Read Time:77 Minute
ദേശീയ ജനകീയാരോഗ്യ നയത്തിനായി ജനാധിപത്യം ശക്തിപ്പെടുത്തുക

സ്വതന്ത്ര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ 142 കോടി ജനങ്ങളുണ്ട്. ജനസംഖ്യയിൽ  നാം  ചൈനയെ മറികടന്നിരിക്കുന്നു. എല്ലാ  ഇന്ത്യക്കാർക്കും ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലെ  ആർട്ടിക്കിൾ 21 ഉറപ്പുനല്കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം എന്ന് പറയുന്നത് ശാരീരിക-മാനസിക ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം കൂടിയാണ്. സ്വാതന്ത്ര്യം നേടി 76 വർഷം കഴിഞ്ഞിട്ടും ഇതൊരു ഭാഗിക വിജയം മാത്രമായി അവശേഷിക്കാൻ കാരണമെന്താണെന്ന് അന്വേഷിക്കാനുള്ള അവസരമാണ് ഈ പാർലമെൻറ് തെരെഞ്ഞെടുപ്പ്.

ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന സർക്കാർ അധികാരമേറ്റതിനെ തുടർന്ന് 2014 മുതൽ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റുകളും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട നടപടികളും ആരോഗ്യമേഖലയെ കൂടുതൽ ദുർബലപ്പെടുത്തുകയും ഗുരുതരമയ പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്തിരിക്കയാണ്. കോവിഡ് മഹാമാരിയെ നേരിടുന്നതിലും തികഞ്ഞ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് കേന്ദ്രസർക്കാരിൽ നിന്നുമുണ്ടായത്. മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും മുക്തമാകുന്നതിന് മുമ്പ്തന്നെ ഔഷധവില വർധിപ്പിച്ച് ജനങ്ങളുടെ ദുരിതം വർധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. കേന്ദ്ര സർക്കാരിനെ അനുകൂലിക്കാറുള്ള ദേശീയ മാധ്യമങ്ങൾ പോലും ആരോഗ്യമേഖലയിൽ സർക്കാർ പരാജയപ്പെട്ടു എന്ന് വിലപിച്ച് വരുന്നു. ഇടക്ക് ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന ഡോക്ടർ കൂടിയായ ഹർഷ് വർധനെ വകുപ്പിൽ നിന്നും മാറ്റിയത് തന്നെ സർക്കാരിൻറെ  കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

നമ്മുടെ ആരോഗ്യം

ഏറ്റവും അവസാനത്തെ കണക്കുപ്രകാരം ഇന്ത്യയിലെ ശിശുമരണ നിരക്ക് 1000 ത്തിനു 28 ആണ്.  കേരളത്തിൽ അത് 1000 ത്തിനു 6 ആണെന്ന് ഓർക്കുക. അതായത്  ഇന്ത്യയിൽ ഓരോ വർഷവും ജനിക്കുന്ന 250 ലക്ഷം കുഞ്ഞുങ്ങളിൽ 7 ലക്ഷം പേർ അവരുടേതല്ലാത്ത, തടയാവുന്ന കാരണങ്ങളാൽ മരണപ്പെടുന്നു. ഉയർന്ന മാതൃമരണ നിരക്ക് കാരണം 25000 അമ്മമാരും പ്രസവ സംബന്ധിയായ  കാരണങ്ങളാൽ ഓരോ വർഷവും മരിക്കുന്നു. മാതൃമരണനിരക്ക് കേരളത്തിൽ വികസിത രാജ്യങ്ങൾക്ക് തുല്യമായ 19 (ഒരു ലക്ഷം മാതാക്കളിൽ) രാജ്യത്ത് അത് 103 ഉയർന്ന് നിൽക്കുന്നു.

ഇന്ത്യയിൽ സ്ത്രീ-പുരുഷ അനുപാതം 1000 പുരുഷന്മാർക്ക്  943 സ്‌ത്രീകൾ ആണ്. എന്നാൽ കേരളത്തിൽ സ്ത്രീ-പുരുഷ അനുപാതം 1084 ആണ്. അതായത് വികസിത രാജ്യങ്ങളിലേതുപോലെ അനുകൂലമാണ് സ്ത്രീജീവിതാന്തരീക്ഷം. ഇന്ത്യയിലൊന്നാകെ കേരളത്തിലെ സ്ഥിതിയാണ് ഉണ്ടായിരുന്നതെങ്കിൽ ഏതാണ്ട്  9 കോടി (മിസ്സിംഗ്  വുമൺ/നഷ്ടപ്പെട്ടുപോയ സ്ത്രീകൾ – 8,99,10,051) സ്ത്രീകൾ ഇന്ത്യയിൽ  അധികമായി ജീവിച്ചിരിപ്പുണ്ടാവുമായിരുന്നു. ദേശീയ കുടുംബ ആരോഗ്യ സർവേ പ്രകാരം ഇന്ത്യയിൽ 57 ശതമാനം സ്ത്രീകളിൽ രക്തക്കുറവ് കാണപ്പെടുന്നു. കുട്ടികളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പൊക്കക്കുറവും (Stunting 35.5%) ശരീര ശേഷിക്കുറവും (Wasting 27%) കാണപ്പെടുന്നുണ്ട്. ഗർഭകാല പോഷണ പ്രശ്നങ്ങൾ കാരണം ജന്മനാ തൂക്കക്കുറവുമായാണ് 25.2 ശതമാനം കുട്ടികൾ ജനിക്കുന്നത്. പ്രതിദിനം 2 ഡോളർ വരുമാനം ലഭിക്കാത്ത  പട്ടിണി രേഖക്കടിയിൽ 23 ശതമാനം ജനങ്ങൾ ജീവിക്കുന്ന നാടാണ് ഇന്ത്യ. ലോക റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം നിരാശാജനകമാണെങ്കിൽ അത് തിരുത്താൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവണം.

ആരോഗ്യ ബഡ്‌ജറ്റ്‌

ഏറ്റവും സ്വകാര്യവൽക്കരിക്കപ്പെട്ട ആരോഗ്യരക്ഷാസംവിധാനമാണ് ഇന്ത്യയിലുള്ളത്. മൊത്തം ആരോഗ്യ ചെലവിന്റെ 63 ശതമാനം രോഗികൾ നേരിട്ട് കൈയിൽ നിന്നും (Out of Pocket Expenditure) ചെലവഴിക്കേണ്ടി വരുന്നുണ്ട്. കേന്ദ്ര സർക്കാർ ബഡ്‌ജറ്റിന്റെ കേവലം 1.1  ശതമാനമാണ് ആരോഗ്യ മേഖലക്കായി മാറ്റിവെക്കുന്നത്. ദേശീയ വരുമാനത്തിന്റെ (GDP) 2.5  ശതമാനം  മാറ്റിവെക്കുമെന്ന കഴിഞ്ഞ തെരെഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രികയിൽ  നൽകിയ  വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ കേന്ദ്ര സർക്കാർ അത് പാലിച്ചിട്ടില്ല. ലോകാരാഗ്യസംഘടന  പറയുന്നത് നിർദ്ദേശിച്ചിട്ടുള്ളത് ദേശീയ വരുമാനത്തിന്റെ  5 ശതമാനമെങ്കിലും ആരോഗ്യ മേഖലക്കായി മാറ്റിവെക്കണമെന്നാണ്.  ഇന്ത്യൻ ജനതയുടെ ആരോഗ്യപ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ കൂടുതൽ പരിഗണന ലഭിക്കേണ്ടതാണ്. സർക്കാർ ആരോഗ്യ ചെലവിന്റെ മൂന്നിൽ ഒരു ഭാഗം കേന്ദ്ര സർക്കാരും ബാക്കി മൂന്നിൽ രണ്ടു ഭാഗം സംസ്ഥാന സർക്കാരുകളും വഹിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്.

ലോകാരോഗ്യ സംഘടനയുടെ ആഗോള ആരോഗ്യചെലവ് പഠനങ്ങൾ  പ്രകാരം ഇന്ത്യയിൽ ആളോഹരി ആരോഗ്യ ചെലവ്  21 അമേരിക്കൻ ഡോളറിനു തുല്യമാണ് . എന്നാൽ നമ്മുടെ തൊട്ടടുത്തുള്ള രാജ്യങ്ങളിലെ ആളോഹരി ആരോഗ്യ ചെലവ്  പരിശോധിച്ചാൽ, തായ്‌ലന്റിൽ  207 ഡോളർ (ഇന്ത്യയുടെ 10  ഇരട്ടി), ചൈനയിൽ 302 (14 ഇരട്ടി), ശ്രീലങ്കയിൽ 76 (3.5 ഇരട്ടി) എന്നിങ്ങനെയാണ്. നമ്മുടെ സ്ഥിതി ദയനീയമാണെന്ന് എത്രമാത്രം ദയനീയമാണ്!.  കേന്ദ്ര സർക്കാർ  ആരോഗ്യ മേഖലയിൽ മുടക്കുന്നത് തുച്ഛമായ തുക മാത്രമാണെന്നതാണിതിന് കാരണം. കേന്ദ്ര സർക്കാർ നേരിട്ട് മുടക്കുന്ന തുക  2017-18 കാലത്ത്  ദേശീയവരുമാനത്തിന്റെ കേവലം 0.32  ശതമാനമായിരുന്നു . അതുതന്നെ 2023 -24  എത്തുമ്പോൾ 0.28   ശതമാനമായി കുറഞ്ഞിരിക്കുന്നു. 2019 -20  വർഷത്തിൽ  ഇന്ത്യയുടെ  ‘നാഷണൽ ഹെൽത്ത്  അക്കൌണ്ട്‌സ്’  പ്രകാരം  ആളോഹരി ആരോഗ്യ ചെലവായി കണക്കാക്കുന്ന 4304  രൂപയിൽ 2014 രൂപ  സർക്കാരും  അതിനേക്കാൾ വലിയ ഭാഗമായ  2290  രൂപ രോഗികൾ നേരിട്ട്  കൈയിൽ നിന്നും  മുടക്കേണ്ടി വന്നിട്ടുണ്ട്. തങ്ങളുടേതല്ലാത്ത  കാരണങ്ങളാൽ രോഗങ്ങൾ വരുമ്പോൾ ചികിത്സക്കായി സമ്പാദ്യം മുഴുവനായും ഉപയോഗിക്കുകയും മതിയാകാതെ കടം വാങ്ങേണ്ടിയും വരുന്ന അവസ്ഥയാണുള്ളത്. താങ്ങാനാവാത്ത രോഗ ചികിത്സാ ചെലവ് കൊണ്ടുമാത്രം ഇന്ത്യയിൽ  5.5 കോടി  ജനങ്ങൾ ദരിദ്ര രേഖക്കടിയിലേക്ക്  വീഴുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.

കേന്ദ്ര സർക്കാർ ആരോഗ്യ  മന്ത്രാലയം  എല്ലാവർഷവും  ഗ്രാമീണ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കണക്കുകൾ പ്രസിദ്ധീകരിക്കാറുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർആശുപത്രികൾ  നേരിടുന്ന കടുത്ത അവഗണനയും  ശോചനീയാവസ്ഥയും 2021-ലെ കണക്കുകൾ തുറന്നുകാട്ടുന്നു. ഇതനുസരിച്ച് സർക്കാർ ആശുപത്രികളിലെ സ്‌പെഷ്യലിസ്റ്റ്  ഡോക്ടർമാരുടെ 80 ശതമാനം തസ്തികകൾ  ഒഴിഞ്ഞു കിടക്കുന്നു. ജനറൽ ഫിസിഷ്യൻസ് (74%),  ഗൈനക്കോളജിസ്റ്റ്  (79%), പീഡിയാട്രീഷ്യൻസ് (81.6%)  തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാരുടെ  35% പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ഫാർമസിസ്റ്റ് (25%),  ലാബ്‌ ടെക്‌നീഷ്യൻ (31%), നഴ്സിംഗ് (28%), എ.എൻ.എം (46%) തസ്തികകളിലും ആളില്ല.  ജീവനക്കാരുടെ ഇത്രയും ഭീമമായ കുറവ്  ആശുപത്രിപ്രവർത്തനങ്ങളെ ബാധിക്കുകയും  ജനങ്ങൾ മറ്റു സ്വകാര്യആശുപത്രികളെ ആശ്രയിക്കേണ്ട  ഗതികേട് ഉണ്ടാവുകയും ചെയ്യുന്നു.

രാജ്യംപതിനായിരം പേർക്ക് ലഭ്യമായ അശുപത്രികിടക്കകൾ
ഇന്ത്യ5
ശ്രീലങ്ക42
ചൈന43
ബംഗ്ലാദേശ്8
പതിനായിരം പേർക്ക് ഉള്ള ആശുപത്രി കിടക്കകളുടെ എണ്ണം

ജനസംഖ്യ ആനുപാതികമായി   നോക്കുമ്പോൾ  ഇനിയും  ധാരാളം ഗ്രാമീണ ആശുപത്രികൾ അധികമായി നിർമ്മിക്കേണ്ടതുണ്ട്. ഇന്ത്യയിൽ പതിനായിരം പേർക്ക് 5  ആശുപത്രി കിടക്കകളാണ് ലഭ്യമായിട്ടുള്ളത്. ഇത് വളരെ കുറവാണ്.  ശ്രീലങ്കയിൽ 42, ചൈനയിൽ 43 എന്നിങ്ങനെ ആശുപത്രി കിടക്കകൾ ലഭ്യമാണ്. പതിനായിരം പേർക്ക്  8 ആശുപത്രി കിടക്കകൾ ലഭ്യമായ  ബംഗ്ലാദേശ് പോലും ഇന്ത്യയേക്കാൾ ഭേദമാണ്. ആവശ്യമായ ആശുപത്രി കിടക്കകളുടെ ലഭ്യത ഗ്രാമപ്രദേശത്ത് 21 ശതമാനവും നഗരപ്രദേശത്ത് 35 ശതമാനവും  മാത്രമാണെന്ന്  സർക്കാർ  പ്രസിദ്ധീകരിച്ച ‘നാഷണൽ ഹെൽത്ത് പ്രൊഫൈൽ  2021’ വ്യക്തമാക്കുന്നു. ഈ സ്ഥിതി വളരെ കാലമായി മാറ്റമില്ലാതെ തുടരുന്നു. ഇതിന്റെ ഗൌരം ഈ സന്ദർഭത്തിൽ പ്രത്യേകം പര്യാലോചനയ്ക്ക് വിധേയമാക്കണം..

കേന്ദ്ര സർക്കാർ സർക്കാർ സ്വകാര്യ പങ്കാളിത്തം  (പി.പി.പി- Public Private Participation) മാതൃക എന്ന പേരിൽ   പ്രാഥമികാരോഗ്യ-സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ സ്വകാര്യ ഏജൻസികൾക്ക് വിട്ടുകൊടുക്കുന്ന നയമാണ് സ്വീകരിക്കുന്നത്.   ഛത്തീസ്‌ഗഡ്‌, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നൂറുകണക്കിന്  സർക്കാർ ആശുപത്രികളാണ്  ഇങ്ങനെ സ്വകാര്യവൽക്കരിച്ചത്.  സർക്കാർആശുപത്രികളുടെ ഈ ശോച്യാവസ്ഥ  കാരണം അവ കോവിഡ് മഹാമാരിക്കാലത്ത്  പൂർണ്ണമായി  പരാജയപ്പെട്ടു എന്നുമാത്രമല്ല മരണസംഖ്യ  വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്തു. അതേയവസരത്തിൽ കേരളത്തിൽ എല്ലാ കോവിഡ് രോഗികൾക്കും സർക്കാർ ആശുപത്രികളിൽ പൂർണ്ണമായ സൗജന്യ ചികിത്സ നൽകിയിരുന്നു.

സാർവത്രിക ആരോഗ്യപരിരക്ഷ 

രോഗചികിത്സയെ അത്യാവശ്യസേവനമായി പരിഗണിച്ച്  സാമ്പത്തിക ശഷിയും  വാങ്ങൽശേഷിയും പരിഗണിക്കാതെ എല്ലാ രോഗികൾക്കും സാർവത്രിക ആരോഗ്യ പരിരക്ഷ ( Universal Health Care) ലഭ്യമാക്കുക  എന്ന നയത്തിൽ  നിന്നും  സർക്കാർ പിൻവാങ്ങികൊണ്ടിരിക്കയാണ്.   എല്ലാവർക്കും  ആരോഗ്യ പരിക്ഷ നല്കുന്നതിനുപകരം    ആരോഗ്യ ഇൻഷ്യൂറൻസ് മാതൃക നടപ്പാക്കാനാണ്  ശ്രമിക്കുന്നത്. അമേരിക്കയിൽ ഉൾപ്പെടെ പരാജയപ്പെട്ട ഈ മോഡൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഒട്ടും അനുയോജ്യമല്ല.  സെലക്ടീവ് ആയി  വളരെ കുറച്ച് പേർക്ക് മാത്രമായി  സർക്കാർ  സഹായം  പരിമിതപ്പെടുത്തുമ്പോൾ  വലിയ ഒരു ശതമാനം ജനങ്ങൾ സുരക്ഷാ സംവിധാനത്തിന് പുറത്താവുകയും രോഗാതുരത വർദ്ധിക്കുകയും, പകർച്ച വ്യധികൾ നിയന്ത്രണാതീതമാവുകയും  ചെയ്യുന്നു. താരതമ്യേന ചെലവ് കുറഞ്ഞചെലവിൽ മതിയായചികിത്സ ആവശ്യ സമയത്ത് നൽകാൻ കഴിഞ്ഞാൽ ഗുരുതര സ്വഭാവം തടയാൻ കഴിയുന്ന   പ്രമേഹം, രക്താതിമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ  മൂർച്ചിക്കയും അന്ധത, ഹൃദയാഘാതം, പക്ഷാഘാതം , വൃക്ക തകർച്ച തുടങ്ങിയ ഗുരുതരാവസ്ഥകളിലേക്ക്  നയിക്കപ്പെടുകയും ചെയ്യുന്നു.

ആയുഷ്മാൻ ഭാരത് ഇൻഷ്യൂറൻസ് പദ്ധതി

ആയുഷ്മാൻ ഭാരത് ഇൻഷ്യൂറൻസ് പദ്ധതി 2018  സെപ്റ്റംബർ മാസത്തിലാണ് ആരംഭിച്ചത്. ഇൻഷുർ ചെയ്യപ്പെട്ട കുടുംബത്തിന് 5 ലക്ഷം രൂപവരെ  ആശുപത്രി ചികിത്സാസഹായം ലഭ്യമാക്കുന്നതാണ്  പദ്ധതി. ലോകത്ത് തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണെന്നാണ്  പ്രചാരണം  നടക്കുന്നത്.  പദ്ധതി ചെലവിന്റെ 60  ശതമാനം കേന്ദ്രവും 40  സംസ്ഥാനങ്ങളും വഹിക്കണം എന്നാണു വ്യവസ്ഥ. ഇന്ത്യയിലെ എട്ട് കോടി ഗ്രാമീണ കടുംബങ്ങളെയും  2  കോടി  നഗരകുടുംബങ്ങളെയും  പദ്ധതിയിൽ  ഉൾപ്പെടുത്തുമെന്ന്  പറഞ്ഞിട്ടുണ്ട്.  വാർഷിക കുടുംബവരുമാനം രണ്ടരലക്ഷത്തിൽ താഴെയാണെങ്കിൽ (പ്രതിദിനം 684 രൂപ) മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ളൂ.

ഇന്ത്യയിൽ നിലവിലുള്ള  32.6  കോടി കുടുംബങ്ങളിൽ 10 കോടി മാത്രമേ പദ്ധതിയുടെ കീഴിൽ വരികയുള്ളൂ ബാക്കിയുള്ള 22.6 കോടി കുടുംബങ്ങളും പദ്ധതിക്ക് പുറത്താണ്.

2022-ൽ ഇന്ത്യ സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ  ഗ്രാമങ്ങളിൽ 86 ശതമാനം പേർക്കും നഗരങ്ങളിൽ 81 ശതമാനം പേർക്കും ഒരു വിധ ഇൻഷ്യൂറൻസ്‌  പരിരക്ഷയുമില്ല.  ഗ്രാമങ്ങളിൽ 12.9  ശതമാനം പേരും  നഗരങ്ങളിൽ 8.9  ശതമാനം പേരും മാത്രമാണ് ഇൻഷ്യൂറൻസ്‌ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ഇൻഷ്യൂറൻസ്  പദ്ധതിയുടെ ആനുകൂല്യങ്ങൾ കിട്ടണമെങ്കിൽ  ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യപ്പെടണം  ഒ .പി  പരിശോധനക്ക്  ഈ പദ്ധതിയിൽ സഹായം ലഭ്യമല്ല. ഒ.പി  പരിശോധനയും ലാബ് പരിശോധനകളും മരുന്ന് ചെലവുകളുമാണ്  രോഗി കൈയിൽ നിന്നും  നേരിട്ട്  മുടക്കേണ്ടി വരുന്ന  സ്വകാര്യ ചികിത്സ ചെലവിന്റെ  പ്രധാന ഭാഗം. ഏതാണ്ട്  സ്വകാര്യ  ചികിത്സാചെലവിന്റെ 70% വരുന്ന ഈ വലിയ  ഭാഗം ആയുഷ്മാൻ ഭാരത് ഇൻഷ്യൂറൻസിൽ  ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലാകെ എം.പാനൽ ചെയ്ത ആശുപത്രികൾ 2022 ഒക്ടോബറിലെ  കണക്കുകൾ പ്രകാരം 26031 മാത്രമാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയ 8 കോടി കുടുംബാംഗങ്ങളും ഗ്രാമങ്ങളിൽ കഴിയുമ്പോൾ ആശുപത്രികളിൽ മൂന്നിൽ രണ്ടു ഭാഗവും നഗരങ്ങളിലാണുള്ളത്.  ചെലവുരഹിത സേവനം  (കാഷ്‌ലെസ്  സർവീസ്)  എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത്യാവശ്യക്കാരായ രോഗികളിൽ നിന്നും പണമീടാക്കുന്ന ആശുപത്രികളെ നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനങ്ങളില്ല. എല്ലാവർക്കും  ആരോഗ്യം എന്ന  കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള സാർവത്രിക  ആരോഗ്യ പരിരക്ഷക്ക് പകരം  15 ശതമാനം പേരിലേക്ക് ആനുകൂല്യങ്ങൾ ചുരുക്കുകയും  രോഗപ്രതിരോധ പ്രവർത്തനങ്ങൾ  അവഗണിക്കുകയും   സൗജന്യ ചികിത്സ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രീകളിലൂടെ എന്ന വ്യാമോഹം പ്രചരിപ്പിച്ച്  സ്വകാര്യ കോർപറേറ്റ്  ആശുപത്രികളിലേക്ക്  സർക്കാർ ആരോഗ്യ ബഡ്‌ജറ്റ്‌ വിഹിതം  ചോർത്തി നൽകാനുള്ള  മാർഗ്ഗമായാണ് ഇപ്പോൾ ഈ പദ്ധതി ഫലത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. സങ്കിർണ്ണമായ ഇന്ത്യൻ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുഷ്മാൻ ആരോഗ്യ പദ്ധതി ഒട്ടും പര്യാപ്തമല്ല.

അശാസ്ത്രീയ സമീപനങ്ങൾ

ആധുനിക കാലത്തിനു അനുയോജ്യമായി നിരന്തരമായി പരിഷ്കരിക്കപ്പെട്ട ഹിപ്പൊക്രറ്റീസ്-ജനീവ പ്രതിജ്ഞക്കു പകരം  പ്രാചീനമായ  ബ്രാഹ്മണ മേധാവിത്തവും, അന്ധവിശ്വാസവും, സ്ത്രീവിരുദ്ധതയും ഉൾച്ചേർന്നിട്ടുള്ള ഒരിക്കലും പരിഷ്കരിക്കാനാവാത്ത ചരകപ്രതിജ്ഞ വേണമെന്ന് മെഡിക്കൽ കമ്മീഷൻ നിർബന്ധിച്ചു.  മെഡിക്കൽ വിദ്യാർത്ഥികൾ സിലബസിന്റെ ഭാഗമായി ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെടാത്ത യോഗ പരിശീലനം നിർബന്ധമായി നടത്തണമെന്നും അത് ലൈവായി ദൽഹി അധികാരികളെ കാണിക്കണമെന്നും തിട്ടൂരമിറക്കുക മാത്രമല്ല ജനാധിപത്യ വിരുദ്ധമായി നടപ്പാക്കുകയും ചെയ്തു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോ ഒരു സുപ്രഭാതത്തിൽ മാറ്റി. ധന്വന്തരി ദേവന്റെ ചത്രം അതിൽ ഉൾപ്പെടുത്തി. ആധുനിക ശാസ്ത്രത്തെയും  മോഡേൺ മെഡിസിനെയും  തൊലിപ്പുറമേ വർഗീയവൽക്കാരിക്കാനുള്ള   രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രയോഗമാണ് ഈ തീരുമാനത്തിന്  പിന്നിലുള്ളത്  എന്ന് വ്യക്തമാണ്. ഗണപതിഭഗവാന്റെ തല പ്രാചീനകാലത്ത്  ഭാരതത്തിൽ പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നതിന്റെ   തെളിവാണെന്ന്  പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തലും,.  പശുവിന്റെ മൂത്രവും,ചാണകവും, പഞ്ചഗവ്യവുമൊക്കെ  ക്യാൻസർ ഉൾപ്പെടെ എല്ലാ രോഗങ്ങൾക്കുമുള്ള ദിവ്യഔഷധമാണെന്ന മന്ത്രിമാരുടെ പ്രസ്താവനകളും പ്രചാരണങ്ങളും ശാസ്ത്രീയചിന്തകൾ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജീവനാഡി മുറിച്ച് കളയുന്ന  ഗൗരവമുള്ള ഇടപെടലുകളായി ഇത്തരം നയസമീപനങ്ങളെ   തിരിച്ചറിയപ്പെടേണ്ടതുണ്ട്.

സ്വച്‌ഛ് ഭാരത് മിഷൻ

മഹാത്മാ ഗാന്ധിയുടെ പേരിൽ 2014-ൽ  ആരംഭിച്ച ഒരു സർക്കാർ  പരിപാടി ആയിരുന്നു  സ്വച്ഛ് ഭാരത്.   പ്രധാന മന്ത്രി അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടിയ  പദ്ധതിയിലേക്ക്  ഫണ്ടുകൾ  ഒഴുകിയെത്തി. ലോകബാങ്കിൽ നിന്നും 25 ദശലക്ഷം ഡോളർ  കടമെടുത്തു. പെട്രോൾ-ഡീസൽ  വിലവർദ്ധനക്ക്  ന്യായികരണം ഈ പദ്ധതിയായിരുന്നു. എല്ലാവർക്കും കക്കൂസുകൾ /ശൗചാലയങ്ങൾ) നൽകാൻ ലക്ഷ്യമിട്ട പദ്ധതി ഓരോ വർഷവും ലക്ഷ്യങ്ങൾ പൂർത്തിയാക്കി എന്ന് കണക്കുകൾ നിരത്തി സർക്കാർ പ്രചരിപ്പിച്ചിരുന്നു. 2019  ഒക്ടോബർ 2 ന്  പ്രധാനമന്ത്രി പദ്ധതി 100 ശതമാനം വിജയിച്ചതായും ഇന്ത്യ ഒ.ഡി.എഫ്  (ODF-Open Defecation Free) രാജ്യമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതായത് എല്ലാവർക്കും സ്വന്തമായി ശൗചാലയമുള്ള, ആരും പൊതുസ്ഥലത്ത് വെളിക്കിരിക്കാത്ത രാജ്യമായി മാറിയത്രേ!.

സമ്പൂർണ്ണ സാക്ഷരതാപ്രവർത്തനം പോലെ വലിയ നേട്ടമായാണിത് മാധ്യമങ്ങൾ ആഘോഷിച്ചത് എന്നാൽ  ദേശീയ കുടുംബാരോഗ്യ പഠനത്തിൽ (NFHS) യഥാർത്ഥ  വസ്തുതകൾ പുറത്തുവന്നു. ശാസ്ത്രീയമായി നടത്തിയ സർവ്വേ പഠന പ്രകാരം  ഇന്ത്യയിൽ 19 ശതമാനം വീടുകളിൽ ശൗചാലയമില്ല എന്നാണ് കണ്ടെത്തിയത്. മാത്രമല്ല  തൊട്ടുമുമ്പത്തെ  സർവേയെ അപേക്ഷിച്ച്  കുട്ടികളിലെ   വിളർച്ച രോഗം (അനീമിയ) 58 ശതമാനത്തിൽ നിന്നും 67 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്  എന്നും കണ്ടെത്തി.  സമാനമായ വർദ്ധനവ്  സ്ത്രീകളുടെയും പുരുഷൻമാരുടെയും കാര്യത്തിലും കാണാൻ കഴിഞ്ഞു.

2023 ആകുമ്പോഴേക്കും അനീമിയ 18 ശതമാനം കുറയ്ക്കും എന്ന സർക്കാർ വാഗ്‌ദാനം പാലിക്കപ്പെടാൻ സാദ്ധ്യതയില്ല എന്നുമാത്രമല്ല ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുന്നു എന്നുമാണ് കണക്കുകൾ സൂചിപ്പിച്ചത്. കൂടാതെ എൽ.പി.ജി  ഉപയോഗം  സർക്കാർ അവകാശ വാദമായ 98 ശതമാനത്തിന്  പകരം  58 ശതമാനമാണെന്നും  കണ്ടെത്തി. ഈ  വസ്തുതകൾ സർക്കാർ അവകാശവാദങ്ങൾക്ക് തിരിച്ചടിയായി. ഇത് മനസ്സിലാക്കിയ സർക്കാർ ഇത് സംബന്ധിച്ച് ശേഖരിച്ച വിവരങ്ങൾ തിരുത്താൻ സമ്മർദ്ദം ചെലുത്തിയത്രേ!. പക്ഷെ സ്‌ഥാപനത്തിന്റെ ഡയറക്ടറും   ശാസ്ത്രജ്ഞനുമായ കെ.എസ്  ജെയിംസ്  സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെന്നു മാത്രമല്ല  സമയത്തുതന്നെ പഠനഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.  അടുത്ത ദിവസം തന്നെ ജീവനെക്കാരെ നിയമിച്ചതിൽ അഴിമതി കാണിച്ചു, സംവരണം പാലിച്ചില്ല എന്നെല്ലാം കാരണം പറഞ്ഞു അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. അവസാനം അദ്ദേഹത്തിന് ഡയറക്ടർ സ്ഥാനവും  ജോലിയും രാജിവെക്കേണ്ടി വന്നു. ഇതാണ് ഇന്നത്തെ ഭീഷണമായ അവസ്ഥ.

കോവിഡ് നിയന്ത്രണ വീഴ്ചകൾ 

കോവിഡ് വ്യാപനം തടയുന്നതിലും  നിയന്ത്രിക്കുന്നതിലും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് ആദ്യഘട്ടം മുതൽ  വിഴ്ചകൾ സംഭവിച്ചിരുന്നു. ജനുവരി മധ്യം മുതൽ മൂന്ന് എയർപോർട്ടുകളിൽ  ചൈനയിൽ നിന്നും വരുന്നവരെ മാത്രമാ‍ണ് പനി പരിശോധനക്ക് വിധേയരാക്കിയത്. ഫെബ്രുവരി 5 മുതൽ ചൈനയിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. അതേയവസരത്തിൽ  2020 ജനുവരി 31 നകം 25 ഓളം രാജ്യങ്ങളിൽ നിന്നും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും  മാർച്ച് 4 ന്  മാത്രമാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാരിൽ സാർവ്വത്രിക എയർപോർട്ട് രോഗപരിശോധന ആരംഭിച്ചത്.

പിന്നെയും ഏതാണ്ട് മൂന്നാഴ്ചകൾക്ക് ശേഷം മാർച്ച് 22 നു മാത്രമാണ്  അങ്ങോട്ടും ഇങ്ങോട്ടുമുള്ള  അന്തരാഷ്ട്ര വിമാനയാത്ര പൂർണ്ണമായും നിരോധിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് തന്നെ 2020  ജനുവരി 18 നും മാർച്ച് 23 നുമിടക്ക് 15 ലക്ഷം അന്തരാഷ്ട്ര വിമാനയാത്രക്കാരാണ് ഇന്ത്യയിൽ പ്രവേശിച്ചത്. മാത്രമല്ല ഭൂരിപക്ഷം കോവിഡ് ബാധിതരും രോഗലക്ഷണം കാട്ടാത്തവരാണെന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നെങ്കിലും എയർപോർട്ടുകളിൽ പനി പരിശോധന മാത്രമാണ് നടത്തികൊണ്ടിരുന്നത്. കോവിഡ്  രോഗ പ്രതിരോധത്തിന്റെ ആദ്യ ഘട്ടം ഒട്ടും ഗൗരവമില്ലാതെയാണ് കൈകാര്യം ചെയ്തത്. അതിനു ഇന്ത്യൻ ജനത വലിയ വില കൊടുക്കേണ്ടി വന്നു.

പാർലമെന്ററി ആരോഗ്യസ്ഥിരംസമിതി (Parliamentary Standing Committee on Health) കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസർക്കാർ സ്വീകരിക്കേണ്ട  നടപടികൾ നിർദ്ദേശിച്ച് കൊണ്ട് രാജ്യസഭാദ്ധ്യക്ഷന് നൽകിയ  റിപ്പോർട്ടിൽ (The Outbreak of Pandemic Covid-19 and its Management)  വിലപ്പെട്ട നിരവധി ശുപാർശകൾ അടങ്ങിയിരുന്നു. കോവിഡ് നിയന്ത്രണത്തിൽ ഫലപ്രദമായി ഇടപെടുന്നതിൽ പരാജയപ്പെട്ട  രോഗനിയന്ത്രണ ഏജൻസികളായ  എൻ സി ഡി സി   (NCDC: National Centre for Disease Control), ഐ എസ് ഡി പി (ISDP: Integrated Disease Surveillance Programme) എന്നിവയെ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതാണ്. കേന്ദ്ര-സംസ്ഥാന-ജില്ലാ തല രോഗ നിരീക്ഷണ സംവിധാനങ്ങളുടെ (Surveillance Units) പ്രവർത്തനം ഊർജ്ജിതപെടുത്തേണ്ടതുണ്ടതാണെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിനിടെ അവഗണിക്കപ്പെട്ട കോവിഡേതരരോഗങ്ങളുടെ ചികിത്സ പുന:രാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പലേ നിർദ്ദേശങ്ങളും ആ റിപ്പോർട്ടിലുണ്ട്. കോവിഡ്  ചികിത്സക്കുള്ള കൃത്യമായ ചികിത്സാമാനദണ്ഡങ്ങൾ ആവിഷ്കരിക്കാതിരുന്നത് മൂലം സ്വകാര്യആശുപത്രികൾ രോഗികളെ അമിതമായ സാമ്പത്തികചൂഷണത്തിന് വിധേയമാക്കിയിരുന്നു. ഇക്കാര്യം പരിഹരിക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യനയരേഖയിൽ പറഞ്ഞിട്ടുള്ളത് പോലെ ആരോഗ്യചെലവ് ദേശീയവരുമാനത്തിന്റെ 2.55 ശതമാനമായി വർധിപ്പിക്കണെമെന്നും റിപ്പോർട്ടിൽ ശുപാർശചെയ്തിരുന്നു. എന്നാൽ പാർലമെന്ററിസമിതി ശുപാർശകളൊന്നും കേന്ദ്രസർക്കാർ ഗൌരവമായി പരിഗണിച്ചില്ല.

ലോക്ഡൌൺ പ്രത്യാഘാതങ്ങൾ

ഒരു മുന്നറിയിപ്പുമില്ലാതെ 2020 മാർച്ച് 24 അർധരാത്രി  മുതൽ നടപ്പിലാക്കിയ സമ്പൂർണ്ണ ലോക്ക്ഡൌൺ സൃഷ്ടിച്ച മാനുഷികവും, സാമ്പത്തികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ട് കരുതൽനടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. അഖിലേന്ത്യാ ലോക്ക്ഡൌണിനെ തുടർന്ന് ഏറ്റവുമധികം ദുരിതമനുഭവിച്ചത് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയ  ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു.  തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വരുമാനം നിലച്ച അവർ ആഹാരവും താമസ സൌകര്യവുമില്ലാതെ കഷ്ടപ്പെട്ടു. സ്വന്തം നാട്ടിലേക്ക് തിരികെപോകാൻ കഴിയാതെ പല സംസ്ഥാനങ്ങളിലും സംഘർഷാവസ്ഥയുണ്ടായി.. ലോക്ക്ഡൌൺ ലഘൂകരിച്ച ആദ്യഘട്ടത്തിൽ പോലും അന്തർസംസ്ഥാന യാത്രകളനുവദിച്ചിരുന്നില്ല.  ഒരു നിവൃത്തിയുമില്ലാതെ കുടിയേറ്റതൊഴിലാളികൾ  മാതൃസംസ്ഥാനങ്ങളിലേക്ക് കാൽനടയായി റോഡിലൂടെയും റെയിൽപാതകളിലൂടെയും യാത്രയാരംഭിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽപാതയിലൂടെ നടന്ന് നീങ്ങിയ 16 പേർ ട്രെയിൻ ഇടിച്ച് മരണമടഞ്ഞ ദാരുണസംഭവം രാജ്യത്തെ ഞെട്ടിച്ചു.   വിഭജനകാലത്തെ അനുസ്മരിക്കുന്ന കഷ്ടതകൾ നിറഞ്ഞ ഹൃദയഭേദകമായ  പ്രയാണമാണ്  കുടിയേറ്റതൊഴിലാളികൾ നടത്തികൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏകോപിതമായി ആസൂത്രണം ചെയ്തിരുന്നെങ്കിൽ സന്നദ്ധസംഘടനകൾ, തൊഴിലാളിസംഘടനകൾ, രാഷ്ടീയ പാർട്ടികൾ എന്നിവയുടെ സഹകരണത്തോടെ  കുടിയേറ്റതൊഴിലാളികളൂടെ ദുരിതങ്ങൾ വലിയൊരളവ് പരിഹരിക്കാ‍ൻ കഴിയുമായിരുന്നു. ലോക്ക്ഡൌൺ കാലത്ത് തൊഴിൽനഷ്ടം മൂലം ലക്ഷക്കണക്കിനാളുകൾ പട്ടിണിയെ അഭിമുഖീകരിച്ചു.  അത് പോലെ സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാണ്ട് തുടങ്ങി കോവിഡ് സാന്നിധ്യമില്ലാതിരുന്ന സംസ്ഥാനങ്ങളെ ലോക്ക്ഡൌണിന് വിധേയമാക്കേണ്ട ആവശ്യവുമില്ലായിരുന്നു.

കോവിഡ് രണ്ടാം തരംഗം കേന്ദ്രത്തിന്റെ പിടിപ്പുകേട്

ഇന്ത്യയിൽ രോഗവ്യപനം നിയന്ത്രണവിധേയമായി കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ചത് അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തുണ്ടാക്കിയത്. ഇത് അപകടസ്ഥിതിയിലേക്ക് നയിച്ചു. 2021 മാർച്ച് അവസാനത്തിൽ രാജ്യം കോവിഡിന്റെ അന്ത്യം കണ്ട് തുടങ്ങിയെന്ന് പ്രഖ്യാപിച്ച് കൊണ്ട് ആരോഗ്യ മന്ത്രി ഹർഷ് വർധൻ കോവിഡ് പ്രതിരോധത്തിന് വിജയകരമായ നേതൃത്വം കൊടുത്ത പ്രധാനമന്ത്രിയെ പുകഴ്ത്തി..  അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും ലോകാരോഗ്യസംഘടനയുടെ കോവാക്സ് അന്തരാഷ്ട്ര വാക്സിൻ പദ്ധതിക്കായും മറ്റ് രാജ്യങ്ങളിലേക്കും 5 കോടി വാക്സിൻ ഡോസ് കയറ്റുമതി ചെയ്ത് വാക്സിൻനയതന്ത്രത്തിലും  വാക്സിൻ അന്തരാഷ്ട്രസഹകരണത്തിലും പങ്കാളിയായി.

പുകഴ്ത്തൽ പ്രവണത മൂലം രാജ്യത്ത് അമിതമായ ആത്മവിശ്വാസം പടർന്ന് പിടിച്ചു. അതേത്തുടർന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻ ഫെബ്രുവരി അവസാനം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടൂപ്പ് പ്രഖ്യാപിച്ചു. മാർച്ച് 27 നാരംഭിച്ച തെരഞ്ഞെടുപ്പ് ഒരു മാസത്തോളം നീണ്ടു നിൽക്കുന്നതും  824 മണ്ഡലങ്ങളിലായി 186 ദലക്ഷം പേർ വോട്ട് രേഖപ്പെടുത്തേണ്ടതുമായിരുന്നു. പശ്ചിമബംഗാളിന്റെ കാര്യത്തിൽ എട്ട് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പരത്തികൊണ്ടുള്ള അതീവവാശിയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് വിവിധ സംസ്ഥാനങ്ങളിൽ അരങ്ങേറിയത്. അതിനിടെ ക്രിക്കറ്റ് ബോർഡ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് അനുവാദം നൽകി.  മാസ്ക്ക് പോലും ധരിക്കാതെ 27,0,000 പേരാണ് ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ കാണികളായെത്തിയത്. കുംഭമേളയടക്കുമുള്ള ചെറുതും വലുതുമായ ഉത്സവങ്ങളും ആൾക്കുട്ട മേളകളും  രാജ്യത്തിന്റെ പലഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു.  ഇതിന്റെയെല്ലാം ഫലമായി കോവിഡ് വ്യാപനം കൂടുതൽ ശക്റ്റിപ്പെട്ടു.

വിനാശകരമായ വാക്സിൻ നയം 

2021 ജനുവരി മുതൽ രാജ്യത്ത് വാസ്കിൻ വിതരണം മുൻഗണനാക്രമം നിശ്ചയിച്ച് ആരംഭിച്ചിരുന്നു.  ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പ്രവർത്തകർക്കുമാണ് വാക്സിൻ നൽകിതുടങ്ങിയത്, തുടർന്ന് 65 വയസ്സിൽ കൂടുതലുള്ളവർക്കും 40 വയസ്സിന് മുകളിലുള്ള മറ്റ് ഗുരുതരരോഗമുള്ളവർക്കും പിന്നീട് 45 വയസ്സിന് കഴിഞ്ഞവർക്കും വാക്സിൻ നൽകി തുടങ്ങി. മെയ് 1 മുതൽ 18 വയസ്സിനുമുകളിലുള്ളവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചു.  18 വയസ്സിന് മുകളിലുള്ള 95 കോടിപേർക്കായി 190 കോടി ഡോസാണ് നമുക്കാവശ്യമായിട്ടുള്ളത്. സീറം ഇൻസ്റ്റിറ്റ്യൂട്ടും ബാരത് ബയോടെക്കും ചേർന്ന് കേവലം 8 കോടി ഡോസ് വാക്സിൻ മാത്രമാണുല്പാദിപ്പിച്ചിരുന്നത്. വാക്സിൻ എത്രത്തോളം വേണ്ടി വരും അതിനുള്ള സ്രോതസ്സുകൾ ഏതെല്ലാം തുടങ്ങിയ പ്രാഥമിക വിവരങ്ങളുടെ കാര്യത്തിൽ പോലും യാ‍തൊരു ധാരണയുമില്ലാതെയാണ് കേന്ദ്രസർക്കാർ വാക്സിൻ വിതരണം ആരംഭിച്ചത്

കേന്ദ്രസർക്കാർ ആദ്യം  പ്രഖ്യാപിച്ച വാക്സിൻനയപ്രകാരം വാക്സിൻ കമ്പനികളിൽ നിന്നും  അവശ്യമായ ഡോസിന്റെ 50%  വാങ്ങി സൌജന്യമായി സംസ്ഥാനങ്ങൾക്ക്  നൽകാനും ശേഷം 50% വാക്സിൻ സംസ്ഥാന സർക്കാരുകളും സ്വകാര്യ ഏജൻസികളും വാങ്ങി വിതരണം ചെയ്യണമെന്നുമാണ് നിഷ്കർഷിച്ചിരുന്നത്. കോവിഡ് മുലം സാമ്പത്തികപ്രതിസന്ധി നേരിട്ട   സംസ്ഥാന സർക്കാരുകളുടെ മേൽ  അമിതഭാരം അടിച്ചേൽ‌പ്പിക്കുന്ന തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനസർക്കാരുകൾ പ്രതിഷേധസ്വരം ഉയർത്തി.,  മാത്രമല്ല കേന്ദ്രസർക്കാർ ഇന്ത്യക്കാവശ്യമായ വാക്സിൻ മുഴുവൻ സ്വകാര്യ കമ്പനികളുമായി വിലപേശിവാങ്ങിയാൽ വലിയ വിലകുറവിന് വാക്സിൻ നൽകാൻ കമ്പനികൾ നിർബന്ധിതരാവും. അതില്ലാതാക്കി 50% വാക്സിൻ മാത്രം വാങ്ങാൻ തീരുമാനിച്ച് ഇന്ത്യയുടെ വാക്സിൻമാർക്കറ്റ് സ്വകാര്യകമ്പനികൾക്ക് കൊള്ളയടിക്കാൻ തുറന്ന് കൊടുക്കുകയാണ് ഫലത്തിൽ കേന്ദ്രസർക്കാർ ചെയ്തത്. വാക്സിനേഷൻ ഒരു പൊതുനന്മയായി കണ്ട് സാർവ്വത്രികവും സൌജന്യവുമായ കോവിഡ് വാക്സിൻ വിതരണനയമായിരുന്നു കേന്ദ്രസർക്കാർ നടപ്പിലാക്കേണ്ടിയിരുന്നത്.

പൊതുമേഖല വാക്സിൻ ഫാക്ടറികളോട് അവഗണന

രാജ്യം കോവിഡ് മഹാമാരിയെ  നേരിടുന്ന അവസരത്തിൽ വാക്സിൻഉല്പാദനം നിലവിലുള്ള പൊതുമേഖല ഔഷധകമ്പനികളിലൂടെ വർധിപ്പിക്കാനുള്ള വലിയൊരവസരമാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നത്.  പക്ഷേ മോദി സർക്കാർ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താതെ സ്വകാര്യ കമ്പനികളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 3500 കോടിയും ബാരത് ബയോടെക്കിന് 1500 കോടിയും സാമ്പത്തിക സഹായം നൽകുകയാണുണ്ടായത്. രാജ്യത്തിന്റെ അഭിമാനമായി കരുതപ്പെട്ടിരുന്ന പ്രമുഖ പൊതുമേഖല ഔഷധകമ്പനികൾ അവഗണിക്കപ്പെട്ടു. കോവിഡ് രോഗത്തിന്റെ ആഘാതം  കുറച്ച് തീവ്രപരിചരണം ഒഴിവാക്കി ആശുപത്രി ചികിത്സാകാലം കുറക്കാൻ റെസ്ഡെസിവിർ മരുന്ന് സഹായിച്ചിരുന്നു,  ജിലിയാഡ് സയൻസസ് (Gilead Sciences) എന്ന  അമേരിക്കൻ കമ്പനിയാണ് റെംഡെസിവീറിന്റെ പേറ്റന്റ് ഉടമകളും ഉല്പാദകരും. അഞ്ച് ദിവസത്തെ കോഴ്സിന് 16,800 മുതൽ 32,000 രൂപയോ പത്ത് ദിവസത്തെ കോഴ് സിന് 30,800 രൂപമുതൽ 59,000 രൂപവരെയോ ചെലവിടേണ്ടി വരുമായിരുന്നു. ഈ സാഹചര്യത്തിൽ നിർബന്ധിത ലൈസൻസ് പ്രയോഗിച്ച് കുറഞ്ഞ വിലക്ക് റെംഡെസിവീർ ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാർ അതിന് തയ്യാറായില്ല.

മരുന്ന്കമ്പനികൾക്ക് കീഴടങ്ങൽ

ഔഷധവിലവർധന ഒഴിവാക്കുന്നതിനും ജീവൻരക്ഷാമരുന്നുകൾ മിതവിലക്ക്  ലഭ്യമാക്കുന്നതിനുമുള്ള  നയങ്ങൾ സ്വീകരിച്ച് ജനങ്ങളെ സഹായിക്കുന്നതിനു പകരം മരുന്ന്കമ്പനികളുടെ ആവശ്യങ്ങൾക്ക് മുൻപിൽ കേന്ദ്രസർക്കാർ പൂർണ്ണമായും കീഴടങ്ങി ഔഷധ വില വർധിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ അവശ്യമരുന്ന്പട്ടികയിലെ (National List of Essential Medicines) വിവിധ ഡോസേജുകളിൽ പെട്ട 872 മരുന്നുകളുടെയും (Scheduled Drugs)  ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തിര ചികിത്സകൾക്കാവശ്യമായ ആരോഗ്യഉല്പന്നങ്ങളുടെയും  വില ദേശീയ ഔഷധവില നിയന്ത്രണ അതോറിറ്റി  (National Pharmaceutical Pricing Authority: NPPA) 2022 എപ്രിൽ ഒന്നുമുതൽ 10.8 ശതമാനം  വർധിപ്പിച്ചു. വിലവർധനവിന് ആനുപാതികമായി ജി എസ് ടി കൂടി വർധിക്കുമെന്നത് കൊണ്ട് മരുന്നുകളുടെ അന്തിമവില ക്രമാതീതമായി കൂടി.

ഇപ്പോൾ രാജ്യത്ത് സ്വകാര്യ ആരോഗ്യചെലവിന്റെ 70 ശതമാനവും മരുന്നുകൾക്കും ആരോഗ്യഉല്പന്നങ്ങൾക്കുമായാണ് ചെലവാക്കുന്നത്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങിയ ദീർഘസ്ഥായി രോഗം ബാധിച്ചവരെയാണ് ഔഷധവിലവർധന കൂടുതൽ രൂക്ഷമായി ബാധിക്കുക. ഇവരുടെ ആരോഗ്യചെലവ്  അമിതമായി വർധിക്കുന്നതോടെ കുടുംബബഡ്ജറ്റാകെ അവതാളത്തിലാവും. കേരളത്തിൽ   ഇത്തരം  ദീർഘസ്ഥായി രോഗമുള്ളവർ കൂടുതലാണ്, മാത്രമല്ല  ചികിത്സാസൌകര്യങ്ങൾ ലഭ്യമായത് കൊണ്ടും ആരോഗ്യബോധത്തിൽ മുന്നിട്ട് നിൽകുന്നത് കൊണ്ടും കേരളത്തിൽ രോഗമുള്ളവർ മിക്കവരും മരുന്ന് കഴിക്കുന്നവരുമാണ്. ഇന്ത്യയിൽ ഇപ്പോൾ 1,30,000 കോടി രൂപക്കുള്ള മരുന്നുകളാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.  ഇതിൽ  വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതൊഴികെയുള്ളതിൽ  10 ശതമാനത്തിലേറെ ഉപയോഗിക്കുന്നത് ഇന്ത്യൻ ജനതയുടെ മൂന്ന് ശതമാനത്തോളം വരുന്ന  കേരളത്തിലെ ജനങ്ങളാണ്. അത് കൊണ്ട് കേരളത്തിലെ ജനങ്ങളെയാണ് ഔഷധവിലവർധന കൂടുതൽ പ്രതികൂലമായി ബാധിക്കാൻ പോവുന്നത്. രാജ്യത്ത് മരുന്നുകൾക്കായുള്ള  പ്രതിശീർഷ സ്വകാര്യ വാർഷികചെലവ് 1500 രൂപയാണെങ്കിൽ കേരളത്തിലേത് ഇതിന്റെ ഇരട്ടിയിൽ കൂടുതലായിരിക്കാനാണ് സാധ്യത. ഈ നയം തുടർന്നാൽ ഔഷധവില ഇനിയും വർധിക്കും .

കേന്ദ്ര ബഡ്ജറ്റ് 2023-24

കോവിഡ് അനുഭവങ്ങളുടെയും കോവിഡാനന്തര വെല്ലുവിളികളുടെയും അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിൽ പുതിയപദ്ധതികൾ പ്രഖ്യാപിക്കുമെന്നും  ആരോഗ്യബഡ്ജറ്റ് വിഹിതം പൊതുവിൽ വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ മുൻബഡ്ജറ്റിന്റെ തനിയാവർത്തനം മാത്രമാണ് ധനമന്ത്രി നടത്തിയത്. പല സുപ്രധാനമേഖലകളിലും   കഴിഞ്ഞവർഷത്തെ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തി. ആയുഷ് അടക്കമുള്ള ആരോഗ്യമേഖലക്കുള്ള ബഡ്ജറ്റ് വിഹിതം 2022-23 ലെ 89,251 കോടിയിൽ നിന്നും 92,803 കോടിരൂപയായി വർധിപ്പിച്ചിട്ടുണ്ടെങ്കിലും നാണയപ്പെരുപ്പം  കണക്കിലെടുക്കുമ്പോൾ കഴിഞ്ഞവർഷത്തേക്കാൾ ആരോഗ്യവിഹിതം കുറഞ്ഞു. ആധുനിക ആരോഗ്യമേഖല  (ഹെൽത്ത് & ഫാമിലി വെൽഫെയർ) മാത്രമായുള്ള വിഹിതം 86,200 കോടിയിൽ നിന്നും 79,145 കോടിയായി  കുറച്ചു. മാത്രമല്ല സംസ്ഥാനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരുന്ന ദേശീയ ആരോഗ്യമിഷൻ ഫണ്ട് 37,159 കോടിയിൽ നിന്നും 36,785 കോടിയായി കുറച്ചു. 374 കോടിയുടെ കുറവ്.  നാണയപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ വാസ്തവത്തിൽ 1438 കോടിയുടെ കുറവുണ്ടെന്ന് കാണാം.

ഒന്നരലക്ഷം സബ് സെന്ററുകളുടെ പേര് മാറ്റിയെങ്കിലും വികസനത്തിനായി തുക മാറ്റിവെച്ചിട്ടില്ല. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ പ്രധാനമന്ത്രി ജനാരോഗ്യയോജനക്കായി കഴിഞ്ഞതവണ മാറ്റിവച്ച 6400 കോടിയിൽ കേവലം 3115 കോടി മാത്രമാമാണ് ചെലവഴിച്ചത്. അതും സ്വകാര്യമേഖല ആശൂപത്രികൾക്കാണ് നൽകിയത്. ഇത്തവണ  വിഹീതം 7200 കോടിയായി വർധിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേത് പോലെ സർക്കാർമേഖലയെ കൂടുതലായി ഉൾപ്പെടുത്താനുള്ള നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷം തന്നെ ദേശീയാരോഗ്യമിഷന് നീക്കിവച്ചിരുന്ന തുക മറ്റ് പല ആവശ്യങ്ങൾക്കുമായി വകമാറ്റി ചെലവഴിച്ചത് മാതൃശിശുസംരക്ഷണത്തേയും സാർവത്രിക ഇമ്മ്യൂണൈസേഷൻ പരിപാടിയേയും പ്രതികൂലമായി ബാധിച്ചു. സ്തീകളുടെ ആരോഗ്യസംരക്ഷണത്തിനായുള്ള പലപരിപാടികളുടെയും ഫണ്ട് വെട്ടിച്ചുരുക്കി. ഗർഭകാലപരിചരണത്തിനായുള്ള പ്രധാനമന്ത്രി മാതൃവന്ദനയോജനക്കുള്ള ഫണ്ട്  2622 കോടിയിൽ നിന്നും 2582 കോടിയായി പരിമിതപ്പെടുത്തി അതായത് 40 കോടിയുടെ കുറവ്. അംഗൻ വാടി, പോഷൺ സ്കീമുകൾക്കായി 291 കോടി വർധിപ്പിച്ചെങ്കിലും യഥാർത്ഥ വിഹിതം 4.3% കുറയുകയാണ് ചെയ്തിരിക്കുന്നത്.

മാനസികാരോഗ്യത്തിനായി കഴിഞ്ഞവർഷം ഒരു ടെലിമാനസികാരോഗ്യ പരിപാടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഇത്തവണത്തെ ബഡ്ജറ്റിൽ മാൻസികാരോഗ്യത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുന്നു.  കേന്ദ്രബഡ്ജറ്റിൽ കുത്തകകളെ സഹായിക്കുന്നതിനായുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതിന്റെ മറ്റൊരു ഉദാഹരണം ആരോഗ്യമേഖലയിലും കാണാൻ  കഴിയും. വൻകിട ഐ ടി കമ്പനികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ഹെൽത്ത് മിഷന്റെ വിഹിതം 200 കോടിയിൽ നിന്നും 341 കോടിയായി വർധിച്ചിപ്പിച്ചു.  അതേയവസരത്തിൽ കോവിഡ് വാക്സിൻ ഗവേഷണത്തിലും മറ്റും നിരവധി ഗവേഷണസംരംഭങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൾ റിസർച്ചിന്റെ വിഹിതം 2021-22 ലെ നിലയിലേക്ക് 2359 കോടിയായി വർധിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞവർഷത്തെ വിഹിതമായ 2198 കോടിയുമായി തട്ടിച്ച് നോക്കുമ്പോൾ യഥാർത്ഥത്തിൽ 17% കുറഞ്ഞിരിക്കയാണ്. ഐ സി എം ആർ ഫണ്ട് സ്വീകരിച്ച് ആരോഗ്യഗവേഷണം നടത്തുന്ന സ്ഥാപനങ്ങളെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും. കേരളം സ്ഥിരമായി ഉന്നയിച്ച് കൊണ്ടിരുന്ന എയിംസിനുവേണ്ടിയുള്ള ആവശ്യം ഇത്തവണയും പരിഗണിക്കപ്പെടാതെ  പോയതിൽ അത്ഭുതപ്പെടാനില്ല.

കോവിഡ് നിയന്ത്രണ വിധേയമാവുന്നുണ്ടെങ്കിലും രോഗം ഭേദമായവരിൽ കുറഞ്ഞത് 20 ശതമാനം പേർക്കെങ്കിലും കോവിഡാനന്തര രോഗങ്ങൾ (Post Covid Syndrome: Long Covid) ഉണ്ടാവാനിടയുണ്ട്. രാജ്യത്ത് ഇതുവരെ 4.4 കോടിയാളുകളെ കോവിഡ് ബാധിച്ചിട്ടുണ്ടെന്നോർക്കണം.   കോവിഡാനന്തര രോഗചികിത്സക്കായുള്ള  സവിശേഷ ക്ലിനിക്കുകൾ (Post Covid Clinic) ആരംഭിക്കാൻ പ്രത്യേക വിഹിതം അനുവദിക്കുന്നതിനും കേന്ദ്രബഡ്ജറ്റിൽ ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തിൽ 2021 ൽ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽ വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു.  ഇത്തവണത്തെ  കേരള സംസ്ഥാന ബഡ്ജറ്റിൽ കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ 5 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.

ആരോഗ്യവുമായി ബന്ധപ്പെട്ട സാമൂഹ്യസുരക്ഷാ പദ്ധതികൾക്കും മറ്റ് അനുബന്ധ മേഖലകൾക്കും കാര്യമായ വിഹിതമില്ല എന്ന് മാത്രമല്ല കഴിഞ്ഞ വർഷത്തേക്കാൾ കുറച്ചിരിക്കയുമാണ്. മഹാത്മാഗാന്ധി ദേശീയ തൊഴിൽ സുരക്ഷാപദ്ധതിക്കുള്ള (എം ജി എൻ ആർ ഇ ജി എസ്)  വിഹിതം വൻതോതിലാണ് വെട്ടിക്കുറച്ചിരിക്കുന്നത് 2022-23 ലെ 89,400 കോടിയിൽ നിന്നും 2023-24 ലേക്ക് കേവലം 60,000 കോടിമാത്രമാണ് വകയിരുത്തിയിട്ടുള്ളത്.  പ്രധാനമന്ത്രി പോഷൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിട്ടുള്ള  സ്കൂൾ ആഹാര പദ്ധതിയുടെ വിഹിതം 12,800 കോടിയിൽ നിന്നും 11,600 കോടിയായും കുറച്ചിരിക്കുന്നു.  സ്തീകൾക്കായി പ്രത്യേകിച്ച് ഗർഭിണികൾക്കായുള്ള സാമർത്ഥ്യപദ്ധതിയുടെ വിഹിതം 2622 കോടിയിൽ നിന്നും 2852 കോടിയായും കുറച്ചിട്ടുണ്ട്.  ദുർബലജനവിഭാഗത്തിൽ പെട്ട സ്തീകളുടെ പോഷണവും മറ്റും ഉറപ്പാക്കാനുള്ള പദ്ധതിയാണിത്. വയോജനങ്ങൾക്കും വിധവകൾക്കും  ശാരീരികാവശതകളൂള്ളവർക്കും വേണ്ടിയുള്ള ദേശീയ സമൂഹ്യസഹായ പദ്ധതിക്കുള്ള തുക 9600 കോടിയായി നിലനിർത്തിയിട്ടുണ്ട്. ചുരുക്കത്തിൽ ആരോഗ്യമേഖലയെ പൂർണ്ണമായും അവഗണിച്ച് കൊണ്ടുള്ള ഒരു ബഡ്ജറ്റാണ് കേന്ദ്രസർക്കാർ  അവതരിപ്പിച്ചത്.

ഓപ്പൺ സോർസ് ഡ്രഗ് ഡിസ്കവറി

സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കുത്തകകമ്പനികളെ ആശ്രയിക്കാതെ പ്രസക്തമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിന് പരസ്പരസഹകരണത്തിന്റേയും  സാമൂഹ്യ പങ്കാളിത്തത്തിന്റേയും  അടിസ്ഥാനത്തിലും സുതാര്യവുമായ  ഓപ്പൺ സോർസ് ഡ്രഗ് ഡിസ്കവറി  (Open Source Drug Discovery)  മാതൃകകൾ പലരാജ്യങ്ങളിലും നടപ്പിലാക്കിവരുന്നുണ്ട്. വൻകിട മരുന്നുകമ്പനികൾക്ക് താത്പര്യമില്ലാത്ത പ്രാന്തവൽക്കരിക്കപ്പെട്ട ജനസമൂഹത്തെ ബാധിക്കുന്ന അവഗണിക്കപ്പെട്ടുവരുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്തുന്നതിനുവേണ്ടിയിട്ടാണ് ഒ എസ് ഡി ഡിയിലൂടെ ഗവേഷണങ്ങൾ നടത്തി വരുന്നത്.

കൌൺസിൽ ഓഫ്  സയന്റിഫിക്ക് ആന്റ് ഇൻഡസ്ത്രിയൽ റിസർച്ചിന്റെ (Council of Scientific and Industrial Research: CSIR: സി എസ് ഐ ആർ) കീഴിൽ ഇന്ത്യയിൽ  ഒ.എസ്.ഡി.ഡി. പദ്ധതിക്ക് 2008 ൽ തുടക്കം കുറിച്ചിരുന്നു. ക്ഷയരോഗത്തിനുള്ള ഫലപ്രദമായ പുതിയമരുന്ന് കണ്ടെത്തുന്നതിനു വേണ്ടിയിട്ടുള്ള സംരംഭമാണ് ആദ്യത്തെ പദ്ധതിയായി സി.എസ്.ഐ.ആർ എറ്റെടുത്തത്. ഔഷധം ഗവേഷണം ചെയ്തെടുത്ത് കഴിഞ്ഞാൽ പേറ്റെന്റെടുക്കുന്നത് സി.എസ്.ഐ.ആർ  ആയിരിക്കും. ഔഷധവില്പനയിലെ കുത്തകവൽക്കരണം ഒഴിവാക്കി കുറഞ്ഞവിലക്ക് ജനറിക്ക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ തയ്യാറുള്ള ഒന്നിലധികം കമ്പനികൾക്ക്  ഔഷധ ഉല്പാദനത്തിനുള്ള ലൈസൻസു നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്.  രാജ്യത്തെ 34 ഗവേഷണ സ്ഥാപനങ്ങളും ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശാസ്ത്രജ്ഞരും പങ്കെടുത്ത് കൊണ്ട് വിജയകരമായി നടന്നുവന്നിരുന്ന ഗവേഷണ പദ്ധതിക്കുള്ള ധനസഹായം 2014 മുതൽ നിലച്ചിരിക്കുകയാണ്. പ്രത്യേക കാരണമൊന്നും പറയാതെയാണ് ഇത് പിൻവലിച്ചത്. ഇതോടെ കേരളത്തിലെ സ്ഥാപനങ്ങളുടെ ഗവേഷണപദ്ധതികളും പരുങ്ങലിലായി. പതിനൊന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് 49 കോടിരൂപയാണ് പദ്ധതിക്കനുവദിച്ചിരുന്നത്. പന്ത്രണ്ടാം പദ്ധതികാലത്ത് 650 കോടി അനുവദിക്കണമെന്ന് പ്ലാനിംഗ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.  ഡൽഹിയിലെ പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റ്യൂബർകുലോസിസ് ആന്റ് റെസ്പരേറ്ററി ഡിസീസസിന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട ഔഷധപരിശോധനയിലേക്ക് ഗവേഷണം പുരോഗമിച്ച അവസരത്തിലാണ് സാമ്പത്തിക സഹായം അവസാനിപ്പിച്ചത്. ഇത് വളരെ ഗുരുതരമായ സാമൂഹിക വിരുദ്ധ പ്രവൃത്തിയായി കാണണം.

“ആയുഷ്മാൻ ആരോഗ്യ മന്ദിർ ”  വർഗീയവത്കരണമോ ?    

പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളിലെ സബ്സെന്ററുകൾ കൂടുതൽ സൗകര്യങ്ങളോടെ ‘ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ’ (എച്ച്‌ഡബ്ല്യുസി) ആക്കി മാറ്റാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിലേക്കാവശ്യമായ അധിക ചെലവ് ദേശീയ ആരോഗ്യമിഷൻ ഫണ്ടിൽ നിന്നും ചെലവഴിക്കാനും ഉത്തരവിറക്കി.  ഇതനുസരിച്ച് കേരളസർക്കാർ സബ്സെന്റകളെ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയും  അധികമായി ഒരു നഴ്സിനെ നിയമിച്ചും “ജനകീയാരോഗ്യകേന്ദ്രങ്ങൾ” എന്ന് നാമകരണം ചെയ്ത് വരികയാണ്. വിവിധ നിയോജകമണ്ഡലായി 6825 കേന്ദ്രങ്ങൾ സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്.

നവംബർ 25-ന്   കേന്ദ്ര സർക്കാർ ‘ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളെ “ആയുഷ്മാൻ ആരോഗ്യ മന്ദിർ” എന്ന് പുനർനാമകരണം ചെയ്ത്  ‘ആരോഗ്യം പരമം ധനം’  എന്ന ടാഗ്‌ലൈൻ നൽകി  ബ്രാൻഡ് ചെയ്യാർ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരോട് നിർദ്ദേശിച്ചു.  നിർദ്ദിഷ്ട ഫോണ്ടും ഫോണ്ട് വലുപ്പവും സഹിതം കൃത്യമായി നിർവചിക്കപ്പെട്ട ഫോർമാറ്റിലാണ് ഇത് ചെയ്യേണ്ടത്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ “മന്ദിർ” എന്നത് “ക്ഷേത്രം” എന്ന അർത്ഥത്തിലാണ് പ്രയോഗിച്ച് വരുന്നത്.  കേന്ദ്രസർക്കാർ ഇങ്ങിനെയൊരു ഉത്തരവ് ഇപ്പോൾ ധൃതിപിടിച്ചിറക്കിയത്  അടുത്ത പൊതുതെരഞ്ഞെടുപ്പ്   ലക്ഷ്യമാക്കിയിട്ടുള്ള ഹിന്ദുത്വ ധ്രുവീകരണത്തിന്റെ ഭാഗമാണ്. ഇത്തരമൊരു നീക്കത്തിന്റെ രാഷ്ട്രീയ ധാർമ്മികത ജനാധിപത്യ സംവിധാന്ത്തെ കൂടുതൽ പരിക്ഷീണമാക്കുകയാണ്. മതഭേദം കൂടാതെയും മറ്റുതരത്തിലുള്ള വേർത്തിരിവുകളൊന്നും പരിഗണിക്കാതെയും  എല്ലാവരെയും ഉൾക്കൊള്ളേണ്ട  പൊതുജനാരോഗ്യസേവനങ്ങളുടെ  വർഗീയവത്ക്കരണമാണ് സർക്കാർ ഉന്നമിടുന്നത്.  പൊതുസ്ഥാപനങ്ങളെ എല്ലായ്പ്പോഴും മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇടങ്ങളായി തുടരാൻ അനുവദിക്കണം.

കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് സംഘടിപ്പിക്കുന്ന പദ്ധതികൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന പേരു തന്നെ നൽകണമെന്ന് കേന്ദ്ര ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു.  അങ്ങിനെ ചെയ്തില്ലെങ്കിൽ കേന്ദ്രസർക്കാർ ഫണ്ട് നൽകില്ലെന്ന ഭീഷണിയും ആ പ്രസ്താവനയിൽ അടങ്ങിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഏത് ഫണ്ടും കേന്ദ്രസർക്കാരിന്റെ ഔദാര്യമല്ല. സംസ്ഥാനങ്ങളുടെ അവകാശത്തിൽപെട്ടതാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്.  ഇടത് പാർട്ടികളുടെ ശ്രമഫലമായി ആരംഭിച്ച ദേശീയ ആരോഗ്യമിഷൻ ഫണ്ടാണ് ഹെൽത്ത് ആൻ്റ് വെൽനസ് സെന്ററിനായി ചെലവിടുന്നതെന്ന് ഓർക്കുക..  കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട്  അവർക്കവകാശപ്പെട്ട കേന്ദ്രഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ പേരു  ഏകപക്ഷീയമായി നിർദ്ദേശിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനവും ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധവുമാണ്..

സ്വതന്ത്രവാണിജ്യകരാർ: ഔഷധമേഖല കൂടുതൽ പ്രതിസന്ധികളിലേക്ക് 

ലോകവ്യാപാരസംഘടനയുടെ നിർദ്ദേശപ്രകാരം 2005 ജനുവരി ഒന്നുമുതൽ നടപ്പിലാക്കിവരുന്ന പേറ്റന്റ്  നിയമത്തിൽ ബഹുരാഷ്ട്ര മരുന്നുകമ്പനികൾക്കനുകൂലമായി മാറ്റങ്ങൾ വരുത്താൻ പലതരത്തിലുള്ള നീക്കങ്ങൾ വികസിത മുതളാളിത്തരാജ്യങ്ങൾ നടത്തുന്നുണ്ട്. സ്വതന്ത്ര വ്യാപാരകരാറുകളിലൂടെ നിലവിലുള്ള പേറ്റന്റ്  നിയമത്തിൽ ചില പുതിയ വകുപ്പുകൾ ചേർത്തുകൊണ്ടും ജീവൻ രക്ഷാമരുന്നുകൾ ലഭ്യമാക്കാൻ സഹായകരമായ ചില വകുപ്പുകൾ തിരുത്താനുമുള്ള ശ്രമങ്ങളാണു പ്രധാനമായും നടന്ന് വരുന്നത്. ലോകവ്യാപരസംഘടനയുടെ വ്യവസ്ഥകൾ എല്ലാ അംഗരാജ്യങ്ങളും പിന്തുടരേണ്ടതാണെന്നാണ് അന്തരാഷ്ട്ര ധാരണ. എന്നാൽ അതിന്റെ നഗ്നമായ ലംഘനം കൂടിയാണ് സ്വതന്ത്ര വാണിജ്യക്കരാറുകൾ.  മുതലാളിത്ത രാജ്യങ്ങളടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളോട് യോജിക്കുന്ന നയമാണ് ഇന്ത്യ സർക്കാർ പിന്തുടർന്ന് വരുന്നത്.

യൂറോപ്യൻ സ്വതന്ത്ര വാണിജ്യസമിതിയുമായി (European Free Trade Association) യുമായി ഇന്ത്യൻ സ്വതന്ത്ര വാണിജ്യസമിതി നടത്തിവന്ന ചർച്ചകളെ തുടർന്ന്  പേറ്റൻറ്   കാലാവധി കഴിഞ്ഞ മരുന്നുകൾ കുറഞ്ഞവിലക്കുള്ള  ജനറിക്ക് മരുന്നുകളായി മാർക്കറ്റ് ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്ന വിവരകുത്തക നിയമം (Data Exclusivity) എന്നൊരു പുതിയൊരു വകുപ്പ് പേറ്റൻറ്  നിയമത്തിൽ ചേർക്കാൻ  തീരുമാനിച്ചിട്ടുണ്ട്.  ഔഷധങ്ങൾക്ക് പേറ്റന്റ് നൽകുമ്പോൾ ഔഷധത്തെ സംബന്ധിച്ചുള്ള  എല്ലാ വിവരങ്ങളും ഡ്രഗ് കൺട്രോളർക്ക് നലകണമെന്നാണ് നിലവിലുള്ള വ്യുവസ്ഥ. ഇതിൽ ഔഷധത്തിന്റെ ഫലസിദ്ധിയും പാർശ്വഫലങ്ങളും മരുന്ന് കണ്ടെത്തുന്നതിനായി നടത്തുന്ന പരീക്ഷണ വിവരങ്ങളും ഉൾപ്പെടുന്നു. പേറ്റന്റ് കാലവധി കഴിഞ്ഞാൽ ഈ വിവരങ്ങൾ താത്പര്യമുള്ള ആർക്കും ലഭിക്കുന്നതാണ്. പേറ്റന്റ് കാലവധി കഴിഞ്ഞ മരുന്നുകൾ വിലകുറച്ച് ജനറിക്ക് നാമത്തിൽ മാർക്കറ്റ് ചെയ്യുന്ന കമ്പനികൾ ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉല്പാദനം നടത്തുന്നത്. പേറ്റന്റ് കാലയളവിൽ ഔഷധപരീക്ഷണ വിവരങ്ങൾ മറ്റ് കമ്പനികൾ വ്യാപാരതാത്പര്യത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഈ വിവരങ്ങൾ സംരക്ഷിക്കേണ്ടതാണെന്ന്  ലോകവ്യാപാരസംഘടനയുടെ പേറ്റൻറ്  (TRIPS)  വ്യവസ്ഥയിലുണ്ട്. ഇതിനെ വിവരസംരക്ഷണം (Data Protection)  എന്നാണ് പറയുക. എന്നാൽ ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ട്രിപ്സ് വ്യവസ്ഥയനുസരിച്ചുള്ള വിവരസംരക്ഷണമല്ല. മറിച്ച് പേറ്റന്റ് നൽകി കഴിഞ്ഞാൽ അഞ്ചുവർഷത്തേക്ക് യാതൊരു സാഹചര്യത്തിലും ഔഷധപരീക്ഷണ വിവരങ്ങൾ പുറത്ത് വിടാതിരിക്കുന്നതിനായുള്ള വിവരകുത്തക (Data Exclusivity) നിയമമാണ്. ഔഷധപരീക്ഷണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഔഷധല്പാദനത്തിനുള്ള അനുമതി ലഭിക്കാൻ പുതിയ പരീക്ഷണങ്ങളിലൂടെ  അതിനു തയ്യാറുള്ള കമ്പനികൾക്ക് വിവരം ശേഖരിക്കേണ്ടിവരും. ഇതിനുള്ള ചെലവും കാലതാമസവും കണക്കിലെടുക്കുമ്പോൾ ജനറിക്ക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ  മറ്റു കമ്പനികൾ  ബുദ്ധിമുട്ടും. ചുരുക്കത്തിൽ വിവരകുത്തക നിയമം പ്രാബല്യത്തിൽ വരുന്നതോടെ പേറ്റന്റ് നൽകി കഴിഞ്ഞ് അഞ്ചു വർഷത്തേക്ക് കുറഞ്ഞവിലക്കുള്ള ജനറിക്ക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ കഴിയില്ല.   പേറ്റൻറ്  കാലാവധി കഴിഞ്ഞാലും ജീവൻരക്ഷാ ഔഷധങ്ങളുടെ വില വീണ്ടും ഉയർന്ന് തന്നെ നിലനിൽക്കും. ഇതിന് പുറമേ മറ്റൊരു ധാർമ്മിക പ്രശ്നം കൂടി പുതിയ നിയമം ഉയർത്തുന്നുണ്ട്. ഫലസിദ്ധി തെളിയിച്ചുകഴിഞ്ഞ മരുന്നുകൾ വീണ്ടും മരുഷ്യരിൽ പരീക്ഷണാർത്ഥം നൽകുന്നത് വൈദ്യശാസ്ത്ര നൈതികക്ക് എതിരാണ്.

ഔഷധങ്ങളുടെ അമിതവില, ഔഷധ ദൌർലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം അളവിൽ മരുന്നുല്പാദിപ്പിക്കാൻ കമ്പനികൾക്ക് കഴിയാത്ത അവസ്ഥ, സർക്കാർ ആവശ്യങ്ങൾക്കായി  വിതരണചെയ്യുന്നതിനു മരുന്നു ലഭ്യമാക്കൽ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളിൽ മരുന്നുല്പാദിപ്പിക്കാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധിത ലൈസൻസ് (Compulsory License) പ്രകാരം പേറ്റന്റ് എടുക്കാത്ത മറ്റു കമ്പനികൾക്ക് മരുന്നുല്പാദിപ്പിക്കാനുള്ള അവകാശം പേറ്റൻറ് നിയമത്തിലുണ്ട്. ട്രിപ്പ്സ് നിയമം നടപ്പിലാക്കിയതിനെ തുടർന്ന് വികസ്വരരാജ്യങ്ങളിൽ ജീവൻ രക്ഷാമരുന്നുകളുടെ മരുന്നുകളുടെ വില കുത്തനെ ഉയർന്നു എന്ന വിമർശനമുണ്ടായി. അതേത്തുടർന്ന് ദോഹയിൽ വച്ച് 2001-ൽ  ചേർന്ന ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ ചില ഇളവുകൾ  അനുവദിച്ചിരുന്നു. നിർബന്ധിത ലൈസൻസിംഗ് പ്രകാരം പേറ്റൻറ് മരുന്നുകൾ ലഭ്യമാക്കാൻ അടിയന്തിര സാഹചര്യത്തിൽ നിർബന്ധിത ലൈസൻസിംഗ് പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം അംഗരാജ്യങ്ങൾക്ക് നൽകിയതാണ് അതിൽ പ്രധാനം.   അത് കൊണ്ട് ദോഹതീരുമാനത്തെ ദോഹ വിട്ടുവീഴ്ച (Doha Flexibilities)  എന്നറിയപ്പെടുന്നത്. എന്നാൽ വിവരകുത്തക നിയമം നടപ്പിലാക്കുന്നതോടെ ഫലത്തിൽ അടിയന്തിര സാഹചര്യത്തിൽ പോലും  നിർബന്ധിത ലൈസൻസിംഗ് പ്രകാരം ജനറിക്ക് മരുന്നുകൾ ഉല്പാദിപ്പിക്കാൻ കഴിയാതെവരുന്ന സാഹചര്യം സംജാതമാകും.  കേന്ദ്രസർക്കാർ ദോഹ ഇളവുകൾ പ്രയോഗിച്ച് കോവിഡ് ചികിത്സക്കാവശ്യമായ വിലകൂടിയ റംഡസിവീർ മരുന്നിന്റെ കുറഞ്ഞവിലക്കുള്ള ജനറിക്ക് പതിപ്പ് നിർബന്ധിത ലൈസൻസിംഗ് പ്രയോഗിച്ച് ഉല്പാദനം നടത്താൻ തയ്യാറായില്ല. ഈ വസ്തുതയും ഇത്തരുണത്തിൽ ഓർത്തിരിക്കേണ്ടതാണ്.  അങ്ങിനെ നോക്കുമ്പോൾ ഇന്ത്യ സർക്കാരിൻ്റെ ജനവിരുദ്ധ ഔഷധ നയത്തിനനുഗുണമായ മാറ്റങ്ങളാണു സ്വതന്ത്ര വാണിജ്യക്കരാറിലൂടെ നടപ്പിലാക്കാൻ പോകുന്നത്.

ബ്രസീൽ, ദക്ഷിണാഫ്രിക്ക, ക്യൂബ തുടങ്ങി നിരവധി രാജ്യങ്ങൾ ലോകവ്യാപരസംഘടനയുടേയും ലോക ബൌദ്ധികസ്വത്തവകാശ സംഘടനയുടേയും വേദികളിൽ  സ്വതന്ത്ര വാണിജ്യകരാളിലൂടെയ്യും മറ്റും ട്രിപ്പ്സ് ഉടമ്പടിയെക്കാൾ കർശനമായ വ്യവസ്ഥകൾ നടപ്പിലാക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ  പോരാടിവരികയാണ്. സ്വതന്ത്ര സോഫ്റ്റ് വെയർ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ക്രിയേറ്റീവ് കോമൺസ് (Creative Commons), തുടങ്ങിയ ജനകീയ ബൌദ്ധികസ്വത്തവകാശ സംരംഭങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ഓപ്പൺ ബയോളജി (Open Biology), ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ് ക്കവറി (Open Source Drug Discovery), ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം  തുടങ്ങിയ നവീന ഗവേഷണ പദ്ധതികളും ജനകീയ ബദലുകൾക്കായുള്ള അന്വേഷണത്തിൽ വലിയ പ്രതീക്ഷകളാണ് ഉയർത്തിയിട്ടുള്ളത്. കേരളസർക്കാർ ഈ ശ്രമങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യവും രോഗങ്ങളും കൊണ്ട് കഷ്ടപ്പെടുന്ന ഇന്ത്യൻ ജനതയുടെ താല്പര്യങ്ങൾ സംരക്ഷിപ്പെടണമെങ്കിൽ  ഔഷധ ഗവേഷണ-ഉൽപാദന രംഗങ്ങളിലെ  എല്ലാ അന്താരാഷ്‌ട്ര കരാറുകളും പാവപ്പെട്ട ജനങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്താൻ  കഴിയുന്ന തരത്തിൽ കേന്ദ്ര സർക്കാർ നയ സമീപങ്ങൾ പുനരാവിഷ്കരിക്കണം.

ചുരുക്കത്തിൽ, കേന്ദ്രസർക്കാർ പിന്തുടർന്നുവരുന്ന സമീപനങ്ങൾ ആരോഗ്യമേഖലയെ മാത്രമല്ല, മാനവിക പരിരക്ഷ ആവശ്യമായ എല്ലാ വ്യവഹാരങ്ങളെയും കൂടുതൽ പ്രതിസന്ധികളിലേക്ക് നയിക്കുകയാണ്. അതേയവസരത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ കോവിഡിനെപ്പോലും വിജയകരമായി നേരിട്ട് സാർവ്വത്രിക ആരോഗ്യപരിരക്ഷ ജനങ്ങൾക്ക് നൽകുന്നതിൽ കേരളസർക്കാർ വൻതോതിൽ വിജയിച്ചിട്ടുണ്ട്. രണ്ടുസർക്കാറുകളുടെയും നയസമീപനത്തിലെ വ്യത്യാസം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

ഇലക്ടറൽ ബോണ്ടും മരുന്നുകമ്പനികളും 

പാവപ്പെട്ട രോഗികൾക്ക് നിലവാരം കുറഞ്ഞ മരുന്ന് വിൽപ്പന നടത്തിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന മരുന്നു കമ്പനികൾ നിരവധിയുണ്ട്. അവയ്ക്കെതിരെയുള്ള അന്വേഷണം മരവിപ്പിക്കാനും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അവർ തേടിയ വഴി ഇലക്ട്രൽ ബോണ്ടാണ്. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് കോഴനൽകാൻ ഇലക്ട്രൽ ബോണ്ട് ഉപയോഗിച്ചുവെന്ന ഞെട്ടിക്കുന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഗുണമേന്മയില്ലാത്ത മരുന്നുകൾ നൽകി രോഗികളെ കൊലയ്ക്ക് കൊടുക്കുന്നതും കൊള്ളലാഭം കൊയ്യുന്നതും പൊറുക്കാനാകാത്ത ക്രിമിനൽ കുറ്റമാണ്.

ഇതുവരെ 35 കമ്പനികൾ നൽകിയ 1000 കോടി രൂപയുടെ വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.  ഇലക്ടറൽ ബോണ്ട് വാങ്ങിയ ഏഴു കമ്പനികൾ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മാർക്കറ്റ് ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന കമ്പനികളാണ്.

മരുന്നുകമ്പനികൾ ഇലക്ടറൽ ബോണ്ടിലൂടെ നൽകിയ സമയവും സന്ദർഭവും ശ്രദ്ധിക്കേണ്ടതാണ്. ഡോ റെഡ്ഡീസ് ലാബിൽ  2023 നവംബർ 13 നു ന ഇൻകംടാക്സ് റെയ്ഡ് നടക്കുന്നു. നവംബർ 17 നു അവർ ഇലക്ടറൽ ബോണ്ട് വാങ്ങുന്നു, ഇതേപോലെ മൈക്രോലാബ്, ഹെറ്ററോ ഡ്രഗ്സ് തുടങ്ങിയ കമ്പനികളും  ഇൻകം ടാക്സ് റെയ്ഡിനെ  തുടർന്നാണ് ഇലക്ടറൽ ബോണ്ടിൽ പണം നിക്ഷേപിച്ചതെന്ന് കാണുന്നു.  മാത്രമല്ല ടോറന്റ് കമ്പനി 2024 ജനുവരി 13 നു നടത്തിയ  78 കോടിയുടെ ഇലക്ടറൽ ബോണ്ട് നിക്ഷേപത്തെ തുടർന്ന് അവരുടെ അനുബന്ധ കമ്പനിയായ ടോറന്റ് പവറിനു പ്രധാനമന്ത്രിയുടെ കുസും (PMKUSUM (Pradhan Mantri Kisan Urja Suraksha evam Utthaan Mahabhiyan) പദ്ധതിയുടെ 1640 കോടി രൂപയുടെ ടെൻഡർ ലഭിക്കുന്നു.

ഇൻകംടാക്സ് റെയിഡുകളിലൂടെ സമ്മർദ്ദം ചെലുത്തിയാണു മരുന്നുകമ്പനികളിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിച്ചതെന്ന് വ്യക്തം. അവശ്യമരുന്നുകൾക്ക് വിലവർധിപ്പിച്ചും  സ്വതന്ത്രവിപണി കരാറിലൂടെ നിലവിലുള്ള പേറ്റന്റ് നിയമത്തിൽ വെള്ളം ചേർത്തും വൻകിട കമ്പനികളെ സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് പിന്നിൽ  ഇലക്ടറൽ ബോണ്ടു വഴിയുള്ള തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

വിവിധ മരുന്നുകമ്പനികൾ ഇലക്ടറൽ ബോണ്ടിലൂടെ നൽകിയ സംഭാവനകൾ:

മരുന്നു കമ്പനിതുക
നാറ്റ് കോ ഫാർമ57 കോടി
ഡിവിസ് ലാബ് 55 കോടി
അരവിന്ദോ ഫാർമ52 കോടി
സിപ്ല 38 കോടി
പിരമൽ ഫാർമ35 കോടി
സൺ ഫാർമ32 കോടി
സെഡൽ ഹെൽത്ത്കെയർ29 കോടി
എം.എസ്.എൻ ഫാർമ26 കോടി
മാൻ കൈൻ്ഖ് ഫാർമ24 കോടി
ഇന്റാസ് ഫാർമ20 കോടി

ഇന്ത്യയിലിപ്പോൾ 1.8 ലക്ഷം കോടിയുടെ ഔഷധ ഉല്പാദനമാണു നടക്കുന്നത്.ഇന്ത്യൻ ജനതയെ ദുരിതത്തിലാഴിത്തി വലിയ സാമ്പത്തിക നേട്ടങ്ങൾ മരുന്ന് കമ്പനികൾ കൈവരിച്ച് കൊണ്ടിരിക്കുന്നു.  ഒരു കാലത്ത് ഗുണമേന്മയുള്ള ജീവൻ രക്ഷാമരുന്നുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കി “പാവപ്പെട്ടവരുടെ മരുന്നു കട” എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഔഷമേഖലയുടെ ഇന്നത്തെ ദു:സ്ഥിതിക്കെതിരെ ശക്തമായ ജനമുന്നേറ്റം ഉയർന്ന് വരേണ്ടതാണ്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഈ രേഖയുടെ പി.ഡി.എഫ് Download ചെയ്യാം. പരിഷത്ത് വിക്കി പതിപ്പ് വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വീണ്ടും അന്ധവിശ്വാസ മരണങ്ങൾ
Next post ഏപ്രിൽ 8 – സമ്പൂർണ സൂര്യഗ്രഹണം ഫോട്ടോഗാലറി
Close