Read Time:42 Minute

മലയാളിയുടെ സാമൂഹ്യജീവിതത്തിൽ ബഹുജനമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനങ്ങളുടെ വൈപുല്യം പലനിലകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ആരംഭിക്കുന്ന പുസ്തക – പത്ര – മാസികാപ്രസിദ്ധീകരണ സംസ്‌കാരം, രണ്ടാം പകുതിയിൽ സജീവമാകുന്നു. നവോത്ഥാന – ആധുനികതയുടെ ഇടപെടൽ മണ്ഡലങ്ങളായി കരുതിപ്പോരുന്ന നാനാതരം സാമൂഹ്യപ്രസ്ഥാനങ്ങൾക്കു വഴിവച്ചത് മുഖ്യമായും അച്ചടി സാങ്കേതികതയും സാക്ഷരതയും വായനയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി അവസാനിക്കുന്നതാകട്ടെ, അച്ചടിക്കൊപ്പം റേഡിയോ, സിനിമ എന്നീ രണ്ടു പുതിയ മാധ്യമാനുഭവങ്ങളുടെ ആവിർഭാവത്തോടെയാണ്. എങ്കിലും ബഹുജനമാധ്യമം എന്ന വിളിപ്പേര് വാർത്താമാധ്യമങ്ങൾക്കു മാത്രമായി ചുരുങ്ങുന്ന പൊതുകാഴ്ചപ്പാടിൽ, അവ സാംസ്കാരിക മണ്ഡലത്തില്‍ ചെലുത്തുന്ന സ്വാധീനം ചര്‍ച്ച ചെയ്യുകയാണിവിടെ.

സിനിമ എത്രയും ജനപ്രിയമായിരുന്നിട്ടും പത്രം, റേഡിയോ എന്നിവ പോലെ ഒരു ‘മാധ്യമ’മായി കണക്കാക്കപ്പെടുന്നില്ല. പുസ്തകം, മാസിക എന്നിവയുടെ കാര്യവും സമാനമാണ്. നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാകട്ടെ, ടെലിവിഷൻ, ഇന്റർനെറ്റ് എന്നിവയുടെ വരവിനും വളർച്ചയ്ക്കും സാക്ഷിയായി. അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളൊന്നടങ്കം, ഇന്റർനെറ്റ് സൃഷ്ടിച്ച അപാരമായ ഇടപെടൽ സാധ്യതകൾ തുറന്നിട്ട് സ്വയം നവീകരിക്കുകയും പ്രതിനിധാനപരമായി ബഹുജനമാധ്യമകാലം (Mass media age) എന്നു വിളിക്കാവുന്ന ഒരവസ്ഥക്ക് 1990 മുതലുളള ഘട്ടത്തിൽ തുടക്കം കുറിക്കുകയും ചെയ്തു. മുഖ്യമായും ഈ ഘട്ടം മുൻനിർത്തി, അഥവാ ആഗോളവൽക്കരണത്തിന്റെ കാൽനൂറ്റാണ്ട് മുൻനിർത്തി കേരളീയ/മലയാള സാമൂഹ്യജീവിതത്തിൽ ബഹുജനമാധ്യമങ്ങൾ സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രഭാവങ്ങൾ സാമാന്യമായി സൂചിപ്പിച്ചുപോകാൻ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്.

പശ്ചാത്തലം

രാജ്യസമാചാരം – ആദ്യ മലയാള പത്രം

ആദ്യ കേരളീയ അച്ചുകൂടത്തിന്റെ കാലമായ 1824 മുതൽ 1990 വരെയുളള നൂറ്റിയറുപത്തഞ്ചു വർഷങ്ങൾ അച്ചടിമാധ്യമരംഗത്തുണ്ടായ മാറ്റങ്ങൾ വിസ്മയകരമാണ്. കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയ സമവാക്യങ്ങളൊന്നടങ്കം ഏറിയും കുറഞ്ഞും അച്ചടി സൃഷ്ടിച്ച സാംസ്‌കാരികാനുഭവങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക മലയാള സാഹിത്യരൂപങ്ങൾ മുതൽ മലയാളിയുടെ ലോകബോധരൂപീകരണം വരെ; നവോത്ഥാന സാമൂഹ്യമാറ്റങ്ങൾ മുതൽ ദേശീയപ്രസ്ഥാനം വരെ; അറിവിന്റെയും വിനോദത്തിന്റെയും പാഠരൂപങ്ങൾ മുതൽ കേരളീയപൊതുമണ്ഡലങ്ങളുടെ നിർമ്മിതിവരെ എന്തും ഏതും. മലയാളിയുടെ വായനാ സംസ്‌കാരത്തിനും ഐക്യകേരളത്തിന്റെ രാഷ്ട്രീയ പരിണാമങ്ങൾക്കുമൊപ്പം ഇരുപതാം നൂറ്റാണ്ടിൽ അച്ചടിമാധ്യമങ്ങൾക്കുണ്ടായ വളർച്ചയുടെ അച്ചുതണ്ട് വർത്തമാനപ്പത്രങ്ങൾ തന്നെയായിരുന്നു. 1990 കളോടെ സാക്ഷരതാനിരക്കിലും പത്രപ്രചാരത്തിലും മലയാളം കൈവരിക്കുന്ന പുതിയ ഉയരങ്ങൾ ഇതര മാധ്യമങ്ങളുടെ കൂടി പിന്തുണയോടെ രേഖപ്പെടുത്തുന്ന തുടർജീവിതം വിസ്മയകരമായ ഒരു ലോകമാതൃക തന്നെയാണ്.

ശ്രാവ്യ മാധ്യമസംസ്‌കാരത്തിന്റെ വ്യാപനകാലമെന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാണ്. വാർത്തയും ഇതര റേഡിയോ പരിപാടികളും ഭരണകൂടവും ബഹുജനമാധ്യമങ്ങളും തമ്മിലുളള ഉടമ്പടിയുടെ ഭാഗമായിരുന്നിട്ടും വൻ വിശ്വാസ്യത നേടിയെടുത്തു. ഒപ്പം സിനിമയെന്ന എക്കാലത്തെയും വലിയ ജനപ്രിയസംസ്‌കാരത്തോടു കണ്ണിചേർന്ന് ചലച്ചിത്രഗാനങ്ങളുടെ പ്രക്ഷേപണത്തിലൂടെ റേഡിയോ സ്വയം ഒരു ജനപ്രിയമാധ്യമമായി മാറുകയും ചെയ്തു. പത്രം പ്രായേണ ഊന്നൽ കൊടുക്കാതിരുന്ന വിനോദസംസ്‌കാരത്തിന്റെ ഏറ്റെടുക്കലാണ് റേഡിയോയെ പത്രത്തെക്കാൾ ജനപ്രീതിയുളള മാധ്യമമാക്കി മാറ്റിയത്. ടെലിവിഷൻ ഈ സമവാക്യമാണ് കുറെക്കൂടി സമർഥമായി പിന്തുടർന്നത്. സ്വാഭാവികമായിത്തന്നെ ടെലിവിഷനും പത്രത്തെക്കാൾ ജനിപ്രീതി കൈവരിച്ചു. സമാന്തരമായി പത്രങ്ങൾക്കു വളർച്ചയുണ്ടാകുന്ന വിചിത്രമായ ഒരവസ്ഥ നിലവിൽ വന്നെങ്കിലും (1990ൽ പന്ത്രണ്ടുലക്ഷമായിരുന്ന പത്രപ്രചാരം 2013 ൽ നാല്പത്തിനാലു ലക്ഷമായി) സിനിമ വൻതോതിൽ പിൻവാങ്ങി. 1984ൽ ആരംഭിക്കുന്ന ടെലിവിഷൻ കാലം രണ്ടു പതിറ്റാണ്ടുകൊണ്ട് ആറുചാനലുകളായി വികസിച്ചുവെങ്കിൽ മൂന്നാം പതിറ്റാണ്ടിൽ അത് നാല്പതിലധികം ചാനലുകളിലേക്കു വളർന്നു.

പത്രവും ടെലിവിഷനും ജനപ്രിയമായി വളർന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം, നാലാം തലമുറ മാധ്യമങ്ങളുടെ വരവും കണ്ടു. പ്രചാരത്തിന്റെ മൂർധന്യത്തിലായിട്ടും അച്ചടി മുതൽ ടെലിവിഷൻ വരെയുളളവ സാങ്കേതിക തലത്തിൽ പഴയ മാധ്യമങ്ങളായി മാറിയപ്പോൾ കംപ്യൂട്ടർ സാങ്കേതികതയും ഇന്റർനെറ്റ് സാധ്യതയും മുൻനിർത്തുന്ന മാധ്യമങ്ങൾ ‘നവ’മാധ്യമങ്ങളായി രംഗത്തു വന്നു. എന്നു മാത്രമല്ല, മുഴുവൻ ‘പഴയ’ മാധ്യമങ്ങളെയും നവീകരിച്ചുകൊണ്ട് മാധ്യമമണ്ഡലം ഒട്ടാകെത്തന്നെ വിപ്ലവകരമായി അഴിച്ചുപണിയാനും നവമാധ്യമങ്ങൾക്കു കഴിഞ്ഞു. ഇത്തരമൊരു പശ്ചാത്തലത്തിൽ വേണം സമകാല മലയാളിയുടെ ജീവിതത്തെ മാധ്യമങ്ങൾ സാംസ്‌കാരികമായി സ്വാധീനിക്കുന്നതിന്റെ മാനങ്ങൾ ചർച്ചചെയ്യാൻ. പൊതുവിൽ ഗുണാത്മകമെന്നും ഋണാത്മകമെന്നും വിഭജിച്ച്, ബഹുജനമാധ്യമങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രഭാവങ്ങളെ സാമാന്യമായി സൂചിപ്പിക്കാൻ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. മുൻപു ചൂണ്ടിക്കാണിച്ചതുപോലെ, ബഹുജനമാധ്യമകാലം എന്നു വിളിക്കാൻ കഴിയുന്ന ഒരവസ്ഥയും അനുഭവവും യാഥാർഥ്യമാകുന്ന 1990 മുതലുളള ഘട്ടത്തിലാണ് ഈ അവലോകനത്തിന്റെ ഊന്നൽ.

മുഴുവൻ ‘പഴയ’ മാധ്യമങ്ങളെയും നവീകരിച്ചുകൊണ്ട് മാധ്യമമണ്ഡലം ഒട്ടാകെത്തന്നെ വിപ്ലവകരമായി അഴിച്ചുപണിയാന്‍ നവമാധ്യമങ്ങൾക്കു കഴിഞ്ഞു

ഗുണാത്മക സ്വാധീനങ്ങൾ

1. വർധിച്ച മാധ്യമസാക്ഷരത

വാർത്താ, വിനോദ, വിജ്ഞാന മാധ്യമങ്ങൾ ഒന്നടങ്കം സൃഷ്ടിക്കുന്ന ലോകബോധങ്ങളുടെ മണ്ഡലത്തിൽ മലയാളി എത്തിനിൽക്കുന്ന ഇടം, ഇന്ത്യൻ ശരാശരിയെക്കാൾ എത്രയോ ഉയരത്തിലാണ്. മാധ്യമവ്യാപനം, പ്രചാരം, പ്രാപ്യത എന്നിവയോരോന്നും സാധ്യമാക്കുന്ന അടിസ്ഥാനതലം തന്നെയാണ് മാധ്യമ സാക്ഷരതയെന്നത്. പൊതുവിദ്യാഭ്യാസത്തിന്റെയും ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങളുടെയും സാംസ്‌കാരിക സൂചകങ്ങളുടെയും ക്രിയാത്മക നിർമ്മിതിയെന്ന നിലയിൽ മലയാളി കൈവരിക്കുന്ന മാധ്യമസാക്ഷരതക്ക്, മലയാളിയുടെ മാനവവികസന സൂചികയിൽ മുഖ്യ പങ്കാണുളളത്. വായന, കേൾവി, കാഴ്ച എന്നീ പരമ്പരാഗത മാധ്യമാനുഭവങ്ങളിൽ നിന്നു മുന്നോട്ടു പോയി നവമാധ്യമങ്ങൾ നൽകുന്ന പങ്കാളിത്തത്തിന്റെ കൂടി സാധ്യതയിൽ മലയാളി കൈവരിക്കുന്ന മാധ്യമജീവിതം അതിനാൽതന്നെ, മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഗുണാത്മക സ്വാധീനങ്ങളിൽ പ്രമുഖമാകുന്നു.

2. സ്ത്രീകളുടെ മാധ്യമപ്രാപ്യതയും അതു സൃഷ്ടിക്കുന്ന ദൈനംദിന ജീവിതമാറ്റങ്ങളും.

അച്ചടിമാധ്യമങ്ങളും അവ സൃഷ്ടിച്ച രാഷ്ട്രീയ പൊതുമണ്ഡലവും വൻതോതിൽ പുരുഷകേന്ദ്രിതമായിരുന്നുവെങ്കിലും ജനപ്രിയവാരികകൾ സൃഷ്ടിച്ച നോവൽ വായനാസംസ്‌കാരം ഏറിയകൂറും സ്ത്രീകേന്ദ്രിതമായിരുന്നു. അതുവഴി മലയാള സാഹിത്യപൊതുമണ്ഡലത്തിന്റെ പിൽക്കാല പ്രവണതകളിൽ ഏറ്റവും പ്രമുഖമായി മാറി, സ്ത്രീകളുടെ വായനാപങ്കാളിത്തം. പുരുഷ പ്രാതിനിധ്യം ഏറെ കൂടുതലുണ്ടായിരുന്ന വായനശാലകൾ സൃഷ്ടിച്ച വായനാസംസ്‌കാരത്തിൽനിന്നു പോലും ഭിന്നമായിരുന്നു ഇത്. ഈ ജനപ്രിയസാഹിത്യവായനയുടെ തുടർച്ചയാണ് തൊണ്ണൂറുകളിലാരംഭിക്കുന്ന ടെലിവിഷൻ പരമ്പരകൾക്കുണ്ടായ സ്ത്രീപ്രേക്ഷകരുടെ വൻപിന്തുണ. ടെലിവിഷൻ എന്ന മാധ്യമത്തിന്റെ നിലനിൽപ്പുതന്നെ സാധ്യമാക്കുന്ന പരസ്യവിപണിയും ഗാർഹികമാധ്യമം എന്ന നിലയിൽ ടെലിവിഷനു കൈവന്ന സാമൂഹ്യപദവിയും ഒരേനിലയിൽ ഈ സ്ത്രീപ്രേക്ഷകരെയാണ് ആധാരമാക്കുന്നത്. എൺപതുകളിൽ ഏതാണ്ടു പൂർത്തീകരിച്ച സാക്ഷരതാ മുന്നേറ്റത്തിനും ശേഷമാണ് മലയാളിസ്ത്രീ ഈവിധം ഭിന്നമായ ഒരു മാധ്യമാനുഭവത്തിന്റെ പങ്കാളിത്തം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നത്. പൊതുജീവിതത്തിലെ സ്ത്രീസാന്നിധ്യം ഇത്രമേൽ പ്രത്യക്ഷവും കരുത്തുറ്റതുമാക്കുന്നതിനു പിന്നിലെ മാധ്യമസ്വാധീനം ഒട്ടും ചെറുതല്ല എന്നർഥം.

3. അഭിപ്രായരൂപീകരണ ശേഷിയും സാമൂഹിക ഇടപെടൽ ശേഷിയും നിർമ്മിക്കുന്നതിലെ പങ്ക്.

ഏതു സമൂഹത്തിലും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന അടിസ്ഥാന രാഷ്ട്രീയമാറ്റം പൊതുജനാഭിപ്രായത്തിന്റെ രൂപീകരണമാണല്ലോ. ആധുനികതയുടെ സാമൂഹ്യശാസ്ത്രം തന്നെയും മാധ്യമങ്ങൾ നേതൃത്വം കൊടുത്ത പൊതുജനാഭിപ്രായരൂപീകരണത്തെയാണ് ആധാരമാക്കുന്നത്. ഹേബർമാസിയൻ പരികല്പനയായ പൊതുമണ്ഡലം മുതൽ ജനാധിപത്യ സാമൂഹ്യക്രമങ്ങളുടെ ഏതുമാനവും മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഈ സാമൂഹ്യ പ്രഭാവത്തിൽ അധിഷ്ഠിതമാണ്. ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടുകാലം കേരളത്തിലുണ്ടായിട്ടുളള ഏതു സാമൂഹ്യ മുന്നേറ്റത്തിനും പിന്നിൽ കേരളീയ പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളെ പലനിലകളിൽ സ്വാധീനിച്ചുകൊണ്ട് മാധ്യമങ്ങൾ നടത്തിയ ഇടപെടൽ ശ്രദ്ധേയമാണ്. ഇതുതന്നെയാണ് ഒരു ജനാധിപത്യ സാമൂഹ്യക്രമം നിലനിർത്തുന്നതിൽ അവ വഹിച്ച മുഖ്യപങ്ക് എന്നു നിസംശയം പറയാം. ഏകപക്ഷീയമായി ആശയങ്ങൾ അടിച്ചേല്പിച്ചിരുന്ന കാലം മാറുകയും ഒരുതരം ഉഭയരാഷ്ട്രീയം മാധ്യമ – പ്രേക്ഷക ബന്ധത്തിൽ നിലവിൽ വരികയും ചെയ്തിരിക്കുന്നു.

4. ഭിന്ന മേഖലകളിൽ സാധ്യമാകുന്ന സാമൂഹിക ജാഗ്രതയുടെ വ്യാഖ്യാനം.

പൊതുജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് ഒരു സമൂഹത്തിന്റെ പൊതുഘടന ജനാധിപത്യപരമായി നിലനിർത്തുന്നതിലും സംവാദാത്മകമായി സാമൂഹിക വിഷയങ്ങളിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കുന്നതിലും ഇക്കാലയളവിൽ മാധ്യമങ്ങൾ കാണിക്കുന്ന താൽപര്യം അപൂർവമായ ഒന്നുതന്നെയാണ്. മുൻപു പറഞ്ഞതുപോലെ നവമാധ്യമ സാങ്കേതികതയുടെ അടിസ്ഥാനഘടകംതന്നെയായ പങ്കാളിത്താനുഭവത്തിന്റെ വിപുലമായ പ്രയോഗസാധ്യതകളാണ് ഇവിടെ മുഴുവൻ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നത്. ഒരു സമൂഹത്തെ ജനാധിപത്യക്രമത്തിൽ നിലനിർത്തുന്നതിന്, അഭിപ്രായ രൂപീകരണത്തിലെന്നപോലെ തന്നെ മാധ്യമങ്ങൾ പാലിക്കേണ്ട ജാഗ്രതകളിലൊന്നായി മാറുന്നു സാമൂഹിക വിഷയങ്ങളിൽ ഇടപെടേണ്ടതിന്റെ ജാഗ്രതയും എന്ന് ചുരുക്കം.

5. ആദിവാസി, ദലിത് തുടങ്ങിയ ദുർബ്ബല വിഭാഗങ്ങൾക്കും അവരുടെ ജീവിതപ്രശ്‌നങ്ങൾക്കും ലഭിക്കുന്ന ശ്രദ്ധയും പിന്തുണയും

മുൻപെന്നത്തെക്കാളും കേരളീയസമൂഹത്തിന്റെ മുഖ്യധാരയിൽ ദലിത്, ആദിവാസി പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനുളള ഏറ്റവും പ്രധാന കാരണം മാധ്യമങ്ങളുടെ ഇടപെടലാണ്. വിശേഷിച്ചും സ്വത്വരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ആവിർഭാവവും മാധ്യമങ്ങളിൽ അവയ്ക്കു കിട്ടുന്ന വൻപ്രാതിനിധ്യവും സൃഷ്ടിച്ച മാറ്റങ്ങളെത്തുടർന്ന്. പൊതുസമൂഹത്തിന്റെയും പൊതുമാധ്യമങ്ങളുടെയും ദൈനംദിന രാഷ്ട്രീയ അജണ്ടയിൽ ഭൂമിപ്രശ്‌നം മുതലുളള നിരവധി വിഷയങ്ങളിലൂന്നി ദലിത് – ആദിവാസി ജീവിതങ്ങൾക്കു കൈവരുന്ന പ്രാധാന്യം അപൂർവമായ ഒരു തലം തന്നെയാണ്. മാധ്യമങ്ങൾ സ്വയം പുലർത്തിയിരുന്ന സവർണ, വരേണ്യ സ്വഭാവങ്ങൾ മാറ്റിവയ്ക്കാൻ അവ പലപ്പോഴും നിർബ്ബന്ധിതമാകുകതന്നെ ചെയ്യുന്നു.

6. പ്രാദേശിക, ജനകീയ പ്രശ്‌നങ്ങൾക്കു കൈവരുന്ന പൊതുസമൂഹ ശ്രദ്ധയും പരിഹാരവും.

ദേശീയ, ഭരണകൂട വിഷയങ്ങളിൽ ഊന്നിനിന്നിരുന്ന മാധ്യമങ്ങൾ അവയുടെ ജനപ്രീണനത്തിന്റെ കൂടി ഭാഗമായാവണം, 1990 കളോടെ വൻതോതിൽ പ്രാദേശികവൽകൃതമായിത്തുടങ്ങുന്നു. പത്രങ്ങൾ അവയുടെ കൂടുതൽ കൂടുതൽ എഡിഷനുകളിലൂടെ നിർവഹിക്കുന്ന ഈ ദൗത്യം ടെലിവിഷൻ അതിന്റെ ഭിന്നവാർത്താ ബുളളറ്റിനുകളിലൂടെ നിർവഹിക്കുന്നു. അതേസമയംതന്നെയാണ് ജനകീയപ്രശ്‌നങ്ങളിലെ ഇടപെടൽ മാധ്യമങ്ങളുടെ പ്രഖ്യാപിത അജണ്ടതന്നെയാക്കി മാറ്റുന്നത്. പരിസ്ഥിതി, ജീവിതാവശ്യങ്ങൾ, വികസനം….എന്നിങ്ങനെ എത്രയെങ്കിലും മേഖലകളിൽ മാധ്യമങ്ങൾ പുലർത്തുന്ന തുടർച്ചയായ ജാഗ്രതയും ഭരണകൂട വിമർശനവും ഒരു വശത്ത്. സ്വന്തം വിപണിതാൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ വർഗീയത, അഴിമതി തുടങ്ങിയവയ്‌ക്കെതിരെ സ്വീകരിക്കുന്ന നയസമീപനങ്ങൾ മറുവശത്ത്.

7. മനുഷ്യാവകാശം, വിവരാവകാശം…. പൗരസമൂഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരെന്ന നിലയിൽ മാധ്യമങ്ങൾ

ആഗോളതലത്തിലും ദേശീയതലത്തിലും കഴിഞ്ഞ കാൽനൂറ്റാണ്ട് സാക്ഷ്യം വഹിച്ച ശ്രദ്ധേയമായ സാമൂഹ്യപ്രതിഭാസങ്ങളിലൊന്നാണ് മനുഷ്യാവകാശപ്രസ്ഥാനങ്ങൾക്കുണ്ടായ അഭൂതപൂർവമായ പ്രചാരവും പ്രസക്തിയും. ഒരു വശത്ത് നവമാധ്യമങ്ങൾ മുഴുവൻ പഴയ മാധ്യമങ്ങളെയും മറികടന്നു വളരുന്നു; മറുവശത്ത് ഇതേ നവമാധ്യമങ്ങളെപ്പോലും ഭരണകൂടങ്ങൾ നിയന്ത്രണത്തിലാക്കുന്നു. എഡ്വേർഡ് സ്‌നോഡനെപ്പോലുളളവർ നടത്തുന്ന ആഗോളമാധ്യമ ഒളിപ്പോരുകളുടെ പശ്ചാത്തലം ഓർമിക്കുക. കേരളത്തിൽതന്നെയും നിരവധിയായ മനുഷ്യാവകാശ, വിവരാവകാശ പ്രവർത്തകരും സംഘടനകളും തുടക്കംകുറിച്ച സാമൂഹ്യ ഇടപെടലുകൾക്ക് മാധ്യമങ്ങൾ നൽകുന്ന പിന്തുണയും പ്രചാരവും പുതിയ ഒരു സാമൂഹ്യ ഭൂമിശാസ്ത്രത്തിനുതന്നെ രൂപം നൽകിയിട്ടുണ്ടെന്നു കാണാം.

8. സാങ്കേതിക മാറ്റങ്ങളും ആഗോള സമൂഹബന്ധവും

സൈബർസംസ്‌കാരം മാത്രമല്ല, അച്ചടി, ശ്രാവ്യ, ദൃശ്യ മാധ്യമങ്ങളുടെ രംഗത്തും സാങ്കേതികത കൈവരുത്തുന്ന ഏറ്റവും പ്രത്യക്ഷമായ ഫലം മലയാളിയും ആഗോളസമൂഹത്തിന്റെ ഭാഗമാകുന്നു എന്നതാണ്. പരമ്പരാഗതമാധ്യമങ്ങളിൽ നിന്ന് നവമാധ്യമങ്ങൾക്കുളള ഏറ്റവും വലിയ വ്യത്യാസങ്ങളിലൊന്ന് അവയുടെ ആശയ – വാർത്താവിനിമയ സാധ്യതയാണല്ലോ. ഏറ്റവും കുറഞ്ഞ ചെലവിൽ സ്ഥലകാലങ്ങൾ റദ്ദായിപ്പോകുന്ന വേഗത്തിൽ ആഗോള പൗരരായി മാറാൻ നവമാധ്യമങ്ങൾ മലയാളിയെ സഹായിക്കുന്നു. ഒപ്പം പരമ്പരാഗത മാധ്യമങ്ങളോരോന്നിന്റെയും നവമാധ്യമരൂപം മുഴുവൻ മാധ്യമങ്ങളുടെയും സാന്നിധ്യം ഉറപ്പുനൽകുകയും ചെയ്യുന്നു. ഒട്ടേറെ അധിനിവേശങ്ങളും ചൂഷണങ്ങളും നിലനിൽക്കുന്ന ആഗോളവൽക്കരണത്തിന്റെ ഗുണഫലങ്ങളിലൊന്നായി കരുതാവുന്ന സാങ്കേതികതയുടെ ഈ ലഭ്യതയും ജനാധിപത്യവൽകൃത സ്വരൂപവും മാധ്യമങ്ങളിലാണ് അതിന്റെ വിശ്വരൂപം പ്രകടിപ്പിക്കുന്നത്.

9. ഭരണകൂട നിയന്ത്രണത്തിനും കോർപ്പറേറ്റ് കുത്തകവൽക്കരണത്തിനുമെതിരായ മാധ്യമജാഗ്രത

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽതന്നെ മാധ്യമങ്ങളുടെ കുത്തകവൽക്കരണത്തിനും മാധ്യമരംഗത്തെ ഭരണകൂട ഇടപെടലിനുമെതിരായ നിരവധി വിമർശനങ്ങൾ രൂപംകൊണ്ടിരുന്നു. നോംചോംസ്‌കിയുൾപ്പെടെയുളളവർ അമേരിക്കൻ ഭരണകൂടവും കോർപ്പറേറ്റ് മാധ്യമങ്ങളും തമ്മിലുണ്ടാക്കിയ രഹസ്യ ഉടമ്പടിയുടെ മറനീക്കിക്കാണിക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് ലോകത്തെവിടെയും മാധ്യമങ്ങൾ നിലകൊളളുന്നത് മുഖ്യമായും മേല്പറഞ്ഞ നിലപാടുകൾക്കൊപ്പവും വിരുദ്ധവുമായ രണ്ടു ധ്രുവങ്ങളിലാണ് എന്നുതന്നെ പറയാം. വിക്കിലീക്‌സ് തുറന്നുവിട്ട മഹാഭൂതം കഴിഞ്ഞ അരദശകക്കാലമായി ലോകമാധ്യമരംഗത്തു മാത്രമല്ല, രാഷ്ട്രീയരംഗത്തും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവങ്ങൾ ഓർമ്മിക്കാം. മാധ്യമകുത്തകകൾ എന്ന ആശയം തന്നെയാണ് ഇന്ത്യയിലും, മലയാളത്തിൽപോലും അടിസ്ഥാനപരമായി ചർച്ചചെയ്യേണ്ട വിഷയങ്ങളിലൊന്ന്. അൽ-ജസീറ ടെലിവിഷൻ പാശ്ചാത്യ കുത്തക ടെലിവിഷൻ ചാനലുകൾക്കെതിരെ രൂപപ്പെടുത്തിയ പ്രതിരോധം മുതൽ അസാഞ്ചെയും സ്‌നോഡനും മറ്റും ലോകത്തെ ഏറ്റവും വിശ്വാസ്യതയുളള പത്രങ്ങളിലൂടെ തങ്ങളുടെ രേഖകൾ പുറത്തുവിട്ടതു വരെ ഉദാഹരണമാണ്. ഇന്ത്യയിൽതന്നെ ടെഹൽക്ക മുതൽ കോബ്രാപോസ്റ്റ് വരെയുളള ചെറുകിട അച്ചടി – നവമാധ്യമങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയഭൂകമ്പങ്ങളും ഓർക്കാം.

10. പങ്കാളിത്ത ജനാധിപത്യവും മാധ്യമസംസ്‌കാരവും.

പലനിലകളിൽ മാധ്യമീകൃതമായി സംഭവിക്കുന്ന പൊതുസമൂഹ പരിണാമങ്ങളാണ് നവരാഷ്ട്രീയ പ്രസ്ഥാനങ്ങളോരോന്നിന്റെയും ഊർജ്ജസ്രോതസ്. സ്വത്വരാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ചു സൂചിപ്പിച്ചു. സമാനമാണ് നവജനാധിപത്യ പ്രസ്ഥാനങ്ങളും. വിശേഷിച്ചും ആഗോളവൽക്കരണകാലത്ത് മുതലാളിത്ത രാജ്യങ്ങളിലും പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും മതഭരണകൂടങ്ങൾ നിലനിന്ന രാജ്യങ്ങളിലും ഇന്ത്യപോലുളള ജനാധിപത്യ രാജ്യങ്ങളിലും ഒരേപോലെ പ്രകടമാകുന്ന ജനകീയ രാഷ്ട്രീയ മുന്നേറ്റങ്ങൾ. ഇവയ്ക്ക് മാധ്യമങ്ങൾ വിശേഷിച്ചും ടെലിവിഷൻ, സാമൂഹ്യ മാധ്യമങ്ങൾ, മൊബൈൽഫോൺ തുടങ്ങിയവ നൽകുന്ന പ്രചാരവും പിൻബലവും ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണല്ലോ ഇന്ന്. അണ്ണാഹസാരെ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പു വിജയവും മുൻനിർത്തി ഇന്ത്യൻ സാഹചര്യത്തിലും പങ്കാളിത്ത ജനാധിപത്യമെന്ന രാഷ്ട്രീയസംസ്‌കാരത്തിന് മാധ്യമങ്ങളിലൂടെ കൈവരുന്ന മൂർത്തരൂപം വിശദീകരിക്കാൻ കഴിയും.

ഋണാത്മക സ്വാധീനങ്ങൾ

1. ആഗോളവൽക്കരണ നയങ്ങൾക്കു കൈവന്ന പൊതുസ്വീകാര്യത.

പൊതുസമൂഹത്തിന്റെ പ്രതിനിധികളെന്ന നിലയിൽ മാധ്യമങ്ങൾ വിപണിയോടും സമ്പദ്ഘടനയോടും സ്വീകരിക്കുന്ന നയസമീപനം ആഗോളവൽക്കരണത്തിനും നവകൊളോണിയലിസത്തിനും അനുകൂലമാണ്. സാങ്കേതിക സംസ്‌കാരത്തിലൂടെ നടപ്പാകുന്ന മാധ്യമകേന്ദ്രിതമായ നവകൊളോണിയലിസത്തെക്കുറിച്ച് സിയാവുദ്ദീൻ സർദാറിനെപ്പോലുളളവർ വിശദീകരിക്കുന്നുണ്ട് സാംസ്‌കാരിക സാമ്രാജ്യത്തത്തിന്റെ ജിഹ്വകളായി മാറിയിരിക്കുന്നു, ബഹുജനമാധ്യമങ്ങൾ. വാർത്താ, വിനോദ, വിജ്ഞാന മാധ്യമങ്ങളിലൊന്നടങ്കം നടപ്പാകുന്ന മാറ്റങ്ങളുടെ കേന്ദ്രതത്വംതന്നെ ‘ആഗോളവൽകൃതമാകുക, അല്ലെങ്കിൽ തിരോഭവിക്കുക’ എന്നതാണ്. സാങ്കേതികത മാത്രമല്ല ഇവിടത്തെ ഘടകം. ഉളളടക്കം, സമീപനം, ഭാഷ, രാഷ്ട്രീയം എന്നിങ്ങനെ എന്തും ഏതും ഇത്തരമൊരവസ്ഥയെയാണ് ലക്ഷ്യമിടുന്നതും മാർഗമാക്കുന്നതും. വലിയൊരു ശതമാനം ജനങ്ങളെ പുറമ്പോക്കിലാക്കിക്കൊണ്ടുതന്നെ മേൽക്കൈ നേടുന്ന ഒരു പൊതുബോധമായി ഈയവസ്ഥയെ മാധ്യമങ്ങൾ ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു.

2. വിപണിനിഷ്ഠവും ഉപഭോഗനിഷ്ഠവുമായ ജീവിതമൂല്യങ്ങളുടെ വ്യവസ്ഥാപനം.

കമ്പോളവും വസ്തുതകളും സൃഷ്ടിക്കുന്ന ഉപഭോഗസംസ്‌കാരമെന്നത്, ചരിത്രത്തിൽ മുൻപൊരിക്കലുമില്ലാത്തവിധം ദൈനംദിന ജീവിതത്തിന്റെ മതവും വിശ്വാസവുമായി പരിണമിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് എത്ര വലുതാണ്! മധ്യ, ഉപരിവർഗ ജീവിതരതികൾക്കും രീതികൾക്കും ലഭിക്കുന്ന സ്വീകാര്യതയെക്കാൾ നമ്മെ ഭയപ്പെടുത്തുന്നത്, അവയ്ക്കു മാത്രം ലഭിക്കുന്ന മാധ്യമപിന്തുണയാണ്. വിപണിതാൽപര്യങ്ങൾ ബലികഴിച്ചുകൊണ്ടോ മറികടന്നുകൊണ്ടോ ഒരു മാധ്യമസംസ്‌കാരവും നിലനിൽക്കുന്നില്ല എന്നിടത്തോളം എത്തിയിരിക്കുന്നു, കാര്യങ്ങൾ. ബദൽ, ചെറുകിട, പ്രാദേശിക, പ്രതിരോധ… മാധ്യമങ്ങളൊന്നടങ്കം തിരോഭവിക്കുകയും മുഖ്യധാരാമാധ്യമങ്ങൾ വിപണികേന്ദ്രിതമായ ഒരു മാധ്യമ, ജീവിത, മനുഷ്യസംസ്‌കാരത്തിന്റെ വക്താക്കളും പ്രചാരകരുമായി മാറുകയും ചെയ്തിരിക്കുന്നു. ‘മനുഷ്യർക്കു ചുറ്റും മനുഷ്യരുണ്ടായിരുന്ന കാലത്തുനിന്നും മനുഷ്യർക്കു ചുറ്റും വസ്തുക്കൾ മാത്രമുളള കാലത്തേക്കുണ്ടായ മാറ്റം’ എന്ന് ഇത്തരമൊരവസ്ഥയെ ബോദിലാദിനെപ്പോലുളളവർ വിശേഷിപ്പിക്കുന്ന പശ്ചാത്തലവും മറ്റൊന്നല്ല.

3. വ്യാജപൊതുമണ്ഡലങ്ങളുടെ നിർമിതി

ആധുനികതയിൽ മാധ്യമങ്ങൾ നിർവഹിച്ച ഏറ്റവും ക്രിയാത്മകമായ സാമൂഹ്യദൗത്യം സാഹിതീയവും രാഷ്ട്രീയവുമായ പൊതുമണ്ഡലങ്ങളുടെ നിർമിതിയായിരുന്നുവെങ്കിൽ ഇപ്പോൾ അവ നിർവഹിക്കുന്ന ദൗത്യങ്ങളിലൊന്ന് വ്യാജപൊതുമണ്ഡലങ്ങളുടെ നിർമിതിയാണ്. ജനാധിപത്യത്തെത്തന്നെ വ്യാജമായി നിർവചിച്ചുകൊണ്ട്, രാഷ്ട്രീയ സമൂഹങ്ങൾക്കു പകരം മതസമൂഹങ്ങൾക്കും ഇതര സാമുദായിക സമൂഹങ്ങൾക്കും പിന്തുണ നൽകുകവഴി മാധ്യമങ്ങൾ ഈ വിപര്യയത്തിൽ പങ്കുചേരുന്നു. സമാന്തരമായി രാഷ്ട്രീയസമൂഹങ്ങൾ പിന്തിരിപ്പനും ജനവിരുദ്ധവുമാണെന്ന പ്രചാരണവും സജീവമാകുന്നു. വ്യാജബിംബങ്ങളുടെ നിർമിതിയാണ് ഈ രംഗത്തെ പ്രവണതകളിലൊന്ന്.

4. വർഗീയതക്കു കൈവരുന്ന പൊതുസ്വീകാര്യത.

വിദ്യാഭ്യാസം മുതൽ രാഷ്ട്രീയം വരെയുളള മണ്ഡലങ്ങളിൽ മതേതര, പുരോഗമന, ജനാധിപത്യ നിലപാടുകൾ പിന്തളളപ്പെടുകയും ശാസ്ത്രീയവും യുക്തിബദ്ധവുമായ കാഴ്ചപ്പാടുകൾ നിരാകരിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ വ്യാപകമായിക്കഴിഞ്ഞു. മാധ്യമങ്ങൾ ഇതിനൊപ്പമാണ് പൊതുവെ നിലയുറപ്പിച്ചിട്ടുളളത്. ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിൽ രണ്ടു തലങ്ങളിലാണ് ഈ മാധ്യമരാഷ്ട്രീയം പ്രവർത്തിക്കുന്നത്. ഒന്ന്, പൊതുസമൂഹത്തിൽ രൂപംകൊളളുന്ന മതമൗലികവാദ സമീപനങ്ങൾക്കു മേൽക്കൈ ലഭിക്കുംവിധം അവ തങ്ങളുടെ നിലപാടുകൾ രൂപപ്പെടുത്തുന്നു. രണ്ട്, പൊതുമാധ്യമങ്ങൾക്കൊപ്പം മതമാധ്യമങ്ങളുടെയും ഒരു സമാന്തരലോകം രൂപപ്പെടുന്നു. വിശേഷിച്ചും ദൃശ്യ, നവമാധ്യമരംഗങ്ങളിൽ. വംശീയത, മതവിദ്വേഷം, ജാതിവാദം തുടങ്ങിയവയൊക്കെ പലനിലകളിൽ ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനം. പലപ്പോഴും അത്രമേൽ വിമർശനാത്മകമാകാറില്ല എന്നതാണ് വസ്തുത. ‘മൃദുവർഗീയത’ എന്ന ഒന്ന് പൊതുവിൽ സ്വീകാര്യമായിക്കഴിഞ്ഞിരിക്കുന്നു പല സമൂഹങ്ങളിലും. ന്യൂനപക്ഷ, മത, ജാതിവിവേചനങ്ങളുടെ സ്വരം മാധ്യമങ്ങളിൽ നേരിട്ടും അല്ലാതെയും മുഴങ്ങാറുണ്ട് എന്നതാണ് വസ്തുത.

5. ഭരണകൂട ഇടപെടലും നിയന്ത്രണവും

തുടക്കം മുതൽതന്നെ ബഹുജനമാധ്യമങ്ങളുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന് ഭരണകൂട വിമർശനമായിരുന്നു. അതുകൊണ്ടുതന്നെ പലനിലകളിലുളള മാധ്യമ നിയന്ത്രണനിയമങ്ങൾ സർക്കാരുകൾ കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ചിലതരം ഭരണകൂടങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനംതന്നെ നിരോധിക്കുന്നു. റേഡിയോ മാത്രമാണ് ഇതിൽനിന്നു ഭിന്നമായത് – കാരണം ഭരണകൂട ഉടമസ്ഥതയിലായിരുന്നു അതു നിലനിന്നത്. ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും പലഘട്ടങ്ങളിലും ഭരണകൂടത്തിന്റെ ചട്ടുകമായും ചിലപ്പോഴൊക്കെ ചാട്ടവാറായും പ്രവർത്തിച്ച ചരിത്രം നമുക്കുണ്ട്. സമ്മതിനിർമാണത്തിന്റെ ഭിന്നമുഖങ്ങൾ മാധ്യമങ്ങൾക്കുണ്ട് എന്നു ചുരുക്കം. നവമാധ്യമങ്ങൾ കുറെക്കൂടി സ്വതന്ത്രവും ജനാധിപത്യപരവും ഭരണകൂട നിയന്ത്രണത്തിൽനിന്നു മുക്തവുമാണ് – കാരണം അതിന്റെ മൂലധന സ്വഭാവംതന്നെ. അതേസമയംതന്നെ, ‘സ്വകാര്യതയുടെ അന്ത്യം’ എന്നുപോലും വിശേഷിപ്പിക്കാവുന്നവിധം നവമാധ്യമങ്ങളിൽ ഭരണകൂട ഇടപെടൽ ശക്തമാകുന്നതിനെക്കുറിച്ചാണ് അസാഞ്ചെയും സ്‌നോഡനുമൊക്കെ തെളിവുനൽകുന്നത്. അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ കാവൽനായ്ക്കളാകേണ്ട മാധ്യമങ്ങൾക്ക് അതിനു കഴിയാതെവരുന്നതിന്റെ മുഖ്യകാരണം ഭരണകൂട ഇടപെടലും നിയന്ത്രണവും തന്നെയാണ്. രണ്ടാമതേ വരുന്നുളളൂ, മൂലധന – വിപണിതാൽപര്യങ്ങൾ.

6. നിഗൂഢമാകുന്ന സാമ്പത്തിക സ്രോതസ്സും നിക്ഷേപങ്ങളും

ബഹുജനമാധ്യമങ്ങളുടെ വർത്തമാനകാലം നമ്മെ ഭീതിപ്പെടുത്തുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഈ രംഗം കയ്യടക്കിക്കഴിഞ്ഞ നിഗൂഢമായ നിക്ഷേപങ്ങളാണ്. പരമ്പരാഗതമായി പത്രങ്ങൾക്ക് ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നില്ല. ചില കുടുംബങ്ങളോ, ട്രസ്റ്റുകളോ, സംഘടനകളോ ഒക്കെ നിയന്ത്രിച്ചിരുന്നവയാണ് പത്രങ്ങൾ. എന്നാൽ ടെലിവിഷൻ രംഗം അങ്ങനെയല്ല. നാൽപതിലധികം ചാനലുകൾ ഉണ്ട് മലയാളത്തിൽ തന്നെ. തൊണ്ണൂറു ശതമാനം ചാനലുകളുടെയും ഉടമസ്ഥത, നിക്ഷേപം, മൂലധനം തുടങ്ങിയവയൊക്കെ നിഗൂഢമാണ്. സ്വാഭാവികമായും സാമ്പത്തികം ലാഭം മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം  എന്നു വരുന്നു. ഭരണകൂടത്തെ സ്വാധീനിക്കുക, സ്വകാര്യവത്കരണം നടപ്പാക്കുക, പൊതു സമൂഹത്തിന്റെ നയസമീപനങ്ങളെ സ്വാധീനിക്കുകയും പരുവപ്പെടുത്തുകയും ചെയ്യുക, മുതലാളിത്ത, മതാത്മക , സാമ്രാജ്യത്ത…അജണ്ടൾക്കു പ്രാമാണ്യം നേടിക്കൊടുക്കുക, തരാതരം പോലെ മാറി മറിയുന്ന  സ്വകാര്യതാൽപര്യങ്ങളുടെ മണ്ഡലമായി മാധ്യമങ്ങൾ മാറുന്നു.

7. ഇടതുപക്ഷ രാഷ്ട്രീയ, മാധ്യമ സംസ്‌കാരങ്ങൾക്കുണ്ടായ വ്യതിയാനം

ലോകത്തെവിടെയും സാമ്രാജ്യത്വ, മുതലാളിത്ത, മതാത്മക രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മാധ്യമനയങ്ങൾക്കെതിരെ രൂപം കൊള്ളുന്ന വിമർശനങ്ങളിലൊന്ന് ഇടതുപക്ഷത്തിന്റെതാണ്. കേരളത്തിലും സമീപകാലം വരെ അത് അങ്ങനെ ആയിരുന്നു. എന്നാൽ ആഗോളവൽകരണക്കാലത്ത് കാര്യങ്ങൾ മാറിമറിഞ്ഞു. സാമ്രാജ്യത്വ, മുതലാളിത്ത താൽപര്യങ്ങൾ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വിമർശന മേഖലയല്ലാതായി മാറിയെന്നു മാത്രമല്ല, അവ സ്വയം ഉൾക്കൊണ്ട് രാഷ്ട്രീയം മുതൽ മാധ്യമം വരെയുളള മണ്ഡലങ്ങളിൽ സ്വന്തം നയപരിപാടികൾ വ്യതിചലിപ്പിക്കാൻ അവ താൽപര്യം കാണിക്കുകയും ചെയ്യുന്നു. നാനാതരം ബഹുജന മാധ്യമങ്ങളെ ആശയപ്രചാരണത്തിനും രാഷ്ട്രീയവിദ്യഭ്യാസത്തിനും ഉപയോഗപ്പെടുത്തിയിരുന്ന ഇടതുപക്ഷം അവയൊന്നടങ്കം പുത്തൻ മുതലാളിത്ത നയങ്ങൾക്കനുകൂലമായി പരിവർത്തിപ്പിക്കുകയും വലതുപക്ഷ അജണ്ടകൾ ഏറ്റെടുത്തു മുന്നോട്ടു പോകുകയും ചെയ്യുന്ന അവസ്ഥ രൂപം കൊണ്ടു.

8. ദൃശ്യവൽകൃതവും ശരീരകേന്ദ്രിതവുമായ സെൻസേഷണലിസത്തിന്റെ വ്യാപനം

ദൃശ്യമാധ്യമങ്ങളുടെ മാത്രം രീതിയല്ല, ഇത്. മുഴുവൻ മാധ്യമങ്ങളും ഭാവുകത്വപരമായി ദൃശ്യവൽക്കരിക്കപ്പെടുകയും ശരീരവും അതിന്റെ നാനാതരം കാഴ്ചാരീതികളും ഈ ഭാവുകത്വത്തിന്റെ രീതിശാസ്ത്രമായി മാറുകയും ചെയ്യുന്നു. അച്ചടി, ശ്രവ്യ, നവ മാധ്യമങ്ങൾ ഒരുപോലെ തന്നെ ദൃശ്യമാധ്യമങ്ങളാകുന്ന പശ്ചാത്തലമിതാണ്. വാർത്ത, വിനോദം, വിജ്ഞാനം, പരസ്യം എന്നീ നാലു മണ്ഡലങ്ങളിലും ഇതിനു മാറ്റമില്ല, എന്നുതന്നെയുമല്ല ദൃശ്യവൽക്കരിക്കാതെ നിലനിൽക്കാനാവാത്ത അവസ്ഥയിലേക്ക് മുഴുവൻ മാധ്യമ രൂപങ്ങളും വന്നു കഴിഞ്ഞുവെന്നും പറയാം. ശ്രാവ്യ മാധ്യമങ്ങളിലെ ഭാഷാശൈലി മുതൽ അച്ചടി മാധ്യമങ്ങളിലെ ഭാഷാ ചിത്ര രീതികൾ വരെ; നവമാധ്യമങ്ങളിലെ പങ്കാളിത്ത വിനിമയതന്ത്രങ്ങൾ  മുതൽ പരസ്യങ്ങളിലെ ശരീര വിന്യാസം വരെ – ഒന്നും ഇതിനപവാദമല്ല. അഥവാ എല്ലാം ഇതിനു പൂരകം തന്നെയാണ്. മനുഷ്യ ശരീരത്തെ പരമാവധി മൂർത്തവും നഗ്നവും  സജീവവുമായ ഒരു ദൃശ്യചിഹ്നമായി പരിവർത്തിപ്പിച്ചുകൊണ്ടാണ് കാഴ്ചയുടെ ഒരുതരം ഉത്സവീകരണമായി ബഹുജന മാധ്യമങ്ങൾ സ്വയം നിർമ്മിച്ചെടുക്കുന്നത്. അത്രമേൽ അത് ലൈംഗികവും വിപണിപരവും ഉപഭോഗപരവുമായി മാറുകയും ചെയ്യുന്നു.

9. സവർണ്ണതയ്ക്കു കൈവരുന്ന മേൽക്കോയ്മയും കീഴാളതയുടെ അഭാവവും

കാലാകാലങ്ങളായി മാധ്യമങ്ങളിൽ നിലനിൽക്കുന്ന പ്രവണതകളിലൊന്നാണിത്. എങ്കിലും മറ്റു പല രംഗങ്ങളിലും വന്നു കഴിഞ്ഞ പരിണാമം മാധ്യമങ്ങളിൽ തീരെ പ്രകടമല്ല എന്നതാണ് വസ്തുത. മൂന്നു കാരണങ്ങളാണ് ഇതിനു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന്, നിലനിന്ന ഇന്ത്യൻ ജാതി വ്യവസ്ഥയുടെ തുടർച്ച. രണ്ട്, മുതലാളിത്ത വിപണിയുടെയും സ്വകാര്യ മൂലധനത്തിന്റെയും ശ്രദ്ധാകേന്ദ്രം മധ്യ ഉപരിവർങ്ങളിലേക്കു  ചുരുങ്ങുന്ന അവസ്ഥ. മൂന്ന്, വർണ്ണരാഷ്ട്രീയത്തിന്റെ പുതിയ സമവാക്യങ്ങൾ. മാധ്യമഉടമകൾ മുതൽ മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം വരെ; മാധ്യമ ഉള്ളടക്കത്തിലെ പ്രാതിനിധ്യം മുതൽ മാധ്യമ രൂപങ്ങളുടെ ഘടനവരെ ഓരോ മണ്ഡലവും സവർണ്ണവും ദലിത് – കീഴാള വിരുദ്ധവുമാണ്.

10. സ്ത്രീ വിരുദ്ധതയുടെ മാധ്യമലോകം

പുരുഷാധീശ പ്രത്യയശാസ്ത്രങ്ങളുടെ പൂരപ്പറമ്പാണ് മാധ്യമങ്ങൾ. മാധ്യമ സ്ഥാപനങ്ങളിലെ അധികാരഘടന മുതൽ മാധ്യമ ഉള്ളടക്കങ്ങളുടെ വ്യവഹാരഘടന വരെ ഒന്നും ഇതിനപവാദമല്ല. വാർത്ത, വിനോദം, പരസ്യം എന്നിങ്ങനെ ഏതു മാധ്യമരൂപവും നോക്കുക. ഭാഷയിലും ഇതര ചിഹ്നങ്ങളിലും ഇവ ഒന്നടങ്കം പുരുഷ പക്ഷപാതവും സ്ത്രീ വിരുദ്ധതയും പ്രകടിപ്പിക്കും. ദൃശ്യമാധ്യമങ്ങളിൽ ക്യാമറ പുരുഷന്റെ കണ്ണായി മാത്രം പ്രവർത്തിക്കും. നവമാധ്യമങ്ങൾ വൻതോതിൽ സ്ത്രീകൾക്കെതിരായ പ്രചാരണങ്ങൾകൊണ്ടു സമ്പന്നമാണ്. മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുതൽ ഭരണകൂടങ്ങളും കുടുംബങ്ങളും വരെയുളളവ നിലനിർത്തുന്ന  സ്ത്രീ വിരുദ്ധതയുടെ പൂരകസ്ഥാപനം മാത്രമാണ് മാധ്യമങ്ങൾ. പരസ്യങ്ങൾ ഇതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. പരസ്യവിപണിതന്നെ സ്ത്രീ ശരീരത്തിന്റെ കമ്പോള യുക്തിയിലധിഷഠിതമാണ്.

ചുരുക്കിപ്പറഞ്ഞാൽ, മതം, വിപണി, ഭരണകൂടം എന്നിവയുടെ അധിനിവേശം; കുത്തകവൽക്കരണം, വലതുപക്ഷവൽകരണം എന്നിവയുടെ വ്യാപനം; ജനാധിപത്യ മതേതര-പുരോഗമന സാമൂഹികതയുടെ അഭാവം  എന്നിങ്ങനെ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സാംസ്‌കാരിക രാഷ്ട്രീയങ്ങൾ നിരവധിയാണ്. ഇവയ്‌ക്കെതിരെ നിലപാട് രൂപപ്പെടുത്തുകയും ക്രിയാത്മകമായും, വിമർശനാത്മകമായും മാധ്യമങ്ങളിൽ ഇടപെടുകയും വേണം. വിശേഷിച്ചും ഇനിയുള്ള കാലത്ത്, നവമാധ്യമങ്ങളിൽ. ‘Occupy cyber space’  എന്നൊരു സമീപനം രൂപപ്പെടേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

Happy
Happy
34 %
Sad
Sad
16 %
Excited
Excited
14 %
Sleepy
Sleepy
22 %
Angry
Angry
10 %
Surprise
Surprise
4 %

Leave a Reply

Previous post ശ്രേഷ്ഠഭാഷാ പദവിയും മലയാളത്തിന്റെ ഭാവിയും
Next post പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക?
Close