Read Time:22 Minute


ഡോ.വി.രാമൻകുട്ടി

എത്ര പേർ മരിച്ചു?

‘ഒരു മോഡലും ശരിയല്ല; ചിലവകൊണ്ട് പ്രയോജനമുണ്ടെന്നു മാത്രം’ -ജോർജ്ജ് ബോക്സ്

വളരെ ലളിതമായ ചോദ്യമാണെങ്കിലും ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. ലോകാരോഗ്യസംഘടന 2022 മേയ് മാസത്തിൽ ഔദ്യോഗികമായി ഈ ചോദ്യത്തിന് ഒരുത്തരം നൽകി. പക്ഷേ ആ ഉത്തരം കൂടുതൽ ചോദ്യങ്ങളിലേക്കും വിവാദങ്ങളിലേക്കുമാണ് നയിച്ചത്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം ലോകത്തെമ്പാടുമായി ഏകദേശം 15 ദശലക്ഷം- ഒന്നരക്കോടി – മനുഷ്യർ മഹാമാരിയുടെ വർഷങ്ങളായ 2020-2021 സമയത്ത് അധികമായി മരിച്ചിട്ടുണ്ട്. ‘അധികമരണങ്ങൾ’ എന്നാൽ സാധാരണ നാം പ്രതീക്ഷിക്കുന്ന എണ്ണത്തേക്കാൾ കൂടുതൽ. ഇവയിൽ 5 ദശലക്ഷം (അരക്കോടി) മരണങ്ങൾ, അഥവാ മൊത്തം അധികമരണങ്ങളുടെ മൂന്നിലൊന്ന് – ഇന്ത്യയിലാണ് സംഭവിച്ചത് എന്ന് അവർ കണക്കുകൂട്ടുന്നു.

ഒരു സമയപരിധിയിൽ നാം ‘പ്രതീക്ഷിക്കുന്ന’ മരണങ്ങളുടെ എണ്ണം എങ്ങനെ അറിയാം? അത് ഒരു ഏകദേശ കണക്കാണ്. ഓരോ വർഷവും ഒരു സമൂഹത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ നിന്ന് നമുക്ക് ‘മരണനിരക്ക്’ കണക്കാക്കാം. ഇന്ത്യയിൽ ഓരോ ആയിരം പേർക്കും ഏകദേശം ഏഴുപേരോളം പ്രതിവർഷം മരണപ്പെടുന്നു എന്നാണ് കണക്ക്: അതായത് ഒരു ലക്ഷത്തിൽ എഴുനുറു പേർ. ഇതെങ്ങനെ കണക്കാക്കും? കൃത്യമായ ജനനമരണ രജിസ്ട്രേഷൻ ഉള്ള രാജ്യങ്ങളിൽ – എല്ലാ ജനനങ്ങളും എല്ലാ മരണങ്ങളും രെജിസ്റ്റെർ ചെയ്യുന്ന രാജ്യങ്ങളിൽ – ഇത് കണക്കാക്കാൻ എളുപ്പമാണ്: ഓരോ വർഷത്തെയും മരണങ്ങൾ കൂട്ടി എടുത്താൽ മതി. മറ്റുള്ള ഇടങ്ങളിൽ ഇതിന് ഒരു ‘എസ്റ്റിമേറ്റ്’ – മതിപ്പു കണക്ക് – ഉണ്ടാക്കേണ്ടിവരും. ഇന്ത്യയിൽ ജനന മരണ രെജിസ്ട്രേഷൻ ഏതാണ്ട് എഴുപതു ശതമാനം ആണ് എന്ന് ഒരു മൊത്തക്കണക്കുപറയുന്നുണ്ടെങ്കിലും, ഈ ശരാശരി മറച്ചുപിടിക്കുന്നത് ഗോവയിൽ 100 ശതമാനം മുതൽ ബീഹാറിൽ 5 ശതമാനം വരെയുള്ള വളരെ വലിയ അന്തരമാണ്.

മരണങ്ങൾ കണക്കാക്കിയാൽ മാത്രം പോരാ, മരണകാരണങ്ങൾ രേഖപ്പെടുത്തുകയും വേണം. എന്നാലേ എന്തു കാരണം കൊണ്ട് എത്ര പേർ മരിച്ചു എന്ന് പറയാൻ പറ്റുകയുള്ളു. കൃത്യമായ മരണക്കണക്കുകൾ ഉള്ള പല രാജ്യങ്ങളിലും ഇതും കൃത്യമായി രേഖപ്പെടുത്തപ്പെടും. അതിനാൽ കാര്യങ്ങൾ എളുപ്പമാകുന്നു. എന്നാൽ നമ്മുടെ രാജ്യത്ത് ആശുപത്രിമരണങ്ങളിൽ പോലും പലപ്പോഴും മരണകാരണം സൂക്ഷ്മമായി രേഖപ്പെടുത്താറില്ല. ഈ വിധകാര്യങ്ങളിലുള്ള ശ്രദ്ധക്കുറവുതന്നെയാണ് കാരണം; അടുത്തകാലത്തായി ഇതിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ ഔദ്യോഗികമായി നടക്കുന്നുണ്ടെങ്കിലും  കുറച്ചുവർഷം മുൻപു നടന്ന ‘മില്യൺ ഡെത്ത് സ്റ്റഡി- ദശലക്ഷം മരണങ്ങളുടെ പഠനം’ ഈ വിധത്തിലുള്ള ഒരു ശ്രമമാണ്. ഈ പഠനത്തിൽ അവർ കണ്ടത് രജിസ്റ്റർ ചെയ്ത മരണങ്ങളിൽ പോലും മരണകാരണം അവ്യക്തമായിരുന്നു എന്നതാണ്.

കോവിഡ് മരണങ്ങളെത്ര?

മരണങ്ങളെത്ര എന്നു പറയുന്നതിനെക്കാൾ വിഷമമാണ് കോവിഡ് മരണങ്ങളെത്ര എന്ന് പറയാൻ. കോവിഡ് മരണങ്ങളുടെ കണക്ക് രണ്ടു തരത്തിൽ പറയാം: ഒന്ന്, കോവിഡ് വന്നവരിൽ എത്ര പേർ മരിക്കുന്നു എന്ന് കണ്ടുപിടിക്കണം. നമുക്കറിയാം കോവിഡ് ബാധിച്ച എല്ലാവരുടെയും എണ്ണം കണക്കാക്കാൻ തന്നെ പ്രയാസമാണ്. കാരണം ബഹുഭൂരിപക്ഷം പേർക്കും കാര്യമായ ലക്ഷണങ്ങൾ ഉണ്ടായെന്നിരിക്കില്ല. ഉണ്ടെങ്കിൽ തന്നെ ടെസ്റ്റ് ചെയ്യണമെന്നില്ല. ചിലർ ടെസ്റ്റ് ചെയ്യാൻ പോലും സാധിക്കുന്നതിനുമുൻപ് മരണപ്പെട്ടെന്നിരിക്കും. ഈ കാരണങ്ങൾ കൊണ്ടു തന്നെ കോവിഡ് മരണനിരക്ക് കൃത്യമായിരിക്കാൻ സാധ്യതയില്ല. പലപ്പോഴും കണക്കാക്കുന്നതിനെക്കാൾ കുറവായിരിക്കും മരണശതമാനം; കാരണം കോവിഡ് ബാധിച്ചവരുടെ എണ്ണം കണക്കാക്കുന്നതിനെക്കാൾ കൃത്യമായി കോവിഡ് മരണങ്ങളുടെ കണക്കെടുക്കാം. അതുകൊണ്ട് നാം കണക്കാക്കുന്ന മരണനിരക്ക് ശരിയായ നിരക്കിനെ അപേക്ഷിച്ച് കൂടുതലായിരിക്കാനാണു സാധ്യത. 

കോവിഡ് രോഗത്തിന്റെ ആഘാതം കണക്കാക്കാനുള്ള മറ്റൊരു വഴി, ആകെ മരണങ്ങളിൽ എത്ര ശതമാനം കോവിഡ് കൊണ്ട് ഉണ്ടായതാണ് എന്ന് കണ്ടുപിടിക്കുന്നതാണ്. ഇതിലും പ്രശ്നങ്ങളുണ്ട്. പല രാജ്യങ്ങളും പല രീതിയിൽ ആണ് കോവിഡ് മരണം എന്നതിനെ നിർവചിച്ചത്, പ്രത്യേകിച്ച് മഹാമാരിയുടെ ആദ്യ നാളുകളിൽ. കോവീഡ് പോസിറ്റീവ് ആയ ഒരാൾക്ക് സംഭവിക്കുന്ന മരണം എന്നതാണ് പൊതു ധാരണ. പക്ഷെ പോസിറ്റീവ് ആണോ എന്നത് ടെസ്റ്റിംഗിനുള്ള അവസരത്തിനൊത്ത് മാറും. മാത്രമല്ല, മറ്റു പല രോഗങ്ങൾ കൊണ്ട് ആശുപത്രിയിലെത്തി മരണപ്പെടുന്നവരിൽ പലരിലും കോവിഡ് മരണത്തിന് ഒരു ഉപ കാരണം കൂടി ആയിരിക്കും. ഇങ്ങനെയുള്ള മരണങ്ങളും കണക്കെടുപ്പിൽ പെടാതെ പോകാം. സർക്കാരുകൾക്ക് പലപ്പോഴും കോവിഡ് മരണങ്ങളെ അങ്ങനെയല്ലാതെ രേഖപ്പെടുത്താൻ താല്പര്യമുണ്ടാകും എന്നുള്ളതും നമ്മുടെ അനുഭവമാണല്ലോ.

ഈ രണ്ടു പ്രതിഭാസങ്ങളും കൂടുതൽ പ്രവർത്തിക്കുന്നത് ആരോഗ്യസംവിധാനങ്ങളും, വിവരശേഖരണസംവിധാങ്ങളും ഒട്ടും വികസിക്കാത്ത പ്രദേശങ്ങളിൽ ആണ്. എന്നാലും എല്ലാത്തരം രാജ്യങ്ങളിലും ഒരളവുവരെ ഇവ ഉണ്ട്. ഇന്ത്യയുടെ വിവരശേഖരണശേഷി അത്ര മോശമായ ഒന്നല്ല; ലോകാരോഗ്യസംഘടനയുടെ തന്നെ റാങ്കിങ്ങിൽ നമുക്ക് ഇതിനുള്ള കഴിവുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്. എന്നാൽ അതി വിസ്തൃതവും വൈവിധ്യം നിറഞ്ഞതുമായ നമ്മുടെ രാജ്യത്ത് എല്ലായിടത്തും ഇത് ഒരുപോലെ പ്രവർത്തിക്കുന്നില്ല. ജനനമരണ രെജിസ്ട്രേഷൻ പല സംസ്ഥാനങ്ങളിലും പരിപൂർണ്ണമല്ല. താരതമ്യേന മെച്ചപ്പെട്ട കേരളത്തിൽ പോലും 100 ശതമാനം കൃത്യത അവകാശപ്പെടാൻ സാധിക്കില്ല; പല സംസ്ഥാനങ്ങളിലും ഇത് 50% നു അടുപ്പിച്ചാണ്. ഇതേ കാരണം കൊണ്ടുതന്നെ  ഇന്ത്യയിൽ ജനനമരണ കണക്കുകളെ സിവിൽ രജിസ്ട്രേഷൻ സമ്പ്രദായത്തിലൂടെയല്ല നാം കണ്ടെത്തുന്നത്: അതിന്  ‘സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം- എസ് ആർ എസ്’ എന്ന ഒരു സ്ഥിരം സംവിധാനം നമുക്കുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയമായ ഒരു സാമ്പിൾ ഉപയോഗിച്ച് ജനനം, മരണം, ശിശുമരണം എന്നിവയുടെ കണക്കെടുക്കുന്നു. ഈ സാമ്പിൽ ശരിയായ സ്റ്റാറ്റിസ്റ്റിക്കൽ തത്വങ്ങൾ അനുസരിച്ച് സംവിധാനം ചെയ്തിട്ടുള്ളതായതുകൊണ്ട് ഇതിൽ നിന്ന് കണ്ടെത്തുന്ന കണക്കുകൾ നമുക്കു വിശ്വസിക്കാം. എസ് ആർ എസ്സിന്റെ കണക്കുകൾ അവരുടെ വെബ്സൈറ്റിൽ കാണാം.

അധികമരണങ്ങൾ- ഒരെളുപ്പവഴി

കോവിഡ് മരണങ്ങളുടെ കണക്കെടുക്കുക എന്നത് എത്രത്തോളം ശ്രമകരമാണ് എന്നു നാം കണ്ടു. എന്നാൽ കോവിഡ് ജനങ്ങളിലുണ്ടാക്കിയ ആഘാതം പഠിക്കാൻ മറ്റൊരു വഴിയുണ്ട്. കോവിഡ് മഹമാരിയുടെ കാലത്തെ ‘അധികമരണങ്ങൾ’ എണ്ണുക. ഈ മാർഗ്ഗമാണ് ലോകത്തിലെ പല ഏജൻസികളും അവലംബിച്ചത്. പ്രശസ്ത വാർത്താ പത്രികയായ ‘ദി ഇക്കോണമിസ്റ്റ്’ 2021 മേയ് മാസത്തിൽ തന്നെ അവരുടെ ശ്രമങ്ങൾ പൊതുജങ്ങൾക്ക് ലഭ്യമാക്കിയിരുന്നു; അവയെ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ പ്രസിദ്ധ മെഡിക്കൽ പ്രസിദ്ധീകരണമായ ‘ലാൻസെറ്റ്’ഉം അവരുടെ ശ്രമങ്ങൾ നടത്തി. എന്നാൽ ഒരു നിഷ്പക്ഷ ഏജൻസി എന്ന നിലയിൽ ലോകാരോഗ്യ സംഘടന നടത്തിയ ശ്രമത്തിനാണ് ഒരു പക്ഷെ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റാനായത്. അതാകട്ടെ വിവാദത്തിൽ പെട്ടിരിക്കുകയുമാണ്.

നേരത്തെ പറഞ്ഞതുപോലെ, അധികമരണങ്ങൾ അറിയണമെങ്കിൽ എത്ര മരണങ്ങൾ പ്രതീക്ഷിക്കണം എന്നറിയണം. അതായത് 2020-21 വർഷങ്ങളിൽ കോവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കിൽ, ലോകത്ത് എത്ര മരണങ്ങൾ ഉണ്ടായിരുന്നേനെ എന്ന കണക്ക്. മഹാമാരി ഉണ്ടായ ഈ വർഷങ്ങളിൽ യഥാർത്ഥത്തിൽ എത്ര മരണങ്ങൾ ഉണ്ടായി എന്ന് കണക്കുമായി ഒത്തു നോക്കുമ്പോൾ ‘അധിക’ മരണങ്ങളുടെ കണക്കെടുക്കാം. അവ കോവിഡ് മരണങ്ങൾ ആകാം, മറ്റു രോഗങ്ങൾ കോവിഡ് കാലത്ത് മൂർച്ഛിച്ചതുകൊണ്ടാകാം, കോവിഡിന്റെ സാമ്പത്തിക ആഘാതം കൊണ്ടും ആകാം. ഇവ തമ്മിൽ വേർതിരിച്ചറിയാൻ വലിയ പ്രയാസമാണ്.

സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകളുടെ പ്രസക്തി

ഒരു വികസിത രാജ്യത്തിന് ഈ രണ്ടു കണക്കെടുപ്പും എളുപ്പമാണ്. ആദ്യമായി കോവിഡ് കാലത്ത് പ്രതീക്ഷിക്കാവുന്ന മരണങ്ങൾ എത്ര എന്ന കണക്ക്: അതായത് കോവിഡ് പടർന്നുപിടിച്ച വർഷങ്ങളിൽ, കോവിഡ് ഇല്ലായിരുന്നു എന്ന് സങ്കല്പിച്ചാൽ, എത്ര മരണങ്ങൾ സംഭവിക്കുമായിരുന്നു എന്ന കണക്ക്. ഇത് ഒരു മതിപ്പാണ്, കാരണം ആ വർഷങ്ങളിൽ കോവിഡ് ഇല്ലായിരുന്നു എന്ന് നമുക്ക് സങ്കല്പിക്കാൻ മാത്രമെ പറ്റൂ. ആ വർഷങ്ങൾക്കുമുൻപുള്ള പത്തിരുപത് വർഷത്തെ മരണനിരക്കുകൾ കൃത്യമായി അ റിയാമെങ്കിൽ, സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതങ്ങൾ ഉപയോഗിച്ച് നമുക്ക് ഒരു ‘ടൈം സിരീസ്’ വഴി ആ കാലഘട്ടതിൽ ഉണ്ടാകേണ്ടിയിരുന്ന മരണങ്ങളുടെ എണ്ണം ‘പ്രവചി’ക്കാം. ‘പ്രവചിക്കുക’- പ്രെഡിക്റ്റ് എന്നത് തികച്ചും സാങ്കേതികമായ ഒരു പദമായി കാണണം. പ്രവചിക്കുക എന്ന വാക്ക് നാം സാധരണ ഉപയോഗിക്കുന്നത് ഭാവിയെപ്പറ്റി ആണ്; ഇവിടെ സംഭവിച്ചുകഴിഞ്ഞ ഒരു കാര്യത്തെയാണ് നാം ‘പ്രവചി’ക്കുന്നത്. (കണക്കാക്കുക- മതിക്കുക എന്ന അർത്ഥത്തിലുള്ള ഒരു സാങ്കേതിക പദമായി കരുതിയാൽ മതി). 

രണ്ടാമതായി യഥാർത്ഥത്തിൽ നടന്ന മരണങ്ങളുടെ എണ്ണം കണക്കാക്കുക. മരണകാരണങ്ങളെ പറ്റി തർക്കങ്ങൾ ഉണ്ടവാമെങ്കിലും, മരണം നടന്നു എന്നുള്ളത് നിർണ്ണയിക്കാൻ വികസിത രാജ്യങ്ങളിൽ എളുപ്പമാണ്, കാരണം അവരുടെ റെജിസ്റ്റ്രേഷൻ പൂർണ്ണമാണ്. എല്ലാ മരണങ്ങളും സർക്കാരിൻ്റെ കണക്കുകളിൽ പെട്ടിരിക്കും.

അപ്പോൾ നമുക്ക് രണ്ട് സംഖ്യകൾ കിട്ടുന്നു- യഥാർത്ഥമരണങ്ങളുടെ എണ്ണവും, പ്രവചിക്കപ്പെട്ട മരണങ്ങളുടെ എണ്ണവും. കോവിഡ് മൂലം അധികമായി ആരും മരിച്ചിട്ടില്ലെങ്കിൽ ഇവ തമ്മിൽ കാര്യമായി വ്യത്യാസം കാണുകയില്ല; മറിച്ച് കോവിഡിന്റെ ആഘാതം അനുസരിച്ച് യഥാർത്ഥമരണങ്ങളുടെ എണ്ണം പ്രവചിക്കപ്പെട്ടതിനേക്കാൽ കൂടിയിരിക്കും. ഇതാണ് ‘അധിക’ മരണങ്ങൾ- എക്സ്ട്രാ ഡെത്ത്സ്’ എന്നു പറയുന്നത്.

എന്നാൽ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് ഈ രണ്ട് കണക്കുകളും അത്ര എളുപ്പമല്ല. യഥാർത്ഥമരണങ്ങൾ പോലും പരിപൂർണ്ണമായി എണ്ണിത്തിട്ടപ്പെടുത്താൻ നമുക്കാവുന്നില്ല. കോവിഡ് മരണങ്ങളുടെ കാര്യം അതിലും പ്രയാസമാണ്. അതുകൊണ്ട് ഈ രണ്ട് സംഖ്യകളും നമുക്ക് മതിച്ചെടുക്കാനേ പറ്റൂ. ഈ ‘മതിപ്പി’ന് നാം ആശ്രയിക്കുന്നത് സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകളെ ആണ്. ആദ്യം തന്നെ നാം മരണസംഖ്യ മതിക്കാൻ ഒരു മോഡൽ  ഉണ്ടാക്കുന്നു. ഒരു മോഡൽ ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു സമവാക്യം ആണ്. മരണസംഖ്യ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് നമുക്കറിയാം. ഇവയിൽ പ്രായം, ലിംഗം, സാമൂഹ്യഘടകങ്ങൾ, സാമ്പത്തികഘടകങ്ങൾ, വരുമാനം, ജീവിതരീതികൾ, ജീവിക്കുന്ന സ്ഥലം, അവിടത്തെ ആരോഗ്യ സംവിധാനങ്ങൾ എന്നിവയൊക്കെ പ്രധാനമാകാം. ഇവയിൽ ഓരോന്നും മരണസംഖ്യയെ സ്വാധീനിക്കുന്നത് പല തരത്തിൽ ആകാം, അവയുടെ ഗണിതസംജ്ഞയും വ്യത്യസ്തമാകാം. ഉദാഹരണത്തിന് പ്രായം കൂടും തോ റും മരണസാധ്യത വർദ്ധിക്കുന്നു; എന്നാൽ വരുമാനം കൂടുംതോറും മരണം കുറയാനാണു സാധ്യത. ഇവയുടെ കൃത്യമായ രീതിയിലും വ്യത്യസ്തത ഉണ്ടാകാം.

ഇങ്ങിനെ പല ഘടകങ്ങൾ ഒരു കാര്യത്തെ സ്വാധീനിക്കുമ്പോൾ, ഘടകങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് നിർമ്മിക്കാവുന്ന മോഡലുകളുടെ എണ്ണവും വർദ്ധിക്കുന്നു. രണ്ടു ഘടകങ്ങൾ കൊണ്ട് മൂന്നു മോഡൽ ഉണ്ടാക്കാം; മൂന്നു ഘടകങ്ങൾ ആകുമ്പോഴേക്കും സാധ്യമായ മോഡലുകളുടെ എണ്ണം ഏഴാകും. അങ്ങിനെ ജ്യാമിതിക ശ്രേണിയിൽ ഉയർന്നുപോകുന്നു സാധ്യമായ മോഡലുകളുടെ എണ്ണം. ഇവയിൽ ഏതാണ് ഏറ്റവും യോജിച്ചത് എന്ന് കണ്ടുപിടിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ഇന്ത്യയെപ്പോലെ രണ്ട് സംഖ്യകളും- ശരിയായ മരണസംഖ്യയും ‘പ്രതീക്ഷിത’ മരണസംഖ്യയും അനുമാനിച്ച് എടുക്കേണ്ടി വരുമ്പോൾ ഇവ രണ്ടും മോഡലുകൾ ഉപയോഗിച്ചു ചെയ്യുക എന്നതു മാത്രമെ സാധ്യമാകൂ. അത് തന്നെയാണ് ലോകാരോഗ്യ സംഘടന ചെയ്തിരിക്കുന്നത്. തീർച്ചയായും മോഡലുകൾ ഉപയോഗിച്ചുള്ള അനുമാനത്തിനു തെറ്റു സംഭവിക്കാം. ഇങ്ങിനെ നിർമ്മിക്കുന്ന മതിപ്പുകണക്കിന് ചില അതിരുകൾ നിശ്ചയിക്കാറുണ്ട്: ഏറ്റവും താഴെയുള്ളതും ഏറ്റവും മുകളിലുള്ളതുമായ സംഖ്യകൾ. ശരിയായ മതിപ്പ് ഇവക്കിടയിലായിരിക്കാൻ 95 ശതമാനവും സാധ്യത ഉണ്ടായിരിക്കും എന്നു മാത്രമെ പറയാൻ പറ്റൂ. എന്നു മാത്രമല്ല, ഈ മതിപ്പിന്റെ വിശ്വാസ്യത, മോഡലിൽ ഉൾചേർന്നിരിക്കുന്ന മറ്റു കണക്കുകളെയും കൂടി ആശ്രയിച്ചിരിക്കും.

ഇന്ത്യയുടെ പ്രതിഷേധം

ഏതായാലും ഈ കണക്ക് തെറ്റാണെന്നും സർക്കാരിന്റെ ഔദ്യോഗിക മരണക്കണക്കുകളാണ് ശരി എന്നുമാണ് ഇന്ത്യ പറയുന്നത്. ലോകാരോഗ്യ സംഘടന ഈ പ്രതിഷേധം കണക്കിലെടുത്ത് വെബ്സൈറ്റിൽ ഈ മതിപ്പിന് ഇന്ത്യാ ഗവണ്മെനിന്റെ അംഗീകാരം ഇല്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം ഭാവിയിൽ ഈ കണക്കുകൾ പരിഷ്കരിക്കേണ്ടിവന്നാൽ അങ്ങിനെ ചെയ്യുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ അവർ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം, ഇന്ത്യാ ഗവണ്മെന്റ് ഈ ശ്രമവുമായി സഹകരിച്ചില്ല എന്നും കൃത്യമായുള്ള കണക്കുകൾ ഔദ്യോഗികമായി ലഭ്യമാക്കാത്തതിനാലാണ് അവർ മതിപ്പു കണക്കുകളിലേക്ക് പോയത് എന്നുമാണ്. പല പൊതു വെബ്സൈറ്റുകളിലും ലഭ്യമായ കണക്കുകളും, ചില സ്റ്റേറ്റ് ഗവണ്മെന്റുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളും മറ്റും ആശ്രയിച്ചാണ് ലോകാരോഗ്യസംഘടന ഇന്ത്യക്കുവേണ്ടി മോഡൽ നിർമ്മിച്ചത്. ഇന്ത്യ മാത്രമല്ല, മറ്റു പല രാജ്യങ്ങളുടെയും കണക്കുകൾ അവർ ഇങ്ങിനെ മോഡൽ ഉപയോഗിച്ച മതിച്ച് ഉണ്ടാക്കുകയായിരുന്നു. ‘ദി ഇക്കോണമിസ്റ്റി’ന്റെ മോഡലും, ലാൻസെറ്റിന്റെ കണക്കുകളും ഇതുപോലെ ഇന്ത്യയിലെ അധികമരണങ്ങളുടെ വ്യാപ്തി സൂചിപ്പിക്കുന്നുണ്ട് എന്നുള്ളതും നാം കാണണം, കാരണം സ്വതന്ത്രമായ മൂന്ന് സ്രോതസ്സുകളിൽനിന്ന് ഒരേ അഭിപ്രായം ഉയരുമ്പോൾ അത് പരിശോധിക്കേണ്ടതാണ്. ഇവയിൽ പക്ഷേ ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക പദവിയും, ഏറ്റവും വലിയ അധികമരണസംഖ്യ അവരുടെ മോഡലിൽ നിന്ന് വന്നതാണെന്നതും ആണെന്നു തോന്നുന്നു സർക്കാരിനെ ചൊടിപ്പിച്ചത്. രസകരമായ കാര്യം, ലോകാരോഗ്യ സംഘടനയുടെ ടീമിൽ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞന്മാരും ഉൾപ്പെട്ടിരുന്നു എന്നതാണ്. അവർ ഇതിനെതിരെ പ്രതിഷേധിച്ചോ എന്ന് വ്യക്തമല്ല. ഔദ്യോഗിക പ്രതിഷേധം നിതി ആയോഗിൻ്റെ ആരോഗ്യ വക്താവായ പ്രൊഫെസ്സർ വിനോദ് കുമാർ പോൾ ആണ് പ്രസ്താവിച്ചത്.

ശരിയായ മോഡൽ 

ഒരു മോഡലും ശരിയല്ല; പക്ഷെ ചിലവ ഉപയോഗപ്രദമാണ്’ (“All models are wrong, but some are useful”) എന്നത് ജോർജ് ബോക്സ് എന്ന സ്റ്റാറ്റിസ്റ്റീഷ്യന്റെ പ്രശസ്തമായ പ്രസ്താവനയാണ്. എല്ലാം തികഞ്ഞ മോഡൽ എന്നത് നിലവിൽ ഇല്ല. ഉള്ളവയിൽ ഏറ്റവും മെച്ചമായത് ഉപയോഗിക്കുക എന്നതു മാത്രമേ ചെയ്യാനാകൂ. ഇന്ത്യയുടെ ഔദ്യോഗിക കോവിഡ് മരണക്കണക്ക് 2020-2021 കാലഘട്ടത്തിൽ അഞ്ചുലക്ഷത്തോളമാണ്. ലോകാരോഗ്യസംഘടനയുടെ ‘അധികമരണ’ കണക്കുപ്രകാരം ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ അഞ്ചുദശലക്ഷത്തോളം മരണങ്ങൾ അധികമായി ഉണ്ടായി. ഇവ ബഹുഭൂരിപക്ഷവും കോവിഡ് മരണങ്ങൾ ആവാനാണ് സാധ്യത. അതായത് ഔദ്യോഗികകണക്കിന്റെ പത്തിരട്ടി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. അമേരിക്കയിൽ 2020-2021ഇൽ അവർ റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളുടെ ഒന്നര ഇരട്ടിയോളം മാത്രമാണ് അധികമരണങ്ങൾ. ചില രാജ്യങ്ങളിൽ ഇതിലും കുറവാണ്. നമ്മുടെ വിവരസമാഹരണത്തിന്റെ അപര്യാപ്തത കൂടിയാണ് ഇത് കാണിക്കുന്നത്. എങ്കിലും മോഡലിന്റെ അപര്യാപ്തതകൾ തീർത്തും അവഗണിച്ചുകൂടാ. മോഡൽ ഉപയോഗിച്ചുള്ള കണക്കിൽ അപ്രതീക്ഷിതമായി ജർമ്മനിയിൽ അധികമരണങ്ങൾ കൂടുതൽ കണ്ടതും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സാമാന്യം നന്നായി കോവിഡ് കൈകാര്യം ചെയ്ത രാജ്യമായാണ് ജർമനിയെ കണക്കാക്കുന്നത്. ഇതിന്റെയൊക്കെ വെളിച്ചത്തിൽ പുതിയ കണക്കുകൾ വരുമോ എന്നും അറിഞ്ഞുകൂട.

അധികമരണങ്ങൾ ഏറ്റവുമധികം നടന്ന ചില രാജ്യങ്ങളിൽ, ഒരു ലക്ഷത്തിന് എത്ര അധികമരണങ്ങൾ നടന്നു എന്നതാണ് ഗ്രാഫിൽ കാണിച്ചിരിക്കുന്നത്. ഇതനുസരിച്ച് റഷ്യയാണ് മുൻപിൽ: മുന്നൂറിലധികം അധികമരണങ്ങൾ ഓരോ ലക്ഷം പേർക്കും അവിടെ സംഭവിച്ചു. ഇന്ത്യയെക്കാൾ മുന്നിൽ വേറെയും രാജ്യങ്ങളുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷത്തിന് 180ഓളം അധികമരണങ്ങൾ സംഭവിച്ചു എന്നാണ് കണക്ക്. നമ്മുടെ അസംസ്കൃത മരണനിരക്ക് ഏകദേശം ആയിരത്തിന് ഏഴാണല്ലോ. ഈ അനുമാനം അനുസരിച്ച് 2020-21 ഇൽ ആയിരത്തിനു രണ്ടുപേരോളം അധികമായി മരണപ്പെട്ടിട്ടുണ്ട്. അതായത് മുൻപത്തേതിലും 25 ശതമാനം കൂടുതൽ പേർ.



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുട്ടികളിലെ അസാധാരണ കരൾവീക്കം: കാര്യങ്ങൾ, കാരണങ്ങൾ ഇതുവരെ
Next post ആകാശഗംഗയിലെ ഭീമൻ തമോദ്വാരത്തിന്റെ ചിത്രമെടുത്തതെങ്ങനെ? – LUCA TALK
Close