഷക ആത്മഹത്യകള്‍ ഇതിന്റെയൊക്കെ ഫലമാണ്. ഒരുദാഹരണം പറഞ്ഞാല്‍, കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ നെല്ല്, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കുറഞ്ഞ താങ്ങുവിലയില്‍ ഏകദേശം 20 മടങ്ങ് മാത്രം വര്‍ദ്ധനവുണ്ടായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്വകാര്യ കമ്പനി ജീവനക്കാരുടെയും ശമ്പളത്തില്‍ ഏകദേശം 100 മുതല്‍ 300 വരെ മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായത്! ബിസിനസ്സ്കാരുടെ   വരുമാന വര്‍ദ്ധനവുകൂടി താരതമ്യം ചെയ്തുനോക്കണം!

സ്വാതന്ത്ര്യം കിട്ടിയ കാലത്തു നേരിട്ട കടുത്ത ഭക്ഷ്യ ക്ഷാമത്തിന്റെയും പട്ടിണിയുടെയും  പശ്ചാത്തലത്തിലാണ് ഇപ്പോൾ നിലനിൽക്കുന്ന താങ്ങുവിലനിയമങ്ങളും സംഭരണ വിതരണ സംവിധാനവും മണ്ഡികളും മറ്റും ഉണ്ടായി വന്നത്. ആഗോളവല്‍ക്കരണത്തോടെ ലോകക്രമം തന്നെ മാറുകയാണ്. ലോക വ്യാപാര സംഘടനയുടെ ഭാഗമായുള്ള കാര്‍ഷിക കരാര്‍ (Agreement on Agriculture) പ്രകാരം സബ്സിഡികളും ചുങ്കങ്ങളും കുറച്ചു കൊണ്ടുവരേണ്ടതുണ്ട്.  ഭാരതത്തിന്‍റെ കാര്‍ഷിക മേഖലയെ ഒരു പരിധിവരെ താങ്ങിനിര്‍ത്തുന്നത് സബ്‌സിഡികളും താങ്ങുവിലകളും ആണെന്ന കാര്യത്തില്‍ സംശയമില്ല.  എന്നാല്‍, സബ്‌സിഡികള്‍ സംബന്ധിച്ച ഡബ്ലിയു.ടി.ഒ. നിയമങ്ങള്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് വളരെ അനുകൂലമായ സ്ഥിതിയിലാണുള്ളത്. സബ്സിഡികള്‍ ചുവപ്പ്-മഞ്ഞ (amber), നീല, പച്ച എന്നിങ്ങനെ മൂന്നു പെട്ടികളിലാക്കിയിരിക്കയാണ്. മാര്‍ക്കറ്റിനെ നേരിട്ടു ബാധിക്കാന്‍  സാധ്യതയുള്ള താങ്ങ് വില, കയറ്റുമതി ചുങ്കം, ഇറക്കുമതി ചുങ്കം പോലുള്ള സബ്സിഡികളാണ് ആമ്പര്‍ പെട്ടിയില്‍. നീല,  പച്ച പെട്ടികളിലുള്ള സബ്സിഡികള്‍ സ്വതന്ത്ര വ്യാപാരത്തെ  നേരിട്ടു ബാധിക്കില്ല എന്നാണ് വെപ്പ്! പക്ഷെ, വികസിത രാഷ്ട്രങ്ങള്‍ വന്‍ സബ്സിഡികള്‍ ഗവേഷണം, പരിസ്ഥിതി എന്നൊക്കെ പറഞ്ഞു കര്‍ഷകര്‍ക്ക് നേരിട്ടു നല്‍കുന്നതിനാല്‍ വില കുറച്ചു മല്‍സരാധിഷ്ഠിത കമ്പോളത്തില്‍ വില്‍ക്കാന്‍ കഴിയും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നീല, പച്ച സബ്സിഡികള്‍ വളരെ കുറവാണ്! ഇതിലെ കുഴപ്പം പിടിച്ച പ്രശ്നം എന്താണെന്ന് വെച്ചാല്‍ കര്‍ഷകര്‍ എന്നു പറയുന്നവരുടെ ഭീമമായ എണ്ണം തന്നെയാണ്! ഇവിടുത്തെ സര്‍ക്കാരുകള്‍ചെയ്യുന്നത് ‘ആമ്പര്‍’ ഗ്രൂപ്പിലുള്ള സബ്സിഡികള്‍ ഡബ്ലിയു.ടി.ഒ.  പറഞ്ഞ പ്രകാരം കുറയ്ക്കുകയാണ്. പക്ഷേ, നീല, പച്ച സബ്സിഡികള്‍ കൂട്ടുന്നുമില്ല! കേരളത്തില്‍ അടുത്തിടെ നെല്‍ക്കര്‍ഷകര്‍ക്ക് ഹെക്ടറിന് 2000 രൂപ പ്രകാരം പരിസ്ഥിതി ബോണസ് നല്കാന്‍ തീരുമാനിച്ചു. ഇത് യഥാര്‍ത്ഥത്തില്‍  പച്ച സബ്സിഡിയാണ്! ഈ ബോണസ് തുകയെ ആശ്രയിച്ചല്ലല്ലോ മാര്‍ക്കറ്റ് വില നിശ്ചയിക്കപ്പെടുക.

കടപ്പാട് PTI

പഞ്ചാബിന്റെയും ഹരിയാനയുടെയും പ്രശ്നം  

ഭാരതത്തിന്റെ ഭക്ഷ്യ ശേഖരത്തിലേക്ക് ഏറ്റവുമധികം ഗോതമ്പും, നെല്ലും അളക്കുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. കേന്ദ്രം 23 കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങു വില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  നെല്ല്, ഗോതമ്പ് എന്നിവ മാത്രമാണ് പ്രധാനമായും സർക്കാർ വാങ്ങുന്നത്.     “ദി ഹിന്ദു” പത്രത്തില്‍ വന്ന ഒരു കണക്ക് പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി  സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയുള്ള സംഭരണത്തില്‍ 45 ശതമാനവും  പഞ്ചാബ്, ഹരിയാന  സംസ്ഥാനങ്ങളില്‍ നിന്നാണ് (പഞ്ചാബില്‍ നിന്നു മാത്രം 29%). മാത്രമല്ല, പഞ്ചാബ്, ഹരിയാന  സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആകെ ഗോതമ്പു, നെല്ല് ധാന്യങ്ങളില്‍ ഏകദേശം 75 ശതമാനവും സര്‍ക്കാര്‍  ഏജന്‍സികള്‍ സംഭരിക്കാറാണ് പതിവ്. തീര്‍ന്നില്ല, പഞ്ചാബിന്റെ ആകെ കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 65 ശതമാനവും ഹരിയാനയുടെ 46 ശതമാനവും നെല്ല്, ഗോതമ്പു എന്നീ രണ്ടു വിളകള്‍ മാത്രം ചേര്‍ന്നതാണ്. ചുരുക്കത്തില്‍ പഞ്ചാബ്, ഹരിയാന  സംസ്ഥാനങ്ങള്‍ സര്ക്കാര്‍ സംഭരണത്തെയും കുറഞ്ഞ താങ്ങ് വിലയെയും അത്ര കണ്ട് ആശ്രയിക്കുന്നു. സര്‍ക്കാര്‍ മണ്ഡി സംവിധാനവും കമ്മിഷൻ ഏജന്റുമാരും സാര്‍വത്രികമാണ് ഈ സംസ്ഥാനങ്ങളില്‍. ഇവര്‍ എന്തു കൊണ്ട് പ്രക്ഷോഭങ്ങളുടെ മുമ്പില്‍ തന്നെയുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശും ഇപ്പോള്‍ ഈ പാതയില്‍ ആണ്.  ഹരിതവിപ്ലവം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഈ സംസ്ഥാനങ്ങളിലെ സുസജ്ജമായ മാര്‍ക്കറ്റ് സംവിധാനം തകരുമെന്നതിനാലാണ് കര്‍ഷകര്‍ ഇത്രയധികം രോഷം പ്രകടിപ്പിക്കുന്നത്.

ഭക്ഷ്യ സുരക്ഷക്കു ഭീഷണി!

അവശ്യസാധന നിയമഭേദഗതി വഴി  ഭാരതത്തില്‍ വന്‍തോതില്‍ ഉപയോഗിയ്ക്കുന്ന അരിയും ഗോതമ്പുമടക്കമുള്ള ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകള്‍ എന്നിവ ഒരു നിശ്ചിത അളവില്‍ സംഭരിക്കാനുള്ള അവകാശം സര്‍ക്കാരിനും അവരുടെ ഏജന്‍സികളിലുമായി നിഷിപ്തമായിരുന്നതു ഇനിമുതല്‍ ഇല്ലാതാകുകയാണ്. ആര്‍ക്കും അവശ്യവസ്തുക്കള്‍ സംഭരിച്ചുവെച്ചു വിതരണം ചെയ്യാം, ലാഭമെടുക്കാം. പക്ഷേ, സംഭരണത്തിന് പരിധിയില്ലതാവുന്നതോടെ സര്‍ക്കാരിന്റെ നിയന്ത്രണവും മേല്‍നോട്ടത്തിനുള്ള അധികാരവും ഇല്ലാതാവും. കൂടുതല്‍ സംഭരണ ശേഷിയും മല്‍സരശേഷിയുമുള്ള സ്വകാര്യ കുത്തകകള്‍ വിപണിയും വിതരണ ശ്രംഖലയും പിടിച്ചെടുക്കും. മാത്രമല്ല, സ്വകാര്യ മേഖലയിലുള്ള സംഭരണം ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കാനുമിടയുണ്ട്!

അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങള്‍ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനുമുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും. പക്ഷേ, പൂഴ്ത്തിവെക്കുന്നത്  സ്വകാര്യകുത്തകകള്‍ ആവുമെന്ന് മാത്രം! വന്‍തോതില്‍ വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തില്‍ – പ്രകൃതിദുരന്തം, ക്ഷാമം പോലുള്ള അതീവ ഗുരുതര സാഹചര്യത്തില്‍- മാത്രമേ സര്‍ക്കാര്‍ ഇടപെടൂ എന്നാണ് പറയുന്നത്. പല സ്വകാര്യ കമ്പനികള്‍ക്കും   ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യാനും കയറ്റി അയയ്ക്കാനുമുള്ള അനുമതിയുണ്ട്. ഇതിലൊന്നും കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാവാന്‍ പോകുന്നില്ല.  കര്‍ഷകരും ഉപഭോക്താക്കളും ഒരു പോലെ അനുഭവിക്കേണ്ടി വരും!

കടപ്പാട് PTI

കമ്പോളസമിതി മണ്ഡികളുടെ അവസ്ഥ എന്താകും? 

കാര്‍ഷികോല്പന്നങ്ങള്‍ വാങ്ങാനും വില്ക്കാനും ആര്‍ക്കും എവിടേയും അധികാരം നല്‍കുന്ന നിയമം കൊണ്ടുവരുന്നതു പല സംസ്ഥാനങ്ങളിലും കാലങ്ങളായി നിലവിലുള്ള കാർഷികോത്‌പന്ന കമ്പോളസമിതി (Agricultural Produce Market Committee, APAC) അഥവാ  എ.പി. എം. സി. മണ്ഡി  (ചന്ത) സംവിധാനത്തെ തകർത്ത് വൻകിടകമ്പനികളുടെ റീട്ടെയിൽ ശൃംഖലകൾക്ക് വഴിയൊരുക്കാനാണ് എന്നാണ് കർഷകസംഘടനകള്‍  ആക്ഷേപിക്കുന്നത്.

നിലവിലുള്ള നിയമപ്രകാരം കമ്പോളസമിതിയുടെ നേതൃത്വത്തിലുള്ള പ്രധാന കമ്പോളത്തിന്റെയോ ഉപകമ്പോളത്തിന്റെയോ പരിധിക്കുള്ളിലുള്ള പരിസരങ്ങൾ, കെട്ടിടങ്ങൾ എന്നിവയാണ് വിൽപ്പന സ്ഥലം. ഇത്തരം  കമ്പോളങ്ങൾ “മണ്ഡികൾ” എന്നാണ് ഉത്തരേന്ത്യയിൽ അറിയപ്പെടുന്നത്. ഓരോ മേഖലയിലെയും ഉത്‌പന്നങ്ങൾ അതത് പ്രാദേശിക മണ്ഡികളിൽ പ്രാദേശിക വിലനിലവാരം അനുസരിച് വിൽക്കുകയാണ് നിലവിലുള്ള രീതി. വില നിശ്ചയിക്കുന്നത് കാർഷികോത്‌പന്ന കമ്പോള സമിതിയാണ്(അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റി, APMC). ഈ സംവിധാനം ന്യായവിലയോടൊപ്പം  താങ്ങുവിലയും ഉറപ്പ് നല്കുന്നു. എന്നാൽ, പുതിയ ബില്‍പ്രകാരം എവിടെയാണോ കാർഷികോത്‌പന്നങ്ങൾ വിൽക്കാൻ കഴിയുന്നത് അവിടമെല്ലാം കമ്പോളത്തിന്റെ നിർവചനത്തിൽപ്പെടും. ഇതോടെ പരമ്പരാഗത APMC മണ്ടികളുടെ പ്രസക്തി തന്നെ നഷ്ടപ്പെടും.  ഇങ്ങനെ വിൽക്കാന്‍ അനുവാദം നല്‍കുന്നത് റീട്ടെയിൽ രംഗത്തുള്ള കുത്തക കമ്പനികളെ സഹായിക്കാനാണെന്ന് കർഷകര്‍ ആരോപിക്കുന്നത് സ്വഭാവികം. ഈ റീട്ടെയിൽ ശൃംഖലകൾ തുടക്കത്തില്‍ കർഷകർക്ക് വൻവില നൽകുകയും മണ്ഡികളുടെ  തകര്‍ച്ചക്ക് വഴി വെക്കുകയും ചെയ്യും.  മണ്ഡികൾ തകർന്നുകഴിഞ്ഞാൽ മറ്റ്  രാജ്യങ്ങളില്‍ സംഭവിച്ചതു പോലെ വാങ്ങല്‍വില ക്രമേണ കുറയ്ക്കുമെന്നാണ് കർഷകര്‍ പറയുന്നത്.  സ്വന്തം ഉത്‌പന്നങ്ങൾ ആർക്കും എവിടെയും വിൽക്കാം, മത്സരക്ഷമത വർധിക്കും,  ഉല്‍പന്നങ്ങൾക്ക് മികച്ച വില ലഭിക്കും എന്നൊക്കെയുള്ള  സർക്കാര്‍ അവകാശ വാദങ്ങളില്‍  കര്‍ഷകര്‍ വിശ്വസിക്കുന്നില്ല!

വടക്കേ ഇന്ത്യയിലെ മാണ്ഡി സംവിധാനത്തില്‍ “കമ്മിഷൻ ഏജന്റുമാർ” എന്നൊരു ഇടത്തട്ടുകാരുണ്ട്.  പുതിയ വ്യവസ്ഥകൾ മണ്ഡി സംവിധാനത്തെ തകിടം മറിക്കുമെന്നും തങ്ങളുടെ ജീവിതമാർഗം തകരുമെന്നും കമ്മിഷൻ ഏജന്റുമാരും ഭയപ്പെടുന്നു.  വിളവിറക്കുന്നതിന് മുമ്പ് കമ്മിഷൻ ഏജന്റുമാർ കർഷകർക്ക് ചെറുകിട വായ്പകള്‍ നൽകുകയും വിളവെടുത്ത് കഴിഞ്ഞാൽ ആ പണം മടക്കിനൽകുകയും ചെയ്യുന്ന ഒരു രീതി കാലങ്ങളായി നിലവിലുണ്ട്. ചെറുകിട കൃഷിക്കാര്‍ക്കാണ് ഇതുകൊണ്ടു പ്രയോജനം.  കമ്മിഷൻ ഏജന്റുമാർ പ്രദേശവാസികളായതിനാല്‍ കര്‍ഷര്‍ക്ക് നേരിട്ടു അറിയാവുന്നവരായിരിക്കും. അവർക്ക് വിശ്വാസ്യതയുണ്ടെന്നും പുറത്തുനിന്നുള്ള “പുത്തന്‍” വ്യാപാരികൾക്ക് വിശ്വാസ്യതയില്ലെന്നുമാണ് വാദം.  പുതിയ ബിൽ പ്രകാരം കമ്മിഷൻ ഏജന്റുമാർ ഇല്ലാതാകുന്നതോടെ ഇത്തരം ചെറുകിട വായ്പകൾ നിലയ്ക്കും. കമ്മിഷൻ ഏജന്റുമാർ തൊഴിൽരഹിതരാകുകയും ചെയ്യും. പരമ്പരാഗത ഇടത്തട്ടുകാര്‍ കളം ഒഴിയുമെങ്കിലും കോര്‍പ്പറേറ്റ് ഇടത്തട്ടുകാര്‍ അവതരിക്കുമെന്നാണ് വിലയിരുത്തല്‍.

മണ്ഡികള്‍ക്ക് പുറമേയാണ് പുതിയ വില്‍പ്പനസംവിധാനം എന്നു പറയുന്നെങ്കിലും മണ്ഡികളുടെ തകര്‍ച്ച തുടങ്ങി കഴിഞ്ഞുവെന്ന് ഒരു റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ  ജൂണ്‍ 6 മുതല്‍ ആഗസ്ത് 31 വരെയുള്ള കാലത്ത് മണ്ടികളിലേക്കുള്ള  പഴങ്ങളുടെ വരവ് 49 ശതമാനം കണ്ടു കുറഞ്ഞു. പച്ചക്കറികള്‍ 57  ശതമാനവും  ധാന്യങ്ങള്‍ 45 ശതമാനവും ആണ് കുറഞ്ഞത്.

1960-70 കളിലാണ് രാജ്യത്തു നിയന്ത്രിത അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റികള്‍ (കാർഷികോത്‌പന്ന കമ്പോളസമിതി) വരുന്നത്. ഹരിതവിപ്ലവത്തോടെ നേടാനായ വന്‍ ഭക്ഷ്യോല്‍പ്പാദനം കൈകാര്യം ചെയ്യുന്നതില്‍ ഇവ നല്ല പങ്ക് വഹിച്ചു. അതുവരെ വന്‍കിട കച്ചവടക്കാര്‍ കുറഞ്ഞ വിലക്കു  കര്‍ഷകരില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രീതിയായിരുന്നു. എ.പി.എം.സി  മണ്ഡികള്‍ വന്നതോടെ ഈ രീതി  മാറി. ഉല്‍പന്ന വില, ഗുണനിലവാരം, തൂക്കം എന്നിവ ഉറപ്പുവരുത്താന്‍ സാധിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുന്നതില്‍ മത്സരാധിഷ്ഠിതമായ സമീപനം കൊണ്ടുവരാന്‍ ഇത്തരം മാര്‍ക്കറ്റിങ് കമ്മിറ്റികള്‍ക്കു കഴിഞ്ഞു.  മാത്രമല്ല, 2003 ലെ എ.പി.എം.സി മോഡല്‍ ആക്ട് പല സംസ്ഥാനങ്ങളും നടപ്പിലാക്കിയതോടെ സുവ്യക്തമായ ഒരു രീതി പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങളില്‍ ഉരുത്തിരിഞ്ഞുവന്നു. അവിടുത്തെ കര്‍ഷകര്‍ ഈ മണ്ഡികളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണ്. എ.പി.എം.സി മണ്ഡികളിലേക്ക് കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് അവിടെ ഒരു അടിസ്ഥാന വില നിശ്ചയിച്ച്​ ലേലം നടക്കും. ഇവിടെ ഒരു കമ്മിറ്റിയുടെ ഇടപെടലുള്ളത് കൊണ്ട് നെല്ല്, ഗോതമ്പ് എന്നിങ്ങനെ സര്‍ക്കാര്‍ സംഭരിക്കുന്ന വിളകളുടെ താങ്ങുവില നിശ്ചിതമാക്കാന്‍ പറ്റും.  എന്നാല്‍ പുതിയ ബില്ലിലൂടെ  എ.പി.എം.സി മേഖലക്ക് പുറത്ത് പുതിയ മാര്‍ക്കറ്റ് വരികയാണ്, അവിടെ എങ്ങിനെയാണ് നിയന്ത്രങ്ങള്‍ ഉറപ്പാക്കുക?

“കാർഷികോത്‌പന്ന കമ്പോളസമിതി” എന്ന സംവിധാനത്തിന് കുറച്ചു  കുഴപ്പങ്ങള്‍ ഉള്ളതാണെങ്കില്‍ കൂടിയും  കര്‍ഷകര്‍ക്ക് ഈ സംവിധാനങ്ങളെ സമീപിച്ചാല്‍ മിനിമം സഹായവില ലഭിക്കും എന്നത് ഉറപ്പായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കുറഞ്ഞ താങ്ങ് വില അദ്ധ്വാനത്തിന് അനുസരിച്ചുള്ള ന്യായമായ വിലയല്ലെങ്കില്‍പ്പോലും സ്വകാര്യ ഏജന്‍സികളുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ സഹായകമായിരുന്നു. കാര്‍ട്ടലുകള്‍ (cartels)രൂപപ്പെടുന്നത് ഒരു പ്രശ്നമായി അവശേഷിക്കുന്നുണ്ടെങ്കിലും ഇവയെ നേരിടാനുള്ള സംവിധാനം ഉണ്ടാക്കാവുന്നതേയുള്ളൂ. എന്നാല്‍, കാർഷികോത്‌പന്ന കമ്പോളസമിതികളെ ദുര്‍ബലപ്പെടുത്തുകയും സ്വകാര്യ വ്യാപാരികള്‍ക്കു  നിയന്ത്രണങ്ങളൊന്നും കൂടാതെ പുറത്തുള്ള വിപണിപ്രദേശങ്ങളില്‍ യഥേഷ്ടം കച്ചവടം  നടത്താനുള്ള സൗകര്യമൊരുക്കുകയുമാണ് പുതിയ നിയമനിര്‍മ്മാണത്തിലൂടെ ചെയ്തിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല.

കരാര്‍ കൃഷിയിലെ അപകടം

കരാര്‍കൃഷി നിയമവിധേയമാക്കുന്നതിനുള്ള വില ഉറപ്പാക്കല്‍ നിയമം പ്രകാരം കരാര്‍കൃഷിയില്‍  കോര്‍പ്പറേറ്റു കുത്തകകള്‍ക്ക് യഥേഷ്ടം മുതലിറക്കാം. പക്ഷേ, കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമോ എന്നതിലാണ് ആശങ്ക! വിത്ത് വിതയ്ക്കുമ്പോള്‍ തന്നെ വില നിശ്ചയിക്കപ്പെടുന്നു. കരാര്‍ പ്രകാരം മുതല്‍മുടക്കുന്ന കമ്പിനിയ്ക്ക്തന്നെ  കര്‍ഷകര്‍ ഉല്പന്നങ്ങള്‍ വില്‍ക്കണം. ആവശ്യത്തിനുള്ള സാങ്കേതിക, സാമ്പത്തിക പിന്തുണ കമ്പനി  നല്‍കും; വിപണിക്കായി കര്‍ഷകര്‍ കാത്തു നില്‍ക്കേണ്ടതില്ല;  കൃഷിയിടത്തില്‍ നിന്നു തന്നെ കമ്പനി ഉല്പന്നങ്ങള്‍ തിരിച്ചുവാങ്ങും എന്നൊക്കെ കേള്‍ക്കുമ്പോള്‍  എത്ര മനോഹരമായ ആശയമെന്നൊക്കെ തോന്നും. ഇത്തരം കരാര്‍കൃഷി മിക്ക വികസിത രാജ്യങ്ങളിലും പരീക്ഷിച്ച് പരാജയപ്പെട്ട ഒന്നാണ്. അമേരിക്കയിലും തെക്കേ അമേരിക്കയിലുമൊക്കെ സമാനമായ  കൃഷി രൂപങ്ങള്‍ അരങ്ങേറുകയും ജനരോഷമുയര്ന്നപ്പോള്‍ പിന്‍വലിക്കുകയും ചെയ്തതാണ്. ആദ്യത്തെ ഒന്നോ-രണ്ടോ വര്ഷം കാര്യങ്ങള്‍ ഭംഗിയായി കര്‍ഷര്‍ക്കു സന്തോഷം നല്‍കിക്കൊണ്ട് പോയേക്കും. തുടര്‍ന്നാണ് തനിനിറം പുറത്തു വരിക. കേരളത്തില്‍ പണ്ട് കാഡ്ബറി എന്ന കുത്തകക്കു വേണ്ടി മാത്രം കൊക്കോ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എന്തു പറ്റിയെന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. മാത്രമല്ല, എന്താണ് കൃഷിചെയ്യേണ്ടതെന്നു കർഷകരല്ല, കമ്പനികള്‍ നിശ്ചയിക്കുന്ന രീതിയാണ് കരാർ കൃഷി സംവിധാനത്തിലുണ്ടാവുക. ഇതും കർഷകരെ പ്രശ്നത്തിലാക്കും.

പുതിയ ബില്ലുകളും കേരളവും   

കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ കേരളത്തെ എങ്ങനെ ബാധിക്കുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്.  ഈ മൂന്നു ബില്ലുകളും കേരളത്തിലെ കൃഷിയെയും കൃഷിക്കാരേയും നേരിട്ടു ബാധിക്കാന്‍ സാധ്യത കുറവാണ്.  മുന്‍പറഞ്ഞത് പോലുള്ള  “മണ്ഡികള്‍” കേരളത്തില്‍ ഇല്ല. താങ്ങുവില നല്കി സംഭരിക്കുന്ന കാര്ഷിക ഉല്‍പ്പന്നങ്ങളും കുറവാണ്. കേന്ദ്ര സര്‍ക്കാര്‍  താങ്ങുവില നല്കി സംഭരിക്കുന്ന 23 ഉല്‍പ്പന്നങ്ങളില്‍ 2 എണ്ണം മാത്രമാണു നമുക്ക് ബാധകം—നെല്ലും കൊപ്രയും. മറ്റുള്ളവയില്‍  ചിലതീന് കേരളത്തിലും കൃഷിയുണ്ടെങ്കിലും ഉല്‍പ്പാദനം വളരെ കുറവായതിനാല്‍ സംഭരണമില്ല. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍  കുറഞ്ഞ താങ്ങ് വിലയ്ക്ക് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും കൂട്ടിയാണ് സംഭരണ വില നിശ്ചയിച്ചിരിക്കുന്നത്.  സംസ്ഥാന സര്‍ക്കാര്‍  ഉയര്‍ന്ന വില നല്‍കരുത്  എന്ന് ആവശ്യപ്പെട്ടാല്‍ നെല്‍കൃഷിയുടെ ഭാവി പ്രശ്നമാകും. കേന്ദ്ര സര്‍ക്കാര്‍  താങ്ങുവില നല്‍കുന്നതിനുള്ള ഫണ്ട് നല്‍കുന്നില്ലെങ്കില്‍ ഈ സംഭരണം പരാജയപ്പെടാന്‍ സാധ്യതയുണ്ട്!

തികച്ചും ഉപഭോഗസംസ്ഥാനമായ കേരളത്തിന്  അവശ്യഭക്ഷ്യഉല്‍പ്പന്നങ്ങളായ ധാന്യവിളകള്‍,  ഭക്ഷ്യ എണ്ണകള്‍, പയറുകള്‍, ഉള്ളി, ഊരുളക്കിഴങ്ങു  എന്നിവക്കു കേന്ദ്ര പൂളിനെയും മറ്റ് സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടതുണ്ട്. സംഭരണത്തിന് പരിധി ഉണ്ടാകുന്നതും സര്‍ക്കാരിന്റെ മേല്‍നോട്ടം നഷ്ടപ്പെടുന്നതും വില ഉയരാന്‍ ഇടയാക്കും. കേരളത്തിലെ പ്രധാന വിളകളെല്ലാം ദീര്‍ഘകാല വിളകളായതിനാല്‍ കേരളത്തിലേക്ക് കരാര്‍ കൃഷിയുമായുള്ള കുത്തകകളുടെ കടന്നു വരവ് അത്ര എളുപ്പമാവില്ല. ഇപ്പോള്‍ തന്നെ തേയില, കാപ്പി, റബര്‍ എന്നീ വിളകളില്‍ കുത്തക സാന്നിധ്യമുണ്ട് (എസ്റ്റേറ്റുകളായി). ഇത് തുടരും.  കുത്തക റിട്ടെയില്‍ ചെയിന്‍ സൂപ്പര് മാര്‍ക്കറ്റുകള്‍ വ്യാപകമായാല്‍ പച്ചക്കറികള്‍ക്ക് വേണ്ടി കരാര്‍കൃഷി വരാനുള്ള സാധ്യതയുണ്ട്.

വികസിത രാജ്യങ്ങളിലെ അവസ്ഥയല്ല ഭാരതത്തില്‍. പല സംസ്ഥാനങ്ങളിലും, വിശിഷ്യാ വടക്കേ ഇന്ത്യയിലെ ജന്മി-കൂടിയാന്‍ ഭൂമികയിലേക്കാണ് ഇത്തരം പരിഷ്കാരങ്ങള്‍  വരുന്നത്. ഇവിടെ, സ്ഥലമുടമ, കൃഷി ചെയ്യുന്ന ആള്‍, കര്‍ഷക തൊഴിലാളി എന്നിവരുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്.  ഭൂരിഭാഗവും ചെറുകിട കൃഷിക്കാരാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി കൃഷിക്കാരുടെ വിശ്വാസമാര്‍ജിച്ചു കൊണ്ട് ബില്ലുകള്‍ ഉടച്ചു വര്‍ക്കേണ്ടിയിരിക്കുന്നു.


ലേഖനം 2020 ഡിസംബർ ലക്കം ശാസ്ത്രഗതിയിലും വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ബഹിരാകാശത്ത് ഒരു ഓവർ ടേക്കിങ് – കഥയും കാര്യവും
Next post ട്രംപ് എങ്ങിനെ സയന്‍സിനെ നശിപ്പിച്ചു?
Close