സെപ്റ്റംബർ 16 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

1. ഓസോൺ ദിനം

അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 1987 സെപ്തംബർ 16ന് നിലവിൽ വന്ന മോൺട്രിയൽ പ്രോട്ടോക്കോളിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു. ജനങ്ങളിൽ ഓസോൺപാളി സംരക്ഷണത്തെ സംബന്ധിക്കുന്ന അവബോധം സൃഷ്ടിക്കാൻ ഇത്തരത്തിൽ ഒരു ദിനാചരണം നടത്താൻ ഐക്യരാഷ്ട്ര സഭയുടെ 1994 ൽ ചേർന്ന ജനറൽ അസംബ്ലിയാണ് തീരുമാനിച്ചത്. ഈ വർഷത്തെ ഓസോൺ ദിന മുദ്രാവാക്യം ‘ഓസോൺ നമ്മുടെ ജീവിതത്തിന്’ (Ozone for Life) എന്നാണ്.

ഓസോൺ പാളി സംരക്ഷണാർത്ഥം യു.എന്നിന്റെ നേതൃത്വത്തിൽ 1985 ൽ നടന്ന വിയന്നാ കൺവെൻഷന്റെ തീരുമാനപ്രകാരമാണ് മോൺടിയൽ പ്രോട്ടക്കോൾ എന്നറിയപ്പെടുന്ന ഒരു അന്താരാഷ്ട ഉടമ്പടിക്ക് രൂപം നല്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ ക്ഷയത്തിന്നിടയാക്കുന്ന വസ്തുക്കളുടെ ഉല്പാദനം, ഉപഭോഗം,കയറ്റുമതി എന്നിവ നിയന്ത്രിക്കുന്നതു സംബന്ധമായ മോൺട്രിയൽ ഉടമ്പടി 1987 സപ്തംബർ 16 ന് 197 ലോക രാഷ്ട്രങ്ങൾ ഒപ്പുവെയ്ക്കുകയും അംഗീകരിക്കുകയും ചെയ്തു. യു.എന്നിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വീകാര്യതയും അംഗീകാരവും അമേരിക്ക ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾക്കിടയിൽ ലഭിച്ച ഒരു ഉടമ്പടി ആയിരുന്നു ഇത്.

ഓസോൺദിനത്തെക്കുറിച്ച് പി.കെ.ബാലകൃഷ്ണൻ എഴുതിയ വിശദമായ ലേഖനം വായിക്കാം


2. ആൽബ്രഷ്ട് കോസൽ

ജൈവരസതന്ത്രത്തിനും ജനിതകശാസ്ത്രത്തിനും വലിയ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് ആൽബ്രഷ്ട് കോസൽ (Albrecht Kossel 1853-1927). ന്യൂക്ലിക് അമ്ലങ്ങളുടെ രാസഘടന വിശദീകരിച്ചതിന് 1910 ൽ വൈദ്യശാസ്ത്ര നൊബേൽ നേടി. നാലു DNA ന്യൂക്ലിയോഡൈഡുകളായ അഡനിൻ, തയമിൻ, ഗ്വാനിൻ, സൈറ്റോസിൻ എന്നിവയ്ക്ക് ആ പേരു നൽകിയത് കോസ്സലാണ്. പ്രൊട്ടീനുകളെ കുറിച്ചും പോളിപെപ്റ്റൈഡുകളെ (polypeptide- പെപ്റ്റൈഡ് ബോണ്ടുകളാൽ നിർമ്മിക്കപ്പെട്ട അമിനോ ആസിഡുകളുടെ നെടുനീളൻ ശ്യംഖല)കുറിച്ചും വിശദമായ പഠനം നടത്തി. സസ്യങ്ങളിലെ വിവിധ ഗുണവിശേഷങ്ങൾക്ക് കാരണമായ ഫിനോൾ സംയുക്തങ്ങൾ, ആൽക്കലോയിഡുകൾ,സാപോണിനുകൾ, ടർപീനുകൾ എന്നിവയ്ക്ക  ദ്വിതീയ ചയാപചയവസ്തുക്കൾ (Secondary Metabolites) എന്ന് വേർത്തിരിച്ച് പേരുനൽകിയത് കോസലാണ്. histidine, theophylline  എന്നിവയുടെ നിർമ്മാണത്തിനും പഠനങ്ങൾക്കും പ്രധാന പങ്കുവഹിച്ചു.

ജീവിതം ഒരു നാടകമാണ്,  ഞാനതിലഭിയനയിക്കുന്ന കഥാപാത്രങ്ങളെയാണ് പഠിക്കുന്നത്. നാടകത്തെ ഇതിവൃത്തത്തെയല്ല. ഒത്തിരി അഭിനേതാക്കൾ വിവിധ കഥാപാത്രങ്ങളായി അഭിനയിക്കുമ്പോഴാണ് ഈ ജീവിതനാടകം സാധ്യമാകുന്നത്. ആ കഥാപാത്രങ്ങളുടെ സ്വഭാവഗുണങ്ങൾ പഠിക്കാനാണ് എനിക്ക് താത്പര്യം

3. ഇ.സി.ജി. സുദർശൻ

ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ (1931-2018) സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു. കേരളത്തിൽ കോട്ടയം ജില്ലയിലെ പള്ളം,പാക്കിലെ എണ്ണക്കൽ വീട്ടിൽ, 1931 സെപ്റ്റംബർ 16-നാണ് അദ്ദേഹം ജനിച്ചത്. ബിരുദപഠനം കോട്ടയം സി.എം.എസ് കോളേജിൽ. മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് എം.എസ്സ്‌സി. 1962ൽ ഗവേഷണത്തിന് മുംബൈയിലെ ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) ചേർന്നു. അവിടെ പ്രഭാഷണം നടത്താൻ വന്ന മാർഷക്ക് (Robert Eugene Marshak) എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ അയാളുടെ പ്രതിഭ തിരിച്ചറിഞ്ഞ് റോച്ചസ്റ്റർ സർവകലാശാലയിലേക്ക് ക്ഷണിച്ചു. അവിടെ നിന്നാണ് പിഎച്ച്.ഡി. തുടർന്ന് രണ്ടു വർഷം ഹാർവാഡിൽ ജോലി ചെയ്തു. 1964ൽ ന്യൂയോർക്കിലെ റിസാക്യൂസ് സർവകലാശാലയിൽ അധ്യാപകനായി. 1969ൽ ടെക്‌സാസിലെ സെന്റർ ഫോർ പാർട്ടിക്ക്ൾ ഫിസിക്‌സിന്റെ ഡയറക്ടർ ആയി. 1971ൽ അവിടെ പ്രൊഫസർ ആയി. 40 വർഷത്തോളം അവിടെത്തന്നെ ജോലിനോക്കി. അതിനിടെ 71-91 കാലത്ത് ബാംഗ്ലൂർ IISc യിൽ പ്രൊഫസറായും 84-91 കാലത്ത് മദ്രാസ് ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിന്റെ ഡയറക്ടറായും സേവനമനുഷ്ടിച്ചു (6 മാസം വീതം ഇന്ത്യയിലും ടെക്‌സാസിലും).

ക്ഷീണ ബലത്തെ സംബന്ധിച്ച വി – എ സിദ്ധാന്തം, ക്വാണ്ടം ഒപ്റ്റിക്‌സിലെ മൗലിക ഗവേഷണം, തുറന്ന ക്വാണ്ടം വ്യവസ്ഥകളെ സംബന്ധിച്ച കണ്ടെത്തലുകൾ, പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന ‘ടാക്കിയോണുകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകൾ എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യസംഭാവനകളായി കരുതപ്പെടുന്നത്. ടാക്കിയോൺ എന്നതിന് ഗ്രീക്കുഭാഷയിൽ അതിവേഗമുള്ള ഒരു കണം എന്നാണർഥം. പ്രകാശത്തേക്കാൾ വേഗതയുള്ളത് എന്ന അർഥമാണ് സുദർശൻ ഉദ്ദേശിച്ചത്. 1962ൽ ബിലാന്യൂക്, ദേശ് പാണ്ഡേ (OMP Bilanuk, V.K.Deshpande) എന്നിവരോടൊപ്പമാണ് സുദർശൻ ടാക്കിയോൺ സങ്കൽപ്പം അവതരിപ്പിക്കുന്നത്.

സുദർശന്റെ പ്രമുഖമായ മറ്റൊരു സംഭാവന കൊഹിറന്റ് പ്രകാശത്തിന്റെ ക്വാണ്ടം പ്രതിനിധാനം (quantum representation of Coherent light) സംബന്ധിച്ചാണ്. പ്രകാശത്തിന്റെ ചില സവിശേഷതകൾ വിശദമാക്കാൻ വിദ്യുത് കാന്തിക സിദ്ധാന്തവും മറ്റു ചിലതിനു ക്വാണ്ടം സിദ്ധാന്തവും എന്ന അവസ്ഥയ്ക്ക് പകരം ക്വാണ്ടം സിദ്ധാന്തം മാത്രം കൊണ്ട് ഏതു പ്രകാശിക ഗുണവും വിശദീകരിക്കാമെന്നാണ് സുദർശൻ വ്യക്തമാക്കിയത്. ക്വാണ്ടം ഓപ്റ്റിക്‌സ് എന്ന ശാസ്ത്രശാഖയ്ക്ക് തുടക്കംകുറിക്കുകയായിരുന്നു ഇതുവഴി അദ്ദേഹം. 1963ലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. തുടക്കത്തിൽ ഇതിനെ നിരാകരിച്ച ഗ്ലൗബർ എന്ന ശാസ്ത്രജ്ഞൻ പിന്നീട് സുദർശൻ ‘വികർണമാട്രിക്‌സ്’ (diogonal matrix) എന്നു വിളിച്ച പ്രതിനിധാനത്തെ വലിയ മാറ്റം കൂടാതെ പി.മാട്രിക്‌സ് എന്ന പേരിൽ സ്വന്തമായി അവതരിപ്പിച്ചു. പിന്നീട് ഇത് ‘സുദർശൻ – ഗ്ലൗബർ പ്രതിനിധാനം’ എന്ന പേരിൽ അറിയപ്പെട്ടു. 2005ൽ ഈ കണ്ടെത്തലിന് നൊബേൽ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഗ്ലൗബറിന്റെ പേരേ അതിലുണ്ടായുള്ളൂ. ഇതിനെതിരെ നിരവധി ശാസ്ത്രജ്ഞർ നൊബേൽ അക്കാദമിയോട് പ്രതിഷേധിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല., 2018 മേയ് 14-ന് 87-ആം വയസ്സിൽ അമേരിക്കയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

ഇ.സി.ജി. സുദർശനെക്കുറിച്ച് പ്രൊഫ. കെ.പാപ്പൂട്ടി എഴുതിയ ലേഖനം വായിക്കാം


4. ഗോർഡോൺ ഗോൾഡ്

ഭൗതികത്തിൽ മികച്ച സംഭാവനകൾ നൽകിയ ഗോർഡോൺ ഗോൾഡിന്റെ (Gordon Gould 1920-2005) ചരമവാർഷികദിനമാണ് സെപ്റ്റംബർ16. പ്രകാശസംബന്ധിയായ ഗവേഷണത്തിനായി 1954ൽ അദ്ദേഹം കൊളമ്പിയ സർവകലാശാലയിൽ ചേർന്നു. നൊബേൽ പുരസ്‌കാരജേതാവായ പ്രൊഫസർ പോളികാർപ് കുഷ് ആയിരുന്നു ഗവേഷണ വഴികാട്ടി. ഗവേഷണം കഠിനതപസ്സായി അനുഷ്ഠിച്ച ഗോൾഡ്1957 അവസാനിക്കുന്നതിനു മുമ്പേതന്നെ (മൂന്നു വർഷംപോലും എടുക്കാതെ) ലേസർ എന്ന നൂതനമായ ഉപാധി അവതരിപ്പിക്കുന്ന പ്രബന്ധത്തിൻെറ കരടു തയ്യാറാക്കി. (ലേസർ ഒരു വാക്കായി അവതരിപ്പിച്ചതും അദ്ദേഹമാണ്. Light amplification by stimulated emission of radiation എന്നത് ചുരുക്കിയാണ് ലേസർ പ്രയോഗം ഉണ്ടാക്കിയത്.) തുടർന്ന് അദ്ദേഹം പേറ്റന്റിന് അപേക്ഷിച്ചു. അതീവപ്രാധാന്യമുള്ള ഒരുപാധിയായി ലേസർ വികസിക്കാനുള്ള സാധ്യത മനസ്സിലാക്കിയ പ്രൊഫസർ ചാൾസ് എച് ടൗൺസ് ഈ ഘട്ടത്തിൽ ഗോൾഡിനെതിരെ രംഗത്തെത്തി. ഗോൾഡ് ലേസർസിദ്ധാന്തമെഴുതി എന്ന് അവകാശപ്പെടുന്നതിനും മാസങ്ങൾക്കു മുന്നേതന്നെ താൻ ഇക്കാര്യം ഗോൾഡുമായി ചർച്ച ചെയ്തിരുന്നതായി പ്രൊഫസർ ടൗൺസ് അവകാശവാദമുന്നയിച്ചു. ഗോൾഡിന് PhD എന്ന ഗവേഷണബിരുദം നിഷേധിക്കപ്പെട്ടു. പേറ്റന്റ് അപേക്ഷയ്ക്ക് എതിരേയും ടൗൺസ് പ്രവർത്തിച്ചു.
ഗവേഷകവിദ്യാർഥിയുടെ നേട്ടത്തെ , സർവകലാശാലയിലെ ഒരു സീനിയർ പ്രൊഫസർ അടിച്ചുമാറ്റി സ്വന്തമാക്കിയ ചരിത്രം പലയിടത്തുമുണ്ട്, ഗോൾഡ് പിന്മാറിയില്ല. 30 വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിലൂടെ അദ്ദേഹം ലേസറിൻെറ പേറ്റന്റവകാശം നേടിയെടുത്തു. ഗവേഷണവുമായി മുന്നോട്ടുപോവാൻ കൊളമ്പിയയിൽ സാധ്യമല്ലെന്നായി. 1958ൽ അദ്ദേഹം കൊളമ്പിയ വിട്ടു, ടെക്നിക്കൽ റിസേർച് ഗ്രൂപ്പ് എന്ന കമ്പനിയിൽ ചേർന്നു; ഒരു ഉപകരണമായി ലേസർ വികസിപ്പിച്ചെടുക്കലായിരുന്നു ലക്ഷ്യം. അതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകി. ഒരു ഗംഭീര യുദ്ധോപകരണമെന്ന നിലയിൽ ലേസറിനുള്ള സാധ്യത മനസ്സിലാക്കിയ അമേരിക്കൻ മിലിട്ടറി വിഭാഗം ആ പ്രോജക്ടിനായി10 ലക്ഷം ഡോളർ അനുവദിച്ചു. പക്ഷേ ഉടനെത്തി, ഗോൾഡിൻെറ ജീവിതത്തിലെ അടുത്ത ട്വിസ്റ്റ്. പ്രോജക്ട് ചെയ്യുന്ന സംഘത്തിൽ ഗോൾഡ് ഉണ്ടാവാൻ പാടില്ല എന്ന നിബന്ധന ഉൾപ്പെടുത്തി; സുരക്ഷാകാരണങ്ങൾ! കാരണമെന്തെന്നോ?1954ൽ ആണല്ലോ അദ്ദേഹം കൊളമ്പിയയിൽ ഗവേഷണത്തിനു ചേർന്നത്. 1940കളിൽ അദ്ദേഹത്തിന് ഗ്ലെൻ ഫുൾവൈഡർ എന്ന ഒരു സ്ത്രീസുഹൃത്ത് ഉണ്ടായിരുന്നു. അവരെ കല്യാണം കഴിക്കുകയും ചെയ്തു. അവരൊരു കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. അവരോടൊപ്പം ഗോൾഡ് ചില യോഗങ്ങളിൽ പങ്കെടുത്തിരുന്നു. രാഷ്ട്രീയം തനിക്ക് ചേർന്നതല്ലെന്നും തൻെറ മേഖല ഭൗതികമാണെന്നും തിരിച്ചറിഞ്ഞ് 1953ൽ വിവാഹബന്ധമേ വേർപെടുത്തി. ഭൗതികം നന്നായി പഠിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ നടത്തണം എന്ന തീവ്രാഭിലാഷമായിരുന്നു ഗോൾഡിന്. അങ്ങനെയാണ് കൊളമ്പിയ സർവകലാശാലയിലെത്തിയത്. പറഞ്ഞിട്ടു കാര്യമില്ലല്ലോ! മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന ആപ്തവാക്യം അമേരിക്കൻ മിലിട്ടറിയും അറിഞ്ഞിരിക്കാം. വളരെ വൈകി, 2005ൽ അദ്ദേഹത്തിന്റെ മരണവും കഴിഞ്ഞു മൂന്നാഴ്ച കടന്നപ്പോഴാണ് ഭൗതികത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിനു നൽകുന്നതായുള്ള വിളംബരമുണ്ടായത്.
– കടപ്പാട്: പി.ആർ.മാധവപ്പണ്ണിക്കരുടെ (Madhava Panicker) ശാസ്ത്രമെഴുത്ത് കുറിപ്പിൽ നിന്നും

Leave a Reply