ഏകാന്തപഥികൻ യാത്രയായി – മൈക്കിൾ കോളിൻസിന് വിട

സി.രാമചന്ദ്രൻ
മുൻ ശാസ്ത്രജ്ഞൻ, വിക്രം സാരാഭായ് സ്പേസ് സെന്റർ

ലോക ജനതയുടെ  സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിക്കൊണ്ട് 1969 ജൂലൈ 21 രാവിലെ 2.56 ന് (ഇന്ത്യൻ സമയം), നീൽ ആംസ്ട്രോങ്ങും തുടർന്ന് എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയത് ചരിത്രം. മനുഷ്യന്റെ ചെറിയ കാൽവെപ്പ്, പക്ഷെ മനുഷ്യരാശിയുടെ വലിയൊരു കുതിച്ചുചാട്ടം എന്നാണ്  ആംസ്ട്രോങ്ങ് അതിനെക്കുറിച്ച് പറഞ്ഞത്. എന്നാൽ കൊളംബിയ എന്ന മാതൃപേടകത്തിൽ നിന്നും ഈഗിൾ എന്ന ചന്ദ്രപേടകം വേർപെട്ട് കൂട്ടുകാർ ചന്ദ്രനിലേക്ക് കുതിക്കുമ്പോൾ ഏകനായിപ്പോയ മൈക്കേൽ കോളിൻസിനെ ഏകാന്തപഥികൻ എന്നാണ് ഇവിടെ ഭൂമിയിൽ വാഴ്ത്തിയത്. കാരണം ശ്രദ്ധയും വാർത്തയും ആദ്യരണ്ടു പേരിലുമായിരുന്നു. മടങ്ങിവന്നശേഷവും പ്രകീർത്തനം  ആംസ്ട്രോങ്ങിലും ആൽഡ്രിനിലുമായി ഒതുങ്ങി.

നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്, എഡ്വിൻ ആൾഡ്രിൻ,

ചന്ദ്രനിലിറങ്ങാതെ മാതൃപേടകത്തിൽ തുടർന്ന അന്നത്തെ മൈക്കേൽ ബുസ് കോളിൻസ് 2021 ഏപ്രിൽ 28 – ന്  തൊണ്ണൂറാംവയസ്സിൽ അന്തരിച്ചു. ബുസ് എന്നത് അദ്ദേഹത്തിന്റെ ഓമനപ്പേരാണ്. അന്നത്തെ മൂവർസംഘത്തിലെ ആ ആംസ്ട്രോങ്ങ് 2012ൽ അന്തരിച്ചു. മരിക്കുമ്പോൾ 90 വയസ്സുണ്ടായിരുന്നു. കോളിൻസിന്റെ മരണത്തോടെ എകനായിമാറിയ ആൽഡ്രിന് 91 വയസ്സായി. മരണവാർത്തയറിഞ്ഞ അദ്ദേഹം പ്രതിവചിച്ചു: “മൈക്ക് നീ എവിടെയായാലും ഞങ്ങളെ നയിക്കുന്ന പ്രകാശമായി ഇനിയും തുടരും”.

ചന്ദ്രനിൽ സ്ഥാപിച്ച ഫലകം

അന്നു ചന്ദ്രനിൽ സ്ഥാപിച്ച ഒരു ഫലകത്തിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. “ഇവിടെ എ.ഡി. 1969 ജൂലൈയിൽ, ഭൂമി എന്ന ഗ്രഹത്തിലെ മനുഷ്യർ ഇറങ്ങി. എല്ലാ മനുഷ്യരുടെയും സമാധാനവുമായിട്ടാണ് ഞങ്ങൾ വന്നത്.” – – ആംസ്ട്രോങ്ങ്, ആൽ ഡ്രിൻ, കോളിൻസ് , നിക്സൺ

ചന്ദ്രനിലെ പ്രശാന്തസമുദ്രത്തിൽനിന്നു തിരികെ പുറപ്പെട്ട യാത്രികർ മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയിലെ ശാന്തസമുദ്രത്തിൽ ശാന്തമായി ഇറങ്ങി.

മാതൃപേടകത്തിൽ ഏകാന്തമായി കഴിയുമ്പോൾ കോളിൻസ് ഓർമിച്ചത് ആദിയിൽ ഏകാന്തനായി കഴിയേണ്ടിവന്ന ആദിപിതാവ് ആദമിനെയാണ്. അപ്പോൾ മുകളിൽ ഭൂമിയിൽ നോക്കി കോളിൻസ് ആത്മഗതം ചെയ്തു. “ഉടഞ്ഞുതകരാവുന്ന പളുങ്കുഗോളം പോലെ.  രാഷ്ട്രീയ നേതാക്കൾ ഈ കാഴ്ച്ച കണ്ടാൽ അവരുടെ ലോകവീക്ഷണം മാറിമറിയും.” കോളിൻസിന്റെ അന്ത്യാഭിലാഷങ്ങളിൽ ഒന്ന് ഇങ്ങനെയായിരുന്നു; ശവകുടീരത്തിൽ ‘ഭാഗ്യവാൻ’ എന്ന് ആലേഖനം ചെയ്യണം.

ആദ്യകാലത്തെ മിക്ക ബഹിരാകാശ യാത്രികരേയും പോലെ കോളിൻസും എയർഫോഴ്സിൽ പൈലറ്റായിരുന്നു. മുൻപ് ജമിനി X ന്റെ പൈലറ്റായി അദ്ദേഹം ബഹിരാകാശ സഞ്ചാരവും നടത്തിയിരുന്നു.  1970 ൽ നാസയിൽനിന്നു വിരമിച്ച ശേഷം അദ്ദേഹം വാഷിംങ്ടണ്ണിലെ എയർസ്പേസ് മ്യൂസിയത്തിന്റെ ഡയറക്ടറായി ദീർഘകാലം തുടർന്നു. നാസയിലെ വിശിഷ്ട സേവനത്തിനുള്ള ബഹുമതിക്കുപുറമേ അമേരിക്കയുടെ ദേശീയപുരസ്കാരവും നേടി. ബഹിരാകാശരംഗവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

നാസയുടെ അനുശോചനക്കുറിപ്പിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: നിന്റെ ഓർമ്മകൾ പുതിയചക്രവാളങ്ങൾ കീഴടക്കുവാൻ, ഞങ്ങൾക്കു തുണയാകും. 


 

Leave a Reply