Read Time:9 Minute

ഇ.കെ.സോമശേഖരന്‍

പഴങ്ങളിലെ രാജാവാണ് മാങ്ങ. ഇന്ത്യയുടെ ദേശീയഫലമെന്ന സ്ഥാനവും മാങ്ങയ്ക്കുണ്ട്. ലോകരാജ്യങ്ങളിൽ, ഏഷ്യയിലെ വിവിധ രാജ്യങ്ങളിലാണ്‌ മാവ് കൂടുതലായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ്‌ ഏറ്റവും കൂടുതൽ മാവ് കൃഷിചെയ്യുന്നത്. ഇന്ത്യയിലെ രാജാക്കന്മാർ മാവ് കൃഷി പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. മുഗൾ രാജാവായിരുന്ന അക്ബർ ലാൽബാഗ് എന്ന പേരിൽ ആയിരക്കണക്കിന് മാവുകളുള്ള ഒരു തോട്ടം നട്ടുവളർത്തിയതായി ചരിത്രകാരന്മാർ  രേഖപ്പെടുത്തിയിട്ടുണ്ട്. കാടുകളിൽനിന്ന് വീട്ടുപറമ്പുകളിലേക്ക് മാറ്റി മാവ് കൃഷി ആരംഭിച്ചത് ബി.സി.  2000 ആണ്ടിലാണെന്ന നിഗമനങ്ങൾ ചില ചരിത്രകാരന്മാർ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലാണ്‌ ആദ്യമായി മാവ് കാണപ്പെട്ടതെന്ന നിരീക്ഷണമാണ് പ്രബലം മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ
ഗവേഷണം നടത്തിയ എസ്.ആർ. മുഖർജി, മാവിന്റെ ജനിതക രൂപമായ മാംജിഫെറ ഉത്ഭവിച്ചത് ബർമ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാമെന്ന അഭിപ്രായക്കാരനാണ്. മേഘാലയത്തിലെ ധർമലഗിരിയിൽനിന്ന് കണ്ടെടുത്ത മാവിൻ ഫോസിലുകളിൽ കാർബൺ ഡേറ്റിങ് നടത്തിയപ്പോൾ അവയ്ക്ക് 60
മില്യന്‍ (1 മില്യന്‍ = 106) വർഷത്തെ പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്.

മാവ്, മാങ്ങ – ചില വസ്തുതകള്‍

  • 2021 ലെ കണക്കനുസരിച്ച് ഏകദേശം 57 മില്യന്‍ ടൺ മാങ്ങയാണത്രേ ലോകത്തിലെ പ്രതിവർഷ ഉല്പാദനം. ഇതിൽ 25.17 മില്യന്‍ ടൺ (46 ശതമാനം) ഇന്ത്യയിൽനിന്നുള്ളതാണ്. തൊട്ടുപിന്നിൽ ഇന്തൊനീഷ്യ, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ്.
  • കേരളത്തിൽ ഏകദേശം 75,900 ഹെക്ടറിൽ മാവ് നട്ടുവളർത്തുന്നതായാണ് കണക്ക്.
  • ഏകദേശം 3,23,500 ടൺ മാങ്ങ കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്. മാവ് ഗാർഹിക വിളയായാണ് കേരളത്തിൽ കണക്കാക്കുന്നത്.
  • കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഏറ്റവും വിപുലമായ മാവുകൃഷി ഉള്ളത് പാലക്കാട് ജില്ലയിലാണ്.

നാട്ടുമാവുകൾക്ക് എന്തുപറ്റി?

നാട്ടുമാമ്പഴങ്ങൾക്ക് നാരും മാംസളഭാഗവും രുചിയും ഒരുപോലെയുണ്ട്. കേരളത്തിലെ മാവ് സമ്പത്തിനെക്കുറിച്ച് ലോകത്തെ അറിയിച്ചത് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ എന്ന ഗ്രന്ഥത്തിലുടെ ഹെൻഡ്രിക് ആഡ്രിയൻ വാൻ റീഡാണ്. കേരളത്തിൽമാത്രം നാട്ടുമാവുകളുടെ 1200 ൽ പരം ഇനങ്ങൾ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്നുണ്ട്. ഒരേ ഇനത്തിന് പ്രാദേശികപേരില്‍ ചിലപ്പോൾ വ്യത്യാസം ഉള്ളതുകൊണ്ടായിരിക്കാം ഈ സംഖ്യ ഇത്രയും
വലിയതായത്. ഏതായാലും കേരളത്തിലെ നാട്ടുമാവുകളുടെ വൈവിധ്യം എടുത്തുപറയേണ്ടതു തന്നെയായിരുന്നു.

എന്നാല്‍ ഇവയ്ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. വംശനാശത്തിന്റെ കാരണങ്ങൾ പ്രധാനമായും ചുവടെ ചേർത്തവയാണ്

  •  1940 നു ശേഷം റബ്ബർ കൃഷിയുടെ വ്യാപനത്തിനായി കുന്നുകളും മേടുകളും വെട്ടിവെളുപ്പിക്കപ്പെട്ടു. അക്കൂട്ടത്തിൽ ധാരാളം നാട്ടുമാവുകളും പെടുന്നു.
  • വിറകാവശ്യങ്ങൾക്കുവേണ്ടി വ്യാപകമായി വെട്ടിയതിലും പ്രഥമസ്ഥാനം നാട്ടുമാവുകൾക്കായിരുന്നു.
  • നാട്ടുമാവുകളുടെ സംരക്ഷണത്തിന് സർക്കാരോ കൃഷിവകുപ്പോ പ്രത്യേക പദ്ധതികൾ തയ്യാറാക്കുകയോ നാട്ടുമാവ് പ്രോത്സാഹന നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല.
  • പുരയിടങ്ങള്‍ തുണ്ടുവത്കരിക്കപ്പെട്ടപ്പോൾ നാട്ടുമാവിന് വളരാൻ ഇടമില്ലാതായി. പകരം ഒട്ടുമാവുകള്‍ സ്ഥാനം പിടിച്ചു.
  • പെട്ടെന്ന് കായ്ക്കണമെന്ന ചിന്തയിൽ നാട്ടുമാവുകളെ ഒഴിവാക്കുന്ന സാമൂഹ്യസമീപനം വ്യാപകമായി.
  • നാട്ടുമാവുകളുടെ പ്രാധാന്യം തിരിച്ചറിയാത്ത കേരളീയസമൂഹം അവയുടെ സംരക്ഷണത്തിനായി കാര്യമായൊരു ഇടപെടലും നടത്തിയില്ല. സങ്കരയിനങ്ങളുടെയും വിദേശ ഇനങ്ങളുടെയും വരവോടെയാണ് വീട്ടുമുറ്റങ്ങളിൽനിന്ന് നാട്ടുമാവുകൾ അപ്രത്യക്ഷമായത്.
  • നാട്ടുമാവുകൾ 150 മുതൽ 300 വർഷം വരെ നിലനില്ക്കുമ്പോൾ ശരാശരി 35 വർഷം മാത്രമാണ് ഒട്ടുമാവുകളുടെ ആയുസ്സ്. കാലാവസ്ഥ അനു
    കൂലമായാല്‍ നാട്ടുമാവിൽ ഓരോ തവണയും ആയിരക്കണക്കിന് മാങ്ങ ഉണ്ടായിരിക്കും. സങ്കര ഇനങ്ങളിലാകട്ടെ, നാട്ടുമാവുകളെ അപേക്ഷിച്ച് കുറഞ്ഞ അളവില്‍ മാത്രമാണ് മാങ്ങ ഉണ്ടാവുക

ലോകമെങ്ങും അതുതന്നെ സ്ഥിതി

നാട്ടുമാവുകൾക്ക് കേരളത്തിൽ മാത്രമല്ല, ലോകത്താകെ സംഭവിച്ചുകൊണ്ടിരിക്കുന്ന നാശവും ചെറുതല്ല. ഇന്റര്‍നാഷനൽ സൊസൈറ്റി ഫോർ ഹോർട്ടിക്കൾച്ചർ സയൻസസ് സംഘടിപ്പിച്ച 2019 ലെ അന്താരാഷ്ട മാങ്ങ സിമ്പോസിയത്തിൽ ഇതൊരു പ്രധാന ചർച്ചാവിഷയമായിരുന്നു. ഓരോ വർഷം പിന്നിടുമ്പോഴും ഇരുപതിലേറെ നാട്ടുമാവുകളുടെ ഇനങ്ങൾ ലോകത്തുനിന്ന്നഷ്ടപ്പെടുകയാണെന്ന് മേല്‍ സൂചിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം വിലയിരുത്തി. രുചി, മണം, ആകൃതി, നിറം, ഉല്പാദനക്ഷമത എന്നിവയിലുള്‍പ്പെടെ വൈവിധ്യമുള്ള മാവുകൾ ഭൂമിയിൽ ധാരാളം ഉണ്ടായിരുന്നു. ഇവയിൽ ഒരെണ്ണംപോലും നഷ്ടമാകന്നത് നികത്താനാവാത്ത ജനിതകനഷ്ടവും രുചിനഷ്ടവുമാണുണ്ടാക്കുക. നാട്ടുമാവിനങ്ങളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ധാരാളം ചെറുഗ്രൂപ്പുകൾ ലോകത്തെമ്പാടും രൂപംകൊണ്ടിട്ടുണ്ട്.

നാട്ടുമാവ് സംരക്ഷണശ്രമങ്ങൾ

സംസ്ഥാനത്ത് നാട്ടുമാവ് സംരക്ഷണ ശ്രമങ്ങൾ അടുത്തകാലത്ത് സജീവമായിട്ടുണ്ട്. കേരള കാർഷിക സർവകലാശാല ഇക്കാര്യത്തിൽ  അഭിനന്ദനീയമായ മുൻകൈ എടുത്തിട്ടുണ്ട്. അന്യംനിന്നുപോകുന്ന മാവുകളെപ്പറ്റിയുള്ള ഗവേഷണപ്രവർത്തനങ്ങൾക്ക് കാർഷിക സർവകലാശാലയിൽ തുടക്കംകുറിച്ചിട്ടുണ്ട്. കേരള
ത്തിലെ നാട്ടുമാവുകളെ സംരക്ഷിക്കുന്നതിനായി ചില ഫെയ്സ്ബുക്ക് കൂട്ടായ്മകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.നാട്ടുമാവുകള്‍ക്ക് ആഴത്തില്‍ വളരുന്ന തായ്
വേരുള്ളതിനാല്‍ കൊടുങ്കാറ്റുപോലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാനുള്ള പ്രത്യേക കഴിവ് അവയ്ക്കുണ്ട്. മാത്രമല്ല, കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരാനും കായ്ക്കാനും ഇവയ്ക്കുകഴിയും. നാരും മാംസളഭാഗങ്ങളും വൈവിധ്യമാർന്ന മണവും രുചിയുമുള്ള നാട്ടുമാവുകളെ നിലനിർത്താൻ കൂട്ടായ ശ്രമങ്ങൾ അത്യാ
വശ്യമാണ്. നാട്ടുമാവിനങ്ങളെ അവയുടെ വിത്ത് ഉപയോഗിച്ച് നട്ടുവളർത്തുന്നതോടൊപ്പം തനതുസ്വഭാവമുള്ള സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി പ്രത്യേക ഗുണങ്ങളുള്ള നാട്ടുമാവിനങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നരീതിയും പ്രയോജനപ്പെടുത്താവുന്നതാണ്.


2021 മെയ് ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്. ശാസ്ത്രകേരളം ഇപ്പോൾ ഓൺലൈനായി വരിചേരാം

Happy
Happy
27 %
Sad
Sad
7 %
Excited
Excited
53 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post അറൈവൽ – വിരുന്നുകാരോട് കുശലം പറയുമ്പോൾ
Next post 17 വർഷത്തിന് ശേഷം അമേരിക്കയിൽ വിരിഞ്ഞിറങ്ങുന്ന ചീവീടുകൾ
Close