Read Time:32 Minute

കേൾക്കാം

മുൻഗണന നല്കാനായി നിങ്ങൾ ഏതൊക്കെയാണോ തെരെഞ്ഞെടുക്കുന്നത് അത് നിങ്ങളുടെ മൂല്യങ്ങളേയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കും” എന്ന് പറഞ്ഞത് 2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഫിലിപ്പൈൻസ്/അമേരിക്കൻ പത്രപ്രവർത്തക മരിയ റെസ്സയാണ്. (അവർക്കൊപ്പം റഷ്യൻ മാധ്യമപ്രവർത്തകനായ ദിമിത്ര മുററ്റോവിനും സമാധാന നോബൽ  സമ്മാനം ആവർഷം ലഭിച്ചു.)

മാധ്യമങ്ങളിൽ വനിതകളെ ചിത്രീകരിക്കുന്നതും വനിതകളും അവരുടെ പ്രശ്നങ്ങളും എങ്ങനെ അവതരിക്കപ്പെടുന്നു എന്നുള്ളതും സംബന്ധിച്ച് ചർച്ച ചെയ്യുമ്പോൾ ഈ വാചകങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുമായി ജീവിതം പോരാട്ടമാക്കി മാറ്റിയ മാധ്യമപ്രവർത്തകയാണവർ. റാപ്ലർ എന്ന തന്റെ ഡിജിറ്റൽ മാധ്യമത്തിലൂടെ അവർ നടത്തിയ അന്വേഷണാത്മക മാധ്യമപ്രവർത്തനം ഫിലിപ്പൈൻസ് ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ഏകാധിപത്യ- അഴിമതി പ്രവണതകളെ വലിയതോതിൽ പുറത്തുകൊണ്ടുവരുകയും അത് ഭരണകൂടത്തെ വിറളിപിടിപ്പിക്കുകയും അവരെ അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തത് ചരിത്രം. തുടർന്ന് ഫെയ്സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കും ഭരണകൂടപ്രീണനങ്ങൾക്കുമെതിരെ വലിയ പോരാട്ടങ്ങൾക്കും അവർ നേതൃത്വം നല്കിവരികയാണ്.

നൊബേൽ സമ്മാനം ആദ്യമായി  മാധ്യമപ്രവർത്തക കൂടിയായ ഒരാൾക്ക് ലഭിക്കുന്നത് പക്ഷേ മരിയ റെസ്സയ്ക്കല്ല. യമനിലെ പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമായ തവക്കുൽ കർമാനാണ് അത് ആദ്യമായി ലഭിക്കുന്നത്. 2010- 2011  കാലത്ത് ടുണീഷ്യയിൽ തുടങ്ങി ഈജിപ്റ്റിലും യമനിലും പിന്നെ ഏതാനും അറബ് രാജ്യങ്ങളിലും വീശിയടിച്ച, മുല്ലപ്പൂ വിപ്ലവമെന്നോ അറബ് വസന്തമെന്നോ ഒക്കെ വിശേഷിക്കിപ്പെട്ട പ്രക്ഷോഭപരമ്പരകൾക്ക് ആശയപരമായ കരുത്തുപകർന്ന കർമാന് 2011 ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കുന്നത്. പക്ഷേ പ്രക്ഷോഭരംഗത്തുള്ള പുരുഷൻമാരിൽ നിന്നു വ്യത്യസ്തമായി സ്ത്രീകളുടെ ഉന്നമനം, മുന്നേറ്റം എന്നിവയ്ക്ക് അവർ വലിയ ഊന്നൽ നല്കിയിരുന്നു.

“സ്ത്രീകൾ പ്രശ്‌നത്തിന്റെ ഭാഗമണെന്ന് തോന്നുന്നത് നിർത്തി പരിഹാരത്തിന്റെ ഭാഗമാകണം. നമ്മൾ വളരെക്കാലമായി പാർശ്വവൽക്കരിക്കപ്പെട്ടവരാണ്, ആൺകുട്ടികൾക്ക് ഭക്ഷണം നൽകാനും ഉയർന്ന സാക്ഷരതയിലേക്കെത്തിക്കാനും നിരവധി യെമനി പെൺകുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. യെമൻ സ്ത്രീകളിൽ മൂന്നിൽ രണ്ട് ഭാഗത്തിനും വായിക്കാൻ കഴിയുന്നില്ല”  അവരുടെ വാക്കുകളാണ്.

ഇങ്ങനെ, ആഗോളതലത്തിൽ വനിതകൾക്ക് മാധ്യമരംഗത്ത് കൂടുതൽ പ്രാതിനിധ്യം ലഭിക്കുന്ന, വനിതകൾക്ക് തുല്യതയിലൂന്നിയ ഇമേജ് ലഭിക്കുന്ന, അവരുടെ പ്രശ്നങ്ങൾക്ക് കൂടുതൽ വാർത്താസ്ഥലം ലഭിക്കുന്ന സാഹചര്യം വർധിച്ചുവരികയാണ്.

എന്നാൽ നമ്മുടെ നാട്ടിലെ സാഹചര്യമോ? ഇന്ത്യൻ മീഡിയ-എന്റർടെയ്ൻമെന്റ് കമ്പനികളിലെ സ്ത്ലീപ്രാതിനിധ്യത്തെപ്പറ്റി ‘ഒ വുമാനിയ’ എന്നൊരു റിപ്പോർട്ട് പുറത്തിറക്കുന്നുണ്ട്. ഇന്ത്യൻ മാധ്യമരംഗത്തെ വനിതാ പ്രാതിനിധ്യം കൂടിവരുന്നുണ്ടെന്ന് ആ റിപ്പോർട്ടു പറയുന്നു. എന്നിട്ടും മാധ്യമസ്ഥാപനങ്ങളിലെ ഉയർന്ന ചുമതലകളിൽ 13% മാത്രമാണ് സ്ത്രീകൾ ഇപ്പോഴും വഹിക്കുന്നതെന്ന്ഓ വുമനിയാ യുടെ മൂന്നാം റിപ്പോർട്ട് പറയുന്നു.

മാധ്യമങ്ങളിലെ പ്രാതിനിധ്യം അവിടെ നില്ക്കട്ടെ. മാധ്യമങ്ങൾ സ്ത്രീപ്രശ്നങ്ങൾക്ക് എത്ര പ്രാതിനിധ്യം നല്കുന്നു? പദവിയിലും പ്രാധാന്യത്തിലും സമൂഹത്തിൽ പുരുഷൻമാർക്കാണ് മേധാവിത്തം വേണ്ടതെന്ന പൊതുബോധം മാറ്റുന്നതിൽ അവ എത്രകണ്ട് പങ്കുവഹിക്കുന്നുണ്ട്? അവർ മാധ്യമങ്ങളിൽ എങ്ങനെയാണ് ചിത്രീകരിക്കപ്പെടുന്നത്? സ്ത്രീമുന്നേറ്റത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മുന്തിയ പരിഗണന നല്കേണ്ട ഒരു കാര്യമാണിത്.

 • ചാടിപ്പോയ കടുവയെ കണ്ടെത്തിയപ്പോൾ ഒരു പ്രമുഖ പത്രം  ആ വാർത്തയ്ക്ക് തലക്കെട്ട് നല്കി: ഇനി അവൾ ‘ചാടിപ്പോയ’ കടുവയല്ല.
 • സെൻസെക്സ് കുതിച്ചുയർന്നപ്പോൾ ഒരു പത്രത്തിൽ വന്ന തലക്കെട്ട് ഇങ്ങനെ: സെക്സി സെൻസെക്സ്.
 • പുരുഷന്മാരെക്കാൾ നന്നായി വണ്ടി ഓടിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള വാർത്ത: ‘വളയിട്ട കൈകളിൽ വളയം ഭദ്രം’.

(ഉദാഹരണങ്ങൾക്ക് വനിതാക്കമ്മീഷൻ രേഖയോട് കടപ്പാട്)

മാധ്യമവാർത്തകൾ ഇങ്ങനെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ നമുക്കൊരു കാര്യം വ്യക്തമാകും. വാർത്തകളിൽ അറിഞ്ഞോ അറിയാതെയോ സ്ത്രീസമത്വത്തിനെതിരായ സമീപനങ്ങൾ ശക്തമാണ്. അതിനുമപ്പുറം, സ്ത്രീകളെ മാധ്യമങ്ങൾ ചിത്രീകരിക്കുന്നത് പലപ്പോഴും അവർ ദുർബലകളാണ് എന്ന നിലനിൽക്കുന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാവും.

എന്നാൽ ഇതിലും വലിയ പ്രശ്നമാണ് സ്ത്രീകൾക്കും സ്ത്രീപ്രശ്നങ്ങൾക്കും വാർത്തകളിൽ ഇടം കിട്ടാത്തതും ആവശ്യത്തിന്  പ്രാധാന്യം കിട്ടാത്തതുമൊക്കെ. സ്ത്രീപുരുഷ സമത്വത്തിലേക്ക് സമൂഹം മുന്നേറണം എന്ന് വാദിക്കുമ്പോൾ അതിനാവശ്യമായ സമീപനങ്ങൾ മാധ്യമങ്ങൾ കൈക്കൊള്ളണ്ടേ?

മാധ്യമപ്രവർത്തകർ പലപ്പോഴും ബോധപൂർവ്വം ആകണമെന്നില്ല ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത്. എന്നാൽ അബോധമായി തന്നെ ഒരു സ്ത്രീവിരുദ്ധത റിപ്പോർട്ടിങ്ങിലും വാർത്തകളുടെ ഉള്ളടക്കത്തിലും ഒക്കെ വന്നുപോകുന്നത് തിരിച്ചറിയാൻ തക്കവണ്ണമുള്ള ഒരു എഡിറ്റോറിയൽ പോളിസി ഉണ്ടെങ്കിൽ ഈ അവസ്ഥയ്ക്ക് വലിയ മാറ്റം വരും. എന്നാൽ ഇന്നത്തെ കോർപ്പറേറ്റ് മാധ്യമ ലോകത്ത് അങ്ങനെ ഒരു പോളിസിക്ക് പല മാധ്യമങ്ങളും വലിയ പ്രാധാന്യം നൽകിക്കാണുന്നില്ല.

പക്ഷേ ശ്രദ്ധിച്ചാൽ മാറ്റം സാധ്യമാണ് എന്നതിനും ഉദാഹരണങ്ങൾ ഉണ്ട്. അതിക്രമങ്ങൾക്കും ബലാത്സംഗത്തിനും വിധേയയാകുന്ന വനിതയെ ഇപ്പോൾ ഇര എന്നതിന് പകരം അതിജീവിത എന്ന് പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നത് ഒരുദാഹരണം. അത്തരം മാറ്റങ്ങൾ വേണമെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെടണം. അത് സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും വിശകലനങ്ങളും നടക്കണം. അവ സംബന്ധിച്ച ഡാറ്റ പൊതുസമൂഹത്തിന്റെ മുന്നിൽ എത്തണം.

മാധ്യമങ്ങൾക്ക് ഒരു സ്ത്രീസമത്വ സമീപനം – വനിതാക്കമ്മീഷൻ മാർഗരേഖ, ഫെബ്രുവരി 2022.

കേരളത്തിലെ പത്രപ്രവർത്തന മേഖലയിൽ ഇത്തരം കാര്യങ്ങൾ സംബന്ധിച്ച പഠനങ്ങളും നിരീക്ഷണങ്ങളും ചിലതൊക്കെ ഉണ്ടായിട്ടുണ്ട്.  മാധ്യമങ്ങൾക്ക് ഒരു വനിതാനയം ഉണ്ടാക്കുന്നതു സംബന്ധിച്ച് 2010-11 കാലഘട്ടത്തിൽ സംസ്ഥാന വനിതാക്കമ്മീഷൻ ഒരു ശ്രമം നടത്തുകയും കേരളത്തിലെ കുറേയേറെ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ച് ഏതാനും ശില്പശാല നടത്തുകയും ചെയ്തിരുന്നു. ഈ ലേഖകനും അതിൽ പങ്കെടുക്കുകയുണ്ടായി. അന്ന് ഒരു കരടുനയമുണ്ടാക്കിയിരുന്നു. അത് വിവിധ മാധ്യമങ്ങൾക്ക് ചർച്ചയ്ക്കും പരിഗണനയ്ക്കുമായി അയച്ചുകൊടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. അതിനുശേഷം താരതമ്യേന വിശദമായ ഒരു കരടു മാർഗരേഖ വനിതാക്കമ്മീഷൻ 2022 ഫെബ്രുവരിയിൽ പുറത്തിറക്കുകയുണ്ടായി. കേരള പത്രപ്രവർത്തക യൂണിയൻ, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ്, നെറ്റ് വർക്ക് ഒഫ് വിമൻ ഇൻ മീഡിയ തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിനിധികളും മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധകളുമെല്ലാം പങ്കെടുത്ത വർക്ക്ഷോപ്പിലൂടെയാണ് ഈ നിർദേശങ്ങൾ രൂപപ്പെട്ടത്. ഇതൊക്കെ ഈ രംഗത്ത് മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും അതൊന്നും പൂർണമായും നിലനിൽക്കുന്ന അസമത്വം പരിഹാരിക്കുന്നതിന് മതിയാകുന്നതല്ല.

ആ ലക്ഷ്യത്തിലേക്കെത്താൻ ഇനിയും എത്രയോ കൂടുതലായി പഠനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളും ഉണ്ടാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ്, ഹയർസെക്കൻഡറി ജേണലിസം അധ്യാപിക കൂടിയായ ഡോ. എസ്. സിന്ധുവിന്റെ ഗവേഷണം പ്രസക്തമാകുന്നത്.

കേരളത്തിലെ മാധ്യമങ്ങളിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എത്രകണ്ട് ഇടം ലഭിക്കുന്നു? അവയ്ക്ക് പ്രാധാന്യമനുസരിച്ച് ഒന്നാം പേജിലോ പ്രധാന പേജിലോ ഒക്കെ ഇടം ലഭിക്കുന്നുണ്ടോ? അവയുടെ പൊതുസ്വഭാവം എന്ത്? മാധ്യമ റിപ്പോർട്ടിങ്ങിലെ സ്ത്രീവിരുദ്ധ പ്രവണതകൾ എന്ത്? സ്ത്രീകൾ അബലകൾ ആണെന്നും രണ്ടാംതരം വ്യക്തിത്വമാണെന്നുമുള്ള നിലനിൽക്കുന്ന പൊതുബോധത്തെ മാറ്റിമറിക്കുന്നതിന് മാധ്യമങ്ങളുടെ പങ്ക് വലുതാണ്; അത് എത്രത്തോളം നിർവഹിക്കപ്പെടുന്നുണ്ട്? സ്ത്രീകളെ സംബന്ധിച്ച് നെഗറ്റീവ് ഇമേജ് ഉള്ള വാർത്തകളാണോ പോസിറ്റീവ് ഇമേജ് ഉള്ള വാർത്തകളാണോ കൂടുതലായി വരുന്നത്? രാഷ്ട്രീയം, വികസനം, പരിസ്ഥിതി, കുറ്റകൃത്യങ്ങൾ ഇങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ വാർത്തകൾക്ക് എത്ര പരിഗണന ലഭിക്കുന്നുണ്ട്?

ഇങ്ങനെ കുറെ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് സിന്ധു നടത്തിയ ഗവേഷണം. ഈ ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി അതിൽ നിന്നുള്ള പ്രധാനവസ്തുതകൾ ഉൾക്കൊള്ളിച്ച് സിന്ധു രചിച്ച് ന്യൂഡൽഹിയിലെ Women Press   പ്രസിദ്ധീകരിച്ച, ‘Women Images and Representations: Newspapers at Work ‘ എന്ന പുസ്തകം കേരളത്തിലെ മാധ്യമങ്ങളെ പൊതുവെ വിലയിരുത്തുന്ന ഒരു പഠനം എന്ന നിലയിൽ ശ്രദ്ധേയമാണ്. പൊതുവേ പറയുന്ന പോരായ്മകളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് വിലയിരുത്തുന്ന ഒരു പഠനം ഈ രംഗത്തെ മാറ്റത്തിന്  കൂടുതൽ സഹായകമാണല്ലോ.

മലയാള മനോരമ, മാതൃഭൂമി, The Hindu, The New Indian Express എന്നിങ്ങനെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഈ രണ്ടുവീതം പത്രങ്ങളിൽ 2017 ജൂലൈ മുതൽ 2017 ഡിസംബർ വരെയുള്ള ആറുമാസക്കാലത്തെ വിവരങ്ങളാണ് വിശകലനവിധേയമാക്കിയിരിക്കുന്നത്. 4468 പേജുകളിലായി 2303 വാർത്തകളാണ് വനിതകളുമായി ബന്ധപ്പെട്ട് ഇക്കാലയളവിൽ നല്കിയതെന്ന് പഠനം പറയുന്നു.

Name of NewspaperFrequencyPercentValid PercentCumulative Percent
MM40317.517.517.5
MB52422.822.840.3
TIE51522.422.462.6
TH86137.437.4100.0
Total2303100.0100.0
വനിതകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ എണ്ണം

ഹിന്ദു പത്രമാണ് കൂടുതൽ വാർത്തകൾ നല്കിയത് -861. ഇന്ത്യൻ എക്സപ്രസ് 515, മാതൃഭൂമി 524, മലയാള മനോരമ 403 എന്നിങ്ങനെയാണ് മറ്റു പത്രങ്ങളിലെ വനിതകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ എണ്ണം. പഠനകാലയളവിലെ ആകെ ന്യൂസ് റിപ്പോർട്ടുകൾ കൂടി വിശകലനം ചെയ്തിരുന്നെങ്കിൽ പത്രങ്ങൾക്കിടയിലെ പ്രാതിനിധ്യ വ്യത്യാസത്തോടൊപ്പം പത്രങ്ങൾക്കുള്ളിലെ പ്രാതിനിധ്യശതമാനം കൂടി അറിയാമായിരുന്നു എന്നൊരു പരിമിതി ഈ പഠനത്തിൽ കണ്ടു. ആകെയുള്ള 2303 വാർത്തകൾ നല്കാൻ ഓരോ പത്രവും എത്രകണ്ട് സ്ഥലം നല്കി എന്നതും ഈ പുസ്തകം വിശകലനം ചെയ്യുന്നുണ്ട്. അതിലും നേരത്തേപറഞ്ഞ രീതിയിൽത്തന്നെയാണ്. ദ ഹിന്ദു 45% ഇന്ത്യൻ എക്സപ്രസ് 26%, മാതൃഭൂമി 18%, മലയാള മനോരമ 12 %എന്നിങ്ങനെ. ഹിന്ദു പത്രത്തിന്റെ പേജുകളുടെ എണ്ണം കൂടുതലാണെന്ന വസ്തുതകൂടി പരിഗണിച്ചാലും ആനുപാതികമായി ആ പത്രം തന്നെയാണ് ഇക്കാര്യത്തിൽ മുന്നിലെന്ന് കാണാം.

Source : Women Images and Representations: Newspapers at Work ‘, Dr S Sindhu

ഈ വാർത്തകളിൽ 38.8% ലോക്കൽ ന്യൂസ് ആണ്. 28.4 %  ദേശീയ വാർത്തകളും 10.8 % അന്താരാഷ്ട്രവാർത്തകളും 22 % സപ്ലിമെന്റ് പേജുകളിലെ വാർത്തകളുമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട വസ്തുത ഇംഗ്ലീഷ് പത്രങ്ങൾ ദേശീയ അന്തർദേശീയ വാർത്തകൾ കൂടുതലായ കവർ ചെയ്യുമ്പോൾ മലയാള പത്രങ്ങൾ പ്രാദേശിക പ്രശ്നങ്ങളാണ് കൂടുതൽ കവർ ചെയ്യുന്നതെന്നാണ്. പത്രങ്ങളുടെ പൊതുസ്വഭാവത്തിൽനിന്നും എത്രകണ്ട് വ്യതിയാനം ഇക്കാര്യത്തിലുണ്ട് എന്നതുകൂടി പഠനവിധേയമാക്കേണ്ടതുണ്ട്.

Source : Women Images and Representations: Newspapers at Work ‘, Dr S Sindhu

വനിതകളുടെ നേട്ടങ്ങൾ, സാമ്പത്തികം, ശാസ്ത്രസാങ്കേതികം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വനിതാ വാർത്തകൾ എന്നിവ പൊതുവിൽ കുറവായാണ് കാണുന്നതെന്നും പഠനം പറയുന്നു. മലയാള പത്രങ്ങൾ കൂടുതലായും സെൻസേഷണൽ വാർത്തകളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ വിഭാഗത്തിൽ നല്കിയിരിക്കുന്നത്. വനിതകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വാർത്തകളിൽ അവരുടെ കാഴ്ച്ചപ്പാടുകൾ, പ്രവർത്തനങ്ങൾ എന്നിവയെക്കാൾ വസ്ത്രധാരണം പോലുള്ള  കാര്യങ്ങളിലേക്ക് പോകാനുള്ള പ്രവണതയും വനിതകളുടെ പ്രാധാന്യം വേണ്ടത്ര പ്രതിഫലിപ്പിക്കാത്ത രീതിയിലുള്ള റിപ്പോർട്ടിങ്ങും കാണുന്നുണ്ട്.

Source : Women Images and Representations: Newspapers at Work ‘, Dr S Sindhu

ഈ പഠനം നല്കുന്ന വലിയൊരു ഉൾക്കാഴ്ച്ച വനിതകളായ റിപ്പോർട്ടർമാരുടെ വാർത്തകൾ എത്രകണ്ട്, ഏതു പേജുകളിൽ വരുന്നു എന്നതാണ്. മുൻപേജിലും എഡിറ്റ് പേജിലും അവരുടെ വാർത്തകൾ കുറവാണ്, അതുപോലെ രാഷ്ട്രീയം പോലുള്ള ഗൌരവമേറിയ രംഗങ്ങളിലെ റിപ്പോർട്ടിങ്ങുകളെക്കാൾ മറ്റുുമേഖലകളിലെ റിപ്പോർട്ടുകളാണ്  വനിതകളുടേതായി പത്രമാധ്യമങ്ങളിൽ കൂടുതൽ കണ്ടത്.

Source : Women Images and Representations: Newspapers at Work ‘, Dr S Sindhu

ഏതായാലും കേരളത്തിലെ ഈ രംഗത്തെ അന്വേഷണങ്ങൾക്ക്  അടിത്തറയൊരുക്കാനും തുടർപഠനങ്ങൾക്ക് ചൂണ്ടുപലകയാകാനും ഈ പുസ്തകം വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നു. എറ്റവും ഒടുവിലായി, ഈ രഗത്ത് വരേണ്ട മാറ്റങ്ങളെക്കുറിച്ചുകൂടി പറയാം. വനിതാക്കമ്മീഷൻ തയ്യാറാക്കിയ കരടു മാർഗനിർദേശങ്ങളിൽ ഒൻപതു വിഭാഗങ്ങളിലായി പ്രസക്തമായ ഒട്ടേറെ കാര്യങ്ങളുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രാതിനിധ്യത്തിലെ തുല്യത-സോഴ്‌സുകളും ആശയങ്ങളും തെരഞ്ഞെടുക്കുമ്പോള്‍, സ്റ്റീരിയോടൈപ്പുകള്‍ ഇല്ലാതാക്കുക. ലിംഗപരമായ മാന്യതയുള്ള ഭാഷ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട വിവിധനിയമങ്ങളില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പാലിക്കേണ്ട രീതികള്‍ സംബന്ധിച്ച്, സ്ത്രീസമത്വ മാധ്യമ പ്രവര്‍ത്തനം -സ്വയംവിലയിരുത്തലിനുള്ള ഉപാധികള്‍, വാര്‍ത്ത/ചിത്രം/വീഡിയോ തയാറാക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തേണ്ട കാര്യങ്ങള്‍ (ചെക്ക്‌ലിസ്റ്റ്), വനിതാ മാധ്യമപ്രവര്‍ത്തകരെ നിയമിക്കുമ്പോള്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ട കാര്യങ്ങള്‍ (ചെക്ക്‌ലിസ്റ്റ്), കേരള വനിതാക്കമ്മിഷന്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കുന്ന ശിപാര്‍ശകള്‍ തുടങ്ങി പ്രസക്തമായ ഒൻപതു വിഭാഗങ്ങളിലായാണ് ഈ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

പ്രധാനപ്പെട്ട ചില നിർദേശങ്ങൾ വനിതാ കമ്മീഷൻ രേഖയിൽ നല്കിയത് ചുവടെ:

ഉള്ളടക്കത്തില്‍ ലിംഗസമത്വം ഉറപ്പാക്കല്‍

വാര്‍ത്തകളിലും സമകാലിക വിഷയങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കണ്ടതോ കേട്ടിട്ടുള്ളതോ അല്ലെങ്കില്‍ വായിച്ചറിഞ്ഞതോ ആയ സ്ത്രീകളുടെയും പുരുഷന്മാരുടെയും തുല്യപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ശ്രദ്ധിക്കുക.

 • പ്രായമായ സ്ത്രീകള്‍, ആദിവാസി സ്ത്രീകള്‍, ഭിന്നശേഷിയുള്ള സ്ത്രീകള്‍ തുടങ്ങി യവരുടെ വൈവിധ്യമാര്‍ന്ന വാര്‍ത്തകളും വീഡിയോകളും ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക പരിഗണന നല്‍കുക.
 • രാഷ്ട്രീയം, സാമ്പത്തി കം, ബിസിനസ്, യുദ്ധം, കായികം തുടങ്ങിയ (സ്ത്രീകളുടെ പ്രവര്‍ത്തനമേഖലയായി കാണാത്ത പൊതുബോധമുള്ളവ) മേഖലകളിലെ വിദഗ്ധരായ സ്ത്രീകളുടെ അഭിപ്രായ വിശകലനങ്ങള്‍ കൂടി നിര്‍ബന്ധമായുംപത്ര-ദൃശ്യ-ശ്രാവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ഉള്‍പ്പെടുത്തുക.
 • സ്ത്രീകേന്ദ്രീകൃതമായ, സ്ത്രീകളെ പൊതുവേ ബാധിക്കുന്ന വാര്‍ത്തകള്‍ ദൈനംദിനം പ്രാധാന്യത്തോടെ നല്‍കുക.
 • ഒരു വിഷയത്തില്‍ പൊതുജന അഭിപ്രായരൂപീകരണം നടത്തുമ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തവും ഉറപ്പാക്കണം. സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ ചില വിഷയങ്ങള്‍ മാത്രമായി പരമിതപ്പെടുത്തരുത്. ഏതുവിഷയത്തിലായാലും സ്ത്രീകളുടെ അഭിപ്രായവും വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തണം.
 • ലിംഗപരമായ സമത്വം പ്രതിഫലിപ്പിക്കുന്ന തരത്തിലാവണം വാര്‍ത്തകളും ഫീച്ചറുകളും ചിത്രങ്ങളും വീഡിയോകളും തയാറാക്കേണ്ടത്.
 • നിക്ഷിപ്ത താല്പര്യക്കാരെയും സ്ത്രീവിരുദ്ധരെയും സ്ത്രീപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സോഴ്‌സ് ആയി പരിഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

സ്ത്രീകളെ മാന്യമായും ന്യായമായും ചിത്രീകരിക്കുന്നതിന്

 • സ്ത്രീക്കും പുരുഷനും അവരുടെ വ്യക്തിത്വപരമായ വിശേഷണങ്ങള്‍ തുല്യമാണ്. ഉദാഹരണത്തിന് പൊലീസ് ഓഫീസര്‍ സ്ത്രീയായാലും പുരുഷനായാലും പൊലീസ് ഓഫീസറാണ് എന്ന ബോധ്യം വാര്‍ത്ത എഴുതുമ്പോള്‍ ഉണ്ടാകണം. സ്ത്രീകളെ അവരുടെ സൗന്ദര്യം കൊണ്ടും പുരുഷനെ അവരുടെ പ്രവൃത്തി കൊണ്ടും ‘അളക്കുന്ന’ സമ്പ്രദായം അവസാനിപ്പിക്കണം.
 • വനിതകളെ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ശാരീരിക പ്രത്യേകതകളില്‍ മാത്രം ഊന്നല്‍ നല്‍കിയുള്ള ചിത്രീകരണവും റിപ്പോര്‍ട്ടിങ്ങും ഒഴിവാക്കണം.
 • സ്ത്രീയെയായാലും പുരുഷനെയായാലും മാന്യതയോടെ ചിത്രീകരിക്കുക. പത്ര, ടെലിവിഷന്‍ പരസ്യങ്ങളില്‍ ശരീരത്തെ ചരക്കുവല്‍ക്കരിക്കുന്നത് നിര്‍ത്തുക.
 • പാചകം, വൃത്തിയാക്കല്‍, ശിശുസംരക്ഷണംതുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനികസേവനം, തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണം ഇപ്പോഴും തുടര്‍ന്നുവരുന്നത് ഒഴിവാക്കുക.
 • പരസ്യങ്ങളിലെ ലൈംഗികതയും, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, യുക്തി ഭദ്രതയില്ലായ്മ എന്നിവയെല്ലാം മോണിറ്ററിങ് ചെയ്യാനുള്ള സംവിധാനം ഉറപ്പുവരുത്തണം.
 • പ്രതിലോമകരവും സ്ത്രീവിരുദ്ധവുമായ ചിന്താഗതികള്‍ വളര്‍ത്തുന്ന സീരിയലുകളാണ് ഇന്ന് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇവമോണിറ്ററിങ് ചെയ്യാനുള്ള സംവിധാനം വേണം.
 • സ്ത്രീ-പുരുഷ സമത്വം, പ്രസക്തമായ നയങ്ങള്‍, നിയമനിര്‍മാണ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യുന്ന പരിപാടികള്‍ പ്രാധാന്യത്തോടെ നല്‍കുക.

ലിംഗപരമായ മാന്യതയുള്ള ഭാഷ

പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഉറപ്പുവരുത്തുന്നതാവണം മാധ്യമങ്ങളിലെ ഭാഷാപ്രയോഗം. രാഷ്ട്രീയം മുതല്‍ കച്ചവടം വരെ, വിഷയം ഏതായിരുന്നാലും അതില്‍ സ്ത്രീയെ പരാമര്‍ശിക്കേണ്ടിവരുമ്പോള്‍ പരോക്ഷമായി സ്ത്രീപദവി ഹനിക്കപ്പെടുന്നതോ അശ്ലീലമോ ദ്വയാര്‍ഥമുള്ളതോ ആയ പദപ്രയോഗം തലക്കെട്ടായി നല്‍കി വാര്‍ത്തയ്ക്ക് ‘ആകര്‍ഷണീയത’കൂട്ടുന്ന ഒരു സ്വഭാവം മാധ്യമങ്ങള്‍ക്കുണ്ട്. അത് തിരുത്തപ്പെടണം. ലിംഗപരമായ മാന്യതയുള്ള ഭാഷയുടെ ഉപയോഗം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം മാധ്യമസ്ഥാപനങ്ങള്‍ക്കുണ്ട്.

ലിംഗപരമായ മാന്യതയുള്ള ഭാഷയുടെ ഉപയോഗത്തിന്:

 • പരോക്ഷമായി സ്ത്രീകളെ അധിക്ഷേപിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക.
 • ലൈംഗികച്ചുവയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കുക. (സ്‌പോര്‍ട്‌സിലായാലും ബിസിനസ്സിലായാലും സെക്‌സി ഷറപ്പോവ, സെക്‌സി സെന്‍സെക്‌സ് എന്നി ങ്ങനെയുള്ള തലക്കെട്ടുകള്‍ സാമാന്യമര്യാദയുടെതന്നെ ലംഘനമാണ്).
 • ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ ‘വളയിട്ട കൈകളില്‍’ എന്ന് ചേര്‍ത്തുള്ള തലക്കെട്ടുകള്‍ ഒഴിവാക്കുക. (ഉദാ:വളയിട്ട കൈകളില്‍ ഭരണസാരഥ്യം).
 • അതിക്രമിക്കപ്പെടുന്ന സ്ത്രീകള്‍ ‘ഇരകള്‍’ അല്ല. ‘പീഡനത്തി നിരയായ സ്ത്രീ’ എന്നതിനു പകരം ‘അതിജീവിത’ എന്ന പദം പ്രയോഗിക്കണം.
 • വാര്‍ത്താപ്രാധാന്യമുള്ള വനിതകളെ അവതരിപ്പിക്കുമ്പോള്‍ പ്രത്യേകപദപ്രയോഗങ്ങളും ശൈലികളും പ്രയോഗിച്ചുകാണുന്നു. ഇത് ശരിയല്ല. സ്ത്രീ എന്ന നിലയ്ക്കുള്ള പദവിയെ ബഹുമാനിച്ചും വഹിക്കുന്ന സ്ഥാനത്തെ അംഗീകരിച്ചുമായിരിക്കണം തലക്കെട്ട് നല്‍കേണ്ടത്. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുമ്പില്‍ അപ്രസക്തമാണ്.
 • സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ പിശകുന്ന സന്ദര്‍ഭത്തില്‍ ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നതരത്തിലുള്ള അവതരണം തുടങ്ങിയവ ഒഴിവാക്കണം.
 • ജോലിയില്ലാത്ത സ്ത്രീകളെയെല്ലാം ‘വീട്ടമ്മ’എന്ന് പ്രയോഗിക്കുന്നത് തിരുത്തണം. സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവി ക്കാന്‍ രഹസ്യമായി പുറപ്പെടുന്ന ‘ഒളിച്ചോട്ട’ വാര്‍ത്തകളില്‍ രണ്ട് കുട്ടികളുടെ അമ്മ കാമുകന്റെകൂടെ ഒളിച്ചോടി എന്ന പരാമര്‍ശം സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതരം വാര്‍ത്താ തലക്കെട്ടുകള്‍ ഒഴിവാക്കുക.”

ഇത്തരം നിർദേശങ്ങളുടെ അഭാവമല്ല, നിലനിൽക്കുന്ന പൊതുബോധം, മാധ്യമങ്ങളുടെ കോർപ്പറേറ്റ് ഉടമസ്ഥത,  മാധ്യമപ്രവർത്തകർക്ക് ഇക്കാര്യങ്ങളിൽ പരിശീലനമില്ലാതിരിക്കുക, മാധ്യമങ്ങൾക്ക് ശരിയായ വനിതാനയമില്ലാതിരിക്കുക, കൃത്യമായ മോണിട്ടറിങ്ങിന്റെ അഭാവം തുടങ്ങി പല കാര്യങ്ങളും മാധ്യമങ്ങളിൽ സ്ത്രീകളെ ചിത്രീകരിക്കുന്നതിലെ, സ്ത്രീവാർത്തകൾക്ക് അർഹമായ പ്രാതിനിധ്യം നല്കുന്നതിലെ പരിമിതിയായി നിലനിൽക്കുന്നു. അതു മാറണമെങ്കിൽ ശക്തമായ സാമൂഹിക ഇടപെടൽ ഉണ്ടായാലേ കഴിയൂ. അതുപോലെ പ്രധാനമാണ് ഇത്തരം ഗേറ്റ് കീപ്പിങ് സംവിധാനമൊന്നുമില്ലാത്ത സാമൂഹികമാധ്യങ്ങളിലെ അങ്ങേയറ്റം അറപ്പുളവാക്കുന്ന സ്ത്രീവിരുദ്ധ പ്രയോഗങ്ങളും പ്രവണതകളും. അതിനായി പ്രത്യേക ഇടപെടലുകൾ വനിതാക്കമ്മീഷനും മറ്റ് ബന്ധപ്പെട്ട ഏജൻസികളും നടത്തേണ്ടതുണ്ട്.

അധികവായനയ്ക്ക്

 1. “what you choose to prioritize reflects your values and your goals.” Maria Ressa, How to Stand Up to a Dictator: The Fight for Our Future
 2. മാധ്യമങ്ങൾക്ക് ഒരു സ്ത്രീസമത്വ സമീപനം – വനിതാക്കമ്മീഷൻ മാർഗരേഖ, ഫെബ്രുവരി 2022.
 3. ‘Women Images and Representations: Newspapers at Work ‘ By Dr S Sindhu, published by Women Press, NewDelhi, February 2024
 4. Third Edition of O Womania Report.

സ്ത്രീപഠനം

കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം.

വനിതാദിന ലേഖനങ്ങൾ

ലേഖനം വായിക്കാം
ലേഖനം വായിക്കാം
Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “മാധ്യമങ്ങളും പെൺപക്ഷവും

 1. The concept of lady reporters, that they are inferior to men reporters has to be rooted out first from the lady’s minds first and the common society at last and at the earliest. Let books like Dr. P. V. Sindhu contribute for speeding up the social process!!!

Leave a Reply

Previous post ശാസ്ത്രം, യുക്തിചിന്ത, ഭരണഘടന
Next post ആധുനിക ബയോളജിയിലെ പെൺകരുത്ത്
Close