Read Time:46 Minute

പ്രൊഫ. എ.ബിജു കുമാർ

വേറിട്ട പരിസ്ഥിതി

കേരളത്തിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും ഇന്ത്യയിലെ മറ്റ് ഭൂപ്രദേശങ്ങളിൽ നിന്നും തികച്ചും വിഭിന്നമാണ്. പരിണാമത്തിലും പ്രായത്തിലും ഹിമാലയത്തെക്കാൾ പഴക്കമുള്ള സഹ്യപർവതം അനിതരസാധാരണമായ ജൈവവൈവിധ്യത്തിന്റെ കലവറയും, അതുകൊണ്ടുതന്നെ ലോകത്തെ അപൂർവ ജൈവവൈവിധ്യമേഖലകളിൽ ഒന്നും ആണ്. നമ്മുടെ സുഗന്ധ, നാണ്യ വിളകളുടെ സുസ്ഥിരമായ ലഭ്യതയും കാലാവസ്ഥാ സംരക്ഷണവും വെള്ളം, വായു, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ജീവസന്ധാരണ വ്യവസ്ഥകളുടെ ലഭ്യതയും പശ്ചിമഘട്ടത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. പശ്ചിമഘട്ടമലനിരകൾ ഡെക്കാൻ പീഠഭൂമിയിൽ നിന്ന് കേരളത്തെ പാരിസ്ഥിതികമായും സാംസ്കാരികമായും സംരക്ഷിച്ചുനിറുത്തിയിരുന്നുവെന്നതിനു പുറമെ സുസ്ഥിരവികസനത്തിന്റെ ആധാരശിലകളായ പരിസ്ഥിതി സുരക്ഷ, സാമ്പത്തിക സുരക്ഷ, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്ന് ചുരുക്കം.

കേരളത്തിൽ ഇന്ന് നാം കാണുന്ന ഉയർന്ന സാമൂഹ്യവികസനത്തിന് വിഭവ ലഭ്യത മാത്രമായിരുന്നില്ല കാരണം, മറിച്ച് സാക്ഷരതയിലും തുല്യതയിലും ഊന്നിയ സാമൂഹ്യ നവോത്ഥാനത്തിന്റെ പരിപ്രേഷ്യവും കൂടിയായിരുന്നു. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം എന്ന നിലയിൽ പ്രകൃതിവിഭവപരിപാലനത്തിലും മാനവവിഭവശേഷിയുടെ വികസനത്തിലും ഊന്നിയ സുസ്ഥിരവികസനം എന്ന ആശയത്തിന്റെ ആവിഷ്കാരത്തിനും പറ്റിയ മണ്ണാണ് കേരളം. എന്നാൽ സുസ്ഥിരവികസനം എന്ന ആശയം പ്രാവർത്തികമാക്കാൻ മൗലികമായ ഒരു പരിവര്‍ത്തനം ഭക്ഷണം, ഭൂവിനിയോഗം, പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം, അടിസ്ഥാനസൗകര്യവികസനം, എന്നിവകൂടി ഉൾപ്പെടുന്ന സാമൂഹ്യ-സാമ്പത്തിക സംവിധാനങ്ങളിൽ ഏർപ്പെടുത്തേണ്ടി വരും.

സുസ്ഥിരവികസനവും കേരളവും

രാജ്യത്തെ പൊതുസാമൂഹികാവസ്ഥയില്‍നിന്നു വേറിട്ട് ഉയര്‍ന്നുനില്‍ക്കുന്ന കേരളം സാമൂഹ്യ വികസനത്തിന് ഒരു ആഗോളമാതൃകയാണ്. മികച്ച സാക്ഷരതാനിരക്കും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ശിശുമരണവും കുറഞ്ഞ മാതൃമരണവും മെച്ചപ്പെട്ട സ്ത്രീപുരുഷ അനുപാതവും ഒക്കെയുള്ള സമൂഹം. സാര്‍വ്വത്രികവിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനവും പൊതുവിതരണ സംവിധാനവും വിഭവങ്ങളുടെയും കൃഷിഭൂമിയുടെയും പുനര്‍വിതരണവും അടിസ്ഥാനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണവും ഒക്കെ സമഗ്ര വികസനം എന്ന ആശയം യാഥാർഥ്യമാക്കുന്നതിന് ഉപോൽബലകമായിട്ടുണ്ട്. അനിതരസാധാരണമായ ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും കേരളത്തിന്റെ തനത് സവിശേഷതയാണെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടുതന്നെ  സവിശേഷ പരിസ്ഥിതി നിലനില്ക്കുന്ന ഇടവും ആണ്. അതുകൊണ്ടുതന്നെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന വികസനപരിപ്രേഷ്യവും ഉപഭോഗസംസ്കാരവും നിലനിറുത്തേണ്ട ആവശ്യവും ഉണ്ട്. സ്ഥലസംബന്ധിയായ ആസൂത്രണത്തിലെ പിഴവും കൃത്യമായ ഭൂവിനിയോഗ നയത്തിന്റ അഭാവവും വികസനപദ്ധതികൾ പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന സാഹചര്യം ചില സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്. തുടരുന്ന പരിസ്ഥിതി നാശവും വിഭവശോഷണവും ഏറെ സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് സാധാരണ ജനങ്ങളെയാണ്.

പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും മേൽ ഏറിവരുന്ന കൈയേറ്റങ്ങളുടെ പരിണിതഫലങ്ങളും പ്രകടമാണെന്നും പ്രകൃതിയോടുള്ള കരുതൽ വർദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ പരിസ്ഥിതി എത്രത്തോളം വെല്ലുവിളി നേരിടുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് 2018 ൽ മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം. ജലവിഭവം നേരിടുന്ന വെല്ലുവിളികൾ, വയൽനിലങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും നാശവും അനുബന്ധ പരിസ്ഥിതിപ്രശ്നങ്ങളും, വനങ്ങളുടെ നശീകരണവും ശോഷണവും ഉയർത്തുന്ന വെല്ലുവിളികൾ, തീരദേശ സമുദ്ര ആവാസവ്യവസ്ഥ നേരിടുന്ന ഭീഷണികൾ, ഖരമാലിന്യ നിർമ്മാർജനം, വായുമലിനീകരണം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയൊക്കെ ഈ ധവളപത്രം വിശദമായി ചർച്ച ചെയ്യുന്നു. പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഭൂഗർഭ ജലസ്രോതസുകളിൽ അമിതമായ ഫ്ലൂറൈഡ് സാന്നിധ്യമാണെങ്കിൽ കൊച്ചി, പാലക്കാട്, കൊല്ലം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാവസായിക മലിനീകരണം മൂലം ഭൂഗർഭജലം മലിനമാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ജലാശയങ്ങളും മനുഷ്യവിസർജ്യം കൊണ്ടുള്ള മലിനീകരണത്തിന്റെ ഭീഷണിയിലാണ്, ഒപ്പം പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ഖരമാലിന്യങ്ങളുടെ ആധിക്യവും. പരിസ്ഥിതിയുടെയും പ്രകൃതി വിഭവങ്ങളുടെയും മേൽ ഏറിവരുന്ന കൈയേറ്റങ്ങളുടെ പരിണിതഫലങ്ങളും പ്രകടമാണെന്നും പ്രകൃതിയോടുള്ള കരുതൽ വർദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ ജൈവവൈവിധ്യവും നല്ല മണ്ണും ശുദ്ധവായുവും ശുദ്ധ ജലവും സംരക്ഷിക്കുന്നതിന് എത്രത്തോളം പ്രതിജ്ഞാബദ്ധമായ ഇടപെടലുകൾ ആവശ്യമുണ്ട് എന്നതാണു ധവളപത്രം വ്യക്തമാക്കുന്നത്

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് പൊതുവെ സുസ്ഥിര വികസനം (sustainable development) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാവിതലമുറയുടെ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ട് ഈ തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകുംവിധമുള്ള വികസനമാണ് സുസ്ഥിര വികസനം. ഇന്നത്തെ വികസനസമീപനങ്ങൾ ഇനിവരുന്ന തലമുറയ്ക്ക് അവശ്യം വേണ്ട വിഭവങ്ങൾ ഉറപ്പുവരുത്തുന്നതും ആവണം എന്ന് ചുരുക്കം. പരിസ്ഥിതി വികസനം, സാമ്പത്തിക വികസനം, സാമൂഹ്യ വികസനം എന്നീ ആധാരശിലകളാണ് സുസ്ഥിരവികസനത്തിനുള്ളത്.

ഐക്യരാഷ്ട്രസഭ 2030 ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ചു മുന്നോട്ടുവച്ചിട്ടുള്ള 17 ലക്ഷ്യങ്ങളെയാണ് സുസ്ഥിര വികസനലക്ഷ്യങ്ങൾ (United Nations 17 Sustainable Development Goals) എന്ന് വിളിക്കുന്നത്. ഇവ യഥാക്രമം ദാരിദ്ര്യ നിർമ്മാർജ്ജനം, വിശപ്പില്ലാത്ത അവസ്ഥ, നല്ല ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ വെള്ളവും ശുചിത്വവും, താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം, മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും, വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ, കുറയുന്ന അസമത്വം, സുസ്ഥിര നഗരങ്ങളും കമ്മ്യൂണിറ്റികളും, ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും, കാലാവസ്ഥാ പ്രവർത്തനം,  ജലത്തിലെ ജൈവവൈവിധ്യം, കരഭൂമിയിലെ ജീവൻ, സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ, ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം എന്നിവയാണ്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായുള്ള നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചിക റാങ്കിംഗില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 17 സുസ്ഥിര വികസനലക്ഷ്യങ്ങള്‍ ഉള്ളതില്‍ 16 ലക്ഷ്യങ്ങളിലെ സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളുടെ മൊത്തം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പൂജ്യത്തിനും 100 നും ഇടയിലുള്ള സ്കോറിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനതല സൂചിക തയാറാക്കപ്പെടുന്നത്. സുസ്ഥിര വികസന ലക്ഷ്യ സൂചിക സ്കോര്‍ 70 നേടിയ കേരളവും ചണ്ഡീഗഡുമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും റാങ്കിംഗില്‍ യഥാക്രമം മുന്നിലുള്ളത്. സുസ്ഥിര വികസന ലക്ഷ്യ റാങ്കിംഗില്‍ ‘ആരോഗ്യം’, ‘വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങള്‍’ എന്നീ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തും ‘വിദ്യാഭ്യാസം’, ‘ലിംഗസമത്വം’ എന്നിവയില്‍ രണ്ടാം സ്ഥാനത്തും ആണ്. സാമൂഹ്യനീതിയിൽ ഊന്നിയ നൂതന ആശയങ്ങളുടെ പ്രായോഗിക തലത്തിലുള്ള ആവിഷ്കാരവും ഈ നേട്ടത്തിന് കാരണമായിട്ടുണ്ടെങ്കിലും സുസ്ഥിരവികസന ലക്ഷ്യങ്ങൾ യാഥാർഥ്യമാകാൻ പാരിസ്ഥിതിക മൂലധനത്തിലും യുവതലമുറയുടെ നൈപുണ്യ വികസനത്തിലും ഊന്നിയ ഹരിത സമ്പദ്‌വ്യവസ്ഥയുടെ പിൻബലം തീർച്ചയായും വേണ്ടിവരും. കേരളത്തിന്റെ കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന വ്യതിയാനവും ആഗോളകാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന വിഭവദൗർലഭ്യവും, പേമാരികളും മറ്റു പ്രകൃതിദുരന്തങ്ങളും, നിപ്പ, കോവിഡ്-19 തുടങ്ങിയ മഹാമാരികളും നമ്മുടെ സാമ്പത്തികസുരക്ഷയെ തന്നെ അസ്ഥിരപ്പെടുത്തുന്ന നിലയിൽ എത്തിയിരിക്കുന്നു.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടുതന്നെ ഭൂപ്രകൃതിക്ക് ഇണങ്ങുന്ന വികസനപരിപ്രേഷ്യവും ഉപഭോഗസംസ്കാരവും നിലനിറുത്തേണ്ട ആവശ്യവും ഉണ്ട്. സ്ഥലസംബന്ധിയായ ആസൂത്രണത്തിലെ പിഴവും കൃത്യമായ ഭൂവിനിയോഗ നയത്തിന്റ അഭാവവും വികസന പദ്ധതികൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന സാഹചര്യം ചില സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ട്. തുടരുന്ന പരിസ്ഥിതി നാശവും വിഭവശോഷണവും ഏറെ സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് സാധാരണ ജനങ്ങളയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന ആശയം ലോകമെമ്പാടും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഒപ്പം, മൂലധന നിക്ഷേപം മാത്രമാണ് വികസനത്തിന്റെ ഒരേ ഒരു മാനദണ്ഡം എന്നതും ശരിയല്ല. പ്രകൃതിദത്ത മൂലധനനിക്ഷേപത്തിൽ ഉണ്ടാകുന്ന കുറവ് ഭൂമിയുടെ നിലനിൽപ്പിന് മാത്രമല്ല പ്രാദേശികമായ സുസ്ഥിരവികസനത്തിനു തന്നെ ഹാനികരമായി ഭവിച്ചേക്കാം എന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിനീതി, സാമൂഹ്യനീതി, അടിസ്ഥാനമൂല്യങ്ങൾ എന്നിവ സംരക്ഷിക്കാൻ പ്രകൃതിദത്ത മൂലധനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം രണ്ട് പ്രളയങ്ങളും പരിസ്ഥിതി മാറ്റങ്ങളുടെ സൃഷ്ടിയായ കോവിഡ്-19 മഹാമാരിയും നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒപ്പം, പ്രളയങ്ങളുടെയും വരൾച്ചകളുയും, കാലാവസ്ഥാമാറ്റത്തിന്റെയും, മഹാമാരികളുടെയും കാലഘട്ടത്തിൽ പരിസ്ഥിതി-ബന്ധിത പരിഹാരങ്ങൾ, സുസ്ഥിരവികസനം, നൈപുണ്യവികസനം, സമാധാനം, സന്തോഷം എന്നിവയിൽ ഊന്നിയ പുതുകേരള സൃഷ്ടിക്ക് ഹരിത രാഷ്ട്രീയചിന്തകൾ അനിവാര്യമായിരിക്കുന്നു.

വേണം ഒരു ഭൂവിനിയോഗ നയം

കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം ഒരു സമഗ്രമായ ഭൂവിനിയോഗനയം (land use policy) നടപ്പിലാക്കാൻ സാധിക്കാത്തതുകൊണ്ടു തന്നെ കൃഷിഭൂമിയുടെ വ്യാപകമായ നാശവും തുണ്ടുവൽക്കരണവും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ വ്യാപകവും അശാസ്ത്രീയവും ആയ നിർമാണപ്രവർത്തനങ്ങളും അനധികൃത ഖനനപ്രവർത്തങ്ങളും നിയന്ത്രിക്കാനായില്ല. സ്ഥലസംബന്ധിയായ ആസൂത്രണവും അതിന് ആവശ്യം വേണ്ട സാങ്കേതികവിദ്യകളുടെ പ്രയോഗവും ഉണ്ടാകാത്തതിനാൽ പാരിസ്ഥിക പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ എന്നിവ സംബന്ധിച്ച ഒരു വിവര ശേഖരവും (data bank) ഇല്ലാതെ പോയി. വേമ്പനാട് കായലിന്റെ വിസ്തൃതി നിലവിൽ നാലിൽ ഒന്നായി ചുരുങ്ങിയിരിക്കുന്നു. കണ്ടൽക്കാടുകളുടെ വിസ്തൃതി 50000 ഹെക്റ്ററിൽ നിന്ന് 5000 ഹെക്റ്ററിന് താഴെയായി. നെൽവയലുകളുടെ വിസ്തൃതി 1970-71 ൽ 8.7 ലക്ഷം ഹെക്റ്റർ ആയിരുന്നുവെങ്കിൽ നിലവിൽ അത് 2 ലക്ഷം ഹെക്റ്ററിൽ താഴെയാണ്.

പുതിയ സ്പേഷ്യൽ പ്ലാനിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂവിനിയോഗം കൃത്യമായി വേർതിരിക്കാനും മുൻഗണന നൽകി സംരക്ഷിക്കാനും ആകും. ഇപ്രകാരം പരിസ്ഥിതി പ്രാധാന്യമുള്ള തണ്ണീർതടങ്ങൾ, നെൽവയലുകൾ, കണ്ടൽക്കാടുകൾ എന്നിവയുടെ നിലവിലെ വിസ്തൃതി കൃത്യമായി രേഖപ്പെടുത്താൻ ആവുമെന്ന് മാത്രമല്ല കൈയേറ്റങ്ങളും മറ്റും ശാസ്ത്രീയമായി കണ്ടെത്താനും കഴിയും. വിവര ശേഖരം പൊതു സ്വത്താക്കി ലഭ്യമാക്കിയാൽ തർക്കങ്ങൾ ഒഴിവാക്കുകയും ആവാം. ഭൂപരിഷ്ക്കരണ രംഗത്തും കാര്‍ഷികരംഗത്തും അധികാരവികേന്ദ്രീകരണ രംഗത്തും സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ ജനകീയാസൂത്രണത്തിലൂടെ ശ്രമിക്കുകയും വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശിക വിഭവവിനിയോഗവും ജനപങ്കാളിത്തവുമെല്ലാം ഗണ്യമായതോതില്‍ കൈവരിക്കുകയും ചെയ്തുവെങ്കിലും അനിവാര്യമായ തുടര്‍ച്ച നിലനിറുത്തുന്നതിൽ വിജയം കൈവരിക്കാൻ സാധിച്ചില്ല.

ഏക ലോകം, ഏക ആരോഗ്യം

കേരളത്തിൽ 0-14 പ്രായ വിഭാഗത്തിലുള്ള ജനസംഖ്യ 1961-ല്‍ 43 ശതമാനമായിരുന്നത് 2011-ല്‍ 23 ശതമാനമായി കുറഞ്ഞുവന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. എന്നാൽ 60 വയസ്സിനു മുകളിലുള്ള ആശ്രിത വിഭാഗത്തിന്റെ എണ്ണം ഇക്കാലയളവിൽ 5 ശതമാനത്തിൽ നിന്നും 12.7 ശതമാനം അയി വർദ്ധിച്ചു. ആരോഗ്യ രംഗത്തെ ഉയർന്നു വരുന്ന പ്രശ്നങ്ങളായ ജീവിതശൈലീ രോഗങ്ങളും വയോജന ജനസംഖ്യയിലെ വർധന സൃഷ്ട്ടിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും ഒക്കെ പരിഹരിച്ച് ആരോഗ്യമുള്ള കേരളസമൂഹം എന്ന ലക്ഷ്യത്തോടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം തുടക്കം കുറിച്ചിരിക്കുന്നുവെങ്കിലും മാറിയ കോവിഡനന്തര സാഹചര്യത്തിൽ ലോകാരോഗ്യസംഘടന വിഭാവനം ചെയ്യുന്നതും പരിസ്ഥിതി, മനുഷ്യൻ, ജീവജാലങ്ങൾ എന്നിവയുടെ ആരോഗ്യം ഉറപ്പുവരുത്തുന്ന സമഗ്ര സമീപനവും ആയ ‘ഏക ആരോഗ്യം’ (one health) എന്ന ആശയത്തിലേക്കും കൂടി മാറേണ്ടിയിരിക്കുന്നു. കോവിഡനന്തര ലോകത്തിൽ സുസ്ഥിര വികസനം, സുസ്ഥിര ജീവനം, ആളോഹരി സന്തോഷം തുടങ്ങിയ ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുവന്നു മാത്രമല്ല നിയോലിബറൽ വികസനസമീപങ്ങളിലെ പൊള്ളത്തരം കൂടുതൽ വ്യതിരിക്തമാവുകയും ചെയ്തിരിക്കുന്നു.

പ്രകൃതിവിഭവങ്ങളും ഉപജീവന സാധ്യതകളും

സമ്പന്നമായ ജൈവവൈവിധ്യവും ഊർവ്വരതയുള്ള മണ്ണും സമൃദ്ധമായ മഴയും ജലവിഭവങ്ങളും പോഷകസമൃദ്ധമായ തീരക്കടലും പ്രകൃതിയുടെ വരദാനമായി ലഭ്യമാണെങ്കിലും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ പോലും സ്വയംപര്യാപ്‌തതയിൽ എത്താൻ നമുക്ക് ആയിട്ടില്ല. കൂടാതെ സമ്മർദ്ദം താങ്ങാൻ ആകാത്ത നിലയിൽ സ്വാഭാവിക ആവാസവ്യവസ്ഥകൾ എത്തിയപ്പോൾ മാറുന്ന കാലാവസ്ഥയിൽ സ്വയം പ്രതിരോധം തീർക്കാനുള്ള ആവാസവ്യവസ്ഥകളുടെ കഴിവും നഷ്ടമാകുന്നു. കൂടാതെ ആവാസവ്യസ്ഥയുടെ ഉൽപ്പാദനക്ഷമതയെ അടിസ്ഥാനമാക്കി ജീവസന്ധാരണം നടത്തുന്ന കർഷകർ, ഗോത്രസമൂഹങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ വരുമാനത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. സാമൂഹ്യനീതിയുടെ കാര്യത്തിൽ ഏറെ പുരോഗതി നേടാൻ സംസ്ഥാനത്തിന് കഴിഞ്ഞുവെങ്കിലും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പാർശ്വവത്കൃത സമൂഹത്തിന്റെ അവസ്ഥയിൽ കാര്യമായ മാറ്റം വന്നിട്ടില്ല എന്നുമാത്രമല്ല അവർക്കു നയരൂപീകരണത്തിൽ പങ്കാളിത്തവും കുറഞ്ഞു വരുന്നു. അവരുടെ പ്രതിനിധികളായി അധികാരശ്രേണിയിൽ എത്തിയവരും പരിസ്ഥിതിക്കു നേരെ നടക്കുന്ന കയ്യേറ്റങ്ങളിൽ മൗനം പാലിക്കുന്ന കാഴ്ചയും വിരളമല്ല.

പരിസ്ഥിതി ചർച്ചകളിൽ വേണ്ടത്ര പരിഗണിക്കാതെ തള്ളിക്കളയുന്നത് ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ആഗോളതലത്തിൽ ഭീകരമായ കമ്പോളവൽക്കരണം ആണ് കൃഷി, ആഹാരോൽപ്പാദനം എന്നീ മേഖലകളിൽ നടക്കുന്നത്. ആഗോളവൽക്കരണത്തിന്റെ ഭാഗമായി ലോകം മുഴുവൻ ഒറ്റ സംസ്കാരത്തിന് കീഴിലേക്ക് പ്രയാണം തുടരുമ്പോൾ മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ചവറു ഭക്ഷണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാണ്. ഏറ്റവുമധികം പരസ്യം നൽകി വിറ്റഴിക്കപ്പെടുന്ന കോർപ്പറേറ്റ് ഭക്ഷ്യവസ്തുക്കൾ നമ്മുടെ നാട്ടിലും വ്യാപകമാകുന്നു. ലോകത്ത്‌ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബർഗറുകളും പിസയും ഉയർന്ന കലോറി മൂല്യവും കൊഴുപ്പും മനുഷ്യന് സമ്മാനിക്കുന്നതിനാൽ തന്നെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. വിത്ത്, കീടനാശിനികൾ, രാസവളം എന്നിവയുടെ വിതരണം ഏതാനും കുത്തക കമ്പനികളുടെ വരുതിയിൽ ആകുമ്പോൾ ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യങ്ങളിൽ കാലാവസ്ഥാമാറ്റത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും ഇടയിൽ നട്ടംതിരിയുന്ന കർഷകർക്ക് ശുഭകരമായ ഭാവിയും അല്ല. അതുകൊണ്ടുത്തന്നെ പ്രാദേശിക വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യസുരക്ഷ/ പോഷക സുരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകേണ്ടിവരും.

പ്രകൃതിവിഭവ സംരക്ഷണം വഴി സാധാരണജനങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു വികേന്ദ്രീകൃത വികസന സംവിധാനങ്ങളിലൂടെ പരിഹാരം കാണേണ്ടതുണ്ട്. നാടൻ വിത്തിനങ്ങൾ, കന്നുകാലികൾ, മത്സ്യങ്ങൾ എന്നിവയെ ഉപയോഗിച്ചുള്ള എക്കോളജിക്കൽ കൃഷിരീതികൾ വഴി മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന നിരവധി മാതൃകകൾ പ്രാദേശികമായി ഉയർന്നുവരുന്നത് ശുഭോദർക്കമായ കാര്യമാണ്. ജൈവവൈവിധ്യ ബോർഡിന് കീഴിലുള്ള ജൈവവൈവിധ്യ പരിപാലന സമിതികൾ വഴി ജൈവവൈവിധ്യ സംരക്ഷണത്തിനൊപ്പം അവയുടെ സുസ്ഥിരമായ ഉപയോഗവും അതുവഴി ലഭ്യമാകുന്ന പ്രയോജനങ്ങളുടെ നീതിപൂർവകമായ പങ്കുവയ്ക്കലും സാധ്യമാകും. ജൈവവൈവിധ്യ പരിപാലന സമിതികൾ ജനകീയാസൂത്രണ സംവിധാനങ്ങളുടെ ഭാഗമാവുകയും വേണം. കൂടാതെ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ സേവനങ്ങളും ഇതിനായി പ്രയോജനപ്പെടുത്താം. ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്തായാൽ പ്രാദേശിക ജൈവവൈവിധ്യം വികസനത്തിനുള്ള കരുതൽ ആയി മാറുകയും ചെയ്യും.

പ്രകൃതി മൂലധനം

മനുഷ്യ ഇടപെടലുകള്‍, പ്രത്യേകിച്ചും കഴിഞ്ഞ അമ്പത് വര്‍ഷങ്ങളില്‍, കേരളത്തിലെ പുഴകളുടെ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു പുഴ ജനിക്കുന്നത് അതിന്റെ നീര്‍ത്തടപ്രദേശങ്ങളിലാണ്. പ്രസ്തുത പ്രദേശങ്ങളിലെ കാടുകളില്‍ വന്നിട്ടുള്ള കുറവും, നീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക നാശവും, അനിയന്ത്രിതമായി തുടരുന്ന മണല്‍ വാരലും, വര്‍ധിച്ചുവരുന്ന ക്വാറികളും, കൈയ്യേറ്റങ്ങളും പുഴകളുടെ പാരിസ്ഥിതിക നാശത്തിന് പ്രധാന കാരണങ്ങള്‍ ആണ്.

പശ്ചിമഘട്ടസംരക്ഷണത്തില്‍ ഊന്നിയ, പുഴകളെ ജീവനുള്ള ആവാസവ്യവസ്ഥയായി കണ്ടുകൊണ്ടുള്ള പുഴ-ബന്ധിത സമഗ്ര നവകേരള/വികസന പരിപ്രേഷ്യമാണ് നവകേരളസൃഷ്ടിയില്‍ ആദ്യം ഉണ്ടാകേണ്ടത്. ഒരു പുതിയ പദ്ധതി നടപ്പില്‍വരുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രാദേശികമായി അത് കാര്യമായി ചര്‍ച്ചാവിഷയമാക്കാതെ, ഇത്തരം വിഷയങ്ങളില്‍ പ്രാവീണ്യം ഉള്ള പ്രഗല്‍ഭരായ വ്യക്തികളുടെ അഭിപ്രായങ്ങള്‍ പാടെ അവഗണിച്ചു മുന്നോട്ട് പോകാനും ആവില്ല. പശ്ചിമഘട്ട സംരക്ഷണത്തില്‍ ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവച്ച ജനപക്ഷ ആശയങ്ങള്‍ രാഷ്ട്രീയകേരളം ഒരുമിച്ചുനിന്ന് തിരസ്കരിക്കുന്നതും നാം കണ്ടതാണ്. നവകേരള സൃഷ്ടിക്കായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ തീര്‍ച്ചയായും ഒരു പാരിസ്ഥിതിക പരിപ്രേക്ഷ്യത്തില്‍ ഊന്നിയതും പങ്കാളിത്തസമീപനം വിഭാവനം ചെയ്യുന്നതും ആണ്. എന്നാല്‍ ഇവിടെ മുന്‍ഗണന വേണ്ടത് പ്രളയം തകര്‍ത്ത ഭൌതിക സാഹചര്യങ്ങളെ (വീട്, പാലം, റോഡുകള്‍, എന്നിവ) കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ച് ലോകോത്തരമായി, പുതിയസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പുനസൃഷ്ടിക്കുക എന്നതാണ്. ഒപ്പം ജനങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും. അടുത്തത്, വെള്ളപ്പൊക്കം ഉള്‍പ്പടെ ഇനി ഉണ്ടാകാന്‍ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സ്വയം തയ്യാറാകുക എന്നതാണ്. ഇവിടെയാണ് പരിസ്ഥിതിയെ ആധാരമാക്കിയുള്ള വികസന സങ്കല്‍പ്പങ്ങള്‍ക്ക് പ്രസക്തി. ഇവിടെ പരിഗണന ലഭിക്കേണ്ട വിഷയങ്ങള്‍ പ്രധാനമായും ഇവയാണ്. ഒന്ന്, ആവാസവ്യവസ്ഥകളുടെ, പ്രത്യേകിച്ച്, പുഴകളുടെയും വയലുകള്‍ ഉള്‍പ്പടെ തണ്ണീര്‍തടങ്ങളുടെയും, ഇടങ്ങള്‍ നിലനിറുത്തുക എന്നതാണ്. രണ്ട്, ഒരു ആവാസവ്യവസ്ഥ എന്നനിലയില്‍ ഇവയുടെ പരിപാലനവും അതിനുവേണ്ട സംവിധാനങ്ങളും പശ്ചിമഘട്ട സംരക്ഷണവും. മൂന്ന്, പുഴഉള്‍പ്പടെയുള്ള ആവാസവ്യവസ്ഥകളെ സുസ്ഥിരവികസനത്തിനുവേണ്ട പാരിസ്ഥിതികവും സാമ്പത്തികവും, സാമൂഹ്യവുമായ ഭദ്രത ഉറപ്പുവരുത്തുന്ന സങ്കേതങ്ങള്‍ ആക്കി എങ്ങനെ മാറ്റാം എന്ന ചിന്ത. നാല്, ഏതുവികസന ചിന്തകള്‍ക്കും ആധാരമാകേണ്ടത് ഇതുവരെ നാം തുടര്‍ന്നുവന്ന രീതികളിലെ തെറ്റും ശരിയും കൃത്യമായി വിശകലനം ചെയ്യാനും, പാരിസ്ഥിക അവബോധമുള്ള പുതിയ ഒരു തലമുറയെ സൃഷിക്കാനുമുള്ള വിദ്യാഭ്യാസ-ബോധവല്‍ക്കരണ ഗവേഷണ പദ്ധതികളാണ്. ഭൂമിയുടെ തുടര്‍ച്ചക്ക്, ജൈവസമ്പത്തിന്റെ സുസ്ഥിരതയ്ക്ക്, പാരിസ്ഥിതിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്പരപൂരക പരസ്പരാശ്രിത ജനസമൂഹങ്ങളും സംസ്കാരവും അനിവാര്യമാണ്.

പുഴകളുടെ നാടാണ് കേരളം എങ്കിലും പുഴകള്‍ക്ക് ഒഴുകുവാനുള്ള ‘അവകാശം’ നമ്മുടെ ചര്‍ച്ചകള്‍ക്ക് വിഷയീഭവിച്ചിട്ടില്ല. പുഴകളുടെ വഴി അവ സ്വയം കണ്ടെത്തുന്നതാണ്. ഇക്കഴിഞ്ഞ പ്രളയത്തിലും ഏറ്റവുമധികം മനുഷ്യനാശവും സാമ്പത്തിക നാശവും ഉണ്ടായതിനു പിന്നിലുള്ള ഒരു കാരണം വികസനമന്ത്രങ്ങളില്‍ നാം പുഴയുടെ വഴി മറന്നതാണെന്ന് കാണേണ്ടിവരും. ഇനി വരാന്‍ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ട അനുകൂലന സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതും ആവാസവ്യവസ്ഥകളെ അടിസ്ഥാനമാക്കി ആവണം, അവയുടെ പാരിസ്ഥിതിക ഭദ്രതയെ ആധാരമാക്കി ആവണം.

വിദ്യാസമ്പന്നര്‍ ഏറെയുള്ള, മുന്തിയ പാരിസ്ഥിക അവബോധം ഉള്ള കേരളത്തിലും പുഴ സംരക്ഷണ ചര്‍ച്ചകള്‍, തീരത്ത് മുള വയ്ക്കുന്നതിലും, തടയണകള്‍ നിര്‍മ്മിക്കുന്നതിലും, മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിലും ആയി പരിമിതപ്പെടുന്നത് ഖേദകരമാണ്. പുഴകളുടെ വഴികള്‍, അവയുടെ നീര്‍ത്തടം, വൃഷ്ടിപ്രദേശം, വെള്ളപ്പൊക്കപ്രദേശങ്ങള്‍, പുഴയോര കാടുകള്‍, ജൈവവൈവിധ്യം, നീരൊഴുക്കും അതിലെ വ്യതിയാനങ്ങളും, നീര്‍ത്തടമേഖലയുടെ ആരോഗ്യവും ലഭിക്കുന്ന മഴയും, പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യം, പുഴയെ ആശ്രയിച്ചുജീവിക്കുന്ന ജനവിഭാഗങ്ങള്‍ എന്നിവയൊക്കെ കൃത്യമായി രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. കൃത്യമായ ലക്ഷ്യങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും നല്‍കി ഇത് പരിഹരിക്കാവുന്നതാണ്‌. കൂടാതെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷണ-അക്കാദമിക സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും, ശാസ്ത്രജ്ഞര്‍ക്കും അവയുടെ സാമൂഹ്യബാധ്യത ഉള്‍ക്കൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാം.

പുഴയിലെ നീരൊഴുക്ക് നിലനിറുത്താന്‍ അവശ്യം വേണ്ടത് തലപ്പിലെ നീര്‍ത്തടങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ്. ഇത് പശ്ചിമഘട്ടസംരക്ഷണത്തില്‍ ഊന്നിയാകേണ്ടതുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ പ്രസക്തി പ്രാദേശികമായി ചര്‍ച്ചചെയ്യപ്പെടണം. ജൈവവൈവിധ്യ ബോര്‍ഡിന്റെ കീഴില്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് ഇതിന് നേതൃത്വം നല്‍കാം. ഭൂകമ്പവും ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പരിസ്ഥിതിലോല മേഖലകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ക്വാറികള്‍ എന്നിവ കര്‍ശനമായി നിയന്ത്രിക്കപ്പെടണം. ജൈവവൈവിധ്യബോര്‍ഡ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ ഭൂവിനിയോഗനയം പ്രാവര്‍ത്തികമാകണം.

നടപ്പിലാക്കാന്‍ തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിച്ച നീര്‍ത്തടാധിസ്ഥിത വികസനം കൂടുതല്‍ ചര്‍ച്ചചെയ്യുകയും മെച്ചപ്പെട്ട രീതില്‍ നടപ്പിലാക്കുകയും വേണം. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ച ചെറുതും വലുതുമായ എണ്‍പതോളം ജലസേചന-ജലവൈദ്യുത അണക്കെട്ടുകൾ കേരളത്തിലുണ്ട്. മുടക്കുമുതലുമായി താരതമ്യം ചെയ്ത് നമ്മുടെ അണക്കെട്ടുകള്‍ ഇതുവരെ സംഭാവന ചെയ്തിട്ടുള്ള മൂല്യങ്ങള്‍ ഒരു സാമൂഹ്യകണക്കെടുപ്പിനു വിധേയമാകേണ്ടതാണ്. ഉള്ള അണക്കെട്ടുകളുടെ ബലവും വെള്ളം ശേഖരിക്കാനുള്ള കഴിവും കൃത്യമായി നിരീക്ഷിക്കാനും അവ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനും, അടിഞ്ഞുകൂടിയ എക്കലും മണലും കൃത്യമായി നീക്കം ചെയ്യാനുമുള്ള സംവിധാനങ്ങളും വേണം. കാലാകാലങ്ങളില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്, ശേഖരിക്കപ്പെടുന്ന മണലിന്‍റെ തോത്, വൃഷ്ടിപ്രദേശത്ത് ലഭ്യമാകുന്ന മഴ, കാലാവസ്ഥാമാറ്റം വരുതാനിടയുള്ള മാറ്റങ്ങള്‍ എന്നിവ രേഖപ്പെടുത്തി മോഡലിംഗ് നടത്തി പരിപാലന സംവിധാനങ്ങള്‍ രൂപപ്പെടുത്തുവാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം കണക്കുകള്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം. പുഴകളുടെ വെള്ളപ്പൊക്കമേഖലകള്‍ കൃത്യമായി രേഖപ്പെടുത്തുകയും അനധികൃത നിര്‍മാണങ്ങളും കൈയ്യേറ്റവും കര്‍ശനമായി തടയുകയും വേണം. അണക്കെട്ടുകള്‍ക്ക് താഴെ പുഴയുടെ ആരോഗ്യം നിലനിറുത്താന്‍ ആവശ്യമായ നീരൊഴുക്ക് നിലനിറുത്താനുള്ള ഉത്തരവാദിത്ത ബോധവും രാഷ്രീയ ഇച്ഛാശക്തിയും അനിവാര്യമാണ്.

നെതര്‍ലന്‍ഡ്‌സ്‌, ജപ്പാന്‍ എന്നിവിടങ്ങളിലാണ് പുഴകളില്‍ പ്രളയ നിയന്ത്രണത്തിനും അവയുടെ പാരിസ്ഥിതിക പുനസ്ഥാപനത്തിനുമുള്ള മികച്ച മാതൃകകള്‍ നിലവിലുള്ളത്. ഇവിടെയെല്ലാം പരിസ്ഥിതി പുനസ്ഥാപനത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. പുഴകളുടെ വൃഷ്ടിപ്രദേശത്ത് പരിസ്ഥിതി പുനസ്ഥാപനം, പുഴയുടെ പാര്‍ശ്വങ്ങളില്‍ പ്രാദേശികമായി വളരുന്ന സസ്യങ്ങള്‍ വച്ചുപിടിപ്പിച്ച് ദൃഡമാക്കല്‍, പ്രളയജലം ശേഖരിക്കാന്‍ കൃത്രിമ തണ്ണീര്‍തടങ്ങള്‍ സൃഷ്ടിക്കല്‍, ഉള്ള തണ്ണീര്‍തടങ്ങളുടെ പുനസ്ഥാപനം, നഗരങ്ങളില്‍ പുഴകള്‍ വളഞ്ഞ് ഒഴുകുന്ന മേഖലകളില്‍ (ഇത്തരം പ്രദേശങ്ങളിലൂടെയാണ് പ്രളയജലം നഗരത്തില്‍ പ്രവേശിക്കുന്നത്) ഇവയെ ഋജുവാക്കി ഒഴുക്കല്‍, കൃത്യമായ പരിപാലനവും നിരീക്ഷണവും, ഇതൊക്ക പ്രളയം ഒഴിവാക്കാന്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ ആണ്. ഇതിനായി പ്രാവീണ്യം നേടിയ ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക സ്ഥാപനങ്ങളും നിലവിലുണ്ട്.

എന്നാല്‍ പുഴ എന്നത് വിവിധ വകുപ്പുകളുടെ അധികാരപരിധിയില്‍ വരികയും പദ്ധതി നടത്തിപ്പ് പാരിസ്ഥിതിക അവബോധമില്ലാത്ത ഉദ്യോഗസ്ഥരാല്‍ നിറവേറ്റപ്പെടുകയും ചെയ്യുമ്പോള്‍ വേണ്ട ഫലം ലഭിക്കാതെ വരുന്നു. അതുകൊണ്ടുതന്നെ പുഴകളുടെ പുനസ്ഥാപനത്തിന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ നേതൃത്വം നല്‍കുന്ന ഒരു സംവിധാനം (ഉദാ. റിവര്‍ മാനേജ്‌മെന്‍റ് അതോറിട്ടി) അവശ്യം വേണ്ടി വരും. ഓരോ ജില്ലാ ഭരണകൂടങ്ങളിലും ചെലവാകാതെ കിടക്കുന്ന റിവര്‍ മാനേജ്മെമെന്റു ഫണ്ട് ഇതിനായി ഉപയോഗിക്കാം. പ്രാദേശിക സര്‍ക്കാരുകള്‍, സന്നദ്ധ സംഘടനകള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവരുടെ പൂര്‍ണപങ്കാളിത്തം പദ്ധതി നടത്തിപ്പിലും തുടര്‍പ്രവര്‍ത്തനങ്ങളിലും ഉണ്ടാവുകയും വേണം. പദ്ധതിനിര്‍വഹണവും രേഖകളും സാമൂഹ്യ ആഡിറ്റിനു വിധേയമാക്കുകയും വെബ്സൈറ്റില്‍ പരസ്യപ്പെടുത്തുകയും വഴി പൊതുസമൂഹത്തിന് ഇത്തരം പ്രവര്‍ത്തനങ്ങളിലെ വിശ്വാസ്യത വീണ്ടെടുക്കാനും ആകും.

മലിനീകരണ നിയന്ത്രണം, മണല്‍ വാരല്‍ നിയന്ത്രണം, തുടങ്ങിയ നിയന്ത്രണോപാധികള്‍ക്കൊപ്പം മണല്‍ പോലുള്ള പ്രകൃതിവിഭവങ്ങള്‍ക്ക് ബദല്‍ വസ്തുക്കള്‍ കണ്ടെത്താനും പുതിയ പരിസ്ഥിതി സൗഹൃദനിര്‍മാണരീതികള്‍ക്ക് പ്രചാരം ലഭിക്കുകയും വേണം. സംസ്ഥാനത്തില്‍ നിര്‍മിച്ചശേഷം ഉപയോഗിക്കാതെ കിടക്കുന്ന ലക്ഷക്കണക്കിന്‌ വീടുകള്‍ ഭവനരഹിതര്‍ക്ക് നല്‍കാനുള്ള സംവിധാനങ്ങള്‍ വേണം.

ജ്ഞാന സമൂഹം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം,

അറിവും വിവരവും ആളുകളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. അറിവും വിവരവും പങ്കിടുന്നതിന്, പ്രത്യേകിച്ചും വിവര സാങ്കേതികവിദ്യകൾ  വഴി സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും പരിവർത്തനം ചെയ്യാനുള്ള ശക്തിയുണ്ട്. സമസ്ത മേഖലകളിലും വിവരവും അറിവും പങ്കുവയ്ക്കുകയും സംരക്ഷിക്കുകയും പങ്കിടുകയും ചെയ്യുന്നതിലൂടെ സമഗ്രമായ വിജ്ഞാന സമൂഹങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നതിനും കഴിയും. വിജ്ഞാന സമൂഹങ്ങളെ താങ്ങിനിറുത്തുന്ന നാല് തൂണുകളും ശക്തമാക്കേണ്ടതുണ്ട്. അവ ഇവയാണ്: അഭിപ്രായ സ്വാതന്ത്ര്യം; വിവരങ്ങളിലേക്കും അറിവിലേക്കും സാർവത്രിക പ്രവേശനം; സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തോടുള്ള ബഹുമാനം; എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം.

അടിസ്ഥാനവിദ്യാഭ്യാസത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനായി എങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാകേണ്ടിയിരുന്ന വിപ്ലവകരമായ മാറ്റം പലകാരണങ്ങൾ കൊണ്ടും നടക്കാതെ പോയി. സാക്ഷരതായജ്ഞത്തിനു തുടർച്ചയായി ഉണ്ടാകേണ്ടിയിരുന്ന സാമൂഹികസാക്ഷരതയിലേക്കുള്ള പരിവർത്തനവും സാധ്യമായില്ല. ഒപ്പം, സംസ്ഥാനത്ത് സുസ്ഥിരവികസനം എന്ന ആശയം ഉന്നതവിദ്യാഭ്യാസപ്രക്രിയയിൽ സന്നിവേശിപ്പിക്കാനും നൈപുണ്യവികസനത്തിന് പ്രാധാന്യം നൽകാനും കഴിഞ്ഞ കാലങ്ങളിൽ കൃത്യമായി സാധിച്ചില്ല. മാനവിക മൂലധനം മെച്ചപ്പെടുന്നതിന് വിദ്യാഭ്യാസ പ്രക്രിയയിൽ തന്നെ പ്രകടമായ വ്യതിയാനങ്ങൾ വരുത്താൻ കഴിയണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് നൈപുണ്യവികസനത്തിൽ അധിഷിതമായ പഠനരീതികളും തൊഴിൽമേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചു രൂപപ്പെടുത്തുന്ന ഗുണനിലവാരമുള്ള സവിശേഷപാഠ്യപദ്ധതികളും വേണം. ചെറുവിഷയങ്ങളിലായി പരിമിതപ്പെടുന്ന സർവ്വകലാശാലകൾക്കു ബദലായി ലിബറൽ ആർട്സ് സർവ്വകലാശാലകൾ നിലവിൽ വരുമ്പോൾ സുസ്ഥിരവികസനം എന്ന ആശയം പാഠ്യപദ്ധതികളിൽ കൃത്യമായി സന്നിവേശിപ്പിക്കാൻ കഴിയും.

ഉന്നതവിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിൽ വനിതാ സാന്നിധ്യം പ്രകടമാണ് എങ്കിലും ഭരണ-നിർവഹണ, ആസൂത്രണ രംഗങ്ങളിൽ, ഇവർക്ക് കാര്യമായ പങ്ക് ഉണ്ടായിട്ടില്ല. ഗവേഷണം പലപ്പോഴും സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് അല്ല, മറിച്ച് ഗവേഷകരുടെ താൽപ്പര്യങ്ങൾ പൂർത്തിയാക്കാൻ വേണ്ടി ആവുന്നു. സാമ്പത്തിക നിയന്ത്രണം ഉണ്ടാകാൻ ഇടയുള്ള കേരള വികസനത്തിന് ഉതകുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പാക്കേജ് കൊണ്ടുവരണം. ശാസ്ത്ര, അക്കാദമിക രംഗങ്ങളിൽ പ്രഗത്ഭരായവരെ കൂടി ചേർത്തുള്ള ഒരു ‘തിങ്ക് ടാങ്ക്’ സർക്കാരിനെ ഉപദേശിക്കാനും സഹായിക്കാനും വേണ്ടി നിലവിൽ വരണം. പശ്ചിമഘട്ട സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും ഉതകുന്ന നിരവധി പ്രായോഗിക നിർദ്ദേശങ്ങൾ അടങ്ങിയപശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി റിപ്പോർട്ട് പൊതുസമൂഹത്തിലും പ്രാദേശിക സര്‍ക്കാര്‍സംവിധാനങ്ങളിലും ചർച്ചക്ക് വയ്ക്കുന്നതിലും നാം പരാജയപ്പെട്ടു. സമൂഹത്തിൽ അടുത്തകാലത്ത് തിരിച്ചുവരുന്ന വര്‍ഗീയത, അസഹിഷ്ണുത, ആക്രമണോന്മുഖത, അനാചാരങ്ങൾ, അഴിമതി എന്നിവ തുടച്ചുനീക്കാനുള്ള പ്രവർത്തങ്ങൾക്കും ചാലക ശക്തിയായി പ്രവർത്തിക്കാൻ വിദ്യാസമ്പന്നർക്ക് കഴിയണം.

സാമൂഹ്യനീതി, സുതാര്യത, ഉത്തരവാദിത്ത ബോധം

സാമൂഹ്യനീതി ഉറപ്പ്‌ വരുത്തലാണ്‌ ജനകീയ സർക്കാരുകളുടെ പ്രാഥമിക ചുമതല എന്ന സമീപനമാണ്‌ ആദ്യം ഉണ്ടാകേണ്ടത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ സർക്കാർ കൂടുതൽ ക്രിയാത്മകമായി ഇടപെടുകയും പൊതു വിതരണസംവിധാനം വിപുലപ്പെടുത്തുകയും അഴിമതി മുക്തമാക്കുകയും വേണം. പരിസ്ഥിതിയും വികസനവും ആയി ബന്ധപ്പെട്ടു നടക്കുന്ന പദ്ധതികൾ എല്ലാം തന്നെ സാമൂഹിക- സാമ്പത്തിക-പാരിസ്ഥിതിക മാനങ്ങൾ ഉള്ളതും സുതാര്യവും ചെലവ്-ഗുണഫലങ്ങൾ വ്യക്തമായി വിശകലനം ചെയ്യപ്പെടുന്നവയും ആകേണ്ടതുണ്ട്. പദ്ധതികൾ കൃത്യമായി നടക്കാൻ വകുപ്പുകളുടെ ഏകോപനവും ജനപങ്കാളിത്തവും കൂടുതൽ താഴെത്തട്ടിൽ എത്തിപ്പെടേണ്ടതുണ്ട്.

കാലാവസ്ഥാപൂരകമായ വികസനസമീപനം എല്ലാതട്ടിലും വളർന്നു വരണം. സുസ്ഥിര ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുകയും ജനങ്ങളുടെ സന്തോഷം വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകുകയും വേണം. ഉദാഹരണത്തിന് ആഗോള ഹാപ്പിനെസ്സ് ഇൻഡെക്സിൽ ഒന്നാമതായി നിൽക്കുന്ന ഫിൻലൻഡ്‌ ഉയർന്ന ആളോഹരി വരുമാനം, ആരോഗ്യം, മഹാമനസ്‌കത, സമൂഹ സ്വാതന്ത്ര്യം, അഴിമതിയിൽ നിന്ന് വിമുക്തി എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ആളോഹരി സന്തോഷം എന്ന ആശയം ഭരണഘടനയുടെ ഭാഗം തന്നെ ആക്കിയിരിക്കുന്നു. ആളോഹരി വരുമാനം എന്ന വിപണിയെ ആധാരമാക്കിയുള്ള ആശയത്തിനു ബദലായി ഭൂട്ടാൻ കൊണ്ടുവന്ന ജിഎൻഎച്ചിന്റെ (Gross National Happiness Index) നാല് അടിസ്‌ഥാന സ്‌തൂപങ്ങൾ നിശ്‌ചയിച്ചത് ഇവയാണ് : 1 . സാമൂഹിക–സാമ്പത്തിക വികസനം. 2. സാംസ്‌കാരികത്തനിമയുടെ സംരക്ഷണവും വികസനവും. 3. പ്രകൃതി സംരക്ഷണം. 4. സൽഭരണം.

സുസ്ഥിരവികസനം പ്രാദേശികതലത്തിൽ നടപ്പിലാക്കുന്ന ചെറു സമൂഹങ്ങളായി പ്രവർത്തിക്കാനും നവലിബറൽ സങ്കേതങ്ങളുടെ പരിമിതികൾ തുറന്നു കാട്ടാനും നമുക്ക് കഴിയണം. ഓരോരുത്തരും സ്വയം കണ്ടെത്തുക എന്നതാണ് ഇത്തരുണത്തിൽ അഭികാമ്യം. നല്ല അനുഭവങ്ങളും സന്തോഷവും പങ്കുവച്ചും ഇടുങ്ങിയ മത-ജാതി ചിന്തകളിൽ നിന്ന് മാറി സമൂഹങ്ങൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കേണ്ടതായി വരും. കൂടാതെ പുതിയ തലമുറ സാമൂഹ്യ നിലനിൽപ്പ് ശീലമാക്കുകയും മാനസിക വൈഭവം വർധിപ്പിക്കാനുള്ള നൈപുണ്യ പരിപടികളിൽ കൂടുതൽ പങ്കെടുക്കുകയും ആവാം. ഒരു പക്ഷെ മാനവരാശിയുടെ ഭാവിയെപ്പറ്റിയുള്ള പ്രത്യാശ അവർ സഹാനുഭൂതിയും അനുകമ്പയും എത്രകണ്ട് പ്രകടിപ്പിക്കും എന്നതിലാണ്. അതുകൊണ്ട് തന്നെ സുസ്ഥിര ജീവിത ശൈലികളും സുസ്ഥിര വികസന സമീപനങ്ങളും പഠനപ്രക്രിയയുടെ ഭാഗമാവുകയും വേണം. ജ്ഞാന സമൂഹങ്ങളാണ് നവകേരളത്തിന്റെ ഭാവിയിലേക്ക് ഉള്ള കരുതൽ.


അധിക വായനയ്ക്ക്

മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്‍ക്കും?

 

 

Happy
Happy
31 %
Sad
Sad
7 %
Excited
Excited
21 %
Sleepy
Sleepy
7 %
Angry
Angry
14 %
Surprise
Surprise
21 %

Leave a Reply

Previous post യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്
Next post ഗ്ലാസ്ഗോ നമുക്കു തുണയാവുമോ?
Close