Read Time:12 Minute

ഡോ.യു നന്ദകുമാര്‍

 

കാലാകാലങ്ങളിൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യുന്നു. അതിന്റെ കഥ രസകരമായി പറയുകയാണ് ആദം കുഹാർസ്‌കി രചിച്ച   Rules of Contagion: Why Things Spread and Why They Stop എന്ന പുസ്‌തകം.
ലണ്ടൻ മിഡിൽസെക്‌സ് ആശുപത്രി, 19 ഏപ്രിൽ 1987. എയ്‌ഡ്‌സ്‌ രോഗത്തിന് പുതിയ ചികിത്സാവിഭാഗം ആരംഭിക്കുന്ന വേളയിൽ എല്ലാവരേയും ആശ്ചര്യപ്പെടുത്തിയ സംഭവമുണ്ടായി. ഡയാന രാജകുമാരി ഒരു രോഗിക്ക് ഹസ്‌തദാനം നൽകി. ഇന്നത്തെ സാങ്കേതികവിദ്യയും സാമൂഹ്യമാധ്യമങ്ങളും ഇല്ലാത്ത അക്കാലത്ത്‌ ഡയാനയും രോഗിയും ഒപ്പംനിൽക്കുന്ന ചിത്രം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ വൈറലായ ചിത്രം. പരസ്‌പരം ചേർന്നുനിന്നാലോ സ്‌പർശിച്ചാലോ രോഗവ്യാപനം നടക്കില്ലെന്ന ശാസ്‌ത്രവിജ്ഞാനം ഉണ്ടായിട്ടും ലോകമെമ്പാടും സമൂഹം അയിത്തം സ്ഥാപിച്ച രോഗമായിരുന്നു എയ്‌ഡ്‌സ്‌. നാം ഈ കോവിഡ്–-19 കാലത്ത് അകലം പാലിക്കേണ്ടതുപോലെ രോഗികളോടൊത്തുനിൽക്കൽ എയ്‌ഡ്‌സ്‌ പരിചരണത്തിന്റെ അടിസ്ഥാനശിലയായിരുന്നു. ശാസ്‌ത്രവിജ്ഞാനം എത്ര ശക്തമാണെങ്കിലും പൊതുബോധം അതോടൊപ്പം നിൽക്കണമെന്നില്ല; പലപ്പോഴും വിപരീത ദിശയിലാകും.  അകലം പാലിക്കാതെ ഒത്തുചേരലും ആഘോഷം നടത്തലും എത്ര സങ്കീർണമായ അവസ്ഥയുണ്ടാക്കുന്നുവെന്ന്‌ ശ്രദ്ധിക്കുക.

രോഗം പരത്തുന്ന സൂക്ഷ്‌മാണു സമൂഹത്തിലെത്തിയാൽ അതിന്റെ ശീലങ്ങൾ കണ്ടെത്തുകയും പഠിക്കുകയും  തടയുന്നതിന് മാർഗങ്ങൾ തേടുകയും ചെയ്യുന്നത് ഒന്നിലേറെ ശാസ്‌ത്രവിഷയങ്ങൾ സംഗമിക്കുമ്പോഴാണ്. ഒരുകാലത്ത് കാത്തിരിപ്പും പ്രത്യാശയും മാത്രമായിരുന്നു നമുക്ക് ചെയ്യാനുണ്ടായിരുന്നത്.  രണ്ട്‌ നൂറ്റാണ്ടുനീണ്ട പഠനങ്ങളാണ് പകർച്ചവ്യാധികളെയും രോഗവ്യാപനത്തെയും മെരുക്കാനും സാമൂഹ്യാഘാതം പരിമിതപ്പെടുത്താനും സഹായിച്ചത്. കാലാകാലങ്ങളിൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യുന്നു. അതിന്റെ കഥ രസകരമായി പറയുകയാണ് ആദം കുഹാർസ്‌കി രചിച്ച  Adam Kucharski – Rules of Contagion: Why Things Spread and Why They Stop (2020, Profile books, UK)  എന്ന പുസ്‌തകം.
രോഗമോ ആശയമോ എന്തുമാകട്ടെ, എല്ലാ പൊട്ടിപ്പുറപ്പെടലുകൾക്കും സമാനതകളുണ്ട്: ഇത് 1918‐19 കാലത്തെ സ്‌പാനിഷ് ഫ്ലൂ, 2009ലെ പന്നിപ്പനി എന്നിവയിൽ ഒരുപോലെ കണ്ടതുമാണ്. നാല്‌ ഘട്ടം നമുക്ക് കാണാനാകും; പ്രാരംഭം, വികാസം, മൂർധന്യം, ക്ഷയിക്കൽ എന്നിവ. വലിയ പകർച്ചവ്യാധികൾക്കുശേഷം നടക്കുന്ന പഠനങ്ങൾ ഈ മാതൃക ശരിയെന്ന് തെളിയിച്ചിട്ടുണ്ട്. മറ്റൊന്നുകൂടി ഓർമിക്കണം; ഒരു വ്യാജവാർത്ത വൈറലാകുമ്പോൾ ആയിരങ്ങൾ പ്രാരംഭത്തിൽത്തന്നെ നശിക്കും. മൃഗങ്ങളിൽനിന്ന്‌ മനുഷ്യനിലേക്ക് തെന്നിവീണ് ആഗോളവ്യാധിയാകാൻ ഒരു വൈറസ് വിജയിച്ചാൽ ദശലക്ഷം വൈറസുകൾ ആ ദൗത്യത്തിൽ പരാജയപ്പെടുന്നു. എബോള വൈറസ്‌ പശ്ചിമ ആഫ്രിക്കയിലെ  ഗിനീയിൽനിന്ന് ആരംഭിച്ച് 2014ൽ ലൈബീരിയ, സിയറെ ലിയോൺ എന്നിവിടങ്ങളിൽ എത്തിയപ്പോൾ അതിവേഗവികാസം തുടങ്ങി. രണ്ടാഴ്‌ചതോറും രോഗബാധിതരുടെ എണ്ണം ഇരട്ടിക്കും എന്നനില. ഇത് രോഗനിയന്ത്രണം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യം നമ്മെ പഠിപ്പിക്കുന്നു. ഒരാശുപത്രി വേണ്ടിടത്ത് കേവലം ഒരുമാസം വൈകിയാൽ നാലാശുപത്രി വേണ്ടിവരും എന്ന് സാരം. പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ കാതലായ പങ്കുണ്ട് സമയത്തിന്. സംഘാടനത്തിൽ ഏതാനും ദിവസത്തെയോ ആഴ്‌ചയുടെയോ കാലതാമസമാണ് ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമാകുന്നത്. മെക്‌സിക്കോയിൽ ആരംഭിക്കുന്ന വൈറൽ രോഗം ദിവസങ്ങൾക്കുള്ളിൽ ചൈനയിൽ എത്തുന്നു, തൊട്ടടുത്തുള്ള കരീബിയൻ ദ്വീപുകൾ ബാധിക്കാതെ. യാത്രാസമയം ചുരുങ്ങുകയും ഇടവേളകൾ ഇല്ലാതാകുകയും ചെയ്യുന്നതിന്റെ ഫലമാണിത്.
ഫിജിയുടെ തലസ്ഥാനമായ സുവയിൽ 2014 മുതൽ ഡെങ്കിപ്പനി വ്യാപിച്ചു. ആദ്യമാസങ്ങളിൽത്തന്നെ 25000 ഡെങ്കി രോഗികളുണ്ടായി. ഫിജിയുടെ ജനസംഖ്യകൂടി പരിഗണിക്കുമ്പോൾ ഇത് വലുതാണ്. കുഹാർസ്‌കിയുടെ പഠനം പുരോഗമിക്കുമ്പോൾ ലോകാരോഗ്യ സംഘടനയിലെ ഒരു വിദഗ്‌ധൻ പറഞ്ഞു, ഫിജിയിൽ അവിടവിടെ ഗിലാൻ ബാരി രോഗം ക്ലസ്റ്ററുകളായി കാണുന്നുവെന്ന്.  ലക്ഷത്തിലൊരാളിന് സംഭവിക്കുന്ന രോഗമായതിനാൽ ക്ലസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടാൽ അതന്വേഷിക്കേണ്ടിയിരിക്കുന്നു. പാരാലിസിസ് ഉണ്ടാകുന്നതിനാൽ ചികിത്സയും ഒരുക്കങ്ങളും സങ്കീർണമാണ്. ഡെങ്കിയുമായി സാമ്യമുള്ള മറ്റൊരു വൈറസ് രോഗമായ സീക്ക പടർന്നുപിടിക്കുകയായിരുന്നു അപ്പോൾ. ഉഗാണ്ടയിലാണ് 1947ൽ സീക്ക വൈറസ് കണ്ടെത്തിയത്; കൊതുകുജന്യ രോഗമായി ഒതുങ്ങിക്കഴിഞ്ഞ സീക്ക 2014 മുതൽ ഭയപ്പെടുത്തുന്ന പകർച്ചവ്യാധിയായി. ഉഗാണ്ടയിൽനിന്ന്‌ തഹിതിയിലും ബ്രസീലിലും കടന്നുകയറി. ബ്രസീലിൽ രോഗബാധിതരായ പല ഗർഭിണികളും മസ്‌തിഷ്‌കവികാസം കുറഞ്ഞ ശിശുക്കളെ പ്രസവിച്ചു.
 കാതലായ പൊതുജനാരോഗ്യ പഠനങ്ങൾക്ക് സീക്ക കാരണമായി. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും ലോകംചുറ്റി സഞ്ചരിക്കുന്നതും  വാർത്തയല്ലാതായി. സൂക്ഷ്‌മാണുവായ വൈറസ് സഞ്ചരിക്കുന്ന പാതയും വ്യാപനവും മനസ്സിലാക്കുന്നത് സ്റ്റാറ്റിസ്റ്റിക്‌സ്, ഗണിതശാസ്‌ത്രം എന്നിവ ഉപയോഗിച്ച്‌ സൃഷ്ടിക്കുന്ന മോഡലുകൾ പ്രകാരമാണ്. റൊണാൾഡ്‌ റോസ് എന്ന ഭിഷഗ്വരന്റെ പ്രയത്നങ്ങളാണിത് സാധ്യമാക്കിയത്. അദ്ദേഹത്തിനുമുമ്പ് ജോൺ സ്‌നോ കോളറ പടർന്നുപിടിച്ചത് വെള്ളത്തിലൂടെയാണെന്നും നഗരത്തിലെ ഒരു പ്രത്യേക പൈപ്പിൽ നിന്നാകണം എല്ലാ കോളറകളും ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു. റോസ് ഇവിടെനിന്ന്‌ വളരെ മുന്നോട്ടുപോയി.
മലേറിയയുടെ ജീവചക്രം മനുഷ്യനിലും കൊതുകിലുമായി പങ്കിട്ടിരിക്കുന്നത് കണ്ടെത്തിയതിനാണ് റോസ് 1902ൽ നൊബേൽ ജേതാവായത്. മലേറിയ പടരുന്നതെങ്ങനെയെന്ന്‌ മനസ്സിലാക്കിയ റോസ് അതെങ്ങനെ തടുക്കാനാകും എന്ന അന്വേഷണത്തിലേക്ക്‌ തിരിഞ്ഞു. പരിസരശുചീകരണം വഴി കൊതുകുകളുടെ സംഖ്യ കുറയ്‌ക്കാമെന്നും അതുവഴി മലേറിയ നിയന്ത്രിക്കാമെന്നും റോസ് കണ്ടെത്തിയിരുന്നു. ഇതദ്ദേഹം ആഫ്രിക്കയിൽ തെളിയിക്കുകയുണ്ടായെങ്കിലും അതാർക്കും ബോധ്യപ്പെട്ടില്ലെന്നു കരുതാം. അദ്ദേഹത്തിന്റെ പിന്നീടുള്ള ശ്രമം, രോഗം നിയന്ത്രിക്കുന്നതിന്റെ കണക്കുകളുണ്ടെങ്കിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എളുപ്പമാകും എന്നദ്ദേഹം തീരുമാനിച്ചു. മലേറിയ വ്യാപിക്കുന്നതും നിയന്ത്രണവിധേയമാകുന്നതും ഗണിതശാസ്‌ത്ര മാതൃകയിൽ പറഞ്ഞുവയ്‌ക്കാമെങ്കിൽ അത് നിസ്‌തർക്കമായ തെളിവുകളിലേക്ക് നയിക്കും. മലേറിയ ഭേദമാകുന്നവരുടെ അത്രയുമെങ്കിലും രോഗികൾ പുതുതായി ഉണ്ടാകുന്നില്ലെങ്കിൽ മലേറിയ ക്രമേണ ഇല്ലാതാകും എന്നായിരുന്നു അടിസ്ഥാനമായ നിഗമനം.
അതിനനുസൃതമായ ഗണിതശാസ്‌ത്ര മോഡൽ നിർമിക്കാൻ റോസിനായി എന്നതാണ് അദ്ദേഹത്തെ വിശിഷ്ടനാക്കുന്നത്. കൂടുതൽ ഗണിതശാസ്‌ത്രജ്ഞർ റോസ് സിദ്ധാന്തം അംഗീകരിച്ചതോടെ എപിഡെമിയോളജി എന്ന നൂതനശാഖ വികസിച്ചുതുടങ്ങി. 1920 ആയപ്പോൾ ഏതുരോഗവും റോസ് മാർഗത്തിലൂടെ കാണണമെന്നായി. റോസാകട്ടെ തന്റെ ‘സംഭവങ്ങളുടെ സിദ്ധാന്തം’ എന്ന പുസ്‌തകത്തിലൂടെ പലയിടത്തും നടക്കുന്ന എന്തും എപിഡെമിയോളജി വിധിപ്രകാരം പ്രശ്നവൽക്കരിക്കാം എന്ന് കണ്ടെത്തി. ഉദാഹരണത്തിന്, വാഹനാപകടം, വിവാഹമോചനം, എന്നിവയും കോളറ, മലേറിയ എന്നിവയും സമൂഹവ്യാപന മാതൃകയിൽ സമാനമാണ്.
വ്യാപനത്തിന്റെ തോത് നിർണയിക്കാൻ ആർ സീറോ എന്ന അളവ് ഇതേത്തുടർന്ന് കണ്ടെത്തുകയുണ്ടായി. അതിലേക്ക്‌ നയിക്കുന്ന ഘടകങ്ങളും നമുക്കിപ്പോൾ വ്യക്തമായറിയാം. സമൂഹത്തിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും മിത്തുകളും നുണപ്രചാരണങ്ങളും കംപ്യൂട്ടർ വൈറസും എല്ലാം. ഈ രോഗവ്യാപന മാതൃകയിൽ ഒതുങ്ങുമെന്നു കാണാം. അപ്പോൾ രോഗനിയന്ത്രണത്തിൽ വ്യാജവാർത്തകളും നുണകളും ഒപ്പം പഠിക്കുകയും സമൂഹം അവയിൽനിന്ന് അകലം പാലിക്കാൻ ശ്രമിക്കുന്നതും രോഗവ്യാപനത്തിൽ സഹായിക്കും. ജീവിതത്തിലെ അക്രമവാസന, വാഹനാപകടങ്ങൾ, പുകവലി, ശരീരഭാരം, വൈറൽ സന്ദേശങ്ങൾ, എന്നിവ ചില സമാനതകൾ കാണിക്കും. എന്നാൽ, നേരെപകരുന്ന രോഗങ്ങൾ പോലെയല്ല ലൈംഗിക രോഗവ്യാപനം. രോഗചികിത്സയെയും എപിഡെമിയോളജി പഠനങ്ങൾ സഹായിക്കും. എബോള വ്യാപനസമയത്ത് മാറിക്കൊണ്ടിക്കുന്ന വൈറസ് ഘടന 2014ൽ പുറത്തുവന്നിരുന്നത് സാവധാനത്തിലായിരുന്നു. എന്നാൽ 2018 ആയപ്പോൾ ഘടനമാറ്റങ്ങൾ അപ്പപ്പോൾ പുറത്തുവന്നതിനാൽ ഫലപ്രദമായ ചികിത്സ കൂടുതൽ വേഗത്തിൽ എത്തിക്കാനായി.
കുഹാർസ്‌കി ഒരുക്കിയ കണ്ടേജിയോൺ ഗൗരവമുള്ളതും വിജ്ഞാനപ്രദവുമാണ്. ഗണിതശാസ്‌ത്ര വിദഗ്‌ധനായ അദ്ദേഹം രോഗവ്യാപനം കൈകാര്യം ചെയ്യുമ്പോൾ നാം മനസ്സിലാക്കുന്ന ഒന്നുണ്ട്. പകർച്ചവ്യാധികളും പാൻഡെമിക്കുകളും ഇനി വന്നുകൊണ്ടിരിക്കും. അവ ആഴത്തിൽ പഠിക്കുന്നതിന്‌ ജീവശാസ്‌ത്രവും വൈദ്യശാസ്‌ത്രവും മാത്രംപോരാ, ഗണിതവും മാനവിക വിഷയങ്ങളും ഒന്നിച്ചുചേരണം. അതെങ്ങനെയെന്ന് രസകരമായി പറഞ്ഞുപോകുന്നു, ഇത്.

കടപ്പാട് : ദേശാഭിമാനി ബുക്ക് പിക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍- ഏപ്രില്‍ 11
Next post കോവിഡ് 19 ഉം ഇൻക്യുബേഷൻ കാലവും
Close