ജ്യോതിശ്ശാസ്ത്രജ്ഞര്‍ ശ്വസിക്കുന്നത് ലോഹം!!!


പ്രൊഫ.കെ.ആർ.ജനാർദനൻ

ചൂടാക്കി വാതകാവസ്ഥയിലാക്കിയാല്‍ ഏതു ലോഹവും ശ്വസിക്കാം. പക്ഷെ ലോഹവാതകശ്വസനം ആരും ശുപാര്‍ശചെയ്യില്ല, ജ്യോതിഃശാസ്ത്രജ്ഞര്‍ ഒഴിച്ച്. കാരണം ലോഹവാതകശ്വസനം ജീവന്‍ അപഹരിക്കാം. ഇംഗ്ലീഷ്ഭാഷയില്‍ മെറ്റല്‍ – Metal ആണല്ലോ നമ്മുടെ ഭാഷയിലെ ലോഹം. ലത്തീന്‍ഭാഷയിലെ മെറ്റാല്ലം – Metallum എന്ന വാക്കില്‍നിന്നാണ് മെറ്റലിന്റെ ഉല്പത്തി. മെറ്റാല്ലം എന്ന വാക്കിന് ലോഹം, ഖനി, ക്വാറി എന്നൊക്കെ അര്‍ത്ഥമുണ്ട്.

പ്രാചീനകാലത്ത് സ്വര്‍ണം (gold), വെള്ളി (silver), ചെമ്പ് (copper), ഇരുമ്പ് (iron), കാരിയം (lead), വെളുത്തീയം (tin) എന്നീ 6 മൂലകങ്ങളും അവയുടെ സങ്കരങ്ങളും മാത്രമായിരുന്നു ലോഹങ്ങള്‍, അല്ലെങ്കില്‍ മെറ്റലുകള്‍. പക്ഷെ രസതന്ത്രം ഒരു വ്യവസ്ഥാപിതശാസ്ത്രമായി വളര്‍ന്നതോടെ രാസ-ഭൗതിക ഗുണധര്‍മങ്ങളില്‍ ചില നിയതസമാനതകള്‍ പ്രദര്‍ശിപ്പിക്കുന്ന മൂലകങ്ങളെല്ലാം ലോഹങ്ങള്‍ – Metals ആയി.

ശാസ്ത്രസമൂഹത്തിലെ മറ്റുള്ളവരുമായി ചേര്‍ന്നുപോകാന്‍ കൂട്ടാക്കാത്ത അവരുടേതായ സംജ്ഞാശാസ്ത്രം (terminology) ഉപയോഗിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കുന്നവരാണ് ജ്യോതിശാസ്ത്രജ്ഞര്‍ എന്ന് പറയാറുണ്ട്. ഉദാഹരണമായി നീളം അളക്കാന്‍, രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഔദ്യോഗികയൂണിറ്റ് മീറ്റര്‍ ആകുന്നു. പക്ഷെ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് മീറ്ററിനോട് വലിയ താല്പര്യം ഇല്ല. അതിനു ബദലായി അവര്‍ പ്രകാശവര്‍ഷം – light year അല്ലെങ്കില്‍ പാര്‍സെക് (parsec) ഉപയോഗിക്കുന്നു. പ്രകാശം ഒരു വര്‍ഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവര്‍ഷം. ഭൂമി സൂര്യനെ ചുറ്റുന്ന പഥത്തിന്റെ വ്യാസത്തിലെ രണ്ട് എതിര്‍ബിന്ദുക്കള്‍ ഒരു സെക്കന്റ് ലംബനം സൃഷ്ടിക്കുന്ന ബഹിരാകാശബിന്ദുവിലേക്കുള്ള ദൂരമാണ് പാര്‍സെക്. അളവിന്റെ സ്വഭാവമനുസരിച്ച് ഈ രണ്ട് യൂണിറ്റുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുന്നു, ജ്യോതിഃശാസ്ത്രജ്ഞര്‍. ഇവിടെ അന്താരാഷ്ട്ര ഏകകങ്ങള്‍ (S.I.Units) സംബന്ധിച്ച ഒരു മൗലികനിയമം അവര്‍ ലംഘിക്കുന്നു. അളക്കലിന്റെ മാര്‍ഗം എന്തായാലും രേഖപ്പെടുത്തുന്ന യൂണിറ്റ് ഒന്നുതന്നെയായിരിക്കണമെന്നാണ് നിയമം.

കടപ്പാട് : Jennifer Johnson/SDSS.

പക്ഷെ, ഈ പദദുരുപയോഗം ജ്യോതിഃശാസ്ത്രജ്ഞര്‍ ലോഹമെന്നതിന് നല്‍കുന്ന നിര്‍വചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീര്‍ത്തും അപ്രധാനമായിത്തീരുന്നു. മഹാസ്‌ഫോടനത്തോടെ (Big Bang) സൃഷ്ടിക്കപ്പെട്ട മൂലകങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ലോഹങ്ങളാണെന്ന് അവര്‍ പറയുന്നു. അതായത് മഹാസ്‌ഫോടനത്തിന്റെ സന്തതികളായ ഹൈഡ്രജനും ഹീലിയവും ഒഴിച്ച് ശേഷമുള്ള മൂലകങ്ങളെല്ലാം ലോഹങ്ങള്‍! അവരുടെ നിര്‍വചനപ്രകാരം നക്ഷത്രങ്ങളില്‍ നിര്‍മിക്കപ്പെടുന്ന മൂലകങ്ങളെല്ലാം ലോഹങ്ങളാകുന്നു. ഉദാഹരണമായി അതിപ്രാചീനകാലത്ത് നക്ഷത്രങ്ങളുടെ അന്തരാളത്തില്‍ നടന്ന സംലയന പ്രതിപ്രവര്‍ത്തനങ്ങളുടെ (Fusion reaction) ഫലമായി ഉണ്ടായതാണ് നമ്മുടെ പ്രാണവായുവായ ഓക്‌സിജന്‍. ജ്യോതിഃശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ ഓക്‌സിജന്‍ ലോഹമാകുന്നു. അപ്പോള്‍  ലോഹവാതകം ശ്വസിച്ചാല്‍ മരണം നിശ്ചയമെന്ന് അവര്‍ക്ക് പറയാനാവില്ല. അല്പം ചുഴിഞ്ഞുനോക്കിയാല്‍, ജ്യോതിഷികളുടെ പ്രവചനങ്ങളിലെന്നപോലെ ജ്യോതിഃശാസ്ത്രജ്ഞരുടെ ചില നിര്‍വചനങ്ങളിലും പൊരുത്തക്കേട് ഏറെ കാണാം. ഹീലിയം മഹാസ്‌ഫോടനത്തിന്റെ ഉല്പന്നം തന്നെ, സംശയമില്ല. എന്നാല്‍ സൂര്യന്‍ ഉള്‍പ്പെടെ അനേകം നക്ഷത്രങ്ങളില്‍ ഹൈഡ്രജന്‍ ആറ്റങ്ങളുടെ സംലയനം വഴി ഹീലിയം നിര്‍മിക്കപ്പെടുന്നുണ്ട്. ഹീലിയം എന്ന പേര് ആ മൂലകത്തിന് ലഭിച്ചതുതന്നെ സൗരമണ്ഡലത്തില്‍ അതിന്റെ സാന്നിധ്യം തിരിച്ചറിയപ്പെട്ടതോടുകൂടിയാണ്.

ജ്യോതിശ്ശാസ്ത്രത്തിൽ ഹൈഡ്രജനും ഹീലിയവും ഒഴിച്ച് മറ്റെല്ലാം മെറ്റലെന്ന് നാമകരണം ചെയ്യുന്നു

കാര്യങ്ങള്‍ കൂടുതല്‍ വഷളായത് ലിഥിയം ലോഹത്തിന്റെ ഉല്പത്തി സംബന്ധിച്ച പുതിയ അറിവുകള്‍ ലഭിച്ചപ്പോഴാണ്. ലിഥിയവും മഹാസ്‌ഫോടനത്താല്‍ നിര്‍മിക്കപ്പെടുന്നുണ്ട്. അതിനുള്ള തെളിവുകളും ഉണ്ട്. അപ്പോള്‍ ലിഥിയം ലോഹമോ അലോഹമോ? ഇങ്ങനെ സാധാരണ ശാസ്ത്രജ്ഞര്‍ക്ക് യാതൊരു സന്ദേഹവുമില്ലാത്ത ചില വിഷയങ്ങള്‍ ജ്യോതിഃശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കുന്നു. തെറ്റായ പദപ്രയോഗങ്ങള്‍കൊണ്ട് സമൃദ്ധമാണത്രെ രണ്ടാംലോകമഹായുദ്ധം കഴിഞ്ഞ്  അധികം താമസിയാതെ അമേരിക്കന്‍ ജ്യോതിഃശാസ്ത്രജ്ഞ നാന്‍സി റോമാന്‍ (Nancy Roman) രചിച്ച   ‘Metallic lines in the spectra of stars’.’The Cambridge Illustrated History of Astronomy’.

നാന്‍സി റോമാന്‍

 

Leave a Reply