എന്തുകൊണ്ടാണ് ചീവീടുകൾ വിരിഞ്ഞിറങ്ങാൻ അവിഭാജ്യ സംഖ്യാവർഷങ്ങൾ തിരഞ്ഞെടുക്കുന്നത്?


ഡോ.രതീഷ് കൃഷ്ണൻ

ലൂക്കയിൽ വിനയരാജ് വി.ആർ എഴുതിയ 13 വർഷങ്ങളിലും 17 വർഷങ്ങളിലും പുറത്തു വരുന്ന ചീവീടുകളുടെ കാര്യം വായിച്ചിരുന്നു. ചീവീടുകൾ എന്തുകൊണ്ട് 13 അല്ലെങ്കിൽ 17 വർഷത്തിൽ ഒരിക്കൽ പുറത്തു വരുന്നു എന്നതിന് അതിന്റെ അതിജീവന സാധ്യതയുമായി ബന്ധമുള്ള കാര്യം വിനയരാജ് സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് അവ അവിഭാജ്യ സംഖ്യാ വർഷങ്ങൾ തിരഞ്ഞെടുക്കുന്നത്?

രസകരമായ രീതിയിൽ അവിഭാജ്യസംഖ്യ വർഷങ്ങളിൽ മാത്രം എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന് രണ്ടു വിശദീകരങ്ങൾ ശാസ്ത്രലോകത്തുണ്ട്. ഒന്ന്
വിവിധ ചീവീട് ഇനങ്ങൾ (species) വ്യത്യസ്ത സമയ ചക്രങ്ങളിൽ പ്രജനനം നടത്തിയാൽ അവ തമ്മിൽ ഭക്ഷണത്തിനായുള്ള മത്സരം കുറയുമെന്നാണ്. ഈ ചക്രങ്ങൾ
അവിഭാജ്യ സംഖ്യകളാണെങ്കിൽ (പ്രൈം നമ്പറുകളാണെങ്കിൽ) വ്യത്യസ്ത ഇനങ്ങൾ വളരെ അപൂർവമായി മാത്രമേ പരസപരം കണ്ടുമുട്ടുകയുള്ളു. ഉദാഹരണത്തിന്, 13
വർഷത്തെ സൈക്കിളും 17 വർഷത്തെ സൈക്കിളും ഓരോ 221 വർഷത്തിലും മാത്രമേ കണ്ടുമുട്ടൂ. അതായത് രണ്ട് ഇനം ചീവീടുകൾ ഭക്ഷണത്തിനായി മത്സരിക്കേണ്ടി
വരുക 221 വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും. ബാക്കി സമയം, ആവശ്യത്തിന് ഭക്ഷണം ഉണ്ടാകും.

രണ്ടാമത്തെ വിശദീകരണം ഈ ചീവിടുകളെ ഇരയാകുന്ന ജീവികളുടെ ജീവിത ചക്രവുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണത്തിന് ചീവീടുകൾ ഓരോ 12 വർഷത്തിലുമാണ് പുറത്തു വരുന്നത് എന്ന് കരുതുക. ഓരോ രണ്ട് വർഷത്തിലും പുറത്തുവരുന്ന പക്ഷികളെ പോലുള്ള വേട്ടക്കാർ അവരെ ആക്രമിക്കും, അതുപോലെ തന്നെ ഓരോ 3 വർഷത്തിലും 4 വർഷത്തിലും 6 വർഷത്തിലും പുറത്തുവരുന്ന വേട്ടക്കാരും അവരെ ഇരയാക്കും. എന്നാൽ ചീവീടുകൾ ഓരോ 13 വർഷത്തെ ചക്രങ്ങളിലേക്ക് പരിവർത്തനം ചെയ്താൽ അവ നേരിടേണ്ടി വരുന്ന വേട്ടക്കാരുടെ എണ്ണം കുറവായിരിക്കും.


Leave a Reply