കോവിഡിന് മരുന്ന് എപ്പോൾ വരും?


ഡോ.യു.നന്ദകുമാർ

കോവിഡ് രോഗത്തിന് മരുന്നില്ല എന്ന് പരക്കെ പറയാറുള്ള കാര്യമാണ്. കോവിഡ് ബാധിച്ചയാളിന്റെ ശരീരത്തിൽ കടന്ന വൈറസുകളെ നശിപ്പിക്കാൻ പറ്റിയ ഔഷധം കണ്ടെത്തിയിട്ടില്ല എന്നുമാത്രമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്.

കോവിഡ് രോഗം തടയുന്നതിനും വന്നാൽ ചികിത്സിക്കുന്നതിനും പറ്റിയ മരുന്നുകൾ കണ്ടെത്താനും ഗവേഷണങ്ങൾ വ്യാപകമായി നടക്കുന്നു. ഫൈസർ ഔഷധ കമ്പനി വികസിപ്പിക്കുന്ന തന്മാത്ര കോവിഡ് ചികിത്സയിൽ ഫലപ്രദമാണെന്ന് അവകാശപ്പെടുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഫൈസർ സി ഇ.ഒ ആൽബർട്ട് ബുർല (Albert Bourla) അറിയിച്ചതാണ് ഇക്കാര്യം.

പുതുതായി വികസിപ്പിച്ച തന്മാത്ര നിലവിൽ പ്രൊറ്റിയെസ്‌ ഇൻഹിബിറ്റർ (Protease Inhibitor) എന്ന ഗ്രൂപ്പിലാണ് പെടുന്നത്. എച്ച്.ഐ.വി / എയ്‌ഡ്‌സ്‌ (HIV/AIDS), ഹെപ്പറ്റൈറ്റിസ് സി (Hepatitis C) എന്നീ വൈറസ് രോഗങ്ങളെ ചെറുക്കാൻ ഈ വിഭാഗം ഔഷധങ്ങൾ ഇപ്പോൾ ഉപയോഗത്തിലുണ്ട്. രണ്ടു രോഗങ്ങൾക്കും വ്യത്യസ്തമായ തരം പ്രവർത്തനം ആവശ്യമാണെന്നതിനാൽ അതിനു പറ്റിയ തന്മാത്രകളാണ് ഉപയോഗിച്ചുവരുന്നത്. എച്ച്.ഐ.വിയിൽ ഫലം കാട്ടുന്ന തന്മാത്രകൾ navir എന്ന പ്രത്യയം സൂചിപ്പിക്കുന്നു. ഹെപ്പറ്റൈറ്റിസ് രോഗത്തിൽ പ്രവർത്തിക്കുന്ന തന്മാത്രകൾ previr എന്ന പ്രത്യയം സൂചിപ്പിക്കുന്നു. ഈ മരുന്നുകൾ വൈറസ് ആവർത്തനത്തെ (replication) തടയുക വഴിയാണ് പ്രവർത്തിക്കുന്നത്.

ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ വിജയിക്കും എന്നാണ് ഫൈസർ കരുതുന്നത്. വിജയിക്കുകയാണെങ്കിൽ 2021 ഡിസംബർ മാസം വിപണിയിൽ എത്താൻ സാധ്യതകാണുന്നു. ടാബ്‌ലെറ്റ് രൂപത്തിൽ എത്തുന്നതിനാൽ കോവിഡ് പോസിറ്റിവ് ആയ വ്യക്തിക്ക് ആശുപത്രിയിൽ കഴിയേണ്ടിവരുന്നില്ല. രോഗം മൂർച്ഛിക്കുന്നതും സങ്കീർണതകൾ ഉണ്ടാകുന്നതും ഫലപ്രദമായി തടയും എന്നാണ് പ്രതീക്ഷ. അത് ശരിയെങ്കിൽ നമ്മുടെ കോവിഡ് രോഗത്തെ പറ്റിയുള്ള സങ്കൽപ്പങ്ങൾ തിരുത്തിയെഴുതാൻ ഇത് സഹായിക്കും.

Leave a Reply