Read Time:8 Minute

എന്തുകൊണ്ടാണ് ആരോഗ്യരംഗത്തിന്റെ ശരിയായ അവസ്ഥ കാണിക്കുന്നതിൽ ഇന്ത്യൻ സർക്കാർ ഭയപ്പെടുന്നത്? അതിലും പ്രധാനമായി, ഒരു ഡാറ്റയും ഇല്ലാതെ എങ്ങനെയാണ് സർക്കാർ പുരോഗതി അളക്കാൻ പോകുന്നത് ?

മെഡിക്കൽ ജേണലായ ലാൻസെറ്റിൽ 2024 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ലേഖനം – India’s elections: why data and transparency matter – മലയാള പരിഭാഷ വായിക്കാം

ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യ ഈ മാസം കടക്കും. 97 കോടി ജനങ്ങൾ, ലോക ജനസംഖ്യയുടെ 10% , ഏപ്രിൽ 19 മുതൽ ജൂൺ 4 വരെ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്തും. ഹിന്ദു ദേശീയ പാർട്ടിയായ ബി.ജെ.പി.യുടെ  നേതാവ് നരേന്ദ്രമോദി നയിക്കുന്ന സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഒപീനിയൻ പോളുകൾ സൂചന നൽകുന്നു. മോദിയുടെ നേതൃത്വത്തിൽ –അസമത്വം നിറഞ്ഞ സാമ്പത്തിക വളർച്ചയാണ് അത് എന്ന യാഥാർത്ഥ്യം നിലനിൽക്കെതന്നെ – സാമ്പത്തിക കുതിച്ചുചാട്ടമാണ് ഇന്ത്യ കൈവരിച്ചത്!. 3.7 ലക്ഷം കോടി US ഡോളർ വലിപ്പമുള്ള സമ്പദ്ഘടന അടുത്ത മൂന്നുവർഷത്തിൽ ജപ്പാനെയും ജർമ്മനിയേയും മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആരോഗ്യ മേഖലയിലേക്ക് വരുമ്പോൾ മോഡി സർക്കാരിന്റെ അനുഭവം വ്യത്യസ്തമാണ്.

വേൾഡ് റിപ്പോർട്ട് പ്രകാരം മോഡിയുടെ കീഴിൽ ആരോഗ്യ മേഖല ദയനീയമായ പ്രകടനമാണ് നടത്തിയത്. GDP യുടെ കേവലം 1.2 % മാത്രമാണ് ആരോഗ്യ രംഗത്ത് സർക്കാർ ചെലവിടുന്നത്. ജനങ്ങൾ ആരോഗ്യ സേവനങ്ങൾക്കായി വലിയ തുകയാണ് സ്വന്തമായി ചെലവഴിക്കേണ്ടി വരുന്നത്. കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പ്രാഥമിക ആരോഗ്യ രംഗത്തെയും  സമഗ്ര ആരോഗ്യ പരിരക്ഷ രംഗത്തേയും ‘യോജന കൾ’ ജനങ്ങൾക്ക് പ്രയോജനം ചെയ്തില്ല. ആരോഗ്യരംഗത്തെ നിലവാരമില്ലായ്മയും ലഭ്യതയില്ലായ്മയും തിരിച്ചറിയപ്പെട്ടതാണ്. പക്ഷേ ഏറ്റവും പ്രധാന പ്രശ്നം പലപ്പോഴും തിരിച്ചറിയാനാകാതെ പോകുന്നുണ്ട്, അത് ഡാറ്റയുടെയും സുതാര്യതയുടേയും അഭാവമാണ്.

കൃത്യവും പുതുക്കപ്പെടുന്നതുമായ ഡാറ്റ, ആരോഗ്യ രംഗത്തെ പോളിസികൾക്കും പ്ലാനിംഗിനും മാനേജ്മെന്റിനും അനിവാര്യമാണ്. പക്ഷേ ഇത്തരം വിവരങ്ങളുടെ ശേഖരണവും പ്രസിദ്ധീകരണവും വലിയ തിരിച്ചടിയാണ് നേരിടുന്നത്. 150 വർഷങ്ങൾക്കിടയിൽ ആദ്യമായി കോവിഡ് കാരണം സെൻസെസ് 2021 ൽ മുടങ്ങി. ഒരു ദശകത്തെ ഇന്ത്യയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഒരു ഔദ്യോഗിക വിവരവുമില്ല. 2024 ൽ ഇലക്ട്രോണിക് സെൻസസ് നടത്തും എന്ന ഇതുവരെ പാലിക്കപ്പെടാത്ത വാഗ്ദാനം മാത്രമാണ് ബാക്കിയുള്ളത്. ദേശീയ തലത്തിലേയും സംസ്ഥാന തലത്തിലേയും ആരോഗ്യ സർവ്വേ കളുടെ അടിസ്ഥാനം സെൻസസാണ്. ഉദാഹരണത്തിന് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ്റെ പിരിയോഡിക് സർവ്വേകൾ മുടങ്ങിക്കിടക്കുകയാണ്, അവ നടത്താനുള്ള ആലോചനകളുമില്ല. ജനന മരണങ്ങളെക്കുറിച്ചുള്ള ഏറ്റവും വിശ്വാസയോഗ്യമായ സാമ്പിൾ രജിസ്ട്രേഷൻ സർവ്വേ റിപ്പോർട്ട് 2021 വൈകുന്നതിനെ സംബന്ധിച്ച് യാതൊരു വിശദീകരണവുമില്ല. പൂർത്തിയാക്കിയ ദാരിദ്ര്യ സർവ്വേ പ്രസിദ്ധീകരിച്ചിട്ടുമില്ല. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേക്ക് നേതൃത്വം നൽകിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിൻ്റെ ഡയറക്ടർ കെ.എസ്.ജയിംസിൽ നിന്ന് നിർബന്ധിതമായി രാജി വാങ്ങിയത് ആശങ്കപ്പെടുത്തുന്നു. റിക്രൂട്ട്മെന്റിലെ  പ്രശ്നങ്ങളാണ് കാരണമായി ആരോഗ്യമന്ത്രാലയം പറയുന്നത്.  മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സർവ്വേ ഫലങ്ങൾ സർക്കാരിന് അനുകൂലമല്ലാത്തതാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്.

മറ്റൊരു പ്രധാന തർക്കവിഷയം ഇന്ത്യയിലെ ആകെ കോവിഡ് മരണങ്ങൾ 48,0000 മാത്രമാണെന്ന അവകാശവാദത്തിന്റെ വിശ്വാസ്യതയാണ്. WHO അടക്കമുള്ളവരുടെ കണക്ക് ഇതിന്റെ 6 മുതൽ 8 മടങ്ങ് വരെയാണ്. (ഈ കാലയളവിലെ അധിക മരണങ്ങൾ പരിഗണിച്ചാണിത്). 2021 ലെ സിവിൽ രജിസ്ട്രേഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചാൽ ഈ സംശയം മാറും. ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സർവ്വേയും മില്യൺ ഡത്ത് സർവ്വേയും പ്രസിദ്ധീകരിച്ചാൽ 2020-21 കാലത്തെ മരണങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയാകും. കുറഞ്ഞു വരുന്ന ശിശു മരണ നിരക്ക്, ആത്മഹത്യകൾ, കാൻസർ എന്നീ പോസിറ്റീവ് സാധ്യതയുള്ള വാർത്തകൾക്കുള്ള തെളിവുകൂടിയാകും അത്. ദൗർഭാഗ്യവശാൽ ഇലക്ഷനു ശേഷം മാത്രമേ ഇവ പ്രസിദ്ധീകരിക്കൂ. എന്തുകൊണ്ടാണ് ആരോഗ്യരംഗത്തിന്റെ ശരിയായ അവസ്ഥ കാണിക്കുന്നതിൽ സർക്കാർ ഭയപ്പെടുന്നത്? അതിലും പ്രധാനമായി, ഒരു ഡാറ്റയും ഇല്ലാതെ എങ്ങനെയാണ് സർക്കാർ പുരോഗതി അളക്കാൻ പോകുന്നത്?

വിശ്വാസയോഗ്യമായ ഡാറ്റയുടെ അഭാവം ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളെ ശുഷ്കമാക്കുന്നു. സ്വതന്ത്രമായതിന്റെ നൂറാംവർഷത്തിൽ രാജ്യത്തെ വികസിതമാക്കുക എന്നതാണ് സർക്കാരിന്റെ  പ്രധാന നയമായ വികസിത് ഭാരത് 2047 . നിലവിലെ സർക്കാരിന് തുടർച്ച കിട്ടി ഈ നയം സാക്ഷാത്കരിക്കാൻ ആശ്രയിക്കുന്നത് നിർമാണ മേഖലയായിരിക്കില്ല മറിച്ച് ജനങ്ങളെയും സേവന മേഖലയേയും ആകും. അതിനാൽ തന്നെ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപം നടത്താനാണ് സർക്കാർ ഊന്നൽ നൽകേണ്ടത്. ഇതിന് കൃത്യവും സുതാര്യവുമായ ഡാറ്റ അനിവാര്യമാണ്. ഇത് എല്ലാവർക്കും ആവശ്യമായ ഒന്നാണ്. അതിനാൽ തന്നെ രാഷ്ട്രീയവത്കരിച്ചുകൂടാ. 1500 വർഷങ്ങൾക്കു മുൻപ് പൂജ്യം എന്ന ആശയം കണ്ടെത്തുന്നതു മുതൽ ഇന്നത്തെ മെഡിസിനും വാക്സിനും വികസിപ്പിക്കുന്നതു വരെയുള്ള സമ്പന്നമായ ഗണിത , ശാസ്ത്ര പാരമ്പര്യമാണ് നമുക്കുള്ളത്. ഡാറ്റ ഉപയോഗിച്ച് മുന്നേറുന്നതിന് ഇന്ത്യ ഭയന്നു നിൽക്കേണ്ടതില്ല. ഡാറ്റ ഇല്ലാതെ കാര്യങ്ങളെ അവ്യക്തമാക്കുന്ന വ്യവസ്ഥയിൽ ജനങ്ങൾക്ക് വ്യക്തമായി വിവരങ്ങൾ ലഭിക്കുന്നില്ല.

പരിഭാഷ : ശ്രീജിത്ത് കെ.എസ്.

https://www.thelancet.com/fulltext

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഈ രേഖയുടെ പി.ഡി.എഫ് Download ചെയ്യാം. പരിഷത്ത് വിക്കി പതിപ്പ് വായിക്കാം

Happy
Happy
20 %
Sad
Sad
20 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
40 %
Surprise
Surprise
20 %

Leave a Reply

Previous post 20,000 വർഷം പഴക്കമുള്ള ലോക്കറ്റ് പറഞ്ഞ കഥ
Next post കപ്പാബസ് – സൂപ്പർ കപ്പാസിറ്റർ ഇലക്ട്രിക് ബസ്സുകൾ
Close