കൊവാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ആര്‍ക്ക് അര്‍ഹതപ്പെട്ടതാണ് ? 


ഡോ ജയകൃഷ്ണന്‍ ടി 

സ്വകാര്യ കമ്പനിയായ ഭാരത്‌ ബയോ ടെക്ക് നിര്‍മ്മിച്ച്‌ വിതരണം ചെയ്യുന്ന കോവാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേര്‍തിരിചെടുക്കപ്പെട്ട  SARS-CoV-2 വിത്തുകോശ സ്ട്രയിനുകളെ  അടിസ്ഥാനമാക്കി വികസിപ്പിച്ച സ്വദേശി വാക്സിന്‍ ആണ്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന് കീഴിലുള്ള ഒരു ഗവേഷണ സ്ഥാപനമാണിത്. ഈ വിത്തുകോശ സ്ട്രയിനുകളെ വാക്സിന്‍ വികസിപ്പിക്കാനും നിർമ്മാണത്തിനുമായി ഐ.സി‌.എം‌.ആർ. ഭാരത് ബയോടെക്കിലേക്ക് ചില വ്യവസ്ഥകള്‍  പ്രകാരം കൈമാറിയതാണ്. ഈ വിവരം കമ്പനി തന്നെ അതിന്റെ വെബ്സൈറ്റില്‍ വാക്സിന്‍ പഠനഫലം പുറത്തുവിടുമ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഈ വാക്സിന്‍ ഇന്ത്യയുടെ ഒരു പൊതു ഉത്പന്നമാണ് (Public good). അതിനാല്‍ ഇതിന്റെ “ബൗദ്ധിക സ്വത്തവകാശം” (IPR) ന്യായമായും ഇന്ത്യന്‍ സര്‍ക്കാരിനു ലഭിക്കേണ്ടതാണ്. വാക്സിൻ വികസിപ്പിക്കുന്നതിൽ ഐസി‌എം‌ആറിന്റെ പങ്കാളിത്തവും നിയന്ത്രണവും തീർച്ചയായും ഗണ്യമായിരുന്നെന്ന് ഇതിനെ പിന്തുണയ്ക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

  •  2020 മെയ്‌ 10 നു ഐ.സി.എം.ആര്‍. വാക്സിൻഗവേഷണത്തിന്  പങ്കാളിയായ ഭാരത് ബയോടെക്കിനു കൈമാറിയ രേഖയില്‍  ഈ വ്യവസ്ഥകള്‍  വ്യക്തമാക്കുന്നുണ്ട്. വാക്സിൻ വികസനത്തിനായി ഐ‌സി‌എം‌ആർ-എൻ‌ഐ‌വി പൂന എന്നിവ ഭാരത് ബയോടെക്കിന് നിരന്തരമായ പിന്തുണ നൽകുമെന്നും  വാക്‌സിൻ വികസനം, തുടർന്നുള്ള മൃഗങ്ങളിലെ പരീക്ഷണം, കാൻഡിഡേറ്റ് വാക്‌സിൻ ക്ലിനിക്കൽ വിലയിരുത്തൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് ഐസി‌എം‌ആറും ഭാരത് ബയോടെക്കും അതിവേഗ അനുമതി തേടും, ഈ ഉത്പന്നം ഭാവിയില്‍ ഇന്ത്യയ്ക്ക് പൂർണമായും തദ്ദേശീയമായിരിക്കും എന്ന് ചേര്‍ത്തിട്ടുമുണ്ട്. വാക്‌സിന്റെ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ (Clinical trial) നടത്താൻ 12 സര്‍ക്കാര്‍ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതും  ഐസിഎംആർ  നേതൃത്വത്തിലായിരുന്നു.
  • വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായിട്ടുള്ള അനുമതി നല്‍കിയ രാജ്യത്തെ ഡ്രഗ് ട്രയല്‍ രജിസ്ട്രിയില്‍ (Clinical trial registry നമ്പര്‍ 128976  /2020 ) പ്രകാരം വാക്സിന്‍ പരീക്ഷണം നടത്താനുള്ള സാമ്പത്തികവും ഭൗതികവുമായ പിന്തുണ നല്‍കുന്നത് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് ആണെന്നും  പഠനത്തിന്റെ പ്രൈമറി സ്പോണ്സര്‍ ഭാരത് ബയോടെക്കും  രണ്ടാമത് സ്പോൺസര്‍  ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്  ആണെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഐസി‌എം‌ആറും ഭാരത് ബയോടെക്കും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഫലമാണ് കോവാക്സിൻ എന്ന് തെളിവു തരുന്നുണ്ട്. യാഥാർത്ഥ്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സാമ്പത്തിക ലാഭത്തിനു പുറമേ വാക്സിന്‍ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മുഴുവന്‍ സ്വകാര്യ സ്ഥാപനമായ ഭാരത് ബയോടെക്കിന് നല്‍കിയിരിക്കയാണ്, അടിസ്ഥാന ഗവേഷണത്തിലെ സര്‍ക്കാര്‍ മേഖലയുടെ സാമ്പത്തിക നിക്ഷേപത്തിന്റെ വ്യാപ്തിയെക്കുറിച്ചും SARS-CoV-2 സ്ട്രയിന്‍   വേർതിരിച്ചെടുക്കുന്നതിനെക്കുറിച്ചും മറ്റ് അനുബന്ധ ഇടപെടലുകളെക്കുറിച്ചും പൊതുസഞ്ചയത്തിൽ  (Public domain) ഒരുവിവരവും  ലഭ്യമല്ല. അതിനാല്‍ വാക്സിൻ രൂപകൽപ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി ചെലവഴിച്ച മൊത്തം തുകയിൽ സര്‍ക്കാരിന്റെ നിക്ഷേപത്തിന്റെ വിഹിതം എത്രയാണെന്ന് പുറമേ ആര്‍ക്കും അറിയുകയുമില്ല.

  • 2020  ജൂലൈ 3 ന്, ക്ലിനിക്കൽ ട്രയലുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ എഴുതിയ കത്തിന്റെ ഉള്ളടക്കം, ഇന്ത്യയിലെ  മാധ്യമങ്ങള്‍  റിപ്പോർട്ട് ചെയ്തിരുന്നു. അതില്‍ ഭരത് ബയോടെക്കിനെ കൂടി അടയാളപ്പെടുത്തി നല്‍കിയ കത്തിൽ, എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം തന്നെ പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിൻ ഏറ്റവും പുതിയതായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതായും അതിനാൽ, പദ്ധതിയെ ഏറ്റവും മുൻ‌ഗണനയോടെ പരിഗണിക്കാനും തന്നിരിക്കുന്ന സമയപരിധികൾ ഒരു വീഴ്ചയും കൂടാതെ നടത്താനും  നിർദ്ദേശിച്ചിരുന്നു. അങ്ങിനെ പാലിക്കാത്തത് വളരെ ഗൌരവമായി കാണുമെന്ന് താക്കീതും നല്‍കിയിരുന്നു. ഇതില്‍ നിന്നും അടിസ്ഥാന ക്ലിനിക്കൽ പരിശോധനകൾ പോലും പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ 2020 ലെ സ്വാതന്ത്ര്യദിനത്തിൽ കോവാക്സിൻ തിടുക്കത്തിൽ പുറത്തിറക്കുന്നത് ശാസ്ത്രീയതക്ക്  എതിരാണെന്ന് കണ്ടു രാജ്യത്തെ ശാസ്ത്ര കുതുകികളും സംഘടനകളും  എതിര്‍ത്തിരുന്നു . കേരളത്തില്‍ നിന്ന്  ശാസ്ത്രസാഹിത്യ പരിഷത്തും ഇതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.  ഈ കത്തും വാക്സിൻ വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്ന പ്രക്രിയകളിൽ ഐസി‌എം‌ആറിന് ചില നിയന്ത്രണങ്ങളുണ്ടായിരിക്കണം എന്നാണ് സുചന തരുന്നത്.
  •  വാക്സിനുമായി ബന്ധപ്പെട്ടു  പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളിൽ ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ (Funding) വിശദമാക്കണമെന്ന് വ്യവസ്ഥയുണ്ട് . ഇതുവരെ, കോവാക്സിൻ സംബന്ധിച്ച് ആറ് അന്തർദ്ദേശീയ ജേര്‍ണലുകളില്‍ ലേഖനങ്ങള്‍  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് . ഈ പ്രബന്ധങ്ങൾ അവലോകനം ചെയ്യുമ്പോൾ, ആറ് പേപ്പറുകളിൽ നാലെണ്ണത്തിൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അല്ലെങ്കിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, പൂനെ, അല്ലെങ്കിൽ ഐസിഎംആർ എന്നിവയിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചതായി വ്യക്തമായി  രേഖപ്പെടുത്തിയിട്ടുണ്ട്.  ഈ  ആറ് പ്രബന്ധങ്ങളും ഭാരത് ബയോടെക്, ഐസിഎംആർ /നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയിലെ ഗവേഷക വിദഗ്തര്‍  ചേർന്നാണ് രചിച്ചത്. ആറ് പ്രബന്ധങ്ങളിൽ അഞ്ചിലും ഐസിഎംആർ ഡയറക്ടർ ജനറൽ ബലറാം ഭാർഗവ  സഹ-പ്രബന്ധകാരനായിരുന്നു. വാക്സിൻ വിജയകരമായി വികസിപ്പിക്കുന്നതിന് കാരണമായ ഗവേഷണത്തിനായി പ്രധാനമായും സര്‍ക്കാര്‍ മേഖലയിലെ ശാസ്ത്രജ്ഞർ പ്രവർത്തിച്ചതായും പൊതുജനങ്ങളുടെ പണം ചെലവഴിച്ചു എന്നതിന് വ്യക്തമായ തെളിവുകളാണ് ഇത് നൽകുന്നത്.
  • ഒടുവില്‍  ഈ വർഷം ഏപ്രിൽ 17 ന് മുംബൈയിലെ സര്‍ക്കാര്‍ സ്ഥാപനമായ ഹാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ മൂന്ന് പുതിയ സ്ഥാപനങ്ങൾക്ക് കോവാക്സിൻ ഉത്പാദിപ്പിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി ലൈസൻസ് നൽകിയിട്ടുണ്ട്. ഇത് സർക്കാരിൽ നിന്നുള്ള വെറും  ഭരണപരമായ അംഗീകാരമാണോ അതോ വാക്സിനിലെ ബൌ ദ്ധിക സ്വത്തവകാശത്തിന്റെ ഉടമയുടെ അനുമതിയാണോ എന്ന് വ്യക്തമല്ല. (അടിയന്തിര സാഹചര്യമുണ്ടായിട്ടും ഇതുവരെ നിർബന്ധിത ലൈസൻസിംഗിന്റെ നിയമ വ്യവസ്ഥ നടപ്പാക്കി മറ്റു കമ്പനികളില്‍ നിന്നും രാജ്യത്ത് ആവശ്യമുള്ള വാക്സിനുകള്‍ നിര്‍മ്മിച്ചെടുത് അനുമതി നല്‍കാനുള്ള അവസരം ഉപയോഗപ്പെടുത്താതെയിരിക്കുന്ന അവസ്ഥയില്‍ ഈ സ്ഥാപനങ്ങൾക്ക് മാത്രം  ഭാരത് ബയോടെക്കിന്റെ കോവാക്സിൻ നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ ഏത് അധികാരത്തിലാണ് ലൈസൻസ് നൽകിയത് എന്ന് വ്യക്തമല്ല).

ഇതിനിടയില്‍  ഭാരത് ബയോടെക്  സ്വന്തം നിലയില്‍ അമേരിക്കയിൽ 100 ​​ദശലക്ഷം ഡോസ് കോവാക്സിൻ വിതരണം ചെയ്യുന്നതിനായി ഒക്കുജെൻ (occugen ) പോലുള്ള സ്ഥാപനങ്ങളുമായി സ്വന്തമായി പ്രത്യേക കരാറുകളിൽ ഒപ്പുവെച്ചു എന്നതും പ്രധാനമാണ്. കേന്ദ്ര സർക്കാരിന്റെ പൊതു ധനകാര്യ ചട്ടങ്ങൾ 2017 ലെ വ്യവസ്ഥകൾ പ്രകാരം  സ്പോൺസർ ചെയ്ത പ്രോജക്റ്റുകൾക്കോ ​​സ്കീമുകൾക്കോ ​​ധനസഹായം നല്‍കി  പദ്ധതികൾ‌ പൂർ‌ത്തിയാകുമ്പോൾ‌ നേടിയെടുക്കുന്ന ഭൗതികവും ബൗദ്ധികവുമായ ആസ്തികളുടെ / ഉത്പ്പന്നങ്ങളുടെ  ഉടമസ്ഥാവകാശം സ്പോൺ‌സറിൽ‌ നിക്ഷിപ്തമാകുന്ന ഒരു നിബന്ധന നടപ്പാക്കാവുന്നതാണ്  എന്നാണു വിദഗ്ധര്‍ പറയുന്നത്.

ചുരുക്കത്തിൽ, ഭാരത് ബയോടെക്കുമായുള്ള ഐസി‌എം‌ആറിന്റെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള കരാറുകളും കരാര്‍വ്യവസ്ഥകളും സുതാര്യമല്ല. കോവാക്സിൻറെ ബൗദ്ധിക സ്വത്തവകാശം (Patent ) ആരുടേതാണെന്ന് പൊതുസഞ്ചയത്തിൽ വിവരങ്ങളൊന്നുമില്ല. സ്വദേശി വാക്സിന്‍ ആയ കോവാക്സിന്റെ ബൗദ്ധിക സ്വത്തവകാശം ഭാരത് ബയോടെക്കിനും പൊതു ഉടമാസ്തതയില്‍ സർക്കാരിനും ഐസി‌എം‌ആറിനും ചേര്‍ന്ന് ആണോ, അഥവാ ഭാരത് ബയോടെക്  എന്ന സ്വകാര്യ കമ്പനിക്കു മാത്രമാണോ എന്നും വ്യക്തമല്ല.

നിലവില്‍ കോവാക്സിൻ നിര്‍മ്മിക്കാന്‍ ഭാരത് ബയോടെക് കമ്പനിക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സ്ക്ലുസിവ് ലൈസൻസ് നൽകിയിട്ടുള്ളത്. കൂടുതല്‍ മറ്റു നിർമ്മാതാക്കൾക്ക് വാക്സിൻ നിർമ്മിക്കാൻ എക്‌സ്‌ക്ലൂസീവ് അല്ലാത്ത ലൈസൻസുകൾ നൽ കിയാല്‍ അവര്‍ക്കും കൂടി വാക്സിന്‍ നിര്‍മ്മിച്ചും രാജ്യത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ പറ്റുമായിരുന്നു. കോവാക്സിനെക്കുറിച്ചുള്ള എല്ലാ കരാറുകളുടെയും ബൗദ്ധികസ്വത്തവകാശവുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും സുതാര്യമായി  പ്രസിദ്ധീകരിക്കെണ്ടതും അറിയേണ്ടതും ആവശ്യമാണ്‌. ഇക്കാര്യത്തിൽ ഐസിഎംആറും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും മുൻകൈയെടുക്കണം.

  1. ഐ‌സി‌എം‌ആറോ ഇന്ത്യാ ഗവൺമെന്റോ കൊവാക്സിന്റെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ മറ്റു ഇന്ത്യന്‍ കമ്പനികള്‍ക്കും ഇത് ആവശ്യത്തിനു ഉത്പാദിപ്പിക്കാനുള്ള അനുമതിയും നല്‍കണം.
  2. ബൗദ്ധിക സ്വത്തവകാശം ഭരത് ബയോ ടെക്കിനാണെങ്കില്‍  സര്‍ക്കാരിനു അത് മറികടന്നു നിര്‍ബന്ധിത ലൈസന്‍സിംഗ് നല്‍കി മറ്റു കമ്പനികളോട് ഇത് ഉത്പാദിപ്പിക്കാന്‍ ആവശ്യപ്പെടാം/ കോവിഡ് അനുബന്ധ കണ്ടുപിടുത്തങ്ങള്‍ക്കുള്ള  ബൗദ്ധികസ്വത്തവകാശം എടുത്ത കളയണമെന്ന് WTO അധികാരികളോട് ആദ്യം ആവശ്യപ്പെട്ട രാജ്യങ്ങളില്‍ മുന്നില്‍ കൊടിപിടിച്ചത് ഇന്ത്യ ആയിരിന്നു.

രാജ്യം കടന്നു പോകുന്ന അടിയന്തിര ഘട്ടത്തില്‍ പേരില്‍ മാത്രമല്ല “ഭാരത്‌ ബയോ ടെക്:  ഭാരതത്തി”ലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മുൻഗണന നല്‍കണം.


വാല്‍കഷ്ണം :  കേന്ദ്ര സര്‍ക്കാര്‍ വാക്സിനുകളുടെ വില നിജപ്പെടുതാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ ഭാരത് ബയോടെക് തങ്ങള്‍ നിര്‍മ്മിക്കുന്ന കൊവാക്സിനു കൊവീഷീഡിനെക്കാള്‍ ഉയര്‍ന്ന വിലയായായ 600  രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്കും, 1200 രൂപ സ്വകാര്യ ആശുപത്രികള്‍ക്കും നിജപ്പെടുത്തി. രാജ്യത്തെ സര്‍ക്കാരുകളില്‍ നിന്നും ജനങ്ങളില്‍ നിന്നും ,എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ പേരിനു മാത്രം സര്‍ക്കാരുകള്‍ക്ക് നല്കുന്നത്തിന്റെ വില  200 മാത്രം കുറച്ചു 400 രുപയാക്കുകയും ചെയ്തിട്ടുണ്ട്. വാക്സിനുകള്‍ സ്വകാര്യ കമ്പനികളുടെ ലാഭം ഉണ്ടാക്കാനുള്ള വിഭവമല്ല പകരം പൊതു ഉത്പ്പന്നമാണ് അതിനാല്‍ ജങ്ങള്‍ക്ക് വാക്സിന്‍ എത്തിക്കേണ്ടത്‌ സര്‍ക്കാരിന്റെ കടമ യാണെന്ന്   എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.   അവശ്യ മരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിനു വാക്സിനുകളുടെ വില നിയന്ത്രിക്കാനും നിലവില്‍ നിയമ വ്യവസ്ഥയുണ്ട്.

ഇത് വരെ വെറും രണ്ടു ശതമാനം പേര്‍ക്ക്  മാത്രം ഫുള്‍ ഡോസ് വാക്സിന്‍ ലഭിക്കപ്പെട്ട രാജ്യത്ത്  നിര്‍മ്മിച്ച്‌ നല്‍കാന്‍ പറ്റാത്തതിനാല്‍ കടുത്ത വാക്സിന്‍ ക്ഷാമവും നേരിടുകയാണ്.  കൊവാക്സിന്‍ നിര്‍മാതാക്കളായ ഭാരത്‌ ബയോ ടെ ക്കിന്റ്റെ നിര്‍മ്മാണ പ്ലാന്റുകളില്‍  പ്രതിമാസം 60 ലക്ഷം ഡോസുകള്‍ നിര്‍മ്മിക്കാന്‍ മാത്രമേ ശേഷിയുള്ളു.  അതിനാല്‍ വാക്സിനുകളുടെ ഉത്പാദാനം  അടിയന്തിരമായി വര്‍ധിപ്പിക്കേണ്ടതുണ്ട്.


മറ്റുലേഖനങ്ങൾ

Leave a Reply