Read Time:11 Minute

എൻ. സാനു

എന്‍. സാനു, അമച്ച്വർ അസ്ട്രോണമർ

മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട എന്നിവയെയും  2021 മെയ് ജൂണിലെ സന്ധ്യാകാശത്തു കാണാനാകും.

ജൂണിലെ ആകാശം – സ്റ്റെല്ലേറിയം സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ലേഖകൻ തയ്യാറാക്കിയത്.

സൗരരാശികള്‍

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം എന്നീ സൗരരാശികളെ ജൂണിൽ‍ നിരീക്ഷിക്കാം. വടക്ക്-പടിഞ്ഞാറുമുതല്‍ തെക്ക് കിഴക്കായാണ് ജൂണിൽ‍ സൂര്യപാത അഥവാ ക്രാന്തിവൃത്തം (Ecliptic) കാണപ്പെടുന്നത്. മുകളിൽ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ക്രാന്തിവൃത്തം
ക്രാന്തിവൃത്തം

ക്രാന്തിപഥം ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം അഥവാ ക്രാന്തിവൃത്തം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18 ഡിഗ്രി വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 ഗണങ്ങളാക്കി വിഭജിച്ചവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും ഒരേ സമയത്ത് പൂര്‍ണമായും നമുക്ക് നിരീക്ഷിക്കാനാകും.

കര്‍ക്കിടകം (Cancer)

കര്‍ക്കിടക രാശിപടിഞ്ഞാറേ ചക്രവാളത്തിൽ നിന്നും ഏകദേശം 30 ഡിഗ്രി മുകളിലായാണ് ജൂണിലെ സന്ധ്യയ്ക്ക് കര്‍ക്കിടകം രാശി കാണാൻ കഴിയുന്നത്. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. ഞണ്ടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

ചിങ്ങം (Leo)

Leo Constellation mlപടിഞ്ഞാറേ ചക്രവാളത്തിൽ സന്ധ്യയ്ക്ക് ശിരോബിന്ദുവിൽ നിന്നും 10°-40° പടിഞ്ഞാറുമാറി ചിങ്ങം രാശിയെ കാണാം. ചിങ്ങം രാശിയിലെ തിളക്കമേറിയ നക്ഷത്രമാണ് റെഗുലസ് (α Leonis). മറ്റൊരു പ്രധാന നക്ഷത്രമാണ് ദെനെബോല (β Leonis). ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതാണ് മകം എന്ന ചാന്ദ്രഗണം. (ചിലർ റഗുലസിനെ മാത്രമായും മകം എന്നു വിളിക്കും.) നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ പൂരം ചാന്ദ്രഗണമാണ്. ദെനെബോലെയും അതിനടുത്ത നക്ഷത്രങ്ങളും ചേർന്ന് ഉത്രം രൂപപ്പെടുന്നു.

കന്നി (Virgo)

ചിങ്ങത്തിനും കിഴക്കു മാറി സന്ധ്യക്ക് ഏതാണ്ട് മദ്ധ്യാകാശത്തായി കന്നിരാശി കാണാൻ കഴിയും. ഈ രാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രം ചിത്ര (Spica) ആണ്. മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണ് ചിത്ര അഥവ ചിത്തിര.

തുലാം (Libra)

ജൂൺ മാസത്തിൽ തലക്ക് മുകളിൽ അല്പം (10°-30°) തെക്കു-കിഴക്കുമാറി, കന്നി രാശിക്കും വൃശ്ചികം രാശിക്കും ഇടയിലായാണ് ഇതിന്റെ സ്ഥാനം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാൽ മഴക്കാറുള്ളപ്പോൾ തിരിച്ചറിയാൻ പ്രയാസമാണ്.

വൃശ്ചികം

ജൂണിൽ സന്ധ്യയ്ക്ക് തെക്ക്-കിഴക്കെ ചക്രവാളത്തോടു ചേര്‍ന്ന് വൃശ്ചികം രാശി കാണപ്പെടുന്നു. തേളിന്റെ ആകൃതി ഇതിന് സങ്കല്പിച്ചിരിക്കുന്നു. ഇതിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രം തൃക്കേട്ടയാണ് (Antares). ഇതൊരു ചുവപ്പ് ഭീമൻ നക്ഷത്രമാണ്. തൃക്കേട്ട എന്ന ചാന്ദ്രഗണത്തിൽ ഈ ചുവപ്പ് ഭീമന്‍ നക്ഷത്രത്തെയും ഇരുവശവുമുള്ള രണ്ട് നക്ഷത്രങ്ങളേയും ഉള്‍പ്പെടുത്താറുണ്ട്. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങൾ ചേര്‍ന്നതാണ് അനിഴം എന്ന ചാന്ദ്രഗണം. തൃക്കേട്ടക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം ചാന്ദ്രഗണം.

മറ്റു പ്രധാന താരാഗണങ്ങൾ

സപ്തര്‍ഷിമണ്ഡലം

ജൂണിൽ വടക്കേ ചക്രവാളത്തില്‍ നിരീക്ഷിക്കാന്‍ കഴിയുന്ന പ്രധാന താരാഗണമാണ് സപ്തര്‍ഷിമണ്ഡലം. വടക്കന്‍ ചക്രവാളത്തിനുമുകളില്‍ ഏകദേശം 30°-45°മുകളിലായി സപ്തര്‍ഷിമണ്ഡലം കാണാം. ഒരു വലിയ സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി (Big bear) എന്നും ഇതിനു പേരുണ്ട്. ഈ ഗണത്തിലെ ഏഴ് പ്രധാന നക്ഷത്രങ്ങൾക്ക് വസിഷ്ഠൻ (Dubhe), അംഗിരസ് (Merak), അത്രി (Phecda), പുലസ്ത്യൻ (Megrez), പുലഹൻ (Alioth), ക്രതു (Mizar), മരീചി (Alkaid) എന്നിങ്ങനെയാണ് പേര്. ഇതിൽ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി . സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും. അംഗിരസ് (Merak), വസിഷ്ഠൻ (Dubhe) എന്നീ നക്ഷത്രങ്ങൾ യോജിപ്പിച്ച് ഒരു സാങ്കല്പിക രേഖ ചക്രവാളത്തിലേക്ക് നീട്ടി വരച്ചാൽ വടക്ക് ദിശ കിട്ടും.

അവ്വപുരുഷന്‍ (Bootes)

തലയ്ക്കുമുകളില്‍, ഖഗോള മദ്ധ്യരേഖയ്ക്ക് അല്പം വടക്ക്, ചിത്രയ്ക്കും അല്പം വടക്കു മാറി, അവ്വപുരുഷന്‍ (ബുവുട്ടിസ്) എന്ന താരാഗണത്തെ കാണാം. ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.

മറ്റുള്ളവ

വടക്ക്-കിഴക്ക് ആകാശത്തിൽ, ചക്രവാളത്തിൽനിന്നും ഏകദേശം 10° മുകളിലായി കാണുന്ന പ്രഭയുള്ള നക്ഷത്രമാണ് വീഗ (Vega). ലൈറ (Lyra) എന്ന താരാഗണത്തിന്റെ ഭാഗമാണിത്. ദക്ഷിണ ആകാശത്ത് തെക്കൻ ചക്രവാളത്തിന് മുകളിലായി ആറ് പ്രഭയുള്ള നക്ഷത്രങ്ങളെ നിരീക്ഷിക്കാം. ഏറ്റവും പ്രഭയേറിയ രണ്ടെണ്ണം, കിഴക്ക് പടിഞ്ഞാറായി കാണുന്നത് സെന്റാറസ് (Centaurus) താരാഗണത്തിലെ ആല്‍ഫാ സെന്റോറിയും (Alpha Centauri/Rigil Kentaurus) ബീറ്റാ സെന്റോറി (Beta Centauri)യുമാണ്. മറ്റു നാല് നക്ഷത്രങ്ങള്‍, ഡൈമണ്‍ ആകൃതിയില്‍ കാണുന്നത്, തെക്കന്‍ കുരിശും.

ഗ്രഹങ്ങൾ

വ്യാഴം (Jupiter)

വ്യാഴം2021 ജൂൺമാസം രാത്രി 11.30-ഓടെ കിഴക്കൻ ചക്രവാളത്തിൽ, (അല്പം തെക്കുമാറി) വ്യാഴം ഉദിച്ചുയരും. കുംഭം രാശിയിലായി കാണാൻ കഴിയുന്ന തിളക്കമേറിയ ഈ ആഗാശഗോളത്തെ പ്രയാസമില്ലാതെ തിരിച്ചറിയാൻ സാധിക്കും. ചെറിയ ദൂരദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളെയും കാണാന്‍ സാധിക്കും. വ്യാഴം 12 വര്‍ഷങ്ങൾ കൊണ്ട് ക്രാന്തിവൃത്തത്തിലൂടെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നു. അടുത്തവർഷം മീനം രാശിയിലേക്ക് മാറും.

ശനി (Saturn)

2021 ജൂൺമാസം രാത്രി 10.30 -ഓടെ കിഴക്കൻ ചക്രവാളത്തിൽ, (അല്പം തെക്കുമാറി) ശനിഗ്രഹം ഉദിച്ചുയരും. മകരം രാശിയിലാണ് ഇപ്പോൾ ശനിയുടെ സ്ഥാനം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്ത വര്‍ഷം ഈ സമയത്തും മകരം രാശിയിൽ തന്നെയാണ് ശനി ഉണ്ടാവുക.

ചൊവ്വ (Mars)

2021 ജൂൺമാസം സന്ധ്യയ്ക്കു മുമ്പായി ശനി അസ്തമിക്കും. ആയതിനാൽ നിരീക്ഷണം സാധ്യമാകില്ല. ഡിസംബർ മാസത്തോടെ സന്ധ്യയ്ക്ക് വീണ്ടും ദൃശ്യമാകും.

ശുക്രൻ (Venus)

Venus-real colorസന്ധ്യയ്ക്ക് 7.30നു മുമ്പായി പടിഞ്ഞാറെ ചക്രവാളത്തോടു ചേര്‍ന്ന് (അല്പം വടക്കു മാറി) ശുക്രനെ കാണാനാകും. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറെ പ്രഭയോടെ കാണാൻ കഴിയുന്ന ആകാശഗോളമാണ് ശുക്രൻ.

ബുധൻ (Mercury)

ഈ സമയം ബുധൻ സൗരസമീപമായതിനാൽ നിരീക്ഷണം സാധ്യമാകില്ല.

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons
  • അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ (International Space Station) നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങൾക്കായി നാസയുടെ Spot the Station എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • ഇതും വായിക്കുക – അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഭൂമിയെ തത്സമയം കാണാം

    കുറിപ്പ്

    • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല.
    • 2021 ജൂൺ 15 സന്ധ്യയ്ക്ക് മദ്ധ്യകേരളത്തിൽ 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ പട്ടിക

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം
Next post വരൂ…ചൊവ്വയിലൂടെ ഒരുമണിക്കൂർ യാത്ര ചെയ്യാം
Close