Read Time:17 Minute

2021 ഫെബ്രുവരി 1-28 തിയ്യതികളിലായി ലൂക്ക സംഘടിപ്പിക്കുന്ന Science In India – ശാസ്ത്രം ഇന്ത്യയിൽ ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ലേഖനപരമ്പര

ഡോക്ടർ ഭട്‌നഗർ ഇല്ലായിരുന്നെങ്കിൽ നമുക്ക് ദേശീയ ലാബറട്ടറികളുടെ ഈ ശൃംഖല സാധ്യമാകുമായിരുന്നില്ല എന്ന് എനിക്ക് തീർത്തുപറയാൻ കഴിയും
– ജവഹർലാൽ നെഹ്‌റു

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം, ഇന്ത്യയിൽ ശാസ്ത്രവികസനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിൽ, ഭാഭ, മഹാലനോബിസ്, സാരാഭായ് എന്നിവരോടൊപ്പം സുപ്രധാനമായ പങ്കു വഹിച്ച മഹാനാണ് ശാന്തിസ്വരൂപ് ഭട്‌നഗർ. ഭട്‌നഗർ പ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനായിരുന്നു; ഒപ്പം ഇന്ത്യയിലെ ശാസ്ത്രവികാസത്തിന്റെ ഈറ്റില്ലങ്ങളായി മാറിയ നിരവധി സ്ഥാപനങ്ങളുടെ സ്രഷ്ടാവും. ജീവിതത്തിലെ പ്രായോഗികപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ശാസ്ത്രവും അതിന്റെ പ്രയോഗവും പ്രയോജനപ്പെടുത്താൻ ശാസ്ത്രജ്ഞർക്ക് കഴിയുമ്പോഴാണ് ശാസ്ത്രത്തിന് സാമൂഹികപ്രസക്തി കൈവരുന്നത് എന്നദ്ദേഹം തെളിയിച്ചു.

1894 ഫെബ്രുവരി 21 ന് ഇപ്പോഴത്തെ പാക്കിസ്ഥാന്റെ ഭാഗമായ ഷാപൂർ ജില്ലയിലുള്ള ഭേരാ എന്നസ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് പുരോഗമനാശയങ്ങൾ വച്ചുപുലർത്തിയിരുന്ന ആളായിരുന്നു. പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദം സമ്പാദിച്ചിരുന്ന അദ്ദേഹം ആ പ്രദേശത്തെ ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റർ പദവിയോളം എത്തി. നിർഭാഗ്യവശാൽ ശാന്തിസ്വരൂപിന് എട്ടുമാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് അകാലചരമമടഞ്ഞു. അതോടെ ആ കുടുംബം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. കുട്ടിയായ ശാന്തിസ്വരൂപിനെ വളർത്തിയത് അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനായ പ്യാരേലാൽ ആയിരുന്നു. പ്യാരേലാൽ റൂർക്കി എൻജിനിയറിങ് കോളേജിലെ പ്രഗൽഭനായ ഒരു എൻജിനിയറായിരുന്നു. വളരെ കുട്ടിക്കാലം മുതൽക്കുതന്നെ ശാന്തി സ്വരൂപിന് ശാസ്ത്രത്തിൽ വലിയ താൽപര്യമായിരുന്നു. കുട്ടിയായിരുന്ന ശാന്തിസ്വരൂപ് സ്വന്തമായി കൊച്ചു കളിപ്പാട്ടങ്ങൾ ഉണ്ടാക്കുകയും മുത്തച്ഛന്റെ ഉപകരണങ്ങളെടുത്ത് തിരുപ്പിടിക്കുകയും പതിവായിരുന്നു. ഉർദുകവിത, സാഹിത്യം എന്നിവയിലും അദ്ദേഹത്തിന് വലിയ താൽപര്യമായിരുന്നു.

ശാന്തി സ്വരൂപ് തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഒരു സ്വകാര്യ ‘മക്താബി’ലാണ്. അതിനുശേഷം 1907 വരെ അദ്ദേഹം സിക്കന്തരാബാദിലുള്ള എ.വി. ഹൈസ്‌കൂളിൽ പഠിച്ചു. തുടർന്ന് ഒരു കുടുംബസുഹൃത്തിന്റെ പ്രേരണമൂലം അദ്ദേഹം തന്റെ പഠിത്തം ലാഹോറിലെ ദയാൽസിങ്ങ് ഹൈസ്‌കൂളിലേക്ക് മാറ്റി. ഇവിടെ ശാസ്ത്രത്തിലും ഉർദുവിലും മികച്ച നേട്ടം കൈവരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1911-ൽ തന്റെ 17-ാം വയസ്സിൽ അലഹബാദിൽനിന്നു പ്രസിദ്ധീകരിക്കുന്ന ‘ലീഡർ’ ദിനപത്രത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ശാസ്ത്രപ്രബന്ധം പുറത്തുവന്നു. ബാറ്ററികളിൽ ഉപയോഗിക്കുന്ന കാർബൺ ഇല ക്‌ട്രോഡിനുപകരമായി മൊളാസസ്, കാർബണേഷ്യസ് പദാർത്ഥങ്ങൾ എന്നിവ ഉച്ചമർദ്ദത്തിൽ ചൂടാക്കി ഉപയോഗിക്കാനുള്ള സാധ്യതയെ കുറിച്ചാണ് ആ പ്രബന്ധത്തിൽ പ്രതിപാദിച്ചിരുന്നത്.

1916-ൽ ലാഹോറിലെ ഫോർമൻ ക്രിസ്റ്റ്യൻ കോളേജിൽ നിന്ന് ശാന്തിസ്വരൂപ് ഫിസിക്‌സിൽ Bsc ബിരുദം കരസ്ഥമാക്കി. 1919-ൽ അതേ കോളേജിൽ നിന്ന് അദ്ദേഹം രസന്ത്രത്തിൽ BSc ബിരുദം നേടി (അക്കാലത്ത് BSc ഫിസിക്‌സുകാരന് യാതൊരു പ്രയാസവുമില്ലാതെ MSc കെമിസ്ട്രിക്ക് ചേരാമായിരുന്നു. ഇന്ന് അങ്ങനെ ഒരുകാര്യം ആലോചിക്കുകപോലും സാധ്യമല്ലല്ലോ!). MSc വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഉന്നതവിദ്യാഭ്യാസത്തിനുള്ള ദയാൽസിങ് കോളേജിൽ നിന്നു ലഭിച്ച സ്‌കോളർഷിപ്പ് പ്രയോജനപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇംഗ്ലണ്ട് വഴി അമേരിക്കയിലേക്കു പുറപ്പെട്ടു. പക്ഷെ അപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഭട്‌നഗർക്ക് ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കപ്പലുകളൊന്നും കിട്ടിയില്ല. തന്മൂലം അദ്ദേഹം ഇംഗ്ലണ്ടിൽ തന്നെ തുടരാൻ തീരുമാനിച്ചു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ പ്രഗൽഭ ഫിസിക്കൽ കെമിസ്റ്റായിരുന്ന പ്രൊഫ. എഫ്.ജി. സോന്നാന്റെ ശിക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. 1921-ൽ അദ്ദേഹത്തിന് DSc ഡിഗ്രി ലഭിച്ചു, On Solubility of bivalent and trivalent salts of higher fatty acids in oils and their effect on the surface tension of oils എന്ന പ്രബന്ധത്തിന്.

1921-ൽ ഭട്‌നഗർ ഇന്ത്യയിൽ മടങ്ങിയെത്തി. ഏറെ താമസിയാതെ തന്നെ അദ്ദേഹം ബനാറസ് ഹിന്ദു സർവകലാശാലയിൽ കെമിസ്ട്രി പ്രൊഫസറായി ചുമതലയേറ്റു. ബനാറസ് ഹിന്ദു സർവകലാശാലയിൽ ചുരുങ്ങിയകാലം മാത്രമേ ജോലി ചെയ്യുകയുണ്ടായുള്ളു എങ്കിലും, അതിനിടയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു കെമിക്കൽ റിസർച്ച് സ്‌കൂൾ അദ്ദേഹം അവിടെ സ്ഥാപിച്ചു. ബനാറസ് സർവകലാശാലയുടെ പ്രസിദ്ധമായ ഹിന്ദിഗീതം രചിച്ചതും അദ്ദേഹമാണ്. 1924-ൽ അദ്ദേഹം തന്റെ ആസ്ഥാനം ലാഹോറിലെ പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റി. അവിടെ യൂണിവേഴ്‌സിറ്റി കെമിക്കൽ ലാബോറട്ടറികളുടെ ഡയറക്ടറായി അദ്ദേഹം ചുമതലയേറ്റു. 1940 വരെ നീണ്ട 16 വർഷക്കാലം അവിടെ തുടർന്നു. ഇക്കാലത്തിനിടയിൽ 100-ലേറെ ഗവേഷണപ്രബന്ധ ങ്ങൾ രചിക്കുകയുണ്ടായി. ഭട്‌നഗറുടെ മൗലികശാസ്ത്രഗവേഷണജീവിതത്തിലെ ഏറ്റവും ഊർജസ്വലമായ കാലം ഇതായിരുന്നു. കൊളോയിഡൽ ആന്റ് മാഗ്നറ്റോ രസതന്ത്രശാഖയ്ക്ക് ഏറെ ഈടുറ്റ സംഭാവനകൾ അദ്ദേഹം നൽകുക യുണ്ടായി. ഇതിനുപുറമേ നിരവധി പ്രായോഗിക വ്യാവസായികപ്രശ്‌നങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലും ഭട്‌നഗർ സുപ്രധാനമായ പങ്കു വഹിക്കുകയുണ്ടായി. ഉദാഹരണമായി അറ്റോക്ക് ഓയിൽ കമ്പനി എണ്ണ ഖനനവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം അഭിമുഖീകരിച്ചിരുന്നു. ചെളിയും ഉപ്പുവെള്ളവും ഉള്ള പ്രദേശങ്ങളിൽ എണ്ണ ഖനനത്തിനുപയോഗിക്കുന്ന ഡ്രില്ലുകൾ കുരുങ്ങിപ്പോവുന്നതായിരുന്നു പ്രശ്‌നം. ഭട്‌നഗർ തികച്ചും അസാധാരണമായ ഒരു രീതി പ്രയോഗിച്ച് ഇത് പരിഹരിച്ചുകൊടുത്തു. അദ്ദേഹം ഇന്ത്യൻ ഗം മണ്ണിൽചേർത്ത് ഡ്രിൽ പ്രയോഗിക്കാൻ നിർദ്ദേശിച്ചു. ഇതുവഴി മണ്ണിന്റെ ശ്യാനത (Viscosity) കുറയ്ക്കാനും അങ്ങനെ ഡ്രില്ലിങ് എളുപ്പമാക്കാനും സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഇതിൽ അത്യന്തം സന്തുഷ്ടരായ കമ്പനി ഭട്‌നഗർക്ക് 1,25,000 രൂപ സമ്മാനമായി നൽകി! (അക്കാലത്ത് (1925) അത് വലിയൊരു തുകയായിരുന്നു എന്ന് ഓർക്കണം) പഞ്ചാബ് സർവകലാശാലയിൽ പെട്രോളിയം സംബന്ധിച്ച ഗവേഷണങ്ങൾക്കായി ഒരു പ്രത്യേക ഡിപ്പാർട്ടുമെന്റ് രൂപീകരിക്കുവാനാണ് ഭട്‌നഗർ ഈ തുക പ്രയോജനപ്പെടുത്തിയത്. തുടർന്നുള്ള പത്തു വർഷക്കാലം, ഭട്‌നഗറും അദ്ദേഹത്തിന്റെ ശിഷ്യരും ചേർന്ന് പെട്രോളിയം ഗവേഷണരംഗത്ത് ഒട്ടേറെ സുപ്രധാന ഗവേഷണങ്ങൾ ഇവിടെ നടത്തുകയുണ്ടായി. മെഴുക് സംബന്ധിച്ച ഗവേഷണങ്ങൾ, മണ്ണെണ്ണ നാളത്തിന്റെ ദൈർഘ്യവർധനവ്, ലൂബ്രിക്കേഷൻ, കൊറോഷൻ പ്രതിരോധം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അവരുടെ ഗവേഷണത്തിന് വിധേയമായി. ഒട്ടേറെ പേറ്റന്റുകൾക്ക് ലൈസൻസ് ലഭിച്ചു. ഇതിൽ നിന്ന്

യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിരുന്ന റോയൽറ്റിയുടെ 50 ശതമാനം ഗവേഷണപ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരുന്നു. മൗലികമായ ശാസ്ത്രീയ ഗവേഷണപ്രവർത്തനങ്ങളും പ്രശ്‌നപരിഹാരത്തിനായുള്ള പ്രവർത്തനങ്ങളും പരസ്പരം സമന്വയിപ്പിക്കേണ്ടതുണ്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അവ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. നിരവധി പുത്തൻ അറിവുകളുടെ ഒരു വൻശേഖരം തന്നെ അദ്ദേഹം സൃഷ്ടിച്ചു. ബൗദ്ധിക സ്വത്തവകാശം എന്ന ആശയം പ്രചാരത്തിൽ വരുന്നതിന് എത്രയോ മുൻപായിരുന്നു ഇതെന്നോർക്കണം.

നമ്മുടെ നാട്ടിലെ പ്രകൃതിവിഭവങ്ങളെ സംബന്ധിച്ചോ വ്യവസായങ്ങളെ സംബന്ധിച്ചോ ഗവേഷണം നടത്തുന്ന ഗവേഷണസ്ഥാപനങ്ങൾ ഒന്നുംതന്നെ അക്കാലത്തുണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി, 1939-ൽ അന്നത്തെ ഇന്ത്യാഗവൺമെന്റ് ഒരു ബോർഡ് ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് രൂപീകരിക്കുകയുണ്ടായി. 1939 ഡിസംബറിൽ ഭട്‌നഗർ ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര-വ്യവസായികകാര്യഗവേഷണോപദേഷ്ടാവായി നിയമിതനായി. അങ്ങനെയാണ് കൗൺസിൽ ഫോർ സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചു (CSIR)മായുള്ള 15 വർഷം നീണ്ട സുദീർഘമായ ബന്ധത്തിന്റെ തുടക്കം കുറിച്ചത്. 1942 സപ്തംബർ 26 നാണ് CSIR സ്ഥാപിതമായത്.

CSIR ന്റെ പ്രവർത്തനത്തിന് വ്യക്തമായ ഒരു രൂപരേഖ തയ്യാറാക്കിയത് ഭട്‌നഗറാണ്. പഴയതലമുറക്കാർ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെക്കുറിച്ച് ഒട്ടേറെ ഓർമകൾ കാത്തുസൂക്ഷിക്കുന്നുണ്ട്. പ്രഭാതസവാരിക്കിറങ്ങുന്ന ജവഹർലാൽ നെഹ്‌റുവുമൊത്ത് സഞ്ചരിച്ച് അദ്ദേഹം പുതിയൊരു ലാബറട്ടറിയെക്കുറിച്ചുള്ള ആശയങ്ങൾ ചർച്ചചെയ്ത് അംഗീകാരം വാങ്ങും; ഓഫീസ് സമയമാകുമ്പോഴേക്ക് അത് സംബന്ധിച്ചുള്ള കടലാസുകൾ എല്ലാം തയ്യാറാക്കി സമർപ്പിക്കുകയും ചെയ്യും! അതായിരുന്നു അദ്ദേഹത്തിന്റെ നിർവഹണക്ഷമത. ഭട്‌നഗർ അന്തരിക്കുന്നതിനുമുമ്പ് 12 ദേശീയ ലാബറട്ടറികൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞിരുന്നു. പൂനയിലെ നാഷണൽ കെമിക്കൽ ലാബറട്ടറി, ഡൽഹിയിലെ നാഷണൽ ഫിസിക്കൽ ലാബറട്ടറി തുടങ്ങിയ വമ്പൻ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലെ സമ്പന്നമായ മോണോസൈറ്റ് മണൽനിക്ഷേപങ്ങളെ കുറിച്ചുള്ള പഠനത്തിനായി അദ്ദേഹം ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചു. സ്വകാര്യമേഖലയിൽ ഒട്ടേറെ എണ്ണ ശുദ്ധീകരണശാലകൾ ആരംഭിക്കുന്നതിനും അദ്ദേഹം കാരണക്കാരനായി.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനൊപ്പം നാഷണൽ കെമിക്കൽ ലബോറട്ടറി ഉദ്ഘാടനവേളയിൽ -1950 ലെ ചിത്രം

ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷന്റെ സെക്രട്ടറി, CSIR ഡയറക്ടർ, യു.ജി.സി ചെയർമാൻ തുടങ്ങിയ ഒട്ടേറെ സമുന്നത പദവികൾ ശ്രീ. ഭട്‌നഗർ വഹിക്കുകയുണ്ടായി. ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (OBE) (1936), നൈറ്റ് പദവി (1941), റോയൽ സൊസൈറ്റി ഫെല്ലോഷിപ്പ് (1943) തുടങ്ങി നിരവധി ബഹുമതികളും അനേകം ഹോണററി ഡിഗ്രികളും അദ്ദേഹത്തെ തേടിയെത്തി.

ബ്രഹ്‌മസമാജ് ആശയങ്ങൾ ഭട്‌നഗറുടെ വളർച്ചയുടെ പ്രാരംഭകാലത്ത് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. പത്‌നിയായ ലാജ്വാനിയുമായി അപൂർവമായ ഹൃദയൈക്യം പുലർത്തിയിരുന്ന അദ്ദേഹം ഒട്ടേറെ മധുരസ്വപ്നങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. ജോലിയിൽ നിന്ന് വിരമിച്ചശേഷം ഒരു കർഷകനായിത്തീരുമെന്നും, അക്കാലത്ത് പാടത്തു പണിയെടുക്കുന്ന തനിക്ക് ഉച്ചഭക്ഷണവും മോരുനിറച്ച കലവുമായി തന്റെ പത്‌നി എത്തിച്ചേരുമെന്നുമൊക്കെ അദ്ദേഹം സ്വപ്നം കണ്ടിരുന്നു!

1955 ജനുവരി ഒന്നാംതീയതി ഹൃദയസ്തംഭനത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. തന്റെ സംഭവബഹുലമായ 60 വർഷക്കാലത്തെ ജീവിതത്തിനിടയിൽ വമ്പിച്ച നേട്ടങ്ങളാണ് അദ്ദേഹം കൈവരിച്ചത്. ശുദ്ധശാസ്ത്രരംഗത്ത് അദ്ദേഹം സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചു. ശാസ്ത്രത്തിന്റെ നേട്ടങ്ങൾ രാഷ്ട്രം അഭിമുഖീകരിക്കുന്ന സാമ്പത്തികപ്രശ്‌ന ങ്ങളുടെ പരിഹാരത്തിനായി പ്രയോഗിക്കണമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന ആളാണ് ഭട്‌നഗർ. രാജ്യത്തെ ശാസ്ത്രഗവേഷണപ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ പണിയാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം വിത്തിട്ട CSIR ക്രമേണ ഒരു കൂറ്റൻ വൃക്ഷമായി വളർന്നു കഴിഞ്ഞു. ഇന്ന് എയ്‌റോസ്‌പെയ്‌സ്, ബയോടെക്‌നോളജി, രസതന്ത്രം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ ഗവേഷണം നടത്തുന്ന 38 CSIR ലാബറട്ടറികളുണ്ട്. ഇന്ത്യൻ ശാസ്ത്രത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നത് ഈ സ്ഥാപനങ്ങളിലാണ്.


ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പ്രസിദ്ധീകരിച്ച അരവിന്ദ് ഗുപ്ത രചിച്ച അഗ്നിസ്ഫുലംഗങ്ങൾ – മുൻപെ നടന്ന ഭാരതീയ ശാസ്ത്രപ്രതിഭകൾ പുസ്തകത്തിൽ നിന്നും. വിവ. കെ.കെ.കൃഷ്ണകുമാർ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിർദേശം പിൻവലിക്കണം- ശാസ്ത്രസാഹിത്യ പരിഷത്ത്
Next post മഹാമാരി നൂറ്റാണ്ടുകളിലൂടെ
Close