Read Time:30 Minute


ഡോ. പ്രസാദ് അലക്സ് 

പനിക്ക് മരുന്ന് കഴിച്ചാൽ ഒരാഴ്‌ച കൊണ്ട് മാറും, ഇല്ലെങ്കിൽ ഏഴു ദിവസം കൊണ്ടും. സാധാരണ കേൾക്കാറുള്ള ഒരു ചൊല്ലാണിത്. പനിക്ക് വിശേഷിച്ച് മരുന്നില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്. ആധുനികവൈദ്യത്തിൽ വൈറൽ രോഗങ്ങൾക്ക് മരുന്നില്ല എന്നും പൊതുവേ പറയാറുണ്ട്. പൂർണമായും ശരിയല്ലെങ്കിലും, മരുന്നില്ല എന്ന് പറയുന്നതിൽ കുറച്ച് കാര്യമുണ്ട്. വൈറൽ പനിക്ക്, ലക്ഷണങ്ങളനുസരിച്ച് പാരസെറ്റാമോളോ മൂക്കടപ്പിനോ ചുമക്കോ ഉള്ള മരുന്നുകളോ നൽകുകയാണ് പതിവ്. വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക എന്ന ഉപദേശവുമുണ്ടാവും. എന്നാൽ എല്ലായ്പ്പോഴും അത് മതിയാവില്ല. മറ്റ് സങ്കീർണതകൾ ഉണ്ടാകുന്നുവെങ്കിൽ, വൈറൽരോഗമേതാണെന്ന് മനസ്സിലാക്കുകയും സങ്കീർണതകൾ ശരിയായി കൈകാര്യം ചെയ്യാൻ വേണ്ട ചികിത്സാമുറകൾ അവലംബിക്കുകയും വേണം. ചിലപ്പോൾ ആൻറിവൈറൽ മരുന്നുകൾ നൽകാറുമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഒരു ചികിത്സകന് തെരെഞ്ഞെടുക്കാൻ അധികമൊന്നുമില്ല, കാരണം എണ്ണത്തിൽ അവ വളരെ പരിമിതമാണ്.

മഹാമാരിയായ കോവിഡ് -19 ൻറെ കാര്യത്തിലും മുൻപറഞ്ഞ കാര്യങ്ങൾ ബാധകമാണ്. ഈ വൈറസ് രോഗത്തിന്റെ ചികിത്സാക്കായി, റെംഡസവീർ(Remdesivir) എന്ന ഒരു ആന്റി വൈറൽ മാത്രമാണ് അംഗീകാരം നേടിയിട്ടുള്ളത്. ആശുപത്രിവാസം വേണ്ടിവരുന്ന കാര്യമായ ലക്ഷണങ്ങൾ ഉള്ള രോഗികൾക്ക് ഉപയോഗിക്കാനാണ് വിവിധ രാജ്യങ്ങളിലെ അതോറിറ്റികൾ അംഗീകാരം നൽകിയിരിക്കുന്നത്. പക്ഷേ ഈ മരുന്നിന്റെ ഉപയോഗം കൊണ്ട് മരണനിരക്കിൽ കുറവ് വരുത്താൻ കഴിയുന്നില്ലെന്നും കാര്യമായ പ്രയോജനം ചെയ്യുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ. എന്തായാലും മാരകമായ വൈറൽ രോഗങ്ങളുടെ കാര്യത്തിൽ പുതിയ ആൻറി വൈറൽ മരുന്നുകൾ കണ്ടെത്തുക അത്യന്താപേക്ഷിതമാണ്, പക്ഷേ അത് അത്ര എളുപ്പമല്ല, ദുഷ്കരം തന്നെയാണ്. വൈറസുകൾ അവയുടെ പകർപ്പുകൾ സൃഷ്ടിക്കാൻ മനുഷ്യകോശസംവിധാനത്തെ തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്. കോശങ്ങളിലെ പ്രവർത്തനവ്യവസ്ഥ ‘ഹൈജാക്ക്’ ചെയ്യുകയാണ് വൈറസുകൾ ചെയ്യുന്നത്. അതിനാൽ ആൻറിവൈറൽ മരുന്നുകൾ രൂപകല്പന ചെയ്യാനും കണ്ടെത്താനും ശ്രമിക്കുന്നവർ നേരിടുന്ന ഒരു വെല്ലുവിളിയുണ്ട്; ആരോഗ്യകരമായ കോശങ്ങളുടെ ആന്തരിക പ്രവർത്തനങ്ങൾക്ക് കേടുപാടുകൾ വരുത്താതെ വൈറസിനെ എങ്ങനെ നശിപ്പിക്കാം അല്ലെങ്കിൽ പെരുകുന്നത് തടയാം എന്നതാണത്. ശാസ്ത്രജ്ഞർ ഈ പ്രശ്നത്തിന് ചില പോംവഴികൾ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ആൻറിവൈറൽ മരുന്നുകളുടെ ലഭ്യത ഇപ്പോഴും തുലോം കുറവാണ്. ബാക്ടീരിയ രോഗങ്ങൾ ചികിത്സിക്കാൻ ലഭ്യമായ ആൻറിബയോട്ടിക്കുകളുമായി താരതമ്യമേയില്ല ഇക്കാര്യത്തിൽ. വൈറസുകളുടെ  ‘ജീവചക്ര’ത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും കൃത്യവുമായ അറിവ് ഗവേഷകർ നേടുമ്പോൾ, ഫലപ്രദമായ കൂടുതൽ ആൻറിവൈറൽ മരുന്നുകൾ വികസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോവിഡ് പോലെയോ അതിനേക്കാൾ മാരകമായതോ ആയ മഹാമാരികൾ ഇനിയുമുണ്ടാകാമെന്ന മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ വൈറസ് മരുന്നുകൾക്കായുള്ള ഗവേഷണപ്രവർത്തനങ്ങൾ അതീവപ്രധാനമാണ്.

ആന്റിവൈറൽ മരുന്നുകളുടെ പ്രവർത്തനരീതി 

വൈറസ്  അതിൻറെ പകർപ്പുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രക്രീയയിലെ ഏതെങ്കിലും ഒരു ഘട്ടത്തെ  തടയുകയാണ് പൊതുവേ ആൻറിവൈറൽ മരുന്നുകൾ ചെയ്യുന്നത്. പകർപ്പെടുക്കൽ പ്രക്രിയ നടക്കാൻ   വൈറസ് ആതിഥേയകോശത്തിൽ സ്വയം ബന്ധിക്കുകയും  ഉള്ളിലേക്ക് കടക്കുകയും വേണം. എന്നിട്ട് വൈറൽ ജീനുകൾ പകർത്താനും വൈറൽ പ്രോട്ടീനുകൾ രൂപപ്പെടുത്താനും കോശത്തെ പ്രേരിപ്പിക്കുകയും വേണം. കോശസംവിധാനത്തെ  ‘ഹൈജാക്ക്’ ചെയ്യുകയാണിത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട വൈറസ് പകർപ്പുകൾ പുറത്ത് വന്ന് പുതിയ കോശങ്ങളെ ബാധിക്കാൻ തുടങ്ങുന്നു. ഓരോ ഘട്ടത്തിലും, വൈറൽ ജീനുകൾ അല്ലെങ്കിൽ പ്രോട്ടീനുകൾ ആതിഥേയജീവിയിലെ വിവിധ തന്മാത്രകളുമായി പ്രതിപ്രവർത്തിക്കേണ്ടതുണ്ട്. ഈ പ്രതിപ്രവർത്തനങ്ങൾ ആൻറിവൈറൽ മരുന്നുകൾക്ക് ഇടപെടാൻ അവസരമൊരുക്കുന്നു. മരുന്നുകൾ സാധാരണയായി  ആതിഥേയതന്മാത്രകളെ അനുകരിക്കുകയും വൈറൽ ‘ജീവചക്രത്തിൽ’ ഇടപെടുകയും അതുവഴി അതിന്റെ വ്യാപനം കുറയ്‌ക്കുകയും ചെയ്യുന്നു.  മരുന്ന് തിരികെ വൈറസിനെ കബളിപ്പിക്കുന്നു എന്ന് പറയാം.

ഡിഎൻ‌എ(DNA) അല്ലെങ്കിൽ ആർ‌എൻ‌എ(RNA) രൂപത്തിലുള്ള  വൈറൽ ജീനോമിൻറെ (മൊത്തം ജനിതകവസ്തു) പകർപ്പുകൾ സൃഷ്ടിക്കുന്ന ഘട്ടത്തിൽ ഇടപെടുക എന്നതാണ് മരുന്നുകളുടെ രൂപകല്പനയിലെ ഒരു പൊതു സമീപനം.  വൈറസുകൾ‌ക്ക് ഡി. എൻ. എ  /ആർ എൻ എ പോളിമറേസ്(DNA/RNA Polymerase) എന്ന് വിളിക്കപ്പെടുന്ന എൻസൈം വിഭാഗത്തിലെ പ്രോട്ടീനുകൾ ഉണ്ട്. ആതിഥേയ കോശസംവിധാനം ഉപയോഗിച്ച് ഇത് നിർമിക്കപ്പെടും. ന്യൂക്ലിയോടൈഡുകൾ(Nucleotides) എന്ന് വിളിക്കുന്ന നിർമാണഘടകങ്ങൾ  ഓരോന്നായി കൂട്ടിച്ചേർത്ത് പുതിയ ജീനോമുകൾ നിർമ്മിക്കപ്പെടുന്നത് പോളിമറേസ് തന്മാത്രകളുടെ സഹായത്തോടെയാണ്. ഉദാഹരണത്തിന്, ഹെർപ്പിസ് ചികിത്സിക്കുപയോഗിക്കുന്ന ‘അസൈക്ലോവിർ'(Acyclovir) എന്ന മരുന്നിന്റെ കാര്യമെടുക്കാം. ജീനോം പകർത്തുന്ന  പ്രക്രിയയെ മരുന്ന് തന്മാത്രകൾ കുഴപ്പത്തിലാക്കുന്നു.  വൈറസ് പോളിമറേസിന്, മരുന്ന് തന്മാത്ര ഒരു ജീനോം നിർമാണഘടകമായ ന്യൂക്ലിയോടൈഡ് പോലെ അനുഭവപ്പെടുന്നു, അതുമായി പ്രതിപ്രവർത്തിക്കുന്നു. വളരുന്ന പുതിയ ജീനോം തന്തുവിലേക്ക് മരുന്ന് തന്മാത്ര ചേർക്കപ്പെടുന്നു. ഇങ്ങനെ ‘ആൾമാറാട്ടം’ നടത്തി കടന്ന് കൂടുന്ന മരുന്ന് തന്മാത്ര കൂടുതൽ ന്യൂക്ലിയോടൈഡുകൾ ചേർക്കുന്നത് തടയുന്നു. വൈറസ് പെരുകുന്നത് അതോടെ അവസാനിക്കുന്നു. ഏതാണ്ട് ഇത് തന്നെയാണ് മറ്റ് ആൻറിവൈറൽ മരുന്നുകളുടെയും കഥ. ഇൻഫ്ലുവൻസയ്ക്കുള്ള ഓസെൽറ്റമിവിർ (ടാമിഫ്ലു) എന്ന മരുന്ന് രോഗബാധയുള്ള കോശത്തിൽ നിന്ന് വൈറസ്  പുറത്തുകടക്കുന്ന ഘട്ടത്തിൽ പ്രവർത്തിക്കുന്നു. വൈറസ് ന്യൂറമിനിഡേസ് എന്ന എൻസൈം  ഉപയോഗിച്ച് അതിന്റെ വഴി ഉണ്ടാക്കുന്നു. പക്ഷേ ഓസെൽറ്റമിവിർ ന്യൂറമിനിഡേസിലേക്ക് പറ്റിനിൽക്കുകയും അത് പ്രവർത്തിക്കുന്നത് തടയുകയും ചെയ്യുന്നു.

ആൻറിവൈറൽ മരുന്നുകൾ വൈറസുകളെ നേരിട്ട് ഉന്മൂലനം ചെയ്യുന്നില്ല. നേരെ മറിച്ച് പെരുകുന്നത് തടയുകയും അങ്ങനെ കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക്, വ്യാപിക്കുന്നത് തടയുകയുമാണ് ചെയ്യുന്നത്. (അത്കൊണ്ട് തന്നെ, വ്യക്തികളിൽ നിന്ന് മറ്റ് വ്യക്തികളിലേക്കുള്ള വ്യാപനവും നിയന്ത്രിക്കാൻ കഴിയുന്നു.) അതിനോടകം ഉള്ളിൽ കടന്ന് കൂടി, ഉണ്ടായിത്തീർന്ന     രോഗകാരികളെയും അവയുടെ അവശിഷ്ടങ്ങളെയും പുറന്തള്ളുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനമാണ്. അതുകൊണ്ട് വൈറസിന്റെ എണ്ണം കുറവായിരിക്കുന്ന ആദ്യഘട്ടങ്ങളിൽ തന്നെ ആൻറിവൈറൽ ചികിത്സ ആരംഭിക്കേണ്ടത് പ്രധാനമാണ്. നോർത്ത് കരോലിന സർവകലാശാലയിലെ വൈറോളജിസ്റ്റ് മാർക്ക് ഹെയ്‌സിന്റെ അഭിപ്രായത്തിൽ  രോഗിക്ക് എത്ര വേഗം മരുന്ന് നല്കുന്നുവോ, വൈറസ് പകരാനുള്ള സാദ്ധ്യത അത്രയും പരിമിതപ്പെടുത്താം. ഉദാഹരണത്തിന്, ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട്  48 മണിക്കൂറിനുള്ളിൽ നൽകിയാൽ ഇൻഫ്ലുവെൻസാ മരുന്നായ  ‘ടാമിഫ്ലു’  മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, ഇത് രോഗകാഠിന്യം ഗണ്യമായി കുറക്കാനും രോഗമുക്തി അല്പം വേഗത്തിൽ നേടാനും സഹായിക്കുന്നു.

എണ്ണത്തിൽ കുറവ് 

മുൻപറഞ്ഞപോലെ ബാക്ടീരിയകളോട് പൊരുതുന്ന ആൻറിബയോട്ടിക്കുകളുടെ പട്ടികയുമായി താരതമ്യപ്പെടുത്തുമ്പോൾ ആൻറിവൈറൽ മരുന്നുകളുടെ എണ്ണം തുലോം കുറവാണ്. കാരണമായി നിരവധി ഘടകങ്ങളുണ്ട്. ഒന്നാമതായി ആൻറിബയോട്ടിക്കുകളുടെ തുടക്കം തന്നെ വളരെ നേരത്തെയായിരുന്നു. ആദ്യത്തെ ആൻറിബയോട്ടിക്ക്, പെൻസിലിൻ 1928 ൽ കണ്ടെത്തി; 1940ൽ ഒരു രോഗിയിൽ ആദ്യമായി ഉപയോഗിച്ചു. പക്ഷേ ആദ്യത്തെ ആൻറിവൈറൽ മരുന്നായ ‘ഐഡൊക്സുറിഡിൻ’ 1959 ൽ ഒരു ആന്റികാൻസർ ഏജന്റായാണ്  വികസിപ്പിച്ചെടുത്തത്. 1961 ൽ വൈറസുകളെ നശിപ്പിക്കുന്നതായി റിപ്പോർട്ടുചെയ്തു, 1963 ൽ കണ്ണിലെ ഹെർപ്പിസ് അണുബാധ നേരിടാനുള്ള ചികിത്സയ്ക്കായി അംഗീകരിച്ചു.

അതുപോലെ തന്നെ മരുന്നുകൾ കൊണ്ട് നേരിടാൻ ബാക്ടീരിയയേക്കാൾ ദുഷ്കരമാണ്   വൈറസെന്ന് വിദഗ്ദ്ധർ  ചൂണ്ടിക്കാണിക്കുന്നു. നിലനില്പിന് ആവശ്യമായ എല്ലാ ഉപാപചയപ്രവർത്തനമാർഗങ്ങളുമുള്ള ജീവനുള്ള പൂർണ്ണകോശങ്ങളാണ് ബാക്ടീരിയ. അതിനാൽ അവയെ നേരിടാൻ പല മാർഗങ്ങൾ കണ്ടെത്താൻ കഴിയും. മനുഷ്യ കോശങ്ങളിൽ കാണാത്ത കോശഭിത്തികൾ പോലുള്ള സവിശേഷതകൾ അവയ്ക്ക് ഉണ്ട്. അതായത് മനുഷ്യകോശങ്ങൾക്ക് ദോഷം വരുത്താതെ രോഗകാരികളെ കൊല്ലാൻ ആൻറിബയോട്ടിക്കുകൾക്ക് കോശഭിത്തികളിലോ ബാക്ടീരിയയുടെ മറ്റ് നിർദ്ദിഷ്ട ഭാഗങ്ങളിലോ പ്രക്രിയകളിലോ ഇടപെടാൻ കഴിയും. മരുന്ന് തന്മാത്രകൾക്ക് ചെന്ന് പ്രവർത്തിക്കാൻ പറ്റിയ ലക്ഷ്യങ്ങൾ അവയിലുണ്ടാകുമെന്നർത്ഥം. (അതേസമയം രോഗിയുടെ ശരീരത്തിലെ ഉപാപചയപ്രക്രിയയിൽ  ദോഷകരമായി ഇടപെടാത്ത തരത്തിലുള്ളതാവും ഏറ്റവും നല്ല ആൻറിബയോട്ടിക്ക് ഔഷധം.)  അതിജീവനത്തിനായുള്ള  മത്സരത്തിൽ പരസ്പരം നേരിടാൻ, പ്രകൃതിനിർദ്ധാരണത്തിലൂടെ ആൻറിബയോട്ടിക്കുകൾ  സൂക്ഷ്മജീവികളിൽ വികസിച്ച് വന്നിട്ടുണ്ട്. അത് കൊണ്ട് പ്രകൃതിദത്തമായിതന്നെ  ഇത്തരത്തിലുള്ള വിവിധ രസതന്മാത്രകളുണ്ട്.

വൈറൽ രോഗകാരികളുടെ കാര്യത്തിൽ, അവയുടെ ‘ജീവചക്രം’  നടക്കുന്നത്  ആതിഥേയ-കോശങ്ങൾക്കുള്ളിലാണ്. വൈറസിൻറെ പ്രവർത്തനങ്ങൾക്കായി ആതിഥേയജീവിയുടെ പ്രോട്ടീനുകളെയാണ്  ആശ്രയിക്കുന്നത്. അതിനാൽ അവയെ നേരിടാൻ പറ്റുന്ന സവിശേഷഭാഗങ്ങളോ പ്രക്രീയയോ കണ്ടെത്തുക എളുപ്പമല്ല. അത് പോലെ പ്രകൃതിദത്ത ആൻറിവൈറലുകൾ വളരെ വിരളമാണ്. ഇക്കാരണങ്ങൾ കൊണ്ട്  വൈറസിനെ നേരിടാൻ ശാസ്ത്രജ്ഞർ പുതുതന്മാത്രകൾ കണ്ടെത്തേണ്ടി വരുന്നു. അതുപോലെ  വൈറസിന്റെ പ്രവർത്തനങ്ങൾ തടയുന്നതിന്, ആൻറിവൈറൽ തന്മാത്രകൾക്ക്  വൈറൽ പ്രോട്ടീനുകളോട്  പരിപൂരകമായ ആകൃതി ഉണ്ടാകണം. എന്നാൽ മാത്രമേ അതുമായി ബന്ധിച്ച് പ്രവർത്തനം തടയാനാകൂ. അത്കൊണ്ട് പരിമിതമായ ചില ആകൃതികൾ മാത്രമേ സാധ്യമാവൂ.  എന്നാൽ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യകോശങ്ങളിലോ ശാരീരികപ്രക്രീയകളിലോ കുഴപ്പങ്ങളുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ഉദാഹരണത്തിന് ‘അസൈക്ലോവിർ’ പോലെ ന്യൂക്ലിയോടൈഡുകളെ  അനുകരിക്കുന്ന തന്മാത്രകളുടെ കാര്യത്തിൽ, അവർ മനുഷ്യകോശങ്ങളിലെ ഡിഎൻ‌എയിലേക്കും പ്രവേശിക്കാനുള്ള സാധ്യത കണക്കിലെടുക്കേണ്ടതുണ്ട്.

രോഗകാരികളായ സൂക്ഷ്മാണുക്കൾക്കെതിരെ പ്രയോഗിക്കുന്ന മരുന്ന് ആൻറിബയോട്ടിക്ക് ആയാലും ആൻറിവൈറൽ ആയാലും അവ തമ്മിൽ നിർഭാഗ്യകരമായ ഒരു സാമ്യമുണ്ട്. ജനിതികവ്യതിയാനം മൂലം  മരുന്നുകളോട് പ്രതിരോധം ആർജ്ജിക്കാൻ രോഗകാരികൾക്ക് കഴിയും. അവയുടെ ജീനുകളിലും പ്രോട്ടീനുകളിലും ചെറിയ മാറ്റങ്ങൾ വരുകയും മരുന്നുകളുടെ ഫലപ്രാപ്തി കുറയുകയും ചെയ്യുന്നു. ആൻറിവൈറലുകളിൽ പ്രതിരോധം ഒരു വലിയ പ്രശ്നമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ഇൻഫ്ലുവൻസക്ക് ‘അഡമാന്റനേ’ വിഭാഗത്തിലെ മരുന്നുകൾ നൽകിയിരുന്നു. അവ ഇപ്പോൾ ഫലപ്രദമല്ല. കാരണം ഇപ്പോൾ കണ്ടുവരുന്ന ഇൻഫ്ലുവൻസ വൈറസ് ഇനങ്ങൾ ഇവയോട് പ്രതിരോധശേഷി നേടിയവയാണ്.

വൈറസ് മരുന്നുകളുടെ ലഭ്യതക്കുറവിന്  അപവാദമുണ്ടെന്ന് പറയാവുന്നത് എച്ച് ഐ വിയുടെ കാര്യത്തിലാണ്. പതിറ്റാണ്ടുകളുടെ ഗവേഷണഫലമായി  എച്ച് ഐ വി പോസിറ്റീവ് രോഗികളുടെ  ചികിത്സിക്കായി മുപ്പതിലധികം മരുന്നുകൾ ഇന്ന് പ്രചാരത്തിലുണ്ട്. എച്ച് ഐ വിക്ക്  മരുന്നുകൾക്കെതിരെ  പ്രതിരോധം ആർജിക്കാൻ കഴിയുമെന്നതിനാൽ കൂടുതൽ ഗവേഷണങ്ങൾ ഇപ്പോഴും  നടക്കുന്നുണ്ട്. യാഥാർത്ഥത്തിൽ എച്ച്ഐവി ഗവേഷണം ഈ രംഗത്തെ വഴികാട്ടിയാണ്.  മറ്റ് ആൻറിവൈറലുകൽ കണ്ടെത്തുന്നതിന്റെ വേഗത വർദ്ധിപ്പിക്കാനും അത് സഹായകരമായിട്ടുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ നാലോ അഞ്ചോ വർഷങ്ങളിൽ എത്തിയ പുതിയ മരുന്നുകൾ മൂലം ഹെപ്പറ്റൈറ്റിസ് -സി, വിട്ടുമാറാത്ത രോഗമെന്ന നിലയിൽ നിന്ന് ഭേദപ്പെടുത്താവുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.

കോവിഡ് -19 നെതിരെ ആന്റിവൈറലുകൾ 

ഏതെങ്കിലും ഒരു വൈറസിനെതിരെ രൂപകൽപ്പന ചെയ്ത മരുന്നുകൾ പലപ്പോഴും മറ്റുള്ളവക്കെതിരെയും പ്രവർത്തിക്കും. കാരണം വൈറസ് ജീനോമുകൾ പകർത്താൻ ഉപയോഗിക്കുന്ന പോളിമറേസ് പോലുള്ള പ്രോട്ടീനുകൾ  വിവിധ വൈറസുകളിൽ സമാനമാണ്. പക്ഷെ പോളിമറേസിന് സമാനതകൾ ഉള്ളത് കൊണ്ട് മാത്രം കാര്യങ്ങൾ എളുപ്പമാണെന്ന് അർത്ഥമില്ല. കൊറോണ വൈറസുകളുടെ കാര്യമെടുക്കാം. അസൈക്ലോവിർ പോലെ ലളിതമായി ‘ന്യൂക്ലിയോടൈഡനുകരണം’ നടത്തുന്ന തന്മാത്രകൾ അവയുടെ കാര്യത്തിൽ പ്രയോജനപ്പെടുന്നില്ല. കാരണം ജനിതകപകർപ്പ് സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ ഒഴിവാക്കാൻ സഹായിക്കുന്ന nsp-14   എന്നറിയപ്പെടുന്ന എൻസൈം ഇവയ്ക്കുണ്ട്. അത് ഒരു  എഡിറ്ററായി പ്രവർത്തിക്കുന്നു, പോളിമറേസിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നു, അപചയം തിരിച്ചറിഞ്ഞ് അതിനെ മുറിച്ചുമാറ്റുന്നു. അങ്ങനെ തെറ്റ് പരിഹരിക്കയും ശ്രേണീവളർച്ച തുടരുകയും ചെയ്യുന്നു

കോവിഡ് ചികിത്സക്കായി നിർദ്ദേശിക്കപ്പെട്ട ‘റെംഡസിവിർ’  ന്യുക്ളിയോടൈഡ് അനുകരണ തന്മാത്രയാണെങ്കിലും അല്പം വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. (എബോളരോഗത്തിന്  മനുഷ്യരിൽ പരീക്ഷിച്ചിരുന്നുവെങ്കിലും കാര്യമായ പ്രയോജനം ചെയ്തില്ല.) കൊറോണ വൈറസുകളുടെ കാര്യത്തിൽ ജനിതകവസ്തു ആർ‌. എൻ‌. എ ശ്രേണിയാണ്. പുതിയ ശ്രേണിയുടെ ഒരു സ്ഥാനത്ത് ന്യൂക്ലിയോടൈഡിന് പകരം  ‘റെംഡെസിവിറിൻറെ’ സജീവരൂപം ഉൾപ്പെടുത്തിയാൽ അത് ശ്രേണിയുടെ വളർച്ച ഉടനടി തടയില്ല. പോളിമറേസ് സാധാരണ ന്യൂക്ലിയോടൈഡുകൾ ചേർക്കുന്നത് തുടരുന്നു. എന്നാൽ ഇത് രണ്ടോ മൂന്നോ ചേർത്തുകഴിയുമ്പോൾ, മരുന്ന് തന്മാത്രയുടെ സാന്നിദ്ധ്യം ശ്രേണിയുടെ ആകൃതി വ്യത്യസ്തമാക്കും. വളരെയധികം  വളച്ചൊടിച്ച ആകൃതിയാകുന്നു. ശ്രേണീവളർച്ച അവസാനിക്കുന്നു. പോളിമറേസിന്  പ്രവർത്തിക്കാൻ കഴിയില്ല. അപചയത്തിന് ശേഷം വളർച്ച കുറച്ച് മുന്നോട്ട് പോയതിനാൽ, എഡിറ്റർ എൻസൈമും  പ്രവർത്തിക്കാതെയാവുന്നു. റെംഡസിവിറിനുശേഷം ചേർത്ത സാധാരണ ന്യൂക്ലിയോടൈഡുകൾ nsp-14  വഴിമാറുന്നതിന് കാരണമാവുന്നെന്നാണ് അനുമാനം.

സമർത്ഥമായ പ്രവർത്തന രീതി ഉണ്ടായിട്ടും, കോവിഡ് -19 രോഗികൾക്ക് റെംഡസിവിർ കാര്യമായ പ്രയോജനം നല്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. യു എസിൽ നടന്ന  ഒരു പഠനപ്രകാരം രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച  1062 പേരിൽ,  നിഷ്‌ക്രിയ പ്ലാസിബോ ലഭിച്ചവരേക്കാൾ വേഗത്തിൽ റെംഡസിവിർ ചികിത്സ ലഭിച്ചവർ സുഖം പ്രാപിച്ചു. മരണനിരക്കിൽ ഇരു ഗ്രൂപ്പിൽപെട്ടവർ തമ്മിൽ ഗണ്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള രണ്ട് പഠനങ്ങൾ കൂടി  അടിസ്ഥാനമാക്കിയാണ്, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും തുടർന്ന് ഇൻഡ്യയിലുൾപ്പടെ മറ്റ് രാജ്യങ്ങളിലെ ഏജൻസികളും ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് റെംഡസിവിർ ചികിത്സ നൽകാൻ അനുമതി നൽകിയത്.

പക്ഷേ റെംഡസവിർ  ജീവൻ രക്ഷക്ക് ഉതകുമെന്നോ മരണനിരക്ക് കുറക്കുമെന്നതിനോ മതിയായ തെളിവുകൾ ഇല്ലെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു. കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതുവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് റെംഡസവിർ നൽകേണ്ടതില്ലെന്ന് 2020 നവംബറിൽ അവർ ശുപാർശ ചെയ്തു. സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിപുലമായ സോളിഡാരിറ്റി ട്രയലിൻറെയും മറ്റ് ചില പരീക്ഷണഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം. മരണനിരക്ക്, വെന്റിലേഷന്റെ ആവശ്യകത, രോഗലക്ഷണങ്ങൾ  മെച്ചപ്പെടാനുള്ള സമയം, എന്നിവയിൽ കാര്യമായ പ്രയോജനമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, റെംഡസിവിർ ഉപയോഗിക്കുന്നതിനെതിരെ സോപാധിക ശുപാർശയാണ് നൽകിയത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വേണമെങ്കിൽ തുടരാമെന്നർത്ഥം.

ഇങ്ങനെയുള്ള വ്യത്യസ്‌തഫലങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് തോന്നാം. രോഗികൾക്ക് റെംഡസിവിർ നൽകുന്നത്  രക്തക്കുഴലുകളിലേക്ക് നേരിട്ട് പലതവണയായി കുത്തിവയ്ക്കുന്ന രീതിയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് മാത്രമാണ് ഇങ്ങനെ നൽകുന്നത്. എന്നാൽ കോവിഡ് -19 രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഘട്ടമെത്തുമ്പോഴേക്ക്, വൈറസ് ശരീരത്തിലുടനീളം വ്യാപിച്ചിട്ടുണ്ടാവും. അതിനാൽ മരുന്ന് ശരീരത്തിലെത്താൻ വൈകിയിട്ടുണ്ടാവും, കാര്യമായ പ്രയോജനം പിന്നെ ഉണ്ടാവാൻ വഴിയില്ലെന്നാണ് പല വിദഗ്ദ്ധരുടെയും അഭിപ്രായം.

ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ, കഴിക്കാവുന്ന രൂപത്തിലുള്ള  ആൻറിവൈറൽ മരുന്നിന് ഗുണഫലങ്ങൾ തരാൻ കഴിയുമെന്ന് പലരും കരുതുന്നു. റെംഡെസിവിറിന്റെ  നിർമ്മാതാക്കളായ ജിലീഡ് സയൻസസ്, മൂക്കിലൂടെ സ്പ്രേ രൂപത്തിൽ കൊടുക്കാവുന്നതായി അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്. അത് പോലെ പരീക്ഷണത്തിൻറെ വിവിധഘട്ടങ്ങളിൽ ഉള്ള മറ്റ് ആൻറിവൈറലുകളും ഉണ്ട്. ഉദാഹരണത്തിന്,  ‘റോച്ചെയും’ ‘ആറ്റിയയും’ സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എടി 527 എന്നറിയപ്പെടുന്ന മറ്റൊരു ന്യൂക്ലിയോടൈഡ് അനലോഗ് മനുഷ്യരിലെ ക്ലിനിക്കൽ  പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. റെംഡസിവിർ പോലെ, ആർ‌എൻ‌എ ശ്രേണിയുടെ വളർച്ച നിലയ്ക്കുന്നത് അല്പം വൈകിയാണ് സംഭവിക്കുന്നത്. അങ്ങനെ തെറ്റ് തിരുത്തുന്ന എഡിറ്റിംഗ് എൻസൈമിന്റെ പ്രവർത്തനം  ഒഴിവാക്കുന്നു. തന്നെയുമല്ല ഇത് ഗുളികരൂപത്തിൽ കഴിക്കാവുന്ന മരുന്നാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത രോഗികൾക്കും ഉപയോഗിക്കാമെന്ന് നിർമാതാക്കൾ പ്രതീക്ഷിക്കുന്നു, വൈറസിനോട് സമ്പർക്കത്തിൽ വന്നവർക്കും ഇത് ഉപയോഗിച്ച് അണുബാധ തടയാനാവുമെന്നും പ്രതീക്ഷയുണ്ട്. ക്ലിനിക്കൽ ഘട്ടത്തിലേക്ക് കടക്കുന്ന  ‘മോൾനുപിരാവിർ ‘(Molnupiravir)  പ്രതീക്ഷയുണർത്തുന്ന മറ്റൊരു മരുന്നാണ്.

യഥാർത്ഥത്തിൽ പാൻഡെമിക് കാലം ആൻറി വൈറൽ  മരുന്നുകൾക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തി.  ശാസ്ത്രജ്ഞർ പലതലങ്ങളിൽ ഇതിനായുള്ള ശ്രമങ്ങൾ തുടരുന്നു. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന (U N C ), സ്ട്രക്ചറൽ ജീനോമിക്സ് കൺസോർഷ്യം (S G  C  ) തുടങ്ങിയ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സംരംഭമാണ് ആൻറിവൈറൽ ഡ്രഗ് ഡിസ്കവറി ഇനിഷ്യേറ്റീവ്  (READDI). ഇതിന്റെ ഭാഗമായി  SARS-CoV-2 നെതിരെ വിവിധതരം മരുന്നുകൾ ലബോറട്ടറി പരീക്ഷണഘട്ടങ്ങളിലാണ്. സാധാരണ ആൻറിവൈറലുകൾ മാത്രമല്ല പരീക്ഷിക്കുന്നത്. വൈറസ് അതിൻറെ പ്രവർത്തനങ്ങൾക്കായി, മനുഷ്യകോശങ്ങളിലെ പല പ്രക്രിയകളെയും ആശ്രയിക്കുന്നതിനാൽ, മനുഷ്യ പ്രോട്ടീനുകളിൽ പ്രവർത്തിക്കുന്ന വിവിധതരം മരുന്നുകൾ ഉപയോഗിക്കാനാവുമോ എന്നും ഊർജിതമായി അന്വേഷിക്കുന്നുണ്ട്. രോഗിക്ക് വലിയ പ്രശ്നങ്ങളില്ലാതെ വൈറസിനെ തടയാനാവുമോ എന്നാണ് നോക്കുന്നത്. ചികിത്സക്ക് ഉപയുക്തമാവുന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുമെന്നാണ് പ്രതീക്ഷ. ക്യാൻസർ, മനോരോഗങ്ങൾ, ശരീരവീക്കം, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത മരുന്നുകൾക്ക്  (ഇല്ലെങ്കിൽ അവയുടെ ചെറിയ മാറ്റങ്ങൾ വരുത്തിയ രൂപങ്ങൾക്ക്) വൈറസിനെതിരെ പ്രയോഗക്ഷമത ഉണ്ടാകുമോ എന്നാണ്  പരിഗണിക്കുന്നത്. ഇത് പുതിയ സാദ്ധ്യതകൾ തുറക്കുന്നു. ഇതിലേതെങ്കിലും കോവിഡിനെതിരെ പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ടോ എന്നാണ് അന്വേഷണം. അക്കാദമിക് സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, സർക്കാരിതര സംഘടനകൾ എന്നിവയുൾപ്പെടെ READDI പദ്ധതിയിലുൾപ്പെട്ടിരിക്കുന്നവർ കോവിഡ് -19 ന് പല രീതിയിലുള്ള ചികിത്സകൾ കണ്ടെത്തനാണ് ലക്ഷ്യമിടുന്നത്. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള, ഇതുവരെ അറിയപ്പെടാത്ത അണുബാധകൾക്ക് പ്രയോഗിക്കാവുന്ന മരുന്നുകൾ കണ്ടെത്തി പരിശോധിക്കാമെന്ന പ്രതീക്ഷയും പുലർത്തുന്നു. മനുഷ്യരിൽ  സുരക്ഷിതത്വം  നേരത്തെ തന്നെ പരിശോധിക്കപ്പെട്ടാൽ ആവശ്യഘട്ടത്തിൽ വേഗത്തിൽ ഉപയോഗിക്കാൻ കഴിയുമല്ലോ.


അധികവായനയ്ക്ക്

  1. Claudette Poole , Antiviral Therapies for Herpesviruses: Current Agents and New Directions, J.clinthera.2018.07.006
  2. J W Gnann Jr, N H Barton, R J Whitley, Acyclovir: mechanism of action, pharmacokinetics, safety and clinical applications, Pharmacotherapy, 1983;3(5):275-83. doi: 10.1002/j.1875-9114.1983.tb03274.x.
  3. Brian E. Davies, Pharmacokinetics of oseltamivir: an oral antiviral for the treatment and prophylaxis of influenza in diverse populations, J Antimicrob Chemother. 2010 Apr; 65 (Suppl 2): ii5–ii10.doi: 10.1093/jac/dkq015
  4. A 40-Year Journey in Search of Selective Antiviral Chemotherapy, Annual Review of Pharmacology and Toxicology, Vol. 51:1-24,  2011)
  5. Jakob J. Malin, Isabelle Suárez, Vanessa Priesner, Gerd Fätkenheuer, Jan Rybniker, Remdesivir against COVID-19 and Other Viral Diseases, Clinical Microbiology Reviews Oct 2020, 34 (1) e00162-20; DOI: 10.1128/CMR.00162-20
  6. WHO recommends against the use of remdesivir in COVID-19 patients, 20 November 2020, https://www.who.int/news-room/feature-stories/detail/who-recommends-against-the-use-of-remdesivir-in-covid-19-patients
  7. Regina Boyle Wheeler, Can Hep C Be Cured?, https://www.webmd.com/hepatitis/features/hep-c-cure
  8. Roche announces collaboration with Atea Pharmaceuticals to develop a potential oral treatment for COVID-19 patients, https://www.roche.com/media/releases/med-cor-2020-10-22.htm
  9. Accelerating Interdisciplinary Team Science to Create Antiviral Drugs for Emerging Viruses, https://www.readdi.org/our-approach.html
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മഹാമാരി നൂറ്റാണ്ടുകളിലൂടെ
Next post കേവലശാസ്ത്രവാദവും വൈരുദ്ധ്യാത്മക ചിന്തയും
Close