Read Time:9 Minute

കേൾക്കാം

എന്റെ സ്വന്തം ആൽഗമോൾക്ക്,

നീയിത്, ഞാനത് എന്ന് അതിരിടാനോ വേർതിരിക്കാനോ ആവാത്ത വണ്ണം നമ്മളിങ്ങനെ ആത്മാവിലും ശരീരത്തിലും അലിഞ്ഞു ചേർന്ന് ഒന്നായതെന്നാണ് ? പ്രണയ ദിനം വരുമ്പോൾ ഓർമകളുടെ പൂപ്പൽ ഗന്ധം – അതെനിക്ക് സഹജമെങ്കിലും – സമയ സീമകൾ കടന്ന് ചെന്ന് കാർബോണിഫെറസ് കാലഘട്ടത്തിലെത്തി നിൽക്കുന്നു… അറിയാതെ പാടിപ്പോകുന്നു.

പ്രണയ സംവൽസരങ്ങൾ കടന്നുപോയ് 
കാലമെണ്ണും കണക്കുകൾ 
പാഴിലായ് മൽസരിച്ചവർ 
പട്ടു പോയ് ഭൂമിയിൽ 
ബാക്കിയാവുന്നു 
നമ്മളും പ്രേമവും ! 

നമ്മുടെ സഹയാത്രയ്ക്ക് 350 ദശലക്ഷം വർഷത്തെ പഴക്കം. ഒരു പക്ഷേ അതിനും പിറകിൽ. ജീവരൂപങ്ങൾ കരതൊടാതെ കടലിൽ കഴിയും കാലത്ത്… ഈ ഭൂമിയിൽ നമ്മൾ കണ്ടു. പരസ്പരമറിഞ്ഞു.. പിന്നെപ്പിന്നെ നീയില്ലാതെനിക്കും ഞാനില്ലാതെ നിനക്കും വയ്യെന്നായി… സാക്ഷിയാകാൻ പൂക്കളും പുൽമേടുകളും പക്ഷികളും പറവകളുമില്ലാത്ത ഏകാന്ത ഭൂമിയിൽ നമ്മൾ നിർന്നിമേഷം മുഖാമുഖം നോക്കി നിന്ന നിമിഷങ്ങൾ… ക്ളോറോഫിൽ തരികളാൽ ഇളം പച്ച പടർന്ന നിന്റെ ലോല ഗാത്രം സൂര്യ വെളിച്ചത്തിൽ തിളങ്ങി നിന്ന ആലക്തിക സന്ധ്യകൾ. ഹാ… ജീവിതഭാരങ്ങൾ പങ്കിടാൻ, പരസ്പരം താങ്ങാവാൻ, പ്രതിസന്ധികളിൽ തളരാതെ തമ്മിൽ തമ്മിൽ വീര്യം പകർന്ന് വളർന്ന് പടരാൻ നമുക്ക് നമ്മളെ അത്രമേൽ ആവശ്യമായ സന്ദർഭത്തിൽ കാലം കരുതി വച്ച സമാഗമം പോലെ നമ്മൾ പുണർന്നൊന്നായി. ഓർമകൾക്കെന്ത് പൂപ്പൽ ഗന്ധം, അല്ല സുഗന്ധം! പിന്നിന്നോളം പിരിഞ്ഞീല, അകന്നിലാ ബന്ധനം. ഉത്തമ പങ്കാളിത്തത്തിന്റെ ഉദാത്ത പാരസ്പര്യത്തിന്റെ മാതൃകയായി ലോകം നമ്മെ വാഴ്ത്തിത്തുടങ്ങുന്നത് പിന്നെയുമെത്രയോ കഴിഞ്ഞാണ്. നിനക്കോർമയില്ലേ? നമ്മുടെ സഹജീവിതം തിരിച്ചറിയപ്പെടാതെ എത്രകാലം! പ്രേമം കാലത്തെ തിരുത്തുമെന്നാദ്യം തെളിയിച്ചതും നമ്മളല്ലേ പ്രിയേ… ഒടുവിൽ നമുക്കും അർഹതപ്പെട്ട അംഗീകാരം വന്നു ചേർന്നു. ഇന്ന് ലൈക്കണുകൾ എന്ന് കേട്ടാൽ ലൈക്കടിക്കാത്തവരാരുണ്ട്! ചെറു ജീവിതത്തിൻ പങ്കുവയ്ക്കലിന്നാനന്ദം നുകർന്ന്, മരച്ചില്ലയിലോ പാറമേലോ പറ്റിയിരുന്ന് നമ്മൾ ചുറ്റുമെന്തെല്ലാം കണ്ടു! മറ്റാരെയും വളരാൻ സമ്മതിക്കില്ലെന്ന വാശിയിൽ മൽസരിക്കുന്നവർ, ഇടം തന്നവരെ ഊറ്റിയുണക്കി കൊഴുത്തു വാഴുന്ന പരാദജീവികൾ, പല്ലും നഖവും കൂർപ്പിച്ച് പതിയിരിക്കുന്ന ഇര പിടിയന്മാർ, വേട്ടയാടി രസിക്കുന്നവർ, പിടിച്ചടക്കാൻ പായുന്നവർ, വെറുപ്പു പടർത്തുന്നവർ, തമ്മിൽ കൊന്നു വംശം മുടിഞ്ഞവർ… എല്ലാം കാണുമ്പോൾ നീ പറയും ഒന്ന് പുഞ്ചിരിച്ചാലോ പുണർന്നാലോ തീരാവുന്ന പ്രശ്നേമേ ഈ ലോകത്തുള്ളു എന്ന്. തങ്ങളാണധിപർ എന്നഹങ്കരിച്ച് ഭൂമി മെതിച്ച് വാണ ഭീമാകാരർ വരെ കുറ്റിയറ്റപ്പോഴും പുണർന്നു പങ്കിട്ട നമ്മുടെ ചെറു ജീവിതം അഭംഗുരം തുടർന്നു പോന്നു. നിന്റെ വാക്കുകൾ തന്നെ ശരി.

അതെ,പ്രണയത്തിനാണെന്തിലും ശക്തി ! നമ്മൾ മാത്രമല്ലല്ലോ അതിജീവിച്ചത്. ഒന്നും വളരാത്ത എല്ലാമുണക്കുന്ന ഉരുക്കു പാറയുടെ ദൃഡ പേശികളിൽ നമ്മൾ ഇരുപ്പുറപ്പിച്ചു… ലോല ലോലമായ നാരുകളിൽ നിന്നും രസത്തുള്ളികൾ അൽപാൽപമായി പടർത്തി… പൊടിയാതിരിക്കാനായില്ല പാറയ്ക്ക്. അങ്ങനെ സ്ഥിരോൽസാഹത്താൽ അസാധ്യമായതൊന്നുമില്ലെന്ന പാഠം നമ്മൾ പാറമേലേഴുതി. നമ്മളൊരുക്കിയ ആർദ്ര തടങ്ങളിൽ വിത്തുകൾ വീണു മുളപൊട്ടി വളർന്ന് മേടും കാടുമായി. അവർ നമ്മളെ മുൻഗാമിയെന്നു വിളിച്ചു. നമ്മൾ ചിരിച്ചു, എല്ലാം തുടങ്ങുന്നത് പ്രേമത്തിൽ നിന്നെന്ന് തിരിച്ചറിഞ്ഞു. ഇന്നനേകർ ചുറ്റുമുണ്ട്, നമ്മളവർക്ക് അത്ഭുതമാണ്. കണ്ടില്ലേ, പൂപ്പലുമാൽഗയുമൊരുടലായ് കഴിയുന്നത്, ഒരിക്കലും വിടരാത്ത ആലിംഗനത്തിന്റെ അപാര സൗന്ദര്യം നോക്കൂ, എന്നെല്ലാം വാഴ്ത്തുന്നവർക്കറിയില്ലല്ലോ നമ്മുടെ പ്രണയം കടന്ന് വന്ന കനൽപ്പാതകൾ, നമുക്കിടയിലും ഇടർച്ചകളും പിളർച്ചകളും ഉണ്ടായിട്ടുണ്ടെന്ന സത്യം. കരിച്ചു കളയാനെത്തുന്ന അൾട്രാ വയലറ്റ് ഭീകരേനെയും കൊല്ലാനും തിന്നാനും വരുന്ന ആർത്തിക്കാരെയും ദയാശൂന്യമായ വരണ്ടകാലത്തെയും പ്രതിരോധിക്കാനുള്ള രഹസ്യക്കൂട്ടുകൾ ഒരുമിച്ചുണ്ടാക്കി നമ്മൾ അതിജീവിച്ച കഥകൾ. അതെങ്ങനെ, എന്ത് എന്ന് തേടിവരുന്നവരെ നോക്കി നീ ഊറിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പ്രണയോന്മാദിയായ മനസുകൾക്കും ഉടലുകൾക്കും മാത്രം സാധ്യമാകുന്ന ഊഹാതീത അഞ്ജാത രസക്കൂട്ടുകൾ ആർക്ക് കണ്ടെത്താനാവും എന്നാണ് നീ ഓർക്കുന്നതെന്ന് , എനിക്ക് മാത്രമറിയാം…! ഒറ്റയ്ക്ക് സാധ്യമല്ലാത്ത പലതും ഒരുമിച്ച് നേടാം , ഒരുമയാണ് മഹിമ എന്നാദ്യം പറഞ്ഞതും നമ്മളല്ലേ. അങ്ങനെ, ഒരുമിച്ചാകുമ്പേഴും സ്വയം അടിമപ്പെടുത്താതെ ഇഷ്ടങ്ങളും അഭിരുചികളും കാത്തുസൂക്ഷിച്ച് വളരുന്നവരായി, രണ്ടായിരിക്കുമ്പോൾ തന്നെ ഒന്നായും ഒന്നായിരിക്കുമ്പോൾ തന്നെ രണ്ടായും നമ്മൾ ജീവലോകത്തെ വിസ്മയമായി. ഈ ഉടലിൽ ആൽഗയേത് പൂപ്പലേതെന്ന് വേർതിരിക്കാനാവാത്തവിധം പുണർന്നു പുലരുന്ന ലൈക്കണായി, ആലിംഗനത്തിന്റ തുടർച്ച മുറിയാത്ത അനാദിയായ, അഭംഗുര പ്രണയ ജീവിതമായി നമ്മൾ എന്നുമുണ്ടാകും, പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ കൊതിക്കുന്നവർക്കും വഴി കാട്ടിയായി! ഹാപ്പി വാലന്റെൻസ് ഡേ…

പ്രേമപൂർവ്വം ❤️

പൂപ്പലേട്ടൻ

Happy
Happy
17 %
Sad
Sad
0 %
Excited
Excited
69 %
Sleepy
Sleepy
2 %
Angry
Angry
0 %
Surprise
Surprise
12 %

5 thoughts on “പൂപ്പൽ പിടിച്ച, അല്ല എഴുതിയ പ്രേമലേഖനം 

  1. A testimony to the writing skills of Vineesh Mash who always springs a surprise with his remarkably innovative writings,carving a niche for himself. Wonderful 🙏🏼

  2. വളരെ രസകരമായ രീതിയിൽ ശാസ്ത്രാശയത്തെ അവതരിപ്പിച്ച വിനീഷ് മാഷിന്റെ ലേഖനം വായിച്ചു. ഇങ്ങനേയും ശാസ്ത്ര എഴുത്ത് സാധ്യമാണ് എന്ന് ബോധ്യമായി. വളരെ മികച്ച അവതരണം . മാഷിന്റെ കൂടുതൽ എഴുത്തുകളാൽ ലൂക്ക സമ്പന്നമാവട്ടെ . ലുക്കക്കും മാഷിനും അഭിനന്ദനങ്ങൾ

  3. ശാസ്ത്രം പ്രണയത്തിൽ ചാലിക്കപ്പെടുമ്പോൾ …….
    വേറിട്ട ഭാവന സൂ………… പ്പർ

  4. സാഹിത്യത്തിന്റെ സൗന്ദര്യവും ശാസ്ത്രത്തിന്റെ ആധികാരികതയും ഒത്തിണങ്ങിയ ലേഖനം… പ്രിയപ്പെട്ട വിനീഷ് സാറിന് അഭിനന്ദനങ്ങൾ..

Leave a Reply

Previous post പ്രണയദിനത്തിൽ ചില ജൈവകൗതുകങ്ങൾ
Next post ഏറ്റവും പ്രിയപ്പെട്ട കാർബണ്…
Close