Read Time:18 Minute

പി.കെ. ബാലകൃഷ്ണൻ

കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന യു.എൻ.എഫ്.സി.സി.സി യുടെ ആഭിമുഖ്യത്തിലുള്ള ഗ്ലാസ്ഗോ ഉച്ചകോടി സമാപിച്ചിരിക്കുന്നു. നവംബർ 12 ന് ഔദ്യോഗികമായി സമാപിക്കേണ്ടിയിരുന്ന ഉച്ചകോടി പൊതുസമ്മതിയുടെ അടിസ്ഥാനത്തിലുള്ള ഒരു കരട് കരാറിനു വേണ്ടി ഒരു ദിവസം കൂടി കാത്തതിനു ശേഷം നവംബർ 13 നാണ് സമാപിച്ചത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്ത സാഹചര്യങ്ങളിൽ നിന്നും ഭൂമിയിലെ ജീവന്റെ സംരക്ഷണത്തിന്നായി മനുഷ്യ വംശത്തിന്റെ അവസാനത്തെ ശ്രമമെന്നു വിശേഷിപ്പിക്കപ്പെട്ട ഉച്ചകോടി ആ ദിശയിൽ എത്രമാത്രം മുന്നേറിയെന്നതിന്റെ വിലയിരുത്തലുകൾക്കും, വിമർശനങ്ങൾക്കും തുടക്കമാവുകയും ചെയ്തു കഴിഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റെറസ്സ് കടപ്പാട്: un.org

ഉച്ചകോടിയുടെ സമാപനത്തിൽ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റെറസ്സിന്റെ പ്രസ്താവന തന്നെ അതിന്റെ നാന്ദി കുറിക്കുന്നതായിരുന്നു.

” ഇവിടെ അംഗീകരിക്കപ്പെട്ടിട്ടുള്ള ധാരണാപത്രം ഒരനുരഞ്ജനത്തിന്റെതാണ്. അത് താല്പര്യങ്ങളുടെയും, വ്യവസ്ഥകളുടെയും, വൈരുദ്ധ്യങ്ങളുടെയും, ഇന്നത്തെ ലോകത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെയുമൊക്കെ പ്രതിഫലനമാണ്.”

” ചില പ്രധാന ചുവട് വെപ്പുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആഴത്തിലുള്ള, വൈരുദ്ധ്യങ്ങളെ മറികടക്കാനുതകുംവണ്ണമുള്ള, സംഘടിത രാഷ്ടീയ ഇച്ഛാശക്തി പ്രകടിതമായില്ല എന്നത് ദൗർഭാഗ്യകരമാണ്.”

“നമ്മുടെ ദുർബലമായ ഗ്രഹം ഒരു നൂൽത്തുമ്പിൽ തൂങ്ങിനിൽക്കുകയാണ്.”

” കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത കവാടത്തിൽ നാം മുട്ടിക്കൊണ്ടേയിരിക്കയാണ്.”

” നാം ഒരടിയന്തരാവസ്ഥയിലാണുള്ളത്. കാർബൺ തുലിതാവസ്ഥയിലെത്തുക എന്ന നമ്മുടെ ലക്ഷ്യപ്രാപ്തിയുടെ സാധ്യത ഒരു വട്ടപൂജ്യം തന്നെയാണ്.”

” ശാസ്ത്രം നമ്മോടു പറയുന്നത് നാം ഈ ദശകത്തിൽത്തന്നെ കാർബൺ ഉൽസർജനം കുറയ്ക്കാനുള്ള അടിയന്തിര നടപടികൾക്ക് മുൻഗണന നൽകി പ്രവർത്തിക്കണമെന്നാണ്”

” രാജ്യങ്ങളെ കാലാവസ്ഥാ ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് കാരുണ്യ പ്രവർത്തനമല്ല, അത് ഐക്യദാർഢ്യ പ്രഖ്യാപനവും ഉയർന്ന ബോധത്തിലുള്ള നമ്മുടെ തന്നെ താല്പര്യ സംരക്ഷണവുമാണ്.”

” എഴുത്തുകാരൻ റോബർട്ട് ലൂയിസ്റ്റീവൻസൺ പറഞ്ഞതു പോലെ, നാം ഓരോ ദിവസത്തെയും അളക്കേണ്ടത് നാം കൊയ്തെടുക്കുന്ന വിളയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് നാം നടുന്ന വിത്തിന്റെ അടിസ്ഥാനത്തിലാവണം”

ഗ്ലാസ്ഗോ ഉച്ചകോടിയിലെ പ്രഖ്യാപനങ്ങളും, പ്രതിഷേധങ്ങളും, അവിടെ നിറഞ്ഞാടിയ കൽക്കരി ലോബികളെയും, ഒടുവിൽ തട്ടിയും മുട്ടിയും നീണ്ടു പോയ നയതന്ത്ര ചർച്ചകളും, നിശ്ചയിച്ചതിന് ഒരു ദിവസം കഴിഞ്ഞ് അന്തിമ രൂപം കൈവരിച്ച കരട് ധാരണാ പ്രമാണവുമെല്ലാം മനസ്സിൽ വെച്ചു കൊണ്ടു തന്നെയാവണം യു.എൻ. സെക്രട്ടറി ജനറൽ തന്റെ സമാപന പ്രസംഗത്തിൽ ഈ രൂപത്തിലുള്ള ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്.

 

കടപ്പാട്: news.un.org

ചില പ്രഖ്യാപനങ്ങൾ

ഉച്ചകോടിയുടെ രണ്ടാം ദിവസം രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ ഒറ്റയായും കൂട്ടായും ചില പ്രഖ്യാപനങ്ങൾ ഉണ്ടായി.

 1. ലോകത്തെ വനസമ്പത്തിന്റെ 85 ശതമാനവുമുള്ള 100ലധികം രാഷ്ട്രങ്ങൾ ഒത്തുചേർന്ന് 2030 നുള്ളിൽ തങ്ങളുടെ രാജ്യങ്ങളിലെ വനനശീകരണം പൂർണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ആവശ്യത്തിലേക്ക് 19.2 ബില്യൻ ഡോളർ സമാഹരിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽഇന്ത്യ ഇതിൽ നിന്ന് വിട്ടു നിന്നു.
 2. 100 ലധികം രാജ്യങ്ങൾ രണ്ടാമത്തെ ഏറ്റവും വലിയ ഹരിതഗൃഹ വാതകമായ മീഥെയിൻ ഉത്സർജനം 2030 ഓടെ 30 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങൾ ഈ പ്രഖ്യാപനത്തിൽ പങ്കു ചേർന്നില്ല.
 3. ഊർജ ഉല്പാദനത്തിന് കൽക്കരിയെ കൂടുതലായി ആശ്രയിക്കുന്ന വിയറ്റ്നാം, പോളണ്ട്, ചിലി ഉൾപ്പെടെയുള്ള 40 ൽ അധികം രാഷ്ട്രങ്ങൾ കൽക്കരി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.
 4. 450 ധനകാര്യ സ്ഥാപനങ്ങൾ പുതുക്കാവുന്ന ഊർജ ഉല്പാദനത്തിന് സഹായം നൽകാനും, ഫോസിൽ ഇന്ധനമുപയോഗിച്ചുള്ള ഊർജ ഉല്പാദനത്തിനു ധനസഹായം നൽകാതിരിക്കാനുമുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു.
 5. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചൈനയും , അമേരിക്കയും വരുന്ന ഒരു ദശാബ്ദക്കാലം കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാനുള്ള തങ്ങളുടെ ഒരു തീരുമാനവും പ്രഖ്യാപിച്ചു.

നേരത്തെ പാരീസ് ഉടമ്പടിയുടെ ഭാഗമായി നിശ്ചയിക്കപ്പെട്ട സമയ പരിധിക്കുള്ളിൽ കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാൻ സ്വയം നിർണയിക്കുന്ന സംഭാവന (എൻ.ഡി.സി.) സംബന്ധമായ പ്രഖ്യാപനം നടത്താതിരുന്ന ഇന്ത്യയുടെ ഇതു സംബന്ധമായ പുതുക്കിയ പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ രാഷ്ട്രത്തലവന്മാരുടെ സമ്മേളത്തിൽ നടത്തുകയും ചെയ്തു. അവ ഇപ്രകാരമായിരുന്നു:

 1. ഇന്ത്യയുടെ ഫോസിലേതര ഊർജ ഉല്പാദന ശേഷി 2030 ഓടെ 500GW -ലെത്തിക്കും. 
 2. 2030 ഓടെ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങളുടെ 50 ശതമാനവും പുതുക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കും.
 3. കാർബൺ ഉത്സർജനത്തിൽ 2030നകം ഒരു ബില്യൺ ടണ്ണിന്റെ കുറവ് വരുത്തും.
 4. 2030 ഓടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ കാർബൺ ഉത്സർജന തീവ്രത (Emission intensity) യിൽ 45% കുറവ് വരുത്തും. 
 5. ഇതിനു പുറമെ 2070 ഓടെ കാർബൺ തുലിതാവസ്ഥ (Net zero emission) കൈവരിക്കുകയും ചെയ്യും.

ഈ അഞ്ചു കാര്യങ്ങളായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ടായിരുന്നത്.

പ്രഖ്യാപനങ്ങൾക്കും, നയതന്ത്ര തലത്തിലുള്ള നീണ്ട അനുരഞ്ജന ചർച്ചകൾക്കുമൊടുവിൽ ഉച്ചകോടിക്ക് നേരത്തെ നിശ്ചയിച്ച സമാപനം ഒരു ദിവസം കൂടി നീട്ടി ഉടമ്പടിയുടെ ഒരു കരടിന് അന്തിമ രൂപം നൽകി. അത് അംഗീകരിക്കപ്പെട്ടു.

പടിഞ്ഞാറൻ ചൈനയിലെ കൽക്കരി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉറുംകി തെർമൽ പവർ പ്ലാന്റിലെ ടവറുകളിൽ നിന്ന് പുകയും നീരാവിയും ഉയരുന്നു. കടപ്പാട്: static.timesofisrael

കരട് ഉടമ്പടിയിലെ പ്രധാന പ്രതിപാദ്യങ്ങൾ

 • കാലാവസ്ഥാവ്യതിയാനം മാനവരാശിയുടെ ഒരു പൊതു പ്രശ്നമെന്ന നിലയിൽ കാണണം. അതിനെ നേരിടാനുള്ള നടപടികൾ മനുഷ്യാവകാശം, ആരോഗ്യ പരിരക്ഷ മുതലായ കാര്യങ്ങളും പ്രാദേശികസമൂഹങ്ങൾ, കുടിയേറ്റ ജനവിഭാഗങ്ങൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവരുടെയൊക്കെ അവകാശങ്ങളും കണക്കിലെടുത്തുകൊണ്ടുവേണം നിർവഹിക്കാൻ.
 • ജൈവ വൈവിധ്യത്തിന്റെയും, വനങ്ങളുടെയും, സമുദ്രങ്ങളുടെയും, അന്തരീക്ഷത്തിന്റെയും തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാറ്റിന്റെയും പ്രാധാന്യം ഉൾക്കൊള്ളാനും , കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള നടപടികളുടെ നീതിപൂർവകമായ നിർവഹണത്തിനും ഉടമ്പടി ആഹ്വാനം ചെയ്യുന്നു.
 • നയസമീപനങ്ങൾ കൈക്കൊള്ളുമ്പോഴും അവ നടപ്പിലാക്കുമ്പോഴും ആശ്രയിക്കേണ്ടത് ശാസ്ത്രത്തെയാണെന്ന് അടിവരയിട്ട് ഓർമിപ്പിക്കുന്നു
 • മനുഷ്യ പ്രവർത്തനങ്ങളുടെ ഫലമായ ആഗോള താപനത്തിൽ ഇപ്പോഴെത്തിനില്ക്കുന്ന 1.1°C വർധനവിലും അതിന്റെ ഫലമായി ലോകത്തിന്റെ പല ഭാഗത്തുമുണ്ടായിട്ടുള്ള ദുരന്തങ്ങളിലുമുള്ള ആശങ്കകളും രേഖപ്പെടുത്തുന്നു.
 • ഐ.പി.സി.സി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വഭാവവും അതു മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളും, ഭാവിയിലെ അന്തരീക്ഷതാപ വർധനവിന് ആനുപാതികമായി ഉണ്ടാവാനിടയുള്ള കാലാവസ്ഥാ ദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകളും എല്ലാം തന്നെ ഗൗരവ സ്വഭാവത്തിൽ കാണേണ്ടതുണ്ടെന്നും പ്രസ്താവിക്കുന്നു.
 • പ്രതിരോധ നടപടികൾ ഊർജിതപ്പെടുത്താനും, ദുരന്ത നിവാരണത്തിനും അനുകൂലനത്തിനും ആവശ്യമായ ധനസഹായം വികസ്വര രാജ്യങ്ങൾക്ക് ലഭ്യമാക്കണം. കാലാവസ്ഥാ ദുരന്തങ്ങൾ വഴി ദുർബല ജനവിഭാഗങ്ങൾക്കും, ദരിദ്ര രാഷ്ട്രങ്ങൾക്കും ഉണ്ടായിട്ടുള്ള നഷ്ടങ്ങളും കഷ്ടതകളും പരിഹരിക്കാനാവശ്യമായ ധനസഹായവും ലഭ്യമാക്കണം. ധനികരാഷ്ട്രങ്ങൾ ഇതിന്റെയൊക്കെ ഉത്തരവാദിത്വമേറ്റെടുക്കുകയും ഇതിനു പുറമെ ആവശ്യമുള്ള സാങ്കേതികവിദ്യാസഹായം കൂടി നൽകുകയും വേണം.
 •  നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന്റെ അപര്യാപ്തത സൂചിപ്പിക്കുകയും നിലവിലുള്ള വാഗ്ദാനങ്ങൾ വർധിപ്പിക്കാനുള്ള അഹ്വാനം നൽകുകയും ചെയ്യുന്നു. ലഭ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നും ഇത് സമാഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടുന്നതിന്റെ പ്രാധാന്യവും സൂചിപ്പിക്കുന്നു.
 • അതോടൊപ്പം തന്നെ നേരത്തെ തീരുമാനിച്ച 100 ബില്യൻ ഡോളറിന്റെ വാർഷിക സഹായം ഉടനെ തന്നെ ലഭ്യമാക്കണമെന്നും അത് 2025 വരെ തുടരണമെന്നും അഭ്യർത്ഥിക്കുന്നു.
 • ആഗോള താപ വർധനവിനെ 2°C നുള്ളിൽ പരിമിതപ്പെടുത്താൻ 1.5°C ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഉടനെ തന്നെ ശ്രമമാരംഭിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. ഇതിനായി കാർബൺ ഡൈ ഓക്സൈഡിന്റെ ഉത്സർജനം 2030 ഓടു കൂടി 2010 ലെ നിലയിൽ നിന്നും 45 ശതമാനത്തിന്റെ കുറവു വരുത്താനും 2050 ഓടെ കാർബൺ തുലിതാവസ്ഥ കൈവരിക്കാനും ആഹ്വാനം ചെയ്യുന്നു.
 • പൊതു ലക്ഷ്യത്തിന് വ്യത്യസ്ഥമായ ശേഷികളും ഉത്തരവാദിത്വങ്ങളും എന്ന ക്യോട്ടോ പ്രോട്ടക്കോൾ തത്വം സ്വീകരിച്ചു കൊണ്ടുള്ള നടപടികളാണുണ്ടാവേണ്ടതെന്നും പ്രസ്താവിക്കുന്നു.
 • മാലിന്യമുക്തവും, ഫോസിലേതരവുമായ ഊർജത്തിലേക്ക് മാറാനാവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും, അതിന്നാവശ്യമായ നയസമീപനങ്ങൾ കൈക്കൊള്ളാനും, കൽക്കരിയുടെ ഉപയോഗത്തെ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാനും ഫോസിൽ ഇന്ധന സബ്സിഡികൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും ആഹ്വാനംചെയ്യുന്നു.
കടപ്പാട്: static.timesofisrael

ഉച്ചകോടി ഒരു ദിവസം കൂടി നിളുന്നുഒരു ആഗോള അനുരഞ്ജനത്തിന്നായി എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്ലാസ്ഗോ ചർച്ചകൾ ഒരു ദിവസം കൂടി നീണ്ടതിനു കാരണമായി പറഞ്ഞു കേൾക്കുന്നത് ഉടമ്പടിയിലെ ഒരു പദപ്രയോഗം സംബന്ധിച്ച് ഇന്ത്യയും ചൈനയും ഉയർത്തിയ എതിർപ്പാണത്രെ. ഉടമ്പടിയുടെ കരടിലെ ‘കൽക്കരിയുടെ ഉപയോഗം ഘട്ടംഘട്ടമായി ഉപേക്ഷിക്കണം (phase out of coal)’ എന്നത് ഘട്ടംഘട്ടമായി കുറയ്ക്കണം (phase down of coal) എന്നാക്കി ഭേദഗതി ചെയ്യണമെന്ന ആവശ്യമുയർത്തിയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഊർജ ഉല്പാദനത്തിന്റെ 70 ശതമാനവും കൽക്കരി ഉപയോഗിച്ചാണ്. സാമ്പത്തിക വികസനത്തിൽ ഇനിയുമേറെ മുന്നോട്ടു പോകാനുള്ള ഇന്ത്യയ്ക്ക് കൽക്കരി ഉപേക്ഷിക്കുക എന്നത് എളുപ്പമായ കാര്യമല്ല.

കൽക്കരി ഘട്ടംഘട്ടമായി ഉപേക്ഷിക്കണം എന്നതിനോടൊപ്പം അതുപോലെ തന്നെ കാർബൺ ഉത്സർജനത്തിനു കാരണമാവുന്ന ഫോസിൽ ഇന്ധനങ്ങളായ എണ്ണയോ, പ്രകൃതി വാതകങ്ങളോ ചേർക്കപ്പെടാതിരുന്നത് സമ്പന്ന രാജ്യങ്ങളുടെയും, എണ്ണ കോർപ്പറേറ്റുകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനാണന്ന ഒരു വിമർശനവും ഉയർന്നു വരികയുമായി. 

മുൻകാല ഉടമ്പടികളിൽ നിന്നും വ്യത്യസ്തമായി വൈവിധ്യമാർന്ന ധാരണകളും, ഒരു പ്രധാന ഫോസിൽ ഇന്ധനമായ കൽക്കരി ഉപേക്ഷിക്കാനുള്ള തീരുമാനവും, ധനസഹായം സംബന്ധിച്ച ചില ധാരണകളും ഉണ്ടായി എന്നത് ഉച്ചകോടിയുടെ വിജയമായാണ് പരാമർശിക്കപ്പെട്ടത്. ഇതു കൂടാതെ അഞ്ചുവർഷത്തിലൊരിക്കലുള്ള വിലയിരുത്തലുകളും ഭേദഗതികളും എന്ന നേരത്തെയുണ്ടായിരുന്ന നടപടിക്രമത്തിൽ ഭേദഗതി വരുത്തി വർഷത്തിലൊരിക്കൽ ഉച്ചകോടി ചേർന്ന് വിലയിരുത്തലുകളും ആവശ്യമായ ഭേദഗതികളും നടത്താനുള്ള ഒരു തീരുമാനം കൈക്കൊണ്ടു എന്നതും വലിയ ഒരു ചുവട് വെപ്പാണെന്നാണ് യു.എൻ.എഫ്.സി.സി.സി അധികൃതർ അവകാശപ്പെടുന്നത്.

എന്നാൽ ദരിദ്ര രാഷ്ട്രങ്ങളും, കാലാവസ്ഥാ വിദഗ്ധരും, പരിസ്ഥിതി പ്രവർത്തകരും ഉച്ചകോടിയിൽ അടിസ്ഥാനപരമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല എന്നാണഭിപ്രായപ്പെട്ടത്. കാലാവസ്ഥാ ദുരന്തങ്ങളുടെ ആഘാതം ഏറെയും ഏൽക്കേണ്ടി വരുന്ന ദരിദ്ര ജനവിഭാഗങ്ങൾക്കും രാഷ്ട്രങ്ങൾക്കും ആവശ്യമായ ധനസഹായങ്ങൾ സംബന്ധിച്ച ധാരണകളോ ഐ.പി.സി.സി. റിപ്പോർട്ടിൽ നിർദ്ദേശിച്ചപ്രകാരമുള്ള അടിയന്തിര നടപടികൾ സംബന്ധമായ തീരുമാനങ്ങളോ ഒന്നും തന്നെ ഉച്ചകോടിയിൽ ഉണ്ടായിട്ടില്ല എന്നാണവർ ചൂണ്ടിക്കാട്ടുന്നത്.

പാരീസ് കൺവെൻഷൻ പ്രകാരം ഇതുവരെ രാഷ്ട്രങ്ങൾ സ്വയം നിർണയിച്ചു പ്രഖ്യാപിച്ചിട്ടുള്ള സംഭാവനകളും, ഗ്ലാസ്ഗോ ഉച്ചകോടിയിലുണ്ടായ ധാരണകളും നടപ്പിലായാൽത്തന്നെ താപവർധനവിനെ 1.5°Cൽ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ല എന്നു മാത്രമല്ല താപ വർധനവ് 2.4°C ലേക്ക് ഉയരാനാണ് സാധ്യതയെന്നുമാണ് വിദഗ്ധാഭിപ്രായം.

ഐ.പി.സി.സി യുടെ റിപ്പോർട്ടിലെ ശാസ്ത്രത്തിന്റെ മുന്നറിയിപ്പുകൾ ചെവിക്കൊള്ളാൻ കഴിയാത്ത ഒരു രാഷ്ട്രീയ വ്യവസ്ഥ ലോകത്തിനു മുകളിൽ കരിനിഴൽ വീഴ്ത്തി നിലക്കൊള്ളുന്നു എന്നതും അത് ലോകത്തെ സർവനാശത്തിന്റെ മഹാഗർത്തത്തിലേക്കാണ് നയിക്കുന്നത് എന്നതും തിരിച്ചറിയാനുള്ള ഒരു സന്ദർഭം സൃഷ്ടിച്ചു കൊണ്ടാണ് ഗ്ലാസ്ഗോഉച്ചകോടി പര്യവസാനിച്ചത്.


മറ്റു ലേഖനങ്ങൾ


 

Happy
Happy
25 %
Sad
Sad
13 %
Excited
Excited
13 %
Sleepy
Sleepy
13 %
Angry
Angry
25 %
Surprise
Surprise
13 %

Leave a Reply

Previous post തെരുവുനായ നിയന്ത്രണം- ഇനിയും ലക്ഷ്യം കാണാത്തത് എന്തുകൊണ്ട് ?
Next post പറന്നുപോയ മോട്ടോര്‍സൈക്കിള്‍ – തക്കുടു 19
Close