17 വർഷത്തിന് ശേഷം അമേരിക്കയിൽ വിരിഞ്ഞിറങ്ങുന്ന ചീവീടുകൾ


വിനയരാജ് വി.ആർ

വലിയ കൂട്ടങ്ങളായി ചീവീടുകൾ പുറത്തുവരാനൊരുങ്ങുകയാണ് അമേരിക്കയിൽ. ആദ്യമായൊന്നുമല്ല, കോടിക്കണക്കിന് വർഷങ്ങളായുള്ള ഒരു സ്ഥിരപ്രതിഭാസമാണ് ഇത്, എന്നാലും ഇവയുണ്ടാക്കുന്ന കൗതുകം ഒട്ടനവധിയാണ്.

അമേരിക്കയിൽ ഇങ്ങനെ പുറത്തുവരുന്ന പതിനഞ്ചിനം ചീവിടുകളിൽ ഏറ്റവും വലിയ ഇനങ്ങളാണ് ഇത്തവണ വരാൻ പോകുന്ന ബ്രൂഡ് റ്റെൻ (Brood X). ഈ പതിനഞ്ച് ഇനങ്ങളിൽ മൂന്നെണ്ണം ഓരോ 13 വർഷം കൂടുമ്പോൾ പുറത്തുവരും 12 എണ്ണം 17 വർഷം കൂടുമ്പോഴാണ് വരിക. കട്ടച്ചുവപ്പുകണ്ണുകളുള്ള മൂന്നിനങ്ങളാണ് ഇത്തവണ 17 വർഷത്തിനുശേഷം വരാനിരിക്കുന്ന ബ്രൂഡ് റ്റെൻ.

മരച്ചില്ലകളുടെ മുകളിൽ നിന്നും 2004 -ൽ വിരിഞ്ഞ അരിമണിയോളം വലിപ്പം മാത്രമുണ്ടായിരുന്ന ചീവീടുനിംഫുകൾ മണ്ണിലേക്കു വീഴുകയും അവിടെ അവ ചെടികളുടെ വേരുകളിൽ നിന്നും നീരൂറ്റിക്കുടിച്ച് പലതവണ രൂപമാറ്റം സംഭവിച്ച് വളർന്നുകൊണ്ടിരിക്കുകയായിരുന്നു. പതിനേഴ് വർഷങ്ങൾക്കുശേഷം മണ്ണിന്റെ ഒരടി ആഴത്തിലെ താപനില ഏതാണ്ട് 17 ഡിഗ്രി സെന്റീഗ്രേഡാവാൻ അവർ കാത്തിരിക്കുകയാണ് വിരിയാൻ. നിലത്തെ കൊച്ചുകുഴികളിൽ നിന്നും പുറത്തുവരുന്ന അവ കുത്തനെയുള്ള മരങ്ങളുടെയും കെട്ടിടങ്ങളുടെയും പ്രതലങ്ങളിൽകയറി അവയുടെ അവസാനരൂപമാറ്റത്തിനുശേഷം വെളുത്ത നിറത്തിലുള്ള മുതിർന്നവരായി പുറത്തുവരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പറക്കാൻ കഴിയുന്ന അവയുടെ ചിറകുകൾ ജലത്തെയും ബാക്ടീരിയകളെയും അകറ്റിനിർത്താൻ ശേഷിയുള്ളതാണ്. ചിറകുകളിലെ ഒരു രാസകവചത്തിന് ബാക്ടീരിയകളെ കൊല്ലാൻ ശേഷിയുണ്ട്. ഏതാണ്ട് ഒരിഞ്ച് നീളമുള്ള ഇവ മൂന്നുനാല് ആഴ്ചകളേ ജീവിക്കുകയുള്ളൂ, ആ കാലത്ത് രണ്ടു ലക്ഷ്യങ്ങളേ അവയ്ക്കുള്ളൂ: തിന്നുക, ഇണചേരുക. ഇവയിലെ ആണുങ്ങൾക്ക് നല്ല ശബ്ദമുണ്ടാക്കാൻ കഴിയും, ഇണകളെ ആകർഷിക്കലാണ് അതിന്റെ ലക്ഷ്യം. എല്ലാം കൂടി കൂടിച്ചേർന്നൊച്ചയുണ്ടാക്കാൻ തുടങ്ങിയാൽ ശബ്ദം 105 ഡെസിബൽ വരെയെത്തും.

എന്തിനാണ് ഇവയെല്ലാം കൂടി ഒരുമിച്ച് വിരിഞ്ഞിറങ്ങുന്നത്?

അതൊരു രക്ഷാതന്ത്രമാണ്. ഇവയ്ക്ക് ധാരാളം ശത്രുക്കളുണ്ട്. നായ്ക്കൾ, പക്ഷികൾ, ഉരഗങ്ങൾ പിന്നെ പല മനുഷ്യരും ഇവരെ തിന്നുന്നവരാണ്. എല്ലാരും ഒരുമിച്ച് വിരിഞ്ഞ് ഇറങ്ങിയാൽ എന്താണെങ്കിലും എല്ലാവരെയും തിന്നുതീർക്കാൻ പറ്റില്ലല്ലോ, കുറെയെണ്ണം ബാക്കിയാവും. അതാണ് ഈ ഒരുമിച്ച് വിരിയുന്നതിന്റെ തന്ത്രം. ഇണചേർന്ന് ഒരു മണിക്കൂറിനുശേഷം പെൺ ചീവീടുകൾ വാൾമുനപോലെയുള്ള അവയവം കൊണ്ട് മരത്തിന്റെ തൊലിക്കടിയിലേക്ക് മുട്ടകൾ നിക്ഷേപിക്കുന്നു. ഒക്കെക്കഴിഞ്ഞ് മരത്തിനുമുകളിൽ നിന്നും ചത്തുവീഴുന്ന ചീവീടുകൾ അതേ ചെടികൾക്ക്, തങ്ങളെ 17 വർഷം മരനീര് തന്ന് ഊട്ടിയ അതേ മരങ്ങൾക്ക് ആ പോഷകങ്ങൾ തിരികെ നൽകുന്നു. ഭൂമിയിലെ പലതരം ജീവികൾക്ക് പലതരം ജീവിതചക്രങ്ങൾ ഉണ്ടെങ്കിലും ഇത്രത്തോളം കൗതുകമുണ്ടാക്കുന്നവ വേറെയുണ്ടോ എന്നു സംശയമാണ്. ഏറ്റവും ജീവിതദൈർഘ്യമുള്ള ഇൻസെക്ടുകളിൽ ഒന്നാണിവ. ആറുമുതൽ പത്താഴ്ചയ്ക്കുള്ളിൽ മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ പതിയെ മരങ്ങളിൽ നിന്നും മണ്ണിലേക്ക് വീഴുകയും അടുത്ത പതിനേഴ് വർഷങ്ങൾ അവിടെ ജീവിതചക്രത്തിന്റെ വിവിധഘട്ടങ്ങളിൽക്കൂടി കടന്നുപോവുകയും ചെയ്യുന്നു.

ബ്രൂഡ് റ്റെൻ (Brood X) ചീവീടുകളുടെ ജീവിതചക്രം കടപ്പാട് : ©sayostudio.com/brood-x-cicadas-life-cycle-illustration/

 

ചീവീടുകൾ കുഴപ്പക്കാരല്ല, ചെടികളെ നശിപ്പിക്കാൻമാത്രം നീരൊന്നും അവർ ഊറ്റുകയുമില്ല. കുത്തുകയും കടിക്കുകയും ചെയ്യാത്ത ഇവർ മനുഷ്യർക്കും ഉപദ്രവമാകില്ല. ശതകോടിക്കണക്കിനാണു വിരിഞ്ഞു പുറത്തുവരാൻ ഒരുങ്ങുന്നത്.ശബ്ദശല്യവും വീടിനും മരങ്ങൾക്കും കെട്ടിടങ്ങൾക്കും മുകളിൽ നിറഞ്ഞിരിക്കുന്ന ഇവ ഒടുവിൽ കൂട്ടത്തോടെ ചത്തുവീണ് ഉണ്ടാവുന്ന നാറ്റവുമായാണ് ചിലർ ഇതിനെ കാണുന്നതെങ്കിൽ മറ്റുചിലർ പ്രകൃതിയുടെ ഈ അദ്ഭുതം വീക്ഷിക്കാൻ കാത്തിരിക്കുകയാണ്, അതിനായി വിവിധയിടങ്ങളിൽ നിന്നുമുള്ള കൃത്യം കണക്കുകൾ ലഭിക്കാൻ അവർ ഒരു സിക്കാഡ ആപ്പുപോലും തയ്യാറാക്കിക്കഴിഞ്ഞു. ഏതായാലും ഉടൻതന്നെ പതിനേഴുവർഷത്തിനുശേഷം പുറംലോകം കാണാൻ അവർ വരികയാണ്, കൗതുകത്തോടെ ശാസ്ത്രലോകവും.


ടൈെ മാഗസിൻ പ്രസിദ്ധീകരിച്ച ബ്രൂഡ് റ്റെൻ (Brood X) ചീവീടുകളുടെ ജീവിതചക്രം അനിമേഷൻ


Leave a Reply