Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
cellulose nitrate | സെല്ലുലോസ് നൈട്രറ്റ് | സെല്ലുലോസിനെ സാന്ദ്ര സള്‍ഫ്യൂറിക് അമ്ലത്തിന്റെയും നൈട്രിക് അമ്ലത്തിന്റെയും മിശ്രിതവുമായി പ്രതിപ്രവര്‍ത്തിപ്പിക്കുമ്പോള്‍ ലഭിക്കുന്ന അതിജ്വലനശീലമുള്ള പദാര്‍ഥം. |
Celsius scale | സെല്‍ഷ്യസ് സ്‌കെയില്‍ | താപനില അളക്കുവാനുള്ള ഒരു സ്‌കെയില്‍. പ്രമാണ മര്‍ദത്തിലെ ജലത്തിന്റെ ഉറയല്‍ നില പൂജ്യം ആയും തിളനില 100 0 ആയും നിര്‍വചിച്ചിരിക്കുന്നു. 1948 വരെ സെന്റീഗ്രഡ് സ്‌കെയില്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആന്‍ഡേഴ്‌സ് സെല്‍ഷ്യസിന്റെ (1701-1744) ബഹുമാനാര്‍ഥമാണ് ഈ പുതിയ പേര്. |
Cenozoic era | സെനോസോയിക് കല്പം | ഭൂവിജ്ഞാനീയ ചരിത്രത്തിലെ നാലു കല്‍പങ്ങളില്‍ ഏറ്റവും ഒടുവിലത്തേത്. 7 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച് ഇപ്പോഴും തുടരുന്നു. സസ്‌തനികളുടെ പരിണാമവികാസം നടന്നത് ഈ കല്‌പത്തിലാണ്. പുഷ്‌പിക്കുന്ന സസ്യങ്ങള്‍ വൈവിധ്യമാര്‍ന്നതും ഇക്കാലത്തു തന്നെ. ഈ കല്‌പത്തിലെ പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലാണ് സുപരിചിതമായ ഹിമയുഗങ്ങള്‍ ഉണ്ടായത്. Cainozoic era എന്നും പേരുണ്ട്. |
central nervous system | കേന്ദ്ര നാഡീവ്യൂഹം | സംവേദനാംശങ്ങളില് നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുകയും പേശികള്‍, ഗ്രന്ഥികള്‍ ഇവയിലേക്ക് ആവശ്യമായ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യുന്ന നാഡീവ്യൂഹഭാഗം. കശേരുകികളില്‍ മസ്‌തിഷ്‌കവും സുഷുമ്‌നയും ചേര്‍ന്നതാണിത്. അകശേരുകികളില്‍ ഏതാനും ഗാംഗ്ലിയോണുകളും നാഡികളും ചേര്‍ന്നതാണ് കേന്ദ്ര നാഡീവ്യൂഹം. |
central processing unit | കേന്ദ്രനിര്‍വഹണ ഘടകം | കംപ്യൂട്ടറില്‍, യുക്തിക്രിയകളും കണക്കുകൂട്ടലുകളും നടക്കുന്ന കേന്ദ്രം ALU വും നിയന്ത്രണ ഘടകവും കൂടിച്ചേര്‍ന്നതാണ് ഈ ഭാഗം. മെമ്മറിയില്‍ നിന്ന് വിവരങ്ങള്‍ എടുക്കുക, നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ക്രിയകള്‍ ചെയ്യുക, വേണ്ടിടത്ത് സൂക്ഷിക്കുക എന്നിവയാണ് ധര്‍മം. CPU എന്ന് ചുരുക്ക രൂപം. |
centre | കേന്ദ്രം | ഒരു വൃത്തത്തിലെ അല്ലെങ്കില്‍ ഗോളത്തിലെ എല്ലാ ബിന്ദുക്കളില്‍ നിന്നും തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ബിന്ദു. |
centre of buoyancy | പ്ലവനകേന്ദ്രം | ഒരു ദ്രവത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്‌തുവില്‍ ഓരോ ബിന്ദുവിലും ദ്രവത്തിന്റെ തള്ളല്‍ ബലം അനുഭവപ്പെടുന്നു. ഈ ബലങ്ങളുടെ പരിണതബലം അനുഭവപ്പെടുന്ന ബിന്ദുവാണ് പ്ലവന കേന്ദ്രം. ഇത് വസ്‌തു ആദേശം ചെയ്‌ത ദ്രവത്തിന്റെ ഗുരുത്വകേന്ദ്രം തന്നെയായിരിക്കും. |
centre of curvature | വക്രതാകേന്ദ്രം | ഒരു വക്രത്തിലെ ഓരോ ബിന്ദുവിനെയും ആധാരമാക്കി അതിന് വക്രതാ കേന്ദ്രം നിര്‍വചിക്കാം. നിര്‍ദിഷ്‌ട ബിന്ദുവിനെ കേന്ദ്രമാക്കി വക്രത്തിന്‍മേല്‍ അതിസൂക്ഷ്‌മമായ ദൈര്‍ഘ്യമെടുത്താല്‍ അത് ഏത് വൃത്തത്തിന്റെ ഭാഗമായി കരുതാമോ ആ വൃത്തത്തിന്റേ കേന്ദ്രമാണ് വക്രതാ കേന്ദ്രം. ഒരു വൃത്തത്തിന്റെ വക്രതാ കേന്ദ്രം വൃത്തകേന്ദ്രം തന്നെ. |
centre of gravity | ഗുരുത്വകേന്ദ്രം | ഒരു വസ്‌തുവിന്റെ അല്ലെങ്കില്‍ വ്യൂഹത്തിന്റെ ദ്രവ്യമാനം മുഴുവനും കേന്ദ്രീകരിച്ചിരിക്കുന്നതുപോലെ അനുഭവപ്പെടുന്ന ബിന്ദു. ഒരു പദാര്‍ഥത്തെ നിരവധി കണങ്ങളുടെ സംഘാതമായി കണക്കാക്കാം. ഈ കണങ്ങളില്‍ അനുഭവപ്പെടുന്ന ഗുരുത്വബലങ്ങളുടെ പരിണതബലം ഗുരുത്വകേന്ദ്രത്തിലൂടെ അനുഭവപ്പെടുന്നു. |
centre of pressure | മര്‍ദകേന്ദ്രം | ദ്രാവകത്തിലെ ഒരു പ്രതലത്തിന്റെ മര്‍ദകേന്ദ്രം അതിലനുഭവപ്പെടുന്ന മര്‍ദങ്ങളുടെ പരിണതമര്‍ദ്ദം പ്രയോഗിക്കപ്പെടുന്ന ബിന്ദുവാണ്. |
centrifugal force | അപകേന്ദ്രബലം | - |
centrifugal force | അപകേന്ദ്രബലം | വര്‍ത്തുളപഥത്തില്‍ വസ്‌തുവിനൊപ്പം ചലിക്കുന്ന ഒരു നിരീക്ഷകന് അഭികേന്ദ്ര ബലത്തിനു വിപരീത ദിശയില്‍ തുല്യമായ ഒരു ബലം പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെടും. ഈ ബലത്തെയാണ് അപകേന്ദ്രബലം ( centrifugal force) എന്ന് പറയുന്നത്. നിരീക്ഷകന്റെ ആധാര വ്യവസ്ഥയ്‌ക്കുണ്ടാകുന്ന ത്വരണം മൂലം അനുഭവപ്പെടുന്ന ഇത്തരം ബലങ്ങളെ "മിഥ്യാബലങ്ങള്‍' എന്നു വിളിക്കുന്നു. |
centrifuge | സെന്‍ട്രിഫ്യൂജ് | ഒരു ദ്രാവക മിശ്രിതത്തില്‍ നിന്ന് സാന്ദ്രത കൂടിയതും കുറഞ്ഞതുമായ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണം. വേര്‍തിരിക്കേണ്ട ഘടകങ്ങള്‍ അടങ്ങുന്ന ദ്രാവക മിശ്രിതം അല്ലെങ്കില്‍ കൊളോയ്‌ഡ് സെന്‍ട്രീഫ്യൂജിലെ കുഴലുകളിലെടുത്ത് തിരശ്ചീനതലത്തില്‍ കറക്കുന്നു. സാന്ദ്രത കൂടിയവ അക്ഷത്തില്‍ നിന്ന് അകലെയും (കുഴലിന്റെ അടിയിലും) കുറഞ്ഞവ അക്ഷത്തിനടുത്തും (മുകള്‍ വശത്തുമായി) അടിഞ്ഞുകൂടുന്നു. ultra centrifuge നോക്കുക. |
centriole | സെന്‍ട്രിയോള്‍ | ജന്തുകോശങ്ങളില്‍ കോശമര്‍മസ്‌തരത്തിനു തൊട്ടുപുറത്തായി കാണുന്ന ദണ്ഡ് പോലുള്ള സൂക്ഷ്‌മ വസ്‌തുക്കള്‍. 300 മുതല്‍ 500 വരെ നാനോമീറ്റര്‍ നീളവും 150 നാനോമീറ്റര്‍ വ്യാസവും ഉണ്ടായിരിക്കും. കോശവിഭജന സമയത്ത് സ്‌പിന്‍ഡില്‍ നാരുകളെ ക്രമീകരിക്കുവാനുള്ള കേന്ദ്ര ബിന്ദുവായും അവ പ്രവര്‍ത്തിക്കും. ഉയര്‍ന്ന തരം സസ്യങ്ങളില്‍ സെന്‍ട്രിയോളുകളില്ലെന്നത് ശ്രദ്ധേയമാണ്. |
centripetal force | അഭികേന്ദ്രബലം | ഒരു വസ്‌തുവിനെ വര്‍ത്തുളപഥത്തില്‍ ചലിപ്പിക്കുവാന്‍ ആവശ്യമായ ബലം. ദിശ എല്ലായ്‌പോഴും പഥകേന്ദ്രത്തിലേക്ക് ആയിരിക്കും. വസ്‌തുവിന്റെ ദ്രവ്യമാനം പ്രവേഗം, പഥത്തിന്റെ വ്യാസാര്‍ധം എന്നിവയെ ആശ്രയിച്ചിരിക്കും. ബലത്തിന്റെ അളവ്, F=-mv2/r |
centroid | കേന്ദ്രകം | 1. (maths) median, 2. (phy) ഭൂഗുരുത്വാകര്‍ഷണം വസ്‌തുവിന്റെ ഏതു ബിന്ദുവില്‍ കേന്ദ്രീകരിച്ചാണോ ആ ബിന്ദു. ഉദാ: ത്രികോണാകൃതിയുള്ള ഒരു നേര്‍ത്ത തകിടിന്റെ മാധ്യങ്ങള്‍ സന്ധിക്കുന്ന ബിന്ദു. |
centromere | സെന്‍ട്രാമിയര്‍ | ക്രാമസോമുകളില്‍ കാണുന്ന ഒരു സവിശേഷ ഭാഗം. ഒരു മുഴ പോലെയോ ഇടുങ്ങിയ ഭാഗം പോലെയോ ഉള്ള ഇതിനകത്ത് കൈനെട്ടോക്കോര്‍ എന്നൊരു വസ്‌തുവുണ്ട്. കോശവിഭജന സമയത്ത് ഇതിനോടാണ് സ്‌പിന്‍ഡില്‍ നാരുകള്‍ ഘടിപ്പിക്കുക. സെന്‍ട്രാമിയറിന്റെ സ്ഥാനം ക്രാമസോമുകളെ തിരിച്ചറിയുവാന്‍ സഹായിക്കും. |
centrosome | സെന്ട്രാസോം | കോശദ്രവ്യത്തില്‍ സെന്‍ട്രിയോളുകള്‍ കിടക്കുന്ന ഭാഗം. ഇതിനെ ചുറ്റുപാടുമുള്ള കോശദ്രവ്യത്തില്‍ നിന്ന് വേര്‍തിരിച്ച് കാണാം. |
centrum | സെന്‍ട്രം | കശേരുവിന്റെ കേന്ദ്രഫലകം. പല വിധത്തില്‍ രൂപാന്തരം കാണിക്കാറുണ്ട്. |
cephalochordata | സെഫാലോകോര്ഡേറ്റ | ഫൈലം കോര്‍ഡേറ്റയുടെ ഒരു ഉപഫൈലം. സമുദ്രവാസികളാണ്. നോട്ടോകോര്‍ഡ് തലയില്‍ വരെ എത്തുന്നതാണ് പ്രത്യേകത. ഉദാ: ആംഫിയോക്‌സസ്. |