വിമാനയാത്രയിൽ കോവിഡ് പകരുമോ ?

ഡോ.യു നന്ദകുമാര്‍


കരുമെന്നോ പകരില്ലെന്നോ ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയാണിപ്പോൾ.  രണ്ട് വ്യത്യസ്ത വാദങ്ങൾ ഇതേക്കുറിച്ചു നിലവിലുണ്ട്

 1. അനേകം പേരൊന്നിച്ചിരിക്കുന്ന ഇടമെന്ന നിലക്ക്, പരിമിതമായ ശുചിമുറികൾ ഉള്ള ഇടമെന്ന നിലയ്ക്ക് പകരാനുള്ള സാധ്യതയുണ്ട്.
 2. വിമാനത്തിനുള്ളിൽ വായു ആവർത്തിച്ചുമാറ്റുന്നതിനാൽ . അതിനുള്ള സാധ്യത വിരളമാണ്.

മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ നിലവിലുള്ള ശാസ്ത്രം പഠിക്കുകയാണ് പരിഹാരം. അതിനു മുൻപ്  മൂന്നു കഥകൾ പരിശോധിക്കാം.

 1. 1977: ഫ്ലൂ രോഗം ബാധിച്ച യാത്രക്കാരി 53 യാത്രികരുമായി വിമാനത്തിൽ കയറി. എൻജിൻ പ്രശ്നം ശ്രദ്ധയിൽ പെട്ടതിനാൽ വിമാനം യാത്രക്കാരെ കയറ്റിക്കഴിഞ്ഞും ഒരു മണിക്കൂർ റൺവേയിൽ തങ്ങേണ്ടിവന്നു. അതിനുശേഷം അതിൻറെ യാത്ര പൂർത്തിയാക്കി. മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വിമാനത്തിലുണ്ടായിരുന്ന 38 പേർക്ക് ഫ്ലൂ ബാധിച്ചു. ഇപ്പോൾ 40 വര്ഷം കഴിഞ്ഞിരിക്കുന്നു. ധാരാളം ഗേവഷണം ഈ മേഖലയിൽ നടന്നിട്ടുണ്ട്.
 2. 2003: സാർസ് രോഗം പടർന്നു പിടിച്ച കാലം. അന്ന് മൂന്നു മണിക്കൂർ നീണ്ട ഒരു വിമാനയാത്രയിൽ 14E എന്ന മധ്യ ഇരിപ്പിടത്തിൽ ഒരു 72 കാരനും ഉണ്ടായിരുന്നു. ഇദ്ദേഹം സാർസ് ബാധിതനായിരുന്നു. വിമാനയാത്ര കഴിഞ്ഞു ഏതാനും ദിവസമായപ്പോൾ അദ്ദേഹം ന്യൂമോണിയ ബാധിച്ചു മരിച്ചു. 120 പേര് യാത്രചെയ്ത ആ ഫ്‌ളൈറ്റിൽ 22 പേർ ദിവസങ്ങൾക്കുള്ളിൽ സാർസ് ബാധിതരായി. വളരെ ഉയർന്ന വ്യാപനമായി കണക്കാക്കണമിതിനെ. ഇത് കഴിഞ്ഞപ്പോൾ ഭാവിയിൽ വൈറസ് രോഗങ്ങൾ ഉണ്ടാകാമെന്നും അത് വിമാന/ യാത്ര വ്യവസായത്തെ പ്രതിസന്ധിയിലാക്കാമെന്നും ഉള്ള ധാരണ ശക്തമായി കൂടുതൽ ഗവേഷണങ്ങൾ ഈ മേഖലയിൽ ഉണ്ടായി.
 3. 2020: അമേരിക്കയിൽ പോൾ ഫ്രിഷ്കോൺ എന്ന ഫ്‌ളൈറ്റ് അറ്റെൻഡന്റ്റ് മരിച്ചത് ഒരു മാസത്തിനു മുമ്പാണ്. മൂന്ന് പൈലറ്റുമാരും മരിച്ചിട്ടുണ്ടെന്നു വാർത്തകൾ പറയുന്നു. അപ്പോൾ വിമാനത്തിലെ സ്റ്റാഫ് ആയി പ്രവർത്തിക്കുന്നവരിൽ രോഗസാധ്യതയുണ്ടെന്ന അനുമാനം ശക്തമാകുന്നു.

വിമാനയാത്രയുമായി ബന്ധപ്പെട്ട് റിസ്കുകളെ ഇങ്ങനെ കാണാം.

 1. കോവിഡ് ബാധിതനായ ഒന്നോ അതിലധികമോ യാത്രക്കാരുണ്ടെങ്കിൽ അവരുടെ സുരക്ഷയും അവരിൽ നിന്നുള്ള വ്യാപന നിയന്ത്രണവും
 2.  കോവിഡ് ബാധിച്ചിട്ടില്ലാത്ത മറ്റ് യാത്രക്കാരുടെ സുരക്ഷ.
 3. യാത്രക്കാർ എത്തുന്ന ദിക്കിൽ പുതിയ വ്യാപനമുണ്ടാകാതെ ശ്രദ്ധിക്കലും, ക്ലസ്റ്റർ നിരീക്ഷണവും.
 4. സ്റ്റാഫിന്റെ സുരക്ഷ
 5. വിമാനത്തിൽ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും സമയം ചെലവഴിക്കുന്ന ഇടങ്ങൾ

നിലവിലുള്ള അറിവുകളെ ഇങ്ങനെ ചുരുക്കി പറയാം.

 • കാബിനകത്തുള്ള വായു സഞ്ചാരം ക്രമീകരിച്ചിരിക്കുന്നത് ഒരാളിൽ നിന്നുള്ള ഉഛ്വാസ വായു മറ്റൊരാൾക്ക് കിട്ടാത്ത രീതിയിൽ ആണ്. മണിക്കൂറിൽ ഏറെ തവണ മൊത്തം വായു മാറിക്കൊണ്ടിരിക്കുന്നു, കൂടാതെ  ഫലപ്രദമായ ഹെപര്‍ഫിൽറ്ററിങ് സിസ്റ്റം ഒന്ന് കൂടി സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്.
 • എന്നാൽ പുറത്തുള്ളത് പോലെ ഫോമയ്റ്റുകൾ വഴിയായി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നു കിട്ടാനുള്ള സാധ്യത പുറത്തുള്ളത് പോലെയോ അതിൽ കൂടുതലോ ഇവിടെയും ഉണ്ട്. ചെറുകണങ്ങൾ കൊണ്ടുള്ള പകർച്ച തടയാൻ ഏറ്റവും കുറഞ്ഞ ഒരു മീറ്റർ അകലം പാലിക്കാൻ പറ്റാത്തതും വളരെ ചെറിയ ടോയ്‌ലെറ്റുകളും പരസ്പരം പങ്കു വെക്കുന്ന മറ്റൊരു പാട് വസ്തുക്കളും ഓരോ യാത്രയിലും ഉണ്ടാവുന്നു.
 • യാത്രക്കാർ പരസ്പരം പകർന്നു കൊടുക്കുന്ന പോലെതന്നെ കാബിൻ ക്രൂ വഴിയും  രോഗം പകർന്നു കിട്ടാം 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , മുന്‍കരുതലുകള്‍

 1. മാസ്‌ക്കുകൾ നിർബന്ധമാക്കുക. ഫ്‌ളൈറ്റിനുള്ളിൽ ആദ്യാവസാനം മാസ്കുകൾ ധരിക്കുക എന്നത് നിർബന്ധമാക്കുക ഫലപ്രദമെന്ന് കരുതുന്നു, ചില വിമാനക്കമ്പനികൾ പ്രത്യേകതരം പൂർണ്ണ മുഖാവരണം പ്രാബല്യത്തിൽ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. വായു ഫിൽട്ടർ ചെയ്യാൻ കഴിവുള്ള 3 ലയർ മാസ്കുകൾ തന്നെ വേണം. (തുണി മാസ്ക് പോരാ). ബോർഡിങ്ങ് പാസ്സിനോടൊപ്പം ഇതു നൽകുക. .
 2. UV ലൈറ്റ് വൈറസിനെ കൊല്ലാൻ കെല്പുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശുചിമുറികളിൽ സ്വയം പ്രവർത്തിക്കുന്ന UV ലൈറ്റുകൾ സുരക്ഷിതത്വം വർധിപ്പിക്കും. ക്യാബിനിലും ഇതുപയോഗിക്കാവുന്നതാണ്.
 3. far-UVC ലൈറ്റ് എന്ന പുതിയ ടെക്‌നോളജി കൂടുതൽ വൈറസുകളെ കൊല്ലാൻ സഹായിക്കുന്നു. ഇത് വിമാനത്തിലെ അന്തരീക്ഷത്തിലൂടെ കടന്നുപോയി വൈറസിന്റെ പുറംചട്ടയിൽ കേടുവരുത്തുന്നു. മനുഷ്യകോശങ്ങളിൽ സുരക്ഷിതവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
 4. വായു മാർഗ്ഗം വ്യാപിക്കുന്ന വൈറസുകൾ രോഗിയായ യാത്രക്കാരനിൽ നിന്ന് മൂന്നു സീറ്റുവരെ അകലത്തിൽ വ്യാപിക്കാം. അതായത് യാത്രക്കാരന്റെ മൂന്നു സീറ്റ് മുമ്പിലും മൂന്നു പുറകിലും, മൊത്തം ഏഴു സീറ്റ് വ്യാപ്തിയിൽ പടരാം. എന്നാൽ സൂക്ഷ്മസ്രവ ധൂളികളായി വ്യാപിക്കുന്ന കോവിഡ് പരിമിതമായ ചുറ്റളവിലാണ് വ്യാപിക്കാൻ സാധ്യത. അത് രോഗിയായ യാത്രക്കാരൻറെ ഒരു റോ മുൻപിലും ഒന്ന് പിറകിലും; അങ്ങനെ മൂന്നു റോ മാത്രമാണ് റിസ്ക് ആയി പരിഗണിക്കേണ്ടത്.
  രോഗിയായ യാത്രക്കാരൻ്റെ ഒരു റോ മുൻപിലും ഒന്ന് പിറകിലും; അങ്ങനെ മൂന്നു റോ യാണ് റിസ്ക് ആയി പരിഗണിക്കേണ്ടത്.
 5. വിമാനത്തിലെ വായു പ്രവാഹം നിയന്ത്രിക്കുന്നത് യാത്രക്കാരുടെ തലയ്ക്കുമേൽ (above head) ലെവലിൽ ഘടിപ്പിച്ചിട്ടുള്ള പൈപ്പുകളിൽ കൂടിയാണ്. അത് താഴേയ്ക്ക് മാറ്റുക എന്ന എഞ്ചിനീയറിംഗ് ഡിസൈൻ മാറ്റം ഇപ്പോൾ ശുപാർശ ചെയ്യപ്പെടുന്നു. വൈറസ് അന്തരീക്ഷത്തിൽ തങ്ങുന്ന സമയം കുറയ്ക്കാൻ സഹായിക്കും എന്ന് മോഡലിംഗ് പഠനങ്ങൾ സൂചിപ്പിക്കുന്നു.
 6. ഇതെല്ലം ശരിയാണെങ്കിലും ലോകാരോഗ്യ സംഘടന വിമാനയാത്രയിൽ കാര്യമായ റിസ്കുകൾ ഇല്ലെന്ന് കരുതുന്നു. ഇതും ശ്രദ്ധേയമാണ്.
 7. ലഗേജുകളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ഇവ സ്വീകരിക്കുന്ന ഇടത്തു ശാരീരിക അകലം പാലിക്കപ്പെടുന്നുണ്ട് എന്നു ഉറപ്പുവരുത്തണം. ഇവയുടെ പ്രതലം യുവി കിരണങ്ങൾ മുഖാന്തരം  അണുവിമുക്തമാക്കണം.
 8. റൺവേയിൽ അധികനേരം വിമാനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കണം.
 9. എയർപ്പോർട്ടിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള യാത്രയിൽ ശാരീരിക അകലം ഉറപ്പുവരുത്തണം.
 10. വിമാനത്തിനകത്തും പുറത്തും രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും വ്യക്തികൾ സ്വീകരിക്കണം.
 11. ദൈർഘ്യമുള്ള യാത്രകളില്‍ പ്രത്യേകശ്രദ്ധവേണം.

Leave a Reply