Read Time:10 Minute
വിജയകുമാർ ബ്ലാത്തൂർ
മുറി മീശയും ചീകി മിനുക്കിയ മുടിയും തീക്ഷ്ണമായ കണ്ണുകളും ഒക്കെയുള്ള അഡോൾഫ് ഹിറ്റ്ലറിന്റെ മുഖം ഒറ്റനോട്ടത്തിൽ ഓർമ്മിപ്പിക്കുന്ന അടയാളങ്ങൾ ദേഹത്തുള്ള ഒരു നാറ്റപ്രാണിയുണ്ട്. രസികന്മാർ ചിലർ അവയ്ക്ക് ഹിറ്റ്ലർ ചാഴി എന്ന പേരിട്ടു. (കർക്കശക്കാരനായ നായകന് ‘ഹിറ്റ്ലർ മാധവൻ കുട്ടി’ എന്ന് സിനിമയിൽ നമ്മൾ പേരിട്ടിട്ടുണ്ടല്ലൊ) . ബ്രിട്ടീഷ് എന്റമോളജിസ്റ്റ് ആയ ഡ്രു ഡ്രൂറി (Dru Drury ) 1778 ലാണ് ആദ്യമായി ഇവയെ ശാസ്ത്രലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്. ‘മനുഷ്യ മുഖക്കാരനായ – നാറ്റപ്രാണി – കവചപ്രാണി (Man-faced Stink Bug, Man-faced Shield Bug) എന്നിങ്ങനെ പല പേരിൽ ഇവർ അറിയപ്പെടുന്നുണ്ട്. ഇലകൾക്കു മുകളിൽ തലകീഴോട്ടാക്കി നിൽക്കുമ്പോൾ പുറം ഭാഗത്തെ കൺപൊട്ടടയാളങ്ങൾ കണ്ടാൽ മനുഷ്യമുഖത്തോട് നല്ല സാമ്യം തോന്നും. ആഫ്രിക്കൻ ഗോത്ര മുഖംമൂടിയാണെന്ന് സംശയം തോന്നിപ്പിക്കുന്ന വേഷക്കാരും ഉണ്ട്. Pentatomidae എന്ന ഷഡ്പദ കുടുംബത്തിൽ പെട്ട ഇവർ ‘കീഴോട്ട് മുന മുള്ളുള്ള’ എന്ന അർത്ഥം വരുന്ന Catacanthus ജീനസിലാണുൾപ്പെടുന്നത്. Catacanthus incarnates എന്ന് ശാസ്ത്രനാമത്തിലുള്ള ഹിറ്റ്ലർ ചാഴികളെ നമ്മുടെ നാട്ടിൽ സാധാരണയായി കാണാം.
നാറുന്ന കുമ്പള പ്രാണികളുടെ അടുത്ത ബന്ധുക്കളായ ഇവർക്ക് കുട്ടിച്ചാത്തൻ എന്നൊക്കെ പ്രാദേശികമായി പലപേരുകൾ വിളിക്കുന്നുണ്ടെങ്കിലും പൊതുവെ അംഗീകരിക്കപ്പെട്ട ഒരു പേര് മലയാളത്തിൽ ഇല്ല. മൂന്നു സെന്റീമീറ്ററിനടുത്ത് മാത്രം നീളത്തിൽ വളരുന്ന ഈ സുന്ദരർ ചുവപ്പ്, മഞ്ഞ ഓറഞ്ച്, ക്രീം എന്നീ നാലു കടും നിറങ്ങളിൽ കാണപ്പെടുന്നുണ്ട്. പുറം കവചത്തിലും മുഞ്ചിറകിലും കടും കറുപ്പിൽ കൺപൊട്ടു അടയാളങ്ങൾ ക്രമീകരിച്ചിട്ടുണ്ടാകും. ഇരപിടിയന്മാർക്ക് വേഗത്തിൽ തിരിച്ചറിയാൻ പറ്റുന്ന കടും വർണ്ണങ്ങൾ പല പ്രാണികൾക്കും ഒരുതരം അതിജീവന സൂത്രമാണ്. ‘അരുചിയും വിഷസ്വഭാവമുള്ളവയുമാണ് ഞങ്ങൾ ‘ എന്ന് മൈക്ക് കെട്ടിപറയുന്നതുപോലുള്ള മുന്നറിയിപ്പ് സിഗ്നലാണത്. അബദ്ധത്തിൽ ഒരു തവണ കൊത്തിത്തിന്നുപോയ പക്ഷികളും മറ്റു ഇരപിടിയന്മാരും ദഹനപ്രശ്നവും വിഷബാധയും കൊണ്ട് കഷ്ടപ്പെടും. ഒരുവട്ടം തിന്നു കുടുങ്ങിയവർ ആവർത്തിക്കാതിരിക്കാനുള്ള ബുദ്ധി ഉപയോഗിക്കും. പ്രത്യക്ഷമായ കളർ സിഗ്നൽ ഓർമ്മിക്കുന്നതിനാൽ ഹിറ്റ്ലറെ കൊല്ലാതെ ഒഴിവാക്കിവിടും.. ചുറ്റുപാടുകളിൽ നിന്നും ഇരപിടിയന്മാരുടെ കണ്ണുവെട്ടിച്ച് ഒളിച്ച് രക്ഷപ്പെടുന്ന കാമോഫ്ലാഷ് തന്ത്രത്തിന്റെ നേർവിപരീതം സൂത്രമാണിത്. ‘ധൈര്യമുണ്ടെങ്കിൽ തിന്നുനോക്ക് ‘ എന്ന വെല്ലുവിളി സൂചനകാട്ടുന്ന കടും വർണ്ണങ്ങളോടെ മുന്നിൽ വന്നു നിൽക്കൽ.. . ചില ശത്രുക്കളെ ഇവരുടെ ശരിയായ വലിപ്പത്തിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കാനും ഈ മുഖരൂപ ഡിസൈൻ സഹായിക്കും. ആളു ‘വലിയ പുള്ളിയാണെന്ന്’ തെറ്റിദ്ധരിപ്പിച്ചും – ഇത്ര വലിയ തലയുള്ള ആളുടെ വായും വലുതായിരിക്കുമല്ലോ എന്ന ഭയം ഉണ്ടാക്കിയും ഒക്കെ പറ്റിക്കൽ പരിപാടി. കളർഫുൾ വേഷത്തിൽ ശ്രദ്ധതിരിപ്പിച്ച് സ്വന്തം ‘കുഞ്ഞൻ’തല ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്താനും ഈ രൂപം സഹായിക്കും. കൂടാതെ ശരീര വലിപ്പം കുറഞ്ഞ ശല്യക്കാരായ ചെറിയ ശത്രുക്കളെ പേടിപ്പിച്ച് ഓടിക്കാൻ പറ്റും . പ്രകോപിപ്പിച്ചാൽ ശരീരത്തിൽ നിന്നും സൈനൈഡുകളും ആൽഡിഹൈഡുകളും അടങ്ങിയ സ്രവങ്ങൾ പുറപ്പെടുവിക്കും. കൊത്തമല്ലിയുടെ ഗന്ധസാമ്യമുള്ള – കെട്ട ബദാമിന്റെ വൃത്തികെട്ട നാറ്റമുണ്ടാക്കി വെറുപ്പിച്ചകറ്റാനും ഇവർക്കറിയാം. അങ്ങിനെ കിട്ടിയതാണ് Stink Bug എന്ന പേര്.
Man-faced stink bug (Catacanthus incarnatus) കടപ്പാട് വിക്കിപീഡിയ Vinayaraj
വടക്കൻ മലബാറിലും കർണാടകത്തിലും കശുവണ്ടിക്കൃഷിക്കാർക്ക് വലിയ നഷ്ടം വരുത്തുന്ന ശത്രുകീടങ്ങളായി ഇവരെ തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്. പത്തുമുന്നൂറെണ്ണത്തിന്റെ പടയായി ഇവരെ മരങ്ങളിൽ കൂട്ടമായി കാണാം. കശുമാങ്ങ കുത്തിത്തുളച്ച് നീരുകുടിച്ച് ഇവർപോയാൽ മാങ്ങക്കുള്ളിലേക്ക് മറ്റ് കീടങ്ങളും പ്രാണികളും കൂട്ടമായി കയറിക്കൂടും. അതോടെ മാങ്ങയുടെ കഥകഴിയും കശുവണ്ടി വളർച്ച മുരടിച്ച് വിളവ് കുറയും. ഇതുപോലെ പല കൃഷികളേയും ഇവ ശല്യപ്പെടുത്താറുണ്ട്. എങ്കിലും വലിയതോതിലുള്ള ഒരു കീടബാധ ഇതിനെകൊണ്ട് ഉണ്ടാവാറില്ല.
ഇണചേരുന്നു കടപ്പാട് വിക്കിപ്പീഡിയ Vijayanrajapuram

എപോക്സി റെസിനുകളിൽ സൂക്ഷിച്ച് കുടുക്കി വെച്ച് ആഭരണങ്ങൾ, കൗതുകവസ്തുക്കൾ, കീ ചെയ്നുകൾ എന്നിവ നിർമ്മിച്ച് വിൽപ്പന നടത്തുന്നതിനായി ഇവയെ വ്യാപകമായി നിയമവിരുദ്ധമായി പിടികൂടി കയറ്റുമതി ചെയ്യുന്നുണ്ട്. ഇവയുടെ വംശനാശത്തിനു തന്നെ ഇത്തരം വേട്ടക്കാർ ഭീഷണി ആയിക്കൂടെന്നില്ല.

തമാശയായി ഇപ്പഴും Catacanthus incarnates നെ ഹിറ്റ്ലർ ചാഴി എന്ന് വിളിക്കാറുണ്ടെങ്കിലും ഹിറ്റ്ലറുടെ പേര് ശാസ്ത്രനാമമായുള്ള ഒരു വണ്ട് ഭൂമിയിലുണ്ട്.. ജെർമൻ എഞ്ചിനിയറും വണ്ട് ശേഖരക്കാരനുമായ Oscar Scheibel ആണ് 1933ൽ സ്ലൊവേനിയയിലെ ഗുഹകളിൽ ഇതിനെ കണ്ടെത്തി പിടികൂടിയത്. ആ കാലത്ത് ജെർമനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട അഡോൾഫ് ഹിറ്റ്ലറോടുള്ള ആദരവായി പുതിയ സ്പീഷിസിന് Anophthalmus hitleri എന്ന് പേരു നൽകി.. Anophthalmus എന്ന ജീനസ് നാമത്തിന്റെ അർത്ഥം ‘കണ്ണില്ലാത്ത’ എന്നാണ്- ‘ഹിറ്റ്ലറുടെ കുരുടൻ വണ്ട്’ എന്ന അർത്ഥം വരുന്ന ഈ പേരിനെ കുറിച്ചറിഞ്ഞ് ഹിറ്റ്ലർ ഓസ്കാർ സ്കീബെലിന് കൃതജ്ഞത സന്ദേശം അയച്ചിരുന്നു. 5 മില്ലിമീറ്റർ മാത്രം നീളമുള്ള, ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള ഈ സാധാരണ വണ്ടിന് പ്രത്യേക ഭംഗിയോ കൗതുകമോ ഒന്നും ഇല്ലാതിരുന്നിട്ടും ഈ പേരൊന്നുകൊണ്ടുമാത്രം ഹിറ്റ്ലർ ആരാധകർ താരമാക്കി. രണ്ടാം ലോക മഹായുദ്ധാനന്തരം ഇതിന്റെ പേര് മാറ്റാൻ പല സമ്മർദ്ധങ്ങൾ ഉണ്ടായെങ്കിലും International Commission on Zoological Nomenclature അത് അനുവദിച്ചില്ല.. ഈ ഒറ്റപ്പേരുകൊണ്ട് ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന ഈ സാധു വണ്ടിന്റെ ജന്മം കട്ടപ്പൊകയായി എന്നും പറയാം. നാസികളും നവനാസികളും ഹിറ്റ്ലറോടുള്ള അന്ധമായ ആരാധനയാൽ എന്തു വിലകൊടുത്തും ഇതിനെ ശേഖരിക്കാൻ തുടങ്ങി.
Anophthalmus hitleri  – ഹിറ്റ്ലറുടെ പേര് ശാസ്ത്രനാമമായുള്ള ഒരു വണ്ട്  കടപ്പാട് .lazerhorse.org

2002 ൽ പോലും ഇത്തരത്തിൽ സൂക്ഷിച്ചു സംരക്ഷിക്കപ്പെട്ട സാമ്പിളുകൾ 2000 ഡോളർ വരെ വിലയിൽ വിൽപ്പന നടത്തപ്പെടുന്നുണ്ടത്രെ. ഇത്തരത്തിലുള്ള വണ്ടു വേട്ട ആത്യന്തികമായി ഇവയുടെ വംശനാശത്തിലേക്ക് നയിക്കും എന്നത് ഉറപ്പാണ്. സുരക്ഷിത മ്യൂസിയങ്ങളിൽ നിന്നുപോലും ഇവ മോഷണം നടത്തപ്പെടുന്നു എന്നറിയുമ്പോൾ ആണ് ചില ഭ്രാന്തുകളുടെ തീവ്രത നമുക്ക് ബോദ്ധ്യപ്പെടുക


ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2020 ജൂണ്‍ 21- വലയസൂര്യഗ്രഹണം അടുത്തറിയാം
Next post പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കാമോ?
Close