Read Time:16 Minute

വിജയകുമാര്‍ ബ്ലാത്തൂര്‍

‘ഋ‘ എന്ന അക്ഷരത്തിന് ഞണ്ടിനോടാണ് സാമ്യമെങ്കിലും താഴോട്ട് ഒരു നീളൻ വാലിട്ടാൽ തേളിന്റെ രൂപമായി. കാഴ്ചയിൽ തന്നെ വെറുപ്പും അറപ്പും ഉണ്ടാക്കുന്ന ഒരു കോലമാണ് തേളിന്. നിസാര വലിപ്പമാണെങ്കിലും സ്വയം ഭയന്നോ രക്ഷപ്പെടാനായി വിരട്ടാൻ ഒരുങ്ങിയോ ഉള്ള സമയം കത്രികപൂട്ടുപോലുള്ള ഇറുക്കുകൈകളും വാലും ഉയർത്തിപ്പിടിച്ചും തിരിഞ്ഞുകളിച്ചും ഉള്ള ഒരു നിൽപ്പുണ്ട്! ആരും ഭയന്നു പോകും. വാലറ്റത്തെ മുള്ളുകൊണ്ടൊരു കുത്തുകിട്ടിയാൽ നക്ഷത്രമെണ്ണും എന്നറിയാവുന്നതിനാൽ തേളിനെ താലോലിക്കാൻ അധികമാരും പോവാറില്ല. പക്ഷെ ഷൂസിനുള്ളിലും, ഇരിപ്പിടത്തിനരികിലും ഒക്കെ ഒളിഞ്ഞ്കിടക്കുന്ന പഹയരിൽ നിന്ന് അപ്രതീക്ഷിതമായി ചിലപ്പോൾ കുത്തുകിട്ടാറും ഉണ്ട്.

നാൽപ്പത്തിയഞ്ച് കോടി വർഷം മുമ്പ് കടലിൻ നിന്ന് കരക്ക് കയറിയവരാണ് തേളുകളുടെ പൂർവ്വികർ. (മനുഷ്യ പൂർവ്വികർക്ക് പഴക്കം വെറും രണ്ട് ലക്ഷം വർഷം മാത്രമാണെന്നോർക്കണം) ഇത്രയും കൊല്ലം കഴിഞ്ഞിട്ടും അന്നത്തെ ശരീര രൂപത്തിൽ വലിയ മാറ്റമൊന്നും ഇവർക്ക് വന്നിട്ടില്ല എന്ന് ഫോസിൽ പഠനങ്ങൾ തെളിയിക്കുന്നുണ്ട്.
ജീവിക്കുന്ന ഫോസിൽ എന്ന് കൂടി തേളുകളെ അതു കൊണ്ട് വിളിക്കാറുണ്ട്. തേളുകൾ പരിണമിച്ചുണ്ടായതിനു ശേഷം ഭൂമിയിൽ ഉണ്ടായ പല ജീവ വർഗ്ഗങ്ങളും കുറ്റിയറ്റ് പോവുകയോ പൂർണ്ണ രൂപമാറ്റം വരുകയോ ചെയ്തിട്ടും പല കാര്യങ്ങളിലും തേൾ പഴയ തേൾ തന്നെ. ഇവരുടെ രൂപ ഘടന ഏത് സാഹചര്യവും അതിജീവിക്കാൻ പറ്റുന്ന വിധത്തിലുള്ള ഒന്നാണ്. മനുഷ്യർക്ക് നിമിഷം കൊണ്ട് മരണകാരണമാകുന്നത്ര അളവ് റേഡിയോ വികിരണം പോലും തേളുകൾക്ക് ഏശില്ല. താർ മരുഭൂമിയിലും ഹിമാലയത്തിലും ജീവിക്കാൻ ഇവർക്ക് പറ്റും. ബ്രിട്ടൺ, അയർലാന്റ്, ജപ്പാൻ, കൊറിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിൽ കപ്പൽ യാത്രകളിലൂടെ ആണ് ഇവ എത്തിയത്. ഇപ്പോൾ അന്റാർട്ടിക്കയിലൊഴികെ ഭൂമിയിൽ സർവ ഇടങ്ങളിലും തേളുകൾ ഉണ്ട്. ആർത്രോപോഡ (Arthropoda ) ഫൈലത്തിൽ അരാക്നിഡ (Arachnida) വർഗത്തിലെ സ്കോർപിയോ ണസ് (Scorpiones ) ഓർഡറിലാണിവർ ഉൾപ്പെടുക. ഇന്ത്യയിൽ 117 ഇനങ്ങളും ലോകത്തെങ്ങുമായി 2338 ഇനം തേളുകളെയും ഇതു വരെയായി കണ്ടെത്തീട്ടുണ്ട്. പുതുതായി പല ഇനങ്ങളേയും ഓരോ വർഷവും കണ്ടെത്തുന്നുമുണ്ട്.

കേരളത്തിൽ ചിന്നാറിൽ നിന്ന് 2015 ലും 2016 ലും ആയി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകരായ അശ്വതി കുറുപ്പാലത്ത്, ഡോ. പി.എം.സുരേഷൻ, പാരീസിലെ നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. വിൽസൺ ലൊറൻസോ എന്നിവർ ചേർന്ന് രണ്ട് പുതിയ തേളിനങ്ങളെ കണ്ടെത്തിയിരുന്നു. ബൂത്തോ സ്കോർപ്പിയോ ചിന്നാറെൻസിസ് (Buthoscorpio chinnarensis ) , ഹൊട്ടെൻടോട്ട കേരളൻസിസ് ( Hottentotta keralaensis ) എന്നാണിവയ്ക്ക് പേരു നൽകീട്ടുള്ളത്. ഇതോടെ കേരളത്തിൽ ഇതുവരെയായി കണ്ടെത്തിയ തേളുകൾ 23 ഇനങ്ങളായി.

റോമൻ പടയാളികളുടെ ദേഹത്തെ ലോഹകവചം പോലെ കൈറ്റിൻ കൊണ്ടുണ്ടാക്കിയ ഉറപ്പുള്ള ബാഹ്യാസ്ഥികൂടമാണ് ഇവർക്ക് ഉള്ളത്. 16 ഖണ്ഡങ്ങൾ ചേർന്നതാണ് ശരീരം. തലയും ഉരസ്സും ഒന്നിച്ച് ചേർന്ന് വേർതിരിക്കാൻ കഴിയാത്ത വിധത്തിലാണ്. ഉദരഭാഗം പിന്നിലോട്ട് വരുമ്പോൾ വലിപ്പം കുറഞ്ഞ് നീണ്ട് വാലുപോലെ തോന്നിക്കും . അതിന്റെ അഗ്രത്തിലാണ് തേളിന്റെ വജ്രായുധമായ മുള്ളും വിഷസഞ്ചിയും ഉള്ളത്. മുന്നിലെ ഇറുക്കുകൈകൾ കൂടാതെ കരുത്തുള്ള നാലു ജോഡി കാലുകളും ഉണ്ട്. സ്പീഷിസുകൾ അനുസരിച്ച് നിറ വ്യത്യാസം ഉണ്ടാകും. നീലിമ തിളങ്ങുന്ന കട്ടക്കറുപ്പു മുതൽ മഞ്ഞ നിറം വരെ ഉള്ള തേളുകൾ ഉണ്ട്.
വലിപ്പത്തിലും ഈ വ്യത്യാസം ഉണ്ടാകും. തലയുടെ മുൻ ഭാഗത്ത് രണ്ട് കണ്ണുകൾ എല്ലാ ഇനങ്ങൾക്കും പൊതുവായുണ്ടാകും, കൂടാതെ രണ്ട് ഭാഗത്തുമായി മൂന്നുമുതൽ അഞ്ച് ജോഡി കണ്ണുകൾ കൂടി വേറെയുമുണ്ടാകും. തേളിന് തലതിരിക്കാതെ തന്നെ ചുറ്റും ഉള്ളവ കുറേയൊക്കെ കാണാം എന്നർത്ഥം. കാഴ്ചകളെ വേർതിരിച്ച് വ്യക്തമാക്കാനുള്ള കഴിവ് കുറവാണെങ്കിലും അതിസൂക്ഷ്മമായ പ്രകാശം പോലും പിടിച്ചെടുക്കാൻ ഇവർക്കാകും. രാത്രിയിലെ കൂരിരുളിലും നക്ഷത്ര പ്രഭമതി ഇവർക്ക് വഴികാട്ടാൻ. അൾട്രാ വയലറ്റ് പ്രകാശ തരംഗദൈർഘ്യങ്ങളിൽ ഇവയുടെ ശരീരത്തിലെ ബീറ്റാ കാർബോളിൻ എന്ന ഘടകം മൂലം, നീല- പച്ച നിറത്തിൽ തിളങ്ങുന്ന ഫ്ളൂറസെന്റ് പ്രതിഭാസം പ്രകടിപ്പിക്കും.. ഈ കഴിവ് കൊണ്ട് ഇവയ്ക്കുള്ള അനുകൂലനങ്ങൾ എന്തൊക്കെയാണെന്ന കാര്യം ഇതുവരെ കൃത്യമായി മനസിലാക്കാൻ ആയിട്ടില്ല..

തേളുകൾ ഒട്ടും സാമൂഹ്യ ജീവികളല്ല. ഒറ്റയ്ക്കുള്ള ജീവിതമാണിഷ്ടം. പകൽ ഇരുളിൽ, മരത്തടികളുടെ അടിയിലോ, പാറകളുടെ വിള്ളലുകളിലോ ഒക്കെ ഒളിച്ചിരിക്കും. അബദ്ധത്തിൽ അങ്ങോട്ട് വലിഞ്ഞ് കയറുന്നവരെ ശാപ്പിടും. പ്രകാശത്തിൽ ഇറങ്ങി നടക്കാൻ ഒട്ടും ഇഷ്ടമല്ല. മറ്റ് ഇരപിടിയന്മാരുടെ മുന്നിൽ പെട്ടാൽ തേളിന്റെ കഥകഴിയും. രാത്രിയാണ് പ്രധാനമായും ഇരതേടൽ.
ചിലന്തികൾ, പാറ്റകൾ, മണ്ണിരകൾ നിശാശലഭങ്ങൾ , പുഴുക്കൾ, പഴുതാരകൾ തുടങ്ങിയവയെ ഒക്കെ തിന്നും. മുന്നിലെ പെഡിപാൾസ് എന്ന ഇറുക്കു കാലുകളിൽ നിറയെ രോമങ്ങൾ പോലുള്ള ട്രൈക്കോബോത്രിയം എന്ന സംവേദന ഗ്രാഹികളുണ്ട്. ഒരു മീറ്റർ അകലെ ഒരു പാറ്റയോ പ്രാണിയോ നടന്നാൽ മണ്ണിലുണ്ടാകുന്ന അതി സൂക്ഷ്മമായ കമ്പനങ്ങൾ തിരിച്ചറിഞ്ഞ് ഇരയുടെ സഞ്ചാര വഴി തേൾ മനസിലാക്കും. തൊട്ടടുത്ത് എത്തിയാൽ ഇറുക്ക് കൈകൾ കൊണ്ട് ഒരു ധൃതരാഷ്ട്രാലിംഗനമാണ് പിന്നെ… കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്ന കൂടുതൽ ശക്തരായ ഇരകൾ ആണെങ്കിൽ അത്യാവശ്യ ഘട്ടത്തിൽ മാത്രമേ വജ്രായുധം ഉപയോഗിക്കുകയുള്ളു. വാലുമടക്കി മുന്നോട്ട് കൊണ്ട് വന്ന് മുള്ളു കൊണ്ട് ആഴത്തിൽ കുത്തി അതിലൂടെ ശക്തിയുള്ള ന്യൂറോ ടോക്സിൻ കയറ്റി വിടും. അനക്കം നഷ്ടപ്പെട്ട ഇര ചാവൻ കാത്തുനിൽക്കാനുള്ള ക്ഷമയൊന്നും ഇല്ല. കറുമുറെ തിന്നാനൊന്നും കഴിയില്ല. ദഹനം പുറത്ത് വെച്ച് തന്നെയാണ്. വയറ്റിൽ നിന്ന് ശക്ത-ദഹന രസങ്ങൾ ഇരയിൽ തുപ്പി ദഹിപ്പിച്ച് ജ്യൂസാക്കി വലിച്ച് കുടിക്കുന്നതാണ് രീതി. സ്വന്തം ശരീരവലിപ്പത്തിലും കൂടുതലുള്ള ഇരയെപ്പോലും ബകനെപ്പോലെ തിന്നാൻ പറ്റും. മണിക്കൂറുകളും, ചിലപ്പോൾ ദിവസങ്ങൾ വരെ എടുക്കും ഒരു ശാപ്പാട് തീരാൻ. നല്ല ഒരു തീറ്റ കഴിഞ്ഞാൽ പിന്നീട് മാസങ്ങളോളം ഒന്നും കഴിക്കാതെ ജീവിച്ചോളും. ഒരു വർഷം വരെ പട്ടിണികിടന്നാലും ചത്തുപോകില്ല. അനാവശ്യ ചലനങ്ങളില്ലാതെ വളരെ കുറച്ച് ഊർജ്ജം മാത്രം പിശുക്കി ചിലവഴിച്ച് ജീവിക്കാൻ ഇവർക്കാകും. ഇരയെ ജ്യൂസാക്കി കഴിക്കുന്നതിനാൽ തേളിന് വിസർജ്ജ്യങ്ങൾ പുറത്തേക്ക് കളയാൻ അധികമൊന്നും കാണില്ല. യൂറിക്കാസിഡ് പോലുള്ള കുറച്ച് നൈട്രോജനിക്ക് സംയുക്തങ്ങൾ മാത്രമേ ബാക്കി ഉണ്ടാവൂ.
പെൺ തേളിനെ കണ്ടെത്തിക്കഴിഞ്ഞാൽ ഇണചേരലിന് മുമ്പ് നീണ്ട പ്രണയലീലകളുണ്ട്. ഒരു മണിക്കൂർ മുതൽ ഒരുദിവസം വരെ നീളും അത്. ശരീരം വിറപ്പിച്ചുള്ള ഡാൻസും ഇറുക്കുകൈകൾ ചേർത്തുള്ള കെട്ടിപ്പിടുത്തവും അധരഭാഗങ്ങൾ ഉരുമ്മലും ( ചുംബനം എന്ന് നമ്മൾ പറയും) ഒക്കെ ചേർന്നതാണ് സ്നേഹപ്രകടനങ്ങൾ. ചിലപ്പോൾ മെരുക്കം കുറഞ്ഞ പെൺ തേളിനെ അൽപ്പം മയക്കാൻ അതിന്റെ പള്ളയിൽ വിഷമുള്ള് കൊണ്ട് ആൺ തേൾ കുഞ്ഞ് “സ്നേഹ കുത്ത് ” കൊടുക്കുകയും ചെയ്യും. സൗകര്യമുള്ള പരന്ന സ്ഥലത്തേക്ക് പെൺ തേളിനെ ആനയിച്ച് , പ്രലോഭിപ്പിച്ച് കൊണ്ട് വരലാണ് പ്രധാനം. ആൺ തേൾ തന്റെ ബീജം അത്തരം സ്ഥലത്ത് നിക്ഷേപിച്ച പെൺ തേളിനെ അതിനടുത്ത് എത്തിക്കും. പെൺ തേൾ ആ ബീജങ്ങൾ സ്വന്തം അണ്ഡാശയത്തിലേക്ക് വലിച്ച് കയറ്റും. ഇണചേരൽ പരിസമാപ്തിക്ക് മുമ്പ് ആൺ തേൾ തന്ത്രപരമായി സ്ഥലം വിടാൻ നോക്കും. അല്ലെങ്കിൽ പലപ്പോഴും പെൺ തേൾ ആണിനെ കൊന്ന് തിന്നുകളയും.
പെൺ തേളിനുള്ളിൽ ബീജ സംയോഗം നടന്ന അണ്ഡങ്ങളെ മുട്ടയായി പുറത്തേക്ക് ഇട്ടുകൂട്ടുന്നതിനുപകരം ഉള്ളിൽ തന്നെ വളർത്തി വലുതാക്കുന്നു. വളർച്ച പൂർത്തിയായ കുഞ്ഞുങ്ങളെ ഒക്കെയും ഓരോന്നായി ജെനിറ്റൽ ഒപെർകുല എന്ന അടിഭാഗത്തെ ദ്വാരം വഴി പുറത്തേക്ക് ഇറക്കും.. ഇങ്ങനെ ‘ പ്രസവിക്കുന്ന‘ വെളുപ്പു നിറമുള്ള തേൾ കുഞ്ഞുങ്ങൾ അമ്മത്തേളിന്റെ കാലുകൾചേർത്ത് കൂട്ടിപ്പിടിച്ചുണ്ടാക്കുന്ന കൊട്ടയിലാണ് വീഴുക. പതുക്കെ ഓരോരുത്തരായി അവിടെ നിന്ന് മുകളിലോട്ട് കയറും. മടക്കി പിടിച്ചു കൊടുക്കുന്ന കാലിലും തുമ്പിക്കൈയിലും ചവിട്ടി നാട്ടാനപ്പുറത്ത് പാപ്പാന്മാർ കയറുന്നത് പോലെയാണ് കണ്ടാൽ തോന്നുക.ഒറ്റ പ്രസവത്തിൽ. നൂറുകണക്കിന് കുഞ്ഞുങ്ങൾ വരെ ഉണ്ടാകും ചില സ്പീഷിസുകളിൽ. അമ്മത്തേളിന്റെ ശരീരം മൂടാൻ മാത്രം എണ്ണം കാണും.
പെൺ തേളിനുള്ളിൽ ബീജ സംയോഗം നടന്ന അണ്ഡങ്ങളെ മുട്ടയായി പുറത്തേക്ക് ഇട്ടുകൂട്ടുന്നതിനുപകരം ഉള്ളിൽ തന്നെ വളർത്തി വലുതാക്കുന്നു. വളർച്ച പൂർത്തിയായ കുഞ്ഞുങ്ങളെ ഒക്കെയും ഓരോന്നായി ജെനിറ്റൽ ഒപെർകുല എന്ന അടിഭാഗത്തെ ദ്വാരം വഴി പുറത്തേക്ക് ഇറക്കും.. ഇങ്ങനെ ‘ പ്രസവിക്കുന്ന‘ വെളുപ്പു നിറമുള്ള തേൾ കുഞ്ഞുങ്ങൾ അമ്മത്തേളിന്റെ കാലുകൾചേർത്ത് കൂട്ടിപ്പിടിച്ചുണ്ടാക്കുന്ന കൊട്ടയിലാണ് വീഴുക. പതുക്കെ ഓരോരുത്തരായി അവിടെ നിന്ന് മുകളിലോട്ട് കയറും. മടക്കി പിടിച്ചു കൊടുക്കുന്ന കാലിലും തുമ്പിക്കൈയിലും ചവിട്ടി നാട്ടാനപ്പുറത്ത് പാപ്പാന്മാർ കയറുന്നത് പോലെയാണ് കണ്ടാൽ തോന്നുക.ഒറ്റ പ്രസവത്തിൽ. നൂറുകണക്കിന് കുഞ്ഞുങ്ങൾ വരെ ഉണ്ടാകും ചില സ്പീഷിസുകളിൽ. അമ്മത്തേളിന്റെ ശരീരം മൂടാൻ മാത്രം എണ്ണം കാണും.

ഒരു തവണ ഉറപൊഴിച്ചാലേ അതിന്റെ സ്വാഭാവിക നിറത്തിലേക്ക് വരികയുള്ളു. അതുവരെ എല്ലാ കുഞ്ഞുങ്ങളും വെളുപ്പ് നിരത്തിലാണ് ഉണ്ടാകുക.. അമ്മ തേൾ കുഞ്ഞുങ്ങളേയും ചുമന്ന് ഒരു മാസത്തോളം നടക്കും. ഒരു മാസം കഴിഞ്ഞും ആനപ്പുറത്ത് സഞ്ചരിക്കാൻ ശ്രമിക്കുന്ന മടിയന്മാരായ മക്കളെ തിന്ന് ഒഴിവാക്കാനും അമ്മ മടിക്കില്ല. ലൈംഗീക പ്രത്യുത്പാദനം വഴിയല്ലാതെയും കുഞ്ഞുങ്ങളെ സ്വയം ഉള്ളിൽ സൃഷ്ടിക്കുന്ന രീതിയും ചില ഇനങ്ങൾക്ക് ഉണ്ട്. ഏഴെട്ട് ഉറപൊഴിക്കൽ കഴിയുന്നതോടെ പ്രായപൂർത്തിയാകുന്നു. 5 മുതൽ 25 വർഷം വരെ ആയുസ്സുള്ള സ്പീഷിസുകളുണ്ട്.
എല്ലാ തേളുകളും വിഷമുള്ളവയാണ് എങ്കിലും ലോകത്ത് ആകെ 25 ഇനങ്ങൾ മാത്രമാണ് മനുഷ്യർക്ക് മാരകമായവ. ഇറുക്ക് കൈകൾക്ക് വലിപ്പവും ശക്തിയും ഉറപ്പും ഉള്ള ഇനങ്ങളുടെ വാലിലെ വിഷശക്തിയാവും കൂടുതൽ എന്നാണ് നമ്മൾ പ്രതീക്ഷിക്കുക., എന്നാൽ തിരിച്ചാണ് കാര്യം.. കുഞ്ഞൻ ഇറുക്കു കൈക്കാർക്കാണ് കടുത്ത വിഷം ഉള്ളത്.

Heterometrus സ്പീഷിസിൽ പെട്ടവയാണ് നമ്മുടെ നാട്ടിലെ കരിന്തേളുകളും കാട്ട് തേളുകളും., Isometrus (Isometrus) thurstoni ഇനങ്ങൾ ആണ് വീട്ടിനകത്തൊക്കെ കാണുന്ന ഇളം മഞ്ഞ ശരീരമുള്ള കുഞ്ഞ് മണിത്തേളുകൾ . പാറ വിടവുകളിൽ ഒളിച്ച് കഴിയുന്ന പരന്ന ശരീരമുള്ള പാറത്തേളുകളുടെ ശാസ്ത്രനാമം lomachus laeviceps എന്നാണ്. ആയിരക്കണക്കിന് തേൾ ഇനങ്ങൾ ലോകത്തെങ്ങുമായി ഉണ്ടെങ്കിലും വെറും 25 ഇനങ്ങൾക്ക് മാത്രമേ മനുഷ്യരെ കൊല്ലാൻ പറ്റുന്ന വിഷമുള്ളു എന്നത് ആശ്വാസം തന്നെ.
