Read Time:15 Minute

കാർഷിക ശാസ്ത്രജ്ഞൻ പ്രൊഫ. എം.എസ്.സ്വാമിനാഥൻ International Rice Research Institute (IRRI) യിലേക്ക് ജീൻ കടത്താൻ സഹായിച്ചു എന്ന രീതിയിൽ അദ്ദേഹത്തിന്റെ മരണശേഷവും സാമൂഹ്യമാധ്യമങ്ങളിൽ പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് വസ്തുത ? അന്താരാഷ്ട്ര തലത്തിലും രാജ്യങ്ങൾ പ്രത്യേകമായും കാർഷിക ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെടുന്നത് എങ്ങിനെയെന്ന് നോക്കാം.

ക്ലോഡ് അൽവാറസിന്റെ ആരോപണം

ക്ലോഡ് അൽവാറസിന്റെ 1986-ൽ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യയിലെ “ദി ഗ്രേറ്റ് ജീൻ റോബറി” എന്ന ലേഖനത്തിലാണ് ഇത്തരം കഥയറിയാത്ത ആരോപണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. 1982-ൽ മനിലയിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (IRRI) ഡയറക്ടറായി സ്വാമിനാഥൻ ചുമതലയേറ്റപ്പോൾ ഇന്ത്യയിൽ നിന്നുള്ള നാടൻ നെല്ലുകൾ മോഷ്ടിച്ച് (റിച്ചാറിയ “സംഭരിച്ചു” വെച്ചത്!) IRRI ക്കു വിറ്റു എന്നായിരുന്നു ആരോപണം. അങ്ങനെ, ഇന്ത്യയ്ക്ക് ഈ ശേഖരം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവത്രെ! എം.എസ്. സ്വാമിനാഥൻ IRRI യിൽ ചേർന്നതുപോലും തെറ്റാണ് എന്നു പറഞ്ഞയാളാണ് ഈ അൽവാറസ്. ധാരാളം എഴുത്തുകളും ചർച്ചകളും നടന്ന സംഭവമാണിത്. എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്നതിനെക്കുറിച്ച് എം.എസ്. സ്വാമിനാഥൻ തന്നെ “ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി” യിൽ എഴുതിയിട്ടുള്ളതും വീക്ക്‌ലി അംഗീകരിച്ചതുമാണ്.

ക്ലോഡ് അൽവാറസിന്റെ അരോപണത്തിന് എം.എസ്. സ്വാമിനാഥന്റെ മറുപടി “ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി” പ്രസിദ്ധീകരിച്ചത്

അന്താരാഷ്ട്ര തലത്തിലും രാജ്യങ്ങൾ പ്രത്യേകമായും കാർഷിക ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെടുന്നത് എങ്ങിനെയെന്ന് നോക്കാം.

1900ന് ശേഷം കാർഷിക ജൈവവൈവിദ്ധ്യം നഷ്ടപ്പെടുന്ന പ്രവണത ഏറിയിട്ടുണ്ട് എന്നതു വസ്തുതയാണ്. ഭൂവിനിയോഗം (നഗരവല്കരണം, വനനശീകരണം, വ്യവസായിക ശാലകൾ മുതലായവ), കൃഷി രീതിയിലുള്ള മാറ്റം (ഏകവിള കൃഷി, നാണ്യവിളകൾക്ക് നല്കു്ന്ന അമിത പ്രാധാന്യം), അപ്രധാന വിളകളെ ഉപേക്ഷിക്കല്‍ എന്നിവ മൂലം കാർഷിക ജൈവവൈവിധ്യത്തിനു വലിയ നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുമായാണ്. ഈ പ്രവണത കാർഷികജൈവവൈവിധ്യം മാത്രമല്ല, കൃഷിസ്ഥലങ്ങളിൽ നിന്നും, വനങ്ങളില്‍ നിന്നുമുള്ള മറ്റ് തരത്തിലുള്ള ജൈവവൈവിധ്യ ശോഷണത്തിനും ഇടവരുത്തിയിട്ടുണ്ട്. അങ്ങിനെയാണ് അന്താരാഷ്ട്ര തലത്തിൽ ജനതിക ശേഖരം സംരക്ഷിക്കുന്നതിനു പ്രത്യേക സംവിധാനങ്ങൾ ഒരുക്കുന്നത്.

വിവിധ രാജ്യങ്ങളിലെ 1750-ലധികം വ്യക്തിഗത ജീൻ ബാങ്കുകളിലൂടെ നിലവിൽ ആഗോളതലത്തിൽ ഏകദേശം 74 ലക്ഷം ആക്‌സഷനുകൾ പരിപാലിക്കപ്പെടുന്നുവെന്ന് കണക്കാക്കപ്പെടുന്നു (ആക്‌സഷൻ എന്നത് വിത്ത് വസ്തുക്കളുടെ ഒരു പ്രത്യേക സാമ്പിളാണ്).

ഇത് കൂടാതെ “കൺസൾട്ടേറ്റീവ് ഗ്രൂപ്പ് ഓൺ ഇന്റർനാഷണൽ അഗ്രികൾച്ചറൽ റിസർച്ച്” (CGIAR) അതിന്റെ ആഗോള ഗവേഷണ കേന്ദ്രങ്ങളിലൂടെ വിള വൈവിധ്യം സംരക്ഷിക്കുന്നതിനായി 11 ജീൻബാങ്കുകൾ പരിപാലിക്കുന്നു (ഈ CGIAR ഇന്ത്യക്ക് കൂടി പങ്കാളിത്തമുള്ള അന്താരാഷ്ട്ര ഗവേഷണ സംവിധാനമാണ്. ലോകത്ത് ആകെയുള്ള 14 ൽ ഒരെണ്ണം ഇന്ത്യയിലുമുണ്ട്, ഹൈദരാബാദിലെ ICRISAT. ഫിലിപ്പൈൻസിലെ IRRI യും CGIAR ന്റെ കീഴിലുള്ളതാണ്).

ഹൈദരാബാദിലെ ICRISAT.

CGIAR-ന്റെ ക്രോപ്പ് ജീൻബാങ്കുകൾ “CGIAR ജീൻബാങ്ക് പ്ലാറ്റ്‌ഫോമാണ്” ഏകോപിപ്പിക്കുന്നത്, ഇത്, CGIAR ഉം ഗ്ലോബൽ ക്രോപ്പ് ഡൈവേഴ്‌സിറ്റി ട്രസ്റ്റും (ക്രോപ്പ് ട്രസ്റ്റ്) തമ്മിലുള്ള പങ്കാളിത്തമാണ്. ഈ ശൃംഖല മനുഷ്യന്റെ ഭക്ഷണക്രമത്തിന് സംഭാവന ചെയ്യുന്ന 7,70,000-ലധികം വിള ശേഖരങ്ങളെ സംരക്ഷിക്കുകയും ലഭ്യമാക്കുകയും ചെയ്യുന്നു. CGIAR ന്റെ കീഴിലുള്ള IRRI യിൽ ലോകമെമ്പാടുമുള്ള നെല്ലിനങ്ങൾ സംഭരിച്ചു സൂക്ഷിക്കുന്നുണ്ട്.

ഇതേവരെ ശേഖരിച്ച 1,27,916 നെല്ലിനങ്ങളും 4647 വന്യഇനങ്ങളും അവിടെ പരിപാലിച്ചു വരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള വിത്തുകളും ഉൾപ്പെടുന്നു. വിത്തിന്റെ പകർപ്പുകൾ മാത്രമാണ് കൈമാറ്റത്തിലൂടെ നല്കുന്നത് എന്നു ഓർക്കുക.

ഇങ്ങിനെ സൂക്ഷിയ്ക്കുന്ന ഇനങ്ങൾ അന്യം നിന്ന് പോകാതെ സംരക്ഷിക്കുമെന്ന് മാത്രമല്ല ഗവേഷകർക്ക് ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യയിലുള്ള നെല്ല് ഗവേഷണ കേന്ദ്രങ്ങളില് ചെന്നാലും ഇത്തരം ഇനങ്ങൾ കാണാം. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉമയിലും ജ്യോതിയിലും IRRI യിൽ നിന്നുള്ള ജീനുകൾ ഉപയോഗിച്ചിട്ടുണ്ട്.

മേൽപ്പറഞ്ഞ സംവിധാനങ്ങൾക്ക് പുറമെ മറ്റൊരു അന്താരഷ്ട്ര സംരംഭവും തുടങ്ങിയിട്ടുണ്ട്. നോർവീജിയൻ ദ്വീപായ സ്പിറ്റ്‌സ്‌ബെർഗനിലെ “സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ട്” നല്കുന്നത് ലോകത്തിലെ വിള വൈവിധ്യത്തിന് സുരക്ഷിതമായ ബാക്കപ്പ് സൗകര്യമാണ്. ലോകമെമ്പാടുമുള്ള ജീൻബാങ്കുകളിൽ സംരക്ഷിച്ചിരിക്കുന്ന വിത്തുകളുടെ തനിപ്പകർപ്പുകളുടെ ദീർഘകാല സംഭരണം ഈ സീഡ് വോൾട്ട് നൽകുന്നു. ഇവിടെ 45 ലക്ഷം വിത്ത് സാമ്പിളുകൾ സംഭരിക്കാൻ സൗകര്യമുണ്ട്. നിലവിൽ ഈ വിത്ത് നിലവറ 12,14,827 വ്യത്യസ്ത വിളകളുടെ സാമ്പിളുകൾ സംരക്ഷിക്കുന്നു. ഭാരതവും ഇവിടെ വിത്ത് സാമ്പിളുകൾ സൂക്ഷിക്കുന്നുണ്ട്.

ഇന്ത്യയിൽ കാർഷിക വിളകൾ, കന്നുകാലികൾ, ഉപകാരികളായ കീടങ്ങൾ, സൂക്ഷ്മാണുക്കൾ, മൽസ്യങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനു ഇന്ത്യൻ കാർഷിക ഗവേഷണ കൌൺസിലിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. ഭാരതത്തിൽ കാർഷിക സസ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണത്തിനു മാത്രമായി ഒരു കേന്ദ്രമുണ്ട് (National Bureau of Plant Genetic Resources (NBPGR), New Delhi). ഇതിന് കേരളത്തിൽ ഒരു ഉപകേന്ദ്രവുമുണ്ട്, തൃശൂർ കാർഷിക സർവകലാശാലയുടെ അടുത്ത് തന്നെയാണ് ഇത്. നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് 4.5 ലക്ഷത്തിൽപ്പരം വിത്തിനങ്ങൾ സൂക്ഷിക്കുന്നു.

National Bureau of Plant Genetic Resources (NBPGR), New Delhi

കന്നുകാലികൾ, കോഴി, താറാവ് പോലുള്ളവയുടെ ഇനങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഹരിയാനയിലെ കർണാൽ എന്ന സ്ഥലത്താണ് (National Bureau of Animal Genetic Resources, NBAGR). മൽസ്യ സമ്പത്ത് ലക്നോവിലെ National Bureau of Fish Genetic Resources (NBFGR), Lucknow:) എന്ന സ്ഥാപനമാണ് സൂക്ഷിക്കുന്നത്. അത് പോലെ തന്നെ, കാർഷിക പ്രാധാന്യമുള്ള സൂക്ഷ്മജീവികൾ (National Bureau of Agriculturally Important Micro-organisms, NBAIM, Mau, UP), കാർഷിക പ്രാധാന്യമുള്ള പ്രാണികൾ (National Bureau of Agricultural Insect Resources, NBAIR, Benglaru) എന്നിവയ്ക്കും പ്രത്യേകം കേന്ദ്രങ്ങളുണ്ട്.

ലോക സീഡ് വോൾട്ട് മാതൃകയിൽ ഇന്ത്യയും ഒരു സുരക്ഷിത ജിൻ ബാങ്ക് തുടങ്ങിയിട്ടുണ്ട്, ലഡാക്കിലെ “ഇന്ത്യൻ സീഡ് വോൾട്ട്”. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ചും നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജെനറ്റിക് റിസോഴ്‌സും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇത്. ഈ വിത്ത് ബാങ്ക് ലോകത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണ്.

മേൽപറഞ്ഞത് കൂടാതെ സർക്കാർ ഉടമസ്ഥതയിലുള്ള വിളകേന്ദ്രീകൃതവും കന്നുകാലികേന്ദ്രീകൃതവുമായ മിക്ക പ്രാദേശിക ഗവേഷണകേന്ദ്രങ്ങളും ജേംപ്ലാസം ശേഖരങ്ങൾ സംരക്ഷിച്ചുവരുന്നു. ചുരുക്കത്തിൽ ഒരു കാരണവശാലും കാർഷിക ജൈവവൈവിധ്യത്തിന് ശോഷണം സംഭവയിക്കരുത് എന്നതു ഉറപ്പാക്കുന്നു. ഒരിടത്ത് പോയാൽ മറ്റൊരിടത്ത് ഉണ്ടാകണം!


നഷ്ടപ്പെടുന്ന ഓരോ  ജീനുകളും ഭാവിയിലേക്കുള്ള നമ്മുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു”

ഐസിഎആർ ഡയറക്ടർ ജനറലായും കൃഷി സെക്രട്ടറിയായും വർഷങ്ങളോളം സ്തുത്യർഹ സേവനമനുഷ്ഠിച്ച സ്വാമിനാഥൻ 1982-ൽ മനിലയിലെ ഐആർആർഐയുടെ ഡയറക്ടർ ജനറലായി ചുമതല ഏറ്റു. തുടർന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോകത്തിലെ 1,50,000 നെല്ലിനങ്ങളിൽ  നിന്ന് 1,32,000 ലധികം ആക്സഷനുകൾ ശേഖരിച്ച് ഐആർആർഐ-യുടെ അന്താരാഷ്ട്ര റൈസ് ജെംപ്ലാസം സെൻറ്ററിൽ സംഭരിച്ചു. ഈ പദ്ധതിയുടെ പേരിൽ “ജീൻ മോഷണം”(gene robbery) ഉൾപ്പെടെയുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ “നഷ്ടപ്പെടുന്ന ഓരോ  ജീനുകളും ഭാവിയിലേക്കുള്ള നമ്മുടെ സാധ്യതകളെ പരിമിതപ്പെടുത്തുന്നു” (the loss of every gene limits our options for the future) എന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തവും അചഞ്ചലവുമായിരുന്നു. ഒരു അരിയിനവും ആരും എവിടെയും “മോഷ്ടി”ച്ചിരുന്നില്ല; ഐആർആർഐയുടെ ജീൻ ബാങ്കുകളിൽ യഥാർത്ഥ വിത്തുകളുടെ തനിപ്പകർപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തര യുദ്ധം കംബോഡിയയിലെ നിരവധി പരമ്പരാഗത നെല്ലിനങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കിയപ്പോൾ, അവ വീണ്ടെടുത്ത് ഉപയോഗിക്കാൻ കമ്പോഡിയൻ കർഷകർക്ക് ഈ ജീൻ ബാങ്കിനെ ആശ്രയിക്കാൻ കഴിഞ്ഞു. ഈ ജീൻ ബാങ്ക് എന്നൊന്നുണ്ടായിരുന്നില്ല എങ്കിൽ, അത്തരം ഇനങ്ങൾക്ക് എന്നെന്നേക്കുമായി വംശനാശം തന്നെ സംഭവിച്ചേനെ. വിയറ്റ്നാമിൽ അമേരിക്ക നടത്തിയ രാസവർഷത്തിനൊടുവിൽ അവിടുത്തെ നെൽപ്പാടങ്ങളിലെയും ഒട്ടുമിക്ക തദ്ദേശീയ ഇനങ്ങൾ എന്നന്നേക്കുമായി നഷ്ടമായിരുന്നു. അപ്പോഴും യുദ്ധത്തിനുശേഷം ഈ ജീൻ ബാങ്കുകളിൽ നിന്ന് പഴയ വിത്തുകളുടെ പകർപ്പ് എടുത്ത് കൃഷി പുനരാരംഭിക്കാൻ വിയറ്റ്നാമിലെ കർഷകർക്ക് കഴിഞ്ഞു.


ഇന്ത്യൻ കാർഷികരംഗം – ചരിത്രവും വർത്തമാനവും – അവതരണം കാണാം


അധിക വായനയ്ക്ക്

rice grain

ലൂക്ക കാറ്റഗറി

കൃഷിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എം.എസ്. സ്വാമിനാഥൻ- ഇന്ത്യയെ ഇരട്ടി വേഗത്തിൽ കുതിക്കാൻ സഹായിച്ച മനുഷ്യൻ 
Next post ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക
Close