Read Time:11 Minute

വി.ആര്‍.രാമന്‍ , നിര്‍മ്മ ബോറ, കണിക സിംഗ് എന്നിവര്‍ Indianexpress-ല്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷ

2011 ലെ സെൻസസ്  പ്രകാരം ഇന്ത്യയിലെ വിവിധ നഗര പ്രദേശങ്ങളിലായി തിങ്ങിപ്പാർക്കുന്ന ദരിദ്രരായ മനുഷ്യരുടെ എണ്ണം 65 മില്യണിന് മുകളിലാണ്.  അതായത്  ആകെ നഗര ജനസംഖ്യയുടെ 17 ശതമാനം. നഗരങ്ങളിലെ ജനസഖ്യ വർധനവിന്റെ തോത് പ്രതിവർഷം 2-3 ശതമാനം ആണെന്നിരിക്കെ, അതേ നഗരങ്ങളിലെ തന്നെ ചേരികളിലും തെരുവോരങ്ങളിലും ജീവിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന വളരെയധികമാണ്. അതിൽ ഒരു വലിയ വിഭാഗത്തിനും നിലവിലുള്ള സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ ലഭിക്കുന്നില്ല.

അല്ലെങ്കിൽ ഇത്തരം സമൂഹ്യക്ഷേമ പദ്ധതികളിൽ നിന്നും അടിസ്‌ഥാന സേവനങ്ങളിൽ നിന്നും ഈ വിഭാഗം ദരിദ്ര ജനത അവഗണിക്കപ്പെടുന്നു എന്നു തന്നെ പറയാം.  കോവിഡ് കാലത്ത് ഇവരുടെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണ്. ശുചിത്വം, ശാരീരിക അകലം, അവശ്യ വസ്തുക്കളുടെ ലഭ്യത, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ, വർക് ഫ്രം ഹോം സൗകര്യങ്ങൾ തുടങ്ങി എല്ലാം  ഉന്നത- മധ്യ ശ്രേണിയിലുള്ളവരുടെ പ്രിവിലെജുകളായി തുടരുമ്പോൾ, അതേ നഗരങ്ങളിലെ പാവപ്പെട്ട മനുഷ്യർ ഈ പ്രിവിലെജുകളൊന്നും എത്തിപ്പിടിക്കാനാവാതെ അതിജീവിക്കാനായി ഓരോ ദിവസവും കഷ്ടപ്പെടുകയാണ്‌. എന്നാൽ ഈ മഹാമാരിയുടെ ഏറ്റവും വലിയ ഇരകളായ ഇവർ രോഗവ്യാപനത്തിന്റെ കാരണക്കാരായി മുദ്രകുത്തപ്പെടുന്നു. ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഈ മനുഷ്യർ കൂടുതൽ വിവേചനങ്ങൾ നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. മുംബൈയിലെ ധാരാവിയിൽ ഉണ്ടായ  ഭീകരമായ രോഗവ്യാപനം, ഡൽഹിയിലെയും ഭോപ്പാലിലെയും ചേരികളിലും  ഉണ്ടായിക്കൊണ്ടിരിക്കുന്ന രോഗവ്യാപനം എന്നിവ ദരിദ്രജനങ്ങളുമായി ബന്ധപ്പെട്ട കോവിഡിന്റെ ഉയർന്ന  അപകടസാധ്യതകളെ കൃത്യമായി കാണിച്ചു തരുന്നുണ്ട്.

കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, നഗരപ്രദേശങ്ങൾക്കുൾപ്പടെ മാർഗ്ഗരേഖകൾ നൽകുന്നുണ്ട്. ഇവയിലധികവും താഴെതട്ടിലുള്ളവരുടെ അവസ്ഥകൾ കൃത്യമായി പരിഗണിക്കാതെയാണ്.
ഉദാഹരണത്തിന് , തിരക്കേറിയ നഗരങ്ങളിൽ പൊതുശുചിമുറികളുടെ സുരക്ഷിതമായ ഉപയോഗവും നടത്തിപ്പും ഉറപ്പുവരുത്താൻ ഭവന-നഗരകാര്യ മന്ത്രാലയം നിർദേശിക്കുന്നുണ്ട്. അതുപോലെ തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം ചേരികളിലുള്ള കോവിഡ് രോഗവ്യാപനം പരിശോധിക്കുവാനാണ്. പക്ഷേ, മേൽപ്പറഞ്ഞവയൊന്നും നഗരങ്ങളിലെ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള വെള്ളം, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കളുടെ വിതരണം, ചുറ്റുപാടുകളുടെ ശുചീകരണം തുടങ്ങിയ അടിസ്ഥാന സേവനങ്ങളുടെ കൃത്യമായ നിർവഹണം ഉറപ്പുവരുത്തുന്നതിനെ പറ്റി ചർച്ച ചെയ്യുന്നില്ല. മാത്രമല്ല, ചേരികളിൽ താമസിക്കുന്ന മനുഷ്യരുടെ സുരക്ഷയെക്കുറിച്ചും അവ സംസാരിക്കുന്നില്ല.

നഗരങ്ങളിലെ ദരിദ്ര ജനവിഭാഗം നേരിടുന്ന വെല്ലുവിളികൾ ഏറെ വലുതാണെന്നിരിക്കെ, അവരുടെ സുഗമമായ ജീവിതം ഉറപ്പുവരുത്താനുള്ള ചില അവശ്യ നടപടികളാണ് ഇവിടെ ഇനി ചർച്ച ചെയ്യുന്നത്. ശുദ്ധജലത്തിന്റെയും ശുചീകരണ സേവനങ്ങളുടെയും ലഭ്യതക്കുറവാണ് ഒരു പ്രധാന വെല്ലുവിളി.  സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഈ സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നു എന്ന തെറ്റിധാരണ നിലനിൽക്കുമ്പോൾ, അതിനു വിപരീതമായി ദരിദ്രരായ ഈ വിഭാഗം (മധ്യവർഗവുമായി താരതമ്യപ്പെടുത്തുമ്പോൾ) ഉയർന്ന നിരക്കുനൽകിയാണ്  ഈ സേവനങ്ങൾ നേടുന്നത്.  വെള്ളം വാങ്ങുന്നതിനായി നിയന്ത്രണങ്ങൾക്ക് വിധേയമല്ലാത്ത ചന്തകളെ (unregulated market),  ആശ്രയിക്കുന്നതും ‘pay and use’ അടിസ്‌ഥാനത്തിൽ പൊതു ശുചിമുറികൾ ഉപയോഗിക്കാൻ  നിർബന്ധിതരാവുന്നതുമെല്ലാം ഉദാഹരണങ്ങളാണ്.

എന്നാൽ ഈ കോവിഡ് സമയത്ത് പണം നൽകി ഉപയോഗിക്കുന്ന ഇത്തരം അനിയന്ത്രിത സേവനങ്ങൾ പോലും നഗരങ്ങളിലെ ദരിദ്ര ജനവിഭാഗത്തിന് ലഭിക്കുന്നില്ല. അതിനാൽ ഇവർക്കായുള്ള ജലവിതരണവും, ശുചീകരണ സൗകര്യങ്ങളും പൊതുസേവനങ്ങളായി ലഭ്യമാക്കിയേ  മതിയാകൂ. 

പൈപ് വെള്ളത്തിന്റെ അഭാവത്തിൽ ചേരികളിലും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും ടാങ്കർ ലോറികൾ വഴിയുള്ള ജലവിതരണ സാധ്യതയാണ് ഉപയോഗപ്പെടുത്തുന്നത്. ലോക്ക്ഡൗണിനിടയിൽ  ടാങ്കർ സേവനങ്ങൾ ലഭ്യമല്ലാതാവുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നത്, വെള്ളത്തിനായി ഏറെ ദൂരം നടക്കുന്നതിന് ആളുകളെ നിർബന്ധിതരാക്കുന്നു. അഥവാ ഇടുങ്ങിയ ചേരി പ്രദേശങ്ങളിൽ ടാങ്കറുകൾ എത്തിയാൽതന്നെ ശാരീരിക അകലം പാലിക്കാതെ ആളുകൾ തിങ്ങിക്കൂടുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇവിടങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ആരംഭിക്കുന്നതിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. വെല്ലുവിളികൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി ചേരിപ്രദേശങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കുന്നതും സ്വകാര്യ ദാതാക്കളുടേതടക്കമുള്ള ടാങ്കറുകൾ വഴി ജലവിതരണം ക്രമാനുസൃതമാക്കുന്നതും ചില ഫലവത്തായ മാർഗ്ഗങ്ങളാണ്. ചേരികളിൽ  10-12 കുടുംബങ്ങൾക്ക് വേണ്ട വെള്ളം ഉൾക്കൊള്ളാനാവുന്ന ഒന്നിലധികം ടാങ്കുകൾ വെള്ളം ശേഖരിച്ചു വെക്കുന്നതിനായി സ്ഥാപിക്കുന്നതും അവയിൽ ഒന്നിലധികം പൈപ്പുകൾ ഘടിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇങ്ങനെ വരുമ്പോൾ ടാങ്കറുകളിൽ കൊണ്ട് വരുന്ന വെള്ളം ടാങ്കുകളിൽ നിറക്കാനും അതിൽ നിന്ന് സൗകര്യാർത്ഥം, ശാരീരിക അകലം പാലിച്ചു കൊണ്ട് ആളുകൾക്ക് വെള്ളം ശേഖരിക്കാനും സാധിക്കും. ഈ സംവിധാനം സാധ്യമല്ലാത്ത പ്രദേശങ്ങളിൽ  പരിശീലനം നൽകിയ വളണ്ടിയർമാരെ  നിയമിക്കേണ്ടതായുണ്ട്. ഇവർ വഴി ജനത്തിരക്ക് നിയന്ത്രിക്കാനും ശാരീരിക അകലം ഉറപ്പുവരുത്താനും, ഗർഭിണികൾ, വൈകല്യങ്ങളുള്ളവർ, പ്രായമായവർ എന്നിവർക്ക് കൂടുതൽ പരിഗണന നൽകാനും കഴിയും.  ഇതോടൊപ്പം ഹെൽപ് ലൈനുകളും പരാതിപരിഹാര സെല്ലുകളും രൂപീകരിക്കുന്നതിലൂടെ ജലവിതരണം കൂടുതൽ ഫലപ്രദമാകും.

സാമൂഹ്യ-വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിലും, ചേരികളിലും മറ്റ് ഇടുങ്ങിയ പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. സ്വകാര്യ ശുചിമുറികളുടെ അഭാവത്തിൽ ഇവർ ആശ്രയിക്കുന്നത് ഒന്നോ രണ്ടോ പൊതു ശുചിമുറികളെയാണ്. അത് രോഗവ്യാപന സാധ്യതകൾ വർധിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ മൊബൈൽ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നത് പ്രശ്നം ഭാഗികമായി പരിഹരിക്കുന്നതിന് സഹായിക്കും. കൃത്യമായ ഇടവേളകളിലുള്ള ശുചീകരണ പ്രവർത്തനങ്ങളും കൈകഴുകുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതായുണ്ട്. മാത്രമല്ല, കാത്തിരിപ്പു സമയങ്ങളിൽ ശാരീരിക അകലം ഉറപ്പുവരുത്തുന്നതും അനിവാര്യമാണ്. ഒന്നിലധികം പൊതു ശുചിമുറികൾ പ്രയോഗികമല്ലാത്ത സ്ഥലങ്ങളിൽ താത്കാലിക ശുചിമുറികളിലൂടെ പരിഹാരം കണ്ടെത്താനാവും.

ഈ സംവിധാങ്ങൾ കൃത്യമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ , സാഹചര്യങ്ങൾ സാധാരണ ഗതിയിലെത്തും വരെയെങ്കിലും,   ജലവിതരണവും ശുചിമുറികളും സൗജന്യ സേവനങ്ങളാക്കേണ്ടിയിരിക്കുന്നു. ശുചിത്വം ഉറപ്പുവരുത്താൻ സോപ്പുകളും സാനിറ്ററി പാഡുകളും അടങ്ങുന്ന ശുചിത്വ കിറ്റുകൾ ചേരികളിലുള്ള വീടുകളിൽ വിതരണം ചെയ്യണം. അമൃത് (AMRUTH) പോലുള്ള സ്കീമുകൾ, ദുരന്തനിവാരണ ഫണ്ടുകൾ തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്താം. ഇത് കൂടാതെ വെള്ളം വിതരണം ചെയ്യുന്ന തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. സുരക്ഷാ ഉപാധികളും ആരോഗ്യ ഇൻഷുറൻസുകളും അവർക്ക് ലഭ്യമാക്കണം.

രോഗവ്യാപനത്തിന്റെ വേഗത കുറക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചു എന്ന് സമ്മതിക്കുമ്പോൾ തന്നെ ,  സാമൂഹ്യ-സാമ്പത്തിക അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തെ ഈ കാലം കൂടുതൽ ദുഷ്കരമാക്കി എന്നതാണ്‌ സത്യം. വരും ദിവസങ്ങളിൽ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തുമ്പോഴും നഗരങ്ങളിലെ ദരിദ്ര ജനതയുടെ സ്ഥിതികളിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടാവുന്നില്ല. അതിനാൽ  ഫലവത്തായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതും സർക്കാറിന്റെ ഉത്തരവാദിത്തവും  ഇത്തരമൊരു സാഹചര്യത്തിന്റെ അനിവാര്യതയുമാണ്.


വിവര്‍ത്തനം : ആര്‍ദ്ര വി.എസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജി.പി.തല്‍വാറും ജനന നിയന്ത്രണ വാക്സിനും
Next post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 19
Close