Read Time:5 Minute

വിനയരാജ് വി.ആര്‍

മുട്ടേന്നു വിരിഞ്ഞില്ല, അതിനുമുൻപേ.. നമ്മൾ സ്ഥിരം കേൾക്കുന്ന വാചകമാണല്ലോ ഇത്. മുട്ടയിൽ നിന്നു വിരിഞ്ഞുവരുന്ന പക്ഷിക്കുഞ്ഞുങ്ങൾക്ക് സ്വന്തമായി ഭക്ഷണം തേടാനും പറക്കാനും കുറച്ചുകാലം എടുക്കുന്നതിനാലും അതുവരെ അമ്മപ്പക്ഷിയേയും പലപ്പോഴും അച്ഛൻ പക്ഷിയെയും ആശ്രയിക്കേണ്ടിവരുന്നുണ്ടല്ലോ. സ്വന്തം കാലിൽ നിൽക്കാനും സ്വന്തം ചിറകിൽ പറക്കാനും ആവുന്നതിനുമുന്നേ എടുത്തുചാടുന്നവരെ വിശേഷിപ്പിക്കാനാണ് ഈ പഴംചൊല്ല് ഉപയോഗിക്കുന്നത്.

മെഗാപോഡ് നിക്കോബാര്‍ ദ്വീപില്‍ നിന്നും കടപ്പാട് : Dr jishnu

എന്നാൽ മുട്ടേന്നുവിരിയുമ്പോൾത്തന്നെ ഇരതേടാനും പറക്കാനും കഴിയുന്ന പക്ഷികൾ ഉണ്ട്. മെഗാപോഡ് (mega = large, poda = foot) എന്ന് പൊതുവേ അറിയപ്പെടുന്ന, കോഴികളെപ്പോലെയിരിക്കുന്ന ചെറിയ തലയും വലിയ കാലുകളുമുള്ള പക്ഷികളാണിവ. ധാരാളം സവിശേഷതകൾ ഇവയ്ക്കുണ്ട്. 22 സ്പീഷിസ് ഉള്ള ഈ പക്ഷിക്കൂട്ടങ്ങൾ ഇന്തോനേഷ്യ, ആസ്ത്രേലിയ, പോളിനേഷ്യ എന്നിവകൂടാതെ ആന്തമാനിലും കാണുന്നവയാണ്. കോഴിമുട്ടയേക്കാൾ പകുതികൂടിവലിപ്പമുള്ള ഇവയുടെ മുട്ടയിലെ മഞ്ഞക്കരു വളരെ വലിപ്പമുള്ളതാണ്. ഈ പക്ഷിയെക്കാണുന്ന ഇടങ്ങളിൽ ഈ മുട്ടകൾക്ക് നല്ല ഡിമാന്റാണ്. പലയിടത്തും ഭക്ഷണത്തിൽ നല്ല പ്രാമുഖ്യമുള്ള ഈ മുട്ട അതതുനാട്ടുകാരുടെ സാമ്പത്തികസ്രോതസ്സുകൂടിയുമാണ്.

മെഗാപോഡ് മുട്ട – സാവോ ദ്വീപില്‍ നിന്നും  കടപ്പാട് sibc

മറ്റു പക്ഷികളെപ്പോലെ മുട്ട വിരിയിക്കാൻ ഈ പക്ഷികൾ അടയിരിക്കാറില്ല. ആൺപക്ഷി കാലുകൾ കൊണ്ട് നല്ല ആഴത്തിൽ പലപ്പോഴും മൂന്നുനാലടി ആഴത്തിൽ കുഴിയുണ്ടാക്കുന്നു, മുട്ടയിട്ടതിനുശേഷം തിരിഞ്ഞുനോക്കാതെ സ്ഥലംവിടുന്ന പെൺപക്ഷി ഈ കുഴിയിൽ ഇടുന്ന മുട്ടകൾ ആൺപക്ഷികൾ മൂടുന്നു. പ്രകൃതിയിൽ നിന്നും തന്നെ ലഭിക്കുന്ന താപമുപയോഗിച്ചാണ് മുട്ടകൾ വിരിയുന്നത്. അവ ജീവിക്കുന്ന നാടുകളിലെ അവസ്ഥയനുസരിച്ച് കുഴിമൂടാൻ പലമാർഗങ്ങളും ഈ പക്ഷികൾ അവലംബിക്കുന്നുണ്ട്. ചിലയിടത്ത് സൂര്യതാപം കിട്ടുന്ന ബീച്ചുകളിലെ മണലുകളിൽ മുട്ടകൾ നിക്ഷേപിക്കുമ്പോൾ, ചിലയിടത്ത് ഭൂഗർഭാന്തരതാപമാണ് മുട്ടകൾ വിരിയാൻ സഹായിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ മുട്ടയിട്ട കുഴികൾ മൂടുന്നതിനുമുൻപ് അതിൽ ഇലകൾ ഇട്ടുമൂടുന്നു, അവ ദ്രവിക്കുന്ന ചൂടിനാൽ മുട്ടകൾ വിരിയുന്നു. വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങൾ ഏതാണ്ട് സ്വയംപര്യാപ്തമായിട്ടാണ് പുറത്തുവരുന്നത്. ഭക്ഷണംകഴിക്കാനും പറക്കാനും പോലും അതിനുസാധിക്കുന്നു. മറ്റു മിക്ക പക്ഷികളിലുമെന്നപോലെ അമ്മപ്പക്ഷിയോ അച്ഛൻപക്ഷിയോ ഇതിനായി കുഞ്ഞുങ്ങളെ സഹായിക്കുന്നേയില്ല.

മെഗാപോഡ് മുട്ടകള്‍ ശേഖരിക്കുന്ന സാവോ ദ്വീപ് നിവാസികള്‍ ചിത്രം കടപ്പാട് sibc

തെക്കേ പസഫിക് പ്രദേശത്തെ അഗ്നിപർവ്വതപ്രദേശങ്ങളായ സാവോ ദ്വീപുകളിൽ അഗ്നിപർവ്വതപ്രവർത്തനങ്ങളാൽ മണൽ സ്വതവേതന്നെ നല്ല ചൂടുള്ളതയാതിനാൽ ഇവയിൽ മെഗാപോഡ് പക്ഷികൾ ധാരാളമായി മുട്ടകൾ ഇടുന്നു, ശരിക്കും മുട്ടപ്പാടങ്ങളാണ് ഈ സ്ഥലങ്ങൾ. വൈകുന്നേരമോ രാവിലെയോ മുട്ടയിട്ടുപക്ഷികൾ പോയാൽ നാട്ടുകാർ വന്ന് മുട്ടമാന്തിയെടുക്കലാണ് പണി. ഒന്നരയടിവരെ മൺവെട്ടികൾ കൊണ്ട് കുഴിച്ചശേഷം പിന്നീട് മുട്ട പൊട്ടിപ്പോകാതിരിക്കാൻ കൈകൊണ്ടാണ് മണൽ മാന്തുന്നത്. ഒരു കാലത്ത് ഒരിക്കലും തീരാത്തപോലെ ഇവിടെ നിന്നും മുട്ടകൾ കിട്ടിയിരുന്നു, എന്നാൽ അമിതമായി ഇവ ശേഖരിക്കുന്നത് മൂലം പലദ്വീപുകളിൽ നിന്നും ഇവയുടെ കോളനികൾ അപ്രത്യക്ഷമായിക്കഴിഞ്ഞു.


ലേഖകന്റെ ഫേസ്ബുക്ക് പേജ് vinayrajvr

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇഞ്ച
Next post നിര്‍മ്മിത ബുദ്ധി : ചരിത്രവും ഭാവിയും
Close