Read Time:15 Minute

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ തക്കുടു വിദൂരഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. പത്തൊമ്പതാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

കേൾക്കാം


പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഏതാനും ദിവസങ്ങള്‍. ഇന്നും രാവിലെ മാഷോടൊപ്പം സ്കൂളില്‍ പോയി. വൈകുന്നേരം കളി കഴിഞ്ഞ് വീട്ടിലേക്ക് ദീപൂം ജോസും കൂട്ടു വന്നു. അമ്മ വന്നിട്ടേ അവര്‍ തിരിച്ചുപോകൂ. മാഷ് യാത്രയ്ക്കു വേണ്ടിയുള്ള ഒരുക്കത്തിലാണ്, അതുകൊണ്ട് വന്നില്ല.

ശനിയാഴ്ച സന്ധ്യയ്ക്ക് മാഷ് വീട്ടില്‍വന്ന് അമ്മ ബുക്ക് ചെയ്ത ട്രെയിന്‍ടിക്കറ്റുകള്‍ വാങ്ങി. ഇനി ഒരാഴ്ച കഴിഞ്ഞു കാണാം എന്നു യാത്രപറഞ്ഞു പിരിയുമ്പോള്‍ മുറ്റത്തെ മുരിങ്ങ മരത്തില്‍ ഇരുന്ന കവ്വാ പറഞ്ഞു, “മാഷേ, ശുഭയാത്ര. ഞാനിവിടെ കാവലുണ്ട്.” അപ്പഴാണ് ഞങ്ങളും അവനെ ശ്രദ്ധിച്ചത്.

ഞായറാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനില്‍ മാഷ് ചെന്നതും ചന്തു വന്ന്  പൊതി കൈമാറുന്ന ഫോട്ടോ എടുത്തതും കബൂത്തര്‍ വന്ന് പറഞ്ഞു. തിങ്കളാഴ്ച മാഷും കബൂത്തറും പോകും. അഞ്ചു ദിവസം കഴിഞ്ഞേ ഇനി കാണുള്ളൂ.

തിങ്കളാഴ്ച വൈകുന്നേരം കളിക്കളത്തില്‍ കീചകന്‍ പ്രത്യക്ഷപ്പെട്ടു. കവ്വാ പറഞ്ഞു, “ഇന്ന് നിങ്ങള്‍ കളിക്കണ്ട. രക്ഷകന്‍ കബൂത്തര്‍ ഇവിടില്ല.”

ഞങ്ങള്‍ കളിച്ചില്ല. കുറച്ചുനേരം കളി കണ്ടുനിന്നു. കീചകന്‍ ഇന്നു പകരം വീട്ടുവാന്‍ തയ്യാറായാണ് വന്നത് എന്നു തോന്നുന്നു. ഞങ്ങളെ പകയോടെ നോക്കുന്നുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം വിചിത്രമായ ഒരു സംഭവമുണ്ടായി. സ്കൂള്‍വിട്ടു വരുമ്പോള്‍ പെട്ടെന്ന് കവ്വായുടെ മുന്നറിയിപ്പ് ചെവിയില്‍ മുഴങ്ങി: ‘ബൈക്കില്‍ അവര് വരുന്നുണ്ട്. കുട്ടികളുടെ നടുക്ക് കയറി നടന്നോളൂ’. പറഞ്ഞു തീര്‍ന്നതേയുള്ളൂ, അവര്‍ എത്തി. അതിവേഗത്തിലാണ്. ഞാനും ജോസും പെണ്‍കുട്ടികളുടെ കൂട്ടത്തിലേക്ക് കയറിനിന്നതുകൊണ്ട് വെറുതേ ഓടിച്ചുപോകാനേ അവർക്ക് കഴിഞ്ഞുള്ളൂ.

ജോസ് പറഞ്ഞു, “ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. പോലീസില്‍ പരാതി കൊടുക്കണം.”

ഞാന്‍ പറഞ്ഞു, “ഒരു കാര്യോം ഇല്ല. അവര് നമ്മളെ ഇടിക്കാനാണ് വന്നത് എന്നതിന് തെളിവൊന്നും ഇല്ല. അമ്മയ്ക്ക് ഉറക്കം പോകാന്‍ ഒരു കാരണോം കൂടിയാകുംന്ന് മാത്രം ” .

ഞാനും ദീപുവും വീട്ടിലെത്താറായപ്പോള്‍ വീണ്ടും കവ്വായുടെ മുന്നറിയിപ്പ്, “അവര്‍ തിരിച്ചുവരുന്നുണ്ട്, ശ്രദ്ധിച്ചോ.”

വീട്ടില്‍ അമ്മ എത്തിയിട്ടുണ്ടാവില്ല. അവരുടെ മുന്നില്‍ പെട്ടാല്‍ കുഴപ്പമാണ്. ഞങ്ങള്‍ രണ്ടുപേരും നൂര്‍ബിനത്താത്തയുടെ വീട്ടിലേക്കു കേറി. അമ്മ താക്കോല്‍ വെക്കാന്‍ മറന്നു, ദാഹിച്ചിട്ട് കേറിയതാണ് എന്നു ഭാവിച്ചു. ത്താത്ത തന്ന വെള്ളം കുടിച്ച്, മിക്സ്ചറും കൊറിച്ചുകൊണ്ടിരുന്നപ്പോള്‍ അവര്‍ മോട്ടോര്‍സൈക്കിള്‍ വഴിയരികില്‍ നിര്‍ത്തി വീട്ടിലേക്കു നടക്കുന്നത് കണ്ടു. രണ്ടു തടിയന്മാര്‍. വീട്ടില്‍ ആരെയും കാണാഞ്ഞ് അക്ഷമരായി പാരപ്പെറ്റില്‍ ചാരിനിന്നു.  മോട്ടോര്‍ സൈക്കിളിന്റെ ചാവി ഒരുത്തന്‍ ചൂണ്ടുവിരലിലിട്ട് കറക്കിക്കൊണ്ട് അക്ഷമ പ്രകടമാക്കി.

പെട്ടെന്നൊരു കാക്ക പറന്നുവന്ന് ചാവി റാഞ്ചിയെടുത്ത് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ പോയിരുന്നു. കല്ലെടുത്ത്, ‘കാക്ക, കാക്ക’ എന്നും പറഞ്ഞ് രണ്ടുപേരും അതിനു പിന്നാലെ. അപ്പോള്‍ കാക്ക അവിടുന്ന് പറന്ന് അടുത്ത പോസ്റ്റിലേക്ക്. ഗുണ്ടകള്‍ അവിടെ എത്തിയപ്പോള്‍ കാക്ക അടുത്ത പോസ്റ്റിലേക്ക്. ഇതിനകം കുറേ കാഴ്ചക്കാരും എത്തി. ജോസും ഞാനും കവ്വായുടെ കുസൃതി കണ്ട് രസിച്ചിരുന്നു.

സന്ധ്യയായി. അമ്മ വന്ന് ഞങ്ങളെ കാണാഞ്ഞാല്‍ പരിഭ്രമിക്കും. എന്തു ചെയ്യണം? നൂര്‍ബിനത്താത്തയുടെ മകന്‍ ഷാഹുലിനേം കൂട്ടി ഞങ്ങള്‍ വീട്ടിലേക്കു നടന്നു. അപ്പഴാണ് അത്ഭുതകരമായ ആ കാഴ്ച കാണുന്നത്. കാക്ക താക്കോല്‍ ഉടമസ്ഥരുടെ മുന്നിലേക്ക് ഇടുന്നു. അവര്‍ ആശ്വാസത്തോടെ അതെടുത്ത് ബൈക്കിനടുത്തേക്ക് നടക്കുമ്പോള്‍ ബൈക്ക് പതുക്കെ മുകളിലേക്ക് ഉയരാന്‍ തുടങ്ങുന്നു. ഇലക്ട്രിക്ക് പോസ്റ്റുകളേക്കാള്‍ ഉയരത്തില്‍ പൊങ്ങിപ്പറന്ന ബൈക്ക്, പതുക്കെ താഴ്ന്ന് ജാന്വേടത്തീടെ പറമ്പിലെ പൊട്ടക്കിണറ്റിലേക്ക് വീഴുന്നു.

കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടിവന്നു. ഞങ്ങളും കൂടി ഒപ്പം.  ആരും പൊട്ടക്കിണറ്റിനടുത്തേക്കു  പോയില്ല. പ്രേതത്തിന്റെ പണിയാണെന്ന് എല്ലാവര്‍ക്കും തീര്‍ച്ച ആയിരുന്നു. ഉണ്ണിയേട്ടന്റെ പ്രേതം തന്നെ എന്ന് ആരോ തീര്‍ത്തു പറഞ്ഞു. ഗുണ്ടകള്‍ അതുകേട്ടു ഞെട്ടി. ഞാനും ജോസും ചിരിച്ചു. കാരണം ഞങ്ങള്‍ക്ക് യഥാർഥ പ്രേതത്തെ അറിയാമായിരുന്നു.

ഇനി ഗുണ്ടകള്‍ എന്നോടു കളിക്കാന്‍ വരില്ല എന്നു ഞങ്ങള്‍  തീര്‍ച്ചപ്പെടുത്തി. പ്രേതത്തിന്റെ സംരക്ഷണമുള്ള എന്നെ ഇനി കീചകന്‍ പോലും ഭയപ്പെടും.

ആള്‍ക്കൂട്ടത്തെ കണ്ടിട്ടാണെന്നു തോന്നുന്നു, അമ്മ വീട്ടിലേക്കു പോകാതെ വഴിയില്‍ നിന്നു. ഞാനും ജോസും അമ്മയുടെ അടുത്തുചെന്നു. എല്ലാം വീട്ടിലെത്തീട്ട് പറയാം എന്നു പറഞ്ഞ് അമ്മയെ കൂട്ടി നടന്നു. ചായകുടിച്ചിട്ടാകാം എന്ന നിര്‍ദേശം അമ്മയ്ക്കു സ്വീകാര്യമായി. പലഹാരപ്പൊതികള്‍ അഴിച്ച് ഞങ്ങള്‍ തിന്നുതുടങ്ങി.

ഞാന്‍ ജോസിനോടു പറഞ്ഞു,  “സംഭവിച്ചതൊക്കെ നീ പറഞ്ഞോ. പക്ഷേ, മോട്ടോര്‍സൈക്കിള്‍ നമ്മടെ പിന്നാലെ വന്നത് പറയണ്ട. അമ്മ പേടിക്കും. അച്ഛന്റെ പ്രേതാന്ന് ആരോ പറഞ്ഞ കാര്യോം മിണ്ടണ്ട. പിന്നെ അമ്മ ഇന്നൊറങ്ങില്ല.”

ചായയുമായി വന്ന അമ്മയോട് ജോസ് കഥ മുഴുവന്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു. ഗുണ്ടകള്‍ വീട്ടില്‍ വന്ന കാര്യമൊന്നും  പറഞ്ഞില്ല. 

അമ്മ പറഞ്ഞു, “തക്കുടു ചെയ്ത പണിയാകും. പക്ഷേ, അത് എന്തിനാരിക്കും? വെറുതെ തക്കുടു ആരേം ഉപദ്രവിക്കില്ലല്ലോ.”

ഞാന്‍ പറഞ്ഞു, “അവര് കൊള്ളക്കാരാകും. ആരെങ്കിലും ഗള്‍ഫീന്ന് ഈ വഴി വരുന്ന വിവരം അറിഞ്ഞ് കൊള്ളയടിക്കാൻ വന്നതാകും. അല്ലെങ്കില്‍ മയക്കുമരുന്നു കടത്തുന്നോരാകും.”

“മയക്കുമരുന്നു കടത്തുന്നോരാകാനാ സാധ്യത. അതറിഞ്ഞിട്ടാകും തക്കുടൂന് ദേഷ്യം വന്നത്”, ജോസും എന്നെ സപ്പോര്‍ട്ടു ചെയ്തു.

അന്നു നടന്ന സംഭവമെല്ലാം പ്രാദേശിക ചാനലില്‍ വാര്‍ത്തയായി വന്ന കാര്യം മൈഥിലി വിളിച്ചുപറഞ്ഞു. പ്രേതം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയും ഗംഭീരമായി നടന്നത്രേ. പ്രേതം വെറും കപടവിശ്വാസമാണെന്നും മോട്ടോര്‍ സൈക്കിള്‍ പറന്നു എന്നത് ആരോ സൃഷ്ടിച്ച കഥയാണെന്നും ശാസ്ത്രാധ്യാപകനായ പ്രൊഫ.ശശിധരന്‍നായര്‍ തറപ്പിച്ചു പറഞ്ഞു. ഇത് മാഹിയിലെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരിന്റെ ഭാഗമാണെന്നും മോട്ടോര്‍ സൈക്കിള്‍ കൊണ്ടുപോയി കിണറ്റിലിട്ടത് എതിര്‍ സംഘക്കാരാകാനാണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു. കാക്ക താക്കോൽ കൊത്തിയെടുത്ത്  പറന്ന കഥയെല്ലാം പോലീസ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ആരോ ഉണ്ടാക്കിയതാണെന്നുള്ള പ്രൊഫസറുടെ അഭിപ്രായത്തോട് ചര്‍ച്ചയുടെ അവതാരകനും യോജിച്ചു.

പിറ്റേന്ന് ഫയര്‍ഫോഴ്സും പോലീസും വന്നു. വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. മോട്ടോര്‍സൈക്കിള്‍ പൊങ്ങിപ്പറക്കുന്നത് കണ്ടവരെല്ലാം പോലീസിനോട് സാക്ഷ്യം പറഞ്ഞു. ഫയര്‍ഫോഴ്സുകാര്‍ ബൈക്ക് പൊക്കിയെടുത്തു പരിശോധിച്ചു. കേടൊന്നും പറ്റിയിട്ടില്ല. പ്രേതം ഫയര്‍ഫോഴ്സിനെ നേരിടാന്‍ വരാത്തതില്‍ നിരാശരായി നാട്ടുകാര്‍ പിരിഞ്ഞുപോയി. അന്വേഷണം പൂര്‍ത്തിയാകാതെ വാഹനം വിട്ടുകൊടുക്കാന്‍ നിയമമില്ല എന്ന് പോലീസ് പറഞ്ഞതോടെ ഒരു കാര്യം ഉറപ്പായി, ആ ബൈക്ക് പോലീസ് സ്റ്റേഷന്റെ സമീപത്തെ വെളിമ്പറമ്പില്‍ കിടന്ന് തുരുമ്പിക്കയല്ലാതെ ഇനി ഒരിക്കലും ഓടില്ല. എനിക്കിനി പേടിക്കാതെ  വഴിനടക്കാം.

സ്കൂളിലെത്തേണ്ട താമസം, കുട്ടികള്‍ എന്നേം ജോസിനേം വളഞ്ഞു. ജോസ് കഥ ഗംഭീരമായി അവതരിപ്പിച്ചു. പ്രേതത്തെ അവന്‍ ഒരു നിഴല്‍പോലെ കണ്ടു എന്നും തട്ടിവിട്ടു. ദില്‍ഷേം മൈഥിലീം ഒരു കള്ളച്ചിരി പാസാക്കി ക്ലാസിലേക്കു പോയി.

ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞപോലെ പ്രേതകഥ രണ്ടു ഗുണം ചെയ്തു. ഒന്ന്, സന്ധ്യയായാല്‍ മദ്യപിച്ച്, ഉറക്കെ പാട്ടുംപാടി വീടിനു മുന്നില്‍ക്കൂടി ആടി ആടി നടക്കുന്നവരെല്ലാം അതു നിര്‍ത്തി. മിക്കവരും നേരത്തേ വീടണഞ്ഞു. രണ്ട്, കീചകന്റെ ഭീഷണി അവസാനിച്ചു. ഇന്നു കളിക്കാന്‍ വന്നെങ്കിലും വളരെ സൗമ്യനായി കാണപ്പെട്ടു. പ്രേതത്തിന്റെ സഹായം എനിക്കുണ്ട് എന്ന കാര്യം അവന്റെ അച്ഛന്‍ പറഞ്ഞുകാണും.

എന്തുകൊണ്ടോ തക്കുടു ഇന്നും വന്നില്ല. കവ്വാ മാത്രം ഓരോന്നു പറഞ്ഞും ചിരിച്ചും അടുക്കളയില്‍ അമ്മേടെ പിന്നാലെ നടന്നു. അവനു കളിക്കാന്‍ ഒരു പൂച്ചക്കുട്ടിയേം കിട്ടി. കറുപ്പില്‍ വെള്ള പുള്ളികളുള്ള പൂച്ചക്കുട്ടി ഇന്നലെയാണ് വന്നത്. മുമ്പ് വീടുവിട്ടുപോയ ശാന്തിപ്പൂച്ചേടെ കുട്ടി ആണെന്നു തോന്നുന്നു.

അമ്മ തമാശയായി പറഞ്ഞു, “മൊബൈല്‍ മോഷ്ടിക്കുന്ന കാക്ക, ബൈക്കിന്റെ താക്കോല്‍ കൊത്തിപ്പറക്കുന്ന കാക്ക, ബൈക്കും എടുത്തു പറക്കുന്ന പ്രേതം- എന്തൊക്കെയാ ഈ നാട്ടില്‍ നടക്കുന്നെ, ഇല്ലേ കാക്കച്ചീ.”

“ശരിയാ, ഈ നാടിനെന്തോ പറ്റീട്ട്ണ്ട്. ഈ യദുവാ ഇതിന്റെയൊക്കെ പിന്നില്‍”. എന്നിട്ട് കവ്വാ ചിരിച്ചു.

ഞാന്‍ ചോദിച്ചു, “എന്താ തക്കുടു ഇങ്ങോട്ടു വരാത്തെ?”

“തക്കുടൂന്റെ ലോകത്തേക്ക് റിപ്പോര്‍ട്ട് അയയ്ക്കുന്ന തിരക്കിലാണ്. ഒരാഴ്ചയായി പോലും റിപ്പോര്‍ട്ടയച്ചിട്ട്. മറ്റന്നാള്‍ ഇങ്ങോട്ട് എന്തായാലും വരണോല്ലോ. മാഷ് തിരിച്ചെത്തൂല്ലേ.”

ശരിയാണ്, മറ്റന്നാള്‍ അന്‍വര്‍മാഷ് വരും. ഇക്കുറി മാഷിന് ഇങ്ങോട്ടും ഞങ്ങള്‍ക്ക് അങ്ങോട്ടും പറയാന്‍ കഥയുണ്ടല്ലോ എന്നാലോചിച്ചപ്പോള്‍ സന്തോഷം തോന്നി.

തുടരും എല്ലാ ശനിയാഴ്ചയും


കേൾക്കാം


തക്കുടു ഇതുവരെ

1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?

2. ഇന്നു ഞാനാണ് ഹീറോ

3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി

4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു


5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം

6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം


7. ഇതൊരു ഡോൾഫിനല്ലേ

8. ഇളനീരുകളുടെ ഘോഷയാത്ര

9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍

11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?


13. ഹാപ്പി ബർത്ത് ഡേ

14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും

15. വെള്ള്യാംകല്ലിനോട് വിട


16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്

17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി

18. തക്കുടൂന്റെ യാത്രകള്‍

 

Happy
Happy
33 %
Sad
Sad
33 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഗ്ലാസ്ഗോ ഉച്ചകോടിയുടെ ശേഷിപ്പുകൾ
Next post കർഷക സമരം വിജയിക്കുമ്പോൾ…
Close