Read Time:5 Minute

കേരള തീരത്തു പലയിടങ്ങളിലും ഇന്നും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ ശക്തിയായ കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്‍’ എന്ന പ്രതിഭാസമാണ്.

സംസ്ഥാനത്ത് ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം വലിയ തോതിൽ ഉണ്ടായി. തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തുമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം കൂടുതൽ അനുഭവപ്പെട്ടത്. തൃശൂരില്‍ പെരിഞ്ഞനത്തും കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം അനുഭവപ്പെട്ടത്.

തീരപ്രദേശത്തു നാം സാധാരണയായി കാണുന്ന തിരമാലകൾ എല്ലാം സമീപ പ്രദേശങ്ങളിലെ കാറ്റിന്റെ ഗതി വിഗതിക്കൾക്കനുസരിച്ചു ഉണ്ടാകുന്നവയാണ് (ചിത്രം:1).

ചിത്രം 1

കാറ്റിന്റെ വേഗത്തിലെ ഏറ്റകുറച്ചിലുകൾക്കനുസരിച്ചു  ഈ തിരമാലകളുടെ ഉയരം കൂടുകയും കുറയുകയും ചെയ്യും. വർഷകാലത്തു ഉയർന്ന തിരമാലകൾ ഉണ്ടാകുന്നത് ഇങ്ങിനെയാണ്.

കള്ളക്കടലിലെ തിരമാലകളെ swells എന്നാണ് വിളിക്കുന്നത്‌. ഈ തിരമാലകൾ സമുദ്രത്തില്‍ അനേകമനേകം കിലോമീറ്ററുകൾക്കപ്പുറം വിദൂരമായി രൂപപ്പെടുന്നു (ചിത്രം: 2).

ചിത്രം: 2

ആഴ്ചകളും, മാസങ്ങളും പിന്നിട്ടു തീരത്ത് എത്തി ഇത് വൻ തിരകളുണ്ടാക്കുന്നു. ഇതാണ് കള്ളക്കടല്‍ എന്ന പ്രതിഭാസം. തരംഗദൈർഘ്യം വളരെ കൂടുതൽ ആയതിനാൽ വളരെ വലിയ തിരമാലകൾ ആണ് ശക്തിയോടെ തീരത്തു എത്തുന്നത്.

വിദൂരങ്ങളിലെ സമുദ്ര ഭാഗത്തു അതി ശക്തമായി കാറ്റുകൾ രൂപപ്പെടുമ്പോൾ/വീശുമ്പോൾ, ദീർഘനേരം, വലിയ ദൂരങ്ങളിൽ (അതായത് കൊടുങ്കാറ്റുകൾ), തിരമാലകൾക്കിടയിലുള്ള ദൂരം ദൈർഘ്യമേറിയതായിത്തീരുകയും തിരമാലകളെ നയിക്കുന്ന ഊർജ്ജം വർദ്ധിക്കുകയും ചെയ്യുന്നു. ഇത് തിരമാലകളെ കൂടുതൽ ദൂരം മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 മഴയോ കാറ്റോ ഒന്നും ഇല്ലാതെ തന്നെ തിരകൾ ഉയര്‍ന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകള്‍ അടിച്ചുകയറി തീരത്തെ കവര്‍ന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്. മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലും നമ്മുടെ തീരദേശത്തു കള്ളക്കടൽ പ്രയാസങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിവിധങ്ങളായ മോഡലുകൾ ഉപയോഗിച്ച് സ്വെൽ പ്രവചനം ഇപ്പോൾ സാധ്യമാണ്. കള്ളക്കടലിന്റെ പ്രഭാവം എത്ര ദിവസം നീണ്ടു നിൽക്കും എന്നതിനെക്കുറിച്ചുള്ള അറിവുകളും ഈ മോഡലുകൾ നൽകും.

മറ്റു ലേഖനങ്ങൾ

Happy
Happy
52 %
Sad
Sad
0 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
2 %
Surprise
Surprise
36 %

Leave a Reply

Previous post നിർമ്മിതബുദ്ധി “സുരക്ഷിത”മായാൽ എല്ലാമായോ ?
Next post കേരളത്തിന്റെ സ്വന്തം കൊതുകുകൾ
Close