Read Time:44 Minute

“രസതന്ത്രത്തിന്റെ പരീക്ഷണശാലയിൽ നിന്ന് നമുക്ക് കൃഷിയെ പുറത്തെത്തിക്കണം; അതിനെ പ്രകൃതിയുടെ പരീക്ഷണശാലയുമായി ബന്ധിപ്പിക്കണം”: 2021 ഡിസംബർ 16ന് പ്രകൃതി കൃഷിയെ സംബന്ധിച്ച ഒരു ദേശീയ സമ്മേളനത്തിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങനെയാണ്. “രാസവളങ്ങളിൽ നിന്നും കീടനാശിനികളിൽ നിന്നും ഭാരതാംബയുടെ ഈ നാടിനെ സ്വതന്ത്രമാക്കുമെന്ന് നാം ഓരോരുത്തരും പ്രതിജ്ഞയെടുക്കണം” എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2022-23 ലേക്കുള്ള ബജറ്റ് പ്രസംഗത്തിൽ രാസപദാർത്ഥമുക്തമായ പ്രകൃതി കൃഷി സംബന്ധിച്ച ഒരു പുതിയ പദ്ധതി തന്നെ പ്രഖ്യാപിച്ച ധനമന്ത്രി നിർമല സീതാരാമൻ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് നീങ്ങുന്നത് എന്ന സൂചനയും നൽകി. ഈ പദ്ധതിയെ ആർ.എസ്.എസ് പൂർണ്ണമായും പിന്തുണച്ചിട്ടുമുണ്ട്.

man wearing blue hat spraying yellow flowers on field
Photo by Quang Nguyen Vinh on Pexels.com

പക്ഷേ പ്രശ്നം ഇവിടെയാണ്. കാർഷിക ശാസ്ത്രജ്ഞർക്കിടയിൽ പ്രകൃതി കൃഷിക്ക് ഒട്ടും തന്നെ സ്വീകാര്യതയില്ല. 2019ൽ ഇന്ത്യയിലെ കാർഷിക ശാസ്ത്രജ്ഞരുടെ ദേശീയ അക്കാദമി (National Academy of Agricultural Sciences) പ്രകൃതി കൃഷിയെ സംബന്ധിച്ച ശാസ്ത്രീയ നയം വ്യക്തമാക്കുന്ന ഒരു നീണ്ട പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. “ഒരു ഉൽപാദന സാങ്കേതികവിദ്യ എന്ന നിലയിൽ പ്രകൃതി കൃഷിക്ക് സ്വീകാര്യതയോ പ്രാമാണികതയോ ഇല്ല” എന്നാണ് അവർ കൃത്യമായി വ്യക്തമാക്കിയത്. മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഉടൻ പ്രസിദ്ധീകരിക്കാനിരിക്കുന്ന മറ്റൊരു റിപ്പോർട്ടിലും ഇതേ വിഷയം ആവർത്തിച്ച് പറയുന്നുണ്ട് എന്നുള്ളതാണ്.

നരേന്ദ്രമോദി സർക്കാരിന് ശാസ്ത്രത്തോടുള്ള അവഗണനയും പുച്ഛവും സുവിദിതമാണല്ലോ. കഴിഞ്ഞ കാലങ്ങളിൽ അവർ നടത്തിയിട്ടുള്ള പല വ്യാജ-കപട ശാസ്ത്ര പ്രസ്താവനകളും അർഹമായ വിധം തന്നെ ലോകവേദികളിൽ അധിക്ഷേപങ്ങൾ നേരിട്ടതുമാണ്. എന്നാൽ പ്രകൃതി കൃഷിയെ സംബന്ധിച്ച പ്രഖ്യാപനത്തോട് അല്പം സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. പ്രതികരണങ്ങളിലെ ഈ സമ്മിശ്രണം രണ്ട് കാരണങ്ങൾ മൂലമുണ്ടായിട്ടുള്ളതാണ്.

ഒന്നാമതായി, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തെക്കുറിച്ച് ലോകം ഇന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. 2070ഓടു കൂടി ഇന്ത്യ ഒരു കാർബൺ വിസർജ്ജന-രഹിത രാജ്യമാവും എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷിയിൽ രാസപദാർത്ഥങ്ങളുടെ ഉപയോഗത്തിൽ കുറവ് വരുത്തുന്നത് ഈ ലക്ഷ്യം നേടാൻ നമ്മെ സഹായിക്കും എന്നതിനാൽ പൊതുജനങ്ങളിൽ ഒരു വിഭാഗം ഈ പ്രകൃതി കൃഷി നയം സ്വാഗതാർഹമാണെന്ന് വിശ്വസിക്കുന്നുണ്ട്. രണ്ടാമതായി, ശാസ്ത്രത്തോടുള്ള പൊതുജനങ്ങളുടെ സമീപനം സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തുന്നത് കീമോഫോബിയ (അതായത് രാസവസ്തുക്കളെ കുറിച്ചുള്ള യുക്തിരഹിതമായ ഭയം) ശ്രദ്ധേയമായ ഒരു ആഗോള പ്രശ്നമാണ് എന്നതാണ്.

ശാസ്ത്രത്തെ സംബന്ധിച്ച പൊതുധാരണയുടെ അഭാവത്തിൽ നിന്നും മാധ്യമങ്ങളിൽ വരുന്ന ഭയാനകമായ സന്ദേശങ്ങളിൽ നിന്നുമൊക്കെ ഉണ്ടാകുന്ന രാസപ്രയോഗത്തിന്റെ അപകടസാധ്യതകൾ കൃത്യമായി കണക്കുകൂട്ടുന്നതിനുള്ള ജനങ്ങളുടെ കഴിവില്ലായ്മയിൽ നിന്ന് ഉരുത്തിരിയുന്നതാണ് കീമോഫോബിയ. രാസവസ്തുക്കൾ നമ്മുടെ ചുറ്റുപാടുകളെ, പ്രത്യേകിച്ച് നാം ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളെ, മലിനപ്പെടുത്തുമെന്ന് പൊതുവായ ഒരു ഭയം നിലവിലുണ്ട്.

ദൗർഭാഗ്യവശാൽ, കൃഷിയിൽ രാസവസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച സമകാലിക സംവാദങ്ങൾ അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ടതാണ്. പങ്കെടുക്കുന്നവർ അങ്ങേയറ്റം തീവ്ര നിലപാടുകൾ സ്വീകരിക്കുന്നു. ഉദാഹരണത്തിന്, രാസവസ്തുമുക്തമായ കൃഷി അഭിലഷണീയമാണെന്ന് ഒരാൾ വാദിക്കുന്നെങ്കിൽ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ ഏജന്റായി അയാൾ ഉടൻ മുദ്രകുത്തപ്പെടും. കാർഷിക രസതന്ത്രത്തിൽ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്ത് രൂപം കൊണ്ടിട്ടുള്ള ശാസ്ത്രീയ-യുക്തി ചിന്തകളെ തീർത്തും അവഗണിക്കുന്നതാണ് ഇത്തരത്തിലുള്ള ധ്രുവീകരണ പ്രവണതകൾ. സുസ്ഥിരതയെ സംബന്ധിച്ച ഉത്കണ്ഠകളൊന്നും ആധുനികശാസ്ത്രം പരിഗണിക്കുന്നില്ല എന്ന അസംബന്ധ കാഴ്ചപ്പാടിനെ അത് ബലപ്പെടുത്തുകയും ചെയ്യുന്നു.

കൃഷിയും രാസവസ്തുക്കളും – ചരിത്രം

1850കൾ വരെയുള്ള ഏകദേശം 10,000 വർഷത്തോളം കാലം ലോകം പിന്തുടർന്നത് പ്രകൃതി കൃഷി തന്നെയാണ്. എന്നാൽ വിളകളിൽ നിന്നുള്ള ഉത്പാദനക്ഷമതയും വരുമാനവും തീരെ കുറവായിരുന്നു. വളരുകയായിരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റുന്നതിനും പ്രകൃതി കൃഷിയിലെ കുറഞ്ഞ ഉൽപാദനക്ഷമത മൂലം സാധിച്ചിരുന്നില്ല. ഇതുമൂലം കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് സമൂഹങ്ങൾ നിർബന്ധിതമായി. വൻതോതിലുള്ള വനനശീകരണത്തിലൂടെയാണ് ഇങ്ങനെ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ സാധിച്ചത്. 1850കൾക്ക് ശേഷം അറിവിന്റെയും ശാസ്ത്രത്തിന്റെയും പുതിയ ചക്രവാളങ്ങൾ ഒരുപിടി പുതിയ കണ്ടുപിടിത്തങ്ങളിലേക്കുള്ള വഴികൾ തുറന്നതോടെ ഈ സാഹചര്യത്തിൽ മാറ്റം വന്നു. നിരവധി ജൈവ ഉത്പന്നങ്ങളും (അതായത് കാലിവളങ്ങളും ജൈവ കേക്കുകളും പോലുള്ളവ) അജൈവ സ്രോതസ്സുകളും (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പോലുള്ളവ) കണ്ടെത്തുകയുണ്ടായി.

1838ൽ ഇംഗ്ലണ്ടിലെ റൊത്താംസ്റ്റഡ് എക്സ്പിരിമെന്റ് സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടു. അവിടെ രാസവസ്തുക്കളുടെയും രാസേതര വസ്തുക്കളുടെയും വ്യത്യസ്തങ്ങളായ ചേരുവകൾ ഒരേ സ്ഥലത്ത്, വിവിധ പ്ലോട്ടുകളിൽ, ദീർഘകാലം പ്രയോഗിച്ച്‌ നിരീക്ഷിക്കുന്ന പരീക്ഷണങ്ങൾ ആരംഭിച്ചു. പ്രാഥമിക ഫലങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു. കാലിവളങ്ങൾ മാത്രം നൽകപ്പെട്ട പ്ലോട്ടുകളിൽ നിന്ന് ലഭിച്ചതിനേക്കാൾ ഏക്കർ ഒന്നിന് 4 റാത്തൽ (CWT) അധികം ഉത്പാദനം കാലിവളങ്ങളും നൈട്രജനും കൂട്ടിച്ചേർത്ത് നൽകപ്പെട്ട ഭൂമിയിൽ നിന്ന് ലഭിച്ചു. മാത്രമല്ല, ആവശ്യമായി വരുന്ന രാസവളങ്ങളുടെ അളവ് ശ്രദ്ധേയമായ വിധം കുറഞ്ഞ അളവിൽ മാത്രം മതി എന്ന സ്ഥിതിയും നിലവിൽ വന്നു. ഉദാഹരണത്തിന് 35 ടൺ കാലിവളം പ്രയോഗിക്കുന്ന സ്ഥലത്ത് അതിന് പകരമായി, അതേ ഉത്പാദനക്ഷമത നിലനിർത്താൻ, വെറും 144 കിലോഗ്രാം നൈട്രജൻ വളം പ്രയോഗിച്ചാൽ മതിയാകും എന്ന് വന്നു.

റൊത്താംസ്റ്റഡ് സ്റ്റേഷൻ പരീക്ഷണ പ്ലോട്ടുകൾ

1970കളിൽ പോലും, അതായത് റൊത്താംസ്റ്റഡ് സ്റ്റേഷൻ ആരംഭിച്ച് നൂറിലേറെ വർഷത്തെ പരീക്ഷണങ്ങൾ പൂർത്തീകരിച്ചപ്പോഴും, ഈ പരീക്ഷണങ്ങൾ (ബ്രോഡ്ബാൾക് പരീക്ഷണങ്ങൾ എന്നും അവയെ വിളിക്കാറുണ്ട്) വെളിപ്പെടുത്തിയത് ഹെക്ടർ ഒന്നിന് 35 ടൺ കാലിവളം പ്രയോഗിച്ച പ്ലോട്ടുകളിൽ നിന്ന് ലഭിച്ചതിന്റെ അതേ ഉത്പാദനക്ഷമത കുറഞ്ഞ അളവിൽ മാത്രം രാസവള പ്രയോഗം നടത്തിയ പ്ലോട്ടിൽ നിന്ന് ലഭിക്കും എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ, കുറച്ചു കിലോഗ്രാം മാത്രം രാസവളം പ്രയോഗിക്കുന്നത് ഭീമമായ അളവിൽ കാലിവളം പ്രയോഗിക്കുന്ന അത്ര തന്നെ ഉത്പാദനക്ഷമത ഇപ്പോഴും നൽകുന്നുണ്ട്. ഇതിനു പുറമേ, കൂടുതൽ അളവിൽ നൈട്രജൻ പ്രയോഗിക്കുന്നതോടെ വിളകളുടെ ഉത്പാദനക്ഷമത പെട്ടെന്ന് തന്നെ വർദ്ധിക്കുകയും ചെയ്തു.

“ബ്രോഡ്ബാൾക്ക് പരീക്ഷണം വ്യക്തമാക്കുന്നത് മിനറലുകളിൽ നിന്നുള്ള രാസവളങ്ങളും ജൈവവളങ്ങളും ഒരേപോലെ വിള ഉൽപാദനത്തിൽ പ്രയോജനപ്രദമാണ് എന്നാണ്. ഗോതമ്പിൽ കാലിവളത്തോടൊപ്പം മിനറൽ രാസവളം കൂട്ടിച്ചേർത്തു പ്രയോഗിക്കുന്ന പാടങ്ങളിൽ നിന്നും മിനറൽ രാസവളം മാത്രമായി പ്രയോഗിക്കുന്ന പാടങ്ങളിൽ നിന്നുമുള്ള ഉത്പാദനക്ഷമത ഒരേ പോലെ തന്നെയാണ്. എന്നാൽ ബ്രോഡ്ബാക്കിൽ പ്രയോഗിക്കുന്ന വാർഷിക കാലിവള ഇൻപുട്ടുകൾ കാലിവളത്തിന്റെ ലഭ്യത പരിമിതമായതുമൂലം ഇപ്പോഴത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിൽ പ്രയോഗിക്കാൻ കഴിയുന്നതിനേക്കാൾ വളരെ അധികമായിരിക്കും”.

2021ൽ നൽകിയ ഒരു അഭിമുഖത്തിൽ റൊത്താംസ്റ്റഡ് സ്റ്റേഷന്റെ മാനേജർ ആൻഡി മാക്ഡൊണാൾഡ് പറഞ്ഞത്:

രണ്ടു കാര്യങ്ങൾ ഇവിടെ നിന്ന് വായിച്ചെടുക്കാം. ഒന്നാമത്, മണ്ണ് നൈട്രജന്റെയും മറ്റ് മിനറലുകളുടെയും അക്ഷയഖനിയൊന്നുമല്ല. രാസവസ്തുക്കളുടെ ബാഹ്യമായ പ്രയോഗം (അതായത് കാലിവളങ്ങളും അജൈവവളങ്ങളും കൂട്ടിച്ചേർത്ത് പ്രയോഗിക്കുന്നത്) വിളകൾ പോഷകഘടകങ്ങളുടെ ആഗിരണം പൂർത്തിയാക്കി കഴിയുമ്പോൾ ആ പോഷകങ്ങൾ വീണ്ടും മണ്ണിലേക്ക് മടക്കി നൽകുന്നതിന് ആവശ്യമാണ്. അജൈവവളങ്ങളുടെ ഉപയോഗത്തോട് കൂടി ഉത്പാദനക്ഷമത വർദ്ധിക്കുകയും വനനശീകരണം കുറയുകയും ചെയ്യും. തന്മൂലം ഹരിതഗൃഹവാതക വിസർജ്ജനം രൂക്ഷമാകുന്നതിൽ നിന്ന് ലോകത്തെ രക്ഷിക്കാനാകും. രണ്ടാമതായി, ജൈവകൃഷിയോ പ്രകൃതി കൃഷിയോ ഉൾപ്പെടെയുള്ള എല്ലാ തരം കൃഷിരീതികളും രാസപദാർത്ഥ പ്രയോഗം ഉൾക്കൊള്ളുന്നവ തന്നെയാണ്. മണ്ണിൽ കാലി/ജൈവ വളം പ്രയോഗിക്കുന്നത് മണ്ണിലെ ജൈവഘടന മെച്ചപ്പെടുത്താൻ മാത്രമല്ല വിളകൾക്ക് നൈട്രജൻ മെച്ചപ്പെട്ട രീതിയിൽ ലഭ്യമാക്കാൻ വേണ്ടി കൂടിയാണ്. കാലി/ജൈവ വളത്തിൽ നിന്ന് ലഭിക്കുന്ന നൈട്രജൻ എന്ന് വെച്ചാൽ യൂറിയയിൽ നിന്ന് ലഭിക്കുന്ന നൈട്രജനിൽ നിന്നും രാസഘടനയിൽ വ്യത്യസ്തമായതല്ല. ഇത് പോലെ തന്നെയാണ് റോക്ക് ഫോസ്ഫേറ്റിൽ നിന്നുള്ള ഫോസ്ഫറസിന്റെ കാര്യവും. ലോകമെമ്പാടും ഇന്ന് ജൈവകൃഷിയിൽ റോക്ക് ഫോസ്ഫേറ്റ് ഉപയോഗം അനുവദനീയമാണ്.

“ജൈവസ്രോതസ്സുകളിലൂടെയോ അജൈവസ്രോതസ്സുകളിലൂടെയോ ലഭ്യമാകുന്ന പോഷക ഘടകങ്ങളെ സസ്യങ്ങൾക്ക് വേർതിരിച്ചറിയാൻ കഴിയില്ല. വിളകളിൽ നിന്ന് നിശ്ചിത ഉൽപാദനം ലഭിക്കുന്നതിന് ആവശ്യമായ സസ്യ പോഷകങ്ങൾ ജൈവവളങ്ങളിൽ കൂടിയാണോ അജൈവ രാസവളങ്ങളിലൂടെയാണോ അതോ ഇത് രണ്ടും വിവേകപൂർവ്വം കൂട്ടിച്ചേർത്തു കൊണ്ടാണോ ലഭ്യമാക്കേണ്ടത് എന്ന കാര്യം അടിസ്ഥാനപരമായി ഒരു വിന്യാസ പ്രശ്നം (ലോജിസ്റ്റിക്കൽ പ്രശ്നം) മാത്രമാണ്”.

ലോക ഭക്ഷ്യ സമ്മാന ജേതാവും പ്രശസ്ത സോയിൽ കെമിസ്റ്റുമായ ഡോക്ടർ രത്തൻലാൽ

പ്രകൃതി കൃഷിയെ പോലെയുള്ള ബദലുകൾ, പ്രത്യേകിച്ച് സുഭാഷ് പലേക്കർ ആദ്യമായി അവതരിപ്പിച്ചതും ഇപ്പോൾ നരേന്ദ്രമോദി സർക്കാർ നെഞ്ചേറ്റുന്നതുമായ സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് (ZBNF), തീർത്തും അവഗണിക്കുന്നതും തള്ളിക്കളയുന്നതും ഈ അടിസ്ഥാന ശാസ്ത്രതത്വങ്ങൾ തന്നെയാണ്.

സുഭാഷ് പലേക്കർ

എന്താണ് പലേക്കറുടെ പ്രകൃതി കൃഷി ?

പലേക്കറുടെ അഭിപ്രായത്തിൽ കാർഷിക സർവകലാശാലകൾ സൃഷ്ടിക്കുന്ന എല്ലാ അറിവുകളും വ്യാജമാണ്. അദ്ദേഹം കാർഷിക രസതന്ത്രത്തിന്റെ പിതാവായ ജസ്റ്സ് വോൺ ലൈബിഗിനെ മിസ്റ്റർ ലൈ ബിഗ്” (മിസ്റ്റർ വലിയ നുണയൻ) എന്നാണ് വിശേഷിപ്പിക്കുന്നത്.

രാസവളങ്ങളെയും കീടനാശിനികളെയും “ഭൂത പദാർത്ഥങ്ങൾ” (demonic substances) എന്നും സങ്കരയിനം പശുക്കളെ “പൈശാചിക ഇനം” മൃഗങ്ങൾ (demonic species) എന്നും ബയോടെക്നോളജി, ട്രാക്ടറുകൾ എന്നിവയെ “പൈശാചിക സാങ്കേതികവിദ്യകൾ” (demonic technologies) എന്നും അദ്ദേഹം മുദ്രകുത്തുന്നു. അതേ സമയം, പലേക്കർ ജൈവകൃഷിയെയും നിശിതമായി വിമർശിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം “ജൈവ കൃഷി”രാസ കൃഷിയേക്കാൾ അപകടകരമാണ്“. ജൈവകൃഷി “ആറ്റം ബോംബിനേക്കാൾ മോശമാണ്”. മണ്ണിര കമ്പോസ്റ്റിനെ “ലജ്ജാകരം” (scandalous) എന്നും മണ്ണിര കമ്പോസ്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചുവന്ന വിരയായ ഐസെനിയ ഫോറ്റിഡയെ “വിനാശകാരിയായ മൃഗം” (destructor beast) എന്നും അദ്ദേഹം വിളിക്കുന്നു. റുഡോൾഫ് സ്റ്റെയ്‌നറുടെ ബയോഡൈനാമിക് ഫാമിംഗിനെ അദ്ദേഹം “ബയോ ഡൈനാമൈറ്റ് ഫാമിംഗ്” എന്നും ആക്ഷേപിക്കുന്നു. അങ്ങിനെ തന്റെ സ്വന്തം മാതൃകയായ സീറോ ബജറ്റ് നാച്ചുറൽ ഫാമിങ്ങിനെ അജൈവ കൃഷിക്കും ജൈവകൃഷിക്കും എതിരെയുള്ള ബദലായി അദ്ദേഹം ഉയർത്തിക്കാട്ടുന്നു.

പലേക്കറുടെ വിചിത്രവാദം

ചെടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മണ്ണിൽ തന്നെയുണ്ടെന്നാണ് പലേക്കറുടെ വിചിത്ര വാദം. ഈ പോഷകങ്ങൾ സസ്യങ്ങൾക്ക് ലഭ്യമാക്കുന്നതിന് നമുക്ക് സൂക്ഷ്മാണുക്കളുടെ മധ്യസ്ഥത മാത്രമാണാവശ്യം. ഇതിനായി, പലേക്കർ സീറോ ബജറ്റ് നാച്ചുറൽ ഫാമിങ്ങിന്റെ “നാല് ചക്രങ്ങൾ” ശുപാർശ ചെയ്യുന്നു: ബീജാമൃത്, ജീവാമൃത്, പുതയിടൽ, വാഫസ. ഗോമൂത്രവും ചാണകവും ചേർന്ന മിശ്രിതത്തെ വിത്തുകളിൽ പുരട്ടുന്ന തത്വത്തെയാണ് ബീജാമൃത് എന്ന് വിളിക്കുന്നത്.

ചാണകം, ഗോമൂത്രം, ശർക്കര എന്നിവയുടെ ഒരു സംക്രമണം ഉപയോഗിച്ച് മണ്ണിലെ സൂക്ഷ്മാണുക്കളുടെ എണ്ണത്തെ വർദ്ധിപ്പിക്കുന്നതാണ് ജീവാമൃത്. പുതയിടൽ എന്നത് വിളകളോ വിളകളുടെ അവശിഷ്ടങ്ങളോ ഉപയോഗിച്ച് മണ്ണിനെ മൂടുന്നതാണ്. മണ്ണിൽ വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി വളമണ്ണ് നിർമ്മിക്കുന്നതാണ് വാഫസ. കൂടാതെ, സീറോ ബജറ്റ് നാച്ചുറൽ ഫാമിങ്ങിൽ പ്രാണികളുടെയും കീടനിയന്ത്രണത്തിന്റെയും മൂന്ന് രീതികൾ കൂടി ഉൾപ്പെടുന്നു: അഗ്നിയാസ്ത്ര, ബ്രഹ്മാസ്ത്ര, നീമാസ്ത്ര (അതായത് ഗോമൂത്രം, ചാണകം, പുകയില, പഴങ്ങൾ, പച്ചമുളക്, വെളുത്തുള്ളി, വേപ്പ് എന്നിവ ഉപയോഗിച്ചുള്ള വ്യത്യസ്ത മിശ്രിതങ്ങളുടെ ഉപയോഗം).

പ്രകൃതി കൃഷിയുടെ യുക്തിരാഹിത്യം

ശാസ്ത്രത്തിനും യുക്തിക്കും നിരക്കാത്ത അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ഇപ്പറഞ്ഞതൊക്കെയും. മറ്റ് ചിലത് കാർഷിക ശാസ്ത്രജ്ഞർ തന്നെ എത്രയോ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്നതും.

തുടക്കത്തിൽ തന്നെ പറയണം, സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് എന്നാൽ “സീറോ ബജറ്റ്” അല്ല. പലേക്കറുടെ ഫോർമുലേഷനുകളുടെ പല ചേരുവകളും വിപണിയിൽ നിന്ന് പണം നൽകി വാങ്ങണം. ഇത് കൂടാതെ കൂലിപ്പണിക്കാരുടെ കൂലി, കുടുംബാധ്വാനത്തിന്റെ കണക്കാക്കേണ്ട കൂലിമൂല്യം, ഉടമസ്ഥതയിലുള്ള ഭൂമിക്ക് മേൽ ലഭിക്കുമായിരുന്ന പാട്ടം, പശുക്കളെ പരിപാലിക്കുന്നതിനുള്ള ചെലവുകൾ, വൈദ്യുതിയുടെയും പമ്പ് സെറ്റുകളുടെയും പണമടച്ചുള്ള ചെലവുകൾ എന്നിവയെല്ലാം സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് വക്താക്കൾ സൗകര്യപ്രദമായി അവഗണിക്കുന്ന ചെലവുകളാണ്.

കൂടുതൽ പ്രധാനം അതല്ല. സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് പ്ലോട്ടുകൾ അങ്ങനെയല്ലാത്ത പ്ലോട്ടുകളേക്കാൾ ഉയർന്ന ഉത്പാദനക്ഷമത നൽകുമെന്ന അവകാശവാദങ്ങളെ സാധൂകരിക്കാൻ സ്വതന്ത്ര പഠനങ്ങളൊന്നുമില്ല. ആന്ധ്രാപ്രദേശ് സർക്കാരിന് ഒരു റിപ്പോർട്ട് ഉണ്ട്. എന്നാൽ അത് നടപ്പിലാക്കുന്ന ഏജൻസിയുടെ സ്വയം വിലയിരുത്തലാണ് (മേനി നടിക്കൽ എന്നർത്ഥം). ഫീൽഡ് ട്രയലുകളെ അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര പഠനങ്ങൾ ലഭ്യമല്ല. കർണാടകത്തിൽ നിന്ന് ലാ വിയ കാംപെസിന പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇത് പ്രാക്ടീഷണർമാരുടെ സ്വന്തം അക്കൗണ്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലാതെ ഫീൽഡ് ട്രയലുകളെ അടിസ്ഥാനപ്പെടുത്തിയതല്ല. ഉത്തർ പ്രദേശിലെ ജി. ബി. പന്ത് അഗ്രികൾച്ചർ ആന്റ് ടെക്‌നോളജി സർവകലാശാലയിൽ ഒരു ഫീൽഡ് ട്രയൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ മുഴുവൻ ഫലങ്ങളും അഞ്ച് വർഷത്തിന് ശേഷം മാത്രമേ ലഭ്യമാകൂ. എന്നാൽ ഈ ഫീൽഡ് ട്രയലുകളുടെ തന്നെ പ്രാഥമിക നിരീക്ഷണങ്ങൾ കാണിക്കുന്നത് സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ്-ഇതര പ്ലോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സീറോ ബജറ്റ് നാച്ചുറൽ ഫാമിംഗ് പ്ലോട്ടുകളിൽ ഏകദേശം 30 ശതമാനം ഉത്പാദനക്ഷമതാ-കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്.

മൂന്നാമതായി, പലേക്കറുടെ മിക്ക അവകാശവാദങ്ങളും കാർഷിക ശാസ്ത്രത്തിനെ തലകുത്തനെ നിർത്തുന്നതാണ്. ഇന്ത്യൻ മണ്ണുകളിൽ ജൈവ പദാർത്ഥങ്ങളുടെ അളവ് സ്വതവേ കുറവാണ്. ഏകദേശം 59 ശതമാനം മണ്ണിലും ലഭ്യമായ നൈട്രജൻ കുറവാണ്; ഏകദേശം 49 ശതമാനത്തിൽ ഫോസ്‌ഫോറസ് കുറവാണ്; ഏകദേശം 48 ശതമാനത്തിൽ പൊട്ടാസ്യം കുറവോ ഇടത്തരമോ ആണ്. ഇന്ത്യൻ മണ്ണുകളിൽ സിങ്ക്, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, മോളിബ്ഡിനം, ബോറോൺ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളുടെ കുറവും ഉണ്ട്. സൂക്ഷ്മപോഷകങ്ങളുടെ കുറവ് വിളവ് പരിമിതപ്പെടുത്തുന്നത് മാത്രമല്ല; മണ്ണിലെ മറ്റ് പോഷകങ്ങളുടെ പൂർണ്ണമായ പ്രകടനവും അത് മൂലം ഉണ്ടാവുന്നില്ല. ചില പ്രദേശങ്ങളിൽ, മണ്ണിൽ ഉപ്പുമയമാണ്.

മറ്റ് പ്രദേശങ്ങളിൽ, പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ അലുമിനിയം, മാംഗനീസ്, ഇരുമ്പ് എന്നിവയുടെ വിഷാംശം കാരണം മണ്ണ് അമ്ലമാണ്. മറ്റ് ചില പ്രദേശങ്ങളിൽ, വ്യാവസായിക, മുനിസിപ്പൽ മാലിന്യങ്ങളിൽ നിന്നുള്ള കനത്ത ലോഹ മലിനീകരണം , അല്ലെങ്കിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത പ്രയോഗം, കാരണം മണ്ണ് വിഷലിപ്തമാണ്.

കാർഷിക ശാസ്ത്രജ്ഞർ ചരിത്രപരമായി തന്നെ രാസവളങ്ങളുടെ അനുചിതമായ/അസന്തുലിതമായ ഉപയോഗത്തിന്റെ അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ, മണ്ണിന്റെ ആരോഗ്യം പരിപോഷിപ്പിക്കുന്നതിനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുന്നതിനും അവർ സ്ഥല-നിർദ്ദിഷ്ട പരിഹാരങ്ങളാണ് ശുപാർശ ചെയ്യുന്നത്‌. മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള സമീകൃത വളപ്രയോഗവും ജൈവവളങ്ങളെ (അതായത് കാലിവളം, കമ്പോസ്റ്റ്, വിള അവശിഷ്ടങ്ങൾ, ജൈവവളങ്ങൾ, പച്ചിലകൾ) രാസവളങ്ങളുമായി സംയോജിപ്പിച്ച് ചെയ്യേണ്ട സംയോജിത പോഷക പരിപാലന രീതികളും അവർ നിർദ്ദേശിക്കുന്നു. എന്നാൽ സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ് പ്രയോക്താക്കൾ ഇന്ത്യൻ മണ്ണിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും ഒരൊറ്റ പരിഹാരമാണ് നിർദ്ദേശിക്കുന്നത്: ചാണകവും ഗോമൂത്രവും! “മണ്ണ് പരിശോധന ഒരു ഗൂഢാലോചനയാണ്” എന്നതാണ് പലേക്കറുടെ പ്രിയപ്പെട്ട പരാമർശങ്ങളിലൊന്ന്.

നാലാമതായി, സസ്യങ്ങളുടെ പോഷക ആവശ്യകതകളിൽ തികച്ചും യുക്തിരഹിതമായ നിലപാടാണ് പലേക്കർക്കുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, സസ്യങ്ങൾക്ക് ആവശ്യമായ പോഷകങ്ങളുടെ 98.5 ശതമാനവും വായു, വെള്ളം, സൂര്യപ്രകാശം എന്നിവയിൽ നിന്നാണ് ലഭിക്കുന്നത്; 1.5 ശതമാനം മാത്രമാണ് മണ്ണിൽ നിന്ന് ലഭിക്കുന്നത്. എല്ലാത്തരം മണ്ണിലും ആവശ്യമായ അളവിൽ എല്ലാ പോഷകങ്ങളും സ്വതവേ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, അവ ഉപയോഗയോഗ്യമായ രൂപത്തിലല്ല. മണ്ണിലെ സൂക്ഷ്മാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ച് സസ്യങ്ങൾക്ക് ഈ പോഷകങ്ങൾ ലഭ്യമാക്കുന്നതാണ് പലേക്കറുടെ മാന്ത്രിക മിശ്രിതമായ ജീവാമൃത്. ഇതെല്ലാം അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ്. ഒരു ഏക്കറിന് 10 കിലോ ചാണകവും 10 ലിറ്റർ ഗോമൂത്രവും പ്രതിമാസം നൽകണമെന്നതാണ് ജീവാമൃത കുറിപ്പടി. അതായത് , അഞ്ച് മാസത്തെ സീസണിൽ 50 കിലോ ചാണകവും 50 ലിറ്റർ ഗോമൂത്രവും. ചാണകത്തിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ് 0.5 ശതമാനവും ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്ന നൈട്രജന്റെ അളവ് 1 ശതമാനവും മാത്രമാണ്. ഇത് ഒരു സീസണിൽ ഒരു ഏക്കറിന് 750 ഗ്രാം നൈട്രജനായി മാത്രമാണ് വിവർത്തനം ചെയ്യുന്നത്. ഇന്ത്യൻ മണ്ണിന്റെ നൈട്രജൻ ആവശ്യകത കണക്കിലെടുക്കുമ്പോൾ ഇത് തീർത്തും അപര്യാപ്തമാണ്.

2020ൽ സ്കോട്ലൻഡിലെ അബെർഡീൻ സർവകലാശാല നടത്തിയ പുതിയൊരു പഠനം ഇക്കാര്യങ്ങൾക്ക് പുനർ-സ്ഥിരീകരണം നൽകുന്നുണ്ട്. ഈ പഠനം നടത്തിയവർ വ്യക്തമാക്കുന്നത് അങ്ങേയറ്റം ഉദാരമായ അനുമാനങ്ങൾ സ്വീകരിച്ചാൽ പോലും പ്രകൃതി കൃഷിയിൽ നിന്ന് വിളവിന് മൊത്തം ആവശ്യമായ നൈട്രജന്റെ ചെറിയൊരു ഭാഗം മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ്. പ്രകൃതി കൃഷി ഉപയോഗിക്കുന്ന കൃഷിയിടങ്ങളിൽ ഉൽപാദനം കുറയുന്നത് നൈട്രജൻ ലഭ്യത കുറവായതുകൊണ്ട് മാത്രമല്ല ഫോസ്ഫറസ്, പൊട്ടാസിയം പോലെയുള്ള മറ്റു പോഷകങ്ങളുടെ ലഭ്യത തീർത്തും ഇല്ലാതാവുന്നത് കൊണ്ട് കൂടിയാണ്. മോദിപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിംഗ് സിസ്റ്റം റിസർച്ച് ഇത് സംബന്ധിച്ചു നടത്തിയ ദീർഘകാല പഠനങ്ങളിൽ നിന്നുള്ള നിഗമനങ്ങൾ ഉൾക്കൊണ്ടുകൊണ്ട് നാഷണൽ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നയ-പ്രബന്ധം സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്

“(സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ് പ്ലോട്ടുകളിൽ) അരിയുടെയും ഗോതമ്പിന്റെയും വിളവിൽ ഉത്പാദനക്ഷമത ഗുരുതരമായ വിധം കുറഞ്ഞു. ഗോതമ്പിൽ 59% കണ്ടും ബസ്മതി അരിയുടെ കാര്യത്തിൽ 32% കണ്ടും ഉത്പാദനക്ഷമത കുറഞ്ഞു. ധാർവാർഡിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ് മൂന്നുവർഷം നടത്തിയ പ്രകൃതി കൃഷി പരീക്ഷണത്തിന്റെ ഫലം സൂചിപ്പിച്ചത് സോയാബീൻ-ഗോതമ്പ്, നീലക്കടല-ചോളം, ശീമച്ചോളം-വെള്ളക്കടല എന്നീ വിള വ്യവസ്ഥകളിൽ ചുരുങ്ങിയത് 30 ശതമാനത്തിന്റെ ഉൽപാദനക്ഷമതയിലെ തകർച്ച ഉണ്ടായപ്പോൾ പരുത്തി-നീലക്കടല ഇടവിള സമ്പ്രദായത്തിൽ 17% ത്തിൻറെ ഉൽപാദനക്ഷമതയിലെ തകർച്ചയാണ് ഉണ്ടായത്.”

നാഷണൽ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസിന്റെ നയ-പ്രബന്ധം

കൃഷിയിൽ ഉൽപാദനക്ഷമത തീരെ കുറവായി നിൽക്കുന്ന ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന് ഈ അളവിലുള്ള ഉൽപാദനക്ഷമതയിലെ ഇടിവ് താങ്ങാൻ ആകുമോ? നിശ്ചയമായും ഇല്ല.

അവസാനമായി, പലേക്കർ ഊറ്റം കൊള്ളുന്ന കൃഷിയുടെ “ആത്മീയ സ്വഭാവം” തികച്ചും പിന്തിരിപ്പനാണ്. അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ തമാശയാണ്: സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗിന് പ്രകൃതിയോടുള്ള ആത്മീയ അടുപ്പം ഉള്ളത് കൊണ്ട് അതിന്റെ പരിശീലകരായ കൃഷിക്കാർ മദ്യപാനം, ചൂതാട്ടം, കള്ളം പറയൽ, സസ്യേതര ഭക്ഷണം കഴിക്കൽ, വിഭവങ്ങൾ പാഴാക്കൽ എന്നിവ മുക്തരാവുമത്രെ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വേദ തത്ത്വചിന്ത മാത്രമാണ് “സമ്പൂർണ സത്യം”. സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗിന്റെ കേന്ദ്രബിന്ദുവിൽ പശുക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം കുറയുന്നുവെന്ന നുണ പ്രചരിപ്പിക്കുന്നു.

അവിടെ നിന്ന് അദ്ദേഹം ഉത്തരേന്ത്യയിലെ അക്രമകാരികളായ ഗോരക്ഷകരുടെ പ്രവർത്തനങ്ങളോട് സഹതാപം പ്രകടിപ്പിക്കുന്നു. ഭൂതകാലത്തിന്റെ തദ്ദേശീയമായ അറിവുകളെയും പ്രതിലോമപരമായ സവിശേഷതകളെയും വിമർശനരഹിതമായി ആഘോഷിക്കുന്ന ഒരു സാംസ്കാരിക വർഗീയതയാണ് ഇതെല്ലാം.

ഇന്ത്യയുടെ കാർഷിക നയത്തിൽ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് ഒരു മുൻഗണനാ അജണ്ടയായിരിക്കണം.

കാറ്റും ജലവും മൂലമുണ്ടാവുന്ന മണ്ണൊലിപ്പ് പരിഹരിക്കാൻ നമുക്ക് നടപടികൾ ആവശ്യമാണ്. വെള്ളക്കെട്ട്, വെള്ളപ്പൊക്കം, ക്രസ്റ്റിംഗ് (മണ്ണിന്റെ മേൽപടലത്തിന്റെ കട്ടി കൂടൽ) എന്നിവ കാരണമുണ്ടാവുന്ന മണ്ണിന്റെ ഭൗതിക ശോഷണം കുറയ്ക്കുന്നതിന് നമുക്ക് നൂതന സാങ്കേതികവിദ്യകൾ ആവശ്യമാണ്. ലവണാംശം, അമ്ലത്വം, ക്ഷാരം, വിഷാംശം എന്നിവയുള്ള മണ്ണ് വീണ്ടെടുക്കേണ്ടതുണ്ട്. സമതുലിതമായ പോഷക പ്രയോഗത്തിനും സംയോജിത പോഷക പരിപാലനത്തിനും സ്ഥല-നിർദ്ദിഷ്ട ഇടപെടലുകൾ ആവശ്യമാണ്. ചില സ്ഥലങ്ങളിൽ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, മറ്റ് സ്ഥലങ്ങളിൽ അവയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ നാം തയ്യാറാവണം. എന്നാൽ ഇത്തരമൊരു സമീപനത്തിന് ശക്തമായ ശാസ്ത്രീയ മനോഭാവവും ശാസ്ത്രവിരുദ്ധ നിലപാടുകളുടെ നിരാകരിക്കലും ആവശ്യമാണ്. ഈ അർത്ഥത്തിൽ, ഇന്ത്യയിലെ കാർഷിക നയത്തിൽ സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗ് അല്ലെങ്കിൽ പ്രകൃതി കൃഷിയെ ഔദ്യോഗികമായി തന്നെ ഉൾപ്പെടുത്തുന്നത് അങ്ങേയറ്റം ബുദ്ധിശൂന്യമാണ്, അപകടകരമാണ്.

കാർഷിക ശാസ്ത്രത്തിന്റെ പങ്ക്

ഇതിനർത്ഥം കാർഷിക ശാസ്ത്രജ്ഞർക്ക് ഉൽപാദനക്ഷമതയുടെ കാര്യത്തിൽ മാത്രമേ ഉത്കണ്ഠയുള്ളൂ എന്നാണോ? തീർത്തും അസത്യമായ ഒരു പ്രസ്താവനയാണിത്. നേരത്തേ പറഞ്ഞ പോലെ, കാർഷിക ശാസ്ത്രജ്ഞൻ കൃഷിക്കാർക്ക് നൽകുന്ന ഓരോ ശുപാർശയും സന്തുലിതമായ പോഷക നിർവഹണത്തിനായി വാദിക്കുന്നതാണ്. അതായത് നിശ്ചിത അളവിൽ ജൈവവളവും രാസവളവും സംയോജിപ്പിച്ച് പ്രയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത്, അതായത് കൂടുതൽ ജൈവവളങ്ങൾ മണ്ണിൽ പ്രയോഗിക്കുന്നത്, മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും മണ്ണിലെ കാറ്റയോൺ എക്സ്ചേഞ്ച് കപ്പാസിറ്റി കൂട്ടുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർക്ക് എത്രയോ കാലമായി അറിയാം. കമ്പോസ്റ്റ് വളങ്ങളും എക്കാലത്തും ശാസ്ത്രീയ ശുപാർശകളുടെ ഭാഗമായിരുന്നിട്ടുണ്ട്. രാസവള പ്രയോഗത്തിന് മുൻപേ കൃത്യമായ മണ്ണു പരിശോധന നടത്തണമെന്നും, എന്നാൽ മാത്രമേ രാസവളങ്ങളുടെ അമിതോപയോഗം കുറയ്ക്കാൻ ആകൂ എന്നും, ശാസ്ത്രജ്ഞർ ഉപദേശിക്കുന്നു.

ആഗോളതലത്തിൽ തന്നെ ഇന്ന് കാർഷിക ശാസ്ത്രജ്ഞരുടെ ഒരു പ്രധാന ഗവേഷണ അജണ്ട കൃഷിയിൽ രാസപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള വഴികൾ തേടലാണ്. രാസവളങ്ങൾ വലിയ അളവിൽ പ്രയോഗിക്കുന്നതിന് ഒരു കാരണം പ്രയോഗിക്കപ്പെടുന്ന രാസവളങ്ങളിലെ പോഷകങ്ങളുടെ 30-50 ശതമാനം വരെ മാത്രമേ വിളകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുള്ളൂ എന്നുള്ളത് കൊണ്ടാണ്. അവശേഷിക്കുന്ന പോഷക ഘടകങ്ങൾ മണ്ണിൽ നിന്ന് ഒലിച്ച് പോകുകയോ അതിന് നൈട്രിഫിക്കേഷൻ സംഭവിക്കുകയോ അടുത്തുള്ള ജലാശയങ്ങളിലേക്ക് ചോർന്നു പോവുകയോ ആണ് ചെയ്യുന്നത്. ഇന്ന് കാർഷിക ശാസ്ത്രജ്ഞർ പരിശോധിച്ചു കൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള പോഷക ഘടകങ്ങളുടെ ആഗിരണം 65-70% ആയി ഉയർത്താൻ കഴിയുമോ എന്നതാണ്. അങ്ങനെയെങ്കിൽ വലിയതോതിൽ രാസവള പ്രയോഗം നമുക്ക് കുറയ്ക്കാം.

ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിരവധി ശാസ്ത്രീയ ഉപകരണങ്ങൾ പ്രയോജനപ്രദമായുണ്ട്. ഒന്നാമത്തേത്, മണ്ണിലേക്ക് പോഷകഘടകങ്ങൾ മന്ദഗതിയിലും നിയന്ത്രിതവുമായി മാത്രം കടത്തിവിടുന്നത് ഉറപ്പാക്കാനായി വ്യത്യസ്തങ്ങളായ ഇൻഹിബിറ്ററുകളും ലേപനങ്ങളും ഉപയോഗിക്കാൻ കഴിയുന്നു. ണ്ടാമതായി, നാനോടെക്നോളജി സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യമായത്ര പോഷക ഘടകങ്ങൾ പുറമേ പുരട്ടപ്പെട്ട വിത്തുകൾ ഉത്പാദിപ്പിക്കാൻ കഴിയും. ഇത് വഴി രാസവളങ്ങൾ പ്രത്യേകമായി ഉപയോഗിക്കുന്നതിന്റെ ആവശ്യകത ചുരുക്കാൻ സാധിക്കും. മൂന്നാമതായി, ഫെർട്ടിഗേഷൻ ഒരു പ്രധാനപ്പെട്ട സാധ്യതയാണ്. അതായത്, സൂക്ഷ്മജലസേചന സാങ്കേതികവിദ്യയിലൂടെ ലഭ്യമാക്കുന്ന ജലസേചനത്തിനുള്ള വെള്ളവുമായി രാസവളങ്ങൾ കൂട്ടികലർത്തൽ. ഇത് വഴി രാസവള പ്രയോഗത്തിന്റെ കാര്യശേഷി വർദ്ധിപ്പിക്കാൻ കഴിയും. അവസാനമായി, ജനിതക വ്യതിയാനം വരുത്തിയതോ ജീൻ എഡിറ്റിംഗ് നടത്തിയതോ ആയ ഉയർന്ന ഉത്പാദനക്ഷമത നൽകുന്നതും രോഗങ്ങളെയും കീടങ്ങളെയും ചെറുക്കുന്നതും രാസവള പ്രയോഗത്തോട് കൂടുതൽ പ്രതികരിക്കുന്നതുമായ പുതിയ വിത്തുകൾ വികസിപ്പിക്കണം. ഇവിടെ സഹജമായി തന്നെ ബാഹ്യമായ രാസവസ്തു പ്രയോഗം കുറച്ചു മാത്രമേ ആവശ്യമായി വരുന്നുള്ളൂ. കൃഷിയിൽ രാസപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഉറപ്പാക്കാനാവുന്ന ഒരു ദീർഘകാല തന്ത്രമാണിത്.

കീടനാശിനികളുടെ രംഗത്തെ സംഭവവികാസങ്ങളും സമാനമാണ്. കാർഷിക ശാസ്ത്രജ്ഞർ ശുപാർശ ചെയ്യുന്നത് സംയോജിത കീടനിയന്ത്രണമാണ്. ഇവിടെ പ്രാഥമികമായ ഊന്നൽ പ്രകൃതിപരമായ കീടനിയന്ത്രണ നടപടികൾക്കാണ്. ഒരു നിശ്ചിത തലമുറ കീടങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രകൃതിപരമായ നടപടികൾ പരാജയപ്പെടുന്നിടത്ത് അറ്റകൈയ്യായി മാത്രമേ കീടനാശിനികൾ ഇവിടെ ശുപാർശ ചെയ്യപ്പെടുന്നുള്ളൂ. കീടനാശിനി ശാസ്ത്രവും ഇന്ന് ഏറെ വികസിച്ചിട്ടുണ്ട്.

പരമ്പരാഗതമായ കീടനാശിനികൾ വളരെയേറെ വിഷമയമായ ഓർഗാനോ-ഫോസ്ഫറസുകളും കാർബമേറ്റ് സംയുക്തങ്ങളുമായിരുന്നു. എന്നാൽ പുതിയ കീടനാശിനികളാകട്ടെ നൂതനമായ തന്മാത്രാ (മോളിക്യുലാർ) ഗവേഷണത്തിന്റെ ഉൽപ്പന്നങ്ങളാണ്. ഈ പുതിയ തലമുറ കീടനാശിനി തന്മാത്രകൾ വിപണിയിൽ വരുന്നത് തന്നെ താരതമ്യേന കുറഞ്ഞ അളവിലുള്ള വിഷാംശത്തോട് കൂടിയാണ്. ഒപ്പം ഇവ കൂടുതൽ ഫലപ്രദവും, കൂടുതൽ സൂക്ഷ്മവും (പ്രയോഗിക്കുന്ന ഇടത്ത് മാത്രമായി ഒതുങ്ങി നിൽക്കുന്നത്), കുറച്ച് ഡോസേജ് മാത്രം ആവശ്യമായതും ആണ്. ഈ ശാസ്ത്രവികാസം കാരണമാണ് ഇന്ത്യയിലെ കീടനാശിനി ഉപയാഗം കഴിഞ്ഞ 20 വർഷമായി കാര്യമായി കുറഞ്ഞിട്ടുള്ളത്.

കാലാവസ്ഥാ വ്യതിയാനത്തിന്റേതായ സമകാലിക ഘട്ടത്തിൽ കാർഷിക ശാസ്ത്രജ്ഞരും മണ്ണിലെ കാർബൺ പിടിച്ചെടുക്കൽ (സെക്വസ്റ്ററേഷൻ) വർദ്ധിപ്പിക്കുന്നതിനുള്ള യത്നങ്ങളുടെ മുന്നിൽ തന്നെയാണ്. മണ്ണാണ് ഏറ്റവും വലിയ ഭൗമ കാർബൺ കലവറ. സുസ്ഥിരമല്ലാത്ത കൃഷിരീതികളും ഭൂപ്രദേശങ്ങളെ ബാധിക്കുന്ന ജീർണ്ണാവസ്ഥയും മണ്ണിലെ കാർബൺ ശേഖരണം നഷ്ടപ്പെടുത്തുന്നതിനിടയാക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നത്തെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. മണ്ണ് ശാസ്ത്രജ്ഞർ ഇന്ന് കണക്കാക്കുന്നത് സുസ്ഥിരമായ മണ്ണ് പരിപാലനം വഴി വലിയ തോതിൽ കാർബൺ ഡയോക്സൈഡ് നമുക്ക് മണ്ണിൽ തന്നെ പിടിച്ചു നിർത്താൻ കഴിയും എന്നാണ്. ഇതിന് പലയിടത്തും മുന്നോട്ട് വെക്കപ്പെടുന്നത് മിനിമം ടില്ലേജ് അല്ലെങ്കിൽ സീറോ ടില്ലേജ് എന്ന സാധ്യതയാണ്. എന്നാൽ ഇത്തരത്തിലുള്ള മണ്ണ് പരിപാലന രീതികൾ സ്വീകരിക്കപ്പെടുകയാണെങ്കിൽ ഉൽപാദനക്ഷമത കുറയില്ലെന്ന് ഉറപ്പുവരുത്താൻ കൃഷിക്കാർ ജനിതക വ്യതിയാനം വരുത്തിയത് ഉൾപ്പെടെയുള്ള പുതിയ വിത്തിനങ്ങൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ പ്രകൃതി/ജൈവ കൃഷിയുടെ വക്താക്കൾ ജനിതക വ്യതിയാനം വരുത്തിയ വിത്തുകൾ ഉപയോഗിക്കുന്നതിനെ യുക്തിക്ക് നിരക്കാത്ത വിധം ഇന്നും എതിർക്കുകയാണ്.

നെഹ്റുവും ഗോൾവാക്കറും തമ്മിലുള്ള ഒരു സംഭാഷണം രാഷ്ട്രതന്ത്ര പ്രൊഫസ്സറായ ഷംസുൽ ഇസ്‌ലാം ഒരിടത്ത് വിവരിക്കുന്നുണ്ട്. “നിങ്ങൾ ഇന്ത്യയെ ആയിരം കൊല്ലം പുറകിലേക്ക് നയിക്കുകയാണ്” എന്ന് നെഹ്‌റു പറഞ്ഞപ്പോൾ, “നെഹ്‌റുജി, താങ്കൾക്ക് തെറ്റി. ഞങ്ങൾ ഇന്ത്യയെ ആയിരമല്ല അയ്യായിരം കൊല്ലം പുറകിലേക്ക് നയിക്കാനാണ് ആഗ്രഹിക്കുന്നത്” എന്ന് ഗോൾവാൾക്കർ മറുപടി നല്കിയത്രെ. സീറോ ബജറ്റ് നാച്ചുറൽ ഫാർമിംഗിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആധുനിക കാർഷിക ശാസ്ത്രത്തിന്റെ എല്ലാ പുരോഗതിയേയും തള്ളിക്കളഞ്ഞു കൊണ്ട് ചാണകവും ഗോമൂത്രവും കൊണ്ട് മാത്രം പുതിയ വെല്ലുവിളികളെ ചെറുക്കാം എന്ന പിന്തിരിപ്പൻ വാദം മറ്റെന്ത് ലോകവീക്ഷണമാണ് മുൻപോട്ട് വെക്കുന്നത്?

വേണ്ടത് കൂടുതൽ ശാസ്ത്രം

കൂടുതൽ ശാസ്ത്രത്തിൽ നിന്നാണ്, മെച്ചപ്പെട്ട ശാസ്ത്രത്തിൽ നിന്നാണ്, നമുക്ക് സുസ്ഥിരത കൈവരിക്കാൻ കഴിയുന്നത്. അല്ലാതെ ശാസ്ത്ര-യുക്തി ചിന്തകളെ പിന്നോട്ടടിക്കുന്നത് വഴിയോ അവയോട് പുറംതിരിഞ്ഞു നിൽക്കുന്നത് വഴിയോ അല്ല. രസതന്ത്ര പരീക്ഷണശാലയിൽ നിന്ന് കൃഷിയെ പുറത്തുകൊണ്ടുവരാൻ ഒരു പക്ഷേ നമുക്ക് കഴിഞ്ഞേക്കും. പക്ഷേ കൃഷിയിൽ നിന്ന് രസതന്ത്രത്തെ പുറത്താക്കാൻ നമുക്ക് കഴിയില്ലെന്ന് ഓർക്കുന്നത് എപ്പോഴും നല്ലതാണ്.


മറ്റു ലേഖനങ്ങൾ


rice grain

ലൂക്ക കാറ്റഗറി

കൃഷിയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രൊഫസർ താണു പത്മനാഭൻ ഒരു ഓർമ്മ
Next post തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നതു കൊണ്ടാണോ സൂറത്തിൽ പ്ലേഗ് വന്നത് ?
Close